❤️കലിപ്പന്റെ വായാടി❤️ : ഭാഗം 37

❤️കലിപ്പന്റെ വായാടി❤️ : ഭാഗം 37

എഴുത്തുകാരി: ശിവ നന്ദ

“പുറംചട്ടയിലെ മനോഹാരിത ഉള്ളറകളിൽ കാണണമെന്നില്ല..അതുപോലെ തന്നെയാണ് എന്റെ ജീവിതവും…ആ ജീവിതതാളുകളിലേക്ക് നിങ്ങൾക് സ്വാഗതം……..” — ശിഖ !!! ശിഖ ചേച്ചിയുടെ ഡയറി… ഒരേ സമയം അത്ഭുതവും ആകാംഷയും തോന്നി.പല സംശയങ്ങൾക്കും ഉള്ള ഉത്തരം ഈ ഡയറി താളുകളിൽ ഉണ്ടെന്ന് തോന്നുന്നു..അത്യധികം ആവേശത്തോടെ ഞാൻ ആ ഡയറി വായിക്കാൻ തുടങ്ങി. രണ്ടാമത്തെ പേജിൽ ഒരു ഫോട്ടോഗ്രാഫ് ഉണ്ടായിരുന്നു. അഞ്ചോ ആറോ വയസുള്ള പെൺകുട്ടി അച്ഛന്റെയും അമ്മയുടേയും നടുക്കിരിക്കുന്ന ഫോട്ടോ. അതിന് ചുവടെ എഴുതിയിരിക്കുന്നത് ഞാൻ വായിച്ചു.

“ഞാൻ ശിഖ ശങ്കർ.ഇതാണെന്റെ കൊച്ചുകുടുംബം.അച്ഛൻ ശങ്കർ മോഹൻ അമ്മ ഹേമലത.” ശിവേട്ടൻ കാഴ്ചക്ക് അച്ഛനെ പോലെയാണെന്ന് മുത്തശ്ശി പറഞ്ഞത് സത്യമായിരുന്നു. അമ്മയുടെ അത്രയും ചൈതന്യം ഇല്ലെങ്കിലും ആ സ്ത്രീയും സുന്ദരി ആണ്. വീണ്ടും ഞാൻ ആ താളുകൾ മറിച്ച് വായിക്കാൻ തുടങ്ങി. “ഈ ഡയറി എഴുതിത്തുടങ്ങുമ്പോൾ എനിക്ക് 17 വയസ്സാണ് പ്രായം. ചില സത്യങ്ങൾ ഞാൻ അറിഞ്ഞത് ഇപ്പോഴാണ്. അത് കൊണ്ട് ഇനി എനിക്ക് കൂട്ടായി ഈ ഡയറി ഉണ്ടാകണമെന്ന് തോന്നി. അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹം ആയിരുന്നു…പക്ഷെ ഒരിക്കൽ പോലും അവർ സ്നേഹത്തോടെ അടുത്തിരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല.എന്റെ കാര്യത്തിൽ മാത്രമാണ് അവർ ഒരുമിച്ച് നിന്നിട്ടുള്ളത്.

തിരിച്ചറിവായ പ്രായത്തിൽ ഒരിക്കൽ അമ്മയോട് അതിനെ പറ്റി ഞാൻ ചോദിച്ചു..അച്ഛൻ ഒട്ടും റൊമാന്റിക് അല്ലെന്ന് പറഞ്ഞ് എന്റെ ചോദ്യത്തെ അമ്മ പുഞ്ചിരിയോടെ തള്ളിക്കളഞ്ഞു. ഒരുപാട് ബിസിനസ്‌ ഉണ്ടായിരുന്നു ഞങ്ങള്ക്ക്..എപ്പോഴും അതിന്റെ തിരക്കുകളിൽ ആകും അച്ഛനും അമ്മയും.പക്ഷെ വളരും തോറും ഞാൻ മനസിലാക്കി…ആ തിരക്കുകൾ ഒക്കെ എന്തിൽ നിന്നൊക്കെയോ ഉള്ള ഒളിച്ചോട്ടം ആയിരുന്നെന്ന്.ശരിക്കും ഈ ജീവിതം എനിക്കൊരു ശ്വാസംമുട്ടൽ ആയി അനുഭവപ്പെടുന്നുണ്ട്.ബന്ധുക്കൾ എന്ന് പറയാൻ ആകെ ഉള്ളത് അമ്മയുടെ സഹോദരനും കുടുംബവും ആണ്. വല്ലപ്പോഴും അവർ മുംബൈയിൽ വരും.എന്നിട്ടും ഒരിക്കൽ പോലും അവരെ കാണാൻ ഞങ്ങൾ നാട്ടിലേക്ക് പോയിട്ടില്ല.

അച്ഛന്റെ കുടുംബത്തെ പറ്റി ആരും ഒന്നും പറഞ്ഞ് കേട്ടില്ല.ചോദിക്കാൻ എനിക്ക് തോന്നിയിട്ടുമില്ല. എട്ടാം ക്ലാസ്സ്‌ തുടങ്ങിയ ദിവസം.സമ്മർ വെക്കേഷന് പോയ സ്ഥലങ്ങളും അവിടുത്തെ വിശേഷങ്ങളും ഒക്കെ കൂട്ടുകാർ പറയുമ്പോൾ എനിക്ക് പറയാൻ വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ ഞാൻ കെട്ടിപ്പൊക്കിയ എന്റെ ലോകം മാത്രമേ ഉണ്ടായിരുന്നുള്ളൂ.അന്ന് എന്റെ ഒരു കൂട്ടുകാരി അവളുടെ ഏട്ടനെ കുറിച്ച് പറഞ്ഞപ്പോൾ എന്തോ ഇതുവരെ തോന്നാത്ത ഒരു കുശുമ്പ് എനിക്ക് അവളോട് തോന്നി.എനിക്കും ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി.വൈകിട്ട് വീട്ടിൽ വന്നപ്പോൾ അമ്മയോട് അതിനെ പറ്റി പറഞ്ഞു..

അത് കേട്ടപ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞുവോ…ആവോ..അന്ന് അത് ചിന്തിക്കാനുള്ള പക്വത എനിക്കില്ലായിരുന്നു..എന്റെ സങ്കടം മാത്രമായിരുന്നു എന്റെ മനസ്സിൽ..എന്നെ ആശ്വസിപ്പിക്കാൻ എന്നോണം അമ്മ പറയും ഏട്ടന്റെ സ്ഥാനത് ദീപു ഉണ്ടല്ലോന്ന്..ഈ ദീപു എന്ന് പറയുന്നത് എന്റെ അമ്മാവന്റെ മകൻ ആണ്…ദീപക്ക്..എന്നെക്കാൾ മൂന്ന് വയസ്സിനു മൂത്തതാണ്..പക്ഷെ എന്നെ ഉപദ്രവിക്കാനും കരയിക്കാനും മാത്രമാണ് ദീപുവേട്ടന് ഇഷ്ടം.അത് കൊണ്ട് ഞാൻ അധികം കൂട്ടുകൂടാറില്ല. ദിവസങ്ങളും മാസങ്ങളും ഒരു മാറ്റവും ഇല്ലാതെ കടന്നുപോയി..എന്റെ പതിനഞ്ചാമത്തെ പിറന്നാൾ ദിവസം…

അമ്മാവനും കുടുംബവും വന്നിട്ടുണ്ട്.അത് കൊണ്ട് ചെറുതായിട്ട് ഒന്ന് ആഘോഷിക്കാൻ തീരുമാനിച്ചു.എനിക്ക് അതില്പരം ഒരു സന്തോഷം വേറെ ഇല്ലായിരുന്നു.കേക്ക് മുറിച്ച് കഴിഞ്ഞ് അമ്മാവൻ അമ്മയോട് പറയുന്നത് ഞാൻ കേട്ടു..വിവാഹപ്രായം ആകുമ്പോൾ എന്നെ ദീപുവേട്ടന് കൊടുക്കണമെന്ന്..അച്ഛൻ അതിനെ എതിർത്തു.അതോടെ അമ്മാവനും ആയി വഴക്കായി.ഇനി ഇങ്ങോട്ട് വരില്ലെന്ന് പറഞ്ഞ് അമ്മാവൻ ഇറങ്ങി പോയി.അതിന്റെ ബാക്കിയായി അമ്മയും അച്ഛനും തമ്മിലായി വഴക്ക്.സത്യം പറഞ്ഞാൽ വഴക്കിടാൻ ആണെങ്കിലും അവർ പരസ്പരം സംസാരിക്കുന്നത് ഞാൻ ഇപ്പോഴാണ് കാണുന്നത്.

പക്ഷെ എന്താണ് അവർ പറയുന്നതെന്ന് മാത്രം എനിക്ക് മനസിലായില്ല.എന്തായാലും അവർക്കിടയിലുള്ള പ്രശനം കണ്ടുപിടിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.അമ്മയോട് ചോദിച്ചപ്പോൾ ആദ്യം കുറേ ഒഴിഞ്ഞുമാറാൻ നോക്കി.ചോദ്യം ആവർത്തിച്ചപ്പോൾ എന്നോട് ദേഷ്യപ്പെട്ടു..അച്ഛനോട് ചോദിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.പിന്നെയുള്ള ഏക ആശ്രയം അമ്മയുടെ ഉറ്റസുഹൃത്ത് മായ ആന്റി ആണ്.സമയം ആകുമ്പോൾ അമ്മ തന്നെ എല്ലാം പറയുമെന്ന് പറഞ്ഞ് ആന്റിയും കയ്യൊഴിഞ്ഞു.പിന്നീട് ആ സമയത്തിന് വേണ്ടിയായി എന്റെ കാത്തിരിപ്പ്…. ഇത് എഴുതുന്നതിന് മൂന്ന് ദിവസം മുൻപാണ് ഞാൻ കാത്തിരുന്ന ആ സമയം വന്നെത്തിയത്.

ഞാൻ തേടിക്കൊണ്ടിരുന്ന എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി അമ്മ എന്നോട് പറഞ്ഞു…എന്റെ ജനനത്തിനു പിന്നിൽ മറ്റൊരു അമ്മയുടെ കണ്ണുനീരും ഒരു കുടുംബത്തിന്റെ തകർച്ചയും ഉണ്ടായിരുന്നെന്ന സത്യം ഞാൻ മനസിലാക്കി..നിങ്ങൾക്കറിയണ്ടേ ആ കഥ എന്തായിരുന്നെന്ന്…പറയാം.. അമ്മയുടെ ഓഫീസിലെ സ്റ്റാഫ്‌ ആയിരുന്നു അച്ഛൻ.അമ്മാവൻ ആയിരുന്നു കാര്യങ്ങൾ നോക്കിനടത്തിയിരുന്നത്.പിന്നീട് അമ്മയെ ചുമതല ഏൽപിക്കുകയായിരുന്നു.നന്നേ ചെറുപ്പമായ അമ്മയ്ക്ക് ഓഫീസ് കാര്യങ്ങൾ പറഞ്ഞ് കൊടുക്കാൻ അമ്മാവൻ നിയോഗിച്ചത് ‘ദി ബെസ്റ്റ് എംപ്ലോയീ’ എന്ന് എല്ലാവരും അംഗീകരിച്ച അച്ഛനെയാണ്.

ഓഫീസ് കാര്യങ്ങളിൽ തുടങ്ങിയ ബന്ധം പിന്നീടൊരു സൗഹൃദമായി മാറി..ഇടയ്ക്ക് എപ്പോഴോ അമ്മയുടെ ഉള്ളിൽ പ്രണയവും മൊട്ടിട്ടു.അതിൽ അമ്മ ഒരിക്കലും തെറ്റുകാരി അല്ല..കാരണം, മനസ്സിൽ ഇടംപിടിച്ച പുരുഷൻ ഒരു ഭർത്താവ് ആണെന്നോ അച്ഛൻ ആണെന്നോ എന്റെ അമ്മയ്ക്ക് അന്ന് അറിയില്ലായിരുന്നു…സാഹചര്യം ഒത്തുവന്നപ്പോൾ അമ്മ അച്ഛനോട് ഇഷ്ടം തുറന്ന് പറഞ്ഞു.അന്ന് താൻ വിവാഹിതൻ ആണെന്ന കാര്യം അച്ഛൻ മറച്ചുവെച്ചെന്ന് മാത്രമല്ല അമ്മയുടെ പ്രണയം അംഗീകരിക്കുകയും ചെയ്തു..പിന്നീട് അമ്മ ഒരു സ്വപ്നലോകത്ത് ആയിരുന്നു..

അച്ഛനുമൊത്തുള്ള ജീവിതത്തെ കുറിച്ച് ഒരുപാട് കാഴ്ചപാടുകൾ ഉണ്ടായിരുന്നു അമ്മയ്ക്ക്..എന്നാൽ അച്ഛന് അതൊക്കെ ബിസിനസ്‌ തിരക്കിനിടയിലെ ഒരു നേരംപോക്ക് മാത്രമായിരുന്നു..അപ്പോഴും ശരീരം കൊണ്ട് അവർ രണ്ട് ധ്രുവങ്ങളിൽ ആയിരുന്നു..പെണ്ണിന്റെ പാതിവൃത്യത്തെ കുറിച്ചുള്ള അമ്മയുടെ ബോധവും തനിക് ഒരു കുടുംബം ഉണ്ടെന്ന ചിന്ത അച്ഛനും ഉള്ളത് കൊണ്ടാകാം അങ്ങനെയൊരു തെറ്റായ ചിന്ത അവർക്കിടയിൽ ഉണ്ടായിരുന്നില്ല.എങ്കിലും വിധി എല്ലാവർക്കും എതിരായിരുന്നു..ഈ മുംബൈ നഗരത്തിൽ വെച്ച് അങ്ങനെയൊരു തെറ്റ് സംഭവിച്ചു..

ബിസിനസ്‌ മീറ്റിന് അമ്മയോടൊപ്പം വന്നത് അച്ഛൻ ആയിരുന്നു.സ്വപ്നം കാണാൻ പറ്റാത്ത ഒരു പ്രൊജക്റ്റ്‌ അവിടെ വെച്ച് സാങ്ക്ഷന് ആയപ്പോൾ അത് ആഘോഷിക്കാൻ തന്നെ തീരുമാനിച്ചു..ആഘോഷം അതിരുകടന്നപ്പോൾ വേണ്ടാത്ത ചിന്തകൾ അച്ഛന്റെ മനസ്സിൽ ഉണ്ടായി.പൂർണഗർഭിണിയായ ഭാര്യ തന്നെയും കാത്ത് നാട്ടിൽ ഉണ്ടെന്നത് മറന്ന് അമ്മയെ സമീപിച്ച അച്ഛനെ തടയാൻ ആ നിമിഷം അമ്മയ്ക്കും കഴിഞ്ഞില്ല…ആവേശം കെട്ടടങ്ങിയപ്പോഴാണ് അവര്ക് കുറ്റബോധം തോന്നിയത്.അപ്പോഴേക്കും ഞാൻ എന്ന വലിയ തെറ്റ് ഈ ലോകം കാണാൻ തയാറായി കഴിഞ്ഞിരുന്നു…

അച്ഛന്റെ പ്രണയത്തെ മറ്റെന്തിനേക്കാളും വിശ്വസിച്ച അമ്മയ്ക്ക് ആ വാർത്ത സന്തോഷം നൽകുന്നതായിരുന്നു.എന്നാൽ ആ സംഭവത്തിന്‌ ശേഷമുള്ള അച്ഛന്റെ അകൽച്ച അമ്മയെ വേദനിപ്പിച്ചിരുന്നു.ജോലിത്തിരക്കിന്റെ ടെന്ഷൻ ആയിരിക്കുമെന്നും ഈ വാർത്ത അറിയുമ്പോൾ അച്ഛൻ ഒരുപാട് സന്തോഷിക്കുമെന്നും അമ്മ വെറുതെ മോഹിച്ചു.അങ്ങനെ ഇരിക്കെയാണ് ലോങ്ങ്‌ ലീവ് എടുത്ത് അച്ഛൻ പോകുന്നത്.വീട്ടിൽ ഒരു അത്യാവശ്യ കാര്യമുണ്ടെന്ന് മാത്രമേ അമ്മയോട് പറഞ്ഞിരുന്നുള്ളു.എന്നാൽ തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം ആഘോഷിക്കാനാണ് അച്ഛൻ പോയത്..

ഓരോ ദിവസം കഴിയുംതോറും പറിച്ചുമാറ്റാൻ ആകാത്ത വിധം ഞാൻ അമ്മയുടെ ഉദരത്തിൽ സ്ഥാനമുറപ്പിച്ചത് അറിയാതെ… ലീവ് കഴിഞ്ഞ് ഓഫീസിലേക്ക് എത്തിയ അച്ഛന്റെ അടുത്തേക്ക് എന്നെ കുറിച്ച് പറയാനാണ് അമ്മ ചെന്നത്.എന്നാൽ അതിന് മുന്നേ എല്ലാ തെറ്റും ഏറ്റുപറഞ്ഞ് അച്ഛൻ ക്ഷമ ചോദിച്ചിരുന്നു.തന്നെ മാത്രം വിശ്വസിച്ച് ഇറങ്ങി വന്ന ഒരു അനാഥപെണ്ണിനെയും അതിൽ ജനിച്ച തന്റെ മകളെയും സ്നേഹം നിറഞ്ഞ ഒരു കുടുംബത്തെയും ചതിക്കാൻ ഇനിയും പറ്റില്ലെന്ന് അച്ഛൻ പറയുമ്പോൾ എന്ത് പറയണമെന്ന് അറിയാതെ നിന്ന എന്റെ അമ്മയുടെ മുഖം ഇന്നെന്റെ സങ്കല്പത്തിൽ ഉണ്ട്.തനിക് ഒരു മകൻ ജനിച്ചെന്നും അവന് നല്ലൊരു അച്ഛനായി ഇനി ജീവിക്കാൻ അനുവദിക്കണമെന്ന് തൊഴുകൈകളോടെ അച്ഛൻ പറഞ്ഞപ്പോൾ അതേ രക്തത്തിൽ ഒരു കുഞ്ഞുതുടുപ്പ് ഈ സ്നേഹം അനുഭവിക്കാൻ തയാറെടുക്കുന്നെന്ന് അമ്മ പറഞ്ഞില്ല.

താൻ കാരണം മറ്റൊരു സ്ത്രീയ്ക്ക് അവരുടെ ജീവിതം നഷ്ടമാകരുതെന്ന് ചിന്തിച്ച അമ്മ സ്വന്തം ജീവിതമാണ് അവിടെ വേണ്ടെന്ന് വെച്ചത്. ഒരു പുഞ്ചിരിയോടെ അച്ഛന്റെ ജീവിതത്തിൽ നിന്നും ഇറങ്ങിയ അമ്മയ്ക്ക് മുന്നിൽ രണ്ടുവഴികൾ ഉണ്ടായിരുന്നു..ഒന്നുകിൽ അപമാനം സഹിച്ച് എനിക്ക് ജന്മം നൽകുക..അല്ലെങ്കിൽ മരണം..സമൂഹത്തെ പേടിച്ച് മരണം തന്നെ അമ്മ തിരഞ്ഞെടുത്തു.എന്നാൽ തക്കസമയത്തെ മായ ആന്റിയുടെ ഇടപെടൽമൂലം മരണത്തിന് മുന്നിലും അമ്മ തോറ്റു.പിന്നീട് ആന്റിയിൽ നിന്നാണ് അച്ഛൻ സത്യങ്ങൾ അറിയുന്നത്.താൻ ചെയ്ത തെറ്റ് ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്ത ഒന്നായിരുന്നു എന്നത് അച്ഛനെ തെല്ലൊന്നുമല്ല തകർത്തത്.

പക്ഷെ അപ്പോഴും കുടുംബം തന്നെയായിരുന്നു അച്ഛന് വലുത്.ഒടുവിൽ അബോർഷൻ എന്നൊരു ഓപ്ഷൻ നിർബന്ധിച്ച് അമ്മയെ കൊണ്ട് സമ്മതിപ്പിച്ചു.അതിനായി വീണ്ടും അവർ ബോംബെയിൽ എത്തി.പക്ഷെ അപ്പോഴേക്കും ഞാൻ അമ്മയിൽ പറ്റിച്ചേർന്നിരുന്നു.ഇനിയൊരു അബോർഷൻ സാധ്യമല്ലെന്ന് അറിഞ്ഞപ്പോൾ ഒരിക്കലും അവകാശം പറഞ്ഞ് വരില്ലെന്ന് പറഞ്ഞ് അമ്മ തന്നെയാണ് അച്ഛനെ തിരികെ പറഞ്ഞയച്ചത്..എന്നാൽ വിധി അപ്പോഴേക്കും എല്ലാ സത്യങ്ങളും അച്ഛന്റെ കുടുംബത്തെ അറിയിച്ചിരുന്നു.എല്ലാം മറന്ന് പഴയത് പോലെ ജീവിക്കണം എന്ന അച്ഛമ്മയുടെ തീരുമാനത്തെ എതിർക്കാൻ അച്ഛന്റെ മനസ്സിൽ രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു…ഒന്ന്..തെറ്റുക്കാരനായ തന്നെ കണ്ട് തന്റെ മക്കൾ വളരരുത്..

താൻ ഇല്ലെങ്കിലും നല്ല രീതിയിൽ ജീവിക്കാനുള്ള വക തന്റെ കുടുംബത്തിന് ഉണ്ടെന്ന ഉറപ്പ്..മറുവശത്ത് താൻ കാരണം മാനം നഷ്ടപെട്ട പെണ്ണ്.അവളുടെ വയറ്റിലുള്ള കുഞ്ഞിന് ഈ സമൂഹത്തിൽ ജീവിക്കണമെങ്കിൽ അച്ഛനായി താൻ കൂടെ ഉണ്ടാകണം..ഈ കാരണങ്ങളാൽ ആ കുടുംബവും ലാളിച്ച് കൊതിതീരാത്ത തന്റെ മക്കളെയും ഉപേക്ഷിച്ച് അച്ഛൻ ബോംബയിൽ എത്തി.പക്ഷെ അച്ഛന്റെ സ്നേഹവും കരുതലും ഇല്ലാതെ വളരേണ്ടി വരുന്ന മക്കളുടെ മനസ്സ് മാത്രം അച്ഛൻ ഓർത്തില്ല. അമ്മയുടെ കഴുത്തിൽ താലി കെട്ടിയെങ്കിലും മനസ്സ് കൊണ്ട് പിന്നീട് ഒരിക്കലും അവർ അടുത്തില്ല.എനിക്ക് ഒരു കുറവും വരുത്തരുത് എന്നൊരു തീരുമാനം മാത്രം രണ്ടുപേരും ഒരുമിച്ചെടുത്തു.

സത്യം പറഞ്ഞാൽ ഞാൻ കാരണം ഇല്ലാതായത് ഒരുപാട് ജീവിതങ്ങൾ ആണ്..ഇന്നിപ്പോൾ ഈ ഡയറി എഴുതുന്ന സമയം അച്ഛൻ നാട്ടിൽ പോയേക്കുവാണ്.അവിടെ എനിക്കൊരു അച്ഛമ്മ ഉണ്ട്..ചേച്ചി ഉണ്ട്..എല്ലാത്തിലും ഉപരി ഞാൻ ഒരുപാട് കൊതിച്ച ഒരു ഏട്ടൻ ഉണ്ട്.ഇത്രയും വർഷത്തിന് ശേഷം അച്ഛൻ സ്വന്തം വീട്ടിലേക്ക് പോകുന്നത് എല്ലാവരോടും മാപ്പ് പറയാൻ ആണ്.ഇനി ഒരുപക്ഷെ അച്ഛൻ തിരികെ വരില്ലായിരിക്കാം…എല്ലാത്തരത്തിലും എന്നെ സുരക്ഷിത ആകിയിട്ടാണ് അച്ഛൻ പോകുന്നത്.ഒരു ജന്മം മുഴുവനും അനുഭവിക്കാനുള്ള സ്വത്തും..തന്തയില്ലാത്തവൾ എന്ന് ആരും വിളിക്കില്ലെന്ന ഉറപ്പും..

പക്ഷെ അത് മാത്രം പോരല്ലോ ഒരു മകൾക്ക്..എങ്കിലും സാരമില്ല..അച്ഛന്റെ സ്നേഹം അനുഭവിക്കാൻ എന്നേക്കാൾ അവകാശമുള്ള രണ്ടുപേർ നാട്ടിലുണ്ട്.ഇനിയും അച്ഛനിൽ നിന്നും അവരെ അകറ്റുന്നത് ശരിയല്ല..ഒരാഗ്രഹം മാത്രമേ എനിക്ക് ഇപ്പോൾ ഉള്ളു..ഒരു ദിവസമെങ്കിലും ശിവേട്ടന്റെ അനിയത്തി ആയിട്ട്..ആ സ്നേഹം മുഴുവനും അനുഭവിക്കണം…മറ്റൊന്നും ഞാൻ മോഹിക്കുന്നില്ല…” ഇത്രയും വായിച്ച് കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു ശൂന്യത ആയിരുന്നു.കേട്ടറിഞ്ഞ സത്യങ്ങൾക്ക് പിന്നിൽ ഇതുപോലൊരു കഥ..ബാക്കി വായിക്കാൻ ഉള്ള ആവേശത്തിൽ ഞാൻ പേജ് മറിച്ചു.എന്നാൽ പിന്നെയുള്ള മൂന്നാല് താളുകൾ ശൂന്യമായിരുന്നു.

അതിന് ശേഷമുള്ള പേജ് ഞാൻ എടുത്തതും ശിവേട്ടൻ വന്നതും ഒരുമിച്ചാണ്. “ആരാ ഗൗരി വന്നത്??” “ഒരു വിവേക്..ദേ ഇത് തന്നിട്ട് ആള് പോയി” “എന്താ ഇത്?” എന്റെ കൈയിൽ ഇരുന്ന ഡയറി ഞാൻ ശിവേട്ടനെ ഏല്പിച്ചു.തുറന്ന് നോക്കിയപ്പോൾ തന്നെ ആദ്യത്തെ പേജിലെ വാക്കുകൾ ആണ് കണ്ടത്.ശിഖ ചേച്ചിയുടെ ഡയറി ആണെന്ന് മനസ്സിലായതും ശിവേട്ടന്റെ ഭാവം മാറി.ദേഷ്യത്തോടെ ആ ഡയറി വലിച്ചെറിഞ്ഞ് മുറിയിലേക്ക് പോകാൻ തുനിഞ്ഞ ഏട്ടനെ ഞാൻ പിടിച്ച് നിർത്തി. “അത് മുഴുവനും വായിച്ചിട്ട് പോ ഏട്ടാ” “എന്തിന്?? അവൾ എഴുതിപിടിപ്പിച്ച കള്ളങ്ങൾ ഇനിയും ഞാൻ വിശ്വസിക്കുമെന്ന് തോന്നുന്നുണ്ടോ നിനക്ക്??

അവളെ നാട്ടിൽ എത്തിക്കാനുള്ള വഴികൾ നന്ദു ഏർപ്പാട് ചെയ്യുന്നുണ്ടെന്ന് എങ്ങനെയോ അവർ അറിഞ്ഞിട്ടുണ്ട്.അതാണ്‌ ഇപ്പോൾ ഇങ്ങനെ ഒരു നാടകം.ഞങ്ങളുടെ ശ്രദ്ധ മാറ്റാൻ വേണ്ടി ഒരു ഡയറി കൊടുത്ത് വിട്ടേക്കുന്നു” “എന്റെ പൊന്ന് ശിവേട്ട..ആദ്യം അതൊന്ന് വായിക്ക്..അത് കഴിഞ്ഞ് തീരുമാനിക്കാം ശിഖ ചേച്ചി ചതിക്കുവാണോ അല്ലയോ എന്ന്” “ഗൗരി നിന്നോട് ഞാൻ…” “ഏട്ടാ പ്ലീസ്..എനിക്ക് വേണ്ടിയെങ്കിലും” എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് വായിച്ച് തുടങ്ങിയതെങ്കിലും പെട്ടെന്ന് ഏട്ടന്റെ മുഖത്ത് ഒരു ആശ്ചര്യം ഉണ്ടായി.പിന്നീട് നല്ല താല്പര്യത്തോടെ ആണ് ഏട്ടൻ ഓരോ താളുകളും മറിച്ച് നോക്കിയത്.

അച്ഛൻ നാട്ടിലേക്ക് വന്നത് വരെയുള്ള കാര്യങ്ങൾ വായിച്ച് കഴിഞ്ഞ് ഏട്ടൻ ആ ഡയറി മടക്കി. “എന്താ ശിവേട്ട??” “അയാൾ അന്ന് മാപ്പ് പറയാൻ വേണ്ടിയാണോ ഇവിടെ വന്നത്?? സ്വത്ത്‌ ചോദിക്കാൻ വന്നതാണെന്ന് കരുതി ഞാൻ….” “അത് സാരമില്ല ഏട്ടാ..അന്ന് ഏട്ടന്റെ ഭാഗത്തായിരുന്നു ശരി” “മാപ്പ് ചോദിച്ചിരുന്നെങ്കിലും എന്റെ പെരുമാറ്റത്തിൽ മാറ്റം ഉണ്ടാകില്ലായിരുന്നു ഗൗരി.മാപ്പ് അർഹിക്കാത്ത തെറ്റാണ് അയാൾ ചെയ്‍തത്..എനിക്ക് എന്റെ അമ്മയെ നഷ്ടപെട്ടത് അയാൾ കാരണമാ..പക്ഷെ ആ സ്ത്രീ..വെറുപ്പായിരുന്നു അവരോട് എനിക്ക്..അറപ്പോടെ മാത്രമേ അവരെ കുറിച്ച് ഓർത്തിട്ടുള്ളു..

അവരുടെ മകൾ ആണെന്ന ഒറ്റക്കാരണത്താൽ ആണ് ശിഖയെ ഞാൻ സംശയിക്കുന്നത്.എന്നാൽ ഇതിൽ എഴുതിയിരിക്കുന്നതൊക്കെ സത്യമാണെങ്കിൽ..എന്റെ അമ്മയെ പോലെ തന്നെ അയാളാൽ ജീവിതം ഇല്ലാതായ ഒരു സ്ത്രീയാണ് അവരും.” പെട്ടെന്നുള്ള ശിവേട്ടന്റെ ഈ മാറ്റം ഒരു നല്ല സൂചനയായിട്ട് എനിക്ക് തോന്നി.നന്ദുവേട്ടൻ ആഗ്രഹിച്ചത് പോലെയൊക്കെ നടക്കുമെന്ന് എന്റെ മനസ്സ് പറയുന്നു.ഞങ്ങൾ വീണ്ടും ഡയറി വായിക്കാൻ തുടങ്ങി. “കുറച്ച് ദിവസത്തിന് ശേഷമാണ് ഞാൻ വീണ്ടും എഴുതുന്നത്.അന്ന് അച്ഛൻ നാട്ടിൽ പോയെന്ന് പറഞ്ഞില്ലേ..തിരികെ വരില്ലെന്ന് വിചാരിച്ച അച്ഛനെ വീണ്ടും കണ്ടപ്പോൾ ഞാൻ കരുതി ഞങ്ങളെ കൂട്ടികൊണ്ട് പോകാൻ വന്നതാണെന്ന്.

എന്നാൽ ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു അച്ഛൻ.അന്ന് ആദ്യമായി അച്ഛൻ അമ്മയെ കെട്ടിപിടിച്ച് കരയുന്നത് ഞാൻ കണ്ടു.അമ്മയും കരയുകയായിരുന്നു.അച്ഛനെ വീട്ടിൽ കയറ്റിയില്ലത്രേ.അച്ഛന് പറയാൻ ഉള്ളത് പോലും ആരും കേട്ടില്ല.പിന്നീടുള്ള ദിവസങ്ങളിൽ ശിവേട്ടന്റെ വാക്കുകൾ ആയിരുന്നു അച്ഛൻ പറഞ്ഞുകൊണ്ട് നടന്നത്.ഒടുവിൽ എല്ലാ വിഷമങ്ങളും കുറ്റബോധവും ഭൂമിയിൽ ഉപേക്ഷിച്ച് അറ്റാക്കിന്റെ രൂപത്തിൽ മരണം അച്ഛനെ കൊണ്ടുപോയി….വാവിട്ട് ഞാൻ കരയുമ്പോഴും അമ്മ നിർവികാരയായി ഇരുന്നു.അച്ഛനെ സ്നേഹിച്ചത് പോലെ അമ്മ മറ്റാരെയും സ്നേഹിച്ചിട്ടില്ല..മോഹിച്ച ആളോടൊപ്പം താമസിക്കാൻ മാത്രമേ അമ്മയ്ക്ക് വിധി ഉണ്ടായിരുന്നുള്ളു..ആ ആളുടെ സ്നേഹം കിട്ടി ജീവിക്കാനുള്ള ഭാഗ്യം മനഃപൂർവം അമ്മ വേണ്ടെന്ന് വെക്കുകയായിരുന്നു.

ഒരുപക്ഷെ അമ്മയും ആഗ്രഹിച്ചിരിക്കാം..അച്ഛന്റെ കുടുംബം അമ്മയെ അംഗീകരിക്കണമെന്ന്..താൻ കാരണം അമ്മയെ നഷ്ടപെട്ട രണ്ട് കുഞ്ഞുങ്ങൾക്ക് ആവോളം സ്നേഹം കൊടുക്കണമെന്ന്.. അച്ഛൻ ബാക്കി വെച്ചത് നടപ്പാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..നാട്ടിലേക്ക് പോകുക..എല്ലാവരെയും കണ്ട് കാലുപിടിച്ച് അച്ഛനും അമ്മയ്ക്കും വേണ്ടി മാപ്പ് പറയുക.എല്ലാം തുറന്ന് പറഞ്ഞ് അവരുടെയൊക്കെ ശാപവാക്കുകളിൽ നിന്ന് ഇനിയെങ്കിലും അമ്മയെ ഒഴിവാക്കുക..അതിന് വേണ്ടി ശിവേട്ടൻ പഠിക്കുന്ന കോളേജിൽ തന്നെ അഡ്മിഷൻ എടുക്കാൻ ഞാൻ തീരുമാനിച്ചു.അമ്മ ഒരുപാട് എതിർത്തെങ്കിലും അമ്മാവന്റെ സഹായത്തോടെ ഞാൻ അത് നേടിയെടുത്തു.

അങ്ങനെ ആദ്യമായി ഞാൻ എന്റെ ഏട്ടനെ കാണാൻ പോകുന്നു…” പിന്നെ രണ്ട് മൂന്ന് പേജ് കഴിഞ്ഞാണ് ബാക്കി എഴുതിയേക്കുന്നത്. “ആഗ്രഹിച്ചത് പോലെ ഞാൻ എന്റെ ഏട്ടനെ കണ്ടു.കുറച്ച് കഷ്ടപെട്ടെങ്കിലും ഞാൻ ഇന്ന് എന്റെ ഏട്ടന്റെ ജീവനാണ്.അതുപോലെ തന്നെ ഏട്ടനോളം പ്രിയപ്പെട്ട മറ്റൊരാളും എനിക്കിപ്പോൾ ഉണ്ട്.എന്റെ അനന്ദു..ഏതോ നിയോഗം പോലെ എന്നിലേക്ക് വന്നവൻ.ഇപ്പോൾ ഈ ലോകത്ത് ഏറ്റവും സന്തോഷവതി ഞാനാണെന്ന തോന്നലിൽ ആണ് ഓരോ ദിവസവും കടന്ന് പോകുന്നത്.ഏട്ടനായി ശിവേട്ടനും ജീവന്റെ പാതിയായി അനന്ദുവും കൂട്ടുകാരനായി സച്ചിയും എപ്പോഴും എന്നോടൊപ്പമുണ്ട്.സ്വപനം കണ്ട എന്റെ കുടുംബത്തെ ഞാൻ കണ്ടു.

അച്ഛമ്മയുടെ വാത്സല്യം അറിഞ്ഞു..അനിയത്തിയുടെ സ്ഥാനത് നിന്നുകൊണ്ട് തന്നെ ചേച്ചിയുടെ കല്യാണം കൂടി..പക്ഷെ ഞാൻ ആരെന്ന് അറിഞ്ഞ് കഴിയുമ്പോൾ ഇപ്പോൾ കിട്ടുന്ന ഈ സ്നേഹവും പരിഗണനയും എനിക്ക് നഷ്ടമാകുമെന്ന് പേടിയുണ്ട്..അത് കൊണ്ട് ശിവേട്ടനോട് തത്കാലം ഒന്നും പറയുന്നില്ല.എനിക്ക് വേണം ഈ കുടുംബത്തെ..ഈ കൂട്ടില്ലെങ്കിൽ പിന്നെ ശിഖ ഇല്ല..അവസരം കിട്ടുമ്പോൾ അനന്ദുവിനോട് എല്ലാം പറയാം.അവൻ പറഞ്ഞാൽ ശിവേട്ടൻ എന്നെ മനസിലാക്കും.” അവിടംവരെ മാത്രമേ അതിൽ എഴുതിയിട്ടുള്ളു.എന്നിട്ടും ബാക്കിയുള്ള താളുകൾ ഏട്ടൻ വെറുതെ മറിച്ചുനോക്കുന്നുണ്ട്..അപ്പോഴാണ് അവസാന പേജിൽ വിവേക് എന്ന പേരിനോടൊപ്പം ഒരു നമ്പർ എഴുതിയിരിക്കുന്നത് കണ്ടത്.

ഏട്ടൻ ആ നമ്പർ അപ്പോൾ തന്നെ ഫോണിൽ ഫീഡ് ചെയ്തു. “ഏട്ടാ…” എന്നെ നോക്കാതിരിക്കുന്ന ശിവേട്ടന്റെ മുഖം ഞാൻ എനിക്ക് നേരെ തിരിച്ചു.പ്രതീക്ഷിച്ചത് പോലെ കണ്ണ് നിറഞ്ഞിരിപ്പുണ്ട്. “ഇതിൽ എഴുതിയിരിക്കുന്നതൊക്കെ സത്യമായിരിക്കുമോ ഗൗരി??” “ഏട്ടന് എന്ത് തോന്നുന്നു?” “എനിക്ക് അറിയില്ല.പക്ഷെ ഞങ്ങളെ കുറിച്ച് എഴുതിയിരിക്കുന്നതൊക്കെ നടന്ന കാര്യങ്ങൾ ആണ്.അച്ഛമ്മ അവളെ മടിയിൽ കിടത്തി തലമുടി തഴുകുമ്പോൾ അവൾ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.ശ്രേയയുടെ കല്യാണത്തിന് വരാൻ അവൾ കാണിച്ച ഉത്സാഹവും എനിക്ക് ഓർമയുണ്ട്..എല്ലാം വെച്ച് നോക്കുമ്പോൾ..അവൾ എന്നെ ഇത്രത്തോളും സ്നേഹിച്ചിരുന്നോ ഗൗരി??

പക്ഷെ ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ഉണ്ട്.എല്ലാം കലങ്ങിത്തെളിയാതെ ഒന്നും വിശ്വസിക്കാനും പറ്റുന്നില്ല” “നന്ദുവേട്ടനോട് പറയണ്ടേ?” “വേണ്ട…വെറുതെ അവന് ആശ കൊടുക്കണ്ട..ആദ്യം ഈ ഡയറി കൊണ്ടുവന്നവനെ ഞാനൊന്ന് കാണട്ടെ.” അതും പറഞ്ഞ് ഏട്ടൻ ഫോൺ എടുത്ത് വെളിയിലേക്ക് ഇറങ്ങി.ഞാൻ ആ ഡയറിയിൽ ഉണ്ടായിരുന്ന ഫോട്ടോ നോക്കിയിരുന്നു.ഒരു നിമിഷത്തെ തെറ്റ് എത്രപേരുടെ സന്തോഷമാണ് ഇല്ലാതാക്കിയത്. “ഗൗരി..ഞാൻ ആ വിവേകിനെ ഒന്ന് കണ്ടിട്ട് വരാം.അവൻ ഇപ്പോൾ തന്നെ ലൊക്കേഷൻ സെന്റ് ചെയ്യാമെന്ന് പറഞ്ഞു”

“ഞാനും വരുന്നു ഏട്ടാ” “വേണ്ട വേണ്ട..നീ ചുമ്മാ ഓരോന്നിലും ഇടപെട്ട് ടെന്ഷൻ കൂട്ടണ്ട” “ഇവിടെ ഇരുന്നാലാണ് എനിക്ക് ടെന്ഷൻ കൂടുന്നത്.പ്ലീസ് ഏട്ടാ” അപ്പോഴേക്കും ഏട്ടന്റെ ഫോണിൽ മെസ്സേജ് വന്നു. “ലൊക്കേഷൻ കിട്ടി..പക്ഷെ ആ ഏരിയയിൽ ആണ് ശിഖയുടെ അമ്മാവന്റെ വീട്…അത് കൊണ്ട് നീ വരണ്ട ഗൗരി” എന്നാൽ എല്ലാതവണത്തേയും പോലെ ഇത്തവണയും എന്റെ വാശിക്ക് മുന്നിൽ ശിവേട്ടൻ സമ്മതിച്ചു.വിവേകിൽ നിന്ന് ശിഖ ചേച്ചിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാൻ പറ്റും.ഉടനെ തന്നെ ശിഖ ചേച്ചി ഞങ്ങളുടെ മുന്നിൽ എത്തും എന്നാണ് പ്രതീക്ഷ….. (തുടരും)

❤കലിപ്പന്റെ വായാടി❤ : ഭാഗം 36

Share this story