ദാമ്പത്യം: ഭാഗം 23

ദാമ്പത്യം: ഭാഗം 23

എഴുത്തുകാരി: തുഷാര ലക്ഷ്മി

പ്രദീപ് തലേന്ന് വിളിച്ച് പുറത്തു വെച്ച് കാണാം എന്ന് പറഞ്ഞത് പ്രകാരം മറൈൻഡ്രൈവിലെ ഒരു റസ്റ്റോറന്റിൽ ഇരിക്കുകയാണ് അഭി…..രണ്ടു ചായയ്ക്ക് ഓർഡർ കൊടുത്ത് പ്രദീപിനെ പ്രതീക്ഷിച്ചിരിക്കുമ്പോൾ അഭിയുടെ മനസ്സ് വല്ലാതെ അസ്വസ്ഥതപ്പെടുന്നുണ്ടായിരുന്നു… അവൻ പറയാൻ പോകുന്ന കാര്യങ്ങൾക്ക് തന്റെ ചേട്ടന്റെ ജീവിതത്തിന്റെ വിലയുണ്ട്…… ഏസിയുടെ തണുപ്പിൽ ഇരിക്കുമ്പോഴും അഭിയാകെ വിയർക്കുന്നുണ്ടായിരുന്നു….. എന്തൊക്കെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും തന്റെ കൂടെപ്പിറപ്പാണ്… തങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഏറെയുണ്ടെങ്കിലും ചേട്ടന്റെ ജീവിതം നശിച്ചു കാണാൻ സ്വപ്നത്തിൽ പോലും താൻ ആഗ്രഹിച്ചിട്ടില്ല…..

നിമിഷയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ചേട്ടൻ ആരോടും പറഞ്ഞിട്ടില്ല….. പ്രദീപ് നിമിഷയേ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞതുകൊണ്ട് മാത്രമല്ല, സ്വന്തം നേട്ടത്തിനു വേണ്ടി ആരെയും ദ്രോഹിക്കാൻ മടിയില്ലാത്ത അവരുടെ മനസ്സ് മനസ്സിലായത് കൊണ്ടുകൂടിയാണ് അവരെ ശ്രദ്ധിക്കാൻ തുടങ്ങിയത്…. ശ്രീയോട് ചെയ്ത ദ്രോഹങ്ങൾ താൻ നേരിട്ട് അറിഞ്ഞതാണ്….. നിമിഷയെ കണ്ടുമുട്ടുന്നതുവരെ ചേട്ടൻ നല്ലൊരാളായിരുന്നു…… അച്ഛനും അമ്മയ്ക്കും നല്ലൊരു മകൻ, തന്റെ സ്നേഹനിധിയായ ചേട്ടൻ, ശ്രീയുടെ ഉത്തരവാദിത്വമുള്ള ഭർത്താവ്…. എല്ലാംകൊണ്ടും നല്ലൊരു മനുഷ്യൻ…..പക്ഷേ നിമിഷ ചേട്ടനെ പാടെ മാറ്റി കളഞ്ഞു….. നിമിഷയുമായി പ്രണയത്തിലായതോടെ ശ്രീയ്ക്ക് അവളുടെ ഭർത്താവിനെ മാത്രമല്ല തന്റെ കുടുംബത്തിന് നല്ലൊരു മകനേയും സഹോദരനേയും കൂടിയാണ് നഷ്ടപ്പെട്ടത്……

ചേട്ടന്റെ ലോകം നിമിഷയിലേയ്ക്ക് ചുരുങ്ങി…. ഭ്രാന്തമായ സ്നേഹമാണ് ചേട്ടനവരോട്….. ആവണി മോൾ പോലും നിമിഷ കഴിഞ്ഞേയുള്ളൂ…. തോളിൽ അമർന്ന പ്രദീപിന്റെ കൈകളാണ് അഭിയെ ചിന്തകളിൽ നിന്നുണർത്തിയത്….. പ്രദീപ്‌ അഭിയെ നോക്കി ചിരിച്ചു അവന്റെ എതിർ വശത്തിരുന്നു…… സോറി ഡാ…… ബ്ലോക്കിൽ പെട്ടു പോയി അതാ ലേറ്റ് ആയത്… പ്രദീപ് ക്ഷമാപണം നടത്തി…. അത് സാരമില്ലെടാ….. ഞാൻ എത്തിയ ഉടനെ ആണ് നിന്നെ വിളിച്ചത്….ഏറിയാൽ ഒരു അഞ്ചു മിനിറ്റ്….. പിന്നെ എന്നെ കാണാൻ വേണ്ടി തൃശ്ശൂരിൽനിന്ന് ഇവിടെ വരെ വന്ന നിന്നെ ഒരു അഞ്ചു മിനിറ്റെങ്കിലും ഞാൻ കാത്തിരിക്കണ്ടേ…… അഭി ഉള്ളിലെ ആളൽ മറച്ചു ചിരിക്കാൻ ശ്രമിച്ചു…..

തുറന്നു സംസാരിക്കാം എന്ന് കരുതിയാണ് പുറത്തു വച്ച് കാണാം എന്ന് പറഞ്ഞത്…..ഫ്ലാറ്റിൽ ആര്യ ഉള്ളതല്ലേ…..എനിക്ക് അതെന്തോ വേണ്ടായെന്നു തോന്നി …. അവളെ ഇതെങ്ങനെ ബാധിക്കുമെന്ന് അറിയില്ലല്ലോ…..തിരികെ ചെന്നിട്ടു നീ തന്നെ അവളോട്‌ പറഞ്ഞാൽ മതിയെല്ലാം….. ഉം……മനസ്സിലായി എനിക്ക്…ശ്രീയ്ക്ക് അതിൽ പ്രശ്നമൊന്നുമില്ല…..അവൾക്കും അറിയാം നീ പറയാൻ പോകുന്നത് ശുഭ വർത്തകളല്ലെന്നു…… നിന്റെ ഊഹം ശരിയാണ്…… അന്ന് നിമിഷയെ കണ്ടിട്ടുണ്ടെന്ന് നിന്നോട് പറഞ്ഞെങ്കിലും പിന്നെ ഞാനത് വിട്ടു… പക്ഷേ അന്നേ അവളെപ്പറ്റി തിരക്കേണ്ടതായിരുന്നു…… തന്നെ ഉറ്റു നോക്കിയിരിക്കുന്ന അഭിയെ നോക്കി കുറച്ച് നിരാശയോടെ പ്രദീപ് പറഞ്ഞു.. ഡാ നീ കാര്യം എന്താണെന്നു വെച്ചാൽ പറയ്…. വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ….

മുള്ളിന്റെ പുറത്തു നിൽക്കുന്ന പോലെയാ ഇപ്പോൾ എന്റെ അവസ്ഥ…. നീ ടെൻഷനടിക്കേണ്ട…… എല്ലാത്തിനും നമുക്ക് ഒരു പരിഹാരമുണ്ടാക്കാം…. ഞങ്ങൾ കുറച്ച് പോലീസ്‌കാർ ചേർന്ന് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്… നീ അയച്ചു തന്ന ഫോട്ടോ ഞാൻ അതിലേക്ക് ഫോർവേഡ് ചെയ്തിരുന്നു…… ചിലർ എന്നെ വിളിച്ചു…..അറിഞ്ഞു പലതും നിമിഷയെ പറ്റിയും, വെങ്കി എന്ന വെങ്കിടേഷിനെ പറ്റിയും….. നിങ്ങളുടേത് പോലെ ഒരു ഫാമിലിയിൽ വന്നു കയറാനുള്ള ഒരു യോഗ്യതയുമില്ലാത്തവളാണ് നിമിഷ….പാലക്കാട് ആണ് സ്വദേശം…..അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചു പോയ അവളെ, അമ്മയുടെ ചേച്ചിയും ഭർത്താവും ഏറ്റെടുത്തു……അവരുടെ മക്കളുടെ കൂടെ സ്നേഹിച്ച്,ലാളിച്ചു തന്നെ വളർത്തി… അവളുടെ ഇഷ്ടപ്രകാരമാണ് എഞ്ചിനീറിങ്ങിനു ചേർത്തത്…..

അവിടെ വെച്ചുള്ള പരിചയമാണ് ഈ വെങ്കിടേഷുമായി…… പട്ടാമ്പിയിലെ ഒരു അഗ്രഹാരത്തിൽ ആണ് അവൻ ജനിച്ചത്…അവന്റെ അപ്പ അഡ്വക്കേറ്റ് ആണ്….നല്ലൊരു അയ്യർ കുടുംബത്തിലെ പയ്യൻ….പക്ഷേ ആ സ്വഭാവഗുണമൊന്നും അവനില്ല…..പഠിക്കാൻ മിടുക്കനായിരുന്നു…..കോളേജിൽ നിമിഷയുടെ സീനിയർ ആയിരുന്നു വെങ്കിടേഷ്.. .പെട്ടെന്ന് തന്നെ ഇരുവരും അടുത്തു…..അവർ കൂട്ടുകാരാണോ,കമിതാക്കളാണോയെന്ന് അടുത്ത സുഹൃത്തുക്കൾക്ക് പോലും സംശയം തോന്നിയിരുന്നു……അങ്ങനെയിരിക്കെ ഒരു നാൾ കോളേജിലെ ഒഴിഞ്ഞുകിടക്കുന്ന ഒരു ക്ലാസ്സ്‌ റൂമിൽ വച്ച് രണ്ടുപേരേയും വളരെ മോശം സാഹചര്യത്തിൽ കുട്ടികൾ പിടികൂടി…

വളരെ വേഗം അത് വാർത്തയായി….. കുട്ടികളുടെയും,പരന്റ്സിന്റെയും സമ്മർദംമൂലം മാനേജ്മെന്റ് ഇവരെ കോളേജിൽനിന്ന് പുറത്താക്കി…… രണ്ടു വീട്ടുകാർക്കും നാണക്കേടായി…. വളർത്തി വലുതാക്കിയ കണക്കുപറഞ്ഞ് വല്യച്ഛനും വല്യമ്മയും ഉപദ്രവിച്ചപ്പോൾ നിമിഷയ്ക്ക് അവിടം ദുസ്സഹമായി…. വെങ്കിയുടെ അവസ്ഥയും അതുതന്നെയായിരുന്നു… അഗ്രഹാരതെരുവിൽ അവനും കുടുംബവും ഒറ്റപെട്ടു….. ഒടുവിൽ വല്യച്ഛൻ കരുതിവച്ചിരുന്ന പണവും സ്വർണവുമെടുത്ത് നിമിഷയും, വെങ്കിയും നാടുവിട്ടു…. പുകഞ്ഞ കൊള്ളി പുറത്ത് എന്നപോലെ ഇതൊരു അവസരമായി കണ്ടു രണ്ടു വീട്ടുകാരും അവരെ കൈയൊഴിഞ്ഞു…… അങ്ങനെ രണ്ടു പേരും കോഴിക്കോടെത്തി.. …വാടകയ്‌ക്കൊരു വീടെടുത്ത് താമസവും തുടങ്ങി….. നിയമപരമായി വിവാഹിതരല്ലായിരുന്നു അവർ….

ഞാൻ അന്വേഷിച്ചറിഞ്ഞത് ശരിയാണെങ്കിൽ വളരെ കോംപ്ലിക്കേറ്റഡ് ആയ ഒരു റിലേഷൻഷിപ് ആണ് അവർ തമ്മിൽ….. പരസ്പരം ഭ്രാന്തമായ സ്നേഹമാണ് ഇരുവർക്കും.. പക്ഷേ അവൻ മറ്റൊരാളെ പ്രണയിക്കുന്നതോ,പ്രാപിക്കുന്നതതോ അവൾക്ക് പ്രശ്നമല്ല, അതുപോലെ തന്നെ അവന് തിരിച്ചും….. രണ്ടും നല്ല അസ്സല് ഫ്രാഡുകൾ…. നിമിഷ പണക്കാരനായ ഏതെങ്കിലും ഒരുത്തനെ പ്രേമിച്ച് വലയിൽ വീഴ്ത്തും….എന്നിട്ടവനെ ഇവരുടെ വീട്ടിൽ എത്തിക്കും…..ആ സമയം ഈ വെങ്കി അവളുടെ സഹോദരനോ,ഭർത്താവോ ആയി അവതരിക്കും…പിന്നെ പുറത്ത് അറിയിക്കുമെന്നോ, പോലീസിനെ വിളിക്കുമെന്നുമൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തും…പുറത്തറിഞ്ഞാലുള്ള നാണക്കേട് ഭയന്നു ഇവര് പറയുന്നത് എന്തും കേൾക്കും…പറയുന്ന കാശ് കൊടുത്ത് ഒഴിവാക്കും….

വെങ്കിയും ഇതുപോലെ തന്നെ…. സ്ത്രീകളെ പുറകെ നടന്നു അവരെ വളക്കും….. കൂടുതലും വീട്ടമ്മമാരാണ്…… അത്യാവശ്യം ഗ്ലാമർ ആണല്ലോ അവൻ……പോരാത്തതിന് സംസാരിച്ചു മയക്കാനുള്ള കഴിവുമുണ്ട്….വളഞ്ഞു കഴിഞ്ഞാൽ ഇതുപോലെ അവരെ വീട്ടിലെത്തിക്കും…..പിന്നെ അവിടെ നടക്കുന്നതൊക്കെ വീഡിയോ എടുക്കും…. കുറച്ച് നാൾ കഴിഞ്ഞു ഈ വീഡിയോയും, നൂഡ് ഫോട്ടോസും കാണിച്ചു ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടും…..ഇതായിരുന്നു രണ്ടിന്റെയും പ്രധാന പരിപാടി…. ഇവരുടെ ഭാഗ്യത്തിന് നാണക്കേട് ഭയന്ന് ആരും കേസ് ഒന്നും കൊടുത്തില്ല….കിട്ടുന്ന പൈസ ഒക്കെ രണ്ടാളും അടിച്ചുപൊളിച്ച് തീർക്കും….. ഇതിനിടയിൽ ഒരു കുത്തു കേസിൽപെട്ട് വെങ്കിടേഷ് അകത്തായി…… ആ സമയത്ത് ഞാനും കോഴിക്കോടാണ്…..

ഒരു കേസിലെ ആവശ്യത്തിന് വക്കീലിനെ കാണാൻ അയാളുടെ ഓഫീസിൽ ചെന്നപ്പോൾ ആണ് ഞാൻ നിമിഷയെ കാണുന്നത്….. ഞാനന്ന് കാണാൻ പോയ വക്കീൽ ആയിരുന്നു വെങ്കിയുടെയും കേസ് വാദിച്ചത്….. അവന്റെ കേസിന്റെ കാര്യയുമായി ബന്ധപെട്ടു വന്നതായിരുന്നു നിമിഷയും അവിടെ….. ഈ കാര്യം അറിഞ്ഞപ്പോഴാണ് ഞാൻ അവളെ ഓർത്തെടുത്തത്….. വെങ്കി ജയിലിൽ ആയപ്പോൾ നിമിഷ പെട്ടു…. അവിടെ നിൽക്കാൻ കഴിയാത്ത അവസ്ഥയായി…. എല്ലാ കാര്യങ്ങളും രണ്ടാളും ഒരുമിച്ച് ആയിരുന്നു ചെയ്തിരുന്നത്… അവൻ ആയിരുന്നു അവളുടെ ധൈര്യം…. കയ്യിൽ കാശ് ഇല്ലാത്തതും, ചുറ്റുമുള്ളവരുടെ ശല്യവുമൊക്കെ ആയപ്പോൾ അവൾക്ക് ആ സ്ഥലം വിടേണ്ടി വന്നു….. അങ്ങനെയാണ് ഈ നാട്ടിൽ എത്തുന്നത്….. ആ സമയത്താകും നിന്റെ ചേട്ടനെ പരിചയപ്പെടുന്നത്….. പറ്റിയ ഒരു ഇരയെ നോക്കി നടന്ന നിമിഷയുടെ വലയിൽ നിന്റെ ചേട്ടൻ കൃത്യമായി വന്നുവീണു….

അവളത് നന്നായി ഉപയോഗപ്പെടുത്തി….. വെങ്കി വരുന്നതുവരെ ഒരു പിടിവള്ളിയായി കരുതിക്കാണും നിന്റെ ചേട്ടനെ….. പക്ഷേ എനിക്ക് മനസ്സിലാകാത്തത് ഇവൾ എങ്ങനെ നിന്റെ ചേട്ടനെ കല്യാണം കഴിച്ചു എന്നാണ്…… അറിഞ്ഞിടത്തോളം ഭർത്താവും കുട്ടികളുമൊക്കെയായി ഒരു കുടുംബിനിയായി കഴിയുന്ന ടൈപ്പല്ല നിമിഷ…. ചിലപ്പോൾ നിന്റെ ചേട്ടന്റെ നിർബന്ധം കാരണമാകാം അവൾ വിവാഹത്തിന് തയ്യാറായത്…… പക്ഷേ ഇപ്പോൾ വെങ്കി റിലീസായി നിമിഷയുടെ അടുത്തെത്തി രണ്ടാളും പഴയ പോലെ കാണാറുണ്ടെന്നു മനസ്സിലായ സ്ഥിതിയ്ക്ക് ഒരു കാര്യം ഉറപ്പിക്കാം…… അവൾക്കൊരു മാറ്റവുമില്ല….. അവർ തമ്മിൽ ഒന്നിച്ച സ്ഥിതിക്ക് അത് നിന്റെ ചേട്ടന് നല്ലതാവില്ല….

ഓരോ നിമിഷവും ആ മനുഷ്യൻ വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്….. പ്രദീപ് പറഞ്ഞു നിർത്തി അഭിയെ നോക്കി….. ഒരനക്കവുവുമില്ലാതെ കേട്ടിരിക്കുകയായിരുന്നു അവൻ…..അവന്റെ മുന്നിലിരുന്ന ചായ തണുത്ത് പാട കെട്ടിയിരുന്നു…..അവന്റെ മനസ്സിൽ ഒരു കടലിരമ്പുന്നുണ്ടായിരുന്നു…അരവിന്ദിനെ ഓർത്ത്….. പലവിധ ചിന്തകളാൽ കലങ്ങി മറിഞ്ഞിരുന്നു മനസ്‌…. പ്രദീപ് പറയാൻ പോകുന്നതിനെ പറ്റി ഒരു ചെറിയ ധാരണയുണ്ടായിരുന്നു…വെങ്കി നിമിഷയുടെ മുൻകാമുകനായിരിക്കും….നാളുകൾക്കു ശേഷം അവളെ തിരക്കി വന്നതാകാം…അങ്ങനെയാണെങ്കിൽ അവനെ വന്ന വഴിക്ക് ഓടിക്കണം എന്നൊക്കെയായിരുന്നു കണക്കുകൂട്ടൽ…

പക്ഷേ ഇതിപ്പോൾ തന്റെ പ്രതീക്ഷകൾക്കും അപ്പുറമാണ്…..നിമിഷ ശരിക്കും ഞെട്ടിച്ചു….അവന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു….. മൂന്നുനാലു തവണ പ്രദീപ് പേരെടുത്ത് വിളിച്ചതിനു ശേഷമാണവൻ ബോധമണ്ഡലത്തിലേക്ക് വന്നത്…… ടാ റിലാക്സ്….. എനിക്കറിയാം പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുന്ന കാര്യങ്ങളല്ല ഇതൊന്നും….. പക്ഷേ നമുക്ക് എന്ത് ചെയ്യാൻ പറ്റും… നീ കേട്ടിട്ടില്ലേ സത്യത്തിന്റെ മുഖം ക്രൂരമാണ്… അപ്രിയസത്യമാണെങ്കിലും അത് നമ്മൾ ഉൾക്കൊണ്ടേ മതിയാകൂ….. കഴിയുന്നതും വേഗം നിന്റെ ചേട്ടനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അയാളെ ഈ കുരുക്കിൽ നിന്ന് രക്ഷപ്പെടുത്തണം….. അഭി മറുപടിയൊന്നും പറഞ്ഞില്ല…. എന്തുകൊണ്ടോ ഒരുപാട് നാളുകൾക്കു ശേഷം അരവിന്ദിന്റെ മുഖം അവന്റെ മനസ്സിൽ ആർദ്രതയോടെ തെളിഞ്ഞു…..

ഇനി എന്താ നിന്റെ പ്ലാൻ….?? വെങ്കിടേഷ് വന്നിട്ടും നിമിഷ അരവിന്ദന്റെ കൂടെത്തന്നെ നിൽക്കുന്നുണ്ടെങ്കിൽ അവരെന്തോ പ്ലാൻ ചെയ്തിട്ടുണ്ടാകും….. അത് നടപ്പിലാക്കുന്നതിനു മുൻപേ അവരെ പൂട്ടണം….നിലവിൽ രണ്ടാളുടെയും പേരിൽ കേസ് ഒന്നുമില്ല….. എന്നാലും എന്റെ എന്ത് സഹായവും നിനക്ക് പ്രതീക്ഷിക്കാം….. വരട്ടെ….എന്ത് ചെയ്യുമ്പോഴും ആവണി മോളുടെ ഭാവി കൂടി ആലോചിക്കണം…… ഞങ്ങളുടെ ചോരയല്ലേ അവൾ …. തള്ളി കളയാൻ പറ്റില്ലല്ലോ….. അമ്മ ചെയ്ത തെറ്റുകൾക്ക് നാളെ ലോകം അവളെ ക്രൂശിക്കാൻ പാടില്ല…… അന്തസ്സോടെ തലയുയർത്തിപ്പിടിച്ച് തന്നെ ജീവിക്കണമവൾ…അതുകൊണ്ടു സൂക്ഷിച്ചുവേണം ഇത് കൈകാര്യം ചെയ്യാൻ…ഞാനൊന്നു ആലോചിക്കട്ടെ…

എന്നിട്ട് പറയാം എന്താ വേണ്ടതെന്ന്….. പ്രദീപിനോട് അങ്ങനെ പറഞ്ഞ് പിരിയുമ്പോഴും അഭിയ്ക്കു അറിയില്ലായിരുന്നു എന്താ ചെയ്യേണ്ടതെന്ന്…. ഉള്ളിൽ ഒരു കനലെരിഞ്ഞു തുടങ്ങുന്നത് അവനറിഞ്ഞു….. അരവിന്ദ് ഒക്കെ അറിയുമ്പോൾ ഉള്ള പ്രതികരണം ഓർത്ത് അവന്റെ മനസ്സ് നീറിപ്പുകഞ്ഞു….തെറ്റുകൾ ചെയ്തിട്ടുണ്ട്….എന്നാലും കൂടെപ്പിറപ്പാണ്…..ഇതുപോലൊരു ഗതികേടിൽ ചേട്ടൻ പെട്ടുപോയതോർത്ത് അവന്റെ കണ്ണ് നിറഞ്ഞു……എന്ത് വില കൊടുത്തും അരവിന്ദിനെ ഈ കുടുക്കിൽ നിന്നു രക്ഷപ്പെടുത്തണമെന്ന് അവൻ ഉറപ്പിച്ചു…… തിരികെ ഫ്ലാറ്റിലെത്തി കോളിങ് ബെല്ലമർത്തി നിൽക്കുമ്പോൾ ശ്രീയോട് ഇതെങ്ങനെ പറയുമെന്നോർത്തായിരുന്നു അടുത്ത ആശങ്ക….. എന്തായിരിക്കും ശ്രീയുടെ പ്രതികരണം…?? അവൻ സ്വയം ചോദിച്ചു…..

കാര്യങ്ങളറിയുമ്പോൾ അവൾ ഒരിക്കലും സന്തോഷിക്കില്ലെന്നുറപ്പാണ്……പക്ഷേ അവളെങ്ങനെ പ്രതികരിച്ചാലും അത് തന്റെ ചേട്ടന്റെ പരാജയം തന്നെയാണെന്ന് അവനോർത്തു…..കാരണം അതുപോലെ വേദനിച്ചു നിന്നിട്ടുണ്ടവൾ ചേട്ടന് മുന്നിൽ….. നിമിഷയെ വിവാഹം കഴിക്കാൻ ആര്യയെ തള്ളിപ്പറയുമ്പോൾ ഹൃദയം തകർന്ന വേദനയോടെ, ഒരു ശില പോലെ അനക്കമേതുമില്ലാതെ നിൽക്കുന്ന അവളെ അവനോർത്തു….. ഇടതടവില്ലാതെ ഒഴുകുന്ന കണ്ണുനീർത്തുള്ളികൾ മാത്രമാണ് അവൾക്ക് ജീവനുണ്ട് എന്നതിന് തെളിവായി അന്നു തനിക്ക് തോന്നിയത്…… ആ ചിത്രം ഇന്നും തന്നെ ഹൃദയം നീറ്റുന്നത് അവൻ വ്യക്തമായി അറിഞ്ഞു…. ചെയ്ത ചതിക്കു ദൈവം കൊടുത്ത ശിക്ഷ പോലെ ഇനി ചേട്ടൻ ഉള്ളുരുകി കരഞ്ഞുകൊണ്ട് ശ്രീയുടെ മുന്നിൽ നിൽക്കും….. ആ കാഴ്ച വിദൂരമല്ല…..

ചെയ്ത തെറ്റുകൾക്ക് കാലം ശിക്ഷ നൽകി തുടങ്ങിയിരിക്കുന്നു…… വാതിൽ തുറന്ന് മുന്നിലേക്ക് വന്ന മുഖം കണ്ടു ചിന്തകൾ അവസാനിപ്പിച്ച് അവൻ അവളെ നോക്കി ചിരിച്ചു….. അവന്റെ ക്ഷീണിച്ച മുഖവും വാടിയ ചിരിയുമെല്ലാം കാര്യങ്ങളുടെ കടുപ്പം അവൾക്കു കാട്ടിക്കൊടുത്തു….. അറിഞ്ഞ കാര്യങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും അത് അവന്റെ മനസ്സിനെ വളരെയധികം അലട്ടുന്നുണ്ടെന്നും ഒരു ഊഹം അവൾക്കു കിട്ടി…. അതെന്താണെന്ന് അറിയാനുള്ള ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ബെഡ്റൂമിലേക്ക് നടക്കുന്ന അഭിയുടെ പുറകെ പോയി ശല്യം ചെയ്യാൻ അവൾക്കു തോന്നിയില്ല….. മനസ് ശാന്തമായാൽ അവൻ തന്നെ എല്ലാം തുറന്നു പറയുമെന്ന് അറിയാം…….

അതുവരെ കാത്തിരിക്കാനുറച്ച് അവൾ അടുക്കളയിലേക്ക് നടന്നു….. അതവനും ഒരു ആശ്വാസമായിരുന്നു…. ചുട്ടുപഴുത്ത മനസ്സിനെ തണുപ്പിക്കാൻ എന്ന പോലെ കുളിക്കാൻ കയറി….. തലയിലൂടെ തണുത്ത വെള്ളമൊഴുകി വീണതും തെല്ലൊരു ആശ്വാസം അനുഭവപ്പെട്ടു….. എന്നാലും അറിഞ്ഞ സത്യങ്ങൾ അവനെ ശ്വാസംമുട്ടിച്ചു തുടങ്ങിയിരുന്നു… എല്ലാത്തിനും ഒരു പരിഹാരമെന്ത് എന്നത് വലിയൊരു സമസ്യയായി അവന്റെ മുൻപിൽ നിന്നു….. അച്ഛനോട് പറയാനാകില്ല….തളർന്നുപോകും ആ പാവം മനുഷ്യൻ…. മൂത്തമകന് ഇത്ര വലിയൊരു ശിക്ഷ അച്ഛൻ പ്രതീക്ഷിച്ചിട്ടുണ്ടാകുമോ…??? അമ്മയുടെ അവസ്ഥയും മറിച്ചല്ല…. എല്ലാത്തിനുമുപരി എങ്ങനെ ഈ സത്യം ചേട്ടനെ അറിയിക്കും…..നിമിഷയെ മറ്റാരേക്കാളും വിശ്വാസമാണ്‌ ചേട്ടന്…അങ്ങനെയുള്ള ഒരാൾ എങ്ങനെ ഈ സത്യങ്ങൾ ഉൾക്കൊള്ളും…..

മാത്രമല്ല ആരെ വിശ്വസിച്ചാലും ചേട്ടൻ ഒരിക്കലും തന്നെ വിശ്വസിക്കില്ല…… പക്ഷേ എന്ത് കാരണം കൊണ്ടായാലും സത്യങ്ങൾ അറിയിക്കാതിരിക്കാനും തനിക്കാകില്ല…വെങ്കിടേഷ് കൂടി നിമിഷയോടു ചേർന്ന സ്ഥിതിയ്ക്ക് ഒരു ചതി പറ്റുന്നതുവരെ നോക്കിയിരിക്കാനാകില്ല…..പക്ഷേ എന്താണൊരു മാർഗം….തന്റെ വാക്കുകൾ നിർദാക്ഷണ്യം തള്ളികളയുകയേയുള്ളു……ആര്യ പറഞ്ഞിട്ട് തന്നെയും, തന്റെ ഭാര്യയേയും പിരിക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞു ആട്ടി വിടുകയേയുള്ളു….ഓർത്തപ്പോൾ അവന് വേദന തോന്നി….എങ്ങനെ മാറി തന്റെ ചേട്ടൻ ഇതുപോലെ??? യാഥാർത്ഥ്യങ്ങളെ ഉൾകൊള്ളാനുള്ള മനസ്‌ കൈമോശം വന്നു ആ മനുഷ്യന്….. നിമിഷ പറഞ്ഞു കൂട്ടിയ ഒരു കൂട്ടം നുണകളിൽ വിശ്വസിച്ചു ജീവിതം അവളിൽ അർപ്പിച്ചു കഴിയുന്ന ചേട്ടനോടവന് ഒരേ സമയം ദേഷ്യവും, സഹതാപവും തോന്നി…..

സമയമെടുത്ത് ആലോചിച്ച് ഒരു പരിഹാരം കണ്ടു പിടിച്ച പോലെ അവൻ ആര്യയ്ക്കരികിലേയ്ക്ക് നടന്നു….. എല്ലാം അവളോട് തുറന്നു പറയാൻ….. മനസ്സിലെ ഭാരമൊന്നിറക്കി വെയ്ക്കാൻ….. അന്വേഷണം അവസാനിച്ചത് ബാൽക്കണിയിലാണ്…..റൈലിങ്ങിൽ ചേർന്നു നിന്നു കായലിലൂടെ ഒഴുകി നീങ്ങുന്ന ഹൗസ് ബോട്ടിലേക്ക് കണ്ണ് നട്ടു നിൽക്കുകയാണ് ആള്…… അവനും അവളുടെ അടുത്തേക്ക് ചെന്ന് ആ കാഴ്ച നോക്കിനിന്നു…..മാനത്ത് ചിതറി കിടക്കുന്ന കുഞ്ഞു നക്ഷത്രങ്ങളൊരുക്കുന്ന വർണക്കാഴ്ചയും, പതിയെ വീശിയെത്തുന്ന പാതിരാ കാറ്റിന്റെ കുളിരും ചുറ്റും സുഖമുള്ള ഒരു അവസ്ഥ സൃഷ്ടിക്കുന്നത് അവനറിഞ്ഞു…

അവൻ തിരിഞ്ഞു ഹാങ്ങിങ് സ്വിങിൽ വന്നിരുന്നു…. ശ്രീ!!!!…….. നേർത്ത സ്വരത്തിൽ വിളിച്ചതും അവൾ തിരിഞ്ഞു അവനഭിമുഖമായി നിന്നു……. നിനക്ക് അറിയണ്ടേ പ്രദീപ് പറഞ്ഞ കാര്യങ്ങൾ……. മറുപടിയായി അവളൊരു ചെറുപുഞ്ചിരി അവനായി നൽകി…. താനറിഞ്ഞ സത്യങ്ങൾ അവളിലേക്ക് പകർന്നു കൊടുക്കുമ്പോൾ വീണ്ടും മനസ്സിൽ അസ്വസ്ഥത നിറയുന്നത് അവനറിയുന്നുണ്ടായിരുന്നു…… പറഞ്ഞു തീരുമ്പോഴേക്കും വികാരക്ഷോഭത്താൽ അവൻ കിതയ്ക്കുന്നുണ്ടായിരുന്നു……അപ്പോഴും താൻ പറഞ്ഞതൊക്കെ നിർവികാരതയോടെ കേൾക്കുന്ന അവളെ സൂഷ്‌മം നിരീക്ഷിക്കുകയായിരുന്നു അവനും…. ഭാവവ്യത്യാസങ്ങൾ ഒന്നുമില്ല അവൾക്ക്….. കുറച്ചു സമയം രണ്ടുപേരും നിശബ്ദരായിരുന്നു….. ഒടുവിൽ അതിനെ ഭേദിച്ച് അവളുടെ ചിലമ്പിച്ച സ്വരം അവന്റെ കാതിൽ മുഴങ്ങി…..

നമ്മുടെ കുറ്റമോ, കുറവോ കൊണ്ടല്ലാതെ നമ്മൾ ജീവിതത്തിൽ തോറ്റു പോകുന്നത് ചതിക്കപ്പെടുമ്പോൾ മാത്രമാണ്….അങ്ങനെയൊരു തോൽവി എനിക്ക് സമ്മാനിച്ച ആളും ഇന്ന് അതുപോലെ തോറ്റുപോയല്ലേ……. പറഞ്ഞിട്ടവൾ വീണ്ടും തിരിഞ്ഞു പുറത്തെ കാഴ്ചകളിലേക്ക് കണ്ണുകൾ പായിച്ചു….. അവളുടെ മനസ്സും ആകെ കലുഷിതമായിരുന്നു….. മറവികാറ്റിൽ ദൂരേയ്ക്ക് എങ്ങോ പറന്നു പോയി എന്ന് കരുതിയ പല ഓർമ്മകളും ക്ഷണ നേരത്തിനുള്ളിൽ മനസ്സിൽ മിന്നി മറഞ്ഞു…..പക്ഷേ അരവിന്ദ് ഒരിക്കൽ പറഞ്ഞ വാക്കുകളിൽ അപ്പോഴും മനസ്സ് കുരുങ്ങി കിടന്നു….. ബെഡ്റൂമിൽ നീയൊരു പരാജയമാണ് ആര്യ…. എന്നെ പൂർണമായി സന്തോഷപ്പെടുത്താനോ, തൃപ്തിപ്പെടുത്താനോ നിനക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല……ഇനിയൊട്ട് കഴിയുകയുമില്ല…..

മറ്റൊരു പെണ്ണിന്റെ ചൂട് തേടി പോയതിന് കണ്ടുപിടിച്ച ന്യായം ചാട്ടവാർ പോലെ തന്റെ സ്ത്രീത്വത്തെ പ്രഹരമേൽപ്പിച്ച വാക്കുകൾ….. ഇപ്പോഴും അതിന്റെ വേദന മനസ്സിനകത്തറിയാൻ കഴിയുന്ന പോലെ…… മൃതിയടഞ്ഞു എന്ന് കരുതിയ പല ഓർമ്മകളും തിരികെ പാഞ്ഞുകയറി മനസ്സിൽ ദുർഗന്ധം വമിച്ചു കൊണ്ടിരുന്നു….. അവളുടെ അവസ്ഥ അറിയാമായിരുന്നതിനാൽ അഭിയും അവളെ ശല്യം ചെയ്തില്ല…… ശാന്തമാകട്ടെ മനസ്സ്…അവൻ അവളെ തന്നെ നോക്കിയിരുന്നു….ഇടയ്ക്കിടെ അവളിൽ നിന്നുതിരുന്ന ദീർഘനിശ്വാസങ്ങളിൽ നിന്നു അവൾക്കുള്ളിലെ സംഘർഷങ്ങൾ അവന് മനസിലാകുന്നുണ്ടായിരുന്നു……. ഏറെ നേരം കഴിഞ്ഞ് അവളുടെ മനസൊന്നു ശാന്തമായെന്നു തോന്നിയതും പതിയെ എഴുന്നേറ്റു അവൾക്കടുത്തേയ്ക്കു ചെന്നു ചേർത്തു പിടിച്ചു….. എനിക്കറിയാം പെണ്ണേ നിന്റെ മനസ്സ്….

നീ ഒന്നു കൊണ്ടും വിഷമിക്കണ്ട….. ഇത് അനിവാര്യമായ വിധിയാണ്…നിന്നോട് ചെയ്ത ചതിക്ക് കാലം അതിന്റെ നീതി നടപ്പാക്കുന്നതാണ്….പക്ഷേ എനിക്ക് അയാളെ ഉപേക്ഷിക്കാൻ പറ്റില്ലെടി…എന്റെ…എന്റെ ഒരേയൊരു കൂടപ്പിറപ്പായി പോയില്ലേ…..എനിക്കവനെ രക്ഷപെടുത്തണം ശ്രീ….അപ്പോൾ തള്ളിപ്പറയാതെ എന്റെ കൂടെ നില്ക്കണേടി നീ…. ആ കണ്ണുനീർ തുടച്ചു അവന്റെ തോളിലേക്ക് ചായുമ്പോൾ അവളുടെ മനസ്സും അതുൾക്കൊണ്ടിരുന്നു….. ആ കൈയിലേക്ക് തന്റെ കൈ ചേർത്ത് ഒന്നു മുറുക്കി പിടിച്ചു….സമ്മതമറിക്കുമ്പോൾ അവളുടെ മനസ്സ് ശാന്തമായിരുന്നു… എന്താ ഏട്ടന്റെ തീരുമാനം ഇക്കാര്യത്തിൽ……??? നാളെ നമ്മൾ വീട്ടിലേക്ക് പോകുന്നു… ചേട്ടൻ എല്ലാം അറിയണം… പക്ഷേ മറ്റാരെ വിശ്വസിച്ചാലും ചേട്ടൻ എന്നെ വിശ്വസിക്കില്ല….

എന്നുവച്ച് എനിക്ക് ഇത് കണ്ടില്ലെന്ന് നടിക്കാനാകില്ലല്ലോ…. ചിരിയോടെയാണ് പറയുന്നതെങ്കിലും അതിലെ വേദന അവൾക്കു മനസ്സിലായിരുന്നു….. പിന്നെ എന്തു ചെയ്യും….??? കയ്യൊഴിയാനാകില്ല…. കൂടുതൽ വേദനകളിലേയ്ക്ക് ആ മനുഷ്യൻ പോകുന്നതിനു മുൻപ് തിരികെ പിടിക്കണം…. നിമിഷയോട് അന്ധമായ സ്നേഹവും വിശ്വാസവുമാണ്…. വിശ്വാസത്തിന്റെ ആ മതിൽ തകർക്കാൻ ചില കാഴ്ചകൾ സ്വന്തം കണ്ണിലൂടെ തന്നെ കാണണം…. അതിനുള്ള അവസരമൊരുക്കണം… എങ്ങനെ….???? അവനെ നോക്കി അവൾ ആകാംക്ഷയോടെ തിരക്കി…. …..തുടരും….

ദാമ്പത്യം: ഭാഗം 22

Share this story