❤️കലിപ്പന്റെ വായാടി❤️ : ഭാഗം 39

❤️കലിപ്പന്റെ വായാടി❤️ : ഭാഗം 39

എഴുത്തുകാരി: ശിവ നന്ദ

വീട്ടിൽ എത്തിയതിനു ശേഷം ഇപ്പോൾ ഒരു നാല് തവണ എങ്കിലും ശിവേട്ടൻ ആ ഡയറി വായിച്ചുകാണും.കൂടെയുണ്ടായിരുന്ന കാലമത്രയും അറിയാതെ പോയ ബന്ധം.ഒടുവിൽ കൂടെപ്പിറപ്പാണെന്ന് അറിഞ്ഞപ്പോൾ ഒരിക്കലും കൺവെട്ടത് വരരുതെന്ന് ആഗ്രഹിച്ചു. ഇപ്പോൾ അർഹിച്ച സ്ഥാനം കൊടുക്കാൻ ആഗ്രഹിച്ചപ്പോൾ ശിഖ ചേച്ചി മറ്റൊരു ജീവിതം ആരംഭിച്ചുകഴിഞ്ഞു.. “ശിവേട്ട..ഇങ്ങനെ ഇരുന്നാൽ മതിയോ.. നന്ദുവേട്ടനോട് പറയണ്ടേ?” “മ്മ്മ്..ഞാൻ അവനെ വിളിച്ചിരുന്നു. ഇന്ന് കുറച്ച് തിരക്കാണ്. നാളെ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞു” “വിവേകിനെയും കൂടി വിളിച്ചേക്ക്.

ചില കാര്യങ്ങൾ അവൻ പറയുന്നത് ആയിരിക്കും നല്ലത്” “മ്മ്മ് വിളിക്കാം” ചോദിക്കുന്നതിനു മറുപടി പറയുന്നെങ്കിലും ശിവേട്ടന്റെ മനസ്സ് ഇവിടെങ്ങും അല്ല.ഈ മൂഡ് ഒന്ന് മാറ്റാൻ ഒറ്റ വഴിയേ ഉള്ളു.ഞാൻ ബെഡിൽ വന്നിരുന്ന് ശിവേട്ടനെ നോക്കി.എന്നിട്ട് മെല്ലെ എന്റെ വയറിൽ ഒന്ന് തലോടിയിട്ട് വാവയോട് സംസാരിക്കാൻ തുടങ്ങി.. “അതേ..ഇപ്പോൾ കുറച്ച് ദിവസമായിട്ട് ഈ കലിപ്പന് നമ്മളെ അധികം മൈൻഡ് ഒന്നും ഇല്ല കേട്ടോ… എന്തോ..അച്ഛനോട് മോൻ പിണക്കമാണെന്നോ…പോട്ടെ സാരമില്ല..എന്റെ ചക്കരക്ക് അമ്മ ഉണ്ടല്ലോ..” ഇത്രയും പറഞ്ഞിട്ട് ഞാൻ ഒളികണ്ണിട്ട് ശിവേട്ടനെ ഒന്ന് നോക്കി.

ഒരു ചെറിയ പുഞ്ചിരിയുമായി എന്നെയും നോക്കി ഇരിപ്പുണ്ട്..ഹാവൂ..എന്റെ ഉദ്ദേശം ഫലിച്ചു. “എടി വായാടി..നീ എന്താ എന്റെ കൊച്ചിനോട് പറഞ്ഞ് കൊടുക്കുന്ന?” അതിന് മറുപടി കൊടുക്കാതെ ഞാൻ എന്റെ വയറിൽ തഴുകികൊണ്ടിരുന്നു.അതോടെ ശിവേട്ടൻ എന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു വയറിൽ മെല്ലെ ചുണ്ടുകൾ ചേർത്തു.തലയുയർത്തി എന്നെ നോക്കിയിട്ട് വയറിലേക്ക് മുഖം ചേർത്ത് വെച്ചിരുന്നു. “സോറിഡീ പെണ്ണേ..നിനക്ക് അറിയാലോ എന്റെ മനസ്സിൽ ഇപ്പോൾ എന്താണെന്ന്.എന്നിട്ടും ഞാൻ പിടിച്ചുനിൽകുന്നത് നീ എന്റെ കൂടെയുള്ളത് കൊണ്ടാ.ഏത്‌ അവസ്ഥയിലും എന്റെ പാതിയായി നീയുള്ളതാണ് എന്റെ ശക്തി.ഈ ഒരു സാഹചര്യത്തിൽ ഏത്‌ പെണ്ണിനും ഉണ്ടാകുന്ന പരിഭവം ആണ് നിനക്കും.

നന്ദുവിനോട് എല്ലാം പറഞ്ഞ് അവനെ ഒന്ന് ഓക്കേ ആക്കുന്നത് വരെ നീ അതൊന്ന് അഡ്ജസ്റ്റ് ചെയ്യണം.അത് കഴിഞ്ഞാൽ പിന്നെയും ഞാൻ പൂർണമായി ഗൗരിയുടെ മാത്രം ശിവ ആകും..സത്യം” “എന്താ ശിവേട്ട ഇത്..ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്.എല്ലാത്തിനും ഞാൻ കൂടെ തന്നെയുണ്ടല്ലോ.എല്ലാം കലങ്ങിത്തെളിയും” ———————— രാവിലെ അമ്പലത്തിൽ പോകാമെന്നു ശിവേട്ടൻ പറഞ്ഞപ്പോൾ അത് അത്യാവശ്യമാണെന്ന് എനിക്കും തോന്നി.ഇന്ന് നന്ദുവേട്ടനോട് എല്ലാം പറയുമ്പോൾ അതെല്ലാം ഉൾകൊള്ളാൻ ഉള്ള ശക്തി നന്ദുവേട്ടന് ഉണ്ടായിരിക്കണം.റെഡി ആയി ഇറങ്ങിയപ്പോഴാണ് ഞങ്ങളുടെ കൂടെ വരണമെന്ന് പറഞ്ഞ് അമ്പൂട്ടി കരച്ചിൽ തുടങ്ങിയത്.

അവസാനം അവളെയും ഒരുക്കി അമ്പലത്തിലേക്ക് പുറപ്പെട്ടു.അവിടെ ചെന്നപ്പോൾ കാണുന്നത് ആൽത്തറയിൽ ഇരുന്ന് സംസാരിക്കുന്ന ഗിരിയേട്ടനും സൗഭാഗ്യയും.. “ഗൗരിയേ..കാര്യങ്ങളുടെ പോക്ക് ഇങ്ങനെ ആണെങ്കിൽ നിന്റെ ആഗ്രഹം നടക്കുമെന്ന് തോന്നുന്നു” “ഏയ്..അമ്പലത്തിൽ വെച്ച് കണ്ടെന്നും പറഞ്ഞ് അവർക്കിടയിൽ നമ്മൾ പ്രതീക്ഷിക്കുന്നത് പോലെയൊന്നും വർക്ക്‌ഔട്ട്‌ ആകില്ല.” “അങ്ങനെ അങ്ങ് തറപ്പിച്ച് പറയണ്ട..പണ്ട് ഈ അമ്പലമുറ്റത് വെച്ച ഞാൻ എന്റെ പെണ്ണിന് വേണ്ടി പ്രാർഥിച്ചത്.ഇതേ സ്ഥലത്ത് വെച്ചാ എന്റെ പെണ്ണ് എന്നെ ആദ്യമായിട്ട് കാണുന്നത്..” അപ്പോഴേക്കും ഗിരിയേട്ടനും സൗഭാഗ്യയും ഞങ്ങളെ കണ്ടിരുന്നു.രണ്ടുപേരുടെയും മുഖത്ത് വല്യ ഭാവവ്യത്യാസം ഒന്നുമില്ല.

അതുകൊണ്ട് തന്നെ ചുറ്റിക്കളി ഒന്നും ഇല്ലെന്ന് മനസിലായി.സൗഭാഗ്യ വന്ന് അമ്പൂട്ടിയെ എടുത്തെങ്കിലും പെണ്ണിന്റെ നോട്ടം ഗിരിയേട്ടനിൽ ആയിരുന്നു.അത് അറിഞ്ഞുകൊണ്ട് തന്നെ ഏട്ടൻ അവളെ മൈൻഡ് ചെയ്യാതെ നിൽകുവാ.ഏത്‌ നിമിഷവും അമ്പൂട്ടിയുടെ വക ഒരു കരച്ചിൽ പ്രതീക്ഷിക്കാം.അത്രയ്ക്കു കൂട്ടാണ് അവൾ ഗിരിയേട്ടനോട്. “അളിയോ..എത്രയും വേഗം അമ്പൂട്ടിയെ എടുക്കുന്നത് ആണ് നല്ലത്.ദേ അവൾടെ കണ്ണൊക്കെ നിറഞ്ഞു തുടങ്ങി” ഗിരിയേട്ടൻ അമ്പൂട്ടിയെ നോക്കിയപ്പോഴേക്കും പെണ്ണ് ചുണ്ട് ഒക്കെ മലർത്തി വെച്ച് കരച്ചിലിനുള്ള തയാറെടുപ്പിൽ ആണ്.

എന്തായാലും കരച്ചിൽ കേൾക്കാനുള്ള ശേഷി ഇല്ലാത്തത് കൊണ്ട് ഗിരിയേട്ടൻ കൈനീട്ടി.എന്തോ ലോകം കീഴടക്കിയ സന്തോഷത്തോടെ അവൾ ഏട്ടന്റെ കൈകളിലേക്ക് ചാഞ്ഞു. “നിനക്കിന്ന് ഡ്യൂട്ടി ഇല്ലേടി??” “ഇന്ന് നൈറ്റ്‌ ആണ്.അപ്പോൾ പിന്നെ രാവിലെ തന്നെ അമ്പലത്തിലേക്ക് വരാമെന്നു കരുതി.വന്നപ്പോൾ ഗിരിയേട്ടനെ കണ്ടു.പിന്നെ ഞങ്ങൾ ഓരോന്ന് പറഞ്ഞങ്ങ് ഇരുന്നു” “എങ്കിൽ മക്കൾ ഇവിടെ ഇരിക്ക്.ഞങ്ങൾ തൊഴുതിട്ട് വരാം.അമ്പൂട്ടിയേ വാ” ശിവേട്ടൻ കൈനീട്ടിയപ്പോൾ അമ്പൂട്ടി ആ കൈ തട്ടിമാറ്റി ഗിരിയേട്ടന്റെ തോളിൽ കൈചുറ്റി ഇരുന്നു.കൂടുതൽ നിർബന്ധിക്കാൻ പോയില്ല.അതുകൊണ്ട് ഞങ്ങൾ തൊഴുതിറങ്ങുന്നത് വരെ ഗിരിയേട്ടനും സൗഭാഗ്യയ്ക്കും നല്ല പണി ആയിരുന്നു.

അവൾടെ ഓരോ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞ് രണ്ട് പേരും ഒരു വഴിക്കായി. “മതി അവന്റെ തോളിൽ കയറി ഇരുന്നത്.വാ പോകാം” ശിവേട്ടൻ വിളിച്ചിട്ടും അമ്പൂട്ടി വരുന്ന ലക്ഷണം ഇല്ല.ഞാനും കുറേ പറഞ്ഞിട്ടും പെണ്ണ് ഏട്ടന്റെ തോളിൽ കൂടുതൽ ഇറുക്കി പിടിക്കുകയാണ് ചെയ്തത്. “നിങ്ങൾ പൊയ്ക്കോ.മോളെ ഞാൻ വൈകിട്ട് അങ്ങ് കൊണ്ട് വരാം” “അപ്പോൾ ഏട്ടന് ഇന്ന് പോകണ്ടേ? ” “അത് സാരമില്ല.വീട്ടിൽ അച്ഛനും അമ്മയും ഉണ്ടല്ലോ.വൈകിട്ട് ഞാൻ നേരത്തെ വന്നോളാം” “എങ്കിൽ ഞാനും വീട്ടിലേക്ക് വരാം ഗിരിയേട്ടാ.ഹോസ്റ്റലിൽ പോയി വെറുതെ ഇരിക്കണ്ടല്ലോ.ഇന്നാകുമ്പോൾ അമ്പൂട്ടിയും ഉണ്ട്” സൗഭാഗ്യയും കൂടി അങ്ങനെ പറഞ്ഞതോടെ പിന്നെ ഞങ്ങൾ എതിര് നിന്നില്ല.എങ്കിലും ശ്രേയ ചേച്ചിയെ വിളിച്ചു ചോദിച്ചിട്ടാണ് അമ്പൂട്ടിയെയും കൊണ്ട് ഗിരിയേട്ടനും സൗഭാഗ്യയും പോയത്. ******

തിരികെ വീട്ടിൽ എത്തിയപ്പോൾ മുതൽ ശിവേട്ടൻ ആകെ ടെൻഷനിൽ ആയിരുന്നു.കുറച്ച് സമയം കൂടി കഴിയുമ്പോൾ നന്ദുവേട്ടൻ വരും.അതാണ്‌ കാരണം. “എന്റെ ശിവേട്ട..ഇന്നതോടെ ഈ ചാപ്റ്റർ ക്ലോസ് ചെയ്യാനാണ് നമ്മൾ ഉദ്ദേശിക്കുന്നത്.അതിന് ആദ്യം ഏട്ടൻ ഒന്ന് സ്ട്രോങ്ങ്‌ ആകണം” “നന്ദുവിനോട് പറയണോ ഗൗരി? ഇപ്പോൾ ഒരുവിധം അവൻ എല്ലാം ആയിട്ട് പൊരുത്തപ്പെട്ടു വരുവാ” “നന്ദുവേട്ടനിൽ നിന്ന് എല്ലാം മറച്ചുവെച്ചാൽ അത് ശിഖ ചേച്ചിയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും ഏട്ടാ.നിങ്ങൾക്കൊക്കെ വേണ്ടിയാ ശിഖ ചേച്ചി ഇത്രയും അനുഭവിച്ചത്.

ആ ചേച്ചിയെ കുറിച്ച് നന്ദുവേട്ടന് ഇപ്പോൾ ഒരു നെഗറ്റീവ് ഇമ്പാക്ട് ആണ് ഉള്ളത്.അത് മാറണം..മാറിയേ പറ്റു” സംസാരിച്ചുകൊണ്ട് നിന്നപ്പോൾ തന്നെ നന്ദുവേട്ടൻ എത്തി.സത്യം പറഞ്ഞാൽ നന്ദുവേട്ടനെ കണ്ടപ്പോൾ ഇത്രയും നേരവും ഉണ്ടായിരുന്ന എന്റെ ധൈര്യം ചോർന്നു പോകുന്നത് പോലെ തോന്നി.നന്ദുവേട്ടൻ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ശിഖ ചേച്ചിയെ ഞങ്ങള്ക്ക് നഷ്ടപെടില്ലായിരുന്നു.ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. “എന്താടാ? ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ?” “ഏയ്‌..ഇല്ല നന്ദു.ഞാൻ വെറുതെ” “വെറുതെ ഒന്നുമല്ല.എന്തോ കാര്യമായിട്ട് നിനക്ക് എന്നോട് പറയാൻ ഉണ്ട്..കാര്യം പറ ജിത്തു” “അത് നന്ദുവേട്ട…” “ആഹാ അപ്പോൾ നിനക്കും അറിയാം കാര്യം എന്താണെന്ന്..എന്താണെങ്കിലും നിങ്ങൾ പറ.

നമുക്ക് സോൾവ് ചെയ്യാം” “ഗൗരി..നീ പോയി അച്ഛമ്മയെ നോക്കിയിട്ട് വാ.ഞങ്ങൾ ഗാർഡനിലേക്ക് ഇരിക്കാം” ശിവേട്ടൻ പറഞ്ഞത് പോലെ ഞാൻ മുത്തശ്ശിയുടെ റൂമിൽ ചെന്നു..ആള് നല്ല ഉറക്കം ആണ്.ഇപ്പോൾ മരുന്ന് കഴിച്ചാൽ അപ്പോൾ തന്നെ ഉറങ്ങും.ഒരുകണക്കിന് അത് നന്നായി.ശിവേട്ടന്റെയും നന്ദുവേട്ടന്റെയും മനോവിഷമം ഒന്നും ഈ പാവം അറിയണ്ട.ഞാൻ തിരികെ ഗാർഡനിൽ എത്തിയപ്പോഴേക്കും ശിവേട്ടൻ കാര്യങ്ങൾ പറഞ്ഞ് തുടങ്ങിയിരുന്നു.ഭാവഭേദം ഇല്ലാതെയാണ് നന്ദുവേട്ടൻ ഇരിക്കുന്നത്.അപ്പോഴാണ് വിവേക് എത്തിയത്. “നന്ദു..ഇതാണ് വിവേക്.

ഇവൻ വഴിയാണ് ഈ കാര്യങ്ങൾ ഒക്കെ ഞങ്ങൾ അറിഞ്ഞത്” നന്ദുവേട്ടൻ വിവേകിന് കൈകൊടുക്കുമ്പോൾ അവൻ ഏട്ടനെ കണ്ണിമവെട്ടാതെ നോക്കുവായിരുന്നു. “അപ്പോൾ ചുരുക്കി പറഞ്ഞാൽ അവളെ..എന്റെ ശിഖയെ..വിധി എന്നിൽ നിന്ന് അകറ്റിയതാണല്ലേ” “നന്ദു…” “ഇപ്പോഴാ ജിത്തു എനിക്ക് കുറച്ച് സമാധാനം ആയത്..അവള് ചതിച്ചിട്ട് പോയതല്ലെന്ന് തെളിഞ്ഞല്ലോ..എവിടെയാണെങ്കിലും സന്തോഷമായിട്ട് ഇരിക്കട്ടെ..അല്ല..വിവേക്..അവള് ഹാപ്പി ആണല്ലോ അല്ലേ?? നിനക്ക് ഉറപ്പാണോ അത്?” അതേ എന്ന് തലയാട്ടിയത് അല്ലാതെ അവൻ ഒന്നും മിണ്ടിയില്ല.എന്തോ ആലോചനയിൽ ആയിരുന്നു അവൻ.

“നന്ദു..കഴിഞ്ഞത് കഴിഞ്ഞു.നമ്മുടെ മനസ്സിൽ ആ പഴയ ശിഖ അതുപോലെ തന്നെ ഉണ്ടാകും.പക്ഷെ ഒരിക്കലും അവൾ അത് അറിയരുത്.” “ഇല്ലടാ..അവൾടെ ഓർമകളിൽ ഞാൻ ഉണ്ടാകാം.അല്ലാതെ അവളുടെ ജീവിതത്തിൽ അനന്ദു ഇല്ല.ഒരൊറ്റ കാര്യത്തിലാ എനിക്ക് സങ്കടം.ഞാൻ കാരണം നിനക്കും അവളിൽ നിന്ന് അകന്ന് നിൽക്കേണ്ടി വരുമല്ലോ.അവൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് നിന്റെ സ്നേഹം അല്ലായിരുന്നോടാ…ഒരു കാര്യം ചെയ്യാം..ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് അവൾ അറിയാതിരുന്നാൽ പോരേ.അതിന് ഞാൻ ഈ നാട്ടിൽ നിന്ന് പോകാം.അവളോട് ഇങ്ങോട്ട് വരാൻ പറ.എന്നിട്ട് ഒരു കുടുംബം പോലെ നിങ്ങൾ കഴിയണം” “നന്ദു മതി..ഇതിൽ കൂടുതൽ നീ പറയണ്ട.നിന്നെക്കാൾ വലുതാണോടാ എനിക്ക് അവൾ?? നീയില്ലാത്ത ഒരു കുടുംബം എനിക്ക് ഉണ്ടോടാ?? എന്നിട്ട് അവൻ വലിയ ത്യാഗം ചെയ്യുന്നു.”

“ശിവേട്ട വേണ്ട..നന്ദുവേട്ടൻ എല്ലാവരുടെയും സന്തോഷത്തിനു വേണ്ടി പറഞ്ഞതല്ലേ.എന്നുകരുതി നമ്മൾ അത് സമ്മതിക്കില്ലല്ലോ..വിട്ടേക്ക്” “എല്ലാവരെയും സന്തോഷിപ്പിച്ചിട്ട് ഇവൻ അങ്ങനെ ഒറ്റക്ക് ജീവിക്കണ്ട.ഇവനും വേണം ഒരു കുടുംബം” “തത്കാലം അതുമാത്രം നീ എന്നോട് പറയരുത്.നിനക്ക് അറിയാം പെണ്ണും പ്രണയവും ഒന്നും എന്റെ സ്വപ്നങ്ങളിൽ ഇല്ലായിരുന്നുന്ന്.അവിടേക്ക് ഇടിച്ചുകയറി വന്ന ഒരുത്തിയുണ്ട്.എന്നിൽ പ്രണയം നിറച്ചവൾ…ആദ്യചുംബനത്തിന്റെ ലഹരി അറിയിച്ചവൾ…എന്റെ ഹൃദയതാളം പോലും തന്റേതാക്കി മാറ്റിയവൾ..ആ അവൾടെ സ്ഥാനത്തേക്ക് ഇനിയൊരു പെണ്ണ്???? എന്നെകിലും അങ്ങനെ സംഭവിക്കാം..പക്ഷെ അത് ‘എന്റെ പെണ്ണ്’ എന്ന് ചിന്തിക്കുമ്പോൾ ശിഖയുടെ മുഖം മനസ്സിൽ തെളിയാത്ത നിമിഷം മാത്രം.

അതുവരെ നിങ്ങൾ ആരും എന്നെ ഒന്നിനും നിർബന്ധിക്കരുത്” അത്രയും പറഞ്ഞ് എഴുനേറ്റ് പോകാൻ തുനിഞ്ഞ നന്ദുവേട്ടന്റെ കൈകളിൽ വിവേക് പിടിച്ചു. “എത്രയൊക്കെ ശ്രമിച്ചാലും ഇതുപോലെ ഒരിക്കലും ദീപുവേട്ടന് എന്റെ കുഞ്ഞേച്ചിയെ സ്നേഹിക്കാൻ കഴിയില്ല.” “അങ്ങനൊന്നും ഇല്ലെടോ.അവളെ ആരും സ്നേഹിച്ചുപോകും.അല്ലെങ്കിൽ അവൾ സ്നേഹിപ്പിക്കും.പിന്നെ ചേരേണ്ടവർ തമ്മിലെ ചേരു..അത് പ്രകൃതിനിയമം ആണ്” “ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്.മംഗലത്ത് തറവാട്ടിലെ അനന്തൻ..ഏട്ടൻ ആയിരുന്നോ??” വിവേകിന്റെ ആ ചോദ്യം ഞങ്ങൾ എല്ലാവരെയും ഞെട്ടിച്ചു. “മംഗലത്ത് തറവാട് നിനക്ക് എങ്ങനെ അറിയും?” “ഞാൻ ചോദിച്ചതിന് ആദ്യം മറുപടി പറ.

ഏട്ടൻ തന്നെയല്ലേ അനന്തൻ?” “മ്മ് അതേ..അവരാണ് എന്നെ ഈ നിലയിൽ എത്തിച്ചത്” “അറിയാം..പക്ഷെ ആ അനന്തൻ എന്റെ കുഞ്ഞേച്ചിയുടെ അനന്ദു ആണെന്ന് എനിക്ക് അറിയില്ലായിരുന്നു.അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു.” “നീ എന്തൊക്കെയാ വിവേക് പറയുന്നത്? മംഗലത്ത് തറവാട്ടിലെ കാര്യങ്ങൾ നിനക്ക് എങ്ങനെ അറിയാം” “അത്..അത് പിന്നെ…” “പറ വിവേക്” “മംഗലത്ത് തറവാട്ടിലെ അമൃത എന്റെ കൂടെയാണ് പഠിക്കുന്നത്.സ്കൂളിൽ പഠിക്കുമ്പോൾ ഒന്നും കേൾക്കാതിരുന്ന ഒരു പേര് കോളേജിൽ എത്തിയപ്പോൾ മുതൽ കേൾക്കാൻ തുടങ്ങി..”അനന്തേട്ടൻ”.സംസാരത്തിൽ നിന്ന് അവളുടെ ഏട്ടൻ ആണെന്ന് മനസിലായി.പക്ഷെ അവർ അഞ്ച് പെൺകുട്ടികൾ ആണെന്നും എനിക്ക് അറിയാമായിരുന്നു.എങ്കിലും കൂടുതൽ ഡീറ്റൈൽഡ് ആയിട്ട് ചോദിച്ചില്ല.

ബന്ധത്തിലുള്ള ആരെങ്കിലും ആയിരിക്കുമെന്ന് കരുതി.ഇന്ന് ഇവിടെ വന്നപ്പോൾ മുതൽ ഏട്ടന്റെ മുഖം നല്ല പരിചയമുള്ളത് പോലെ തോന്നി.അവൾ ഫോണിൽ കാണിച്ചിട്ടുള്ള അനന്തേട്ടൻ ഇത് തന്നെയാണെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല” ഇത് വല്ലാത്തൊരു വിധി ആയി പോയി.നന്ദുവേട്ടൻ ആ തറവാട്ടിൽ എത്തിയത് എങ്ങനെയാണെന്ന് അമ്മു പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ വിവേകിന് ഒരു ഡൌട്ട് എങ്കിലും തോന്നിയേനെ. “ഇനി മറ്റൊരു കാര്യം ഞാൻ നിന്നോട് ചോദിക്കട്ടെ?” ശിവേട്ടൻ എന്താണ് ചോദിക്കാൻ പോകുന്നതെന്ന് എനിക്ക് മനസിലായി. ഞാനും അത് ചോദിക്കാൻ വരുവായിരുന്നു. “അമൃത പറഞ്ഞിട്ടുള്ള അവളുടെ ആ കാമുകൻ നീയാണോ?” “മ്മ്മ്..അതേ..ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്.”

“പക്ഷെ ഇവിടെ ജനിച്ച നീ എങ്ങനെ അവളുടെ സ്കൂളിൽ?” “ഞാൻ പറഞ്ഞില്ലെ..ജനനം മാത്രമാണ് ഇവിടെ.അമ്മയുടെ കുടുംബം മംഗലത്ത് തറവാടിന് അടുത്താണ്. അങ്ങനെയാ അവളെ പരിചയപ്പെട്ടത്.സത്യം പറഞ്ഞാൽ കുഞ്ഞേച്ചിയുടെയും അനന്ദുവേട്ടന്റെയും പ്രണയകഥ ഒക്കെ അവൾക് മനഃപാഠമാണ്.” “അപ്പോൾ അവൾക്ക് മനസ്സിലായികാണില്ലേ അത് നന്ദു ആണെന്ന്?” “ഇല്ല ജിത്തു.അവര്ക് ആർക്കും ശിഖയെ അറിയില്ല..എന്റെ പാസ്റ്റും.ആകെ അറിയാവുന്നത് സൗഭാഗ്യയ്ക്ക് മാത്രമാണ്.അതും അവളായിട്ട് കണ്ടുപിടിച്ചത്” എന്തായാലും എല്ലാവരും തമ്മിൽ കണക്റ്റട് ആയിരുന്നു.ആരും പരസ്പരം അറിഞ്ഞില്ലെന്നു മാത്രം.

“അമൃതയ്ക്ക് തെറ്റ് പറ്റില്ലെന്നാണ് എന്റെ വിശ്വാസം.നിന്റെ അച്ഛന്റെ ബാക്ക്ഗ്രൗണ്ട് ആണ് ഒരു പ്രോബ്ലം.അറിയാലോ അമൃത വളർന്ന ചുറ്റുപാട് എങ്ങനെയുള്ളത് ആണെന്ന്.എന്തായാലും നീ നന്നായി പഠിച്ച് ഒരു ജോലി റെഡി ആക്ക്.ബാക്കിയൊക്കെ നമുക്ക് നോക്കാം.ശിഖ നിന്നെ കുറിച്ച് ഞങ്ങളോട് പറഞ്ഞിരുന്നെങ്കിൽ നിന്നെ ഞങ്ങളുടെ കുഞ്ഞനിയൻ ആക്കിയേനെ.ഇനി എന്തായാലും അത് അങ്ങനെ മതി.അതുവെച്ച് വർമ്മ സാറിനെ കൊണ്ട് ഞാൻ സമ്മതിപ്പിക്കാം.” അതുകേട്ടതോടെ വിവേക് നന്ദുവേട്ടനെ കെട്ടിപിടിച്ച് കുറേ സ്നേഹപ്രകടനം അങ്ങ് നടത്തി.പിന്നെ കുറച്ച് സമയം കൂടി ചിലവഴിച്ചിട്ടാണ് ഞങ്ങൾ പിരിഞ്ഞത്.ഒരു വല്യ ഭാരം ഇറക്കി വെച്ച ആശ്വാസം ഉണ്ടായിരുന്നു ശിവേട്ടന്റെ മുഖത്ത്. *******

കുറച്ച് ദിവസങ്ങൾക്കു ശേഷം ഇന്നാണ് സമാധാനത്തോടെ ഒന്ന് ക്ലാസ്സിൽ ഇരിക്കുന്നത്.എങ്കിലും നിഹില ഇലാത്തതിന്റെ ഒരു സങ്കടം ഉണ്ട്.അവളിപ്പോൾ സച്ചിയേട്ടന്റെ അമ്മയുടെ സ്വന്തം ആളാണല്ലോ.അതുകൊണ്ട് സച്ചിയേട്ടൻ ഡിസ്ചാർജ് ആയതിനു ശേഷമേ ഇനി ക്ലാസ്സിലേക്ക് ഉള്ളെന്ന പറഞ്ഞേക്കുന്നത്. ഉച്ച ആയപ്പോഴാണ് എനിക്കൊരു വിസിറ്റർ ഉണ്ടെന്ന് പ്യൂൺ ചേട്ടൻ വന്നു പറയുന്നത്.തെല്ല് സംശയത്തോടെ ആണ് ഞാൻ വിസിറ്റർ റൂമിലേക്ക് ചെല്ലുന്നത്.അവിടെ ആ സമയം ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു.ആ ആളെ ആണെങ്കിൽ എനിക്ക് പരിചയവും ഇല്ല. “ആരാ??” “ഗൗരി അല്ലേ?” “അതേ..എനിക്ക് നിങ്ങളെ മനസിലായില്ല” “ഞാൻ ദീപക്..കുറച്ചുംകൂടി വ്യക്തമായി പറഞ്ഞാൽ…ശിഖയുടെ ഹസ്ബൻഡ്. “…. (തുടരും)

❤കലിപ്പന്റെ വായാടി❤ : ഭാഗം 38

Share this story