ഭാര്യ: ഭാഗം 5

ഭാര്യ: ഭാഗം 5

Angel Kollam

ദീപ്തി ഫോൺ കട്ട്‌ ചെയ്തിട്ട് ശാന്തമായി ഉറങ്ങുന്ന ഹരീഷിന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖം കണ്ടപ്പോൾ തന്റെ നെഞ്ച് പൊട്ടുന്നത് പോലെ അവൾക്ക് തോന്നി. തികട്ടി വന്ന കരച്ചിലടക്കാൻ ശ്രമിച്ചു കൊണ്ട് അവൾ ബാത്ത്റൂമിലേക്ക് ഓടി കയറി ടാപ് തുറന്ന് വിട്ടു ആ നിലത്ത് ഭിത്തിയിൽ ചാരിയിരുന്നു അവൾ പൊട്ടികരഞ്ഞു. ‘അപ്പോൾ അതായിരുന്നു ഏട്ടന് തന്നോടുള്ള അകൽച്ചയ്ക്ക് കാരണം. ശീതൾ സ്നേഹം ഭാവിച്ചു തന്നെ ചതിക്കുകയായിരുന്നു. അവർ രണ്ടുപേരും ചേർന്നൊരുക്കിയ നാടകത്തിൽ കഥയറിയാതെ വേഷം കെട്ടിയാടുകയായിരുന്നു താൻ ‘ താൻ ശീതളിന്റെ ഓഫീസിൽ ജോലി തേടി ചെന്നതും ശീതൾ തനിക്ക് വേണ്ടി ഹരീഷിന്റെ വിവാഹാലോചന കൊണ്ട് വന്നതും,

തീരെ പ്രതീക്ഷിക്കാതെ താൻ അമ്പാടിയിലെ മരുമകൾ ആയി വന്നതുമെല്ലാം ദീപ്തിയുടെ മനസ്സിൽ ഒരു തിരശീലയിലെന്നത് പോലെ തെളിഞ്ഞു വന്നു. വെളുക്കുന്നത് വരെ ഓരോന്ന് ചിന്തിച്ചു അവൾ ബാത്ത്റൂമിൽ തന്നെയിരുന്നു പൊട്ടിക്കരഞ്ഞു. ഒടുവിൽ എന്തോ ഉറച്ച തീരുമാനം എടുത്തിട്ട് റൂമിലേക്കു വന്നു. രാവിലെ ഉണർന്നയുടനെ ഒറ്റനോട്ടത്തിൽ തന്നെ ദീപ്തിയുടെ മുഖത്തെ സങ്കടം ഹരീഷ് തിരിച്ചറിഞ്ഞു. “എന്താടോ തന്റെ മുഖം വല്ലാതിരിക്കുന്നത്?” “ഹേയ്, അതൊന്നുമില്ല, ഒരു ചെറിയ തലവേദന പോലെ ” ദീപ്തി അവന് മുഖം കൊടുക്കാതെ മറുപടി പറഞ്ഞു. അവൾ തന്റെ സങ്കടം ഉള്ളിൽ മറച്ചു വച്ചു എല്ലാവരുടെയും മുൻപിൽ അഭിനയിക്കാൻ ശ്രമിച്ചു . ദീപ്തി അടുക്കളയിലേക്ക് പോയപ്പോൾ ടീപ്പോയിലിരുന്ന ഫോൺ അവൻ കൈയെത്തി എടുത്തു.

റിസീവ്ഡ് കോളുകളുടെ കുട്ടത്തിൽ ശീതളിന്റെ നമ്പർ കണ്ടപ്പോൾ ദീപ്തിയുടെ സങ്കടത്തിന് കാരണം അവനു ഊഹിക്കാൻ കഴിഞ്ഞു. അവൻ ശീതളിന്റെ നമ്പർ ഡയൽ ചെയ്തു. ഫോൺ എടുത്തയുടനെ അവൾ ചോദിച്ചു “ഇന്നലെ രാത്രിയിൽ നീയെന്താ പെട്ടന്ന് കാൾ കട്ട്‌ ചെയ്തതു? ” “ഞാൻ അല്ല ദീപ്തിയാണ് കാൾ എടുത്തതു, ” “ഓഹോ, നിന്റെ കാൾ എടുക്കാൻ മാത്രം ആ ബന്ധം വളർന്നോ? “അതൊക്കെ പിന്നീട് പറയാം, നീ എന്താ അവളോട് പറഞ്ഞതു? ” “അവളാണ് കാൾ എടുത്തതെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ നിന്നോടു സംസാരിക്കുന്നത് പോലെ സംസാരിച്ചു. അതെന്തായാലും നല്ല കാര്യമല്ലേ, എന്നായാലും അവളറിയാനുള്ളതല്ലേ ” “ഇത്ര പെട്ടന്ന് വേണ്ടിയിരുന്നില്ല ശീതൾ, അവൾക് വല്ലാത്ത സങ്കടമായി ” “ഓഹോ !നിനക്കെന്താ അവളോട്‌ ഒരു സോഫ്റ്റ്‌ കോർണർ?

കുറേ നാളായിട്ട് ഞാൻ ശ്രദ്ധിക്കുന്നു അവളെക്കുറിച്ച് പറയുമ്പോൾ നിനക്ക് പൊള്ളുന്നുണ്ട്.. എന്താ ഭാര്യ ആണെന്നുള്ള സഹതാപം ആണോ.. അതോ ഏതു നേരത്തും കൂടെയുള്ളത് കൊണ്ട് അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ചു പോയോ….. എന്നെ ചതിക്കാനാണു നിന്റെ പ്ലാനെങ്കിൽ കൊന്നുകളയും അവളെ ഞാൻ.. എനിക്ക് തടസ്സം നിൽക്കുന്ന എല്ലാത്തിനെയും ഞാൻ വെട്ടി മാറ്റും.. അതാ ചെറുപ്പം മുതലുള്ള എന്റെ ശീലം.. അതുകൊണ്ട് മര്യാദയ്ക്ക് അവളെ ഒഴിവാക്കിക്കോ ” “നീ അവിവേകം ഒന്നും കാണിക്കണ്ട ശീതൾ, ഞാൻ അവളെ എങ്ങനെയെങ്കിലും ഒഴിവാക്കാം, എനിക്ക് കുറച്ചു കൂടി സമയം താ” അവൻ കാൾ കട്ട്‌ ചെയ്തു തിരിഞ്ഞു നോക്കുമ്പോൾ തനിക്കുള്ള ചായയുമായി ദീപ്തി മുന്നിൽ നിൽക്കുന്നതു കണ്ടു. ദീപ്തി ചായ അവിടെ വച്ചിട്ട് ഒന്നും സംഭവിക്കാത്തത് പോലെ ഇറങ്ങിപോയി.

അവളുടെ ഹൃദയം നുറുങ്ങുന്ന വേദന ഉണ്ടായിട്ടും അതൊന്നും പുറത്തു കാണിച്ചില്ല. ഹരീഷിനെ ശുശ്രുഷിക്കുന്നത് തന്റെ കടമയായത് കൊണ്ട് അവളതുo നിറവേറ്റി. അവളുടെ മൗനം ഗീത ശ്രദ്ധിച്ചു, പലവട്ടം ആവർത്തിച്ച് ചോദിച്ചെങ്കിലും ദീപ്തി ആരോടും ഒന്നും പറഞ്ഞില്ല. ദീപ്തിയുടെ മുഖത്തു നോക്കാൻ ഹരീഷിന് പ്രയാസം അനുഭവപെട്ടു, ഒരു ഭർത്താവിന്റെ കടമ താൻ നിറവേറ്റിയില്ലെങ്കിലും അവൾ ഉത്തമഭാര്യ ആയി കൂടെ നിൽക്കുന്നുണ്ട്. അന്ന് രാത്രിയിൽ ആ ബെഡിന്റെ ഒരറ്റത്തു അകന്ന് മാറി കിടക്കുമ്പോൾ ദീപ്തിയുടെ നെഞ്ച് വിങ്ങുകയായിരുന്നു. പകൽ മുഴുവൻ മുഖത്ത് ഒട്ടിച്ചു വച്ച പുഞ്ചിരിയുടെ മുഖംമൂടി അഴിച്ചു മാറ്റാൻ അവൾക്ക് തിടുക്കമായി. ഹരീഷ് ഉറങ്ങിയെന്നു ഉറപ്പ് വരുത്തിയപ്പോൾ അവൾ നിയന്ത്രണം വിട്ടു കരഞ്ഞു. ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ തന്റെ കൈകൾ വായിൽ അമർത്തിപിടിച്ചു കൊണ്ട് അവൾ തേങ്ങിക്കരഞ്ഞു.

തന്റെ കഴുത്തിൽ അവനണിയിച്ച താലി എടുത്തുയർത്തിക്കൊണ്ട് അവൾ മനസ്സിൽ പല തീരുമാനങ്ങളും എടുത്തു. ‘ ഈ താലി തന്റെ കഴുത്തിൽ ഉള്ളതിന്റെ പേരിൽ ജീവിതകാലം മുഴുവൻ ഹരീഷിനൊരു ബാധ്യതയായി താനിവിടെ ഉണ്ടാകില്ല.. അവരുടെ ഇഷ്ടം പോലെ ജീവിച്ചോട്ടെ.. തനിക്ക് വിധിച്ചിട്ടില്ലാത്ത ഈ ഭാഗ്യത്തെ ഓർത്ത് വിഡ്ഢിയായി കഴിയാൻ തനിക്കാകില്ല. ഹരീഷിന് എഴുന്നേറ്റു നടക്കാൻ പോലുമാകാത്ത ഈ അവസ്ഥയിൽ അയാളെ ഒറ്റയ്കാക്കുന്നത് ശരിയല്ല അത് കൊണ്ട് ഒരു ഭാര്യയുടെ കടമ നിറവേറ്റാനല്ല, ഒരു സഹജീവിയോടുള്ള കരുണ കൊണ്ട് മാത്രം താൻ ഈ വീട്ടിൽ നിൽക്കും.. ഭാര്യയോടുള്ള കടമകൾ ഒന്നും നിറവേറ്റാത്ത ഇയാളോട് ഒരു ഭാര്യ എന്ന നിലയിൽ തനിക്കൊരു കടപ്പാടിന്റെയും ആവശ്യമില്ല.

തന്നെയുമല്ല വല്യ ഒരു ചതി തന്നോട് കാണിച്ചതാണ്, ഇയാളും ശീതളും.. പ്രതികരിക്കാനോ പകരം വീട്ടാനോ തനിക്കു കഴിയില്ല. പക്ഷേ ഈശ്വരന്റെ കണക്ക് പുസ്തകത്തിൽ ഇതെല്ലാം രേഖപെടുത്തുന്നുണ്ടല്ലോ.. അതുകൊണ്ട് കാലം ഇവരോട് കണക്ക് ചോദിച്ചോളും ‘ രാത്രിയിൽ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും ഒടുവിൽ എപ്പോളോ അവൾ ഉറങ്ങിപ്പോയി. ആ ഉറക്കത്തിൽ മനോഹരമായ ഒരു സ്വപ്നം അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു. * ** *** *** അലമാരയിൽ ഹരീഷിന്റെ വസ്ത്രങ്ങൾ അടുക്കിപെറുക്കുമ്പോൾ പിന്നിൽ നിന്ന് തന്നെ പുണരുന്ന ആ കൈകൾ, കള്ളദേഷ്യത്തോടെ അവന്റെ നേർക്ക് നോക്കുമ്പോൾ തന്റെ മൂക്കിൻ തുമ്പിൽ പിടിച്ചു കൊണ്ട് ചോദിക്കുന്നു…

“എന്താടി പെണ്ണെ, ഒരു കപട ദേഷ്യം?” “ഒന്ന് വിട് ഏട്ടാ.. വാതിൽ തുറന്നു കിടക്കുവാ..ആരെങ്കിലും കാണും ” “അതിനെന്താ.. ഞാൻ എന്റെ ഭാര്യയെ അല്ലേ കെട്ടിപിടിക്കുന്നത് ” “പിന്നേ, ഭാര്യ ആണെങ്കിലും ഇങ്ങനെ വാതിൽ തുറന്നിട്ട് പബ്ലിക് ആയിട്ടല്ല കെട്ടിപിടിക്കുന്നത്” അവൾ കുതറി മാറിയതും ഹരീഷ് പുഞ്ചിരിയോടെ തിരിഞ്ഞു ചെന്ന് കതകടച്ചിട്ട് അവൾക്ക് നേരെ വന്നു. പിന്നെ ഷർട്ടിന്റെ ഇരുകൈകളും കൈമുട്ടിന് മുകളിലേക്ക് തെറുത്തു കയറ്റി വച്ചതിനു ശേഷം, അവളുടെ നേർക്ക് നടന്നടുത്തു. വലതു കൈ കൊണ്ട് അവളെ വലിച്ചു തന്റെ നെഞ്ചിലേക്കിട്ടു.. ** *** *** ദീപ്തി ഒരു ഞെട്ടലോടെ കിടക്കയിൽ എഴുന്നേറ്റിരുന്നു. താൻ കണ്ടത് വെറുമൊരു സ്വപ്നമായിരുന്നു എന്ന് മനസിലായപ്പോൾ അവൾക്ക് നിരാശ തോന്നി..

ആ സ്വപ്നം സത്യമായിരുന്നുവെങ്കിൽ എന്നവൾ വെറുതെ ആശിച്ചു പോയി. വീണ്ടും കിടക്കയിലേക്ക് വീഴുമ്പോൾ ആ സ്വപ്നം മാത്രമായിരുന്നു അവളുടെ മനസ്സിൽ. രാവിലെ പതിവിലും വൈകിയാണ് ദീപ്തി കണ്ണുതുറന്നത്. എഴുന്നേൽക്കാൻ തുനിഞ്ഞപ്പോൾ തന്റെ വയറിനു കുറുകെ ചുറ്റിപ്പിടിച്ചിരിക്കുന്ന ഹരീഷിന്റെ വലതു കരം അവൾ കണ്ടു. രാത്രിയിൽ കണ്ട സ്വപ്നത്തിന്റെ ബാക്കിയാണോ എന്ന് സംശയിച്ചു അവൾ ഒരുനിമിഷം അങ്ങനെ തന്നെ ഇരുന്നു.. ഉറക്കത്തിലെപ്പോളോ അറിയാതെ ഹരീഷ് തന്നെ കെട്ടിപിടിച്ചതാണെന്ന് അവൾക്ക് മനസിലായി. ദീപ്തി തന്റെ മനസിനെ ശാസിച്ചു. “എല്ലാം അറിയുന്നതിന് മുൻപാണെങ്കിൽ ഇതൊക്കെ വിശ്വസിച്ചാൽ പോരേ? ഇയാളുടെയും ശീതളിന്റെയും എല്ലാ കള്ളത്തരങ്ങളും കണ്മുന്നിൽ കണ്ടിട്ട് ഇനിയും ഇതൊക്കെ ആഗ്രഹിക്കാൻ വട്ടാണോ?” ദീപ്തി ആ കരം പതിയെ എടുത്തു മാറ്റിയിട്ടു മെല്ലെ എഴുന്നേറ്റു.

നൊമ്പരം ഉള്ളിലൊതുക്കി ആ ദിവസവും അവൾ തള്ളി നീക്കി. ഹരീഷിന്റെ നേർക്ക് മനഃപൂർവം അവൾ നോക്കാതെയായി.. തങ്ങളുടെ ഇടയിലെ മൗനത്തിനു ദൈർഖ്യം കൂടുന്നത് ഹരീഷ് മനസിലാക്കി. അവളുടെ മൗനം ഒരർത്ഥത്തിൽ അവന് ആശ്വാസമായാണ് തോന്നിയത്. അവൾ പൊട്ടിത്തെറിച്ചു അച്ഛനെയും അമ്മയേയും അനിയനെയും അറിയിക്കാതെ തന്ത്രപരമായി കൈകാര്യം ചെയ്യുന്നതിൽ അവന് അവളോട് നന്ദി തോന്നി.. എന്നിരുന്നാലും അവളുടെ മനസിലിരുപ്പ് അറിയാൻ കഴിയാത്തതിൽ അവന് ആശങ്കയും ഉണ്ടായിരുന്നു. ദിവസങ്ങൾ കടന്ന് പോയി. ഒന്നര മാസത്തിനു ശേഷം അവർ ഒരുമിച്ച് ഹോസ്പിറ്റലിൽ പോയി. അവന്റെ കാലിലെ പ്ലാസ്റ്റർ എടുത്തിട്ട് തിരികെ വന്ന ശേഷം അവൾ മുഖവുരയില്ലാതെ ഹരീഷിനോട് പറഞ്ഞു. ”

എന്നെ എന്റെ വീട്ടിൽ കൊണ്ടാക്കിയേക്ക്, ഞാൻ പോയികഴിയുമ്പോൾ അച്ഛനെയും അമ്മയെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയാൽ മതി, ഡിവോഴ്സിനുള്ള ഫോര്മാലിറ്റീസ് എന്താണെന്നു വച്ചാൽ നോക്കിക്കോ, എവിടെയാണ് ഒപ്പിടേണ്ടതെന്നു പറഞ്ഞാൽ മതി, ഞാൻ ഒപ്പിട്ടേക്കാം ” ഹരീഷ് ഒരുനിമിഷം തരിച്ചു നിന്നുപോയി. “ദീപ്തി… ഞാൻ… ” “സാരമില്ല… എനിക്കെല്ലാം അറിയാം, എന്നെകുറിച്ചോർത്തു വിഷമിക്കണ്ട, ഞാൻ കാരണം നിങ്ങളുടെ സ്വപ്നങ്ങൾ നശിക്കണ്ട ” “അതല്ല ദീപ്തി.. ഒരു കാരണവും ഇല്ലാതെ നിന്നെ ഉപേക്ഷിക്കാൻ അച്ഛൻ സമ്മതിക്കില്ല, ” “ഓ !ഉപേക്ഷിക്കാൻ ഒരു കാരണം.. അതാണോ പ്രയാസം… എനിക്ക് ഏതെങ്കിലും പ്രണയബന്ധം ഉണ്ടെന്നും ഞാൻ അയാളെ മനസിലോർത്തു കഴിയുകയാണെന്നും എല്ലാവരോടും പറഞ്ഞേക്ക് ” “നീ എന്താ പറയുന്നത്? ” “പ്ലീസ്, ഏട്ടാ എന്നെ തടയരുത്. ഞാൻ എന്റെ വീട്ടിൽ പൊയ്ക്കോളാം,

അച്ഛനെ പറഞ്ഞു മനസിലാക്കിയിട്ട് ശീതളിനെ തന്നെ വിവാഹം കഴിച്ചോളൂ.. എന്നിട്ട് നിങ്ങൾ സുഖമായി ജീവിക്ക്.. എല്ലാം മനസിലാക്കിയിട്ടും ഇവിടെ ഇനിയും ഈ നാടകം തുടരാൻ എനിക്ക് താല്പര്യമില്ല ” വൈകുന്നേരം അച്ഛനും അമ്മയും അമ്പലത്തിൽ പോയ സമയത്ത്‌, ദീപ്തി ഒരു ചെറിയ ബാഗിൽ ഡ്രസ്സ്‌ പാക്ക് ചെയ്തു. താലി മാല ഒഴികെയുള്ള ആഭരങ്ങൾ അഴിച്ചുവച്ചു. അവൾ അവന്റെ മുന്നിൽ വന്ന് നിന്നു. ” അച്ഛനും അമ്മയും തിരിച്ചു വരുന്നതിന് മുൻപ് ഞാൻ പോകുകയാണ്. അവർ അന്വേഷിക്കുമ്പോൾ എന്തെങ്കിലും കാരണം പറഞ്ഞാൽ മതി.. അച്ഛൻ വാങ്ങി തന്ന സ്വർണമൊന്നും ഞാൻ എടുത്തിട്ടില്ല. അതൊന്നും എനിക്ക് അവകാശപ്പെട്ടതല്ല.. ഈ താലിമാല മാത്രം ഞാൻ കൊണ്ട് പോവാണ്..

സെന്റിമെന്റ്സ് കൊണ്ടൊന്നുമല്ല.. എന്റെ അമ്മയുടെ ചോദ്യങ്ങളിൽ നിന്ന് തല്കാലത്തേക്ക് രക്ഷപെടാൻ വേണ്ടി മാത്രം ഇതെനിക്ക് വേണം… നിങ്ങൾ എന്റെ ഭർത്താവല്ലാതാകുന്ന ആ നിമിഷം ഞാനിത് തിരികെ തന്നേക്കാം ” നിറഞ്ഞ മിഴികൾ അവനിൽ നിന്ന് മറച്ച് വയ്ക്കാൻ ശ്രമിച്ചു കൊണ്ട് ആ ചെറിയ ബാഗുമായി അവൾ നടന്ന് നീങ്ങി.. ഹരീഷിനോട് യാത്ര പറഞ്ഞിട്ട് അവൾ അമ്പാടിയുടെ പടിയിറങ്ങിയപ്പോൾ അവന് കുറ്റബോധം തോന്നി, തന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി ഒരു പാവം പെണ്ണിന്റെ ജീവിതം താൻ തകർത്തു. താൻ വഞ്ചിക്കുകയാണെന്നറിഞ്ഞിട്ടും തന്നെ പരിപാലിച്ചവളാണ്, തന്നെ ഒരു വാക്കു കൊണ്ട് പോലും കുറ്റപെടുത്തിയില്ല. ഇത്രയും ദിവസം സങ്കടം നെഞ്ചിൽ ഒതുക്കി ജീവിച്ചിട്ടും അവൾ ആരോടും ഒന്നും പറഞ്ഞിരുന്നില്ല..

ഹരീഷിന് വല്ലാത്ത നൊമ്പരം തോന്നി.. അച്ഛനും അമ്മയും അമ്പലത്തിൽ പോയിട്ട് വീട്ടിൽ തിരികെയെത്തിയപ്പോൾ ദീപ്തി ഒരാഴ്ച സ്വന്തം വീട്ടിൽ നില്കാൻ പോയതാണെന്ന് അവൻ അവരോട് കള്ളം പറഞ്ഞു. പക്ഷേ ദീപ്തിയില്ലാത്ത വീട്ടിൽ അവനെന്തോ ശൂന്യത അനുഭവപെട്ടു. കളിപ്പാട്ടം നഷ്ടപെട്ട കുട്ടിയെപ്പോലെ അവന്റെ മനസ് എന്തോ തിരഞ്ഞു കൊണ്ടിരുന്നു. ഗീത അവളെ ഫോൺ ചെയ്തപ്പോൾ ഹരീഷ് പറഞ്ഞ ആ കള്ളം തന്നെ അവളും ആവർത്തിച്ചു.. തത്കാലം ആരും ഒന്നും അറിയണ്ട.. ഏട്ടൻ സാവധാനം അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കട്ടെ അതായിരുന്നു ദീപ്തി മനസ്സിൽ കരുതിയത്. ദീപ്തി പോയ വിവരം അറിഞ്ഞതും ശീതൾ ആഹ്ലാദവതിയായി. അവളോടൊപ്പം ഭക്ഷണം കഴിക്കാൻ റസ്റ്റോറന്റിൽ ഇരിക്കുമ്പോൾ അവന്റെ മുഖത്ത് ഒട്ടും തെളിച്ചം ഉണ്ടായിരുന്നില്ല.

ദീപ്തിയുടെ മുഖം അവന്റെ മനസിനെ കുത്തി നോവിച്ചു കൊണ്ടിരുന്നു. ശീതളിനെയല്ല അവളെയാണ് താൻ സ്നേഹിക്കുന്നതെന്ന സത്യം അവൻ മനസിലാക്കി…. തന്റെ ബുദ്ധിമുട്ടിൽ തന്റെ കൂടെ നിന്ന്, താൻ ചതിക്കുകയാണെന്ന് മനസിലാക്കിയിട്ടും തന്നെ പരിപാലിച്ച അവളായിരിക്കണം തന്റെ ഭാര്യ എന്ന് ഹരീഷ് മനസ്സിൽ ആഗ്രഹിച്ചു.. തന്റെ മനസിലെ ആഗ്രഹം ശീതൾ അറിഞ്ഞാൽ ദീപ്തിയെ ഇല്ലാതാക്കാൻ പോലും അവൾ മടിക്കില്ല എന്നറിയാവുന്നത് കൊണ്ട് അവൻ അത്‌ തന്റെ മനസ്സിൽ തന്നെ ഒതുക്കി.. വൈകുന്നേരം തന്റെ റൂമിലെത്തിയപ്പോൾ അവിടെ ടേബിളിന് മുകളിൽ ഫ്രെയിം ചെയ്തു വച്ചിരിക്കുന്ന തങ്ങളുടെ വിവാഹഫോട്ടോ എടുത്ത് നോക്കിയിട്ട് ദീപ്തിയുടെ വിടർന്ന നെറ്റിയിൽ അവൻ ചുണ്ടുകൾ അമർത്തി.. ” എന്റെ പെണ്ണെ..

നീ ഇവിടുന്ന് പോയപ്പോളാണ് നിന്നേ ഞാനിത്രയും സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ മനസിലാക്കിയത് ” ആ ഫോട്ടോ തന്റെ നെഞ്ചിൽ ചേർത്ത് വച്ചു കൊണ്ടാണ് ഹരീഷ് ആ രാത്രിയിൽ ഉറങ്ങിയത്…… തുടരും

ഭാര്യ: ഭാഗം 4

Share this story