ജനനി: ഭാഗം 16

ജനനി: ഭാഗം 16

എഴുത്തുകാരി: അനില സനൽ അനുരാധ

ജനനിയ്ക്ക് ചെറുതായി ദേഷ്യം വന്നു തുടങ്ങിയിരുന്നു .. എന്നാലും സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ട് അവൾ ഡോർ ലോക്ക് ചെയ്തു… നീരവ് ഷട്ടർ വലിച്ച് അടച്ചതും അവൾ അതും ലോക്ക് ചെയ്തു… “പോയാലോ? ” നീരവ് തിരക്കി… അവൾ തലയാട്ടി … അവൻ നടന്നു തുടങ്ങിയതും അവൾ പുറകിലായി നടന്നു … അവൻ നടത്തം നിർത്തി… തിരിഞ്ഞു നോക്കിയപ്പോൾ അവൾ മുന്നോട്ട് നടന്നു… അവളുടെ കൂടെ അവനും… “സ്കൂട്ടി ഇവിടെ വെച്ചാൽ മതി നമുക്ക് കാറിൽ പോകാം…” അവൻ പടികൾ ഇറങ്ങുന്നതിനിടയിൽ പറഞ്ഞു… “ഏയ്‌… വേണ്ട സർ… ഞാൻ ഈ സമയത്ത് തനിയെ പോകാറുള്ളതാണല്ലോ… “തന്റെ വീട്ടിലേക്ക് പോയി വരാൻ കുറച്ചു ദൂരം ഇല്ലേ? ” “ഞാൻ ഇന്ന് വീട്ടിൽ പോകുന്നില്ല…

എനിക്ക് സൂപ്പർ മാർക്കറ്റിൽ ഒന്നു കയറണം…” എന്നു പറഞ്ഞ് അവൾ വേഗം ഇറങ്ങി… പതിയെ നീരവും… കമ്പ്യൂട്ടർ സെന്ററിന്റെ എതിർവശത്തായിരുന്നു സൂപ്പർ മാർക്കറ്റ്… നീരവ് കാറിൽ കയറി അവൾ വരുന്നതും നോക്കി ഇരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ ഒരു കവറിൽ സാധങ്ങളായി അവൾ ഇറങ്ങി വരുന്നത് കണ്ടു… അവൾ സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തതിന് പിന്നാലെ അവനും വണ്ടി സ്റ്റാർട്ട്‌ ചെയ്തു… ജനനി റോഡിൽ ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ നീരവിന്റെ കാർ പുറകിൽ കണ്ടിരുന്നു… അവൾ സൈഡ് കൊടുത്തു നോക്കിയെങ്കിലും അവൻ അവളെ മറി കടന്ന് പോയില്ല… മുറ്റത്തേക്ക് വണ്ടി കയറ്റിയതും ജനനി അകത്ത് നിന്നും ഉറക്കെയുള്ള ചിരിയും സംസാരവും കേൾക്കുന്നുണ്ടായിരുന്നു… മുറ്റത്ത് ബുള്ളറ്റ് ഇരിക്കുന്നതു കണ്ടപ്പോൾ ആര്യൻ ഇവിടെ ഉണ്ടെന്ന് അവൾക്ക് മനസ്സിലായി…

നെറ്റിയിലെ മുറിവിൽ അവൾ ഒന്നു വിരലോടിച്ചു… വണ്ടി ഓഫ് ചെയ്ത് ബാഗും സാധനങ്ങളും എടുത്ത് ഉമ്മറത്തേക്ക് കയറാൻ ഒരുങ്ങിയതും അഞ്ജലി ചിരിയോടെ വരുന്നതു കണ്ടു… “നീ എന്താ വിളിക്കാഞ്ഞത്? നമ്മൾ നിന്റെ വീട്ടിലേക്ക് പോകും എന്നു പറഞ്ഞ കാരണം ആരുവേട്ടൻ പോയിട്ടില്ല…” “നമ്മൾ ഇന്നു പോകുന്നില്ല… ആ ആരുവേട്ടൻ ആണെടീ എന്റെ നെറ്റി പൊട്ടിച്ചത്…” “ആഹ് ! അതെനിക്കറിയാം.. നീ ഇങ്ങു കയറി വാ…” ബാഗും സാധനങ്ങളും ഹാളിലെ മേശമേൽ വെച്ച ശേഷം വിഷ്ണുവിന്റെ മുറിയിലേക്ക് നടന്നു… അവിടെ ബെഡിൽ വട്ടം കൂടി ഇരുന്ന് പാമ്പും കോണിയും കളിക്കുന്ന വിഷ്ണുവിനെയും ആര്യനെയും വിനോദിനെയും ജനനി അന്തം വിട്ടു നോക്കി… ഏതോ ഒരു വലിയ സംഭവമാണ് അവിടെ നടക്കുന്നത് എന്ന പോലെ അവരെ നോക്കി സുമിത ഇരിപ്പുണ്ടായിരുന്നു…

“അനിയത്തി എത്തിട്ടോ… ” അഞ്ജലി പുറകിൽ നിന്നും വിളിച്ചു പറഞ്ഞതും എല്ലാവരും അവളെ തിരിഞ്ഞു നോക്കി… അയ്യേ കഷ്ടം എന്ന ഭാവത്തിൽ ജനനി ഒന്നു ചിരിച്ചു കാട്ടി… “ഇവളുടെ മുഖത്ത് ഒരു അഹംഭാവം ഉണ്ടല്ലോ വിച്ചു… ” ആര്യൻ പറഞ്ഞു… “ഏയ്‌… നിനക്ക് തോന്നുന്നതാ…” വിഷ്ണു പറഞ്ഞു… “പോത്ത് പോലെ വളർന്നു എന്നേയുള്ളൂ മോളെ… എല്ലാവർക്കും കുഞ്ഞുങ്ങളുടെ സ്വഭാവമാ…” സുമിത പറഞ്ഞു… ജനനി അതു സമ്മതിക്കും പോലെ ഒന്നു തലയാട്ടി… “ചില വികൃതി പിള്ളേരുടെ സ്വഭാവമാ ചേച്ചി… ദേഷ്യം വന്നാൽ പിന്നെ കണ്ണും മൂക്കും കാണില്ല…” “ആര്യാ… അതു നിനക്കുള്ള ഒരു കുത്ത് ആണല്ലോ…” വിനോദ് ചിരിയോടെ പറഞ്ഞു… “അതൊക്കെ നമുക്ക് മാറ്റിയെടുക്കാം വിനൂ… ” ആര്യൻ പറഞ്ഞു… “ഈ പാമ്പും കോണിയും എവിടെ നിന്നും ഒപ്പിച്ചു…” ജനനി വിഷ്ണുവിനെ നോക്കി തിരക്കി…

“അതിനാണോ പാട്… ഇവിടെ കലാകാരൻ ഇരിപ്പല്ലേ… ഒരു ചട്ട എടുത്തു അതിൽ വരച്ചു.. പിന്നെ ചേച്ചി വീട്ടിൽ നിന്നും ഒരു റബ്ബർ എടുത്തു കൊണ്ടു വന്നു… ബാക്കി കലാപരിപാടി അതിൽ ആയിരുന്നു…” ആര്യനെ നോക്കി വിഷ്ണു പറഞ്ഞു… “എങ്ങനെ ആയാൽ എന്താ കളിച്ചാൽ മതിയല്ലോ…” വിനോദ് ആര്യന്റെ തോളിൽ തട്ടി കൊണ്ടു പറഞ്ഞു… “നീരവ് സർ വീട്ടിൽ എത്തിയിട്ടുണ്ടാകും… ചേച്ചി അങ്ങോട്ട് പോകുന്നില്ലേ? ” ജനനി തിരക്കി… “അവൻ വാതിൽ തുറന്നോളും.. അവിടെ കണ്ടില്ലേൽ ഇവിടെ ഉണ്ടാകും എന്ന് അവന് അറിയാം… ” “എല്ലാവരും ചായ കുടിച്ചോ? ” അവൾ തിരക്കി… “ചായ എന്നു പറയാൻ പറ്റുമോ എന്ന് അറിയില്ല… അതു പോലൊരു സാധനം അഞ്ജു തന്നിരുന്നു… ” വിനോദ് പറഞ്ഞു…

“അതു പോലൊരു സാധനമോ… നല്ല ചായ ആയിരുന്നില്ലേ ചേച്ചി? ” അഞ്ജലി സുമിതയോട് തിരക്കി… വിനോദ് സുമിതയെ നോക്കി കണ്ണുകൾ കൊണ്ട് എന്തോ കാണിച്ചു… “കുഴപ്പം ഇല്ലായിരുന്നു…” സുമിത ചിരി അടക്കിപ്പിടിച്ചു കൊണ്ട് പറഞ്ഞു… “എന്നിട്ട് കഷ്ടപ്പെട്ട് എല്ലാവരും എന്തിനാ കുടിച്ചത്…” അഞ്ജലി മുഖം വീർപ്പിച്ചു കൊണ്ട് തിരക്കി… “ഗതികേട് അല്ലാതെന്താ… ” വിനോദ് പറഞ്ഞതും അഞ്ജലി ചാടി തുള്ളി മുറിയുടെ പുറത്തേക്ക് പോയി… “അവളുടെ ചായ അടിപൊളിയാണ്…” അവൾ പോയതും വിനോദ് ചിരിയോടെ പറഞ്ഞു… “എനിക്ക് അറിഞ്ഞൂടെ… അവൾ രാവിലെ എന്നും എനിക്ക് ചായ ഇട്ടു തരാറുണ്ട്…” ജനനി പറഞ്ഞു… “ഇനി എന്നു തൊട്ടാണാവോ എനിക്കും എന്നും രാവിലെ ചായ ഇട്ടു തരിക?” വിനോദ് ആലോചനയോടെ പറഞ്ഞു… ആര്യൻ വിനോദിനെ നോക്കി ഒന്നു ചുമച്ചു…

“കെട്ടി കൂടെ കൂട്ടിക്കോ അപ്പോൾ പിന്നെ സുഖമായല്ലോ?” വിഷ്ണു പറഞ്ഞു… “ഒരു ചായ കുടിക്കാൻ ആരെങ്കിലും ചായക്കട വാങ്ങിക്കുമോ വിച്ചു? ” ആര്യൻ തിരക്കി… “ചായക്കട മാത്രമല്ല ചിലപ്പോൾ ചായില തോട്ടം ഉൾപ്പെടെ വാങ്ങും… അല്ലേ അപ്പച്ചി? ” വിനോദ് ചിരിയോടെ തിരക്കി… “എന്നാലെ അടുത്ത കല്യാണ ആലോചന അവൾക്ക് വരും മുൻപേ ആയിക്കോട്ടെ… ” വിഷ്ണു പറഞ്ഞു.. “കാന്താരി സമ്മതിക്കുമോ എന്തോ?” വിനോദ് പറഞ്ഞു… “എന്നാൽ ഞാൻ ഇറങ്ങാൻ നോക്കാണ്‌….” ആര്യൻ പറഞ്ഞു… അവൻ വിഷ്ണുവിനെ പുണർന്നു.. പിന്നെ കവിളിൽ മെല്ലെ തട്ടി… എല്ലാവരെയും ഒന്നു നോക്കിയ ശേഷം അവന്റെ മിഴികൾ ജനനിയിൽ ചെന്നു നിന്നു…. “അന്ന് അങ്ങനെയൊക്കെ പറ്റിപ്പോയി…

പെട്ടെന്ന് ദേഷ്യം വന്നപ്പോൾ…” ജനനയുടെ അരികിലേക്ക് വന്നു കൊണ്ട് ആര്യൻ പറഞ്ഞു… “ദേഷ്യം വന്ന് ഓരോന്നു ചെയ്യുമ്പോൾ അതു മറ്റൊരാളുടെ ശരീരത്തിലും മനസ്സിലും ഉണ്ടാക്കുന്ന മുറിവുകൾ പെട്ടെന്ന് വന്ന ദേഷ്യം പോലെ മാഞ്ഞു പോകില്ല…” ജനനി പറഞ്ഞു… ആര്യന്റെ മുഖം മങ്ങിപ്പോയി… ആര്യൻ ഒന്നും പറയാതെ പുറത്തേക്ക് നടന്നതും ജനനിയും കൂടെ ചെന്നു… പുറകിലായി വിനോദും… “രാത്രിയാണ്… ദേഷ്യം കുറച്ച് ശ്രദ്ധിച്ചു പോകണം… എന്റെ വിഷ്ണുവേട്ടൻ വിളിച്ചാൽ ഓടി വരാനുള്ളതാണ്… മറക്കണ്ട… ” അവൻ ചെരുപ്പ് ഇടുന്നതിന് ഇടയിൽ ജനനി ഓർമ്മിപ്പിച്ചു… ആര്യന്റെ അധരങ്ങളിൽ പുഞ്ചിരി മൊട്ടിട്ടു… അവൻ തലയാട്ടി കൊണ്ട് തിരിഞ്ഞപ്പോഴാണ് നടന്നു വരുന്ന നീരവിനെ കണ്ടത്…

വിനോദും അവൻ വരുന്നത് കണ്ടു കഴിഞ്ഞിരുന്നു… ആര്യനെ കാൺകെ നീരവിന്റെ കണ്ണുകൾ കൂർത്തു… വിനോദ് വേഗം ഇറങ്ങിച്ചെന്ന് നീരവിന്റെ കയ്യിൽ പിടിച്ചു… “ഇതു നമ്മുടെ ആര്യൻ… നിനക്ക് ഓർമ്മ ഇല്ലേ? ” വിനോദ് തിരക്കിയതും നീരവ് അവനെ ദഹിപ്പിക്കും വിധം നോക്കി… “രാത്രി യാത്ര പറയുന്നില്ല…” ആരോടെന്നില്ലാതെ പറഞ്ഞ് ആര്യൻ ബുള്ളറ്റിൽ കയറി… ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടതും അഞ്ജലിയും ഉമ്മറത്തേക്ക് വന്നു… അവൾ ആര്യനെ നോക്കി കൈ വീശി കാണിച്ചു… അവളെ നോക്കി ഒന്നു തലയാട്ടിയ ശേഷം ബുള്ളറ്റ് ചീറിപ്പാഞ്ഞു പോയി… അപ്പോഴാണ് മുറ്റത്തു നിൽക്കുന്ന നീരവിനെ അഞ്ജലി കണ്ടത്… “കുഞ്ഞേട്ടൻ ഇവിടെ ഉണ്ടായിരുന്നോ? ” അഞ്ജലി ചിരിയോടെ തിരക്കി…

ജനനി അവളുടെ കയ്യിൽ മെല്ലെ നുള്ളി.. “സോറി… ഞാൻ അറിയാതെ… ഈ ചേട്ടായി എപ്പോഴും കുഞ്ഞൻ കുഞ്ഞൻ എന്നു പറയുന്നുത് കേട്ട് അറിയാതെ… ” അഞ്ജലി നിഷ്കളങ്കതയോടെ പറഞ്ഞു… “അമ്മ എവിടെ?” നീരവ് തിരക്കി… “അപ്പച്ചി അകത്തുണ്ട്… നീ വാ… നമുക്ക് വിഷ്ണുവിനോട് പറഞ്ഞിട്ട് ഇറങ്ങാം…” രണ്ടു പേരും അകത്തേക്ക് പോയപ്പോൾ ജനനിയും അഞ്ജലിയും ഉമ്മറത്തു തന്നെ നിന്നു… “നീ എന്താ നേരത്തെ വരാഞ്ഞത്? ” “സർ നേരത്തെ പറഞ്ഞയച്ചില്ല…” “ഹ്മ്മ്.. ഇനി എപ്പോൾ പോകും.. ” മറുപടി പറയാൻ തുടങ്ങുന്നതിന് മുൻപേ നീരവും വിനോദും സുമിതയും വന്നു… “വീട്ടിലേക്ക് വരുന്നില്ലെന്ന് വിളിച്ചു പറഞ്ഞില്ലേ? ” “ഞാൻ ഇറങ്ങാൻ നേരം അമ്മയോട് അങ്ങോട്ട് വരുന്ന കാര്യം പറയാമെന്നാ വിചാരിച്ചത്..

വിളിക്കേണ്ടി വന്നില്ല…” “അതെന്താടാ നീ അവളെ നേരത്തെ പറഞ്ഞയക്കാഞ്ഞത്? ” “നേരത്തെ പോയാൽ ആര് ക്ലാസ്സ്‌ എടുക്കും… ” നീരവ് തിരക്കി… “അവർക്ക് നോട്സ് എഴുതാനോ അല്ലെങ്കിൽ വേറെ എന്തെങ്കിലും വർക്ക്‌ കൊടുക്കണം… ” “സാരമില്ല ചേച്ചി… അതു കഴിഞ്ഞല്ലോ… ” ജനനി ആ സംസാരം അവിടെ വെച്ച് അവസാനിപ്പിക്കുന്നതിനായി പറഞ്ഞു… അവർ യാത്ര പറഞ്ഞു പോയപ്പോൾ ജനനി വിഷ്ണുവിന്റെ അടുത്തേക്ക് ചെന്നു… ആര്യൻ വരുമ്പോൾ കൊണ്ടു വന്നിരുന്ന പുതിയ മൊബൈൽ ഫോണിൽ ഫോട്ടോസ് നോക്കി ഇരിക്കുകയായിരുന്നു അവൻ… “നല്ല ഫോൺ ഒക്കെ കിട്ടിയല്ലോ… ” അവന്റെ അടുത്തിരുന്ന് ജനനി തിരക്കി… “അവനു ഭ്രാന്താണ്… വെറുതെ കാശ് കളയാൻ… ” “ഞാൻ നാളെ പുലർച്ചെ വീട്ടിലേക്ക് ഒന്നു പോകും ഏട്ടാ… ഓഫീസിൽ പോകാൻ നേരം ആകുമ്പോഴേക്കും തിരിച്ച് എത്തണം…”

“എന്തിനാ ഇങ്ങനെ ധൃതിയിൽ പോകുന്നത്? ” “ജയേഷേട്ടനും എല്ലാവരും ഇനി ആ വീട്ടിൽ താമസിക്കാൻ പോവാ… വേഗം പോയില്ലെങ്കിൽ നമ്മുടെ സാധനങ്ങൾ ഒന്നും ചിലപ്പോൾ കിട്ടില്ല… എന്തൊക്കെ പോയാലും കുഴപ്പമില്ല.. പക്ഷേ വിഷ്ണുവേട്ടന്റെ സർട്ടിഫിക്കറ്റ്സ് പോയി എടുക്കണ്ടേ… ഏട്ടൻ ഇരുന്ന് ഫോണിൽ കളിച്ചോ… ഞാൻ പോയി കുളിക്കട്ടെ… *** “എപ്പോഴും എന്തിനാ വിഷ്ണുവിനെ കാണാൻ പോകുന്നത്… പോയി പോയി അവരെ ശല്ല്യപ്പെടുത്തണ്ട… ” നീരവ് വീട്ടിലേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു… “അങ്ങനെ ശല്ല്യം ഒന്നും ആക്കിയില്ല… അല്ലേ അപ്പച്ചി… ” വിനോദ് തിരക്കി… “അവർക്ക് സന്തോഷമാണ്… ” സുമിത പറഞ്ഞു… “ആ മറ്റവൻ എന്തിനാ വന്നത്? ” ഇഷ്ടക്കേടോടെ നീരവ് തിരക്കി… “ഇന്ന് രാവിലെ ജനനിയുടെ സ്കൂട്ടി പോയി ആര്യന്റെ ബുള്ളറ്റിൽ ഇടിച്ചു…” “എന്നിട്ട്? ” നീരവിന്റെ ശബ്ദം ഉയർന്നു…

“നീ ഇങ്ങനെ ചാടാൻ മാത്രം ഒന്നും ഉണ്ടായില്ല… അവൾ ക്ലാസിനു വന്നില്ലേ… രാവിലെ അവൾ ആര്യനു വിഷ്ണുവിന്റെ മൊബൈൽ നമ്പർ കൊടുത്തിരുന്നു… അങ്ങനെ ഇവിടെ എത്തി… അവനൊരു പാവാണെടാ… കൂടുതൽ അടുക്കുമ്പോൾ നിനക്ക് മനസ്സിലാകും… ” ഉമ്മറത്തേക്ക് കയറിക്കൊണ്ട് വിനോദ് പറഞ്ഞു .. “എനിക്ക് അങ്ങനെ മനസ്സിലാക്കണ്ട… ” “നിനക്ക് എന്താ കുഞ്ഞാ… ജനനിയും ആര്യനും തമ്മിൽ ഒരു പ്രശ്നവും ഇല്ല.. ” “അതിനു ഞാൻ എന്തു വേണം… ” “ഒന്നും വേണ്ട… ഞങ്ങൾ എല്ലാവരും കൂട്ടായി… നീയും വേണേൽ കൂടിക്കോ… ” വിനോദ് പറഞ്ഞു .. “നീ കൂട്ടാകും… എന്നാൽ അല്ലേ നിനക്ക് ആ വീട്ടിൽ കയറി ഇറങ്ങാൻ പറ്റൂ… ” “മോനെ കുഞ്ഞാ ഞാൻ ഇനിയും കയറി ഇറങ്ങും…

ഞാൻ കെട്ടാൻ പോകുന്ന പെണ്ണു കൂടി താമസിക്കുന്ന വീടാ അത്… ” “കുഞ്ഞാ ഞായറാഴ്ച നമുക്ക് അഞ്ജുവിന്റെ വീട്ടിൽ പോകണം.. അവരോട് കാര്യങ്ങൾ പറയണം… ” സുമിത പറഞ്ഞു. “അച്ഛനോ ആരെങ്കിലും വരട്ടെ… എന്നിട്ട് മതിയില്ലേ? ” “നിന്റെ അപ്പച്ചിയും അങ്കിളും വിന്ദുവും എല്ലാം വരുന്നുണ്ട് കുഞ്ഞാ… ” “അപ്പോൾ പിന്നെ നമ്മൾ പോയില്ലേലും കുഴപ്പമില്ല…” എന്നു പറഞ്ഞ് നീരവ് ഡോർ തുറന്ന് അകത്തേക്ക് കടന്നു .. ** ജനനി നേരത്തെ എഴുന്നേറ്റു… കുളി കഴിഞ്ഞു വരുമ്പോഴും അഞ്ജലി നല്ല ഉറക്കത്തിൽ ആയിരുന്നു… ജനനി ചായ ഉണ്ടാക്കി ഒരു ഗ്ലാസ്സ് കുടിച്ച ശേഷം ചുരിദാർ മാറ്റി ഒരു ജീൻസും ഷർട്ടും എടുത്തിട്ടു … മുടി മെടഞ്ഞ ശേഷം മടക്കി വെച്ചു… അതിനു ശേഷം അഞ്ജലിയെ കുലുക്കി വിളിച്ചു… അവൾ ഉറക്കച്ചടവോടെ എഴുന്നേറ്റു… “ഇതെന്താടീ ഈ കോലം… ആകെ ഒരു മാറ്റം.. ”

കണ്ണുകൾ തിരുമ്മി കൊണ്ട് അഞ്ജലി തിരക്കി… “ആരാണ് മോളെ ഒരു മാറ്റം ആഗ്രഹിക്കാത്തത്? ” ജനനി ചിരിയോടെ തിരക്കി… “സമയം എത്രയായി പെണ്ണേ? ” “നാലു മണി ആകുന്നു.. ഇപ്പോൾ പോയാൽ ഒരു അഞ്ചര അഞ്ചേമുക്കാലോടെ അവിടെ എത്തും… ” “ശ്രദ്ധിച്ചു പോകണേ… ” “ഹ്മ്മ്… നീ വാ… വന്നിട്ട് വാതിൽ അടക്കാൻ നോക്ക്… ” എന്നു പറഞ്ഞ് വിഷ്ണു കിടക്കുന്ന മുറിയിലേക്ക് നടന്നു… ഉറങ്ങുന്ന അവന്റെ നെറ്റിയിൽ ഒന്നു തഴുകിയ ശേഷം അവൾ പുറത്തേക്ക് കടന്നു… ഹെൽമെറ്റ്‌ വെച്ച ശേഷം അഞ്ജലിയെ നോക്കി കൈ വീശി കാണിച്ചു… അതിനു ശേഷം വണ്ടി സ്റ്റാർട്ട്‌ ചെയ്തു… വെളിച്ചം പരന്നു തുടങ്ങാത്ത വീഥിയിലൂടെ അവൾ യാത്ര തുടങ്ങി… അവളിൽ നിന്നും നിശ്ചിത അകലം പാലിച്ച് അവൾക്ക് കൂട്ടായ് അവൾ അറിയാതെ അവനും…….തുടരും………

ജനനി: ഭാഗം 15

Share this story