പുതിയൊരു തുടക്കം: ഭാഗം 12

പുതിയൊരു തുടക്കം: ഭാഗം 12

എഴുത്തുകാരി: അനില സനൽ അനുരാധ

“സോറി അപ്പച്ചി… ” അപ്പച്ചിയുടെ കയ്യിൽ പിടിച്ചു പറഞ്ഞതിന് ശേഷം ആദി വേഗം ജീവന്റെ അടുത്തേക്ക് നടന്നു. അവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തതും അവൾ വേഗം കയറി ഇരുന്ന് അവന്റെ വയറിനു മീതെ വലതു കൈ കൊണ്ടു ചുറ്റി പിടിച്ചു… ജീവൻ പുഞ്ചിരിയോടെ വണ്ടി മുൻപോട്ട് എടുത്തു. “കിച്ചേട്ടനു വിഷമം ആയിക്കാണും…” “ആയെങ്കിൽ കണക്കായി പോയി … ” “ജീവേട്ടൻ കാരണമാണ്… ” “ഞാനോ? ” “അല്ലാതെ പിന്നെ… വെറുതെ ഓരോന്നു പറഞ്ഞു കൊടുത്ത്… കിച്ചേട്ടന്റെ ജീവിതം തകർന്നാൽ എനിക്ക് സഹിക്കില്ല…” “എന്നാൽ പോയി ജീവിതം കൊടുക്ക്‌. ഇപ്പോൾ ആണെങ്കിൽ അവനു ഹിമയോട് കലിപ്പിലാണ്.

അവളെ ഉപേക്ഷിച്ചോളും…” “അപ്പോൾ ജീവേട്ടൻ തനിച്ചാവില്ലേ… ” ജീവൻ വണ്ടി സഡൻ ബ്രേക്ക്‌ ഇട്ടു നിർത്തിയതും അവൾ അവന്റെ ദേഹത്തേക്ക് ചാഞ്ഞു പോയി… രണ്ടു കൈ കൊണ്ടും അവനെ മുറുകെ പിടിച്ചു… “അയ്യോടീ ഞാൻ തനിച്ചായി പോകും എന്ന് ഓർത്താണോ തമ്പുരാട്ടി അവന്റെ അരികിലേക്ക് പോകാത്തത്?” അവൾ ഒന്നും മിണ്ടാതെ വേഗം നേരെ ഇരുന്നു. “അങ്ങനെ വല്ല ചിന്തയും മനസ്സിൽ ഉണ്ടെങ്കിൽ ഇപ്പോഴെ വേരോടെ കളഞ്ഞേക്ക് … ഇനി ജീവനിൽ നിന്നും ഒരു മടങ്ങി പോക്ക് നിനക്കില്ല… കേട്ടോടീ… ” മറുപടിയായി അവൾ അവന്റെ പുറത്ത് അധരങ്ങൾ ചേർത്തു വെച്ചു. *** തറവാട്ടിൽ എത്തിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ ആദിയിലും ജീവനിലും ആയിരുന്നു. രണ്ടു പേരെയും മുത്തശ്ശി അനുഗ്രഹിച്ചു.

ജയൻ ജീവന്റെ വയറിനു മീതെ ചെറുതായി ഒന്ന് ഇടിച്ചു… “ഇന്നലെ ഉറങ്ങി ഇല്ലെന്ന് തോന്നുന്നു… ” മെല്ലെ ചെവിയിൽ പറഞ്ഞു ചിരിച്ചു. “ഏയ്‌ നന്നായി ഉറങ്ങി ഏട്ടാ… നമ്മുടെ അകത്തെ സോഫയിൽ സുഖമായി കിടന്നുറങ്ങാം… ” “അവിടെ ആണോ ഇന്നലെ കിടന്നത്? ” “ഉം… രാവിലെ ആദി അടുത്തേക്ക് വന്നപ്പോഴാണ് ഉണർന്നത്. നല്ല ഉറക്കം കിട്ടി… ” “നന്നായി… ” എന്നു പറഞ്ഞ് ജയൻ പോയി… അഭിയും നയനയും വീട്ടിൽ നിന്നും വന്നതിനു ശേഷം നയനയുടെ വീട്ടിലേക്ക് പോയി. അതിനു ശേഷം ജയൻ അമ്മയെയും ദുർഗ്ഗയേയും മാളൂട്ടിയേയും കൊണ്ടു വീട്ടിലേക്ക് പോകാൻ തയ്യാറായി. പോകുന്ന വഴി വീട്ടിൽ ഇറക്കിയാൽ മതിയെന്നും പറഞ്ഞു രമേശനും ഉഷയും ജയന്റെ കൂടെ പോകാൻ ഇറങ്ങി…

“വീട്ടിലേക്ക് വരില്ലേ രണ്ടാളും? ” ഇറങ്ങാൻ നേരം അച്ഛൻ തിരക്കി. “വരാം അച്ഛാ… ” ജീവൻ പറഞ്ഞു… “ഇന്നു ഇവരെ രണ്ടാളെയും എങ്ങോട്ടും പറഞ്ഞു വിടുന്നില്ല… ” ചെറിയച്ഛൻ ആദിയുടെ കയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു… “എന്നാൽ ഞങ്ങൾ ഇന്ന് ഇവിടെ കൂടാം അച്ഛാ… ഇനി പോകാൻ കുറച്ചു ദിവസം അല്ലേയുള്ളു. ഇനി തിരക്കിനിടയിൽ വന്നു നിൽക്കാൻ പറ്റിയില്ലെങ്കിലോ… ” ജീവൻ പറഞ്ഞു. അതു കേട്ടപ്പോൾ ആദിയ്ക്ക് വല്ലായ്മ തോന്നി… ഇനിയും പിരിഞ്ഞു ഇരിക്കേണ്ടി വരുമോ? “മക്കളുടെ ഇഷ്ടം… ” അച്ഛൻ പറഞ്ഞു… “നാളെ അങ്ങോട്ട് വരില്ലേ രണ്ടാളും? ” ജയൻ തിരക്കി… “വരാം… ആദിയുടെ വീട്ടിൽ പോയിട്ട് രാത്രി അങ്ങോട്ട് വരാം… ” എല്ലാവരും പോയി… മുത്തശ്ശിയും ജീവനും സംസാരിച്ച് ഇരിക്കുന്നുണ്ടായിരുന്നു…

ചെറിയമ്മ അടുക്കളയിൽ എന്തോ ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു. ആദി മുറിയിലേക്ക് പോയി… ഫ്രഷ്‌ ആയതിനു ശേഷം ബെഡിൽ വന്നു കിടന്നു… കാലും വയറും എല്ലാം വേദനിക്കുന്നുണ്ടായിരുന്നു… അതിലും വലുതായി മനസ്സ് വേദനിക്കുന്നു… കണ്ണുകൾ അടച്ചു കിടന്നു… വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവൾ മുഖം ഉയർത്തി നോക്കി… ജീവൻ വരുന്നുണ്ടായിരുന്നു… അവൻ അവളെ നോക്കി വാതിൽ കുറ്റിയിട്ടു… അവൾ എഴുന്നേറ്റിരുന്നതും അവൻ അവളെയും ചേർത്തു പിടിച്ചു ബെഡിലേക്ക് ചാഞ്ഞു… അവളുടെ മുഖത്താകെ അവന്റെ കണ്ണുകൾ ഓടി നടന്നു… അവന്റെ മുഖം അവളുടെ മുഖത്തിനു നേരെ താഴ്ന്നു… രണ്ടു പേരുടെയും താളം തെറ്റിയ ഹൃദയമിടിപ്പ് ഉയർന്നു…

അവന്റെ ചുണ്ടുകൾ മുഖത്ത് പതിഞ്ഞതും അവൾ മുഖം ചെരിച്ചു… “എന്തേയ് ഇഷ്ടമാകുന്നില്ലേ എന്നെ? ” അവൻ അവളുടെ കാതോരം പ്രണയത്തോടെ തിരക്കി… ” “എനിക്ക് വയറുവേദനയാ… ” അവൾ പറഞ്ഞതും അവൻ വേഗം എഴുന്നേറ്റിരുന്നു. “എന്തു പറ്റി… വയറിനു പറ്റാത്ത എന്തെങ്കിലും കഴിച്ചോ… ഡോക്ടറെ കാണണോ? ” വെപ്രാളത്തോടെ തിരക്കി… “അതൊന്നും വേണ്ട. ഇതെനിക്ക് ഉണ്ടാകാറുണ്ട്.. ” “എല്ലാ മാസവും ഉള്ള ആ വയറു വേദന ആണോ? ” അവൾ തലയാട്ടി… “അപ്പോൾ ഇനിയും ഇങ്ങനെ കന്യകൻ ആയി ഇരിക്കാൻ ആകും എന്റെ വിധി… ” അവൻ നിരാശയോടെ പറഞ്ഞു… അതു കേട്ടതും അവളും മുഖം മാറി. “അയ്യേ… ഒരു കോമഡി മനസിലാക്കാൻ ഉള്ള ബോധം പോലും ഇല്ലേ നിനക്ക്? ” അവൻ അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ടു തിരക്കി. “എന്നെ തനിച്ചാക്കി പോകുമോ? ”

“ഉപേക്ഷിച്ചു പോകുകയൊന്നും അല്ലല്ലോ. ജോലിക്ക് പോകുന്നതല്ലേ? ” “എന്നാലും? ” “നീ ഇനി തിരിച്ചു പോകുമോ? ” “ഞാൻ റിസൈൻ ചെയ്യാൻ തീരുമാനിച്ചു. ദയ ഡിപ്പാർട്മെന്റിൽ പറയാം എന്നു പറഞ്ഞിട്ടുണ്ട്. ഇനി റെസിഗ്നേഷൻ ലെറ്റർ മെയിൽ ചെയ്താൽ മതി… ” “നീയും പോരുന്നോ അങ്ങോട്ട്. പോയി കഴിഞ്ഞാൽ വിസ ശരിയാക്കട്ടെ?” “എല്ലാവരും അങ്ങോട്ട് പോയാൽ എങ്ങനെയാ. അമ്മ തനിച്ചാകില്ലേ? ” “അമ്മയെയും കൊണ്ടു പോകാം… ” “അമ്മ വരുമോ? ” “ഉറപ്പില്ല… ” ആദി ആലോചനയോടെ ഇരുന്നു… “പോയി കഴിഞ്ഞാൽ എന്നു വരും? ” “ആറുമാസം കഴിഞ്ഞ്… ” “ഉം… ” “പോകാൻ ഇനി എത്ര ദിവസം ഉണ്ട്? ” “ഇന്ന് തിങ്കൾ അല്ലേ.. ഞായറാഴ്ച ഈവെനിംഗ് ആണ് ഫ്ലൈറ്റ്… ” “ഈ ഞായറാഴ്ചയോ?” “അതെ… ” “എന്നാൽ പിന്നെ എന്തിനാ വന്നത്. അവിടെ തന്നെ നിന്നു കൂടായിരുന്നോ? ”

“അവിടെ തന്നെ നിന്നാൽ എന്റെ ഭാര്യ എന്റെ അടുത്ത് ഇങ്ങനെ ഉണ്ടാകുമായിരുന്നോ? ” “എന്നാലും ഇത്ര പെട്ടെന്ന്… ഓർക്കുമ്പോൾ തന്നെ സങ്കടം വരുവാ… ” അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു വെച്ച് അവൾ പറഞ്ഞു… “അയ്യോ എന്റെ കൊച്ചിന് സങ്കടം വരുന്നുണ്ടോ?” എന്ന് ചിരിയോടെ പറഞ്ഞ് അവൻ അവളുടെ പുറത്തു തട്ടി കൊടുത്തു… അവൾ മുഖം ഉയർത്തി നോക്കി. അവൻ ചിരിച്ചു കൊണ്ടു ഇരിക്കുന്നു… അവൾ അവനിൽ നിന്നും വേർപ്പെട്ട് ഇരുന്നു… “ചിരിക്കുന്നോ? ” ചുണ്ടുകൾ കൂർപ്പിച്ചു പിടിച്ചു കൊണ്ടു തിരക്കി…. “അല്ലാതെ നിന്നെ പോലെ കണ്ണും നിറച്ച് ഇരിക്കണോ…” എന്നു പറഞ്ഞ് അവൻ എഴുന്നേറ്റു… കൂടെ അവളും… അടുക്കളയിലേക്ക് ചെന്നപ്പോൾ ചെറിയമ്മ അവിടെ നിന്നും ഓടിച്ചു…

ജീവനോടൊപ്പം തൊടിയിലേക്ക് ഇറങ്ങി… പറമ്പിൽ നിറയെ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന കാരണം വെയിലിന്റെ കാഠിന്യം അനുഭവപ്പെട്ടില്ല… ചാഞ്ഞു കിടക്കുന്ന കശുമാവിന്റെ കൊമ്പ് കണ്ടപ്പോൾ ജീവൻ അതിൽ കയറി ഇരുന്നു… അവൻ അതിൽ ഇരുന്ന് കാല് താഴേക്കു കുത്തിയും ഉയർത്തിയും കുലുങ്ങി ഇരുന്നു… കുസൃതിയും കോപവും സ്നേഹവും എല്ലാം അവനിൽ ഒരുപോലെ നിറഞ്ഞിരിക്കുന്നു എന്നവൾക്കു തോന്നി… അവൾ പുഞ്ചിരിയോടെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അവൻ അരികിലേക്ക് വിളിച്ചു… അവൾ പക്ഷേ മരത്തണലിൽ ഇരുന്നതേയുള്ളു…

ഗൾഫിൽ പോയതും അവിടെയുള്ളപ്പോൾ ഉണ്ടായിരുന്ന ടെൻഷനും അവിടുത്തെ ജോലിയെ പറ്റിയും സുഹൃത്തുക്കളെ പറ്റിയും എല്ലാം ജീവൻ സംസാരിച്ചു കൊണ്ടിരുന്നു.. അവൾ ആ സമയം നല്ലൊരു കേൾവിക്കാരിയായി മാറി… അവിടെ വെച്ചു കൂടെ ജോലി ചെയ്തിരുന്ന യുവതി പ്രെപ്പോസ് ചെയ്തതിനെ കുറിച്ചു പറഞ്ഞപ്പോൾ അവളുടെ മിഴികളിൽ ഉണ്ടായ പിടച്ചിൽ ജീവനിൽ പുഞ്ചിരി വിടർത്തി … “എന്നിട്ട് എന്തു മറുപടി കൊടുത്തു? ” അവൾ തിരക്കി… “നാട്ടിൽ പോയി വന്നതിനു ശേഷം പറയാമെന്ന് പറഞ്ഞു… നീ എന്നെ സ്വീകരിക്കുമോ എന്നൊന്നും അറിയില്ലല്ലോ… അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അവളെ അങ്ങു കൂടെ കൂട്ടാം എന്നു വിചാരിച്ചു… ” അവൻ ചിരിയോടെ പറഞ്ഞു. അവൾ വേഗം ഇരുന്നിടത്തു നിന്നും എഴുന്നേറ്റു… “ഞാൻ പോവാ….”

എന്നും പറഞ്ഞ് അവന്റെ മറുപടിയ്ക്ക് പോലും കാത്തു നിൽക്കാതെ മുൻപോട്ടു നടന്നു… വലതു കയ്യിൽ അവൻ പിടിച്ചപ്പോൾ അവൾ കുതറി… “എടി പെണ്ണേ… നീ എന്നെ സ്വീകരിക്കുമോ എന്ന കാര്യത്തിൽ എനിക്ക് ഒരു ആശങ്കയും ഉണ്ടായിരുന്നില്ല… വന്നില്ലേൽ ഞാൻ തൂക്കി എടുത്ത് കൊണ്ടു പോയേനെ… ” അതു കേട്ടപ്പോൾ അവൾ ഒതുങ്ങി നിന്നു… ജീവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചപ്പോൾ അവൾ അവന്റെ നെഞ്ചിൽ തട്ടി നിന്നു… അവൻ അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു… അവൾ അവന്റെ കണ്ണിലേക്കു നോക്കി… “നിനക്ക് എന്റെ കാര്യത്തിൽ കുറച്ചു സ്വാർത്ഥതയൊക്കെ ഉണ്ടല്ലേ?” അവൾ ഒന്നും പറയാതെ മിഴികൾ താഴ്ത്തി… “ഞാൻ അപ്പോഴെ പറഞ്ഞെടീ നമ്മുടെ വിവാഹം കഴിഞ്ഞ കാര്യം…”

അവൾ അവന്റെ നെഞ്ചിൽ നുള്ളി… “നോവുന്നെടീ… ” എന്നും പറഞ്ഞ് അവൻ കണ്ണുരുട്ടി കാണിച്ചതും അവൾ അവന്റെ ഇരുകൈകളിലും മുറുകെ പിടിച്ചു… “വാ… ചെറിയമ്മയും ചെറിയച്ഛനും നമ്മളെ നോക്കി ഇരികക്കുന്നുണ്ടാകും… ” എന്നു പറഞ്ഞ് ജീവൻ അവളെ ചേർത്തു പിടിച്ച് നടന്നു… *** അമ്മയുടെ മടിയിൽ തല വെച്ചു കിടക്കുകയായിരുന്നു കിച്ചു. ഇടയ്ക്ക് അവൻ കണ്ണുകൾ തുടക്കുന്നത് കണ്ടപ്പോൾ സേതുവിന്റെ ഉള്ളം വിങ്ങി കൊണ്ടിരുന്നു. “എന്റെ മോനെ ഓർത്തു മാത്രാ അമ്മേ ഞാൻ അവളെ സഹിക്കുന്നത്… അല്ലെങ്കിലുണ്ടല്ലോ മുൻപേ എടുത്തു കളഞ്ഞേനെ എന്റെ ജീവിതത്തിൽ നിന്നും…”

“അങ്ങനെ ഒന്നും പറയല്ലേ മോനെ… ” “അമ്മയ്ക്ക് അറിയില്ല അവളെ… അവളെ എത്ര സ്നേഹിച്ചിട്ടും ഒരു കാര്യവും ഇല്ല… സംശയരോഗമാണ് അവൾക്ക്… ഞാൻ ഓഫീസിൽ നിന്നും വന്നാൽ ആദ്യ പണി എന്റെ ഫോൺ ചെക്ക് ചെയ്യലാണ്… ഒരുമിച്ച് പുറത്തു പോയാൽ അറിയുന്ന ഏതെങ്കിലും സ്ത്രീകൾ ചിരിക്കുകയോ സംസാരിക്കുകയോ ചെയ്താൽ പിന്നെ അന്നത്തെ ദിവസം പോയി. അവളെ എങ്ങനെ അറിയാം… വിവാഹം കഴിഞ്ഞതാണോ ഫോൺ വിളിക്കാറുണ്ടോ തുടങ്ങി ചോദ്യങ്ങളുടെ ഘോഷ യാത്രയാണ്… ഞാൻ അമ്മയെ സ്നേഹിക്കുന്നതു പോലും അവൾക്ക് ഇഷ്ടമില്ല… അവളെ മാത്രം സ്നേഹിക്കണം എന്നൊരു ഇടുങ്ങിയ ചിന്ത… എന്നിട്ടും അവളെ സ്നേഹിക്കാൻ ശ്രമിച്ചു നോക്കിയിട്ടേയുള്ളു…

എന്റെ ജീവിതം തന്നെ തകർത്ത് എറിഞ്ഞില്ലേ അവൾ… ആദി… അവൾ എന്നെ സ്നേഹിച്ചിരുന്നു… എന്നിട്ടും… ആദി എന്തിനാ അമ്മേ എന്നെ വിട്ടു കൊടുത്തത്…” എന്തു പറഞ്ഞ് അവനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെ സേതു വലഞ്ഞു… “എന്റെ കുട്ടിയെ ഇനിയും പരീക്ഷിക്കല്ലേ ഈശ്വരാ… ” സേതു കണ്ണുനീർ വാർത്തു കൊണ്ടു പറഞ്ഞു… ഇതെല്ലാം കേട്ടു നിന്നവളുടെ മുഖം ദേഷ്യത്താൽ മുറുകി… ** “ഇന്നു പോകണോ മക്കളേ? ” ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ ഇരിക്കുമ്പോൾ ചെറിയച്ഛൻ തിരക്കി… ആദി ജീവനെ നോക്കി … “ഇന്ന് ഇനി ചൊവ്വാഴ്ചയായിട്ടു പോകണ്ട… ” മുത്തശ്ശിയും പറഞ്ഞു… “എന്നാൽ നാളെ രാവിലെയെ ഞങ്ങൾ പോകുന്നുള്ളൂ. വീട്ടിലേക്ക് വിളിച്ചു പറഞ്ഞോളാം… ” ജീവൻ പറഞ്ഞു.

“നാളെ അഭിയും നയനയും വരുന്നതല്ലേ. അപ്പോൾ വീട്ടിൽ നിന്നും എല്ലാവരും അങ്ങോട്ട് വരുമോ? ” “വരുന്നുണ്ടാകും ചെറിയച്ഛാ… ” ജീവൻ പറഞ്ഞു. കഴിച്ചു കഴിഞ്ഞപ്പോഴാണ് കാളിങ് ബെൽ അടിക്കുന്നത് കേട്ടത്… ചെറിയമ്മ ആരാണെന്നു നോക്കാൻ പോയപ്പോൾ ആദി പ്ലേറ്റുകൾ എടുത്ത് അടുക്കളയിലേക്ക് ചെന്നു… അകത്തേക്ക് വന്നപ്പോഴാണ് ജീവനോട്‌ സംസാരിച്ചു കൊണ്ടിരിക്കുന്ന പ്രവിയേട്ടനെ അവൾ കണ്ടത്… “പ്രവി നിന്നെ കാണാൻ വന്നതാ…” അവളെ കണ്ടപ്പോൾ ജീവൻ പറഞ്ഞു. അവൾ പ്രവിയുടെ മുഖത്തേക്ക് നോക്കി. മുഖത്തിനു വാട്ടമുണ്ട്… അവൾ ജീവന്റെ അരികിൽ വന്നു നിന്നു. “ആദി… എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു. ഒന്നു ഉമ്മറത്തേക്ക് വരുമോ? ” പ്രവി തിരക്കി.

ആദി ജീവനെ നോക്കിയപ്പോൾ അവൻ തലയാട്ടി കൊണ്ടു സമ്മതം അറിയിച്ചു. എന്നാൽ ആദി പോകാതെ ജീവന്റെ അരികിൽ സോഫയിൽ ഇരുന്നു… “ജീവേട്ടനു കൂടി കേൾക്കാൻ കഴിയുന്ന കാര്യം പറഞ്ഞാൽ മതി പ്രവിയേട്ടാ… ഒരിക്കൽ ഒന്നു തനിച്ചു സംസാരിച്ചപ്പോൾ തകർന്നത് എന്റെ മനസ്സ് ആയിരുന്നു… തകർത്തവർ ഇപ്പോൾ എല്ലാം മറന്നു. ഇനിയും വിഡ്ഢിയാകാൻ ഞാൻ നിന്ന് തരില്ല…” ആദി പറഞ്ഞു. പ്രവി തല കുനിച്ചു ഇരുന്നു… “പ്രവിയേട്ടൻ കൂടി അറിഞ്ഞിട്ടാണോ അച്ഛൻ എന്നെ ശപിക്കാൻ വന്നത്… ശപിക്കേണ്ടവൾ ഞാൻ അല്ലേ? കരയുന്ന ആളുടെ കണ്ണുനീർ കാണാനേ എനിക്ക് അറിയൂ… അതിനു പിന്നിലെ ചതി കണ്ടു പിടിക്കാൻ എന്റെ കണ്ണിനു കാഴ്ചയില്ലാതെ പോയി…”

“അവർക്ക് വേണ്ടി ഞാൻ മാപ്പു ചോദിക്കുന്നു ആദി… നീ കിച്ചുവിനോട് ഒന്നു സംസാരിക്കണം… നീ പറഞ്ഞാൽ അവൻ അനുസരിക്കും… ” “എന്ത് അനുസരിക്കും എന്ന്? ” അതു ചോദിക്കുമ്പോൾ ആദിയുടെ ശബ്ദം നേർത്തു പോയി… “അവൻ എല്ലാം അറിഞ്ഞു. ഇപ്പോൾ ഹിമയുമായി രസത്തിലല്ല… അവളുടെ സ്നേഹക്കൂടുതലാണ് അവളെ കൊണ്ടു ഇങ്ങനെയൊക്കെ ചെയ്യിച്ചതെന്ന് ഒന്നു പറയണം… നീ പറഞ്ഞാലേ അവനു മനസ്സിലാകൂ… ” അതു കേട്ടതും ആദി ചാടി എഴുന്നേറ്റു… “നിങ്ങളുടെ പെങ്ങൾക്കു മാത്രമേ സ്നേഹിക്കാൻ അറിയൂ… നിങ്ങളുടെ പെങ്ങൾക്കു മാത്രമെ വേദനിക്കൂ… അവളുടെ കണ്ണിൽ നിന്നും മാത്രമേ കണ്ണുനീർ ഒഴുകുന്നുള്ളൂ… ഇത്രയ്ക്കും സ്വാർത്ഥതനാകല്ലേ പ്രവിയേട്ടാ…

ഈ തറവാടിന്റെ ഉമ്മറത്തിരുന്ന് കിച്ചേട്ടൻ എന്റെ സ്വഭാവ ദൂഷ്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്… അതും നിങ്ങളുടെ മുമ്പിൽ ഇരുന്ന്… എന്നോട് കുറച്ചെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ എങ്ങനെ എങ്കിലും എന്നെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റി കിച്ചേട്ടനെ തിരുത്താൻ ശ്രമിച്ചേനെ… പിന്നെ ഹിമ… അവളോട്‌ ഞാൻ എന്തു തെറ്റ് ചെയ്തിട്ടാ എന്നെ അവഗണിച്ചത്… എന്നിട്ടും എന്നും കുറ്റം ആദിയ്ക്ക് മാത്രം…” പറഞ്ഞു കഴിയുമ്പോഴേക്കും അവൾ ആകെ വിയർത്തിരുന്നു… ജീവൻ എഴുന്നേറ്റ് അവളുടെ തോളിൽ പിടിച്ചു. അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി… അവൾ കരയുകയാണെന്ന് മനസ്സിലായപ്പോൾ അവൻ വലതു കയ്യാൽ അവളുടെ പുറത്തു ചെറുതായി തട്ടി കൊടുത്തു… പ്രവി എഴുന്നേറ്റു… വാതിൽക്കലേക്ക് നോക്കിയതും അവിടെ നിൽക്കുന്ന ആളെ കണ്ട് തറഞ്ഞു നിന്നു പോയി…

ജീവന്റെ മിഴികളും വാതിൽക്കലേക്ക് പാഞ്ഞു… കിച്ചു പ്രവിയുടെ അടുത്തേക്ക് നടന്നു വന്നു. അവന്റെ സാമിപ്യം അറിഞ്ഞു എന്നോണം ആദി ജീവന്റെ നെഞ്ചിൽ നിന്നും അടർന്നു മാറി… കിച്ചേട്ടന്റെ മുഖത്തു നോക്കിയപ്പോൾ ഉള്ളം പിടഞ്ഞു പോയി… മുഖം ആകെ വിങ്ങി കണ്ണൊക്കെ ചുവന്നു കലങ്ങി ഇരിപ്പുണ്ട്… “അളിയൻ എന്താ ഇവിടെ? ” കിച്ചു തിരക്കിയതും പ്രവി എന്ത് പറയും എന്ന് അറിയാതെ നിന്നു… കിച്ചു ആദിയെ ഒന്നു നോക്കിയ ശേഷം വീണ്ടും പ്രവിയുടെ നേർക്ക് തിരിഞ്ഞു… “ഇനി എന്റെ പേരും പറഞ്ഞു നീയോ വീട്ടുകാരോ ഇവളെ തേടി ചെന്നാൽ ഞാൻ ക്ഷമിക്കില്ല പ്രവി… ഒരു പെണ്ണിനെ മാനസികമായി തളർത്തിയിട്ട് ഒരു തീരുമാനം എടുക്കാൻ നിർബന്ധിക്കുക… അത് അവൾ എടുത്തു കഴിഞ്ഞതല്ലേ…

അവൾക്ക് എന്നെ വേണ്ടെന്നു എന്നോ പറഞ്ഞു കഴിഞ്ഞതാണ്… എന്നിട്ട് അവൾ പറഞ്ഞാൽ അതു അനുസരിക്കാൻ ഇരിക്കണോ ഞാൻ ഇപ്പോഴും… അങ്ങനെ ആണോ നിന്റെ വിചാരം… ഇവളെ ഉപദേശിക്കുന്ന നേരം പോയി സ്വന്തം പെങ്ങൾക്ക് കുറച്ചു ഉപദേശം കൊടുത്തു നോക്ക്… ആദി എന്റെ അമ്മാവന്റെ മകൾ മാത്രമല്ല ഈ നിൽക്കുന്ന ജീവന്റെ ഭാര്യ കൂടിയാണ്. അതോർത്തു വേണം പെങ്ങളുടെ പുന്നാര ആങ്ങള പെരുമാറാൻ… എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അതു ഇവളുടെ മുന്നിൽ അല്ല ബോധിപ്പിക്കേണ്ടത്… എന്റെ പേരും പറഞ്ഞ് ഇനി ഇവളുടെ ജീവിതം വെച്ചു കളിക്കാൻ നോക്കിയാൽ ഉണ്ടല്ലോ…” എന്നു താക്കീതോടെ പറഞ്ഞ് കിച്ചു മുത്തശ്ശിയുടെ മുറിയിലേക്ക് നടന്നു…

മുത്തശ്ശിയുടെ കൂടെ വാതിൽക്കൽ നിൽക്കുന്ന മുരളിയേയും വരദയെയും നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച് കിച്ചു മുത്തശ്ശിയുടെ ബെഡിൽ വന്നു കമിഴ്ന്നു കിടന്നു. എല്ലാവരും എല്ലാം കേട്ടു എന്നു പ്രവിയ്ക്ക് തോന്നി. അവൻ ഒന്നും പറയാതെ ഇറങ്ങി പോയി … *** മുത്തശ്ശിയുടെ വിറക്കുന്ന കൈകൾ കിച്ചുവിന്റെ പുറത്തും കയ്യിലും ഒക്കെ തലോടി കൊണ്ടിരുന്നു… “കിച്ചൂട്ടാ… ” ……. “ന്റെ കുട്ടീ…. ഇങ്ങനെ കിടക്കല്ലേ. മുത്തശ്ശിയ്ക്ക് കണ്ടിട്ട് സഹിക്കണില്ല… നെഞ്ചു വേദനിക്കുന്നു… ” അത് കേട്ടതും കിച്ചു പിടഞ്ഞ് എഴുന്നേറ്റിരുന്നു… മുത്തശ്ശിയുടെ നെഞ്ചിൽ പതിയെ ഉഴിഞ്ഞു. “എനിക്ക് ഒന്നൂല്ല മുത്തശ്ശി… ” അവൻ പറയുന്നുണ്ടായിരുന്നു… “ന്റെ കുട്ട്യേ … മുത്തശ്ശിയ്ക്ക് ഒന്നും അറിയില്ലായിരുന്നല്ലോ…

ആദിയ്ക്ക് കിച്ചൂട്ടനെ ഇഷ്ടായിരുന്നോ? ” “എനിക്ക് അറിയാമായിരുന്നു…. പക്ഷേ ആരും അത് സമ്മതിച്ചു തന്നില്ലല്ലോ. അവൾ പോലും… ഇനി അവളെ ശല്ല്യപ്പെടുത്തരുതെന്നും പറഞ്ഞു ഒഴിഞ്ഞു പോകാൻ പറഞ്ഞു എല്ലാവരും… പിന്നെ അങ്ങോട്ട് വെറുത്തു പോയി അവളെ… വെറുപ്പായിരുന്നോ ഇനി ഉള്ളിലെ സ്നേഹം മറക്കാനായി എന്റെ ഉള്ളം മെനഞ്ഞെടുത്ത മുഖം മൂടി ആയിരുന്നോ എന്നൊന്നും അറിയാൻ പറ്റുന്നില്ല… ഒന്ന് അറിയാം മുത്തശ്ശി നഷ്ടങ്ങൾ എനിക്ക് മാത്രമായിരുന്നു… കഥ അറിയാതെ ആട്ടമാടിയ എനിക്ക് മാത്രം…” മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞു… അവൻ ഇരു കൈകളാൽ മുത്തശ്ശിയുടെ കവിളിൽ പിടിച്ചു… “സാരമില്ല മുത്തശ്ശി… ഞാൻ സഹിച്ചോളാം… ഒന്നു ചിരിച്ചേ… ”

അവൻ പുഞ്ചിരിയോടെ പറഞ്ഞെങ്കിലും കണ്ണുകൾ വീണ്ടും നിറഞ്ഞു… മുത്തശ്ശി ചിരിക്കാൻ ശ്രമിച്ചെങ്കിലും സങ്കടത്താൽ മുഖം കോടി പോയി… “സേതു എവിടെ?” “വീട്ടിലുണ്ട് മുത്തശ്ശി…” “ഇന്നെന്താ ഓഫീസിൽ പോകാഞ്ഞത്?” “ലീവ് എടുത്തു … മനസ്സ് ചില നേരം പിടിച്ചിടത്തു നിൽക്കുന്നില്ല… എല്ലാം സഹിക്കാൻ ഒരുക്കം ആണെന്ന് പറയുമ്പോഴും ചിലപ്പോൾ ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ല…” “കഴിഞ്ഞതു കഴിഞ്ഞു മോനെ… അപ്പു മോനെ മറന്ന് ഒന്നും ചെയ്യരുത്… ന്റെ സേതു ഒരുപാട് കണ്ണുനീര് കുടിച്ചവളാ… നീ സങ്കടപ്പെട്ടാൽ പിന്നെ അവൾക്ക് വേദനിക്കാനെ നേരം കാണൂ … ” “എല്ലാം അറിയാം… അച്ഛൻ മരിച്ചിട്ടും ജീവിച്ചത് എന്നെ ഓർത്തു മാത്രമാണെന്നും അറിയാം…

എന്നിട്ടും എന്റെ ജീവിതം നന്നായി പോകാൻ ചേർത്തു നിർത്തും തോറും ഒഴിഞ്ഞു മാറി നിന്നിട്ടേയുള്ളൂ എന്റെ അമ്മ…” മുത്തശ്ശി അവന്റെ കവിളിൽ പതിയെ ഒന്നു തലോടി… “ഞാൻ പോകട്ടെ? ” “കുറച്ചു കഴിഞ്ഞു പോകാം… ” “വേണ്ട… എന്നെ കാണുന്നത് ആദിയ്ക്കും ജീവനും ബുദ്ധിമുട്ട് ആകും… ” “അതെ അതെ വലിയ ബുദ്ധിമുട്ടാണ്… ” എന്നു പറഞ്ഞ് ജീവൻ ചിരിയോടെ അവരുടെ അടുത്ത് വന്നിരുന്നു… കിച്ചു നിശബ്ദനായി ഇരുന്നു… ജീവൻ കിച്ചുവിന്റെ കയ്യിൽ പിടിച്ചു… “കഴിഞ്ഞതു നമുക്ക് ഇനി തിരുത്താൻ പറ്റില്ലല്ലോ… അതു കൊണ്ടു കിട്ടിയ ജീവിതം നമുക്ക് നന്നായി അങ്ങ് ജീവിച്ചു നോക്കാം… അല്ലാതെ ഇപ്പോൾ എന്താ പറയാ…” ജീവൻ പറഞ്ഞു… കിച്ചു പുഞ്ചിരിച്ചു…

“ഇന്ന് നമുക്ക് എല്ലാവർക്കും ഇവിടെ കൂടാം.” “ഏയ്‌ ഞാൻ പോവാണ് ജീവൻ. പ്രവിയെ തിരക്കി ഇറങ്ങിയതായിരുന്നു. അപ്പോഴാണ് ഇവിടേക്ക് കയറുന്നത് കണ്ടെന്നു ഒരു കൂട്ടുകാരൻ പറഞ്ഞത്… ഇനി എന്റെ പേരിൽ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല…” എന്നു പറഞ്ഞ് കിച്ചു എഴുന്നേറ്റു… അകത്തേക്ക് ചെന്നപ്പോൾ മുരളിയെ കണ്ടു… “എന്താ കുഞ്ഞമ്മാവാ? ” “ചേച്ചി വിളിച്ചിരുന്നു… ” “ആഹ് ! ഞാൻ അങ്ങോട്ട് ഇറങ്ങുകയാണ്…” “മോനെ കിച്ചു…” “അമ്മ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ആ മനസ്സിൽ തന്നെ ഇരുന്നോട്ടെ… ഞാൻ പിന്നെ വരാം… അമ്മായിയോട് പറഞ്ഞാൽ മതി….” എന്നും പറഞ്ഞു വേഗം ഉമ്മറത്തേക്ക് നടന്നു… ഹിമയുമായി ഒരു വഴക്ക് കഴിഞ്ഞു ഇറങ്ങിയതായിരുന്നു കിച്ചു…

ഉമ്മറത്ത് എത്തിയതും തിണ്ണമേൽ ഇരിക്കുന്ന ആദിയെ കണ്ടു… അവൾ അവന്റെ മിഴികളിലേക്ക് നോക്കി… അവൻ അവളിൽ നിന്നും നോട്ടം മുറ്റത്തെ പാരിജാത മരത്തിനു ചുവട്ടിലേക്കും… അവിടെ ഒരു ദാവണിക്കാരിയോടൊപ്പം നിൽക്കുന്ന കിച്ചു… “സ്വപ്നം കാണാണോ കിച്ചേട്ടാ? ” അവൾ പുഞ്ചിരിയോടെ തിരക്കുന്നു… മറുപടിയായി അവൻ അവളുടെ കണ്ണിലേക്കു നോക്കി മെല്ലെ പാടാൻ തുടങ്ങി… “ഓർമ്മകൾ പെയ്യുന്ന തീരത്ത് നീയെന്റെ ചാർത്തു വന്നു നിന്നാൽ മിഴി തമ്മിൽ ഇടയുന്ന നേരം നിന്നിൽ ഞാൻ പ്രണയം പകർന്നു നൽകാം… സ്വപ്നം പങ്കു വെക്കാം… ” “എന്നോടോ? ” പാടി കഴിഞ്ഞതും അവൾ തിരക്കി…

ചോദിക്കുമ്പോൾ അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു… “അല്ല… അപ്പുറത്തെ വീട്ടിലെ സുന്ദരി പെണ്ണിനോട്‌… ” അതു കേട്ടതും കൂർപ്പിച്ചു നോക്കി പോകുന്ന ആദിയെ കിച്ചു മനസ്സിൽ ഓർത്തു…. ഒന്നു നിശ്വസിച്ച ശേഷം ആദിയെ നോക്കി… “പോകട്ടെ… ” എന്നും പറഞ്ഞ് അവളുടെ മറുപടിയ്ക്കു പോലും കാത്തു നില്ക്കാതെ മുറ്റത്തേക്ക് ഇറങ്ങി നടന്നു……..തുടരും

പുതിയൊരു തുടക്കം: ഭാഗം 11

Share this story