ജനനി: ഭാഗം 13

ജനനി: ഭാഗം 13

എഴുത്തുകാരി: അനില സനൽ അനുരാധ

അതുവരെ കാണാത്ത പുതിയൊരു ഭാവം നീരവിന്റെ കണ്ണുകളിൽ നിറയുന്നതു കണ്ടതും ജനനി വേഗം അവന്റെ കയ്യിൽ നിന്നും ഗ്ലാസ്സ് പിടിച്ചു വാങ്ങി… അവനിൽ നിന്നും അകലം പാലിച്ച് നിന്നു… ചായ ചൂട് ആറിയിരുന്നു… അതു കൊണ്ട് തന്നെ ഒറ്റ വലിക്ക് ചായ കുടിച്ചു തീർത്തു… കുസൃതി നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കി നീരവ് മുൻപോട്ടു നടന്നു… അവൾ തിരിഞ്ഞു നോക്കി… അതേ നിമിഷം അവനും… അവൾ വേഗം മുറിയിലേക്ക് കടന്ന് വാതിൽ അടച്ചു… മിഴികൾ ഇറുക്കിയടച്ച് വാതിലിൽ ചാരി നിന്നു… സാറിന്റെ കണ്ണുകളിലെ ഭാവം എന്തായിരുന്നു…

അതോ എല്ലാം തന്റെ തോന്നൽ ആയിരുന്നോ… ഫ്രഷ്‌ ആയ ശേഷം ബെഡിൽ വന്നു കിടന്നു… “ജാനി… എത്രയും വേഗം നമ്മുടെ കല്യാണം നടത്തി തരാൻ പറയട്ടെ ഞാൻ? ” വരുൺ ആർദ്രമായി തിരക്കി… അവൾ ഒന്നും പറയാതെ മുഖം കുനിച്ചു… “നിശ്ചയത്തിനു പകരം ഇന്നു കല്യാണം നടത്തിയാൽ മതിയായിരുന്നു… അല്ലേ? ” ……….. “എന്തെങ്കിലും ഒന്നു പറയെടോ… ഇത്രയും നാളത്തെ പോലെ അല്ല ഇനി… ഈ മോതിരം അണിയിച്ചപ്പോൾ തന്നെ നീ എന്റെ പാതിയായി… ഞാൻ എന്നും വിളിക്കും… വിളിച്ചോട്ടെ?” അവൾ മിഴികൾ ഉയർത്തി അവനെ നോക്കി… “ഓഹ് ! ഇങ്ങനെ നോക്കല്ലെ പെണ്ണേ…

ഞാൻ ഇപ്പോൾ തന്നെ പൊക്കി എടുത്തോണ്ട് പോകും…’ ജനനി പുഞ്ചിരിച്ചു… “എന്റെ പെണ്ണേ… നിന്റെ ഈ ചിരി എത്ര സുന്ദരമാണെന്ന് അറിയുമോ…” അവളുടെ വലതു കൈ വിരലുകളിൽ വിരൽ കോർത്തു കൊണ്ട് അവൻ പറഞ്ഞു… ആ പ്രണയ നിമിഷങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല… ക്ഷണ നേരം കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമായി… വരുണിന്റെ വീട്ടുകാരുടെയും ബന്ധുക്കളുടെയും മുൻപിൽ ജനനി നിന്ന് ഉരുകി… “ജിതാ… ഇവരു പറയുന്നതൊക്കെ സത്യമാണോ. ഇവന്റെ അമ്മയാണോ നിന്റെ ശരിക്കുമുള്ള ഭാര്യ? ” വിഷ്ണുവിനു നേർക്ക് വിരൽ ചൂണ്ടി വരുണിന്റെ അമ്മാവന്റെ ശബ്ദം ഉയർന്നു…

അവർക്ക് മുൻപിൽ അച്ഛൻ നിശബ്ദനായി തല കുനിച്ചു നിൽക്കുന്നതു കണ്ടപ്പോൾ ജനനി തകർന്നു തുടങ്ങിയിരുന്നു… അച്ഛന്റെ മൗനം അതിൽ ഉണ്ടായിരുന്നു എല്ലാം… “ഇങ്ങനെയുള്ള കുടുംബത്തിൽ നിന്ന് നമുക്ക് ഒരു ബന്ധുതയും വേണ്ട വരുൺ…” ഗോപി പറഞ്ഞു… വരുൺ ഞെട്ടലോടെ അച്ഛനെ നോക്കി… അച്ഛനെയും അമ്മയെയും ഇതുവരെ ധിക്കരിച്ചിട്ടില്ല… പക്ഷേ ജനനിയെ കൈ വിട്ട് കളയാൻ അവനു മനസ്സില്ലായിരുന്നു… പെണ്ണുകാണാൻ വന്ന നാൾ മുതൽ അവളെ നെഞ്ചിൽ കൊണ്ടു നടക്കുന്നതാണ്… അവളെ താലി കെട്ടുന്ന നിമിഷത്തിനായ് കാത്തിരിക്കുന്നവനാണ്… ”

എനിക്ക് അവളെ അങ്ങനെ വിട്ടു കളയാൻ പറ്റില്ല അച്ഛാ .. അച്ഛനും അമ്മയും ചെയ്ത തെറ്റിന് അവൾ എന്തു പിഴച്ചു? ” “നമ്മുടെ അന്തസ്സിനു ചേർന്ന ഒരു കുടുംബമല്ല മോനെ ഇത്…” അച്ഛൻ പറഞ്ഞു… വരുൺ ജനനിയെ നോക്കി… അവൾ ആകെ മരവിപ്പോടെ നിൽക്കുകയാണ്… വരുണിന്റെ ബന്ധുക്കൾ ഓരോരുത്തരായി പടിയിറങ്ങി തുടങ്ങിയിരുന്നു… “ആ മോതിരം ഇങ്ങു ഊരിയെടുത്ത് ഇറങ്ങി വാടാ ചെറുക്കാ… ” അമ്മാവൻ ദേഷ്യത്തോടെ പറഞ്ഞതും വരുൺ നിഷേധപൂർവ്വം തലയാട്ടി… “ഒന്നുകിൽ ആ മോതിരം ഊരി എടുത്ത് തിരികെ വരിക.. അല്ലെങ്കിൽ അവളെയും കൂട്ടി ഈ പടി ഇറങ്ങാം…

പക്ഷേ അവൾ പിന്നെ ഈ വീട്ടിലേക്ക് വരാൻ പാടില്ല… വീട്ടുകാരെ ഉപേക്ഷിച്ച് നമ്മുടെ കൂടെ വരണം… ” ഗോപി പറഞ്ഞു. “അങ്ങനെ അവളെ കൊണ്ടു പോകാൻ പറ്റില്ല… ഞങ്ങളുടെ അച്ഛനു മൂന്നു മക്കളെയുള്ളൂ… വലിഞ്ഞു കയറി വന്നവർ ആ വഴിയെ പൊയ്ക്കോളും…” ജയേഷ് കോപത്തോടെ പറഞ്ഞു. “ഈ പെൺകൊച്ചിന്റെ മുഖത്തു നോക്കി പറയെടാ ആ വന്നിരിക്കുന്നവനുമായി നിങ്ങളുടെ കുടുംബത്തിൽ ഉള്ളവർക്ക് യാതൊരു ബന്ധുതയും ഇല്ലെന്ന്… അവന്റെ തനി പകർപ്പ് അല്ലേ നിന്റെ അനിയത്തി… ” വരുണിന്റെ അമ്മാവൻ ജയേഷിനോടു ശബ്ദം ഉയർത്തി. “ആണെങ്കിൽ കണക്കായി പോയി… നിങ്ങളുടെ വീട്ടിലേക്ക് തന്നെ ഇവളെ കെട്ടിച്ച് അയക്കണമെന്ന് ഞങ്ങൾക്ക് ഒരു നിർബന്ധവും ഇല്ല….

താലി കെട്ടൊന്നും അല്ലല്ലോ വെറും മോതിര മാറ്റം അല്ലേ കഴിഞ്ഞത്…” “മോനെ… ” രേണുക താക്കീതോടെ വിളിച്ചു… “അത്ര അന്തസ്സുള്ളവരു പോകട്ടെ അമ്മേ… നിങ്ങൾക്ക് തരാൻ ഇവിടെ പെണ്ണില്ല…” “വരുൺ ഇറങ്ങാം… ” അച്ഛൻ വിളിച്ചു… “അങ്ങനെ പോകാൻ വരട്ടെ… ജാനി അണിയിച്ച മോതിരം ഇങ്ങു ഊരി തന്നേക്ക്…” ജയേഷ് പറഞ്ഞു… വരുൺ ജനനിയെ നോക്കി… “ജാനീ… പോരാമോ എന്റെ കൂടെ? ” വരുൺ തിരക്കി… ………. “എന്തെങ്കിലും ഒന്നു പറയ് ജാനി… പ്ലീസ്…” “അവൾക്ക് അങ്ങനെ ഒന്നും പറയാനില്ല… ഇറങ്ങി പോകണം ഇവിടെ നിന്നും… ” ജയേഷ് ശബ്ദം ഉയർത്തി… “ആ മോതിരവും ഊരിക്കളഞ്ഞിട്ട് വാടാ മോനെ… ”

ഗോപി പറഞ്ഞു… വരുൺ ദയനീയമായി അവളെ നോക്കി… ജനനി വലതു കൈ അവനു നേരെ നീട്ടി… ഹൃദയം തകരുന്ന വേദനയോടെ അവൻ ആ മോതിരം ഊരിയെടുത്തു… അവന്റെ കയ്യിലെ മോതിരം ഊരി അവളുടെ കൈ വെള്ളയിൽ വെച്ച ശേഷം അവിടെ നിന്നും പടിയിറങ്ങി… “ഇനി നാണം ഇല്ലാതെ ഈ പടി കയറി വരരുത്… മറന്നേക്ക് ഇവളെ… ” ജയേഷിന്റെ ശബ്ദം പുറകിൽ നിന്നും കേട്ടെങ്കിലും വരുൺ തിരിഞ്ഞു നോക്കിയില്ല… “ഈ നാണം കെട്ട കുടുംബത്തിൽ നിന്നും എന്റെ മോൻ രക്ഷപ്പെട്ടു എന്ന സമാധാനത്തിൽ ഞങ്ങൾ ഇറങ്ങാണ്‌… എല്ലാം ഇപ്പോൾ അറിയാൻ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യം…” ഗോപി പറഞ്ഞു…

പിന്നെ വിഷ്ണുവേട്ടനെ ചൊല്ലിയുള്ള തർക്കം … അച്ഛന്റെ മരണം… ഓർമ്മകൾ വന്നു മനസ്സിനെ പൊള്ളിച്ചു കൊണ്ടിരുന്നു… വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ എഴുന്നേറ്റിരുന്നു… അഞ്ജലി അവളുടെ അടുത്ത് വന്നിരുന്നു .. “എന്താടീ പെണ്ണേ… ” അഞ്ജലി തിരക്കി… “ഞാൻ പറയാത്തതിൽ നിനക്ക് സങ്കടമുണ്ടോ?” “ഉണ്ട്… ” “വരുണേട്ടനെ കുറിച്ച് പറയാൻ ഒരു കുറ്റവും ഇല്ലായിരുന്നു അഞ്ജു… നിനക്ക് ആ വിവാഹം കൊണ്ടു ഒരു ദോഷവും വരില്ലായിരുന്നു… പിന്നെ നീ പറഞ്ഞ ശാപ കഥയുണ്ടല്ലോ അങ്ങനെ ഒന്നും ഇല്ലേടീ… ഞാൻ ശപിച്ചിട്ടില്ല… പിന്നെ അച്ഛന്റെ ശാപം…

അങ്ങനെ ശപിക്കാനുള്ള അർഹതയൊന്നും എന്റെ അച്ഛനില്ല…” “നീ അതു വിട്ടു കളഞ്ഞേക്ക്… ” “ഈശ്വരാ ഞാൻ നിമിത്തം ഒരാളുടെ ജീവിതത്തിലെ സന്തോഷങ്ങൾ അസ്തമിക്കുമ്പോൾ… ” പറഞ്ഞു പൂർത്തിയാക്കാൻ കഴിയാതെ അവൾ നിർത്തി… “നീ ഇവിടെ ഇരിക്കാതെ ഉമ്മറത്തേക്ക് വാ… അവരു ഇറങ്ങാൻ നിൽക്കാണ്‌…” “അവരൊന്നും പോയിട്ടുണ്ടായിരുന്നില്ലേ? ” “ഇല്ല… നീ വാ…. ” “നീ നടക്ക് ഞാൻ പുറകെ വരാം…” അഞ്ജലി എഴുന്നേറ്റ് പുറത്തേക്ക് നടന്നു… ജനനി അഴിഞ്ഞു കിടന്ന മുടി വാരി ചുറ്റികെട്ടി വെച്ച ശേഷം അവളുടെ പുറകെ നടന്നു… നീരവും വിനോദും പോകാൻ ഇറങ്ങി നില്ക്കായിരുന്നു…

ജനനിയെ കണ്ടതും സുമിത വന്നു കയ്യിൽ പിടിച്ചു… “കഴിഞ്ഞത് കഴിഞ്ഞു… ഇനി ഒന്നും ഓർക്കണ്ട… എല്ലാം നല്ലതിനാകും… ” സുമിത പറഞ്ഞു… “അതേ… അപ്പച്ചി പറഞ്ഞതു ശരിയാ… എല്ലാം നല്ലതിനായിരുന്നു…” അഞ്ജലിയെ ഒന്നു നോക്കിയ ശേഷം വിനോദ് പറഞ്ഞു… അതേ എല്ലാം നല്ലതിനായിരുന്നു… നീരവിന്റെ ഉള്ളവും മന്ത്രിച്ചു… *** ദീപന്റെ മുറിയിൽ കിടക്കുകയായിരുന്നു വരുൺ…. അവന്റെ കവിൾ വിങ്ങി നീര് വെച്ചിരുന്നു… “എഴുന്നേറ്റു വീട്ടിൽ പോകാൻ നോക്ക് വരുണേ…” “ഇല്ല… ഇനിയും ഇങ്ങനെ ജീവിക്കാൻ വയ്യ… അവൾ മൂലം ഞാൻ വീണ്ടും തോൽക്കുകയാണ് ദീപാ … വീണ്ടും തോൽക്കുകയാണ്… “….തുടരും………

ജനനി: ഭാഗം 12

Share this story