നിനക്കായ് : ഭാഗം 85

നിനക്കായ് : ഭാഗം 85

എഴുത്തുകാരി: ഫാത്തിമ അലി

വാതിൽ പടിയിൽ ചാരി നിന്ന് അവരെയെല്ലാം ഉറ്റ് നോക്കിക്കൊണ്ട് നിൽക്കുന്ന ഹരിയെ കണ്ട് ശ്രീ പതിയെ മൊഴിഞ്ഞു… ഓഫീസിലെ എന്തൊക്കെയോ അത്യാവശ്യ പേപ്പേർസ് എടുക്കാനായിട്ടാണ് അവൻ നാട്ടിലേക്ക് വന്നത്… മംഗലത്ത് ചെന്നപ്പോൾ അവിടെ ആരും ഇല്ലെന്ന് കണ്ട് ഹരി നേരെ അവിടേക്ക് ചെന്നതായിരുന്നു… എപ്പോഴും ക്ലീൻ ഷേവ് ആയിരുന്ന മുഖത്ത് കുറ്റി താടി സ്ഥാനം പിടിച്ചിട്ടുണ്ട്…ശരീരം പഴയതിലും ക്ഷീണിച്ചിരുന്നു… “ആഹ്..ആരിത്..ഹരിയോ…കയറി വാ…” മാധവൻ വിളിച്ചത് കേട്ടാണ് സാമും അലക്സും അന്നയും തിരിഞ്ഞ് നോക്കിയത്… ഹരിയെ കണ്ടതും അത് വരെ ചിരിച്ച് നിന്ന സാമിന്റെ മുഖം ഇരുണ്ടു…. “ഇത് ഹരിനന്ദൻ….

എന്റെ സഹോദരി സുമംഗലയുടെ മകൻ ആണ്….” മാത്യൂവിനും മറ്റുമായി ഹരിയെ പരിയചപ്പെടുത്തിക്കൊണ്ട് പറഞ്ഞു… എല്ലാവരെയും നോക്കി ചെറുതായി ചിരിക്കവേ ആണ് അവന്റെ നോട്ടം മാറിൽ കൈ പിണച്ച് കെട്ടി നിൽക്കുന്ന സാമിലേക്ക് നീങ്ങിയത്….. അവന്റെ കലിപ്പിച്ചുള്ള നോട്ടം കണ്ട് ഹരിയുടെ ചുണ്ടിലെ ചിരി മാഞ്ഞു തുടങ്ങി…. അന്നത്തെ അടിയുടെ ഓർമയിൽ കൈ പതിയെ കവിളിലേക്ക് നീണ്ടു…. അവൻ പെട്ടെന്ന് തന്നെ സാമിൽ നിന്നും നോട്ടം മാറ്റി…. അലക്സും അന്നയും ഹരിയെ കണ്ട് സാമിന്റെ അതേ അവസ്ഥയിലായിരുന്നു നിന്നത്….അന്ന് സാം പറഞ്ഞ കാര്യങ്ങൾ ഓർക്കവേ ഇരുവരും മുഷ്ടി ചുരുട്ടി പല്ല് കടിച്ചായിരുന്നു നിന്നത്…

അവരുടെ എല്ലാ മുഖഭാവവും ശ്രദ്ധിച്ച അവൻ സുമയുടെ കൈയിൽ നിന്നും മംഗലത്ത് വീടിന്റെ കീ വാങ്ങി വേഗം തിരിച്ച് പോവാൻ നോക്കിയെങ്കിലും മാധവൻ സമ്മതിച്ചില്ല… അവസാനം അയാളുടെ നിർബന്ധത്തിന് വഴങ്ങി ഹരിയും അവിടെ തന്നെ ഇരുന്നു… ബാക്കിയുള്ളവരുടെ സംസാരത്തിൽ നിന്നുമാണ് ശ്രീയുടെ പെണ്ണുകാണൽ ചടങ്ങിണ് അവിടെ നടക്കുന്നതെന്ന് ഹരിക്ക് മനസ്സിലായത്.. അങ്ങനെ ഒന്ന് അവൻ പ്രതീക്ഷിച്ചുരുന്നില്ലെന്നത് ഹരിയുടെ ഞെട്ടി നിൽക്കുന്ന മുഖഭാവത്തിൽ നിന്നും മനസ്സിലായിരുന്നു… ഹരി ശ്രീയ്ക്ക് നേരെ കണ്ണുകൾ അയച്ചെങ്കിലും അവളുടെ നോട്ടം എതിരെ നിൽക്കുന്ന സാമിൽ മാത്രമായിരുന്നു… അവളുടെ ചുണ്ടിൽ വിരിഞ്ഞ് നിൽക്കുന്ന പുഞ്ചിരിയിൽ അറിയാതെ അവന്റെ മനസ് താളം തെറ്റി…. അവരിലൊരാളായി ഇരിക്കുന്നുണ്ടെങ്കിലും ഇടക്കിടെ ഹരിയുടെ നോട്ടം ശ്രീയിലേക്ക് നീങ്ങുന്നുണ്ടായിരുന്നു…

എന്നാൽ അവനെ കണ്ടപ്പോൾ നൽകിയ ചെറു ചിരി അല്ലാതെ ശ്രീ പിന്നീട് അവനെ നോക്കുക പോലും ചെയ്തിരുന്നില്ല… അവളുടെ കണ്ണുകൾ മുഴുവനും സാമിലേക്ക് മാത്രമായി ചുരുങ്ങിയിരുന്നു…. അവനെ നോക്കുമ്പോളുള്ള ശ്രീയുടെ ചുണ്ടിലെ നാണത്താൽ കുതിർന്ന പുഞ്ചിരിയും കണ്ണുകളിലെ തിളക്കവും കണ്ട് അന്ന് ആദ്യമായി അവന് നഷ്ടബോധം തോന്നി തുടങ്ങി… ഹരിയുടെ നോട്ടം ശ്രീയിലേക്ക് ആണെന്ന് കണ്ട സാം ദേഷ്യത്തെ മുഷ്ടി കൂട്ടി പിടിച്ച് കണ്ണുകൾ അടച്ച് കൊണ്ട് നിയന്ത്രിച്ചു…. സാമിന്റെ പൊടുന്നനെ ഉള്ള ഭാവമാറ്റം കണ്ട് പുരികം ഉയർത്തിയ ശ്രീയോട് കണ്ണുകൾ കൊണ്ട് അവന്റെ കൂടെ വരാനായി ആംഗ്യം കാണിച്ചു… അവൾ എല്ലാവരെയും കാണിച്ച് കൊണ്ട് വരുന്നില്ലെന്ന് പറഞ്ഞതും സാമിന്റെ മുഖം കൂർത്തു…. ചുണ്ട് ചുളുക്കി പ്ലീസ് എന്ന് കാണിച്ചെങ്കിലും അത് ശ്രദ്ധിക്കാതെ സാം പതിയെ എഴുന്നേറ്റ് പുറത്തേക്ക് വലിഞ്ഞു.. ചുറ്റുമുള്ളവരെല്ലാം ഓരോ സംസാരത്തിലായത് കൊണ്ട്അവരെ ശ്രദ്ധിക്കില്ലെന്ന് മനസ്സിലായി ശ്രീയും മെല്ലെ എഴുന്നേറ്റ് സാമിന് പിന്നാലെ പോയി… ******

ഫോണിൽ എന്തോ നോക്കിക്കൊണ്ടിരുന്ന അന്ന കണ്ണുകൾ ഉയർത്തി നോക്കിയപ്പോഴാണ് നേരത്തെ ഇരുന്നിടത്ത് ശ്രീയെ കാണുന്നില്ലെന്ന കാര്യം അറിഞ്ഞത്…. “ദച്ചു ഇത് എവിടെ പോയി…?” കീഴ്ചുണ്ട് കടിച്ച് കൊണ്ട് ശ്രീയെ തിരിഞ്ഞ അന്നക്ക് സാമും അവിടെ ഇല്ലെന്ന് മനസ്സിലായി.. “അപ്പോ രണ്ടും കൂടെ മുങ്ങിയതാണ്….ഹ്മ്..” അന്ന പതിയെ ഇരുന്നിടത്ത് നിന്നും അൽപം നീങ്ങി മാത്യൂവിന്റെ അടുത്തേക്ക് ഇരുന്നു…. അയാളുടെ തൊട്ടപ്പുറത്തായിട്ടാണ് അലക്സ് ഇരിക്കുന്നത്… അവർ രണ്ട് പേരും കാര്യമായിട്ട് എന്തോ സംസാരിച്ചിരിക്കുക ആയിരുന്നു… അന്ന ചുണ്ട് കൊണ്ട് ശബ്ദം വെളിയിൽ വരാതെ എന്തൊക്കെയോ കാണിച്ചെങ്കിലും അലക്സ് അതൊന്നും ശ്രദ്ധിച്ചിരുന്നില്ല… അവസാന ശ്രമം എന്നോണം മാത്യൂവിന്റെ പിന്നിലൂടെ കൈ കൊണ്ട് പോയി അലക്സിന്റെ ഷർട്ടിൽ പിടിച്ച് വലിച്ചു…

പെട്ടെന്ന് ആയതാ കൊണ്ട് അവൻ ഞെട്ടി ആരാണ് എന്ന് അറിയാൻ ചുറ്റിലും നോക്കി… അന്നയുടെ നേർക്ക് നോട്ടം എത്തിയതും അവളാണ് വിളിച്ചെതെന്ന് അറിഞ്ഞ് മുഖം ചുളിച്ചു… അലക്സിന് നേരെ കൈയിലിരുന്ന ഫോൺ കാണിച്ച് അതിലേക്ക് നോക്കാനായി പറഞ്ഞ് മാത്യൂ നോക്കുന്നതിന് മുന്നേ നല്ലത് പോലെ ഇരുന്നു… “എന്താ അലക്സേ….?” മാത്യുവിനോട് ഒന്നുമില്ലെന്ന് മറുപടി കൊടുത്ത് അന്നക്ക് നേരെ കൂർത്ത നോട്ടം എറിഞ്ഞ് അവൻ ഫോണിലേക്ക് നോക്കി.. “”ദച്ചുവും ഇച്ചയും മിസ്സിങ് ആണ്….”” അന്നയുടെ മെസ്സേജ് വായിച്ചപ്പോഴാണ് അലക്സ് അങ്ങനെ ഒരു കാര്യം ശ്രദ്ധിക്കുന്നത് തന്നെ… “”അവർ എവിടെ പോയി…?”” “”അറിയില്ല…നമുക്ക് ഒന്ന് പോയി നോക്കാം..”” അലക്സിന് മറുപടി കൊടുത്ത് കണ്ണുകൾ കൊണ്ട് അവനെ നോക്കി പോവാമെന്ന് ആംഗ്യം കാണിച്ചു… *****

മുകളിലേക്കുള്ള പടികൾ കയറി നീളൻ വരാന്തയിൽ എത്തി നിന്നതും ശ്രീ ഇടുപ്പിൽ കൈ കൊടുത്താ ചുറ്റിലും ഒന്ന് കണ്ണോടിച്ചു… “വിളിച്ച് വരുത്തിയിട്ട് ഈ സാമിച്ചൻ ഇത് എവിടെ പോയി….?” പതിയെ പിറുപിറുത്തതും പെട്ടെന്ന് താൻ വായുവിലേക്ക് ഉയർന്നത് അറിഞ്ഞ് അവൾ ഒന്ന് ഞെട്ടി… എന്നാൽ ഏറെ പ്രിയപ്പെട്ട ആ ഗന്ധം തന്നെ പൊതിഞ്ഞതും ശ്രീയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… ചിരിക്ക് ഒട്ടും മങ്ങൽ ഏൽക്കാതെ കണ്ണുകൾ ചെറുതായൊന്ന് കൂർപ്പിച്ച് കൊണ്ട് ശ്രീ സാമിന് നേരെ നോക്കി… അവൻ കള്ളച്ചിരിയോടെ ചുണ്ട് കൂർപ്പിച്ച് ഒരു ഉമ്മയും കൊടുത്ത് അവളെയും കൊണ്ട് മുന്നോട്ട് നടന്നു… വരാന്തയുടെ അങ്ങേ അറ്റത്തുള്ള ചാരുപടിക്ക് അടുത്ത് എത്തിയതും സാം അവളെ താഴെ ഇറക്കാൻ നോക്കി…

എന്നാൽ ശ്രീ അവന്റെ കഴുത്തിലൂടെ ഇരു കൈകളും ഇട്ട് ഒന്ന് കൂടെ പറ്റി ചേർന്ന് ഇരിക്കുകയാണ് ചെയ്തത്… “എന്നാടീ കൊച്ചേ….താഴെ ഇറങ്ങിക്കേ…എന്റെ നടു…” ശ്രീ താഴെ ഇറങ്ങുന്നില്ലെന്ന് കണ്ടതും സാം ഒറ്റ പുരികം ഉയർത്തി അവളെ നേരെ നോക്കി… “തൽകാലം എനിക്ക് താഴെ ഇറങ്ങാൻ സൗകര്യം ഇല്ല….ഞാൻ പറഞ്ഞതല്ലല്ലോ എന്നെ എടുക്കാൻ…” കുറുമ്പോടെ ഇടതൂർന്ന താടിയിൽ പിടിച്ച് വലിച്ചതും അവൻ മുഖം ഒന്ന് ചുളുക്കി…. “ഇച്ചായന്റെ കൊച്ചിന് കുറുമ്പ് കുറച്ച് കൂടുന്നുണ്ടല്ലോ..മ്മ്..?” ചാരുപടിയിലെ തൂണിലേക്കായി ചാരി ഇരുന്ന് ശ്രീയെ ഒന്ന് കൂടെ മടിയിലേക്ക് ചേർത്ത് പിടിച്ച് കൊണ്ട് അവൻ ചോദിച്ചു… “ഉണ്ടല്ലോ…എന്റെ ഇച്ചായനോടല്ലേ എനിക്ക് കുറുമ്പ് കാണിക്കാൻ പറ്റുക….”

കട്ടി മീശയുടെ തുമ്പ് പിരിച്ച് കൊണ്ടിരിക്കുന്ന ശ്രീയുടെ കൈ പിടിച്ച് വെച്ച് കൈവെള്ളയിലേക്ക് അവൻ അമർത്തി ഉമ്മ വെച്ചു… അവളുടെ കണ്ണുകളിലേക്ക് നോക്കി ഓരോ വിരലുകളായി കടിക്കവേ കവിളുകളിലേക്ക് രക്തം ഇരച്ച് കയറുന്നുണ്ടായിരുന്നു… “ഏയ് ദുർഗക്കൊച്ചേ…..” അവന്റെ നോട്ടം നേരിടിനാവാതെ മിഴികൾ താഴ്ത്തിയതും സാം ചൂണ്ടുവിരലാൽ അവളുടെ താടി ഉയർത്തി… “എന്റെ വാവക്ക് നാണം വരുന്നുണ്ടോ….അതാണോ ഈ കവിളൊക്കെ ഇങ്ങനെ ചുവന്ന് തുടുത്തത്…മ്മ്….?” ചൂണ്ടുവിരൽ കവിളിൽ അമർത്തിക്കൊണ്ട് കുസൃതിയോടെ അവൻ ചോദിച്ചതും ശ്രീ അവന്റെ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി… അവളെ ഇടുപ്പിൽ ചുറ്റി പിടിച്ച് അവനിലേക്ക് അണച്ച് കൊണ്ട് ചെറു പുഞ്ചിരിയോടെ നെറുകിൽ ചുണ്ട് ചേർത്ത് സാമും ഇരുന്നു… “ഏഹം….ഞങ്ങൾക്ക് അങ്ങോട്ട് വരാമോ…?”

അന്നയുടെ ആക്കിയുടെ ചുമ കേട്ടതും ശ്രീ പിടഞ്ഞ് കൊണ്ട് സാമിന്റെ ദേഹത്ത് നിന്നും താഴേക്ക് ഇറങ്ങി… “എല്ലാരുടെയും കണ്ണ് വെട്ടിച്ച് എന്തായിരുന്നു ഇവിടെ രണ്ടാൾക്കും പരിപാടി…?” മാറിൽ കൈ പിണച്ച് കെട്ടിക്കൊണ്ട് കുസൃതി ചിരിയോടെ നിൽക്കുന്ന അന്നയെയും അവൾക്ക് പിന്നിലായുള്ള അലക്സിനെയും കണ്ട് സാം പല്ല് മുഴുവൻ കാണിച്ച് ചിരിയോടെ എഴുന്നേറ്റ് നിന്നു… “അതേ….കല്യാണം ഉറപ്പിച്ചിട്ടില്ല….അത് കഴിഞ്ഞിട്ട് മതി ഇതൊക്കെ…കേട്ടല്ലോ….” ശ്രീ ചമ്മൽ കാരണം സാമിന്റെ പിന്നിലേക്കായി ഒളിച്ച് നിൽക്കുകയായിരുന്നു… “ചമ്മണ്ട….രണ്ടാളും കണക്കാണ്…നിൽക്കുന്നത് കണ്ടില്ലേ….” അലക്സ് അവളുടെ കൈയിൽ പിടിച്ച് വലിച്ച് മുന്നിലേക്ക് നിർത്തി…സാം അവളുടെ ചെറുവിരലിൽ വിരലിനാൽ കോർത്ത് പിടിച്ചിരുന്നു… “ഏട്ടായീ….” ചിണുങ്ങിക്കൊണ്ട് ശ്രീ അലക്സിന്റെ നെഞ്ചിലേക്ക് ചാരിയതും അവൻ അവളെ ചേർത്ത് പിടിച്ചു…. *****

“ശ്രീ….” സ്റ്റെയർ ഇറങ്ങി താഴേക്ക് പോവുകയായിരുന്ന അവൾ പിന്നിൽ നിന്നും ആരോ വിളിച്ചത് കേട്ട് തല അൽപം ചെരിച്ചു… അവൾക്ക് അരികിലേക്കായി നടന്ന് വരുന്ന ഹരിയെ കണ്ട് ചെറിയൊരു പുഞ്ചിരിയോട് കൂടെ അവന് നേരെ നോക്കി… “എന്താ ഹരിയേട്ടാ…?” ഹരി ശ്രീയുടെ തൊട്ട് മുന്നിലായി വന്ന് നിന്ന് അവളുടെ കണ്ണിലേക്ക് ഉറ്റ് നോക്കി… പണ്ട് തന്നെ കാണുമ്പോഴുണ്ടായിരുന്ന കണ്ണുകളിലെ തിളക്കവും താൻ അടുത്തേക്ക് വരുമ്പോഴുള്ള പരവേശവും ഒന്നും അവളിൽ കാണാത്തത് അവനെ തെല്ല് നിരാശ പെടുത്തി… “വിവാഹം ഒക്കെ ഉറപ്പിച്ച മട്ടാണല്ലോ…” മാറിൽ കൈ പിണച്ച് കെട്ടിക്കൊണ്ടുള്ള അവന്റെ ചോദ്യത്തിന് ചെറിയൊരു പുഞ്ചിരി മാത്രമായിരുന്നു മറുപടി… “കൊല്ലം കുറേ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞ് നടന്ന്…. എന്നെ കിട്ടാതെ വന്നപ്പോ ഞെരമ്പ് മുറിച്ച പെണ്ണല്ലേ നീ…

മാസങ്ങൾ കഴിഞ്ഞില്ല അപ്പോഴേക്ക് ദേ വേറെ ഒരാൾ… ഇതാവും അല്ലേ നിന്റെ ആത്മാർത്ഥ പ്രണയം….എന്തായാലും കൊള്ളാം….നന്നായിട്ടുണ്ട്….” പുച്ഛച്ചിരിയോടെ ഹരി പറഞ്ഞത് കേട്ട് ശ്രീയുടെ കണ്ണുകൾ നിറയാൻ തുടങ്ങി… “എ..” “ദച്ചൂ….” ശ്രീയുടെ സങ്കടം നിറഞ്ഞ മുഖം കണ്ട് വീണ്ടും എന്തോ പറയാൻ ഒരുങ്ങിയതും അതിന് തടസ്സമായൊന്നോണം ആരുടെയോ ശബ്ദം ഉയർന്നു… ഹരിയെ രൂക്ഷമായി നോക്കിക്കൊണ്ട് അവരുടെ അടുത്തേക്കായി അന്ന വന്ന് നിന്നു… “ദച്ചൂ….നീ റൂമിലേക്ക് പൊയ്ക്കോ…” അവൻ പറഞ്ഞതെല്ലാം കേട്ടിട്ടുണ്ടെന്ന് അന്നയുടെ സ്വരത്തിൽ നിന്നും വ്യക്തമായിരുന്നു.. ശ്രീ അവളോട് എതിരൊന്നും പറയാതെ തലയും കുനിച്ച് നടന്നു… “നിന്നെ ഒന്ന് കാണണം എന്ന് കരുതിയിരുന്നു…

ചേട്ടന് വേറെ പെണ്ണ് കിട്ടാഞ്ഞിട്ടാണോ ഇവളെ പോലെ…” ഹരി മുഴുവനാക്കുന്നതിന് മുൻപ് തന്നെ അവന്റെ കവിളിൽ ശക്തിയായി അഞ്ച് വിരൽപാട് പതിഞ്ഞിരുന്നു…. ഹരിയുടെ മുഖം വേദനയാൽ ചുളുങ്ങി…. “ടീ…നീ എന്നെ….” ഒരു പെണ്ണ് ആദ്യമായി തന്റെ ദേഹത്ത് കൈ വെച്ചതിന്റെ അപമാനത്തിൽ ഹരി അവൾക്ക് നേരെ ചീറി… “ഹാ….അടങ്ങെടോ….ഹരിനന്ദാ….” അവന്റെ ദേഷ്യം നിറഞ്ഞ മുഖം കണ്ടിട്ടും ഒരു കൂസലുമില്ലാതെ ആയിരുന്നു അവളുടെ നിൽപ്പ്.. “നിനക്ക് എന്തൊക്കെയോ സംശയം ഉണ്ടെന്ന് തോന്നുന്നു..ഒരു തവണ എന്റെ ഇച്ച നിന്റെ എല്ലാ ഡൗട്ടും ക്ലിയർ ചെയ്തത് അല്ലായിരുന്നോ….അതോ…അന്ന് കിട്ടിയതൊന്നും മതിയാവാഞ്ഞിട്ടാണോ പിന്നെയും ഇരന്ന് വാങ്ങാൻ വന്നത്….” അന്നയുടെ പരിഹാസത്തോടെയുള്ള ചോദ്യം കേട്ട് ഹരി അന്നയെ അടിക്കാനായി കൈ ഓങ്ങി…

എന്നാൽ അവളുടെ മുഖത്തിന് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ എത്തിയതും അവന്റെ കൈ നിശ്ചലമായിരുന്നു… ചെറുതായൊന്ന് മുഖം ചെരിച്ച് നോക്കിയ ഹരി ചുവന്ന മുഖവുമായി അവന്റെ കൈ പിടിച്ച് വച്ചിരിക്കുന്ന അലക്സിനെ കണ്ട് പതറി…. അന്നക്ക് നേരെ ഉയർന്ന ഹരിയുടെ കൈ അലക്സ് ശക്തിയിൽ പിന്നിലേക്ക് മടക്കി…. പ്രതീക്ഷിക്കാതെ ആയത് കൊണ്ട് അവനെ തടയാൻ കഴിയാതെ വേദനിച്ച് ഉറക്കെ കരയാൻ നോക്കിയതും ഞൊടിയിടയിൽ ഹരിയുടെ വാ അലക്സ് മൂടി വെച്ചിരുന്നു… കൈയിന്റെ പിടുത്തം അൽപം പോലും അയക്കാതെ വന്നതും ഹരി കുതറാൻ തുടങ്ങി…പക്ഷേ അപ്പോഴും നിരാശ ആയിരുന്നു ഫലം… അവസാനം തളർന്ന് പോയ ഹരിയെ ചുമരിലേക്ക് ചേർത്ത് നിർത്തി അവന്റെ അടിനാഭിയിൽ മുട്ട് കാൽ കയറ്റി നിന്നു…. “ടീ…..” അലക്സിന്റെ ഉറക്കെയുള്ള വിളി കേട്ട് ഞെട്ടിക്കൊണ്ട് അന്നമ്മ അവന്റെ അടുത്തേക്ക് ചെന്നു… “എന്തായിരുന്നു ഇവിട നടന്നത്….?”

“ഈ  ദച്ചുവിനെ കരയിപ്പിച്ചു….” അവൾ പല്ലിറുമ്മിക്കൊണ്ട് നടന്നത് മൊത്തം പറഞ്ഞ് കൊടുത്തതും പടക്കം പൊട്ടുന്നത് പോലെ ഒരു ശബ്ദം കേട്ടു…. “ടാ %@@£@&!&….നിനക്ക് എന്റെ മാളൂനെ വേദനിപ്പിച്ച് മതിയായില്ല അല്ലേ !…..” അലക്സിന്റെ വായിൽ നിന്ന് കേട്ട തെറി അഭിഷേകം കേട്ട് അന്നമ്മ വായും തുറന്ന് നോക്കി നിന്നു… “എന്തായാലും ഇവൻ ദച്ചൂനെ വേണ്ടാ എന്ന് പറഞ്ഞത് നന്നായി….ഇവനെ പോലെയുള്ള വിഷവിത്തിനൊന്നും അവളെ പോലൊരു പെണ്ണിനെ ഇഷ്ടപ്പെടാനുള്ള ഒരു യോഗ്യതയും ഇല്ല……” അന്ന വിളിച്ചത് കേട്ട് അലക്സ് കണ്ണ് കൂർപ്പിച്ചൊന്ന് നോക്കിയതും അവൾ നന്നായിട്ടൊന്ന് ഇളിച്ച് കൊടുത്തു… പെട്ടെന്നായിരുന്നു അതിലൂടെ മാധവന്റെ സൗണ്ട് കേട്ടത്…. അലക്സ് ഹരിയിൽ നിന്നും പിടി വിട്ട് നല്ലത് പോലെ നിന്നതും മാധവനും മാത്യൂവും അവിടേക്ക് എത്തിയിരുന്നു..

“ആഹ്….നിങ്ങൾ ഇവിടെ നിൽക്കുക ആണോ…സാം എവിടെ …?” “അവൻ ഹോസ്പിറ്റലിൽ നിന്ന് ഏതോ കോൾ വന്നിട്ട് സംസാരിക്കുകയാണ് അച്ഛാ….” മാധവന്റെ ചോദ്യത്തിന് അലക്സ് ആണ് മറുപടി കൊടുത്തത്…. അവർ സംസാരിച്ച് നിൽക്കുന്ന സമയത്ത് ഹരിയുടെ ഫോൺ റിങ് ചെയ്തു…. അവൻ കോൾ എടുക്കാതെ കട്ട് ആക്കിക്കൊണ്ട് പതർച്ചയോടെ മാധവനെ നോക്കി…. “ഞാൻ ഇറങ്ങുകയാണ് അമ്മാവാ….അമ്മയോട് പറഞ്ഞേക്ക്….” ആരെയും നോക്കാതെ ഫോണും കൈയിൽ പിടിച്ച് ഹരി വേഗം അവിടെ നിന്നും തടി തപ്പി… “അലക്സേ…നീ ഇങ്ങ് വന്നേ…” മാത്യൂ അലക്സിന്റെ തോളിലൂടെ കൈയിട്ട് അവനെയും കൂട്ടി മുൻപേ നടന്നു… “അന്നാ….നീ ചെന്ന് മാളൂനെ നോക്ക്….” പോവുന്ന വഴി അന്നമ്മക്ക് മാത്രം കേൾക്കാൻ പറ്റുന്ന വിധത്തിൽ അലക്സ് അവളുടെ ചെവിയിലായി പറഞ്ഞിരുന്നു….

അവർ പോയതും അന്ന ശ്രീയെയും തിരക്കി ഹാളിലൂടെ നടന്നു.. “വസൂമ്മാ….ദച്ചു എവിടെ….?” കിച്ചണിൽ നിന്നും വരുന്ന വസുന്ധരയെ കണ്ട് അവരുടെ അടുത്തേക്ക് ചെന്നു… “അവള് കുളത്തിലേക്ക് പോവുന്നത് കണ്ടു അന്നക്കുട്ടീ….” “ഓക്കേ ചുന്ദരിമണീ…” വസുവിന്റെ കവിളിൽ കുറുമ്പോടെ പിച്ചിക്കൊണ്ട് അന്ന പുറത്തേക്ക് ഇറങ്ങി…. തൊടിയിലൂടെ നടന്ന് കുളത്തിന് അടുത്ത് എത്തിയതും അടിയിലെ പടവിൽ കുളത്തിലേക്ക് കണ്ണുകളയച്ച് ശ്രീ ഇരിക്കുന്നത് കണ്ടു… അന്ന ശബ്ദം ഉണ്ടാക്കാതെ പടവുകൾ ഇറങ്ങി അവളുടെ അടുത്തേക്കായി ചെന്നിരുന്നു… അന്നമ്മ വന്നതോ ഇരുന്നതോ ഒന്നും അറിയാതെ എന്തോ ചിന്തയിൽ ആഴ്ന്ന് ഇരിക്കുകയായിരുന്നു അവൾ… “ദച്ചൂസേ….” അവളുടെ ചുമലിൽ കൈ വെച്ച് കൊണ്ട് വിളിച്ചതും ശ്രീ ഞെട്ടി കൊണ്ട് അന്നയുടെ നേർക്ക് തിരിഞ്ഞു…

“എന്താ ടാ…മുഖം വല്ലാതിരിക്കുന്നത്…?” വിളറിയിരിക്കുന്ന മുഖത്തെ കൈ കുമ്പിളിൽ എടുത്ത് കൊണ്ട് ചോദിച്ചതും ശ്രീ മറുപടിയൊന്നും പറയാതെ അന്നയുടെ തോളിലേക്ക് ചാഞ്ഞു… “അന്നാ….” “ടീ പെണ്ണേ…അയാൾ വല്ലതും പറഞ്ഞത് കേട്ട് പൊന്ന് മോള് സെന്റി ആവാൻ നിന്നാലേ ഈ കുളത്തിൽ മുക്കി കൊല്ലും ഞാൻ നിന്നെ….” ശ്രീയെ പറയാൻ സമ്മതിക്കാതെ ചുണ്ട് കൂർപ്പിച്ച് കൊണ്ട് അന്ന പറഞ്ഞതും ശ്രീ വെറുതേ ഒന്ന് ചിരിച്ചു… “എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു ഹരിയേട്ടനെ….ചെറുപ്പം മുതലേ എല്ലാവരും എന്റെ ആണെന്ന് പറഞ്ഞ് പഠിപ്പിച്ച ആളെ അറിയാതെ ഞാനും സ്നേഹിച്ച് തുടങ്ങിയതാണ്…. ആദ്യമൊക്കെ എന്നോട് ഒന്ന് സംസാരിക്കുക പോലും ചെയ്യില്ലായിരുന്നു….എന്നാ പിന്നെ അതൊക്കെ മാറി എന്നെയും ഇഷ്ടപ്പെടുന്നത് പോലെയാ പെരുമാറിയിരുന്നത്….

അല്ല…അങ്ങനെ ഞാൻ വിശ്വസിച്ചു എന്ന് പറയുന്നതാവും സത്യം….പക്ഷേ പെട്ടെന്ന് ഒരിക്കൽ എന്നെ ഇഷ്ടമല്ലെന്ന് തുറന്നടിച്ച് പറഞ്ഞപ്പോ….സഹിക്കാൻ പറ്റിയില്ല…” ശ്രീയുടെ കൈയിൽ കോർത്ത് പിടിച്ച് കൊണ്ട് അന്ന അവളെ നോക്കി… “ഇതൊക്കെ എന്തിനാ ദച്ചൂസേ പിന്നെയും പറയുന്നത്….നിന്നെ ഞങ്ങൾക്ക് വിശ്വാസം ഇല്ലെന്ന് കരുതിയോ നീ…ഹേ…?” ദേഷ്യത്തോടെയുള്ള അന്നയുടെ നോട്ടം കണ്ട് ശ്രീ ചിരിയോടെ അവളെ ചാരി… “ഇനി ഒരാൾക്കും മനസ്സിൽ സ്ഥാനം കൊടുക്കില്ലെന്ന് ഉറപ്പിച്ചാണ് കോട്ടയത്തേക്ക് കാല് കുത്തിയത്…എന്നാ കണക്ക് കൂട്ടലൊക്കെ തെറ്റിക്കാനാവും വന്ന അന്ന് തന്നെ ഇച്ചായനെയാ ആദ്യമായിട്ട് എന്റെ കണ്ണിൽ പതിഞ്ഞത്…” കുഞ്ഞ് പുഞ്ചിരിയോടെ അവൾ പറഞ്ഞത് കേട്ട് അന്ന വിശ്വാസം വരാതെ അവളെ നോക്കി… “ഹരിയേട്ടൻ….ഒരിക്കൽ സ്നേഹിച്ച് പോയതല്ലേ….അത്കൊണ്ട് മനസ്സിന്റെ കോണിൽ എവിടെയോ അയാൾ ഉണ്ട്..

പക്ഷേ പഴയ ആ സ്നേഹം ഒരിക്കലും ഇനി അയാളോട് ഉണ്ടാവില്ല….കാരണം ഹരിയെ സ്നേഹിച്ചിരുന്ന ശ്രീ അന്ന് മരിച്ചു…. ഇപ്പോ ഈ ഇരിക്കുന്നത് എന്റെ ഇച്ചായന്റെ മാത്രം ദുർഗ ആണ്…ഇച്ചായന്റെ മാത്രം ആവാനാണ് എനിക്ക് ഇഷ്ടവും… കാരണം അത്രയേറെ ആ മനുഷ്യൻ എന്നിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട് അന്നാ….വാക്കുകളിൽ പറഞ്ഞ് ബോധിപ്പിക്കാൻ എനിക്ക് അറിയില്ലെടീ….പക്ഷേ ഒന്നെനിക്കറിയാം…സാമിച്ചൻ ഇല്ലെങ്കിൽ പിന്നെ ദുർഗ ഇല്ല….” ശ്രീ അന്നയുടെ തോളിലേക്ക് തല ചായ്ച് വെച്ച് തെളിനീരിലേക്ക് കണ്ണുകൾ എറിഞ്ഞു… “മതി….വന്നേ…” “നീ പൊയ്ക്കോ….ഞാൻ കുറച്ച് നേരം കൂടെ ഇവിടെ ഇരിക്കട്ടേ ടീ…പ്ലീസ്…” ശ്രീയുടെ തലയിൽ മെല്ലെ ഒന്ന് കൊട്ടി അന്ന പടവിൽ നിന്നും എഴുന്നേറ്റു… “അധികം വൈകാൻ നിൽക്കണ്ട….” പടവിൽ നിന്ന് കയറാനായി തിരിഞ്ഞപ്പോഴാണ് മുകളിലായി ചുമരിലേക്ക് ചാരി നിന്ന് അവരെ തന്നെ നോക്കുന്ന സാമിനെ കണ്ടത്… ******

ഹോസ്പിറ്റലിൽ നിന്നും വന്ന കോൾ അറ്റന്റ് ചെയത് സംസാരിച്ച് കഴിഞ്ഞ ശേഷമാണ് സാം താഴേക്ക് ചെന്നത്… ഹാളിലൊന്നും ആരെയും കാണാഞ്ഞ് ഉമ്മറത്തേക്ക് ചെന്നതും അവിടെ ലോകകാര്യങ്ങൾ സംസാരിച്ച് ഇരിക്കുന്ന മാത്യൂവിനെയും മാധവനെയും കണ്ടു….അലക്സ് ആകെ പെട്ട അവസ്ഥയിലാണ് അവരുടെ കൂടെ ഇരിക്കുന്നത്…. അവന്റെ ഇരിപ്പ് കണ്ട് ചിരി കടിച്ചമർത്തിക്കൊണ്ട് സാം അങ്ങോട്ട് ചെന്നു… സാമിനോട് അവരുടെ കൂടെ ഇരിക്കാൻ പറഞ്ഞെങ്കിലും അവൻ വേഗം അലക്സിനെയും കൂട്ടി അവിടെ നിന്നും എസ്കേപ്പ് ആയി…. “അന്നമ്മയും ദുർഗയും എവിടെ പോയി…?” മുറ്റത്തേക്ക് ഇറങ്ങി നടക്കുന്നതിന് ഇടയിലാണ് സാമിന്റെ ചോദ്യം…. “അറിയില്ല….അതിന് മുൻപ് നിന്നോട് ഒരു കാര്യം പറയാനുണ്ട്…” അലക്സ് നടത്തം നിർത്തിക്കൊണ്ട് സാമിന് നേരെ തിരിഞ്ഞു…

അവന്റെ സംശയത്തോടെയുള്ള നോട്ടം കണ്ട് അലക്സ് ഹരിയുടെ കാര്യം സാമിനോട് പറഞ്ഞ് കൊടുത്തു… “എന്നിട്ട് ആ !!!. എവിടെ….ഒരുതവണ ഞാൻ അവന് വാണിങ് കൊടുത്തതാണ്….എന്നിട്ടും അവന്റെ ! മാറിയില്ല അല്ലേ…?” സാമിന്റെ മുഖം എല്ലാം ദേഷ്യത്താൽ വലിഞ്ഞ് മുറുകിയിരുന്നു… “അവൻ ഇവിടെ ഇല്ല സാമേ…നല്ലോണം ഒന്ന് പെരുമാറാൻ തുടങ്ങിയതാ…അപ്പോഴേക്കും അച്ഛനും പപ്പയും വന്നതും ആ പുന്നാര മോൻ പോയിക്കളഞ്ഞു….” “ഛെ….എന്നിട്ട് ദുർഗ….അവൾ എവിടെ….?” മുഷ്ടി ചുരുട്ടി തുടയിൽ ഇടിച്ച് കൊണ്ട് സാം അലക്സിനെ നോക്കി… “വാ നമുക്ക് പോയി നോക്കാം….” അവർ തിരിച്ച് വരാൻ ഒരുങ്ങുമ്പോഴാണ് കുളത്തിൽ നിന്നും ആരുടെ ഒക്കെയോ സംസാരം കേൾക്കുന്നത്…

അന്നയുടേയും ശ്രീയുടെയും ശബ്ദം ആണെന്ന് അറിഞ്ഞതും അവർ രണ്ടും നടത്തം അങ്ങോട്ടാക്കി… കുളത്തിനടുത്ത് എത്തി അവർ സംസാരിക്കുന്നത് കേൾക്കാനായി സാം ആദ്യത്തെ പടിയിൽ ചവിട്ടി താഴെ ഇറങ്ങി ചുവരിലേക്ക് ചാരി നിന്നു…. അവന് പിന്നിലായി അലക്സും… ****** അവർ ഇരുവരെയും കണ്ട് വാ തുറക്കാൻ പോയ അന്നയെ നോക്കി സാം ചൂണ്ടുവിരൽ ചുണ്ടിന് കുറുകെ വെച്ച് ശബ്ദം ഉണ്ടാക്കരുതെന്ന് പറഞ്ഞു… അവളും അതേ പോലെ തന്നെ കാണിച്ച് പതിയെ സ്റ്റെപ്പ് കയറി സാമിന്റെ അടുത്തേക്ക് ചെന്നു…. “എന്നാ പിന്നെ മക്കള് പൊയ്ക്കോ….ഇച്ചായനും കൊച്ചും കുറച്ച് കഴിഞ്ഞിട്ട് അങ്ങ് വന്നേക്കാം…” അന്നയെയും അലക്സിനെയും നോക്കി ശബ്ദം കുറച്ച് കൊണ്ട് പറഞ്ഞതും അവർ നടക്കട്ടേ എന്ന രീതിയിൽ തലയാട്ടിക്കൊണ്ട് അവിടെ നിന്നും കയറി പോയി….

സാം ഒരു കള്ളച്ചിരിയോടെ കുറച്ച് നീളത്തിലുള്ള പുല്ല പറിച്ചെടുത്ത് മീശയും പിരിച്ച് പടികൾ ഇറങ്ങി ശ്രീ ഇരിക്കുന്നതിന് രണ്ട് സ്റ്റെപ്പ് മുകളിലായി ചെന്ന് ഇരുന്നു… അവളുടെ ഇടതൂർന്ന മുടി മൊത്തം അഴിച്ച് ഒരു സൈഡിലേക്ക് ഇട്ടത് കൊണ്ട് പുറം കഴുത്ത് നന്നായി കാണാമായിരുന്നു… സാം കൈയിലിരുന്ന പുൽ നാമ്പെടുത്ത് പതിയെ അവിടെ തലോടി… “ദേ അന്നാ…കളിക്കാതെ പോയേ….ഞാൻ കുറച്ചൂടെ കഴിഞ്ഞിട്ട് വരാമെന്ന് പറഞ്ഞതല്ലേ….” അന്നമ്മയുടെ പ്രവർത്തി ആയിരിക്കും എന്ന് കരുതി തിരിഞ്ഞ് നോക്കാതെ ചുമൽ വെട്ടിച്ച് കൊണ്ട് ശ്രീ പറഞ്ഞു…. “ഹാ…..നിന്നോടല്ലേ ടീ പറഞ്ഞത്…” പിന്നെയും കുറുമ്പ് കാണിക്കുന്നത് കണ്ട് ദേഷ്യം വന്ന ശ്രീ തിരിഞ്ഞ് നോക്കുമ്പോഴാണ് അവളെ നോക്കി കണ്ണിറുക്കി ചിരിക്കുന്ന സാമിനെ കണ്ടത്… “ഇച്ചായൻ….”

അവനാണെന്ന് മനസ്സിലായതും ശ്രീ കള്ള പിണക്കത്തോടെ എഴുന്നേറ്റ് പോവാൻ ശ്രമിച്ചു… പക്ഷേ അവളുടെ കൈ പിടിച്ച് വലിച്ചതും സാം ഇരിക്കുന്നതിന്റെ താഴെയായിട്ടുള്ള സ്റ്റെപ്പിലേക്കായിരുന്നു അവൾ ചെന്ന് ഇരുന്നത്…. സാം അൽപം കുനിഞ്ഞ് ശ്രീയുടെ രണ്ട് കൈയിലും പിടിച്ച് ഇടുപ്പിലൂടെ ചുറ്റിവെച്ചു…. “ഇച്ചായാ…വിട്ടേ….എനിക്ക് പോവണം….” അവന്റെ കൈയിൽ നിന്നും കുതറാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് സമ്മതിക്കാതെ ഇറുകെ പിടിച്ചിരുന്നു… 🎶എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട് കരളില്‍ നൂറു നൂറ് കനവുണ്ട് (2) എനിക്കൊരു പെണ്ണുണ്ട് മൊഴിയില്‍ തേനുണ്ട് ചിരിയിലൊരനുരാഗച്ചിറകുണ്ട് അവളുടെ ചിരിയിലൊരനുരാഗച്ചിറകുണ്ട്…🎶

പതിഞ്ഞ സ്വരത്തിൽ പാടുന്നതിനൊടൊപ്പം അവളുടെ കാതിന് പിന്നിലെ മറുകിൽ ഇടക്കിടെ ചുണ്ടമർത്തുന്നുണ്ടായിരുന്നു… ശ്രീ തല പിന്നിലേക്ക് ചെരിച്ച് അവന്റെ നെഞ്ചിലേക്ക് ചാരി…. ഇരു കൈയാലും അവളുടെ മുഖത്തെ ഒതുക്കി ആ നെറ്റിയിൽ മൃദുവായി ചുണ്ടമർത്തിക്കൊണ്ട് ശ്രീയെ അവൻ നെഞ്ചിലേക്ക് ചേർത്തു… ******** കുറച്ച് സമയം കൂടെ അവിടെ ചിലവഴിച്ച് സന്ധ്യ ആവാറായപ്പോഴായിരുന്നു അവരെല്ലാം തിരിച്ച് പോയത്…. ശ്രീ പിറ്റേന്ന് വൈകുന്നേരം തന്നെ തിരിച്ച് കോട്ടയത്തേക്ക് എത്തിയിരുന്നു…. സാം ഹോസ്പിറ്റലിൽ ആയത് കൊണ്ട് അലക്സ് ആണ് അവളെ കൂട്ടാൻ വന്നത്… വീട്ടിൽ എത്തിയതും ഷേർളി അവളെ കണ്ടപാടെ കെട്ടിപിടിച്ചും ചുംബിച്ചും ഒക്കെ ആണ് അവരുടെ സന്തോഷം അറിയിച്ചത്… പിറ്റേന്ന് ക്ലാസിൽ പോവാൻ നേരം പുലിക്കാട്ടിലേക്ക് ചെന്നെങ്കിലും സാമിനെ അവൾ കണ്ടിരുന്നില്ല…

ഏതോ സർജറി ഉള്ളത് കാരണം അവിടെ ഫ്ലാറ്റിൽ തന്നെ കിടന്നതാണെന്ന് റീന പറഞ്ഞാണ് അവൾ അറിഞ്ഞത്… രാത്രിയും രാവിലെയും സംസാരിക്കാത്തത് കാരണം അവനെ കാണാൻ അവൾ വല്ലാതെ ആഗ്രഹിച്ചിരുന്നു… അത് കൊണ്ട് ചെറിയൊരു വിഷമം തോന്നിയിരുന്നെങ്കിലും തിരക്കിലാണെന്ന് അറിയാവുന്നത് കൊണ്ട് അവൾക്ക് പ്രശ്നം ഒന്നും ഇല്ലായിരുന്നു… അന്നയുടെ കൂടെ ബസിലാണ് അന്ന് കോളേജിലേക്ക് പോയത്….അവരുടെ വരവും കാത്ത് സ്വാതി ഗേറ്റിൽ തന്നെ നിൽപ്പുണ്ടായിരുന്നു…അവളോട് കഥകളെല്ലാം പറഞ്ഞും ശ്രീയെ ഇട്ട് കളിയാക്കിയും ക്ലാസിലേക്ക് പോയി…. ക്ലാസിൽ ഇരിക്കുമ്പോഴും പലപ്പോഴായി സാമിന്റെ ഓർമകൾ കടന്ന് വരുന്നുണ്ടായിരുന്നു…. ഉച്ച കഴിഞ്ഞതും അടുത്ത രണ്ട് ഹവർ ക്ലാസ് ഇല്ലെന്ന് അറിഞ്ഞ് അവർ പുറത്തേക്ക് ഇറങ്ങി… കോളേജിന്റെ ഗേറ്റിന് മുന്നിൽ എത്തിയതും എതിരെ ആയി കാർ നിർത്തിയിട്ട് അതിൽ ചാരി നിൽക്കുന്ന സാമിനെയും അവന്റെ അടുത്തായി ഉള്ള അലക്സിനെയും കണ്ട് ശ്രീ വിടർന്ന കണ്ണുകളോടെ ഓടി അവരുടെ അടുത്തേക്ക് ചെന്നു…

“പോവാം….” ശ്രീയെ കണ്ടതും കുസൃതി ചിരിയോടെ ചോദിച്ചത് കേട്ട് അവൾ സംശയത്തോടെ അലക്സിനെയും അന്നയെയും മാറി മാറി നോക്കി… “നീ എന്തിനാ ടീ ഞങ്ങളെ നോക്കുന്നത്…നിന്റെ ഇച്ചായനല്ലേ വിളിച്ചത്…കൂടെ പോ കൊച്ചേ…” അന്നമ്മ കുറുമ്പോടെ അവളുടെ കവിളിൽ പിടിച്ച് വലിച്ചതും ശ്രീ ചിരിച്ച് കൊണ്ട് കാറിന് അടുത്തേക്ക് നടന്നു… “ആഹ്….അങ്ങോട്ടല്ല….ദേ ഇങ്ങോട്ട്…” സാം അലക്സിന്റെ ബുള്ളറ്റിന് അരികിലേക്ക് ചെന്ന് കയറി ഇരുന്നു…. എല്ലാവരും നോക്കി നിൽക്കേ ശ്രീക്ക് ചമ്മൽ തോന്നി എങ്കിലും സാമിന്റെ കണ്ണുരുട്ടൽ കണ്ട് വേഗം തന്നെ പിന്നിലേക്ക് കയറി ഇരുന്നു… തങ്ങളെ നോക്കി ചിരിയോടെ നിൽക്കുന്ന മൂന്ന് പേരെയും നോക്കി കണ്ണിറുക്കി കാണിച്ച് സാം ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു… *****

“എന്നാ നമുക്കും പോയേക്കാം അല്ലേ….?” അലക്സിന്റെ ചോദ്യം കേട്ട് അന്ന തലയാട്ടി….സ്വാതിയെ നിർബന്ധിച്ചെങ്കിലും അവൾ ബസിൽ പൊയ്ക്കോളാം എന്ന് വാശി പിടിച്ചത് കൊണ്ട് അന്ന അലക്സിന്റെ കൂടെ കാറിൽ കയറി… ഫ്രണ്ട് സീറ്റിൽ ആണ് ഇരുന്നതെങ്കിലും അവർ പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല…. ഇടക്കിടെ അലക്സിൽ നിന്നും തന്റെ നേർക്ക് നീളുന്ന നോട്ടം ആസ്വദിച്ച് കൊണ്ട് അവനെ ശ്രദ്ധിക്കാതെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ട് ഇരുന്നു… പുലിക്കാട്ടിലെത്തിയതും പരിചയമില്ലാത്ത കാർ കിടക്കുന്നത് കണ്ട് അലക്സും അന്നയും മുഖത്തോട് മുഖം നോക്കി… ആരെങ്കിലും ബന്ധുക്കൾ ആവും എന്ന് തോന്നി കാർ പാർക്ക് ചെയ്ത് രണ്ടാളും അകത്തേക്ക് കയറി… ഹാളിൽ ഒരു സുന്ദരിയായ സ്ത്രീയും അവരുടെ ഭർത്താവെന്ന് തോന്നിക്കുന്ന മദ്ധ്യവയസ്കനും ഇരിപ്പുണ്ടായിരുന്നു….

“ആ സൂസന്നേ….ദേ ഇതാണ് ഞങ്ങളുടെ അന്നക്കുട്ടി….” പരിചയമില്ലാത്തവരെ കണ്ട് മിഴിച്ച് നിൽക്കുന്ന അന്നയെ ചേർത്ത് പിടിച്ച് അമ്മച്ചി പറഞ്ഞു… “ഈശോയേ…കുഞ്ഞിലേ എങ്ങാനും കണ്ടതാ മോളെ….ശരിക്കും സുന്ദരിക്കുട്ടി ആണല്ലോ….ഒരു മാലാഖയെ പോലെ ഉണ്ട്…അല്ലേ ഇച്ചായാ…” ആ സ്ത്രീ എഴുന്നേറ്റ് അന്നയുടെ തലയിൽ തൊട്ടും തലോടിയും പറഞ്ഞു… അമ്മച്ചിയുടെ ഒരു അകന്ന ബന്ധു ആയിരുന്നു അത്…അമ്മച്ചിക്ക് സുഖമില്ലാത്തത് അറിഞ്ഞ് കാണാൻ വന്നതായിരുന്നു… “ഇതാണോ സാം…?” അലക്സിനെ കണ്ടാണ് അയാളുടെ ചോദ്യം…. “ഏയ് അല്ല ഔസേപ്പേ…ഇതും ഞങ്ങളുടെ മകൻ തന്നെ ആണ്…അലക്സ്…സാം ഹോസ്പിറ്റലിൽ ആണ്…വന്നിട്ടില്ല…” മാത്യൂ ആണ് അയാൾക്ക് മറുപടി കൊടുത്തത്… “കോളേജിൽ നിന്ന് വരുന്ന വഴി അല്ലേ…മോള് ചെന്ന് ഫ്രഷ് ആയേച്ച് വാ….” സൂസൻ അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞതും അന്ന ചെറുതായി ഒന്ന് ചിരിച്ച് മുകളിലേക്ക് കയറി പോയി…

“റീനേ മോൾക്ക് വിവാഹം എന്തെങ്കിലും നോക്കുന്നുണ്ടോ…?” സൂസന്നയുടെ ചോദ്യം കേട്ട് മറ്റെന്തോ ശ്രദ്ധയിൽ ആയിരുന്ന അലക്സ് ഞെട്ടലോട് കൂടെ അവരെ നോക്കി… “സാമിന്റെ കാര്യം ഏതാണ്ട് ഉറപ്പിച്ചതാണ്…ഇവൾക്ക് കൂടെ പറ്റുന്ന ഒരാളെ കിട്ടിയാൽ ഒരുമിച്ച് കെട്ട് നടത്താം എന്ന ഒരു ആലോചന ഉണ്ടായിരുന്നു…” മാത്യൂവിന്റെ മറുപടി കേട്ട് എന്തിനെന്നറിയാതെ ഹൃദയം പിടക്കാൻ തുടങ്ങിയത് അലക്സ് ശ്രദ്ധിച്ചു… അന്ന ഫ്രഷ് ആയി ഒരു സ്കെർട്ടും ടോപ്പും ഇട്ട് താഴേക്ക് വന്നു… അവളെ അടുത്ത് പിടിച്ചിരുത്തി സൂസൻ ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു… “റീനാ….ഞങ്ങൾക്ക് ആകെ ഒരു മകൻ ആണെന്ന് അറിയാലൊ….ഇച്ചായന്റെ ബിസിനസിലോ ആസ്തിയിലോ ഒന്നും അവന് താൽപര്യം ഇല്ല….അവന്റെ സാവന്തം ഇഷ്ടത്തിനാണ് ഐ.പി.എസ് എടുത്തത്…എറണാകുളത്ത് എസ്.പി ആയിട്ട് ഡ്യൂട്ടിയിലാണ്…

വിവാഹപ്രായം ആയി…കുറേ ആലോചന വന്നിട്ടും ഒന്നും ഞങ്ങൾക്ക് തൃപ്തി ആയില്ല.. ഇപ്പോ അന്നമോളെ കണ്ടപ്പോ എന്താണെന്ന് അറിയില്ല എനിക്ക് ഒരുപാട് ഇഷ്ടം ആയി….അവന് എന്ത് കൊണ്ടും യോജിച്ച കുട്ടി മോള് തന്നെ ആണെന്ന് ഒരു തോന്നൽ…. നിങ്ങൾക്ക് ആർക്കും എതിർപ്പില്ലെങ്കിൽ ഞങ്ങൾക്ക് തന്നേക്കാമോ അന്നമോളെ….?” സൂസന്റെ ചോദ്യം കേട്ട അന്ന ഞെട്ടലോടെ ആദ്യം നോക്കിയത് അലക്സിന്റെ മുഖത്തേക്ക് ആയിരുന്നു……….തുടരും

നിനക്കായ് : ഭാഗം 84

Share this story