ജനനി: ഭാഗം 15

ജനനി: ഭാഗം 15

എഴുത്തുകാരി: അനില സനൽ അനുരാധ

ഇന്നലെ രാത്രി സർ ഇങ്ങനെ ആയിരുന്നോ… ഈ ഗൗരവം ആ മുഖത്ത് ഉണ്ടായിരുന്നോ.. അവൾ ആലോചനയോടെ തിരിഞ്ഞു നോക്കിയപ്പോൾ പുഞ്ചിരിയോടെ തന്നെ നോക്കിയിരിക്കുന്ന നീരവിനെയാണ് കണ്ടത്… അവൾ കണ്ടെന്നു മനസ്സിലായതും അവന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു… പുരികം ഉയർത്തി എന്താണെന്ന് തിരക്കിയതും അവൾ വേഗം നടന്നകന്നു… തിയറി ക്ലാസ്സ്‌ കഴിഞ്ഞ ശേഷം പ്രാക്ടിക്കൽ ചെയ്യാനുള്ളത് പറഞ്ഞു കൊടുത്തു… അറ്റന്റൻസ് ഇടുന്ന സമയത്ത് അവൾ ഇരിക്കുന്ന കസേരയുടെ എതിർ വശത്തുള്ള കസേരയിൽ നീരവ് വന്നിരുന്നു… അവൾ മുഖം ഉയർത്തി നോക്കിയപ്പോൾ അവന്റെ ശ്രദ്ധ വിദ്യാർത്ഥികളിൽ ആയിരുന്നു…

അവൾ അറ്റന്റൻസ് രേഖപ്പെടുത്തിയ ശേഷം രജിസ്റ്റർ മടക്കി വെച്ചു… ആ നിമിഷം തന്നെ നീരവ് രജിസ്റ്റർ എടുത്തു… അവൾ എഴുന്നേറ്റ് പ്രാക്ടിക്കൽ ചെയ്യുന്നതും നോക്കി വിദ്യാർത്ഥികളുടെ പുറകിലായി കുറച്ച് അകലം പാലിച്ച് നടന്നു… കുറച്ചു കഴിഞ്ഞപ്പോൾ നീരവ് എഴുന്നേറ്റു പോയി… ക്ലാസ്സ്‌ കഴിയാൻ പത്തു മിനിറ്റ് ആയപ്പോൾ അവൾ എം. ഡി യുടെ ക്യാബിനിലേക്ക് നടന്നു… ചില സ്റ്റാഫുകൾ വന്നു തുടങ്ങിയിരുന്നു… റിസപ്ഷനിലെ സ്റ്റാഫ് തനൂജ അവളെ നോക്കി പുഞ്ചിരിച്ചു… ജനനി തനൂജയുടെ അരികിലേക്ക് ചെന്നു… “ഗുഡ് മോർണിംഗ് തനൂ… ” “ഗുഡ് മോർണിംഗ് മിസ്സേ.. ” “മോഹനകൃഷ്ണൻ സർ വന്നില്ലല്ലേ? ”

“ഇല്ല… ഒരാഴ്ച സർ ഉണ്ടാകില്ല… നീരവ് സർ ആയിരിക്കും.. എന്താ മിസ്സേ? ” “എനിക്ക് ഇന്നു വൈകുന്നേരം കുറച്ചു നേരത്തെ ഇറങ്ങണമായിരുന്നു… ആ കാര്യം ചോദിക്കാൻ.. ” “നീരവ് സാറിനോട് ചോദിച്ചോളൂ… ” “ഹ്മ്മ്.. എന്നാൽ ശരി… ” കാബിന്റെ ഡോർ തുറന്നു കിടന്നിരുന്നു… ജനനി ഡോറിന്റെ അരികിൽ നിന്ന് നീരവിനെ നോക്കി… അവൻ ഏതോ ഫയൽ ചെക്ക് ചെയ്യുകയായിരുന്നു… വലതു കയ്യിലെ പേന കൊണ്ട് ഇടയ്ക്ക് നെറ്റിയിൽ തട്ടുന്നുണ്ടായിരുന്നു… “സർ… ” “വരൂ… ” അവൻ മുഖം ഉയർത്തി നോക്കാതെ തന്നെ വിളിച്ചു… അവൾ അകത്തേക്ക് കടന്നു… “ഇരിക്കെടോ ” അവൾ ഇരുന്നു..

ഫയൽ മടക്കി വെച്ച ശേഷം അവൻ മുഖം ഉയർത്തി അവളെ നോക്കി… “സർ വൈകുന്നേരം കുറച്ചു നേരത്തെ പോകണമായിരുന്നു… ” “ലീവ് കഴിഞ്ഞു വന്നല്ലേയുള്ളൂ… ” “വീട്ടിലേക്ക് പോകണമായിരുന്നു… ഏഴു മണയ്ക്ക് പോയാൽ തിരികെ വരാൻ പത്തുമണി കഴിയും… ” “ഹ്മ്മ്… താൻ എന്തായാലും വൈകുന്നേരം ഓഫീസിൽ നിന്നും ഇങ്ങോട്ട് വാ. ഓഫീസിലേക്ക് പോകുമ്പോൾ ഈ ഫയലും കൂടെ എടുത്തേക്ക്.. എന്റെ ടേബിളിൽ വെച്ചാൽ മതി… താൻ ഒമ്പതര ആകാൻ വെയിറ്റ് ചെയ്യണ്ട… ഓഫീസിലേക്ക് പൊയ്ക്കോളൂ… ” “ശരി സർ…” അവിടെ നിന്നും ഇറങ്ങി ടാക്സ് ഓഫീസിലേക്ക് പുറപ്പെട്ടു…

ഓഫീസിൽ എത്തി നേരെ നീരവിന്റെ കാബിനിലേക്ക് ചെന്നു… തലേന്ന് പോകുമ്പോൾ നീരവ് ടേബിളിൽ വെച്ചിരുന്ന ഫയലുകൾ അവൾ അടക്കി വെച്ചു… അതിന്റെ ഏറ്റവും മുകളിലായി നീരവ് തന്നയച്ച ഫയൽ വെച്ചു… ഡോർ തുറക്കാൻ തുടങ്ങുന്നതിന് മുൻപേ അപ്പുറത്തു നിന്നും ഡോർ തുറന്നിരുന്നു… ജനനി വേഗം പുറകിലേക്ക് നീങ്ങി നിന്നു… അകത്തേക്ക് കടന്നതും പേടിയോടെ പുറകിലേക്ക് നീങ്ങുന്ന ജനനിയെ നീരവ് ഇമ വെട്ടാതെ നോക്കി നിന്നു… പുറകിൽ നിന്നും ചുമലിൽ ഒരു അടി കിട്ടിയപ്പോൾ നീരവ് ചെറുതായൊന്നു ഞെട്ടി… “ഗുഡ് മോർണിംഗ് ജാനി… ” വിനോദ് പറഞ്ഞു… “ഗുഡ് മോർണിംഗ് സർ… ”

നീരവിനെ ഒരു വശത്തേക്ക് മാറ്റി നിർത്തി വിനോദ് മുൻപിലേക്ക് കടന്നു നിന്നു… “ഇനി കുഞ്ഞന്റെ ശല്ല്യം കുറച്ചു ദിവസം ഇവിടെ ഉണ്ടാകില്ലാട്ടോ… ഈ ചൂടനെ അങ്ങ് ഒഴിവാക്കി നമുക്ക് ഇവിടെ അടിച്ചു പൊളിക്കാം… ” വിനോദ് ജനനിയോടായി പറഞ്ഞു… “അടിച്ചു പൊളിക്കാൻ ആണല്ലോ എല്ലാവരും ഓഫീസിൽ വരുന്നത്… ജനനി നേരത്തെ ഞാൻ തന്ന ഫയൽ എവിടെ? ” “ടേബിളിൽ… ” “ആഹ് ! എന്നാൽ താൻ ചെല്ല്… ” ജനനി പുറത്തേക്ക് പോയി.. നീരവ് ഫയൽ എടുത്ത് സൈൻ ചെയ്ത ശേഷം ടേബിളിൽ തന്നെ വെച്ചു… “വരുന്നില്ലെന്നും പറഞ്ഞിട്ട് നീ എന്തിനാ ഓടിക്കിതച്ച് ഇങ്ങോട്ട് വന്നത്? ” “സൈൻ ചെയ്യാൻ വിട്ടു പോയി… ”

“വിട്ടു പോകും… ” വിനോദ് ചിരിയോടെ പറഞ്ഞു… “പോടാ തെണ്ടി… പിന്നെ ഇതൊരു ഓഫീസ് ആണെന്ന കാര്യം മറക്കരുത്… ഇതിന്റെ ഉള്ളിൽ വായി നോക്കി ഇരിക്കരുതെന്ന്…” “ഉപദേശിക്കാൻ നിൽക്കാതെ ഒന്നു പോയിത്തരുമോ? ” “ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോൾ ഇങ്ങോട്ട് വരും പോകും… അവിടെ ആ സീറ്റിൽ പോയിരുന്ന് ജോലി ചെയ്യാൻ നോക്ക്…” “സൗകര്യം ഇല്ല… ” “ഞാൻ ഒരാഴ്ച കഴിഞ്ഞു വരുമ്പോഴേക്കും നീ ഇവിടെ കുട്ടിച്ചോറാക്കുമോ? ” “ശ്രമിക്കാം…” “എടാ… ” “നീ ഒന്നു പോയി തരുമോ കുഞ്ഞാ… ” “ഈശ്വരാ! ഞാൻ വരുന്നത് വരെ ഈ ഓഫീസ് ഇങ്ങനെ തന്നെ കാണണേ…

“എന്നു മേലോട്ട് നോക്കിപ്പറഞ്ഞ ശേഷം നീരവ് അവിടെ നിന്നും ഇറങ്ങി… നീരവ് പോയപ്പോൾ വിനോദ് ആദ്യം എല്ലാവരെയും പരിചയപ്പെടാൻ തുടങ്ങി… ഏറ്റവും അവസാനമാണ് ജൂനിയർ അസിസ്റ്റന്റ്‌സ് എന്നെഴുതിയ കാബിനിലേക്ക് ചെന്നത്… “ചേട്ടായി… ചേട്ടായി എന്താ ഇവിടെ? ” എന്നു ചോദിച്ച് അഞ്ജലി ചാടി എഴുന്നേറ്റു… “ഞാൻ വെറുതെ ഇവിടമൊക്കെ ഒന്നു കാണാം എന്നു കരുതി… ” “കുഞ്ഞേട്ടൻ പോയല്ലേ? ” വിനോദ് തലയാട്ടി… ജനനി എഴുന്നേറ്റു നിന്നു… സെലിനും ഹർഷയും ഇതേതവനാണ് ഇവിടെ വന്നു നിൽക്കുന്നത് എന്ന ഭാവത്തിൽ വിനോദിനെ നോക്കി… “ഇനി ഒരാഴ്ച നിങ്ങളുടെ എം. ഡി ഞാൻ ആയിരിക്കും… ”

അതു പറയുമ്പോൾ അവന്റെ മുഖത്തെ കുസൃതി പാടെ പോയ് മറഞ്ഞിരുന്നു… സെലിനും ഹർഷയും വേഗം എഴുന്നേറ്റു നിന്നു… “ഗുഡ് മോർണിംഗ് സർ…” ഇരുവരും പറഞ്ഞു… വിനോദ് അഞ്ജലിയെ നോക്കി.. “ഗുഡ് മോർണിംഗ് ചേട്ടായി… സോറി ഗുഡ് മോർണിംഗ് സർ… ” “വെരി ഗുഡ് മോർണിംഗ്… രാജ് അസോസിയേറ്റ്സിന്റെ സെയിൽസ് എന്റർ ചെയ്തു കഴിഞ്ഞാൽ കാബിനിൽ എത്തിക്കണം.. ” അവരോട് ഇരിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നതിനിടയിൽ വിനോദ് പറഞ്ഞു… എല്ലാവരും ഇരുന്നു… “ജനനി… KK യുടെ സ്റ്റോക്ക് ചെക്ക് ചെയ്തിട്ട് റിപ്പോർട്ട്‌ തരണം… ” “ഓക്കെ സർ…” “വന്നപ്പോഴേക്കും അവൾ ആളെ കയ്യിൽ എടുത്തു.. ” സെലിൻ ഹർഷയോട് പിറു പിറുത്തു…

ഹർഷ തല കുനിച്ചു കൊണ്ട് ചിരിച്ചു… “തമാശ കുറച്ചു ഉറക്കെ പറഞ്ഞാൽ ഞങ്ങൾക്കും ചിരിക്കാമായിരുന്നു..” വിനോദ് പറഞ്ഞു… ഹർഷയുടെ ചിരി പെട്ടെന്ന് നിന്നു… “മര്യാദയ്ക്ക് ആണെങ്കിൽ ഞാൻ മര്യാദക്കാരനാണ്… അല്ലെങ്കിൽ…” പറഞ്ഞതു പൂർത്തിയാക്കാൻ നിൽക്കാതെ വിനോദ് പോയി… അഞ്ജലി അവൻ പോകുന്നത് നോക്കി മിഴിച്ചിരുന്നു… “ഈശ്വരാ… ഇതെന്റെ ചേട്ടായി അല്ല… എന്റെ ചേട്ടായി ഇങ്ങനെ പറയൂല്ല…” അഞ്ജലി പറയുന്നത് കേൾക്കെ ജനനിയ്ക്ക് ചിരി വന്നു… “നിന്റെ കുഞ്ഞേട്ടനും ചേട്ടായിയും ഒരേ തോണിയിലെ യാത്രക്കാരാണ് മോളെ…” ജനനി പറഞ്ഞപ്പോൾ അഞ്ജലി ഒന്നു തല കുലുക്കി.. പിന്നെ മുൻപിൽ ഇരിക്കുന്ന ഫയൽ ഓപ്പൺ ചെയ്തു… ***

ലഞ്ച് കഴിക്കുന്ന സമയത്ത് ജനനി വീട്ടിലേക്ക് പോകുന്ന കാര്യം ഓർത്തു കൊണ്ടിരുന്നു… “എന്താ പെണ്ണേ ഒരു സ്വപ്നം കാണൽ? ” അഞ്ജലി തിരക്കിയപ്പോൾ ജനനി ഒന്നു നിശ്വസിച്ചു… “ഇന്നു വീട്ടിൽ പോകണം.. ജയേഷേട്ടന്റെ അടുത്താണല്ലോ അമ്മ… എല്ലാവരും കൂടെ വീട്ടിലേക്ക് താമസം മാറ്റാണ്… വിഷ്ണുവേട്ടന്റെ സർട്ടിഫിക്കറ്റും കുറച്ചു ഡ്രസ്സും എടുക്കാനുണ്ട്… ” “വിഷ്ണുവേട്ടൻ ഇനി എന്നാ അങ്ങോട്ട് തിരിച്ചു പോകുക? ” “അവിടേക്ക് ഇനി എന്തിനാ പോകുന്നത്… നമ്മളെ സ്നേഹിക്കാനും കാത്തിരിക്കാനും ആരെങ്കിലും ഉണ്ടാകുന്നതായിരിക്കും നമ്മുടെ വീട്… അങ്ങനെ ആരും ഇല്ലെങ്കിൽ അതു വീടല്ല… ആ വീട്ടിൽ നമ്മൾ അധികപറ്റാണ്…” “എപ്പോഴാ പോകുക? ” “ക്ലാസ്സിൽ നിന്നും നേരത്തെ ഇറങ്ങണം…

നീരവ് സാറിനോട് രാവിലെ പറഞ്ഞിരുന്നു… സർ വൈകുന്നേരം കമ്പ്യൂട്ടർ സെന്ററിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്… ” “ഹ്മ്മ്… ഞാനും കൂടെ വരാം…” “ഞാൻ സെന്ററിൽ നിന്നും ഇറങ്ങുമ്പോൾ വിളിക്കാം.. ഹ്മ്മ്… നിന്റെ ചേട്ടായി വരുന്നുണ്ട്…” എന്നു പറഞ്ഞ് പാത്രം എടുത്ത് എഴുന്നേറ്റു… “ഞാനും വരുന്നെടീ… ” എന്നു പറഞ്ഞ് അഞ്ജലി പുറകെ വെച്ചു പിടിച്ചു… അവൾ പായുന്നതു കണ്ടപ്പോൾ വിനോദിനു ചിരിയാണ് വന്നത്… വൈകുന്നേരം അഞ്ജലിയും ജനനിയും കോഫീ ഷോപ്പിൽ ഇരിക്കുമ്പോൾ അവർ ഇരിക്കുന്ന ടേബിളിൽ ഓപ്പോസിറ്റ് സൈഡിൽ വിനോദും വന്നിരുന്നു … “ഇവൾക്ക് ഇതെന്തു പറ്റി ജാനി… എന്നെ കാണുമ്പോൾ ഇവളുടെ നാവ് ഇറങ്ങി പോകുന്നല്ലോ…” വിനോദ് തിരക്കി…

“നമ്മൾ പാവം അസിസ്റ്റന്റ്‌സ് എങ്ങനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ… ” അഞ്ജലി മറുപടി പറഞ്ഞു… “എനിക്ക് കൂടെ ഒരു കോഫി പറയൂ വായാടിയുടെ വക…” അഞ്ജലി ചുണ്ടു കോട്ടി കാണിച്ചു… ജനനി മൂന്നു കോഫി ഓർഡർ ചെയ്തു … “സർ ഇവിടെ ജോയിൻ ചെയ്യുന്ന കാര്യം പറഞ്ഞില്ല… വിചാരിച്ച പോലെ അത്ര പാവം ഒന്നും അല്ലെന്നാണ് അഞ്ജു പറയുന്നത്… ” ജാനി പറഞ്ഞു…. “ഓഫീസിൽ കുഞ്ഞന്റെ കൂടെ വരണം എന്നു വിചാരിച്ചിരുന്നത് തന്നെയാ.. ഇന്നു തന്നെ ജോയിൻ ചെയ്യാൻ കാരണം അങ്കിൾ നീനയുടെ വീട്ടിൽ പോയിരിക്കുകയാണ്.. കുറച്ചു ബിസിനസ്‌ ആവശ്യങ്ങൾ കൂടെയുണ്ട്… അപ്പോൾ കുഞ്ഞൻ എന്നോട് ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ പറഞ്ഞിട്ടുണ്ട്…”

“സർ ഇനി എന്നു വരും… ” “സൺ‌ഡേ ആകും… തിരികെ വരുമ്പോൾ നീനയും ആരതിയും ഉണ്ടാകും… ” “ആരതി ആരാ? ” അഞ്ജലി തിരക്കി… “നീനയുടെ ഭർത്താവ് ആരോമലിന്റെ ഒരേ ഒരു സഹോദരി.. എന്റെ ഊഹം ശരിയാണെങ്കിൽ കുഞ്ഞനെ വളച്ച് ഒടിച്ച് കുപ്പിയിലാക്കാൻ ആയിരിക്കും ആരതിയുടെ വരവ്…” “കുഞ്ഞേട്ടൻ വളയുമോ ചേട്ടായി… അല്ല സാറെ.. ” അഞ്ജലി തിരക്കി… “ഞാൻ ഇറങ്ങട്ടെ…” എന്നു പറഞ്ഞ് ജനനി എഴുന്നേറ്റു… “കുറച്ചു കഴിഞ്ഞു പോകാം പെണ്ണേ… ” അഞ്ജലി പറഞ്ഞു… “നിനക്ക് അങ്ങനെ പറഞ്ഞാൽ മതി… ” എന്നും പറഞ്ഞ് ജനനി അവിടെ നിന്നും ഇറങ്ങി…

“പാവം അതിന് എപ്പോഴും ഓട്ടം ആണല്ലേ?” വിനോദ് തിരക്കി… “ആഹ് ! ഇനി സെന്ററിൽ നിന്നും ഇറങ്ങി വീട്ടിൽ പോകണം എന്നു പറയുന്നുണ്ട്… ” “ഇവൾക്ക് ക്ഷീണവും തളർച്ചയും ഒന്നും ഇല്ലേ? ” “ഇല്ലാതിരിക്കാൻ എന്താ അവൾ വല്ല മെഷീനും ആണോ? ” “ആണോ ചേട്ടായി എന്നു ചോദിക്കെടോ…” “വേണ്ടായെ .. ” “ഇല്ലേൽ ഞാൻ പിണങ്ങും… ” “അറിയാതെ ആരുടെയെങ്കിലും മുൻപിൽ വെച്ച് ചേട്ടായി എന്നു വിളിച്ചാൽ ദേഷ്യപ്പെടുമോ? ” “ഇല്ലെടീ…” “എന്നാൽ ചേട്ടായി പറയ്… കുഞ്ഞേട്ടനെ ആ ആരതി കറക്കി എടുത്തു കൊണ്ടു പോകുമോ?” “അവന്റെ ഉള്ളിൽ വേറെ ഒരാൾ കൂടു കൂട്ടിയിട്ടുണ്ട് മോളെ.. ഇനി ആരു വന്നിട്ടും ഒരു കാര്യവും ഇല്ല.. ഇറങ്ങിയാലോ… ”

അവൾ തലയാട്ടി… ബിൽ പേ ചെയ്ത് ഇറങ്ങുമ്പോൾ അഞ്ജലി ആലോചിച്ചത് സാറിന്റെ മനസ്സിൽ ആരാകും എന്നായിരുന്നു … ** ജനനി ക്ലാസ്സിലേക്ക് കയറി പോകുന്നത് കണ്ടപ്പോൾ നീരവ് ഒന്നു നിവർന്നിരുന്നു… ആറരയായപ്പോൾ അവൾ നീരവിന്റെ അരികിലേക്ക് ചെന്നു… “സർ.. രാവിലെ ഞാൻ നേരത്തെ ഇറങ്ങണം എന്നു പറഞ്ഞിരുന്നു…” “ഏഴുമണിയ്ക്ക് ഇറങ്ങാം… എനിക്ക് കുറച്ചു തിരക്കുണ്ട്… ” അവൻ സർട്ടിഫിക്കറ്റ് സ്കാൻ ചെയ്യുന്നതിനിടയിൽ പറഞ്ഞു… അവൾ നിരാശയോടെ തിരിഞ്ഞു നടന്നു .. ക്ലാസ്സ്‌ കഴിഞ്ഞു സ്റ്റുഡന്റസ് ഇറങ്ങിയതും അവളും ബാഗും എടുത്ത് ഇറങ്ങാൻ ഒരുങ്ങി…

അപ്പോഴേക്കും നീരവും പോകാൻ തയ്യാറായി… “ആ ഇൻവെർട്ടർ ഒന്നു ഓഫ് ചെയ്തേക്ക്…” ജനനി അടുത്തേക്ക് വരുന്നതു കണ്ടതും അവൻ പറഞ്ഞു… അവൾ ഓഫ് ചെയ്തു വന്നതും സെന്ററിന്റെ കീ അവളുടെ കയ്യിൽ കൊടുത്ത് അവൻ ഇറങ്ങി നിന്നു… ജനനിയ്ക്ക് ചെറുതായി ദേഷ്യം വന്നു തുടങ്ങിയിരുന്നു .. എന്നാലും സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ട് അവൾ ഡോർ ലോക്ക് ചെയ്തു… നീരവ് ഷട്ടർ വലിച്ച് അടച്ചതും അവൾ അതും ലോക്ക് ചെയ്തു… “പോയാലോ? ” നീരവ് തിരക്കി… അവൾ തലയാട്ടി … അവൻ നടന്നു തുടങ്ങിയതും അവൾ പുറകിലായി നടന്നു … അവൻ നടത്തം നിർത്തി… തിരിഞ്ഞു നോക്കിയപ്പോൾ അവൾ മുന്നോട്ട് നടന്നു… അവളുടെ കൂടെ അവനും……തുടരും………

ജനനി: ഭാഗം 14

Share this story