നിനക്കായ് : ഭാഗം 83

നിനക്കായ് : ഭാഗം 83

എഴുത്തുകാരി: ഫാത്തിമ അലി

വിൻഡോ സീറ്റിൽ തല ചായ്ച് വെച്ച് കൊണ്ട് ശ്രീ കണ്ണുകൾ അടച്ചു… സാമും ശ്രീയും ഇഷ്ടം പറഞ്ഞതിന് ശേഷം ആദ്യമായിട്ടാണ് തമ്മിൽ കാണാതെ രണ്ട് ദിവസം നിൽക്കേണ്ടത്… അത് കഴിഞ്ഞാൽ തിരിച്ച് ഇങ്ങോട്ട് തന്നെ വരാനുള്ളതാണെന്ന് അറിയുമെങ്കിലും എന്തോ നെഞ്ചിനകത്തോരു ഭാരം പോലെ ശ്രീക്ക് തോന്നി…. നാളുകൾക്ക് മുൻപ് സാമിനോട് ഒന്ന് സംസാരിക്കാൻ പോലും പോവാതെ ഒഴിഞ്ഞ് മാറി നടന്ന ശ്രീയിൽ നിന്ന് ഇപ്പോ അവന്റെ ശബ്ദം കേൾക്കാതെ ശ്വാസം നിലച്ച് പോവുന്ന…അവന്റെ പ്രണയത്തിന്റെ ചൂടിൽ ആ നെഞ്ചിൽ മുഖം ഒളിച്ച് വെക്കാൻ ആഗ്രഹിക്കുന്ന അവന്റെ മാത്രം ദുർഗയിലേക്കുള്ള മാറ്റം.. ഓർക്കവേ ശ്രീയുടെ ചുണ്ടുകൾ പുഞ്ചിരി പൊഴിച്ചു….

അവൻ സമ്മാനിച്ച പെൻഡന്റ് ചുണ്ടോട് ചേർത്ത് പിടിച്ച് പുറത്തേ കാഴ്ചകളിലേക്ക് നോക്കി ഇരിക്കുമ്പോഴാണ് തൊട്ടരികിലെ സീറ്റിൽ ഇരിക്കുന്ന ആളുടെ വിരലുകൾ മടിയിലെ ബാഗിന് മുകളിലായി വെച്ചിരുന്ന കൈകളിൽ ഇഴയുന്നത് പോലെ തോന്നിയത്…. അവളൊരു ഞെട്ടലോടെ മുഖം വിൻഡോയിൽ നിന്നും മറുഭാഗത്തേക്ക് തിരിച്ചു… അപ്പോഴേക്കും അയാൾ അവളുടെ കൈയെ വിരലുകൾക്ക് ഇടയിലൂടെ കോർത്ത് പിടിച്ചിരുന്നു…. തനിക്ക് അരികിലായി ഇരിക്കുന്ന ആളെ കാണെ ശ്രീയുടെ കണ്ണുകൾ മിഴിഞ്ഞ് വന്നു… “ഇച്ചായൻ….” പതിവ് കുസൃതി ചിരി ആ അധരങ്ങളിൽ നിറച്ച് കൊണ്ട് സാം ശ്രീയെ നോക്കി കണ്ണ് ചിമ്മി കാണിച്ചു…

താൻ വല്ല സ്വപ്നവും കാണുകയാണോ എന്നായിരുന്നു അവളുടെ ചിന്ത…. “ഇ..ഇച്ചായൻ എന്താ ബസിൽ…?” പതിഞ്ഞ സ്വരത്തോടെ അവൾ ചോദിച്ചതും അവൻ ചുണ്ട് കടിച്ച് പിടിച്ച് ശ്രീയെ നോക്കി സൈറ്റടിച്ചു… “ചിരിക്കാതെ പറ സാമിച്ചാ….ഇച്ചായൻ പോവുന്നത് ഞാൻ കണ്ടതാണല്ലോ…പിന്നെ എങ്ങനെ ഇതിൽ കയറി….?” കണ്ണുകൾ ചുരുക്കി വെച്ച് കൊണ്ട് അവൾ ചോദിച്ചതും സാമിന്റെ വിരലുകളുടെ പിടുത്തം മുറുകി…. “തിരിച്ച് പോവാൻ നോക്കിയതായിരുന്നെടീ കൊച്ചേ…പക്ഷേ എന്തോ മനസ്സ് സമ്മതിച്ചില്ല…അപ്പോ നേരെ ഈ ബസിന്റെ പുറകേ വന്നു…

കഴിഞ്ഞ സ്റ്റോപ്പിൽ കാർ നിർത്തി ഈ ബസിൽ കയറി….പക്ഷേ നിന്റെ അടുത്ത് സീറ്റ് കിട്ടും എന്ന് വിചാരിച്ചില്ല…എന്തായാലും ഇപ്പോ ഡബ്ൾ ഹാപ്പി….” കുസൃതിയോടുള്ള അവന്റെ മറുപടി കേട്ട് ശ്രീ നെറ്റിയിൽ അടിച്ചു… “നിങ്ങക്കെന്താ പ്രാന്താണോ ഇച്ചായാ…..?” അവൾക്കുള്ള മറുപടി എന്നോണം സാം ഭാവഭേദം ഒട്ടുമില്ലാതെ അതേ എന്ന് തലയാട്ടി…ചുണ്ട് കൂർപ്പിച്ച് വെച്ചുള്ള അവളുടെ നോട്ടം കണ്ട് സാം ഒന്ന് ചിരിച്ചു.. “അതേന്നേ….എന്റെ കൊച്ചിനെ കണ്ട അന്ന് മുതൽ തടങ്ങിയതാന്നേ ഇച്ചായന് ഈ ഭ്രാന്ത്…ഇപ്പോ അത് അൽപം കൂടിയിട്ടുണ്ട്…” കണ്ണിറുക്കി കാണിച്ചുള്ള അവന്റെ മറുപടി ശ്രീയിലും പുഞ്ചിരി വിരിയിച്ചു….

അവന്റെ സാന്നിധ്യം അവളപ്പോൾ ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യം…നെഞ്ച് അത് വരെ കല്ല് എടുത്ത് കയറ്റി വെച്ചത് പോലെ ആയിരുന്നു അവൾക്ക്…എന്നാൽ സാമിനെ കണ്ടതും ആ വിങ്ങൽ എല്ലാം ഒഴിഞ്ഞ് ഒരു തൂവലിന്റെ ഭാരത്തിലായെന്നത് ശ്രീ അറിഞ്ഞു.. “അല്ല ഇച്ചായാ അപ്പോ തിരിച്ച് എങ്ങനെ പോവും…?” അൽപ നേരത്തെ നിശബ്ദതക്ക് ഒടുവിൽ ശ്രീയുടെ ചോദ്യം വന്നു… “ഞാനിന്ന് വീട്ടിലേക്ക് വന്നാലോ….ഇന്ന് അവിടെ കൂടാം…” ചാടി കയറിയുള്ള സാമിന്റെ മറുപടി കേട്ട് അവൾ അവന്റെ കൈയിൽ ഒന്ന് പിച്ചി… “ഞാൻ അലക്സിനോട് കാറും എടുത്ത് ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട് എന്റെ പെണ്ണേ….” “ആ ബെസ്റ്റ്…

ഇച്ചായനും ഏട്ടായിയും ഒക്കെ കണക്കാ….” കെറുവോടെയുള്ള അവളുടെ മുഖം കണ്ട് അവനൊന്ന് കണ്ണിറുക്കി…. “ടിക്കറ്റ്….” കണ്ടക്ടർ ടിക്കറ്റിന് വേണ്ടി വന്നതും സാം ശ്രീയെ നോക്കി പല്ലിളിച്ച് കാണിച്ചു… “എന്റെത് കൂടെ കൊടുക്കുവോ…ഞാൻ ക്യാഷ് എടുത്തില്ല…” മുഖം ചുളുക്കിക്കൊണ്ടുള്ള അവന്റെ പറച്ചിൽ കേട്ട് ശ്രീക്ക് ചിരിയാണ് വന്നത്…. “അയ്യടാ….ഞാൻ കൊടുക്കില്ല…” ചുണ്ടിൽ വിരിഞ്ഞ ചിരി മറച്ച് വെച്ച് അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞത് കേട്ട് സാം ചുണ്ട് പിളർത്തി… “അതേ ചേട്ടാ കാർഡ് എടുക്കുവോ…?” കണ്ടക്ടറോടുള്ള അവനെ ചോദ്യം കേട്ട് ശ്രീ തലയിൽ കൈ വെച്ചു…

അയാളാണെങ്കിൽ കണ്ണ് വെളിയിൽ എത്തുന്നത് പോലെഉരുട്ടി വെച്ചിട്ടുണ്ട്… “ഇതാ ചേട്ടാ….” ബാഗിൽ നിന്നും പൈസ എടുത്ത് രണ്ട് പേർക്കുള്ള ടിക്കറ്റ് അവളാണ് എടുത്തത്.. കണ്ടക്ടർ പോയതും സാമിനെ നോക്കി കെറുവിച്ച് കൊണ്ട് ശ്രീ പുറത്തേ കാഴ്ചകളിലേക്ക് കണ്ണ് നട്ടു…. “അതേ ഒരു കാര്യം ചോദിക്കാൻ വിട്ടു…ഇച്ചായന്റെ കൊച്ച് ഞാൻ വന്ന് ഇരുന്നത് പോലും അറിയാതെ എന്തോ ഭയങ്കര ചിന്തയിൽ ആയിരുന്നല്ലോ….മ്മ്….?” ശ്രീയുടെ തോളിൽ വിരല് കൊണ്ട് ചുരണ്ടിക്കൊണ്ടാണ് അവൻ ചോദിച്ചത്…. “അതേലോ…ഞാനൊരു കള്ളനെ കുറിച്ച് ഓർത്തതായിരുന്നു…” കുറുമ്പോടെയുള്ള അവളുടെ നോട്ടം കണ്ട് സാം ചിരി ഒളിപ്പിച്ച് വെച്ച് ശ്രീയെ നോക്കി..

“കള്ളനോ…?” “മ്മ്…കുസൃതി ചിരിയും ചിരിച്ച് കൊണ്ട് വന്ന് എന്റെ ഹൃദയം കട്ടോണ്ട് പോയ ഒരു കള്ളതെമ്മാടിയെ പറ്റി…..” ശ്രീയുടെ മറുപടി കേട്ട് സാമിന്റെ ചിരി അൽപം ഉച്ചത്തിലായി… “ശ്ശോ….ഇച്ചായാ..പതിയെ…” ബസിൽ ഇരിക്കുന്ന പലരും അവരുടെ നേരെ തീരിഞ്ഞ് നോക്കുന്നത് കണ്ടതും അവൾ സാമിന്റെ കൈയിൽ അമർത്തി പിടിച്ചു… “സ്സ്…സോറി…എന്നിട്ട്…ആ കള്ളനിപ്പോ എവിടെ ഉണ്ട്…?” അവന്റെ ചോദ്യത്തിന് മറുപടിയെന്നോണം ഒരു പുഞ്ചിരിയോടെ അവന്റെ കണ്ണിലേക്ക് നോക്കി…. “ദേ എന്റെ തൊട്ടടുത്ത്….എന്റെ കൈവിരലും കോർത്ത് പിടിച്ച്….

എന്നെ മയക്കിയ ആ കുസൃതി നിറഞ്ഞ ചിരിയോടെ ഇരിക്കുന്നു…” അവളുടെ മറുപടി കേട്ട് പിന്നെ ഒന്നും ചോദിക്കാതെ നിറഞ്ഞ പുഞ്ചിരിയോടെ അവൻ ശ്രീയെ തന്നെ നോക്കി…. വിൻഡോയിലൂടെ വീശിയടിക്കുന്ന കാറ്റിൽ അഴിച്ചിട്ട അവളുടെ മുടിയിഴകൾ പാറി കളിച്ച് അവന്റെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു… സാമിന് ബുദ്ധിമുട്ടാവും എന്ന് തോന്നി ക്രാബ് എടുത്ത് കെട്ടിയിടാൻ നോക്കിയതും അവൻ അതിനെ തടഞ്ഞു…. രണ്ട് പേരും പരസ്പരം ഒന്നും മിണ്ടാതെ കൈകൾ കോർത്ത് പിടിച്ച് കൊണ്ട് ആ യാത്രയെ ആസ്വദിച്ചു… ബസിന്റെ സ്റ്റീരിയോയിലൂടെ ഒഴുകിയിഴെത്തുന്ന പ്രണയ ഗാനം ഇരുവരുടെയും മൗനത്തെ വാചാലമാക്കി…

അവൾക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയതും ശ്രീ ഞെട്ടിക്കൊണ്ട് സാമിന്റെ മുഖത്തേക്ക് നോക്കി…. കോർത്ത് പിടിച്ച ആ കൈകളെ വിടുവിക്കാൻ മനസ്സ് വരാതെ ഒന്ന് കൂടെ മുറുക്കി… “പോയിട്ട് വാ ദുർഗാ….രണ്ട് ദിവസത്തെ കാര്യം അല്ലേ ഉള്ളൂ…. അത് കഴിഞ്ഞാ ഇച്ചായന്റെ അടുത്ത് തന്നെ എത്തില്ലേ… ചെല്ല്…” ശ്രീയുടെ വാടിയ മുഖത്ത് നിന്നും സാം അവളുടെ മനസ്സിലുള്ളത് വായിച്ചെടുത്തിരുന്നു…. ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞത് കേട്ട് ശ്രീയും ഒരു നേരിയ ചിരിയാലെ അവളുടെ വിരലുകളെ അവനിൽ നിന്നും വേർപെടുത്തി…

ഇറങ്ങാൻ നേരം ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കിയ ശ്രീയെ ഇരു കണ്ണുകളും ചിമ്മി കാണിച്ചു… ബസ് എടുക്കുന്നതും അത് കണ്ണിൽ നിന്ന് മറഞ്ഞ ശേഷമാണ് ശ്രീ റോഡ് മുറിച്ച് കടന്നത്…. അവളെ കാത്തെന്ന പോലെ നിൽക്കുന്ന മാധവനെ കണ്ടതും അവൾ ഒരു കൊച്ച് കുട്ടിയായി…. ഓടി ചെന്ന് അയാളുടെ കൈയിൽ തൂങ്ങിക്കൊണ്ട് ഓരോ വിശേഷങ്ങൾ പറഞ്ഞ് വീട്ടിലേക്ക് നടന്നു… ****** “ടാ കോപ്പേ….നീ എവിടാ…?” ശ്രീ ഇറങ്ങിയതിന് ശേഷമുള്ള ബസ്സ്റ്റോപ്പിൽ ആയിരുന്നു സാം ഇറങ്ങിയത്… പുത്തെത്തിയതും അവൻ വേഗം ഫോണെടുത്ത് അലക്സിന്റെ നമ്പർ എടുത്തു… “വന്നോണ്ടിരിക്കുവാ ….”

അലക്സിന്റെ പൂരപ്പാട്ട് കേട്ട് സാം ഫോൺ ചെവിയിൽ നിന്നും അൽപം മാറ്റി വെച്ചു… “എന്നാ ഒരു തെറിയാടാ ഉവ്വേ ഇത്….ഹോ..ചെവിയുടെ ഡയഫ്രം അടിച്ചു പോയി….” ചെറുവിരൽ ചെവിയിലിട്ടൊന്ന് കറക്കിക്കൊണ്ട് അവൻ പറഞ്ഞതും മറുഭാഗത്ത് അലക്സിന്റെ പല്ലിറുമ്മുന്ന സൗണ്ട് കേൾക്കാമായിരുന്നു… ഫോൺ വെച്ച് രണ്ട് മിനിറ്റ് കഴിയേ അവൻ കാറും കൊണ്ട് വന്നു…. കോ ഡ്രൈവർ സീറ്റിൽ കയറിയതും അലക്സിനെ നോക്കി നന്നായൊന്ന് ചിരിച്ച് കാണിച്ചു… “ഒന്ന് മയത്തിലൊക്കെ നോക്കെടാ….ഞാൻ ഭസ്മം ആയി പോകും….” കുസൃതിയോടുള്ള അവന്റെ സംസാരം അലക്സിനെ ചൊടിപ്പിച്ചു….

“എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് നീ…..ആരുടെ അമ്മൂമ്മയെ കെട്ടിക്കാനാ ! നീ ഇപ്പോ ഇങ്ങോട്ട് വന്നത്….?” അലക്സിന്റെ ചീത്ത കേട്ട് സാമിന് ചിരി വരുന്നുണ്ടായിരുന്നു… കാര്യം വേറെ ഒന്നുമല്ല സാം ബസിനെ ഫോളോ ചെയ്യുന്ന സമയത്ത് അലക്സിനെ വിളിച്ച് പെട്ടെന്ന് അവന്റെ അടുത്തേക്ക് വരാനായി വിളിച്ച് പറഞ്ഞിരുന്നു…. പാവം ചെറുക്കൻ വല്ല അത്യാവശ്യവും ആവും എന്ന് കരുതി കുളി പോലും പകുതിക്ക് നിർത്തി അഞ്ച് മിനിട്ട് കൊണ്ട് പറഞ്ഞ സ്ഥലത്തേക്ക് വന്നു…. അവിടെ എത്തിയതും അവൻ ശ്രീയുടെ കൂടെ പോവുകയാണെന്ന് മാത്രം പറഞ്ഞ് കീയും എറിഞ്ഞ് കൊടുത്ത് അലക്സിന് പറയാനുള്ളത് പോലും കേൾക്കാതെ ബസിൽ കയറിയതാണ്.. അതിന്റെ ദേഷ്യം ആണ് ഈ കാണിക്കുന്നത്….

“ഡാ ഞാൻ അൽപം റൊമാന്റിക് ആയതല്ലേ..” സാം നിഷ്കളങ്കമായി പറഞ്ഞതിന് കത്തുന്ന ഒരു നോട്ടമായിരുന്നുമറുപടി… “പ്ഫാ….അവന്റെ ഒരു….അതിന് എന്തിനാ കൊപ്പേ എന്നോട് വരാൻ പറഞ്ഞത്…?മര്യാദക്ക് കുളിക്കാൻ പോലും സമ്മതിച്ചില്ല തെണ്ടീ..” “ഈ….നീ ലേറ്റ് ആവേണ്ടെന്ന് കരുതി അല്ലേ…..അത് വരെ ഞാനിവിടെ പോസ്റ്റ് ആവില്ലായോ….” അലക്സിനെ നോക്കി എ ക്ലാസ് ചിരിയോടെ പറഞ്ഞത് കേട്ട് ഇവനെ എന്ത് ചെയ്യണം എന്ന മട്ടിൽ നോക്കി.. “എന്തിനാ ഇവിടെ നിന്നത്…മാളൂന്റെ കൂടെ വീട്ടിലേക്ക് പൊയ്ക്കൂടായിരുന്നോ….?” “മ്മ്…ഞാനും വിചാരിച്ചിരുന്നു…പക്ഷേ അവള് സമ്മതിച്ചില്ല….”

സാമിന്റെ നിരാശ നിറഞ്ഞ മുഖം കണ്ട് അവനോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അലക്സിന് മനസ്സിലായി… സാമിനോടുള്ള ദേഷ്യം മൊത്തം സ്റ്റിയറിൽ തീർത്തായിരുന്നു അവൻ ഡ്രൈവ് ചെയ്യുന്നത്… അലക്സിന്റെ മുഖം കണ്ട് ചിരി കടിച്ച് പിടിച്ച് അവൻ ഫോണിലേക്ക് നോക്കി ഇരുന്നു…. ****** അലക്സിനെ അവന്റെ വീട്ടിൽ ഇറക്കി വല്യമ്മച്ചിയെ കണ്ട് സംസാരിച്ച് നേരെ ഹോസ്പിറ്റലിലേക്കാണ് അവൻ പോയത്…. തിരക്കെല്ലാം കഴിഞ്ഞ് രാത്രി വീട്ടിലെത്തിയതും എല്ലാവരും കിടന്നിരുന്നു… അത് കൊണ്ട് ടെറസ് വഴി ആണ് അവൻ റൂമിലേക്ക് കയറിയത്.. ഡോർ ലോക്ക് ചെയ്ത് പോക്കറ്റിലിരുന്ന ഫോൺ ചാർജ് ചെയ്താനായി വെച്ച് ടവലുമായി ബാത്ത് റൂമിലേക്ക് കയറി…

ഫ്രഷ് ആയി ടവൽ ഹാങറിൽ ഇട്ട് ബെഡിലേക്ക് ഇരുന്നു… ഹോസ്പിറ്റലിൽ ഉള്ളപ്പോൾ ശ്രീയെ വിളിച്ച് സംസാരിച്ചത് കൊണ്ട് ഇനി ഏതായാലും നാളെ വിളിക്കാമെന്ന് കരുതി…. റൂമിൽ വെള്ളം എടുത്ത് വെക്കാത്തത് കൊണ്ട് ബോട്ടിലുമായി താഴേക്ക് പോവാൻ വേണ്ടി ഇറങ്ങിയപ്പോഴാണ് അന്നയുടെ മുറിക്കുള്ളിൽ വെളിച്ചം കാണുന്നത്…. “ഇവളിത് ഇത്ര നേരം ആയിട്ടും ഉറങ്ങിയില്ലേ…?” സംശയത്തോടെ അവൻ അടച്ചിട്ട ഡോറിന്റെ ഹാൻഡിൽ പിടിച്ച് തിരിച്ചു…. ലോക്ക് ചെയ്യാത്തത് കൊണ്ട് ഡോർ തുറന്നിരുന്നു…. അവൻ അകത്തേക്ക് കയറിയതും ബെഡിൽ അങ്ങോട്ടും ഇങ്ങോട്ടും ചെരിഞ്ഞ് കിടക്കുന്ന അന്നയെ കണ്ട് സാം അവളുടെ അടുത്തേക്ക് ചെന്നു…

സാം വന്നതോ അടുത്ത് നിന്നതോ ഒന്നും അവൾ അറിഞ്ഞിരുന്നില്ല… “കുഞ്ഞാ….എന്ത് പറ്റി മോളേ….?” സാമിന്റെ ആകുലത നിറഞ്ഞ സ്വരം കേട്ടതും അവൾ കണ്ണുകൾ വലിച്ച് തുറന്നു… “ഇ…ച്ചേ….” അവളുടെ നേർത്ത സ്വരവും വയറിൽ പൊത്തി വെച്ച് പിടിക്കുന്ന കൈകളും കണ്ട് അവന് കാര്യം മനസ്സിലായി…. “നല്ല വേദന ഉണ്ടോ കുഞ്ഞാ….?” നെറ്റിയിൽ പതിയെ തലോടിക്കൊണ്ട് അവൻ ചോദിച്ചതും അന്ന അതേ എന്ന് തല ചലിപ്പിച്ചു… “ഹോട്ട് ബാഗ് വെച്ചില്ലേ….?” “മ്മ്….എന്നിട്ടും കുറഞ്ഞില്ല ഇച്ചേ….”

ക്ഷീണം നിറഞ്ഞ അവളുടെ സ്വരം കേട്ട് സാം ബെഡിൽ നിന്ന് എഴുന്നേറ്റു…. “ഇച്ച ഇപ്പോ വരാമേ….” അവൻ വേഗം സ്റ്റെയർ ഇറങ്ങി കിച്ചണിലേക്കായിരുന്നു ചെന്നത്…റീനയെ ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതി ഒരു പാത്രത്തിൽ വെള്ളം നിറച്ച് സ്റ്റൗ ഓൺ ചെയ്ത് അതിലേക്ക് ഉലുവയിട്ട് നന്നായി തിളപ്പിച്ചു…. ആ സമയം കൊണ്ട് ഫ്രിഡ്ജിൽ നിന്ന് അപ്പത്തിന്റെ മാവും രാത്രിയിലെ വെജ് കുറുമയും തണുപ്പ് മാറാനായി പുറത്ത് എടുത്ത് വെച്ചു… തിളപ്പിച്ച വെള്ളം അവൾക്ക് കുടിക്കാൻ പാകത്തിന് ചൂടാറ്റി ഗ്ലാസിലേക്ക് ഒഴിച്ച് മുകളിലേക്ക് കൊണ്ട് പോയി… “കുഞ്ഞൂസേ….എണീക്ക്….ഇത് കുടിക്ക്….

വേദന ഒക്കെ മാറും…” ഉലുവ തിളപ്പിച്ച വെള്ളം കണ്ട് അന്നയുടെ മുഖം ഒന്ന് കൂടി ചുളിഞ്ഞു…. “എനിക്ക് വേണ്ട ഇച്ചേ….ചവർപ്പാണ്….” ചിണുങ്ങിക്കൊണ്ട് പറഞ്ഞത് കേട്ടതും സാം കൂർപ്പിച്ചൊരു നോട്ടമായിരുന്നു… “നല്ല അടി കിട്ടുവേ കുഞ്ഞാ….എണീക്ക്…” സാം വെറുതേ വിടില്ല എന്ന് ഉറപ്പായത് കൊണ്ട് അധികം വാശി പിടിക്കാതെ അവൾ എഴുന്നേറ്റ് ഇരുന്നു… “ചെറിയ ചൂടുണ്ടാവും….എന്നാലേ വേദന കുറയൂ….” സാം മുന്നറിയിപ്പെന്ന പോലെ പറഞ്ഞതും അവളൊന്ന് തലയാട്ടി മനസ്സില്ലാ മനസോടെ ചുണ്ടിലേക്ക് അടുപ്പിച്ചു…. അന്നയെ കൊണ്ട് മുഴുവൻ കുടിപ്പിച്ച ശേഷമാണ് സാം അടങ്ങിയത്…. “ഇന്നാ…”

കാലിയായ ഗ്ലാസ് സാമിന്റെ കൈയിലേക്ക് വെച്ച് കൊടുത്ത് മുഖം വീർപ്പിച്ചതും അവൻ ചിരിച്ചു…. “കുറവുണ്ടോ കുഞ്ഞാ…?” തന്റെ തോളിലേക്ക് മുഖം വെച്ച് ഇരിക്കുന്ന അന്നയുടെ തലയിൽ തലോടിക്കൊണ്ടാണ് അവന്റെ ചോദ്യം… “മ്മ്…” മറുപടിയായി ഒന്ന് മൂളിയതും സാം അന്നയെ നേരെ ഇരുത്തി താഴേക്ക് ചെന്നു…. തണുപ്പ് മാറിയ കറി എടുത്ത് ചൂടാക്കാൻ വെച്ച് മാവെടുത്ത് രണ്ട് അപ്പം ചുട്ടു…. ചൂട് കറിയും അപ്പവും പ്ലേറ്റിലേക്ക് മാറ്റി അവൻ അന്നമ്മയുടെ അടുത്തേക്ക് പോയി…. അന്ന അവൻ വരുന്നതും കാത്ത് ഇരിക്കുകയായിരുന്നു…. അപ്പോഴേക്കും അവളുടെ വേദനക്ക് അൽപം കുറവ് ഉണ്ചായിരുന്നു…

“ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ നീ….” “മ്ഹും….” അവനെ നോക്കി ചുമൽ കൂച്ചി വായ തുറന്ന് കാണിച്ചതും ചുണ്ടിലെ ചിരി മറച്ച് പിടിച്ച് ഒന്ന് അമർത്തി മൂളി അപ്പം പീസ് ആക്കി അവളുടെ വായിലേക്ക് വെച്ച് കൊടുത്തു… ചവച്ച് ഇറക്കുന്നതിനിടക്ക് എന്തൊക്കെയോ സംസാരിക്കുന്നുമുണ്ട്…. എന്നാൽ സംസാരം അധികം ആയതും അവന്റെ ഒരുനോട്ടത്തിൽ അത് അടക്കി നിർത്തി നല്ലപോലെ ഇരുന്ന് ബാക്കി മുഴുവനും അവൾ കഴിച്ചു… “ഇനി ഉറങ്ങിക്കോ..” ഭക്ഷണം കഴിച്ച് കഴിഞ്ഞതും നേരത്തേതിലും ഒരു ഉണർവ് വന്നത് പോലെ അവൾക്ക് തോന്നി…

ഉറക്കം കണ്ണുകളിൽ തങ്ങി നിൽക്കുന്നത് കണ്ട് സാം അവളോട് കിടക്കാൻ പറഞ്ഞതും അവന്റെ കൈ പിടിച്ച് ബെഡിലേക്ക് ഇരുത്തി സാമിന്റെ മടിയിലേക്ക് തല വെച്ച് കിടന്നു… അവൾ ഉറങ്ങുന്നത് വരെ ചെറു പുഞ്ചിരിയോടെ സാം അന്നയുടെ മുടിയിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു…. നന്നായി ഉറക്കമായെന്ന് ഉറപ്പായതും പയ്യെ അവളുടെ തലയെടുത്ത് തലയണിലേക്ക് വെച്ചു…. താഴെ കിടന്ന പുതപ്പെടുത്ത് അവളെ പുതച്ച് നെറ്റിൽ വാത്സല്യത്തോടെ ചുംബിച്ച ശേഷമാണ് അവൻ തിരികെ പോയത്….

***** 🎶നെല്ലിമരം ചില്ലകളാൽ കായ് മണി തന്നൂ മുല്ലകൾ നിൻ മുടിയഴകിൽ മുത്തുകളെല്ലാം കോർത്തു തന്നൂ നിൻ കവിളിൽ എനിക്കു മാത്രം തനിച്ചു കാണാൻ പൊന്നുരുകും കുരുന്നു മറുകൊന്നെറിഞ്ഞു തന്നൂ വിദൂരതാരം വിദൂരതാരം വിദൂരതാരം….🎶 എന്നത്തേയും പോലെ സാമിന്റെ പ്രണയാർദ്രമായ സ്വരമാണ് ഇന്നും അവളെ ഉണർത്തിയത്… അവന്റെ ആ നേർത്ത ശബ്ദത്തിന് പാടുന്ന വരികൾക്ക് വല്ലാത്തൊരു മാന്ത്രികത ഉള്ളത് പോലെ ശ്രീക്ക് തോന്നി…. അവളുടെ ചൊടികളിൽ പുഞ്ചിരി വിരിയാൻ അധിക നേരം വേണ്ടി വന്നില്ല…

വളരെ കുറച്ച് മാത്രം സംസാരിച്ച് ഫോൺ വെച്ചതും ശ്രീ ബെഡിൽ നിന്ന് നിലത്തേക്ക് ഇറങ്ങി… അഴിഞ്ഞ് വീണ മുടി ഉച്ചിയിൽ കെട്ടി വെച്ച് നേരെ അടുക്കളയിലേക്ക് വെച്ച് പിടിച്ചു… “അമ്മക്കുട്ടീ….” പുറം തിരിഞ്ഞ് നിൽക്കുന്ന വസുന്ധരയുടെ അരയിലൂടെ ചുറ്റി പിടിച്ച് തോളിൽ താടി കുത്തി നിന്നു… “ഈ പെണ്ണ്….പോയി കുളിക്ക് ശ്രീക്കുട്ടീ…” ഒട്ടും നോവിക്കാതെ അവളുടെ കൈയിൽ അടിച്ച് വുസു പറഞ്ഞതും ശ്രീ ചിണുങ്ങിക്കൊണ്ട് ഒന്ന് കൂടെ അവരിലേക്ക് ചേർന്ന് നിന്നു.. “മ്മ്….സുമാമ്മ എവിടെ അമ്മാ…?”

സുമംഗലയെ കാണാതെ ചുറ്റിലും കണ്ണോടിച്ച് കൊണ്ടാണവൾ ചോദിച്ചത്.. “മംഗലത്തേക്ക് പോയിട്ടുണ്ട്….പറമ്പിൽ ഇന്ന് പണിക്കാരുണ്ടെന്ന് തോന്നുന്നു…” “മ്മ്….” “മതി….ഉറക്കം തൂങ്ങിയത്….മുഖം പോലും കഴുകാതെയാ പെണ്ണ് വന്നേക്കുന്നത്…” വസു പറഞ്ഞത് ഇഷ്ടപ്പെടാതെ മുഖം വീർപ്പിച്ച് അവരെ നോക്കി… “ആഹാ….അത്രക്കായോ…..ഉമ്മാ…” അവരുടെ കവിളിൽ മുഖമിട്ടൊന്ന് ഉരസി അമർത്തി ഉമ്മവെച്ച് കൊണ്ട് ശ്രീ അകത്തേക്ക് ഓടി… “ഈ പെണ്ണ്….” അവളുടെ ഓട്ടം കണ്ട് പുഞ്ചിരിയോടെ തലയാട്ടി വസു അവരുടെ ജോലിയിൽ ഏർപ്പെട്ടു… കുളത്തിലേക്ക് പോയി വിസ്തരിച്ചുള്ള കുളി കഴിഞ്ഞ് ഒരു നേരമായപ്പോഴാണ് അവൾ വന്നത്…

നേരം വൈകിയതിന് വസുന്ധരയുടെ ശകാരം ഒരു ചിരിയാലെ കേട്ട് നിന്നു…. “നിനക്ക് എന്നും അമ്മേടെ അടുത്തൂന്ന് വഴക്ക് കേട്ടാലേ സമാധാനം ആകൂ വാവേ…?” മാറിൽ കൈ പിണച്ച് കെട്ടിയുള്ള മാധവന്റെ നിൽപ്പ് കണ്ട് ഒരു ഉമ്മയും കൊടുത്ത് അവൾ ഓടി ചാടി റൂമിലേക്ക് പോയി…. “അമ്മാ….ഞാൻ ഇറങ്ങിയേ…പിന്നെ ഫുഡ് ഞാൻ വരുന്ന വഴി സുമാമ്മേടെ അടുത്തൂന്ന് കഴിച്ചോളാം….” മുറ്റത്തേക്ക് ഇറങ്ങി വലിയ വായിൽ വിളിച്ച് പറഞ്ഞ് അവരുടെ മറുപടിക്ക് പോലും കാത്ത് നിൽക്കാതെ ഇടവഴിയിലേക്ക് ഇറങ്ങി… അമ്പലത്തിൽ പോയി തൊഴുത് മടങ്ങുന്ന വഴി കല്ലുവിന്റെ അടുത്ത് കയറാനും അവൾ മറന്നില്ല…

അവളുടെ കുഞ്ഞ് അമ്പാടിയെയും കളിപ്പിച്ച് കുറേ സമയം അവിടെ ഇരുന്നു…. മംഗലത്ത് വീടിന് പിന്നാമ്പുറത്ത് എത്തിയപ്പോഴേക്കും നല്ല സാമ്പാറിന്റെ മണം മൂക്കിലടിച്ചിരുന്നു… “സുമാമ്മേ…..” വെന്ത് വന്ന ഇഡ്ഡലി പാത്രത്തിൽ നിന്നും എടുത്തിടുമ്പോഴാണ് ശ്രീ പിന്നെലൂടെ വന്ന് സുമയെ കെട്ടി പിടിച്ചത്…. “സുമാമ്മേടെ മോള് വന്നോ..” “ഹായ് ഇഡ്ലി….വെശന്ന കുടല് കരിയുന്നു….” ശ്രീ വേഗം ഒരു പ്ലേറ്റെടുത്ത് ഇഡ്ലിയും സാമ്പാറും ഒഴിച്ച് സ്ലാബിൽ കയറി ഇരുന്ന് കഴിക്കാൻ തുടങ്ങി…. സുമ ഒരു ഗ്ലാസ് വെള്ളവും എടുത്ത് കൊടുത്തു… “ഹരിയേട്ടനും ആ ചേച്ഛിയും വിളിക്കാറില്ലേ സുമാമ്മേ…?” ഓരോന്ന് സംസാരിച്ച് കൊണ്ട് കഴിക്കുന്നതിന് ഇടയിലാണ് അവളുടെ ചോദ്യം… “ഹ്മ്….രണ്ട് ദിവസം മുന്നേ അവൻ വിളിച്ചിരുന്നു…

അവിടെ ഓഫീസിൽ എന്തൊക്കെയോ പ്രശ്നം…ഇന്നോ നാളെയോ ഇങ്ങോട്ട് വരും എന്ന് പറഞ്ഞിട്ടുണ്ട്…ഏതോ ഫയൽ എടുക്കാൻ… ആ കുട്ടി പിന്നെ എന്നെ വിളിക്കാറില്ലല്ലോ…” ഒരു നിശ്വാസത്തോടെ അവർ പറഞ്ഞ് നിർത്തി… ***** ഉച്ച ഭക്ഷണം കഴിച്ച് കഴിഞ്ഞ് റൂമിൽ ചെന്ന് ഏതോ ഒരു ബുക്കുമായി ശ്രീ ബെഡിലേക്ക് ചെന്ന് വീണു… ഹെഡ് റെസ്റ്റിലേക്ക് ചാരി ഇരുന്ന് ഓരോ താളുകളായി മറിക്കുമ്പോഴും അവളുടെ ചിന്തകൾ മറ്റെവിടേയോ ആയിരുന്നു… “വാവേ…..” പെട്ടെന്ന് വാതിൽക്കൽ നിന്നും ഒരു വിളി വന്നതും ശ്രീ ഞെട്ടിക്കൊണ്ട് പുസ്തകത്തിൽ നിന്നും കണ്ണുകൾ പിൻവലിച്ചു… “എന്താ അച്ഛേ….അമ്മാ….എന്തോ കള്ളത്തരം ഉണ്ടല്ലോ രണ്ടാൾക്കും..?” വാതിൽക്കൽ നിൽക്കുന്ന വസുന്ധരയെയും മാധവനെയും കണ്ട് ശ്രീ ബെഡിൽ നിന്ന് ഇറങ്ങി….

ഇടുപ്പിൽ കൈകൾ കുത്തി കണ്ണ് കൂർപ്പിച്ച് കൊണ്ടുള്ള അവളുടെ ചോദ്യം കേട്ട് പുഞ്ചിരിയോടെ ഇരുവരും അകത്തേക്ക് കയറി.. മാധവൻ പിന്നിൽ മറച്ച് വെച്ചിരുന്ന ഒരു കവർ എടുത്ത് ശ്രീയുടെ ഇരു കൈകളിലേക്കും വെച്ച് കൊടുത്തു.. “എന്താ അച്ഛേ ഇത്….?” “തുറന്ന് നോക്ക്….” മാധവൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞതും ശ്രീ കൗതുകം നിറഞ്ഞ മുഖത്തോടെ അത് തുറന്ന് നോക്കി… ഒരു സെറ്റിന്റെ ദാവണി ആയിരുന്നു അതിൽ… “ഹായ്…നല്ല ഭംഗി ഉണ്ടല്ലോ….” ഡ്രസ് കൈയിൽ പിടിച്ച് സന്തോഷത്താൽ തുള്ളി ചാടി അവൾ മാധവന്റെ നെഞ്ചിലേക്ക് ചാരി… “ഇഷ്ടായോ മോൾക്ക്…?” “പിന്നേ….ഒത്തിരി…..” “എന്നാ ഇന്ന് വൈകുന്നേരം ഇതും ഉടുത്ത് നിൽക്കണം…..” “എന്താ അച്ഛേ….എവിടേക്കെങ്കിലും പോവാനുണ്ടോ…?”

“ഏയ്….പോവാനൊന്നും ഇല്ല…ഇന്ന് എന്റെ മോളെ ഒരു കൂട്ടര് കാണാൻ വരും…അവരുടെ മുന്നിൽ അച്ചേടെ വാവ സുന്ദരിക്കുട്ടി ആയിട്ട് നിൽക്കണം….” മാധവൻ അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞത് കേട്ട് ശ്രീ തരിച്ച് നിന്നു… “അ….അച്ഛേ….” മാധവനിൽ നിന്നും അങ്ങനെ ഒന്ന് കേട്ടതിന്റ ഞെട്ടലിൽ അവളുടെ കൈയിലിരുന്ന കവർ വിറച്ചു… “എന്റെ ഒരു സുഹൃത്ത് വഴി വന്നതാ…അന്വേഷിച്ചടുത്തോളം നല്ല കൂട്ടരാ…ചെറുക്കനും അതേ….അത് കൊണ്ട് അവരോടിങ്ങ് വരാൻ പറഞ്ഞു….” മാധവന്റെ മുഖത്തെ സന്തോഷം കാണെ ശ്രീയുടെ കണ്ണുകൾ നനയാൻ തുടങ്ങി… “എ..ന്നോട്..ഒന്ന് സൂചിപ്പിച്ചത് കൂടെ ഇല്ലല്ലോ അച്ഛേ…?” സ്വരം ഇടറാതിരിക്കാൻ അവൾ പരമാവധി ശ്രദ്ധിച്ചിരുന്നു….

“അച്ഛേടെ ഇഷ്ടത്തിന് എതിരായിട്ട് മോൾ നിൽക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ട്..” മാധവൻ ഉറപ്പോടെ പറഞ്ഞത് കേട്ട് തിരിച്ചൊന്നും പറയാനാവാതെ ഒരേ നിൽപ്പായിരുന്നു അവൾ… “മോള് വായിച്ചോ…” വസുന്ധര അവളുടെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു… “അച്ഛേ….അമ്മാ….എ…എനിക്കൊരു കാര്യം പറയാനുണ്ട് …” തിരികെ പോവാനൊരുങ്ങിയ മാധവനും വസുവും അവളുടെ വിളി കേട്ട് അവിടെ തന്നെ നിന്നു… “എ..എനിക്ക് ഒരാളെ ഇഷ്ടമാണ്…” അവരുടെ മുന്നിൽ വന്ന് നിന്ന് ഒന്ന് നിശ്വസിച്ച് കൊണ്ട് പറഞ്ഞതും മാധവനും വസുവും മുഖത്തോട് മുഖം നോക്കി..

“ആരാ ആൾ…?” മാറിൽ കൈ പിണച്ച് കെട്ടി ഗൗരവം നിറഞ്ഞ മുഖത്തോടെയുള്ള മാധവന്റെ ചോദ്യം ശ്രീയെ ടെൻഷനടിപ്പിച്ചു… “അ…അന്നയുടെ ചേട്ടൻ….” ശ്രീക്ക് അയാളുടെ മുഖത്തേക്ക് നോക്കാൻ എന്തോ ഭയം തോന്നി.. “ഹും…..എന്തായാലും ഇവരോട് വരാൻ പറഞ്ഞ പോയില്ലേ…. വന്ന് കണ്ട് പൊയ്ക്കോട്ടേ….ബാക്കി ഒക്കെ നമുക്ക് ആലോചിക്കാം…” മാധവൻ ഗൗരവം വിടാതെ പറഞ്ഞ് പുറത്തേക്ക് പോയി… “അച്ഛേ…..അമ്മാ…..അവരോട് വരണ്ടന്ന് പറ അമ്മാ….പ്ലീസ്…” പിന്നാലെ പോവാനൊരുങ്ങിയ വസുന്ധരയുടെ കൈയിൽ പിടിത്തമിട്ടു… “അച്ഛ വാക്ക് കൊടുത്ത് പോയില്ലേ മോളെ…” മാധവനും വസന്ധരയും പോയതും ശ്രീ വാതിൽ അടച്ചു…. സാമിനെ വിളിച്ച് വിവരം പറയാനായി വെപ്രാളത്തോടെ ഫോൺ തിരഞ്ഞു….

ഫോൺ റിങ് ചെയ്യുന്നുണ്ടെങ്കിലും അറ്റന്റ് ചെയ്തിരുന്നില്ല…. അവൻ ഹോസ്പിറ്റലിൽ ബിസി ആയിരിക്കും എന്ന് കരുതി അടുത്തത് അന്നയെ ആണ് വിളിച്ചത്…. “ഹലോ….ദച്ചൂ….” “അന്നാ…ടീ….എനിക്കൊരു കാര്യം….” “ഹലോ….ദച്ചൂ..കേൾക്കുന്നുണ്ടോ നീ….ഹലോ….” അവൾ അങ്ങോട്ട് പറയുന്നത് ഒന്നും കേൾക്കുന്നില്ലായിരുന്നു…. ഒടുക്കം ദേഷ്യം വന്ന് ശ്രീ തന്നെ ഫോൺ കട്ട് ചെയ്തു…. അലക്സിന്റെ നമ്പർ ഡയൽ ചെയ്ത് അവൻ എടുക്കുന്നത് വരെ നഖം കടിച്ച് പറച്ച് അങ്ങോട്ടും ഇങ്ങോട്ടും നടപ്പായിരുന്നു അവൾ… “ഹലോ മാളൂട്ടീ…..” അലക്സിന്റെ സൗണ്ട് കേട്ടതും അത് വരെ പിടിച്ച് വെച്ച കണ്ണീരൊക്കെ ഒഴുക്കി കളയാൻ തുടങ്ങി…. “മോളേ…എന്താ ടാ…എന്തിനാ കരയുന്നേ നീ…..?”

ശ്രീയുടെ ഏങ്ങലടി കേട്ട് അലക്സ് വെപ്രാളത്തോടെ ചോദിച്ചു… വിതുമ്പിക്കൊണ്ടാണ് അവൾ കാര്യങ്ങളൊക്കെ പറഞ്ഞത്… “അയ്യേ…ഇതിനാണോ ഏട്ടായീടെ മാളൂട്ടി കരയുന്നേ….ഞാൻ ദേ ഇപ്പോ സാമിനെ കണ്ട് കാര്യം പറയാം….ഏതായാലും അവര് വന്ന് കണ്ട് പോവട്ടേ….അച്ഛനെ വിഷമിപ്പിക്കണ്ട…കേട്ടല്ലോ…. കണ്ണൊക്കെ തുടച്ചേ….ഇനി കരഞ്ഞാ നല്ല അടി മേടിക്കും നീ…” ഒരുവിധത്തിൽ പറഞ്ഞ് സമാധാനിപ്പിച്ചാണ് ശ്രീയെ അലക്സ് ഒതുക്കിയത്…. അവനോട് സംസാരിച്ച് കഴിഞ്ഞ് ബെഡിലേക്ക് വീണ ശ്രീ ഇടക്കിടെ ഫോണിലേക്ക് സാമിന്റെ വിളിക്ക് വേണ്ടി കാത്തിരുന്നു…. ആരോ മുടിയിൽ തലോടുന്ന പോലെ തോന്നിയാണ് ശ്രീ ഒരു ഞെരക്കത്തോടെ കണ്ണുകൾ തുറന്നത്…. അവളുടെ അടുത്ത് ഇരിക്കുന്ന സുമയെ കണ്ടതും ശ്രീ എഴുന്നേറ്റ് ഇരുന്നു… “എന്ത് ഉറക്കമാ മോളേ….

ചെന്ന് ഫ്രഷായിക്കേ….ദേ അവരിപ്പോ ഇങ്ങ് എത്തു…” സുമ പറഞ്ഞത് കേട്ട് ശ്രീ അവരെ ചുറ്റി പിടിച്ച് വയറിൽ മുഖം അമർത്തി… “വേണ്ട സുമാമ്മേ….എനിക്ക് ആരെയും കാണണ്ട….പ്ലീസ്.. അച്ഛയോട് ഒന്ന് പറയ്….എനിക്ക് എന്റെ ഇച്ചായനെ മതി….ഒന്ന് പറ സുമാമ്മേ….” കുഞ്ഞ് കുട്ടികളെ പോലെ വിതുമ്പലടക്കി നിൽക്കുന്ന അവളെ കണ്ട് സുമ വാത്സല്യത്തോടെ തലോടി… “സുമാമ്മ പറയാം….പക്ഷേ ഇന്ന് എന്തായാലും അവര് വന്ന് കണ്ട് പോട്ടേ….എന്നിട്ട് മോൾക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞാൽ മതി…” അവര് ഒരുപാട് നിർബന്ധിച്ച ശേഷമാണ് ശ്രീ ഫ്രഷ് ആവാൻ പോയത്…. അവൾ കുളിച്ച് വന്നപ്പോഴേക്കും വസുന്ധരയും റൂമിലേക്ക് വന്നു…രണ്ടാളും കൂടെയാണ് ശ്രീയെ ഒരുക്കിയത്…

“ഇതൊന്നും വേണ്ട അമ്മാ…പ്ലീസ്…ഇത്രയൊക്കെ ഒരുങ്ങിയാ മതി…” ശ്രീയുടെ കണ്ണെഴുതാൻ നോക്കിയ വസുന്ധരയെ തടഞ്ഞ് കൊണ്ട് അവൾ പരിഭവിച്ചെങ്കിലും അവരുടെ ഒരു നോട്ടം കൊണ്ട് അവൾ നല്ല കുട്ടിയായി ഇരുന്നു… മുറ്റത്ത് കാർ നിർത്തുന്നതും ആരുടെയൊക്കെയോ സൗണ്ടും കേട്ട് വസുവും സുമയും പുറത്തേക്ക് ഇറങ്ങി… എന്നാ ശ്രീ അതൊന്നും ശ്രദ്ധിക്കാതെ ഫോണിലേക്ക് നോക്കി സാമിന്റെ കോൾ വരാത്തതിൽ പരിഭവിച്ച് ഇരിക്കുകയായിരുന്നു… “ശ്രീക്കുട്ടീ…..” മാധവന്റെ വിളി കേട്ട് ഞെട്ടി എണീറ്റതും വസുന്ധര ട്രേയുമായി വന്നിരുന്നു… “അമ്മാ….” ചിണുങ്ങിയുള്ള അവളുടെ നിൽപ്പ് കണ്ട് ചിരി കടിച്ചമർത്തി അവളെ ഒന്ന് നോക്കി പേടിപ്പിച്ച് ട്രേ ശ്രീയുടെ കൈയിലേക്ക് വെച്ച് കൊടുത്തു… “നടക്ക്….” വസുന്ധരയെ ഒന്ന് നോക്കി മുഖം വീർപ്പിച്ച് അവളാ ട്രേയുമായി ഹാളിലേക്ക് ചെന്നു…

അത് വരെ സംസാരം തകൃതിയായി നടന്ന അവിടം അവളുടെ കൊലുസിന്റെ ശബ്ദം മാത്രം കേൾക്കാൻ തക്കവണം നിശബ്ദമായി…. “ദേ മോന് കൊടുക്ക് വാവേ…” തല ഉയർത്താതെ ആരോടൊക്കെയോ ഉള്ള ദേഷ്യം മുഖത്ത് കുത്തി നിറച്ച് വരുന്ന ശ്രീയെ കണ്ട് മാധവൻ ചെറുക്കന്റെ നേർക്ക് കാണിച്ച് കൊടുത്തു… “ഓ ഒരു മോൻ….ഹും….ശ്ശേ…ചായയിൽ വിമ്മോ മറ്റോ കലക്കണമായിരുന്നു….ഒരു ദിവസം ടോയിലറ്റിൽ നിന്ന് എഴുന്നേൽക്കരുത്…പെണ്ണ് കാണാൻ വന്നേക്കുന്നു….” ഓരോന്ന് ഞൊടിഞ്ഞ് കൊണ്ട് മുഖം കേറ്റി വെച്ച് ചെറുക്കന് നേരെ ചായ നീട്ടിക്കൊണ്ട് നോക്കിയതും അവളുടെ കണ്ണ് താഴേക്ക് വീഴാൻ പാകത്തിന് തുറിച്ച് വന്നു… “ഇ….ഇച്ചായൻ…” അവളെ മയക്കിയ അതേ കുസൃതി ചിരി ചുണ്ടുകളിൽ നിറച്ച് വെച്ച് സാം അവളെ ഉറ്റ് നോക്കി ഇരിക്കുന്നത് കണ്ടതും ശ്രീയുടെ ചുണ്ടുകളും പതിയെ വിടരാനായി തുടങ്ങിയിരുന്നു…….തുടരും

നിനക്കായ് : ഭാഗം 82

Share this story