പുതിയൊരു തുടക്കം: ഭാഗം 16

പുതിയൊരു തുടക്കം: ഭാഗം 16

എഴുത്തുകാരി: അനില സനൽ അനുരാധ

കിച്ചു വെള്ളത്തിൽ മുങ്ങിയ ശേഷം വീണ്ടും പൊങ്ങി വന്നു… “മുത്തശ്ശി… ” അവൻ അലറി വിളിച്ചു… കാറ്റിൽ അവന്റെ ശബ്ദം അലയടിച്ച് ഉയർന്നു.. ആരൊക്കെയോ ചേർന്ന് അവനെ പുറകിലേക്ക് വലിച്ചതും അവൻ കുതറി മുന്നോട്ട് ആഞ്ഞു… “വിടെന്നെ…. ” അവൻ അലറി വിളിച്ചു… എന്നാൽ അവന്റെ എതിർപ്പുകളെ പാടെ അവഗണിച്ചു കൊണ്ട് ഒരാൾ അവനെ പിന്നിൽ നിന്നും ബലമായി പുറകിലേക്ക് വലിച്ചു… ക്രമേണ കിച്ചുവിന്റെ പ്രതിരോധം കുറഞ്ഞു വന്നു. അവർ അവനെ എടുത്ത് കരയിലേക്ക് നടന്നു… “മുത്തശ്ശി… ” അവൻ അപ്പോഴും അവ്യക്തമായി പറയുന്നുണ്ടായിരുന്നു… മൂന്നു ചെറുപ്പക്കാരും കൂടി അവനെ കരയിൽ കൊണ്ട് വന്നു കിടത്തി… അവന്റെ കവിളിൽ തട്ടി വിളിച്ചു നോക്കി…

കിച്ചു എന്തോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം വ്യക്തമാകാതെ മുറിഞ്ഞു പോയി കൊണ്ടിരുന്നു… *** വാതിലിൽ ഉറക്കെ തട്ടുന്നത് കേട്ടപ്പോൾ ഹിമ വന്നു വാതിൽ തുറന്നു. “എന്താ ഏട്ടാ?” “നീ കിച്ചുവിനോട് ഇന്നും വഴക്കിട്ടോ?” ……. “ദേ ഹിമേ.. നീ എന്നെ ദേഷ്യം പിടിപ്പിക്കരുത്….” “മെല്ലെ പറഞ്ഞാൽ മതി ഏട്ടാ…. ശബ്ദം കേട്ട് മോൻ ഉണരും… ” “ഉണരട്ടെടീ ഉണരട്ടെ… അവിടെ ഒരു അമ്മ ചങ്കു തകർന്നു കരയുന്നുണ്ട്… അത്രയ്ക്കൊന്നും വരില്ലല്ലോ…” അച്ഛനും അമ്മയും പ്രവിയുടെ ഭാര്യയും ശബ്ദം കേട്ട് അവരുടെ അടുത്തേക്ക് വന്നു. “എന്താടാ രാത്രി ഒരു സംസാരം? ” അച്ഛൻ തിരക്കി…. “സംസാരിക്കാൻ ഇവൾ അവസരം ഉണ്ടാക്കുമ്പോൾ എനിക്കു വേറെ നിവൃത്തിയില്ലല്ലോ…. ”

“ഞാൻ എന്തു ചെയ്‌തെന്നാ ഏട്ടൻ പറയുന്നത്? ” ഹിമ തിരക്കി… അതിനു മറുപടിയായി ഹിമയുടെ കരണത്ത് ഒരു അടിയായിരുന്നു പ്രവി നൽകിയത് .. ഹിമ അടികിട്ടിയ കവിൾ പൊത്തി പിടിച്ച് അവനെ പകപ്പോടെ നോക്കി… “എന്താടാ നീ ഈ കാണിക്കുന്നത്? ” അച്ഛൻ ദേഷ്യത്തോടെ തിരക്കി… “ഇവളെ തല്ലുകയല്ല വേണ്ടത്…” പ്രവി മുരണ്ടു… “എന്താ പ്രശ്നം മോനെ? ” അമ്മ തിരക്കി… “ഇവൾ ആണമ്മേ പ്രശ്നം… ഇവളുടെ സ്നേഹം തന്നെയാണ് എന്നും പ്രശ്നം… ഒരാളോട് ഇഷ്ടം ആണെന്ന് പറയുമ്പോൾ അയാൾ തിരിച്ചും ഇഷ്ടപ്പെടണമെന്നുണ്ടോ… അയാൾക്കും ഒരു മനസ്സ് ഉണ്ടാകില്ലേ… കിച്ചു അന്നേ ഇവളോട് പറഞ്ഞതാ അവനു ആദിയെയാണ് ഇഷ്ടമെന്ന്… ആദിയും ഇവളോട് പറഞ്ഞതാ അവൾക്ക് കിച്ചുവിനെ ഇഷ്ടമാണെന്ന്…

എന്നിട്ട് ഇവൾ അതിൽ നിന്നും പിന്മാറാൻ തയ്യാറായില്ല… ഇവളുടെ സങ്കടം കണ്ടു ഞാൻ ആദിയോടു കെഞ്ചി പറഞ്ഞു… അച്ഛൻ ആദിയുടെ അച്ഛനെ പോയി കണ്ടും സംസാരിച്ച് ആദിയെ കൊണ്ടു കിച്ചുവിനെ ഇഷ്ടമല്ലെന്നു വരെ പറയിച്ചു… ഞാൻ എന്റെ കൂട്ടുകാരനെയും സ്വന്തം അനിയത്തിയെ പോലെ സ്നേഹിച്ച ആദിയെയും ഇവൾക്ക് വേണ്ടി ചതിച്ചു… അതിന്റെ നന്ദി പോലും ആദിയോട് കാണിക്കാത്ത നെറികെട്ടവൾ ആണിവൾ… എന്നിട്ടും ഇവൾ മതിയാക്കിയോ.. സംശയ രോഗം ആണിവൾക്ക്… നീ അവനെ സ്നേഹിച്ചിട്ടില്ല ഹിമേ… നിന്റെ ഉള്ളിൽ സ്നേഹമല്ല… വിഷം ആണെടീ വിഷം… ആ വിഷം കാരണം ഒരിക്കൽ ആത്മഹത്യയ്ക്ക് ശ്രമിച്ചവനാ കിച്ചു… വീണ്ടും നീ അവനെ ആ വഴിയിൽ കൊണ്ടെത്തിക്കും… അവൻ ഇതുവരെ തറവാട്ടിൽ എത്തിയിട്ടില്ല… എവിടെ പോയെന്ന് ആർക്കും അറിയില്ല…

വിളിച്ച് അന്വേഷിക്കാൻ ഇവളുടെ കയ്യിലിരിപ്പ് കാരണം അവനു ഒരു ഫോൺ പോലും ഇല്ലല്ലോ … അച്ഛൻ ഇനി ഇവളുടെ വാക്ക് കേട്ട് വീണ്ടും തുള്ളിക്കോ…” എന്നു പറഞ്ഞ് പ്രവി ദേഷ്യത്തോടെ മുറിയിലേക്ക് പോയി… കൂടെ ഭാര്യയായ സൗമ്യയും… ഹിമയുടെ കണ്ണുകൾ നിറഞ്ഞിരുന്നു… “മോൾ പേടിക്കാതെ. അവൻ ഇങ്ങു വന്നോളും… ” എന്നു പറഞ്ഞ് അച്ഛൻ മുറിയിലേക്ക് പോയി… “ഇന്നെന്താ ഉണ്ടായത്? ” അമ്മ തിരക്കി… ഹിമ ഒന്നും പറയാതെ ചുണ്ടുകൾ കൂട്ടിപ്പിടിച്ച് നിന്നു… കണ്ണുകൾ ഒഴുകുന്നുണ്ടായിരുന്നു… “മോളെ ഞാൻ അന്നേ പറഞ്ഞതല്ലേ സ്നേഹം പിടിച്ചു വാങ്ങേണ്ടത് അല്ലെന്ന്… പിടിച്ചു വാങ്ങിയത് നഷ്ടപ്പെടുമോ എന്ന ഭയമാണ് നിന്റെ ഉള്ളിൽ…

നഷ്ടപ്പെടും എന്നു കരുതി നീ നിന്റേതു മാത്രമാക്കി അവനെ ഇനിയും തളച്ചിടാൻ നിന്നാൽ നഷ്ടം നിനക്ക് തന്നെയാകും… അത് ഇടയ്ക്ക് ഓർത്താൽ നന്ന്…” അമ്മ അതു പറഞ്ഞു പോയതും ഹിമ തളർച്ചയോടെ താഴേക്ക് ഇരുന്നു… പിന്നെ വേഗം എഴുന്നേറ്റ് മുറിയിൽ പോയി മോനെ എടുത്ത് തോളിൽ ഇട്ടു… പ്രവിയുടെ മുറിയുടെ വാതിലിൽ പോയി തട്ടി… തുറക്കുന്നില്ലെന്ന് കണ്ടതും വീണ്ടും തട്ടി വിളിച്ചു… “ഏട്ടാ.. ” അവൾ ഉറക്കെ വിളിച്ചു.. അപ്പു ഉണർന്ന് ചിണുങ്ങാൻ തുടങ്ങിയിരുന്നു… പ്രവി വന്ന് വാതിൽ തുറന്നു … “എന്താ? ” അവൻ ദേഷ്യത്തോടെ തിരക്കി. “എന്നെ തറവാട്ടിൽ കൊണ്ടാക്കി തരണം… ” “രാത്രി നീ പറയുന്നത് കേട്ട് തുള്ളാൻ ഇരിക്കുകയല്ല ഞാൻ…” “പറ്റുമെങ്കിൽ എന്നെയൊന്നു കൊണ്ടാക്കി തായോ..

അല്ലെങ്കിൽ ഞാൻ നടന്നു പോകും…” സൗമ്യ പ്രവിയുടെ അരികിലേക്ക് വന്നു… “എന്താ പ്രവിയേട്ടാ?” “അവൾക്ക് തറവാട്ടിൽ പോകണം എന്ന്…” “മോനെ കരയിപ്പിക്കാതെ കൊണ്ടു പോയി കിടത്ത് ഹിമേ…” സൗമ്യ പറഞ്ഞു. “എനിക്ക് പോകണം… എനിക്ക് കിച്ചേട്ടനെ കാണണം… ” “എടീ അവനെ കാണാൻ ഇല്ലെന്ന്… ” “കിച്ചേട്ടൻ തറവാട്ടിലേക്ക് വരും. എനിക്ക് പോകണം.. ” എന്നു പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു. “ഞാനും കൂടി പോകാം സൗമ്യേ… അവൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല. നീ വന്നു വാതിൽ അടക്ക്… ” പ്രവി ഉമ്മറത്തേക്ക് ചെല്ലുമ്പോഴേക്കും അവൾ മുറ്റത്തേക്ക് ഇറങ്ങാൻ തുടങ്ങിയിരുന്നു… “നേരം എത്രയാണെന്ന് വല്ല ബോധവും ഉണ്ടോ നിനക്ക്? ” ഹിമ മറുപടി ഒന്നും പറയാതെ മോനെ തോളിൽ കിടത്തി തട്ടുകയായിരുന്നു…

പ്രവി കാർ സ്റ്റാർട്ട്‌ ചെയ്തപ്പോൾ അവൾ ബാക്ക് ഡോർ തുറന്ന് കയറി ഇരുന്നു… തറവാട്ടിലേക്ക് എത്തുമ്പോൾ അപ്പോഴും ഉമ്മറത്ത് ആരൊക്കെയോ ഇരിക്കുന്നത് കണ്ടിരുന്നു… പ്രവി കാർ നിർത്തിയതും ഹിമ ഇറങ്ങി… മോൻ വീണ്ടും കരയാൻ തുടങ്ങിയിരുന്നു… ഹിമ വേഗം ഉമ്മറത്തേക്ക് കയറി… ഉമ്മറത്ത് അഭിയും ജയനും സന്തോഷും ഇരിക്കുന്നുണ്ടായിരുന്നു… അവൾ എല്ലാവരെയും നോക്കി അകത്തേക്ക് നടക്കാൻ ഒരുങ്ങിയതും അഭി പുറകിൽ നിന്നും വിളിച്ചപ്പോൾ ഹിമ നിന്നു… അപ്പോഴേക്കും പ്രവി ഉമ്മറത്തേക്ക് കയറിയിരുന്നു … “കിച്ചു എന്തു പറഞ്ഞിട്ടാ ഹിമേ പോയത്… അവൻ ഇതുവരെ എത്തിയിട്ടില്ല…” നിനക്ക് പറ്റുമെങ്കിൽ കുറച്ചു വിഷം തന്ന് എന്നെ അങ്ങ് കൊന്നേക്ക്…

ഒരു തരി സമാധാനം തരില്ലെന്ന് വെച്ചാൽ… എന്റെ മുത്തശ്ശിയാണെടീ ഇന്ന് മരിച്ചു പോയത്… മടുത്തു… മടുത്തു പോയി എനിക്ക്… കിച്ചു ഇറങ്ങി പോകുമ്പോൾ പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു… അവൾക്ക് ഭയം തോന്നി… അവൾ അകത്തേക്ക് നടക്കാൻ ഒരുങ്ങിയതും മുരളി അകത്തു നിന്നും വന്നു… “എന്തിനാ വന്നത്? എന്റെ കുഞ്ഞ് മരിച്ചോ എന്ന് അറിയാൻ ആണോ?” മുരളി കിതപ്പോടെ തിരക്കി… ഹിമ മോനെ ഒന്നു കൂടി നെഞ്ചോട് അടക്കി പിടിച്ചു… സന്തോഷ്‌ വന്നു ചെറിയച്ഛനെ പിടിച്ചു അകത്തേക്ക് കൊണ്ടു പോയി… ഹിമ അകത്തേക്ക് കടന്നു… സേതു അപ്പോഴും കരയുന്നുണ്ടായിരുന്നു… ഹിമ എല്ലാവരെയും ഒന്നു നോക്കി….

അമ്മയുടെ അപ്പുറത്തായി ഇരിക്കുന്ന ആദിയിൽ നിന്നും നോട്ടം മാറ്റാൻ ആകാതെ ഹിമ തറഞ്ഞു നിന്നു… ചുമരിൽ ചാരി ഇരിക്കുന്ന ആദിയുടെ മുഖം ആകെ ചുവന്ന് വിങ്ങി വീർത്തിരുന്നു… അഴിഞ്ഞു കിടക്കുന്ന മുടിയിഴകളിൽ ചിലത് മുഖത്തെ മിഴിനീരിൽ ഒട്ടി പിടിച്ചിട്ടുണ്ട്… ശ്വാസം എടുക്കുന്നതല്ലാതെ അവളിൽ യാതൊരു അനക്കവും ഇല്ലായിരുന്നു… അപ്പച്ചി പറഞ്ഞതെല്ലാം കേട്ട് ആദിയുടെ മനസ്സ് കുറ്റബോധത്താൽ നീറി… വിട്ടു കൊടുക്കുമ്പോഴും കിച്ചേട്ടനെ സ്നേഹിക്കുന്നവൾക്കാണ് നൽകാൻ പോകുന്നത് എന്നൊരു ചിന്തയിൽ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചിരുന്നു… എന്നിട്ടും… സംശയത്തിന്റെ മുൾ മുനയിലേക്കാണ് കിച്ചേട്ടനെ എറിഞ്ഞു കൊടുത്തത്… എല്ലാം തന്റെ തെറ്റ്… അന്നേ കിച്ചേട്ടനോട്‌ എല്ലാം തുറന്നു പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ…

ചിന്തകൾ കാട് കടക്കും തോറും ജീവന്റെ മുഖം മനസ്സിൽ തെളിഞ്ഞു… ജീവേട്ടനിൽ നിന്നും ഇനി കിച്ചേട്ടനിലേക്ക് ഒരു മടക്കമില്ല… പക്ഷേ കിച്ചേട്ടൻ വീണ്ടും എന്തെങ്കിലും അവിവേകം കാണിച്ചാൽ ഇനി തനിക്ക് ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും കിട്ടുമോ? ആ ചിന്തയിൽ അവൾ കണ്ണുകൾ വലിച്ചു തുറന്നു… നോട്ടം പതിഞ്ഞത് അവളെ നോക്കി നിൽക്കുന്ന ഹിമയിൽ ആയിരുന്നു… ആദിയുടെ മിഴിയിൽ നിന്നും കണ്ണുനീർ അടർന്നു വീണു… ആദി നിലത്തു കൈ കുത്തി പതിയെ എഴുന്നേറ്റു… ഹിമയുടെ അടുത്തേക്ക് നടന്നു … അവളുടെ അപ്പോഴത്തെ ഭാവം ഹിമയെ ഭയപ്പെടുത്തി… ആദി എന്തോ പറഞ്ഞു തുടങ്ങിയതും മുറ്റത്ത് ഒരു ജീപ്പ് വന്നു നിന്നു.. ശബ്ദം കേട്ടതും സർവ്വവും മറന്ന് ആദി മുറ്റത്തേക്ക് ഓടി ചെന്നു..

ജീപ്പിൽ നിന്നും ഇറങ്ങി വരുന്ന കിച്ചുവിനെ അല്ലാതെ അവൾ വേറെ ഒന്നും കണ്ടില്ല… നനഞ്ഞു കുതിർന്ന വസ്ത്രവും നന്നേ തളർന്ന ശരീരവുമായി മുൻപിൽ നിൽക്കുന്ന കിച്ചുവിന്റെ തൊട്ടു മുൻപിൽ അവൾ വന്നു നിന്നു… അവനെ കണ്ട ആശ്വാസം അവളിൽ നിറഞ്ഞു… “എവിടെയായിരുന്നു കിച്ചേട്ടാ…. എന്തിനാ ഇങ്ങനെ പേടിപ്പിക്കുന്നത്…” അവന്റെ വലതു കയ്യിൽ പിടിച്ച് അവൾ തിരക്കി… കിച്ചു അവളുടെ കൈ അവന്റെ കയ്യിൽ നിന്നും അടർത്തിയെടുത്തു… അതിനു ശേഷം കൂടെ വന്നവരെ തിരിഞ്ഞു നോക്കി… അതിൽ ഒരാൾ കിച്ചുവിന്റെ കയ്യിലേക്ക് ബൈക്കിന്റെ ചാവി വെച്ചു കൊടുത്തു…

“നിങ്ങളുടെ ആഘോഷം മുടക്കിയതിനു സോറി… ” എന്നു പറഞ്ഞ് തന്നെ നോക്കി നിൽക്കുന്ന എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറി ഉമ്മറത്തേക്കുള്ള പടികൾ കയറി… ഹിമയെ കണ്ടപ്പോൾ മാത്രം വരണ്ട ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു… അവളുടെ തോളിൽ കിടക്കുന്ന മോന്റെ തലയിൽ വാത്സല്യത്തോടെ ഒന്നു ഉഴിഞ്ഞു കൊണ്ട് അകത്തേക്ക് കടന്നു… ജീവനും അഭിയും ജയനും എല്ലാം കൂടി കിച്ചുവിന്റെ കൂടെ വന്ന ആളുകളോട് കാര്യങ്ങൾ തിരക്കി അറിയുന്ന സമയം അവർ പറയുന്ന വാക്കുകൾക്ക് കാതോർത്ത് ആദി നിന്നു… അവർ യാത്ര പറഞ്ഞു പോയപ്പോൾ ജീവൻ ആദിയുടെ അരികിലേക്ക് വന്നു… അവൻ തോളിൽ മെല്ലെ തൊട്ടതും അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തിയിരുന്നു…

“എനിക്ക് വയ്യ ജീവേട്ടാ… ഒന്നിനും വയ്യ…” ജീവൻ അവളെ ആശ്വസിപ്പിക്കാൻ എന്നോണം അവളുടെ പുറത്ത് തലോടി കൊണ്ടിരുന്നു… അവരെ നോക്കി നിൽക്കുന്ന പ്രവിയ്ക്കും കുറ്റബോധം തോന്നി… ഇതിനെല്ലാം കാരണക്കാരി തന്റെ അനിയത്തിയാണല്ലോ എന്നോർക്കും തോറും അവളോടുള്ള അവന്റെ സ്നേഹത്തിനു മീതെ കരിനിഴൽ വീണു കൊണ്ടിരുന്നു… ജീവൻ ആദിയേയും കൂട്ടി അകത്തേക്ക് നടന്നു.. വേഷം പോലും മാറാതെ അപ്പച്ചിയുടെ വയറിൽ മുഖം ചേർത്തു വെച്ചു കിടക്കുന്ന കിച്ചുവിനനെ അവൾ കണ്ടു… ആ കാഴ്ച ജീവന്റെ ഉള്ളിലും നൊമ്പരം ഉണർത്തി… അവൻ അവളുടെ കൈ പിടിച്ച് മുറിയിലേക്ക് നടന്നു… ഹിമയുടെ മടിയിൽ നിന്നും അപ്പുവിനെ എടുത്ത് വരദ മുറിയിൽ കൊണ്ടു പോയി കിടത്തി…

കിച്ചുവിനെ നോക്കി അവനിൽ നിന്നും കുറച്ച് അകലെയായി ഹിമ ഇരുന്നു… കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു വെച്ചു നടന്നിരുന്ന കിച്ചേട്ടൻ… ആ മുഖത്തെ ഒരു പുഞ്ചിരി മാത്രം മതിയായിരുന്നു തന്റെ ഹൃദയമിടിപ്പിന്റെ താളം മാറ്റാൻ… ഇഷ്ടമില്ലെന്നു പറഞ്ഞിട്ടും നഷ്ടപ്പെടുത്തി കളയാൻ തയ്യാറാകാതെ തട്ടി പറിച്ചെടുത്ത ജീവിതം… അതിനി വീണ്ടും നഷ്ടപ്പെടുമോ എന്ന ഭയത്തിൽ ആ സ്നേഹം തന്നിലേക്ക് മാത്രം ഒഴുകണേ എന്ന് ആഗ്രഹിച്ച് ചെയ്തു കൂട്ടിയതെല്ലാം തെറ്റ് ആയിരുന്നോ??? ആലോചനയോടെ അവൾ ഇരുന്നു… ** ബെഡിൽ ചാരി ഇരിക്കുകയായിരുന്നു ജീവൻ… കിച്ചുവിനെയും ആദിയേയും കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ അറിയാതെ തന്നെ അസ്വസ്ഥതയുടെ നാമ്പുകൾ മുള പൊട്ടുന്നുണ്ടായിരുന്നു…

തന്റെ നെഞ്ചിൽ മുഖം ചേർത്ത് തളർന്നു മയങ്ങുന്ന ആദിയെ അവൻ ഒന്നു കൂടി നെഞ്ചോടു മുറുക്കെ പിടിച്ചു… അവൾ ഒന്നും ഞെരങ്ങിയതും പതിയെ പുറത്തു തട്ടി കൊടുത്തു… അവളുടെ കൈകൾ അവന്റെ ഇടുപ്പിനു ചുറ്റും വലയം തീർത്തു… മുഖം കുനിച്ച് അവളുടെ നെറ്റിയിൽ ചുംബിച്ചു… തങ്ങൾ മാത്രമുണ്ടായിരുന്ന സ്വർഗ്ഗത്തിൽ നിന്നും ഈ കണ്ണീരിനു ഇടയിലേക്കാണല്ലോ വരേണ്ടി വന്നത് എന്നോർത്ത് അവൻ നെടുവീർപ്പിട്ടു… ഈ കഴിഞ്ഞ ദിവസങ്ങളിൽ അവളെ കൂടുതലായി അടുത്ത് അറിയുകയായിരുന്നു അവൻ… സ്നേഹിക്കുന്നവർക്ക് നൊന്താൽ അതിലും ശക്തമായി അവൾക്ക് നോവും എന്ന് അവനു മനസ്സിലായി കഴിഞ്ഞിരുന്നു… മുത്തശ്ശിയുടെ മരണവും കിച്ചുവിന്റെ അവസ്ഥയും അവളുടെ മനസ്സിനു ഏറ്റ വലിയ മുറിവുകളാണ്…

ആ മുറിവുണക്കാൻ തനിക്കു കഴിയുമോ? ആലോചനയോടെ ജീവൻ അവളുടെ മുഖത്തേക്ക് നോക്കി… അവളുടെ വിങ്ങിയ മുഖം കാണെ അവന്റെ കണ്ണുകൾ നിറഞ്ഞു പോയി… അവൾക്ക് വേദനിച്ചാൽ തനിക്കും വേദനിക്കും… അവളുടെ മുടിയിഴയിൽ ഒന്നു തലോടിയ ശേഷം ജീവൻ അവളുടെ കൈകൾ പതിയെ എടുത്തു മാറ്റി തലയിണയിലേക്ക് അവളുടെ തല വെച്ചു.. നേരം പുലരാൻ ആയിരുന്നു… അവന്റെ ശരീരവും മനസ്സും ഒരു പോലെ ക്ഷീണിച്ചിരുന്നു… ജീവന്റെ മിഴികളിൽ ഉറക്കം വന്നു നിറഞ്ഞു… അവൻ ലൈറ്റ് ഓഫ് ചെയ്ത് കിടന്നു… *** കിച്ചുവിന്റെ മൗനം എല്ലാവരിലും നൊമ്പരം പടർത്തി… അന്നത്തെ രാത്രിയ്ക്ക് ശേഷം അവൻ ആരോടും അധികം സംസാരിച്ചിരുന്നില്ല… അപ്പുവിന്റെ കരച്ചിൽ ഉയരുമ്പോൾ മാത്രം അവനെ ലാളിക്കാനായി മാത്രം അവൻ മിതമായി സംസാരിച്ചു…

മുത്തശ്ശിയുടെ അടിയന്തിരം കഴിഞ്ഞതിന്റെ പിറ്റേന്ന് എല്ലാവരും തറവാട്ടിൽ അവരവരുടെ വീടുകളിലേക്ക് പോകാൻ ഒരുങ്ങി… ആദ്യം വെല്ല്യച്ഛനും കുടുംബവുമാണ് പോയത്… അതു കഴിഞ്ഞപ്പോൾ സേതു പോകാൻ ഒരുങ്ങി… സേതുവും മുരളിയും കെട്ടിപ്പിടിച്ചു കൊണ്ട് കരഞ്ഞു. “അമ്മ പോയെന്ന് വിചാരിച്ചു ഇനി ഇങ്ങോട്ട് വരാതിരിക്കരുതേ ചേച്ചി… ഇനി ഞാനും വരദയും മാത്രമായി പോയില്ലേ…” മുരളി കരച്ചിലോടെ പറഞ്ഞു… “അമ്മ ഇവിടെ നിന്ന് എങ്ങോട്ട് പോകാനാ… ഇവിടെ വിട്ട് നമ്മളെ വിട്ട് എവിടെ പോകാനാ… ചേച്ചിയ്ക്ക് ഇങ്ങോട്ടു വരാതിരിക്കാൻ ഒന്നും പറ്റില്ല മോനെ…

നമ്മുടെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് അങ്ങനെ ഉപേക്ഷിച്ചു പോകാൻ പറ്റുമോ? ” സേതു കരച്ചിലോടെ തിരക്കി. രമേശൻ വന്ന് അവരെ ചേർത്ത് പിടിച്ചു… “ഇങ്ങനെ കരഞ്ഞു വെറുതെ മക്കളെ കൂടി വിഷമിപ്പിക്കാതെ… ” രമേശൻ പറഞ്ഞു… മുരളി വേഗം കണ്ണുകൾ തുടച്ചു… പ്രവി കാറുമായി വന്നിരുന്നു… പ്രവി എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ കൂടെ മോനെയും എടുത്ത് ഹിമ ഇറങ്ങി… സേതു എല്ലാവരെയും ഒന്നു നോക്കി… കുറച്ചു മാറി നിൽക്കുന്ന ആദിയെ കണ്ടപ്പോൾ അവളെ അടുത്തേക്ക് വിളിച്ചു… അവൾ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ അമ്മയുടെ അരികിൽ നിന്നിരുന്ന കിച്ചു കുറച്ച് മാറി നിന്നു. അപ്പച്ചി അവളുടെ ഇരു കവിളിലും കൈകൾ ചേർത്ത് വെച്ചു… “എന്റെ മോള് കുറേ വേദനിച്ചെന്ന് അപ്പച്ചിയ്ക്ക് അറിയാം… ഉള്ളിൽ അടക്കിപ്പിടിച്ചതൊക്കെ അറിയാതെ പറഞ്ഞും പോയി ഞാൻ…

ഇനി ഒന്നും ഓർത്തു വിഷമിക്കരുത് എന്നു പറയാൻ മാത്രേ അപ്പച്ചിയ്ക്ക് പറ്റൂ… ഇതാകും വിധി…” അമ്മ പറയുന്നത് എല്ലാം കേൾക്കുന്നുണ്ടെങ്കിലും കിച്ചു അവരുടെ മുഖത്തേക്ക് നോക്കാതെ നിന്നു. അപ്പച്ചി ജീവനെയും അടുത്തേക്ക് വിളിച്ചു… “ഇനി ഒന്നിന്റെ പേരിലും ഇവളെ തനിച്ചാക്കരുത്.. പാവാണ്… ആ പാവത്തരം തന്നെ ആയിരുന്നു അവളുടെ ശാപവും…” അപ്പച്ചി ജീവനോടു പറഞ്ഞു… “ഞാൻ കൂടെ ഉണ്ടാകും അപ്പച്ചി…” ജീവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു… അപ്പച്ചി എല്ലാവരെയും ഒന്നു നോക്കിയ ശേഷം മുന്നോട്ട് നടന്നു. “ഇറങ്ങട്ടെ… ” ആരോടെന്നില്ലാതെ പറഞ്ഞ് ആരുടേയും മറുപടിയ്ക്ക് കാതോർക്കാതെ കിച്ചു നടന്നു. കിച്ചേട്ടൻ വെറുത്താൽ പോലും താൻ ഇത്ര വേദനിക്കില്ലായിരുന്നു എന്നു ആദിയ്ക്ക് തോന്നി. പോകുന്നതിന് മുൻപ് എന്തെങ്കിലും ഒരു വാക്ക് തന്നോട് പറയും എന്ന് പ്രതീക്ഷിച്ചിരുന്നു…

ഓരോരുത്തരായി പടി ഇറങ്ങിയപ്പോൾ തറവാട്ടിൽ മുരളിയും വരദയും മാത്രം അവശേഷിച്ചു… *** ഹിമ മുറിയിലേക്ക് വരുമ്പോൾ കിച്ചു ബെഡിൽ കിടക്കുന്നുണ്ടായിരുന്നു… “കിച്ചേട്ടാ… ” അവൾ തോളിൽ തട്ടി വിളിച്ചതും അവൻ അവളെ നോക്കി… “ഓഫീസിൽ നിന്നും ആരോ വന്നിട്ടുണ്ട്..” അവൾ പെട്ടെന്ന് പറഞ്ഞു… അവൻ എഴുന്നേറ്റു മുഖം കഴുകി അകത്തേക്ക് ചെന്നു. അകത്തിരിക്കുന്നവരുടെ മുഖത്തിനു അത്ര തെളിച്ചം ഇല്ലായിരുന്നു… “ഓഫീസിൽ വരുന്നില്ലെങ്കിൽ അതൊന്ന് വിളിച്ചു അറിയിക്കാൻ പറ്റില്ലേടാ നിനക്ക്? ” കൂട്ടത്തിലെ ഒരുത്തൻ കിച്ചുവിനെ കണ്ടതും ചൂടായി. “അറിയിക്കാൻ പറ്റിയില്ല…” എന്നു പറഞ്ഞ് കിച്ചു അവരുടെ അടുത്തായി കിടന്നിരുന്ന കസേരയിൽ ഇരുന്നു…

“എന്താ നന്ദു നിന്റെ പ്രശ്നം? ” വിനു കിച്ചുവിനോട് തിരക്കി… “മുത്തശ്ശി മരിച്ചു…” “അതു കഴിഞ്ഞിട്ട് കുറച്ച് ആയില്ലേ… ഓഫീസിൽ വരാതിരിക്കാൻ മാത്രം നിനക്ക് എന്താണ് പ്രശ്നം? ” രഘു തിരക്കി. കിച്ചുവും രഘുവും വിനുവും ഓഫീസിൽ മാർക്കറ്റിംഗ് സെക്ഷനിൽ ആണ്… “നിനക്ക് ഓഫീസിലെ വല്ല ചിന്തയും ഉണ്ടോ?” വിനു തിരക്കി… “നിങ്ങൾക്ക് ഇപ്പോൾ എന്താ വേണ്ടത്? ” കിച്ചു തിരക്കി… “നീ ഓഫീസിൽ വന്നു തുടങ്ങണം. നാളെ മീറ്റിംഗ് ഉണ്ട്… ഈ മാസത്തെ റിപ്പോർട്ട്‌ അവതരിപ്പിക്കണം…” കിച്ചു ഒന്നും പറയാതെ വേഗം എഴുന്നേറ്റു മുറിയിലേക്ക് പോയി. അരമണിക്കൂർ ആകുമ്പോഴേക്കും അവൻ പോയി ഫ്രഷ്‌ ആയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വന്നു. “പോകാം… ” ഇരുവരോടുമായി പറഞ്ഞ് അവൻ മുൻപോട്ടു നടന്നു… “എന്തെങ്കിലും കഴിച്ചിട്ട് പോക് കിച്ചൂ… ” പിന്നിൽ നിന്നും അമ്മ വിളിച്ചു പറഞ്ഞു. “ഇപ്പോൾ വേണ്ട…”

എന്നു പറഞ്ഞ് അവൻ നടന്നപ്പോൾ പിന്നാലെ വിനുവും രഘുവും വേഗം ചെന്നു… അവർ പോകുന്നതും നോക്കി ഹിമ നിന്നു… അവന്റെ മാറ്റം അവൾക്ക് ഉൾകൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല… മുമ്പും കിച്ചുവേട്ടനോട് വാശി കാണിച്ചിട്ടുണ്ട്… പരിഭവിച്ചിട്ടുണ്ട്.. മറ്റുള്ളവരോട് അങ്ങനെ സംസാരിക്കരുത് ഇങ്ങനെ സംസാരിക്കരുത് എന്നു പറഞ്ഞ് ദേഷ്യപ്പെട്ടിട്ടുണ്ട്… പക്ഷേ അപ്പോഴൊക്കെ ഒന്നു ഗൗരവം കാണിച്ചാലും കുറച്ചു കഴിഞ്ഞാൽ ഗൗരവത്തിന്റെ മുഖംമൂടി അഴിച്ചു വെച്ച് തന്നെ സ്നേഹിച്ചിരുന്നു… പക്ഷേ ഇപ്പോൾ… തന്നോട് മിണ്ടുന്നില്ല… അറിയാതെ പോലും തന്നെ ഒന്ന് സ്പർശിക്കുന്നില്ല… ഒരു വീട്ടിൽ തികച്ചും അന്യരെ പോലെ…

തങ്ങളെ ഒരുമിച്ച് ബന്ധിപ്പിക്കുന്ന കണ്ണിയായി അപ്പു ഉണ്ടെന്ന് മാത്രം… ഓരോ ദിവസം കൂടും തോറും കിച്ചു കൂടുതൽ നിശബ്ദനായി കൊണ്ടിരുന്നു… ചിലപ്പോൾ ഓഫീസിൽ നിന്നും വന്നാൽ തറവാട്ടിലേക്ക് പോകും. അവിടെ നിന്നും രാത്രിയാകും ചിലപ്പോൾ മടങ്ങി എത്തുക… സേതുവിനോടു വളരെ ചുരുങ്ങിയ വാക്കുകളിൽ വിശേഷങ്ങൾ തിരക്കും… അപ്പുവിനെ നെഞ്ചോടു ചേർത്തു പിടിച്ച് ഉറങ്ങും… അവഗണനയുടെ തീച്ചൂളയിൽ ഹിമയുടെ സമാധാനം അനുദിനം നഷ്ടമായി കൊണ്ടിരുന്നു… മകന്റെ വാടിയ മുഖം സേതുവിന്റെ സമാധാനവും തല്ലി കെടുത്തി… അപ്പുമോന്റെ കളിച്ചിരികൾ കൂടി ഇല്ലായിരുന്നെങ്കിൽ ആ വീട്ടിൽ എല്ലാവരും തീർത്തും ഒറ്റപ്പെട്ടവരായി പോയേനെ എന്നതായിരുന്നു സത്യം… ***

ജയനും ദുർഗ്ഗയും മോളും എയർപോർട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു… തറവാട്ടിൽ നിന്നും എല്ലാവരെയും ക്ഷണിച്ചിരുന്നു… ദുർഗ്ഗയുടെയും മോളുടെയും ടിക്കറ്റുകൾ ഒരു മാസത്തേക്ക് കൂടി നീട്ടാം എന്ന് ജയൻ പറഞ്ഞതായിരുന്നു.. എന്നാൽ അച്ഛനും അമ്മമാരും ഇനി നീട്ടണ്ടെന്ന് പറഞ്ഞു.. ജയന്റെ കൂടെ അവരെ പറഞ്ഞ് അയക്കുന്നതായിരുന്നു എല്ലാവർക്കും താല്പര്യം… രാത്രി ഒൻപതരയ്ക്കായിരുന്നു എയർപോർട്ടിലേക്ക് പുറപ്പെടുന്നത്… അഭിയുടെയും ജീവന്റെയും കൂടെ കിച്ചുവും പെട്ടികൾ കെട്ടാൻ എല്ലാം കൂടി… എല്ലാവരോടൊപ്പം നിൽക്കുമ്പോഴും അതിൽ ഒരു അകലം പാലിക്കാൻ കിച്ചു ശ്രമിച്ചിരുന്നു… ജീവൻ അവനോടു സംസാരിക്കാനായി ഇടയ്ക്ക് ഓരോ ചോദ്യങ്ങൾ എറിഞ്ഞു നോക്കുമെങ്കിലും കിച്ചു ഒന്നോ രണ്ടോ വാക്കുകളിൽ ഉത്തരം പറയും…

അവൻ തന്നോട് എന്തെങ്കിലും ചോദിക്കും എന്ന് ജീവൻ പ്രതീക്ഷിച്ചു എങ്കിലും അതുണ്ടായില്ല… തന്നോട് മാത്രമല്ല എല്ലാവരിൽ നിന്നും കിച്ചേട്ടൻ അകന്നു പോകുന്നത് ഹിമയെ ചിന്താധീനയാക്കി. ഭക്ഷണം വിളമ്പാൻ അമ്മമാരുടെ കൂടെ ആദിയും കൂടി… കിച്ചുവിന്റെ അരികിൽ ഇരുന്ന ഹിമ ഇരുവരെയും നോക്കി… ആദി കിച്ചുവിന്റെ മുഖത്തേക്ക് ഒന്നു നോക്കിയപ്പോൾ അവൻ അവളെ ശ്രദ്ധിക്കാതെ പപ്പടം ചെറിയ കഷ്ണങ്ങളായി പൊട്ടിച്ച് അപ്പുവിന്റെ വായിൽ വെച്ചു കൊടുക്കുകയായിരുന്നു… കിച്ചുവിന്റെയും ഹിമയുടെയും ജീവിതം നേരെ ആക്കിയില്ലെങ്കിൽ അതു തങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും… കാരണം കുറച്ചു ദിവസങ്ങളായി ആദി ഉള്ളിൽ കരഞ്ഞു കൊണ്ടാണ് ചിരിക്കുന്നതെന്ന് അവനു അറിയാമായിരുന്നു…

അവരെ എങ്ങനെ ചേർത്തു വെക്കാം എന്ന് ആലോചിച്ച് അവരെ നോക്കി കൊണ്ട് നിന്ന ജീവന്റെ തല പുകഞ്ഞു കൊണ്ടിരുന്നു. ദുർഗ്ഗ എല്ലാവരോടും ചിരിച്ചു കൊണ്ടാണ് യാത്ര പറഞ്ഞതെങ്കിലും എല്ലാവരെയും വിട്ട് ദൂരേയ്ക്ക് മാറി നില്ക്കാൻ പോകുന്നതിന്റെ സങ്കടം അവൾക്ക് ഉണ്ടായിരുന്നു… കൂടാതെ മുത്തശ്ശിയുടെ വേർപാട് തീർത്ത ശൂന്യതയിൽ നിന്നും എല്ലാവരും മോചിതരാകുന്നതേയുള്ളൂ. പിന്നെ ചേച്ചിയുടെ കൂടെ നിന്ന് അവൾക്ക് മതിയായിട്ടില്ലായിരുന്നു… ആദിയോടും അഭിയോടും യാത്ര പറയുമ്പോൾ അവൾ കുഞ്ഞനുജത്തിയായി മാറി… രണ്ടു പേരെയും ചേർത്തു പിടിച്ച് ചെറുതായി വിതുമ്പി… “ഞാൻ ഇങ്ങു വരുമ്പോഴേക്കും എനിക്ക് സന്തോഷിക്കാനുള്ള വക കൂടി രണ്ടു പേരും ഉണ്ടാക്കി തരണം… ”

കണ്ണുകൾ തുടച്ചു കൊണ്ട് പുഞ്ചിരിയോടെ ദുർഗ്ഗ പറഞ്ഞു.. മറുപടിയായി അഭി അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ച് കൊണ്ട് പുഞ്ചിരിച്ചു… ആദി ദുർഗ്ഗയുടെ കവിളിൽ തലോടി നെറ്റിയിൽ ചുംബിച്ചു… ജീവനും അഭിയുമാണ് എയർപോർട്ടിലേക്ക് അവരുടെ കൂടെ പോകുന്നത്… പെട്ടികൾ എല്ലാം എടുത്ത് കാറിൽ വെച്ച ശേഷം അഭി ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു. “ഞാൻ വരുന്നതും നോക്കി ഉറക്കം കളഞ്ഞ് ഇരിക്കരുത്… ” ജീവൻ ആദിയോടു പറഞ്ഞു.. പിന്നെ അമ്മയെ നോക്കി… മൂന്നാറിൽ പോയി വന്നതിന് ശേഷം വാടിത്തളർന്നു പോയ ആദിയെ മാത്രമേ എല്ലാവരും കണ്ടിട്ടുള്ളു… അവളെ ശ്രദ്ധിച്ചേക്കണേ എന്നായിരുന്നു അവന്റെ നോട്ടത്തിന്റെ അർത്ഥം എന്ന് മായയ്ക്ക് അറിയാമായിരുന്നു… അവർ അവനെ നോക്കി തലയാട്ടി…

ദുർഗ്ഗ എല്ലാവരെയും നോക്കി കാറിൽ കയറി…. കണ്ണിൽ നിന്നും കാർ മറയുന്നത് വരെ എല്ലാവരും അവിടെ തന്നെ നിന്നു… ഓരോരുത്തരായി അകത്തേക്ക് പോകുമ്പോഴും ആദി അവർ പോയ വഴിയെ മിഴി നട്ടു നിന്നു… സേതു ജീവന്റെ അമ്മയോട് യാത്ര പറയുകയായിരുന്നു… അതിന്റെ ഇടയിൽ ഓരോന്ന് പറഞ്ഞു അവരുടെ സംസാരം നീണ്ടു പോയി… യാത്ര പറഞ്ഞു കഴിഞ്ഞാൽ വേഗം ഇറങ്ങാം എന്ന ചിന്തയിൽ നിൽക്കുകയായിരുന്നു കിച്ചു… പെട്ടെന്ന് അവൻ ചെറുതായൊന്നു ചുമച്ചു…. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് പോലെ തോന്നിയപ്പോൾ അവൻ ഇടതു കൈ നെഞ്ചിൽ ചേർത്തു വെച്ച് ശ്വാസം എടുത്തു… ഹൃദയമിടിപ്പ് കൂടുന്നത് അവൻ അറിയുന്നുണ്ടായിരുന്നു… അവന്റെ മിഴികൾ ആദിയെ തിരഞ്ഞു…

അവന്റെ ഭാവമാറ്റം കണ്ട് വരദയുടെ അരികിൽ നിന്നിരുന്ന ഹിമ വേഗം അവന്റെ അടുത്തേക്ക് പാഞ്ഞു… അവൾ അടുത്ത് എത്തും മുൻപേ കിച്ചു ഉമ്മറത്തേക്ക് കുതിച്ചിരുന്നു. വാതിൽപ്പടിയിൽ എത്തിയപ്പോൾ തന്നെ വലതു കൈത്തണ്ടായിൽ മുഖം ചേർത്ത് നിലത്തു കിടക്കുന്ന ആദിയെയാണ് കണ്ടത്… ഓടി ചെന്ന് അവളുടെ അരികിൽ ഇരിക്കുമ്പോൾ ഭയത്താൽ അവന്റെ ശരീരം വിറച്ചു… അവളെ വാരിയെടുത്ത് അവളുടെ മുഖം നെഞ്ചോരം ചേർത്തു പിടിച്ച് കവിളിൽ പതിയെ തട്ടി… അവളുടെ കവിളിലെ തണുപ്പ് അവനിലേക്ക് ഒഴുകി… “ആദീ….” അവൻ വിറയാർന്ന ശബ്ദത്തോടെ അവളെ വിളിച്ചു… അവൾ വിളി കേട്ടില്ല… “ആദി…. എഴുന്നേൽക്ക് ആദി… ” അവളുടെ ചുമലിൽ പിടിച്ചു കുലുക്കി കൊണ്ട് വിളിക്കുമ്പോൾ കിച്ചു നിയന്ത്രണം വിട്ട് കരയുന്നുണ്ടായിരുന്നു.. കിച്ചുവിന്റെ ശബ്ദം കേട്ട് എല്ലാവരും അവരുടെ അടുത്തേക്ക് ഓടി ചെല്ലുമ്പോൾ ഹിമ അവരെ നോക്കി വേദനയോടെ നിന്നു………തുടരും

പുതിയൊരു തുടക്കം: ഭാഗം 15

Share this story