ഹൃദയതാളം: ഭാഗം 26- അവസാനിച്ചു

ഹൃദയതാളം: ഭാഗം 26- അവസാനിച്ചു

എഴുത്തുകാരി: അനു സത്യൻ

പിറ്റേന്ന് രാവിലെ ജോക്കും കുടുംബത്തിനും ഒരു അതിഥി ഉണ്ടായിരുന്നു. അവരുടെ പള്ളിയിലെ ഫാദർ. ഫാദർ പറഞ്ഞ കാര്യങ്ങള് കേട്ട് അവൻ ശില പോലെ നിന്ന് പോയി. റോബിൻ ജീനയെ ചതിച്ചു വേറെ ഒരു പെണ്ണുമായി നാട് വിട്ടത്രെ.. ഒപ്പം കുഞ്ഞിനെയും കൊണ്ടു പോയി..അതിൽ മനം നൊന്തു ജീനക്ക് മനോനില തെറ്റി.. ഭാര്യയുടെ മരണത്തോടെ പകുതി തളർന്ന ജോസിന് മനോനില തെറ്റിയ മകളെ കൂടെ കാണാൻ കഴിയാതെ വീണു പോയി. പള്ളി ഇടവകയുടെ നേതൃത്വത്തിൽ ഒരു നേഴ്‌സിനെ ജോസിനെ നോക്കാൻ വേണ്ടി വെച്ചിട്ടുണ്ട്. ഇപ്പൊ ഹോസ്പിറ്റലിൽ ആണ്.. ജീന മാനസിക ആരോഗ്യ കേന്ദ്രത്തിലും..

ജോസിന് ജോയെയും ജാനിയെയും കാണണം എന്ന് പറഞ്ഞു അത്രേ.. അത് പറയാൻ വേണ്ടിയാണ് ഫാദർ വന്നത്. “എത്ര വെറുപ്പ് കാട്ടിയാലും സ്വന്തം പപ്പയുടെ ചേട്ടൻ അല്ലേ.. ഒരിക്കൽ പപ്പക്കു തുല്യം സ്നേഹിച്ചതല്ലെ.. പോയി കാണണം ഇച്ചായാ.. വീണു കിടക്കുന്നവരെ വീണ്ടും ചവിട്ടരുത്..” എന്ത് വേണം എന്ന് ആലോചിച്ചു നിന്ന ജോയോട് അക്സാ പറഞ്ഞു. അവൻ ജാനിയെയും അബിയെയും നോക്കി. അവരുടെ അഭിപ്രായവും അത് തന്നെ ആണെന്ന് അവനു മനസ്സിലായി. “മോനെ.. എന്താണ് പറയാൻ ഉള്ളത് എന്ന് കേട്ടിട്ട് വാ.. അയാള് നിങ്ങളെ അവഗണിച്ചത് പോലെ തിരിച്ചും അവഗണിച്ചാൽ പിന്നെ എന്നാ വ്യത്യാസം ഉള്ളത്..? ക്ഷമിക്കണം എന്നൊന്നും ഞാൻ പറയില്ല പക്ഷേ അയാളെ കേൾക്കാൻ ഒരു അവസരം നൽകണം…

അത്ര മാത്രം..” ജോയുടെ തോളിൽ തട്ടി സാമുവൽ അകത്തേക്ക് പോയി. അവൻ്റെ ഉള്ളിൽ കുഞ്ഞു ജോയെ സ്നേഹിക്കാൻ മത്സരിക്കുന്ന പപ്പയും വലിയ പപ്പയും നിറഞ്ഞു നിന്നു. 🔸🔸🔸🔸🔸 വീണ്ടും പുളികുന്നത്ത് തറവാട്ടിൽ കാലു കുത്തുന്നതിന് മുൻപേ ജോ ഒരു നിമിഷം നിന്നു. “എന്തെ ഇച്ഛാച്ചാ..?” ജാനി അവൻ്റെ കയ്യിൽ പിടിച്ചു ചോദിച്ചു. അവൻ ഒന്നുമില്ലെന്ന് തലയാട്ടി അവളെയും ചേർത്തു പിടിച്ച് അകത്തേക്ക് കയറി. പുറകെ ദിയ മോളേ എടുത്തു അക്‌സാക്കൊപ്പം അബിയും. “ആരാ..? മനസ്സിലായില്ല..” പുറത്തേക്ക് വന്ന സ്ത്രീ അവരോടായി ചോദിച്ചു. “ഞാൻ ജോയൽ.. വലിയ പപ്പയെ കാണാൻ വന്നതാണ്..” “ഓഹ്.. ക്ഷമിക്കണം കേട്ടോ.. അച്ചൻ പറഞ്ഞിരുന്നു നിങ്ങള് വരുമെന്ന്.. എനിക്ക് മനസ്സിലായില്ല..

എൻ്റെ പേര് ലിസി.. നഴ്സ് ആണ്.. ഞാൻ ആണ് ഇപ്പൊ ജോസ് സാറിനെ നോക്കുന്നത്..” അവർ സ്വയം പരിചയപ്പെടുത്തി. “വലിയ പപ്പ..?” “വരൂ.. അകത്തെ മുറിയിൽ ആണ്.. അദ്ദേഹം എപ്പോഴും നിങ്ങളെ അന്വേഷിക്കും.. ഇപ്പൊ വളരെ മോശം നിലയിലാണ്..” മുറിയിലേക്ക് നടക്കുന്നതിന് ഇടയിൽ അവർ പറഞ്ഞു കൊണ്ടിരുന്നു. ജാനിയും ജോയും മാത്രമേ ജോസിനെ കാണാൻ പോയുള്ളു.. അകത്തേക്ക് കടന്ന ജോ ഒരു നിമിഷം നിന്നു പോയി. ആരോഗ്യദൃഡഗാത്രനായ ജോസ് ഇന്ന് വെറുമൊരു അസ്ഥികൂടം പോലെ ആയിരിക്കുന്നു. ദേഹം മുഴുവൻ ശോഷിച്ചു കണ്ണുകൾ കുഴിഞ്ഞ് പഴയ ജോസിൻ്റെ നിഴൽ മാത്രമാണ് അതെന്ന് അവനു തോന്നി. “സർ.. ഇത് ആരാ വന്നതെന്ന് മനസ്സിലായോ..?”

അയാളുടെ അടുത്തേക്ക് ചെന്ന ലിസി ചോദിച്ചു. അവരുടെ പുറകിൽ ജോയെയും ജാനിയെയും കണ്ട് ജോസിൻ്റെ കണ്ണുകൾ വികസിച്ചു. “വാ..” ശോഷിച്ച കൈ അല്പം എടുത്തുയർത്തി അയാള് അവരെ അടുത്തേക്ക് വിളിച്ചു. ജോ ജോസിൻ്റെ അടുത്ത് ചെന്ന് നിന്നു ജോസിൻ്റെ കയ്യിൽ പിടിച്ചു. “എന്നോട്.. ക്ഷമിക്കണം മക്കളെ.. അസൂയയും ദേഷ്യ.. വും വാശിയും.. എല്ലാം മനുഷ്യ.. നെ സാത്താൻ.. ആക്കുമെന്ന്.. കേട്ടി.. ട്ടില്ലേ.. അതായി.. രുന്നു എൻ്റെ അവ.. സ്ഥ.. നിങ്ങളെ ഞാൻ കയ്യൊഴിഞ്ഞ.. പ്പോൾ ദൈവം.. എന്നെയും കൈ വിട്ടു..” വിറക്കുന്ന ശബ്ദത്തിൽ പറഞ്ഞു കൊണ്ട് അയാള് ഒന്ന് ചുമച്ചു. “എൻ്റെ ജീന.. ചെയ്തത് .. തെറ്റ് ആണെങ്കിലും എൻ്റെ മകൾ..

ആയിപോയില്ലെ.. ആ ഒറ്റക്കാരണം കൊണ്ട് അവളെ.. രക്ഷിക്കാൻ ശ്രമിച്ചത്.. എന്നിട്ടും.. കാര്യവുമില്ലാതെ ആയി.. എൻ്റെ എല്ലാം കൊണ്ട് റോബിൻ…പോയി.. ജീന.. അവൾക്ക് ഇനി നിങ്ങള്.. മാത്രമേ ഉള്ളൂ.. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവളെ.. നോക്കാമെന്ന് ഒരു വാക്ക്.. വെറുതെ എങ്കിലും..തരാമോ മോനെ.. സമാധാനതൊടെ മരിക്കാൻ.. ആണ്..” കെഞ്ചുന്ന മുഖ ഭാവത്തോടെ അയാള് അവനെ നോക്കി. ജോ ഇല്ലെന്ന് അർത്ഥത്തിൽ തല ആട്ടി തൻ്റെ കൈ പിൻവലിച്ചു. സങ്കടത്തോടെ തല താഴ്ത്താൻ തുടങ്ങിയ ജോസിൻ്റെ കൈകളിൽ പെട്ടെന്ന് ജാനി കയറി പിടിച്ചു. “വല്യ പപ്പ വിഷമിക്കണ്ട..

ഞാൻ നോക്കിക്കോളാം ജീന ചേച്ചിയെ..” ഉറപ്പുള്ള ശബ്ദത്തിൽ ജാനി പറയുന്നത് കേട്ടു അയാള് അവളെ നന്ദിയോടെ നോക്കി. “നന്ദിയുണ്ട് മോളേ.. നിന്നെ ഒത്തിരി വേദനിപ്പിച്ചിട്ടും അവസാനം.. നീ തന്നെ വേണ്ടി വന്നു ഒരിറ്റു ദയ കാണിക്കാൻ.. എന്നോട് ക്ഷമിക്ക…” പറഞ്ഞു തീരും മുൻപേ ജോസിൻ്റെ കൈ ജാനിയുടെ കയ്യിൽ നിന്നും ഉതിർന്നു താഴെ വീണു. ആ കുഴിഞ്ഞ കണ്ണുകളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അവസാനമായി ഒഴുകി കൊണ്ടിരുന്നു. 🔸🔸🔸🔸🔸

“ജാനിമോളേ.. നിനക്ക് അറിയാവുന്നതല്ലേ ജീനയുടെ സ്വഭാവം..? എന്നിട്ടും നീ എന്തിനാ വലിയ പപ്പാക്ക് അങ്ങനെ ഒരു വാക്ക് കൊടുത്തത്..?” ജോസിൻ്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഇന്നാണ് ജിനയെ ജാനി വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നത്. ജോ ദേഷ്യത്തോടെ ജാനിയെ നോക്കി ചോദിച്ചു. ജാനി അകത്തെ റൂമിലെ കട്ടിലിൽ പാവയോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്ന ജീനയേ നോക്കി. ആലീസ് കൊടുക്കുന്ന ഭക്ഷണം ജീന തുപ്പി കളയുന്നത് കണ്ട് ജോയുടെ ചോദ്യത്തിന് മറുപടി പറയാതെ ആലീസിൻ്റെ അരികിൽ ചെന്നു ഭക്ഷണം വാങ്ങി ജീനക്ക് കൊടുക്കാൻ തുടങ്ങി. ആദ്യമൊക്കെ ജീന കഴിക്കുന്നത് എതിർത്തു എങ്കിലും ജാനിയുടെ പുഞ്ചിരി നിറഞ്ഞ മുഖം കണ്ട് അവളിലും ചിരി നിറഞ്ഞു.

പിന്നെ എതിർപ്പ് കൂടാതെ മുഴുവൻ കഴിച്ചു. ജിനയുടെ കയ്യും വായും ഒക്കെ കഴുകിച്ച ശേഷം അവളെ കട്ടിലിൽ കിടത്തി ഉറങ്ങി എന്ന് ഉറപ്പു വരുത്തി ജാനി റൂമിന് പുറത്തേക്ക് വന്നു. “ജാനി.. നീ എന്താ ഒന്നും പറയാത്തത്..?” ജോ വീണ്ടും അക്ഷമയോടെ തിരക്കി. “ഞാനെന്താ ഇച്ഛാച്ചാ പറയേണ്ടത്..? ഇത് പോലെ ഒരു അവസ്ഥ എനിക്കും ഉണ്ടായിരുന്നു.. ആരും നോക്കാൻ ഇല്ലാതെ എല്ലാവരും ഭ്രാന്തി എന്ന് മുദ്ര കുത്തി ഒറ്റപ്പെട്ട നാളുകൾ.. ഇത് പോലെ ആരെങ്കിലും ചേർത്ത് പിടിച്ചിരുന്നു എന്ന് ഞാനും ആഗ്രഹിച്ചിരുന്നു..” പഴയ നാളുകളെ കുറിച്ച് ഓർത്തപ്പോൾ ജാനിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. ജോയും അക്സായുമോക്കെ എന്താ പറയേണ്ടത് എന്നറിയാതെ നിന്നു.

“ജീന ചേച്ചിയുടെ ഈ അവസ്ഥക്ക് ഞാനും ഇച്ചാച്ഛനും ഇച്ചെച്ചിയും എല്ലാവരും കാരണം ആണ്.. ഇപ്പൊ എന്നെ ചേർത്ത് പിടിക്കുന്നത് പോലെ അന്നൊക്കെ ഞങ്ങളെ ചേർത്ത് പിടിച്ചിരുന്നു എങ്കിൽ ജീന ചേച്ചി ഒരിക്കലും ജസ്റ്റിൻ ചേട്ടായിയെ സ്നേഹിക്കില്ലയിരുന്നു.. അത് പോലെ എൻ്റെ കാര്യത്തിൽ കാണിക്കുന്ന കരുതൽ ചേച്ചിയുടെ കാര്യത്തിലും ഇചേച്ചി കാണിച്ചിരുന്നു എങ്കിൽ സ്വന്തം കൂടാപ്പിറപ്പിനെ കൊല്ലാൻ ഒരു നിമിഷം ജീന ചേച്ചി മടിക്കുമായിരുന്നു.. എല്ലാവരും തെറ്റ് ചെയ്തിട്ടുണ്ട്.. അത് കൊണ്ട് തന്നെ ചേച്ചിയെ ഞാൻ ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ല..” ജാനി പറഞ്ഞു നിർത്തി എല്ലാവരെയും നോക്കി. ജോ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ഒന്ന് ചുംബിച്ചു. അബി നിറഞ്ഞ മനസ്സോടെ അവളെ നോക്കി ഇരുന്നു.

ഒരു മുറിക്ക് അപ്പുറം അവള് പറഞ്ഞത് മനസ്സിലായിട്ടോ ചെയ്ത തെറ്റുകളെ കുറിച്ച് ഉൾബോധ മനസ്സിൽ അറിയാമായിരുന്നത് കൊണ്ടോ എന്തോ ബോധമില്ലായ്മയിലും ജീനയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിരുന്നുണ്ടായിരുന്നു. ദിവസങ്ങൾ കടന്നു പോയി. ജീന അധികം ആരെയും ഉപദ്രവിക്കില്ല. പക്ഷേ ജാനി ഭക്ഷണം കൊടുത്താൽ മാത്രമേ കഴിക്കുകയുള്ളൂ.. അന്നൊരു ഞായറാഴ്ച പകൽ സമയം ജാനിക്കൊപ്പം ജീനക്കു ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് അക്‌സാക്ക് അടിവയറ്റിൽ നിന്നും ഒരു വേദന തുടങ്ങിയത്. കരഞ്ഞു കൊണ്ട് അവള് നിലത്തേക്ക് ഇരുന്നു. അക്സായുടെ വെപ്രാളം ജാനിയിൽ ഭീതി ഉണ്ടാക്കി എങ്കിലും പെട്ടെന്ന് തന്നെ മനോനില കൈവരിച്ചു ജോയെ വിളിച്ചു.

ജോ ഓടി വന്നു അവളെ താങ്ങി എടുത്തു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവുന്നതും പുറകെ എല്ലാവരും ഓടുന്നതും കണ്ട് ജീന സ്ഥബ്ദയായി നിന്നു. 🔸🔸🔸🔸🔸 അക്സായേ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി ജോ അടുത്ത് നിന്നു. ദിയ മോളുമായി ജാനിയും അബിയും തിരികെ വന്നിരുന്നു. അവർ വന്നപാടെ ആലീസ് സാമുവേലിനൊപ്പം ഹോസ്പിറ്റലിൽ പോവാൻ ഇറങ്ങി. രാത്രി ആയിട്ടും ജീനയുടെ മുറിയിൽ നിന്നും ശബ്ദം ഒന്നും കേൾക്കാനില്ലാതെ അബി അവിടെ ചെന്ന് നോക്കിയപ്പോൾ ജീനയെ മുറിയിൽ കണ്ടില്ല.. സംശയത്തോടെ മുറി മുഴുവൻ നോക്കിയ അവനു ഒരു കത്ത് കിട്ടി. ജീനക്കു ഭക്ഷണമായി വന്ന ജാനി കയ്യിൽ ഒരു കത്തുമായി നിൽക്കുന്ന അബിയെ സംശയത്തോടെ നോക്കി.

അവൻ അത് അവൾക്ക് നേരെ നീട്ടി. “പ്രീയപ്പെട്ട ജോയിച്ഛനും ജാനിമോളും അറിയുവാൻ… ആദ്യമേ തന്നെ ഞാൻ ജാനിമോളോടു ക്ഷമ ചോദിക്കുകയാണ്.. നിന്നെ ഞാൻ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്.. ഒരിക്കൽ പോലും കുറ്റബോധം എനിക്ക് തോന്നിയിരുന്നില്ല.. ജാൻസി ചേച്ചിയെ കൊന്ന കുറ്റത്തിന് ജയിലിൽ കിടന്നപ്പോൾ പോലും എനിക്ക് പക മുഴുവൻ നിന്നോട് ആയിരുന്നു.. പക്ഷേ റോബിൻ എന്നെ ഉപേക്ഷിച്ചു കുഞ്ഞുമായി കടന്നപ്പോൾ ഞാൻ തകർന്നു പോയി.. ആദ്യമാദ്യം ഒറ്റക്ക് ഒരു മുറിക്കുള്ളിൽ ആരോടും മിണ്ടാതെ സമനില തെറ്റിയ പോലെ ഇരുന്നപ്പോൾ എനിക്ക് മനസ്സിലായി നിന്നോട് ചെയ്ത തെറ്റിൻ്റെ ആഴം.. ആശുപത്രിയിൽ നിന്നും ഓരോ തവണ ഷോക്ക് അടിപ്പിക്കുമ്പോഴും എനിക്ക് ഭ്രാന്തില്ല എന്ന് വിളിച്ചു പറയാൻ തോന്നി.. പക്ഷേ പറഞ്ഞില്ല..

നിന്നോട് ചെയ്തതിൻ്റെ പ്രതിഫലമായി ഞാൻ എൻ്റെ അവസ്ഥയെ കണ്ടു.. പപ്പ മരിക്കുമ്പോഴും നിങ്ങള് എന്നെ കൂട്ടി കൊണ്ട് വരുമ്പോഴും എനിക്ക് ബോധമുണ്ടായിരുന്നു.. ഇനിയും നിങ്ങളെ ശല്യം ചെയ്യാൻ ഞാൻ വരില്ല.. നിങ്ങള് എല്ലാവരും സന്തോഷമായി ഇരിക്കണം.. ഞാൻ പോവാണ് എൻ്റെ ചേച്ചിയെ യാത്രയാക്കിയ സ്ഥലത്തേക്ക്.. മാപ്പ്.. എല്ലാത്തിനും…” ജീന…” കണ്ണീരു വീണുണങ്ങിയ പേപ്പറിൽ ഒരിക്കൽ കൂടി നോക്കുമ്പോൾ ബോധം മറയുന്നത് പോലെ തോന്നി ജാനിക്കു.. അബിച്ചായ എന്ന വിളിയോടെ അവള് പുറകിലേക്ക് വീഴാൻ ആയുമ്പോഴേക്കും അബി അവളെ കൈകളിൽ താങ്ങിയിരുന്നു…. 🔸🔸🔸🔸🔸

“കോൺഗ്രാട്സ് ആബേൽ.. നിങ്ങള് ഒരു അച്ഛൻ ആവാൻ പോവുകയാണ്..” ഡോക്ടർ പറഞ്ഞത് കേട്ട് അബി സന്തോഷത്തോടെ ജാനിയെ നോക്കി. അവള് അവനെ നിറഞ്ഞ കണ്ണുകളോടെ ചിരിച്ചു കാണിച്ചു. ഡോക്ടറുടെ നിർദ്ദേശങ്ങൾ എല്ലാം സ്വീകരിച്ചു അവർ നേരെ അക്സായുടെ അരികിലേക്ക് ആണ് പോയത്. വിവരം അറിഞ്ഞതും ജോ ജാനിയെയും അബിയെയും ഒന്നിച്ചു കെട്ടിപ്പിടിച്ചു. “എൻ്റെ വാവ വരാൻ പോവുന്നത് കൊണ്ടാ ആൻ്റിക്കും വാവ വരുന്നത്.. അതോണ്ട് എൻ്റെ വാവക്ക് ഉമ്മ കൊടുക്കു ആദ്യം..” ഇടക്കുള്ള ദിയയുടേ പറച്ചില് കേട്ടപ്പോൾ അബി ഞങ്ങൾക്കിതിൽ ഒരു പങ്കും ഇല്ലെ എന്ന രീതിയിൽ അവളെ ഒന്ന് നോക്കി. “എന്നാലും എൻ്റെ അക്സൂട്ടി.. എന്നോട് ഇങ്ങനെ ഒരു ചതി വേണ്ടായിരുന്നു..”

അബി വിഷമത്തോടെ പറഞ്ഞു കൊണ്ട് അക്സായുടെ അരികിൽ ഇരുന്നപ്പോൾ എല്ലാവരും ചോദ്യ ഭാവത്തിൽ അവനെ നോക്കി. “നിനക്ക് നിൻ്റെ ഇച്ചായനെ കിട്ടാൻ എൻ്റെ വക ഫുൾ സപ്പോർട്ട് അല്ലായിരുന്നോ..? എന്നിട്ടും നീ എനിക്ക് ഇത് പോലെ ഒരു പണി തരരുതായിരുന്നു.. ഈ കുട്ടിപിശാസ് കാരണം എനിക്കെൻ്റെ ഭാര്യയുടെ ഏഴയലത്ത് നിൽക്കാൻ വരാൻ പറ്റുന്നില്ല.. അപ്പോഴേക്കും എന്നെ നാണം കെടുത്തും..” അവൻ പറഞ്ഞത് കേട്ട് എല്ലാവരും പൊട്ടി ചിരിച്ചു. “ഡാ മോനെ.. ഒരു കുഞ്ഞു കൊച്ചുള്ള വീട് ആണ് നമ്മുടേത് എന്ന ഓർമ നിനക്ക് വേണമായിരുന്നു.. പിള്ള മനസ്സിൽ കള്ളമില്ല എന്ന് അറിയില്ലേ..?” ദിയ മോളേ എടുത്തു പൊക്കി സാമുവൽ പറഞ്ഞതും ദിയ ചിരിച്ചു കൊണ്ട് അയാളുടെ കവിളിൽ ഉമ്മാ വച്ചു. പകുതി തുറന്ന ഡോറിൽ കൂടെ അവരുടെ സന്തോഷം കൺനിറയെ കണ്ട് ജീന ദൂരേക്ക് നടന്നു പോയി…… അവസാനിച്ചു…

അങ്ങനെ ഹൃദയതാളം എന്ന കുഞ്ഞു നോവൽ ഇവിടെ അവസാനിക്കുകയാണ്.. ജാനിയുടെയും ജോയുടെയും ജീവിതത്തിൽ നിന്നും ശാപങ്ങൾ മാറി പോയിരിക്കുന്നു.. ഇനി പ്രതീക്ഷയുടെ സന്തോഷത്തിൻ്റെ നാളുകൾ ആണ്.. അവർ ജീവിക്കട്ടെ തങ്ങളുടെ പ്രിയ പാതികൾക്കി ഒപ്പം ഇണങ്ങിയും പിണങ്ങിയും ഒരുപാടുകാലം…. നിങ്ങളുടെ വായനാനുഭവം ഒരു വരിയിൽ എങ്കിലും എഴുതി എന്നെ അറിയിക്കണെ… ഇത്രയും നാൾ എന്നെ സഹിച്ച എല്ലാവർക്കും നന്ദി..ഇത് വരെ കൂടെ നിന്ന് അഭിപ്രായം പറഞ്ഞവർക്ക് ഒക്കെ ഒരുപാട് നന്ദി.. Love you all❤❤❤❤

ഹൃദയതാളം: ഭാഗം 25

Share this story