പുതിയൊരു തുടക്കം: ഭാഗം 13

പുതിയൊരു തുടക്കം: ഭാഗം 13

എഴുത്തുകാരി: അനില സനൽ അനുരാധ

“പോകട്ടെ… ” എന്നും പറഞ്ഞ് അവളുടെ മറുപടിയ്ക്കു പോലും കാത്തു നില്ക്കാതെ കിച്ചു മുറ്റത്തേക്ക് ഇറങ്ങി നടന്നു… ജീവൻ അടുത്തേക്ക് വന്നപ്പോൾ അവൾക്കു ആശ്വാസം തോന്നി… “ഞാൻ ചെയ്തത് തെറ്റായിരുന്നോ?” ആദി അവനോട് തിരക്കി… “അതു തെറ്റായാലും ശരിയായാലും അതിന്റെ പരിണിതഫലമായാണ് ഞാൻ കെട്ടിയ താലി നിന്റെ കഴുത്തിൽ കിടക്കുന്നത്… ” “എന്നോട് ദേഷ്യം തോന്നുന്നുണ്ടോ? ” “എന്തിന്? ” ……. “എന്റെ പെണ്ണേ… കെട്ടിയ അന്നു തൊട്ടു നിന്നോട് ദേഷ്യപ്പെട്ടു തന്നെയല്ലേ ഞാൻ നടന്നിരുന്നത്… ഇനിയും ദേഷ്യപ്പെടണോ… വേണേൽ ആകാം.. ” “അയ്യോ വേണ്ട… ” ആലോചനയോടെ അവൾ പറഞ്ഞു …

“എന്താ നീയിപ്പോൾ ആലോചിച്ചത്? ” “അന്നു ദേഷ്യപ്പെട്ടു ഷെൽഫിൽ ഒരു ചവിട്ടും കൊടുത്തു എന്നെ എന്തൊക്കെയോ വിളിച്ചു പറഞ്ഞ് ഇറങ്ങി പോയില്ലേ… അതോർത്താൽ തന്നെ… ” തല കുടഞ്ഞു കൊണ്ട് അവൾ പറഞ്ഞു നിർത്തി… “ഓർത്താൽ തന്നെ? ” ” ഒരു വിറയലാ… ” “ആ വിറ കേറിയാകും അന്ന് നാട് വിട്ടത്… ” “പിന്നെ ശല്ല്യമാണ്… ഒഴിഞ്ഞു പോകണം എന്നൊക്കെ പറഞ്ഞാൽ… ” “പറഞ്ഞാൽ പോകുമോ? ” “ഞാൻ വിചാരിച്ചു എന്നെ ഒഴിവാക്കി ആ കുട്ടിയെ കെട്ടും എന്ന്… ” ജീവൻ അവളുടെ കയ്യും പിടിച്ച് തിണ്ണമേൽ ഇരുന്നു… “ഇന്നത്തെ നിന്റെ ഡയലോഗ് ഒക്കെ കേട്ട് ആ പ്രവി തകർന്ന് പണ്ടാരമടങ്ങിക്കാണും… എങ്ങനെ പഠിച്ചു ഡയലോഗ് അടിക്കാൻ… ” “മനഃപൂർവം അല്ല.

അറിയാതെ പറഞ്ഞു പോയതാ… പ്രവിയേട്ടനു സങ്കടം ആയിക്കാണും… ” “അവരുടെ സങ്കടം അവിടെ കിടക്കട്ടെ… ഞാൻ ഞായറാഴ്ച പോകും അതോർത്തു എന്റെ ഭാര്യയ്ക്കു സങ്കടം ഉണ്ടോ? ” “ഇല്ല… ” “ഇല്ലേ? ” “ഇല്ലാന്ന്… ” “സത്യം പറയെടീ…” “പറയില്ല… ” എന്നു പറഞ്ഞ് അവൾ എഴുന്നേറ്റു മുറിയിലേക്ക് നടന്നു… പോകുന്നത് ഓർത്താൽ തന്നെ കരച്ചിൽ വരും. അപ്പോഴാണ് സങ്കടം ഉണ്ടോ എന്നു തിരക്കി വരുന്നത് . “ഞാൻ പറയിപ്പിച്ചാലോ? ” ജീവൻ പിന്നാലെ വന്നു പറഞ്ഞു. “അത് അപ്പോഴല്ലേ? ” എന്നു പറഞ്ഞ് അവൾ മുറിയിലേക്ക് കടന്നു … “അപ്പോഴല്ല… ഇപ്പോൾ തന്നെ പറയിപ്പിക്കും ഞാൻ… ” എന്നു പറഞ്ഞ് അവൻ അവളുടെ വലതു കയ്യിൽ പിടിച്ചു. അവന്റെ വിരലുകൾക്കിടയിൽ അവളുടെ വിരലുകൾ ഞെരിഞ്ഞ് അമർന്നു കൊണ്ടിരുന്നു…

മിഴികൾ തമ്മിൽ കോർത്തു… അവനിൽ നിന്നും നോട്ടം മാറ്റാൻ കഴിയാതെ അവന്റെ കണ്ണുകളുടെ ആഴത്തിൽ നിന്നും മുക്തയാകാൻ കഴിയാതെ അവൾ നിന്നു.. രണ്ടു പേരും ഒന്നും സംസാരിച്ചില്ല… മൗനത്തിനു അപ്പുറം ഇനി എന്തെങ്കിലുമുണ്ടോ എന്നു ചോദിക്കാൻ കഴിയാത്ത വിധം എന്തോ അവളുടെ തൊണ്ട വരണ്ടു പോയിരുന്നു… ചുണ്ടുകൾ കൂട്ടി പിടിച്ചു നിന്നു…. അല്ലെങ്കിൽ തൊട്ടടുത്ത നിമിഷം ഉള്ളിൽ മറച്ചു പിടിക്കാൻ ശ്രമിക്കുന്ന സങ്കടം എല്ലാം അണപൊട്ടി പുറത്തേക്കു വന്നേക്കാം… എന്നാൽ അപ്പോഴേക്കും ആ ശ്രമത്തെ പരാജയപ്പെടുത്താൻ എന്നോണം അവളുടെ അധരങ്ങൾ അവൻ സ്വന്തമാക്കി… ശ്വാസം കിട്ടാതെ പിടയുമ്പോൾ അവളുടെ കൂർത്ത നഖം അവന്റെ നെഞ്ചിൽ ആഴ്ന്നു കൊണ്ടിരുന്നു…

ഒടുവിൽ അവനിൽ നിന്നും മുക്തയാകുമ്പോൾ അവൾ തളർച്ചയോടെ അവന്റെ നെഞ്ചിലേക്ക് വീണു … “ആദി… ” അവന്റെ ശബ്ദം അവൾ കേട്ടു… വിളി കേൾക്കാൻ തോന്നിയില്ല… അവന്റെ ചുണ്ടുകൾ നെറ്റിയിൽ പതിഞ്ഞപ്പോൾ അവൾ അവനെ ശക്തിയിൽ തള്ളി മാറ്റി… “എന്നെ തനിച്ചാക്കി പോകുമോ?” അവളുടെ ഉള്ളിലെ വേദന മുഴുവൻ ആ ശബ്ദത്തിൽ നിഴലിച്ചിരുന്നു. “എടി ഞാൻ ഇപ്പോൾ വീണേനെ… ” അവൻ ചിരിയോടെ പറഞ്ഞു… “ഞാൻ ചോദിച്ചതിന് ഉത്തരം പറയൂ… ” “ഞാൻ മുൻപ് പറഞ്ഞിരുന്നല്ലോ തനിച്ചാക്കി പോകുന്നതല്ലെന്ന്… ജോലി ചെയ്യാൻ അല്ലേ? ” “ഈ ജോലി നാട്ടിൽ ചെയ്യാൻ പറ്റില്ലേ? ” “പറ്റു… പക്ഷേ? ” “പക്ഷേ? ” “കമ്പനിയുമായി ഒരു എഗ്രിമെന്റ് ഉണ്ട്. അത് അനുസരിച്ചു രണ്ടു വർഷം കൂടി അവിടെ വർക്ക്‌ ചെയ്യേണ്ടി വരും.

പിന്നെ ആറുമാസം കഴിഞ്ഞാൽ പതിനഞ്ചു ദിവസത്തേക്ക് ലീവ് കിട്ടും… ഇനി ഒരു വർഷം ആയിട്ടാണ് വരുന്നതെങ്കിൽ ഒരു മാസം ലീവ് കിട്ടും… ” “എന്നാൽ രണ്ടു വർഷം ആയിട്ട് വന്നാൽ മതി. അപ്പോൾ രണ്ടു മാസം ലീവ് കിട്ടുമല്ലോ…” “അത് ശരിയാ … അല്ല .. എടീ രണ്ടു വർഷം കഴിഞ്ഞാൽ പിന്നെ എന്തിനാ എനിക്ക് രണ്ടു മാസം ലീവ്. പിന്നെ ഞാൻ ഇവിടെ അല്ലേ?” അവൾ ഒന്നും പറയാതെ മുഖം തിരിച്ചു നിന്നു… അവൻ പിന്നിൽ നിന്നും അവളെ പുണർന്നു… “നിന്നെ പിരിഞ്ഞ് ഇരിക്കേണ്ടി വന്നാൽ… സത്യം… എനിക്ക് വേദനിക്കും ആദി… ഇത്രനാൾ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ…” അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നു… *** “നിനക്ക് ഇപ്പോൾ എന്താണ് വേണ്ടത് ഹിമേ?”

“അവൾ എന്തിനാ കിച്ചേട്ടനെ വിളിച്ചത്? ” “ആരു വിളിച്ച കാര്യമാ നീ പറയുന്നത്? ” “ഉണ്ണിമായ… ” “ഞാൻ ലീവ് എടുത്ത കാരണം എനിക്ക് അസുഖം ഒന്നും ഇല്ലല്ലോ എന്ന് തിരക്കാൻ… അറിഞ്ഞില്ലേ. ഇനിയെങ്കിലും കുറച്ചു സമാധാനം തരൂ…” “എല്ലാവരും ലീവ് എടുത്താൽ അവൾ വിളിച്ചു ചോദിക്കുമോ? ” ഹിമ വിടാൻ ഭാവം ഇല്ലായിരുന്നു… “എന്റെ ഫോൺ എവിടെ? ” അവൾ ടേബിളിലേക്ക് വിരൽ ചൂണ്ടി. “അതിങ്ങ് എടുക്ക്…” അവൾ ഫോൺ എടുത്ത് അവനു നേർക്ക് നീട്ടി… ഒരു നിമിഷം കൊണ്ട് ഫോൺ തകർന്ന് ചിന്ന ഭിന്നമായി പോയി … “ഇനി ഞാൻ ചത്തു തൊലഞ്ഞെന്ന് അറിഞ്ഞാലും ആരും വിളിക്കില്ല… മതിയോ? ”

കിച്ചു എഴുന്നേറ്റു അകത്തേക്ക് നടന്നു. അമ്മയുടെ മടിയിൽ ഇരിക്കുന്ന അപ്പുവിനെ കണ്ടപ്പോൾ അവരുടെ അടുത്ത് വന്നിരുന്നു … അവനെ കണ്ടതും അപ്പു അവന്റെ നേർക്ക് കൈ നീട്ടി… അവനെ എടുത്തു മടിയിൽ ഇരുത്തി… സേതു അവരെ നോക്കി ഇരുന്നു… “എല്ലാവരും പോയോ തറവാട്ടിൽ നിന്ന്? ” സേതു തിരക്കി . “ഇല്ല. ആദിയും ജീവനും അവിടെയുണ്ട്… ” “നീ കണ്ടോ? ” “കണ്ടു… ” “സംസാരിച്ചോ? ” “ഹ്മ്മ്… ” “ഇനി അവളോട്‌ ദേഷ്യം ഒന്നും വേണ്ട മോനെ… ” “ഹ്മ്മ്… ” “പാവാണ്… കല്യാണം കഴിഞ്ഞപ്പോഴും അതിനു കണ്ണുനീർ ആയിരുന്നു. ഇപ്പോഴാ എല്ലാം ഒന്ന് നേരെ ആയത്. ആ സമയത്തു നമ്മൾ ആയിട്ട് അവളുടെ കണ്ണുനീരിനു കാരണക്കാർ ആകാൻ ഇട വരരുത്… ” “ഞാൻ ഒന്നിനും പോകുന്നില്ല അമ്മേ… അമ്മ പേടിക്കണ്ട… ”

“ഹിമയോട് വഴക്കിനു ഒന്നും പോകരുതേ മോനെ… ” “ഞാൻ ഒന്നിനും പോകുന്നതല്ലല്ലോ…. അവളായിട്ട് ഓരോന്നു ഉണ്ടാക്കുന്നതിനും ചിന്തിച്ചു കൂട്ടുന്നതിനും ഞാൻ എന്തു ചെയ്യും… ഓരോന്നു ചെയ്തു കൂട്ടുമ്പോഴും അത് എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടു മാത്രമാണെന്ന് പറയുമ്പോൾ എപ്പോഴും അതു ഞാൻ അംഗീകരിച്ചു കൊടുക്കണോ… ഇത്ര നാളും അങ്ങനെ വിശ്വസിക്കാൻ ശ്രമിച്ച് അവളെ സ്നേഹിച്ച് തന്നെയല്ലേ കൂടെ കഴിഞ്ഞത്. എന്നാലും അവൾക്ക് എന്നെ മനസിലാവില്ല. അവൾക്ക് ഭ്രാന്താണോ അമ്മേ? എനിക്ക് ചില സമയത്ത് അവളുടെ പെരുമാറ്റം കാണുമ്പോൾ അങ്ങനെ തോന്നുന്നു.” പെട്ടെന്നാണ് ഹിമ അവരുടെ അടുത്തേക്ക് വന്നത് … “എന്റെ കുഞ്ഞിനെ ഇങ്ങു താ… ” എന്നും പറഞ്ഞ് അവന്റെ കയ്യിൽ നിന്നും തട്ടി പറിച്ചെടുത്തു. അതോടെ അപ്പു കാറി കരയാൻ തുടങ്ങി.

“മോനെ ഇങ്ങു താ ഹിമേ… ” എന്നു പറഞ്ഞ് അവൻ മോനെ എടുക്കാൻ തോന്നി… “ഭ്രാന്തിയുടെ കുഞ്ഞ് അല്ലേ. അവനു അപ്പോൾ അമ്മ മതി…” പറയുമ്പോൾ ഹിമയുടെ വാക്കുകൾക്ക് മൂർച്ച ഏറിയിരുന്നു… അവിടെ നിന്നും അവൾ ചാടി തുള്ളി പോയി. വാതിൽ വലിച്ച് അടക്കുന്ന ശബ്ദം കേട്ടതും സേതു പകപ്പോടെ കിച്ചുവിനെ നോക്കി. *** ആദിയും ജീവനും പിറ്റേന്ന് നേരത്തെ തന്നെ എല്ലാവരോടും യാത്ര പറഞ്ഞ് തറവാട്ടിൽ നിന്നും ഇറങ്ങി. ചെറിയച്ഛൻ നയനയുടെ വീട്ടിൽ നിന്നും ആളുകൾ വരുമ്പോഴേക്കും വരാം എന്നു പറഞ്ഞിരുന്നു. ആദിയുടെ വീട്ടിൽ എത്തിയപ്പോൾ അവിടെ ജീവന്റെ വീട്ടിൽ നിന്നും എല്ലാവരും എത്തിയിരുന്നു .

കുറച്ചു നാളുകൾക്കു ശേഷം മക്കൾ എല്ലാവരും ഒരുമിച്ച് വീട്ടിൽ ഒത്തു കൂടിയപ്പോൾ തന്നെ രമേശനു ഒരുപാട് സന്തോഷം തോന്നി… ജീവനെയും ആദിയേയും ഒരുമിച്ച് കാണുമ്പോൾ എല്ലാം എല്ലാവരുടെയും ചുണ്ടിൽ പുഞ്ചിരി വിടർന്നു… വീട്ടിലെ പരിപാടികൾ എല്ലാം കഴിഞ്ഞു ഇറങ്ങാൻ നേരം ജീവൻ എല്ലാവരെയും വീട്ടിലേക്ക് ക്ഷണിച്ചു. ഞായറാഴ്ച നേരത്തെ തന്നെ അങ്ങോട്ട് വരാൻ പറഞ്ഞു… ജീവന്റെ വീട്ടിൽ എത്തി ഓരോ ദിവസം കഴിയും തോറും നെഞ്ചിൽ ഒരു കല്ലെടുത്ത് വെച്ച പ്രതീതി ആയിരുന്നു ആദിയ്ക്ക്… ശനിയാഴ്ച രാത്രി ആദി മുറിയിലേക്ക് വരുമ്പോൾ ജീവൻ ബാഗ് പാക്ക് ചെയ്യുന്നുണ്ടായിരുന്നു. “ഞാൻ ചെയ്യാം… ” എന്ന് പറഞ്ഞു ആദി അടുത്തേക്ക് ചെന്നെങ്കിലും ജീവൻ വേണ്ടെന്നു പറഞ്ഞു… “ഇതെന്താ ഡ്രസ്സ്‌ മാത്രം കൊണ്ടു പോകുന്നത്? വേറെ ബേക്കറി ഐറ്റംസ്…

അച്ചാർ അങ്ങനെ ഒന്നും കൊണ്ടു പോകില്ലേ? ” “കൊണ്ടു പോകാറുണ്ട്. പിന്നെ കുറച്ചു ദിവസം കഴിഞ്ഞാൽ ജയേട്ടനും ഏടത്തിയും ഒക്കെ വരുമല്ലോ അവരു കൊണ്ടു വന്നോളും… ” ആദി അവനെ നോക്കി ബെഡിൽ ഇരുന്നു… “ഇതെന്താടീ നോക്കി എന്റെ ചോര മൊത്തം ഊറ്റി കുടിക്കുമോ? ” ജീവന്റെ ചോദ്യം കേട്ടതും അവൾ വേഗം നോട്ടം മാറ്റി… “നീ കിടന്നോ… ഞാൻ ഇപ്പോൾ വരാം. ജയേട്ടനോട്‌ ഒരു കാര്യം പറയാൻ മറന്നു… ” അവൻ പോയി വരുമ്പോഴും അവൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. “കിടന്നോടീ… ” “ജീവേട്ടൻ കിടക്കുന്നില്ലേ? ” “ഹ്മ്മ്… ” അവൻ കിടന്നപ്പോഴാണ് അവളും കിടന്നത്. രണ്ടു പേരും ഒന്നും സംസാരിച്ചില്ല… എപ്പോഴോ ആദിയിൽ നിന്നും ഒരു തേങ്ങൽ ഉയർന്നത് ജീവൻ അറിഞ്ഞിരുന്നു… ജീവൻ ഉണരുമ്പോൾ അവനെ നോക്കി കിടക്കുന്ന ആദിയെയാണ് കണ്ടത്…

അവനു അവളോട് പ്രണയവും വാത്സല്യവും തോന്നി… കൈ നീട്ടി അവളെ നെഞ്ചോടു പൊതിഞ്ഞു പിടിച്ചു… ആദിയുടെ കണ്ണുകളിൽ നിർവികാരതയായിരുന്നു. പക്ഷേ ഹൃദയം നിശബ്ദമായി കരഞ്ഞു… വീട്ടിൽ നിന്നും എല്ലാവരും വന്നു. താൻ ഒഴികെ എല്ലാവരും സന്തോഷത്തിലാണ് എന്നു ആദിയ്ക്ക് തോന്നി … ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നിട്ട് ആദിയ്ക്ക് തൊണ്ടയിൽ നിന്നും ഇറങ്ങുന്നുണ്ടായിരുന്നില്ല. എല്ലാവരുടെയും മുൻപിൽ ഇരുന്ന് കരഞ്ഞു പോകും എന്ന് തോന്നിയപ്പോൾ അവൾ ആരെയും നോക്കാതെ പ്ലേറ്റും എടുത്ത് എഴുന്നേറ്റു പോയി. “നീ എയർപോർട്ടിലേക്ക് വരുന്നില്ലേ? ” എന്ന ചോദ്യം കേട്ടതും ജനലഴിയിലെ പിടുത്തം വിട്ട് ആദി തിരിഞ്ഞു നോക്കി… “വരുന്നില്ലേ? ” “ഇല്ല… ” എന്നു പറഞ്ഞു അവൾ വീണ്ടും പുറത്തേക്കു നോക്കി നിന്നു… “നീയും വരണം.

അത്ര നേരം കൂടെ നിന്നോടൊപ്പം ഇരിക്കാമല്ലോ… ” “പിന്നെ തിരിച്ചു വരുമ്പോൾ ഞാൻ തനിച്ചായി പോകില്ലേ? വേണ്ട… ഞാൻ വരുന്നില്ല… ” “ദേ പെണ്ണേ… എന്നെ ദേഷ്യം പിടിപ്പിക്കരുത്… എയർപോർട്ടിൽ എത്തുന്നതു വരെ എന്റെ കൈ നിന്റെ കയ്യിൽ പിടി മുറുക്കിയിരിക്കും… അതിനു ഒരു മാറ്റവും ഇല്ല… ” ആദി ഒന്നും പറയാതെ വീണ്ടും വിദൂരതയിലേക്ക് നോക്കി നിന്നു… ജീവൻ ഡ്രസ്സ്‌ മാറാൻ തുടങ്ങുമ്പോൾ തന്നെ ആദിയുടെ കണ്ണുകൾ ഒഴുകാൻ തുടങ്ങി… “ഇപ്പോൾ തന്നെ കരഞ്ഞു കണ്ണുനീർ എല്ലാം തീർക്കല്ലേ.. കുറച്ച് എയർപോർട്ടിൽ എത്തിയിട്ട് കരയാൻ ബാക്കി വെച്ചേക്ക്… ” “ജീവേട്ടനു എല്ലാം തമാശയാണ്…” എന്ന് പറഞ്ഞ് അവൾ കണ്ണുകൾ തുടച്ച് മുഖം കൂർപ്പിച്ച് അവനെ നോക്കി…

“ഞാൻ നിന്റെ കൂടെ കരഞ്ഞാൽ നിനക്ക് സന്തോഷം കിട്ടുമോ. എങ്കിൽ ഞാൻ സങ്കടം അടക്കി പിടിച്ചു നടക്കേണ്ട കാര്യം ഇല്ലല്ലോ.. കരയട്ടെ?” “വേണ്ട… ” “എന്നാൽ വേഗം മാറാൻ നോക്ക്… ” ഒരു ഇളം റോസ് സാരി എടുത്തുടുത്തു… മുറിയിൽ നിന്നും ഇറങ്ങാൻ നേരം ജീവൻ അവളെ ആശ്ലേഷിച്ചു… കവിളിൽ മൃദുവായി തട്ടി… നിറുകെയിൽ ചുംബിച്ചു. മിഴികൾ അടച്ചു നിന്ന് അവന്റെ ഹൃദയസ്പന്ദനവും കേട്ട് അവൾ അത് സ്വീകരിച്ചു… എയർപോർട്ടിലേക്ക് പോകാൻ ജയനും ദുർഗ്ഗയും ഉണ്ടായിരുന്നു… അമ്മയുടെ അനുഗ്രഹം വാങ്ങി എല്ലാവരോടും യാത്ര പറഞ്ഞ് ജീവൻ ഇറങ്ങി. ജയനാണ് ഡ്രൈവ് ചെയ്തത്… കോ ഡ്രൈവിംഗ് സീറ്റിൽ ദുർഗ്ഗ ഇരുന്നു… ആദിയുടെ കയ്യിൽ മുറുകെ പിടിച്ച് ജീവൻ ഇരുന്നു…

ആരും പരസ്പരം ഒന്നും സംസാരിച്ചില്ല… ആദിയുടെ കൈകൾ വിറകൊള്ളുന്നുണ്ടായിരുന്നു. അതു തിരിച്ചറിഞ്ഞപ്പോൾ ജീവൻ അവളെ അവനിലേക്ക് ചേർത്തു പിടിച്ചു… കുറച്ചു ദിവസത്തെ ടെൻഷനും ഉറക്കമില്ലായ്മയും കാരണം പതിയെ അവളുടെ മിഴികൾ അടഞ്ഞു വന്നു… അവന്റെ ഹൃദയമിടിപ്പ് കേട്ട് അവൾ ശാന്തമായി ഉറങ്ങി… ആദി മിഴികൾ പതിയെ ചിമ്മി തുറന്നു… അവൾ സീറ്റിൽ ചാരി കിടക്കുകയായിരുന്നു… അടുത്ത് ജീവൻ ഇല്ലെന്ന് കണ്ടതും അവൾ ആന്തലോടെ ഞെട്ടി എഴുന്നേറ്റ് ഇരുന്നു പോയി… അവൾ ഡോർ ഓപ്പൺ ചെയ്ത് പുറത്തേക്കു ഇറങ്ങി… ഇരുട്ട് പരന്നു തുടങ്ങിയിരുന്നു … പെട്ടെന്ന് ചുറ്റും കണ്ണോടിച്ചു നോക്കി. റോഡിന്റെ അപ്പുറത്തുള്ള തട്ടു കടയിൽ നിന്നും ജീവൻ അവളെ കൈ ഉയർത്തി കാണിച്ചു… അവളും…

കയ്യിൽ ഒരു ഗ്ലാസ്സ് ചൂട് കാപ്പിയും കൊണ്ട് ജീവൻ അവളുടെ അരികിലേക്ക് നടന്നു വന്നു… “ഇതേതാ സ്ഥലം. ഇതെന്താ ഇവിടെ… ജയേട്ടനും ദുർഗ്ഗയും എവിടെ? ” അവൾ ഒറ്റ ശ്വാസത്തിൽ തിരക്കി… “ആദ്യം നീ ഈ ചൂട് കാപ്പി കുടിക്കൂ… ബാക്കി എല്ലാം പിന്നെ സംസാരിക്കാം… ” അവൾ അവന്റെ കയ്യിൽ നിന്നും കാപ്പി വാങ്ങി… ചുണ്ടോടു ചേർത്തു പതിയെ കുടിച്ചു തുടങ്ങി… “ജീവേട്ടൻ കുടിച്ചോ? ” “ഇല്ല… ” “പിന്നെ എന്താ ഒരു കാപ്പി വാങ്ങിച്ചത്? ” അവൻ ഒന്നും പറയാതെ അവളുടെ അരികിലായി കാറിൽ ചാരി നിന്നു… അതിനു ശേഷം അവൾ കുടിക്കുന്ന കാപ്പി ഗ്ലാസ്സ് വാങ്ങി അവൻ കുടിക്കാൻ തുടങ്ങി… അവൾ കണ്ണു മിഴിച്ച് അവനെ നോക്കി…

അവൻ കാപ്പി ഗ്ലാസ്സ് അവളുടെ ചുണ്ടോടു ചേർത്തു വെച്ചപ്പോൾ അവന്റെ കണ്ണിലേക്കു നോക്കി തന്നെ അവൾ കാപ്പി കുടിക്കാൻ തുടങ്ങി… അവൻ ചുണ്ട് കൊണ്ടു ഉമ്മ വെക്കുന്ന പോലെ കാട്ടി ഒരു കണ്ണടിച്ചു കാണിച്ചതും കാപ്പി തരിപ്പിൽ പോയി അവൾ ചുമക്കാൻ തുടങ്ങി… അവൻ വേഗം തലയിൽ തട്ടി കൊടുത്തു… ജീവൻ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നതിന് ശേഷം അവൾക്ക് കയറാൻ ഡോർ തുറന്നു കൊടുത്തു… അവൾ അവന്റെ അരികിൽ ഇരുന്നു… “ഡോർ അടച്ച് സീറ്റ് ബെൽറ്റ്‌ ഇട്ടേക്ക്… ” അവൾ അവൻ പറഞ്ഞതു പോലെ ചെയ്തു. ജീവൻ അവളെ ശ്രദ്ധിക്കാതെ ഡ്രൈവ് ചെയ്ത് തുടങ്ങി… ആദി പുറം കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു… സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ തേയിലത്തോട്ടങ്ങൾ കണ്ടുതും അവൾ മുഖം ചെരിച്ച് അവനെ നോക്കി.

അവൻ സൈഡ് ഗ്ലാസ്സ് താഴ്ത്തിയതും കാറിനുള്ളിൽ ആകെ തണുപ്പ് അരിച്ചിറങ്ങി… ഇരുവരുടെ ശരീരത്തിലും ആകെ തണുപ്പ് പടരാൻ തുടങ്ങിയിരുന്നു… എയർപോർട്ടിലേക്കല്ല പോകുന്നതെന്ന് അവൾക്ക് മനസ്സിലായി… “ഇതു മൂന്നാർ അല്ലേ? ” അവൾ പതിയെ തിരക്കി… “ഹ്മ്മ്.. നീ ഇങ്ങോട്ടു വന്നിട്ടുണ്ടോ? ” “ആഹ്.. കോളേജിൽ പഠിക്കുമ്പോൾ ടൂറിനു വന്നിട്ടുണ്ട്. അന്നു ഏതോ ഡാം ഒക്കെ കാണാൻ പോയിരുന്നു. ഇപ്പോൾ എന്തിനാ ഇങ്ങോട്ടു വന്നത്? ” “അത് ഇപ്പോൾ പറയാൻ പറ്റില്ല…” “എയർപോർട്ടിൽ പോകുന്നില്ലേ? ജയേട്ടനും ദുർഗ്ഗയും കൂടെ ഉണ്ടായിരുന്നല്ലോ? ” “നീ നല്ല ഉറക്കമായപ്പോൾ അവരെ അങ്ങ് ഒഴിവാക്കി… തല്ക്കാലം നമ്മുടെ സ്വർഗത്തിൽ കട്ടുറുമ്പുകൾ ഒന്നും വേണ്ട… നീയും ഞാനും മാത്രം… ” നേരം കടന്നു പോയി കൊണ്ടിരുന്നു… പോകുന്ന വഴി ഒരു റെസ്റ്റോറന്റിൽ കയറി ഫുഡ്‌ കഴിച്ചു.

പത്തുമണിയോട് കൂടി അവർ ഒരു റിസോർട്ടിൽ എത്തി. ജീവൻ ആദ്യം ഇറങ്ങി. തൊട്ടു പിന്നാലെ ആദിയും… കാറിന്റെ ഡിക്കിയിൽ നിന്നും ഒരു കയ്യിൽ ബാഗ് പിടിച്ചു… മറു കയ്യാൽ ആദിയുടെ കൈ പിടിച്ചു… പുഞ്ചിരിച്ചു കൊണ്ടു ഒരു യുവാവ് അവരുടെ അടുത്തേക്ക് നടന്നു വന്നു… “ആദി… ഇതെന്റെ ഫ്രണ്ട് മാധവ്…. ഈ റിസോർട്ടിന്റെ മാനേജരാണ്…” ജീവൻ അയാളെ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ആദി അയാളെ നോക്കി പുഞ്ചിരിച്ചു. “യാത്രയൊക്കെ സുഖമായിരുന്നില്ലേ? ” മാധവ് തിരക്കി… ആദി തലയാട്ടി. മാധവ് ജീവന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങാൻ നോക്കി എങ്കിലും ജീവൻ പിടിച്ചോളാം എന്നു പറഞ്ഞു… മാധവിന്റെ പുറകിലായി ഇരു ഭാഗത്തും അലങ്കാര വിളക്കുകൾ നിറഞ്ഞു നിൽക്കുന്ന പാതയിലൂടെ ജീവനും ആദിയും നടന്നു…

മുൻപോട്ടു നടക്കും തോറും ജീവന്റെ കൈ തന്റെ ഇടുപ്പിൽ അമരുന്നത് ആദി അറിയുന്നുണ്ടായിരുന്നു… ഒരു കോട്ടേജിനു മുൻപിൽ എത്തിയപ്പോൾ മാധവ് അവരെ തിരിഞ്ഞു നോക്കി… അതിനു ശേഷം അവർക്കായി ഡോർ തുറന്നു കൊടുത്തു… “നീ അകത്തേക്ക് ചെല്ല്… ഞാൻ ഇപ്പോൾ വരാം… ” എന്ന് പറഞ്ഞ് ജീവൻ മാധവിന്റെ കൂടെ കുറച്ചു ദൂരേക്ക് മാറി നിന്നു… ആദി ഡോറിന്റെ അരികിലേക്ക് നടന്നെങ്കിലും അകത്തേക്ക് കയറാതെ ജീവനെ നോക്കി… രണ്ടു പേരും നല്ല സംസാരവും ചിരിയും. ഇടയ്ക്ക് മാധവ് ജീവന്റെ തോളിൽ ഇടിച്ചു ഉറക്കെ ചിരിച്ചു… ജീവന്റെ നോട്ടം ആദി നിൽക്കുന്ന ഭാഗത്തേക്ക് എത്തി നിന്നു… പിന്നെ വേഗം സംസാരം അവസാനിപ്പിച്ചിട്ട് ആദിയുടെ അരികിലേക്ക് വന്നു…

ആദി മുഖം വീർപ്പിച്ചു പിടിച്ചിരുന്നു… “എന്തിനാ പുറത്തു നിന്നത്? ” എന്നു ചോദിച്ച് അവളുടെ കൈ പിടിച്ച് അകത്തേക്ക് കയറാൻ തുടങ്ങിയതും അവൾ അവന്റെ കൈ തട്ടി മാറ്റി ആദ്യം കടന്നു… ജീവൻ ഡോർ അടച്ചു തിരിഞ്ഞു നോക്കുമ്പോൾ അവൾ സോഫയിൽ ഇരിപ്പുണ്ട്… “നീ ഇവിടെ മുഖം വീർപ്പിച്ച് ഇരിക്ക്…. ആ നേരം ഞാൻ പോയി ഫ്രഷ്‌ ആകട്ടെ… കുറെ നേരം ഡ്രൈവ് ചെയ്തതല്ലേ നല്ല ക്ഷീണം… ” അവൻ മുറിയിലേക്ക് പോയിട്ടും അവൾ അവിടെ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഷോട്സും ബനിയനും ഇട്ട് ജീവൻ അവളുടെ അരികിൽ വന്നിരുന്നു… അവൾ നല്ല ദേഷ്യത്തിൽ ആണെന്ന് മുഖം കണ്ടപ്പോൾ തന്നെ അവനു മനസ്സിലായി. അവൻ തോളിൽ കൈ വെച്ചതും അവൾ അതു തട്ടി എഴുന്നേറ്റു…

“അതേയ് ബാഗിൽ നിന്റെ ഡ്രസ്സും ഉണ്ട്… വേണേൽ ഫ്രഷ്‌ ആയ ശേഷം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തോ… ” അവൻ കുസൃതിയോടെ പറഞ്ഞു… അവൾ ഒന്നും പറയാതെ മുറിയിലേക്ക് കടന്നു… ആ കിടപ്പു മുറി മനോഹരമായി അലങ്കാരിച്ചിരുന്നു… മുറിയിൽ ആകെ മുല്ലപ്പൂവിന്റെ ഗന്ധം നിറഞ്ഞു നിന്നിരുന്നു… മുറിയിൽ ആകപ്പാടെ ഒന്നു നോക്കിയപ്പോൾ നിലത്ത് ഇരുന്നിരുന്ന ബാഗ് കണ്ടു… അതിൽ നിന്നും ഒരു ചുരിദാർ എടുത്ത് അവൾ ഫ്രഷ്‌ ആകാൻ കയറി… കുളി കഴിഞ്ഞു ഡോർ തുറന്നതും തൊട്ടു മുൻപിൽ ജീവൻ നിൽക്കുന്നുണ്ടായിരുന്നു… “കുളിച്ചപ്പോൾ ദേഷ്യമൊക്കെ അലിഞ്ഞു പോയോ? ” അവൻ പ്രണയത്തോടെ കുറുമ്പോടെ തിരക്കി… ” “ഇല്ല… ” “ഇല്ലേ? ” എന്നു ചോദിച്ച് അവളുടെ ഇടുപ്പിൽ ചുറ്റി പിടിച്ചു ദേഹത്തേക്ക് ചേർത്തു…

“ഇങ്ങോട്ട് വരാൻ ആയിരുന്നോ എന്നെ ഇത്ര ദിവസം തീ തീറ്റിച്ചത്? രണ്ടു ദിവസമായിട്ട് ഉറങ്ങിയിട്ടില്ല…” “അപ്പോൾ ഇന്നു കാറിൽ കിടന്ന് ഉറങ്ങിയത് ആരാ? ഞാനാണോ? ” അതു ചോദിക്കുമ്പോൾ അവന്റെ വലതു കൈ പതിയെ അവളുടെ കവിളിൽ തലോടാൻ തുടങ്ങിയിരുന്നു… അവൾ മുഖം ഒന്നു കുടഞ്ഞു… “സോറി… എക്സ്ട്രീംലി സോറി… നിനക്ക് ഒരു സർപ്രൈസ് ആകട്ടെ എന്നു കരുതിയാ…” അവൾ മുഖം തിരിച്ചു… “ഇനി പിണക്കം മാറാൻ എന്താ ചെയ്യേണ്ടേ?” …….. “പിണക്കം മാറ്റട്ടെ ഞാൻ…. ” എന്നു പറഞ്ഞു അവളിൽ നിന്നും അടന്നു മാറി… അവൾ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി… അവന്റെ കണ്ണുകൾ ഒന്നു കുറുകി… തൊട്ടടുത്ത നിമിഷം അവൻ അവളെ എടുത്ത് ഉയർത്തിയിരുന്നു…

“ഇതെന്താ കാണിക്കുന്നേ? ” അവൾ പരിഭ്രമത്തോടെ തിരക്കി… “കാണിക്കാൻ പോകുന്നേയുള്ളു…” എന്നു പറഞ്ഞു അവളെ ബെഡിലേക്ക് ശ്രദ്ധയോടെ കിടത്തി… അവൻ അടുത്ത് ഇരുന്നതും അവനെ നേരിടാൻ കഴിയാതെ അവൾ നോട്ടം മാറ്റി… “എടീ ഇനി ഞാൻ തിരിച്ചു പോകുന്നില്ല… നിന്റെ കൂടെ തന്നെ ഉണ്ടാകും… നിന്റെ കണ്ണെത്തുന്ന ദൂരത്തു തന്നെ ഉണ്ടാകും. എന്റെ വിസ ക്യാൻസൽ ചെയ്താണ് ഞാൻ വന്നത്… ” അവളുടെ കവിളിൽ തലോടി അവൻ സ്നേഹത്തോടെ പറഞ്ഞു… അവന്റെ കയ്യിൽ അവൾ കൈകൾ ചേർത്തു വെച്ചു…

അവൾ എഴുന്നേൽക്കാൻ തുടങ്ങിയതും അവൻ അവളുടെ അരികിൽ ചേർന്നു കിടന്നു… അവളെ ഇറുക്കി പുണർന്നു… അവളും… “എന്റെ പെണ്ണിനെ ഞാൻ സ്വന്തം ആക്കിക്കോട്ടെ? ” അവന്റെ നനുത്ത ശബ്ദം കാതിൽ പ്രതിധ്വനിച്ചു… അതിനു സമ്മതം എന്നോണം അവന്റെ അധരങ്ങളിൽ അവൾ അധരം ചേർത്തു വെച്ചു… ആദിയുടെയും ജീവന്റെയും ജീവിതത്തിലെ പുതിയൊരു അധ്യായത്തിനു അവിടെ തുടക്കം കുറിച്ചു…….തുടരും

പുതിയൊരു തുടക്കം: ഭാഗം 12

Share this story