ദാമ്പത്യം: ഭാഗം 24

ദാമ്പത്യം: ഭാഗം 24

എഴുത്തുകാരി: തുഷാര ലക്ഷ്മി

നീ പറഞ്ഞതൊക്കെ സത്യമാണോ..?? എനിക്കിത് വിശ്വാസിക്കാൻ പറ്റുന്നില്ല അഭി??? തെല്ലൊരു ആശ്ചര്യത്തോടെ തന്നോട് തിരക്കുന്ന ശ്യാമിനെ നോക്കി അഭി ഒരു വരണ്ട ചിരി മറുപടിയായി നൽകി….അഭിയുടെ കാറിലാണ് രണ്ടാളും…ശ്യാമിനെ കണ്ടു നിമിഷയെ സംബന്ധിച്ച് അറിഞ്ഞ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അവനെ വീട്ടിൽ ചെന്ന് കൂട്ടിയതാണ് അഭി…..കാറിൽ തന്നെയിരുന്നു സംസാരിക്കുകയാണ് രണ്ടാളും….. ഞാൻ എന്തിനാ ശ്യാമേട്ടാ ഇങ്ങനെ ഒരു കള്ളം പറയുന്നത്…അതും സ്വന്തം ചേട്ടന്റെ ജീവിതത്തെ ബാധിക്കുന്ന ഒരു കാര്യത്തെക്കുറിച്ചു…..പ്രദീപ്‌ പറഞ്ഞത് കൊണ്ടു മാത്രമല്ല ഞാൻ അവരുടെ നാട്ടിലും കോളേജിലുമൊക്കെ അന്വേഷിച്ചിരുന്നു…

അറിഞ്ഞതൊക്കെ സത്യം തന്നെയാണ്…..വെങ്കിടേഷിനെ പറ്റി ഈ നാട്ടിലും ചെറിയൊരു അന്വേഷണം നടത്തി….ഇവിടെ ഒരു വാടക വീട്ടിലാണ് താമസം…… അവനും ഒരു സെർവന്റും മാത്രമേയുള്ളു…… കാര്യമായിട്ട് ഒന്നും അറിയാൻ പറ്റിയില്ലെങ്കിലും ഒരു കാര്യം മനസ്സിലായി നിമിഷ ആ വീട്ടിലെ സ്ഥിരം സന്ദർശകയാണ്….. പുറത്തെ മഴ കനത്തപ്പോൾ അഭി കാർ റോഡിന്റെ ഓരം ചേർത്തുനിർത്തി…… കുറച്ചു നേരം ആ മഴയിലേക്ക് നോക്കി ഇരുന്നു രണ്ടാളും…… ശ്യാമിന് കേട്ടതൊന്നും ഉൾക്കൊള്ളാൻ സാധിക്കുന്നില്ലായിരുന്നു…. കുഞ്ഞിലെ മുതലുള്ള കൂട്ടാണ് അരവിന്ദുമായി…… എന്തും തുറന്നു പറയാവുന്ന, എന്തിനും കൂടെ നിൽക്കുന്ന ആത്മാർത്ഥ സുഹൃത്ത്…. നിമിഷയുമായുള്ള ബന്ധം അറിഞ്ഞതിനു ശേഷമാണ് തങ്ങൾ തമ്മിലുള്ള സൗഹൃദത്തിൽ വിള്ളൽ വീണത്…..

ഒരുപാട് സ്നേഹിച്ചിരുന്നവനാണ്…. അതുകൊണ്ടാണ് തെറ്റിലേക്ക് പോയപ്പോൾ അതിനെ എതിർത്തത്… എന്നിട്ടുമവൻ ആ തെറ്റ് തിരുത്താൻ തയ്യാറാകാതെ അതിൽ ഉറച്ചു നിന്നു…… ആര്യയെ ഉപേക്ഷിക്കരുതെന്ന് പറഞ്ഞ് താനും വീണയും ഒരുപാടു ഉപദേശിച്ചതാണ്….. പക്ഷേ എങ്ങനെയെങ്കിലും അവളെ ഒഴിവാക്കാൻ നിന്ന അവൻ തങ്ങളുടെ വാക്ക് തള്ളിക്കളഞ്ഞു എന്ന് മാത്രമല്ല തന്നോടവന് ദേഷ്യവുമായി….. നിമിഷയെ താനൊരിക്കലും അംഗീകരിച്ചിരുന്നില്ല…. ഒരു പാവം പെണ്ണിന്റെ ജീവിതം തകർത്ത് സ്വന്തം ഭാവി സുരക്ഷിതമാക്കിയവൾ…. അങ്ങനെ കാണാനേ കഴിയൂ അവളെ….. പക്ഷേ ഇത്ര വലിയ ഒരു ഫ്രോഡ് ആണെന്ന് കരുതിയില്ല….. അരവിന്ദ് എങ്ങനെ ഇതുപോലൊരു ചതിയിലകപ്പെട്ടു…..

കയ്യിലിരുന്ന മാണിക്യത്തിന്റെ വിലയറിയാതെ വലിച്ചെറിഞ്ഞ് കരിക്കട്ടയെ പൊതിഞ്ഞു പിടിച്ചു….. ഇന്ന് ആ കരിക്കട്ടയുടെ കറുപ്പ് അവന്റെ ജീവിതത്തിലാകെ പടർന്ന് ഇരുട്ടിലാക്കിയല്ലോ….. തെറ്റ് ചെയ്തവനാണെങ്കിലും ശ്യാമിന് അരവിന്ദിനോട് സഹതാപം തോന്നി….. ഒരു പെണ്ണിനോട് ചെയ്ത തെറ്റിന് മറ്റൊരു പെണ്ണിന്റെ കൈയാൽ തന്നെ ശിക്ഷയും ദൈവം വിധിച്ചിരിക്കുന്നു എന്നവനു തോന്നി… അഭിയുടെ ശബ്ദമാണ് ശ്യാമിന്റെ ചിന്തകൾക്ക് ഭംഗം വരുത്തിയത്….. ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്……പക്ഷേ ഇപ്പോഴെനിക്ക് ചേട്ടനെ കണ്ടില്ലെന്ന് നടിക്കാനാവില്ല ശ്യാമേട്ടാ…..ഈ ചതി കുഴിയിൽ നിന്ന് എങ്ങനെയെങ്കിലും ചേട്ടനെ രക്ഷപ്പെടുത്തണം….

ശ്യാമേട്ടന് മാത്രമേ എന്നെ സഹായിക്കാൻ കഴിയൂ….. ഞാനോ….?? അതിന് എനിക്ക് എന്ത് ചെയ്യാൻ സാധിക്കും അഭി…..?? ശ്യാം അന്തംവിട്ട് അഭിയ നോക്കി… ശ്യാമേട്ടന് മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കു….. അറിയാമല്ലോ… ശ്രീയെ വിവാഹം കഴിച്ചതോടെ ചേട്ടന് ഞാൻ ശത്രുവിനെ പോലെയാണ്….. ഒരിക്കലും എന്റെ വാക്കുകൾ ചേട്ടൻ വിശ്വസിക്കില്ല…. അരവിന്ദിനെ ഓർത്തുള്ള അഭിയുടെ വേദന ശ്യാമിന് മനസിലായി..എങ്കിലും അരവിന്ദിനെ പറഞ്ഞു തിരുത്താൻ തനിയ്ക്ക് കഴിയില്ലെന്നവന് തോന്നി…… ഞങ്ങൾ തമ്മിൽ ആ പഴയ ഫ്രണ്ട്ഷിപ്പ് ഇപ്പോ ഇല്ല… അങ്ങനെയുള്ളപ്പോൾ ഞാൻ പറഞ്ഞാലും അവൻ വിശ്വസിക്കില്ല അഭി….. നീ പ്രദീപിനോട് പറയൂ…. പോലീസുകാരനല്ലേ….. തെളിവ് കാണിച്ചാൽ അരവിന്ദിന് മനസ്സിലാകില്ലേ…?? ശ്യാമേട്ടന് തോന്നുണ്ടോ ചേട്ടൻ അത് വിശ്വസിക്കുമെന്ന്…..

എന്റെ ഫ്രണ്ടിനെ ഉപയോഗിച്ച് ഞാൻ കെട്ടിച്ചമച്ച കഥകളാണെന്നാകും പറയുക…. എത്രയൊക്കെ തെളിവുകൾ മുന്നിൽ കൊണ്ടു നിരത്തിയാലും ചേട്ടൻ നിമിഷയെ അവിശ്വസിക്കില്ല…. അത്രമേൽ നിമിഷയിൽ അടിമപ്പെട്ടുപോയി ആ മനസ്സ്….. ഇനി ഒരു പക്ഷേ സത്യങ്ങൾ തിരിച്ചറിഞ്ഞാലും നിമിഷ ഒന്ന് കരഞ്ഞു കാണിച്ചാൽ, അവളുടെ പാസ്ററ് അല്ലേ,എനിക്കത് വിഷയമേയല്ല എന്ന് പറഞ്ഞു ചേട്ടൻ അവളോട് പൊറുക്കും….. ഓരോ തവണയും നിമിഷ ചെയ്യുന്ന തെറ്റുകൾ നിസ്സാരമായി കണ്ടു ക്ഷമിക്കുന്ന അരവിന്ദിനെ അഭി ഒരു നിമിഷം ഓർത്തു…… പിന്നെ എന്ത് ചെയ്യാൻ സാധിക്കും.?? സത്യങ്ങൾ നേരിൽകണ്ട് ബോധ്യപ്പെടണം…കുറച്ച് ക്രൂരമാണ്….

എന്നാലും അത് വേണം ശ്യാമേട്ടാ… അറിഞ്ഞ കാര്യങ്ങൾ നിമിഷയുടെ കഴിഞ്ഞ കാലമായി കണ്ട് ഒരുപക്ഷെ ഞാനും ക്ഷമിച്ചേനെ… വിവാഹത്തിനുശേഷം എന്റെ ചേട്ടനെ വഞ്ചിക്കാതെ അവൾ ജീവിച്ചിരുന്നെങ്കിൽ… പക്ഷേ ഇപ്പോൾ ബോധ്യമായി എനിക്ക്…. അവൾ ഒരിക്കലും നന്നാവില്ല…. അട്ടയെ പിടിച്ച് മെത്തയിൽ കിടത്താൻ നോക്കിയാൽ അത് അനുസരിക്കില്ലല്ലോ…വീണ്ടും ചെളിക്കുണ്ട് തിരക്കി പോകില്ലേ…… അതുപോലെ തന്നെയാ നിമിഷയും….. അവൾക്ക് ഒരിക്കലും വെങ്കിടേഷിനെ മറന്നു ജീവിക്കാനാകില്ല….. നിലയില്ലാക്കയത്തിൽ കിട്ടിയ പിടിവള്ളി പോലെ ആയിരുന്നു അവൾക്ക് എന്റെ ചേട്ടൻ….. ആ മനുഷ്യനെ അവളൊരിക്കലും സ്നേഹിച്ചിട്ടില്ല……

അവരുടെ ട്രാപ്പിൽ നിന്ന് എനിക്ക് ചേട്ടനെ രക്ഷപ്പെടുത്തണം….എന്റെ ചേട്ടന്റെ ജീവിതത്തിൽ പറ്റിക്കൂടിയ ആ ഇത്തിൾക്കണ്ണിയെ വേരോടെ പറിച്ചെറിയണം എനിക്ക്…..അതിന് ശ്യാമേട്ടൻ എന്റെ കൂടെ നിൽക്കണം….. നീ പറഞ്ഞോ അഭി….ആ ചതിയിൽ നിന്നു അവനെ രക്ഷപ്പെടുത്തേണ്ടത് എന്റെ കൂടി കടമയാണ്…… ശ്യം ആവേശത്തോടെ പറഞ്ഞു…. ഉം….പറയാം…. തന്റെ മനസ്സിലെ പദ്ധതി ശ്യാമിനെ പറഞ്ഞ് മനസ്സിലാക്കി സമ്മതിപ്പിക്കുമ്പോൾ പുറത്ത് ആർത്തു പെയ്യുന്ന വർഷം പകർന്നു കൊടുത്ത പോലെ അവന്റെ മനസ്സിലും ഒരു കുളിരു നിറയുന്നുണ്ടായിരുന്നു…… 💙🎼💙

ശ്യാമിനെ കണ്ടു തിരികെയെമ്പോൾ കണ്ടു അമ്മമാരുടെ കൂടെ ഇരിക്കുന്ന ശ്രീയെ… എന്തോ ആവേശത്തോടെ പറയുകയാണ് ആള്….അമ്മമാര് രണ്ടാളും അവളെ ശ്രദ്ധിച്ചു കേൾക്കുന്നുണ്ട്…ഇവിടെ വന്നതോടെ ആള് ചേട്ടന്റെ കാര്യമൊക്കെ മറന്ന് അമ്മമാരുടെ പുറകെയാണ്… ചില നേരം കൊച്ചു കുട്ടികളെ പോലെയാണ് പെരുമാറ്റം….ഇപ്പോഴും ആരെങ്കിലും കൊഞ്ചിക്കാനുണ്ടെങ്കിൽ അവരുടെ മടിയിൽ കയറി ഇരിക്കും പെണ്ണ്….. അവളെ നോക്കി നിൽക്കുമ്പോൾ ആ മുഖത്തെ സന്തോഷം തന്റെ ചുണ്ടിൽ പുഞ്ചിരിയായി വിരിയുന്നത് അവനറിഞ്ഞു….. മനസ്സിലെ ആധി മറച്ചുവെച്ച് പതിയെ അവനും ആ സ്നേഹത്തണലിലേക്ക് ചേക്കേറി…… സെറ്റിയിൽ ചാരി തറയിൽ ഇരിക്കുന്ന ശ്രീയുടെ മടിയിലേക്കു കിടന്നു….പുതിയ നാടും, ഹോസ്പിറ്റലും ,ആളുകളും ഒരുപാടു വിശേഷങ്ങളുണ്ട് പറയാൻ…..അച്ഛൻ കൂടി തങ്ങളുടെ കൂടെ കൂടിയതോടെ കോളം തികഞ്ഞു…..

ആ കാഴ്ച്ച കണ്ടു കൊണ്ടാണ് അരവിന്ദും, നിമിഷവും താഴേക്കിറങ്ങി വന്നത്…. ആര്യയെ കണ്ടതോടെ അരവിന്ദ് മുഖം തിരിച്ചു…. കാരണം വ്യക്തമല്ലെങ്കിലും അവളെ കാണുന്നത് പോലും അവനിൽ അസ്വസ്ഥത നിറച്ചു…… ആര്യയോടുള്ള അസൂയയും,അഭിയോടുള്ള പകയും നിമിഷയുടെ മനസ്സിൽ ആളിക്കത്തി….പക്ഷേ ആ വീട്ടിൽ ഇനി അവളായി പ്രശ്നങ്ങളുണ്ടാക്കി ആർക്കുമൊരു സംശയത്തിനിട നൽകരുതെന്ന വെങ്കിയുടെ കർശന നിർദ്ദേശം ഉള്ളതിനാൽ പക ആളുന്ന മനസ്സിനെ അടക്കി നിർത്തി ഒന്നും മിണ്ടാതെ അരവിന്ദിന്റെ പുറകെ ഊണ് മേശയ്ക്കടുത്തേയ്ക്കു നടന്നു…. എങ്കിലും ആര്യയെ കാണുമ്പോൾ തന്റെ പതിവ് പുച്ഛചിരി സമ്മാനിക്കാൻ അവൾ മറന്നില്ല…..

കഴിക്കാനിരുന്നപ്പോഴും അരവിന്ദ് നിശബ്ദനായിരുന്നു….. നാളുകൾക്കുശേഷം കണ്ടിട്ടും തന്നെ ശ്രദ്ധിക്കാതെ ഇരിക്കുന്ന ചേട്ടനെ കണ്ടപ്പോൾ അഭിക്ക് അന്നാദ്യമായി വിഷമം തോന്നി….. പക്ഷേ തന്റെ മനസ്സിൽ ചേട്ടനോടുണ്ടായിരുന്ന ദേഷ്യം മഞ്ഞുപോലെ ഉരുകി തീർന്നിരിക്കുന്നു….. ഇപ്പോൾ സഹതാപവും, വേദനയും മാത്രമാണ് തോന്നുന്നത്….. കഥയറിയാതെ ആട്ടം കാണുകയാണ് ഈ മനുഷ്യൻ….. അഭി നിമിഷയേയും ഒന്നു പാളി നോക്കി…..എന്തൊക്കെയോ ചേട്ടനോട് സംസാരിച്ചു കൊണ്ടു കഴിക്കുകയാണ്…… അത് മുൻപും അങ്ങനെ തന്നെയാണ്… ചുറ്റിനും ആരെല്ലാമുണ്ടെങ്കിലും അവർ രണ്ടാളും അവരുടെ മാത്രം ലോകത്തായിരിക്കും…… നിമിഷയോടുള്ള സ്നേഹം ചേട്ടൻ പ്രകടിപ്പിക്കുന്നത് മറ്റുള്ളവരെ അവഗണിച്ചാണ്….. ഓരോ നിമിഷവും ഭാര്യയെ എങ്ങനെ സന്തോഷിപ്പിക്കാം എന്ന് ചിന്തിച്ചു നടക്കുന്ന മനുഷ്യൻ…..

അവരുടെ ചതി അറിയുമ്പോൾ താങ്ങാനാവുമോ ആ മനസ്സിനത്….. ആര്യയും ഇരുവരെയും വീക്ഷിക്കുകയായിരുന്നു…… അരവിന്ദിനോടുള്ള വെറുപ്പും, ദേഷ്യവും മാറിയിട്ടില്ലായെങ്കിലും അയാളുടെ അവസ്ഥ അറിഞ്ഞപ്പോൾ, ഒരിക്കൽ താൻ കടന്നു പോയ പ്രതിസന്ധിയിലൂടെ നാളെ അയാളും കടന്നു പോകേണ്ടി വരുമെന്നോർക്കുമ്പോൾ സഹതാപം തോന്നുന്നുണ്ട്……സ്നേഹം കൊണ്ടേറ്റ മുറിവുണങ്ങാൻ അയാൾക്കിനി എത്ര കാതങ്ങൾ താണ്ടേണ്ടി വരും….. ഒരിക്കൽ തന്നെ വേദനിപ്പിച്ചു, നിർദാക്ഷണ്യം ഉപേക്ഷിച്ചത് നിമിഷയെ പോലെ ഒരുവൾക്ക് വേണ്ടിയാണോ….?? അതിനുമാത്രം എന്തു മേന്മയാണിയാൾ ഇവളിൽ കണ്ടത്….?? ഇപ്പോഴും സ്വന്തം ഭർത്താവിനെ ഒരു മനസാക്ഷിക്കുത്തുമില്ലാതെ വഞ്ചിച്ചു കൊണ്ടിരിക്കുന്നവളാണ്…..

എന്നിട്ടും കൂസലേതുമില്ലാതെ അയാളോട് ഒട്ടി ഇരിക്കുന്നു…ഇവളെ കാണുമ്പോൾ മനസിലാകുന്നു ചതിയെന്ന ആയുധത്തിൽ സ്നേഹത്തിന്റെ തേൻ പുരട്ടി ഒരു ജീവനെടുക്കാൻ സാധിക്കുമന്ന്…… ഈ ഊണ് മേശയിൽ പോലും അവളുടെ ധിക്കാരമറിയാൻ സാധിക്കും….അവളുടെ പ്ലേറ്റിൽ ചപ്പാത്തിയും,കറിയും വിളമ്പുന്നതും , കുടിക്കാൻ ഗ്ലാസിൽ വെള്ളമെടുത്തു കൊടുക്കുന്നതുമൊക്കെ അരവിന്ദാണ്…..എടുത്തു കഴിക്കുന്ന ജോലി മാത്രമേ അവൾക്കുള്ളു….. ഇങ്ങനെയും ദുഷിച്ച മനസ്സുള്ള സ്ത്രീകളുണ്ടാകുമോ….തന്റെ ജീവിതം തട്ടിപ്പറിച്ചെടുത്തവളാണ്…എന്നിട്ടും താനവളോട് എന്തോ തെറ്റ് ചെയ്ത പോലെയാണ് പെരുമാറ്റം….. അരവിന്ദ് സത്യങ്ങൾ അറിയുമ്പോൾ എന്തായിരിക്കും ഇവരുടെ ഭാവി….?? ക്ഷമിക്കുമോ ഇവളോട്‌…..എല്ലാം പൊറുത്തു കൂടെ കൂട്ടാനാണ് സാധ്യത….

അങ്ങനെയല്ലെങ്കിൽ ആവണി മോളുടെ ഭാവി എന്താകും…അച്ഛനുമമ്മയും ചെയ്ത തെറ്റിന് ആ കുഞ്ഞു ശിക്ഷ അനുഭവിക്കേണ്ടി വരുമോയെന്നോർത്തപ്പോൾ വേദന തോന്നി…… മനസ്സിൽ അരവിന്ദിനോടും, നിമിഷയോടും വെറുപ്പ് നിറയുന്നു…ഇവർ കാരണം ആരെല്ലാമാണ് വിഷമിക്കുന്നത്…ഇനിയും വിഷമിക്കാൻ പോകുന്നത്…. അറിയാതെ ഒരു നെടുവീർപ്പുയർന്നപ്പോഴേക്കും കിട്ടിയിരുന്നു കാലിൽ ചെറിയൊരു ചവിട്ട്…..നോക്കാതെ തന്നെ ആളെ മനസിലായി….. പതിയെ മുഖമൊന്നുയർത്തി ആളെ നോക്കുമ്പോൾ കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്…..പുരികം പൊക്കി പ്ലേറ്റിലേക്കും കണ്ണുകൾ കാണിക്കുമ്പോൾ മനസിലായി ഇത്ര നേരവും കഴിക്കാതെ വായിനോക്കി ഇരിക്കുകയായിരുന്നെന്നു…..

ഒരു കള്ളചിരി അഭിയ്ക്കായി നൽകി മുഖം താഴ്ത്തിയിരുന്നു ബാക്കി കഴിച്ചു അവൾ…. രാത്രി അമ്മയുടെയും, ജനുവമ്മയുടെയും നടുക്കായി ജനുവമ്മയുടെ മുറിയിലാണ് കിടന്നത്….കുറച്ച് ദിവസങ്ങൾക്കു ശേഷം കണ്ടത് കൊണ്ടാകും അഭിയേട്ടനും അനുവാദം തന്നു….. ഓടിവന്നതേ ഈ അമ്മ ചൂടിൽ ഒളിക്കാനായിരുന്നു…..ആ സമയം സ്വന്തം അമ്മയുടെ അസാന്നിധ്യം അവളിൽ ചെറു വേദനയുണ്ടാക്കി….അതറിഞ്ഞ പോലെ ആ രണ്ടമ്മമാരും അവളെ ഒന്നുകൂടി പൊതിഞ്ഞുപിടിച്ചു….. പിറ്റേന്ന് രാവിലെ തിരിച്ചു പോവുകയാണ് അഭിയും, ആര്യയും…. ആര്യ ആകെ വിഷമത്തിലായിരുന്നു….. എല്ലാവരുടെയും കൂടെ നിന്നു മതിയായിട്ടില്ലായിരുന്നു….

വന്നിട്ടിതുവരെ തന്റെ വീട്ടിലും പോയില്ല…..അച്ഛനെയും അമ്മയെയും കാണാൻ കൊതിയാകുന്നു….അറിയാതെ കണ്ണ് നിറഞ്ഞു….അത് കണ്ടതും അഭിയവളെ ചേർത്ത് പിടിച്ചു… വിഷമിക്കല്ലേടാ…. കുറച്ച് ദിവസം ക്കഴിഞ്ഞു നമുക്ക് വീണ്ടും വരാം…..അന്നു ഒരുപാടു ദിവസം നിന്നിട്ടേ തിരിച്ചു പോകു… പക്ഷേ ഇപ്പോൾ നമ്മൾ പോകാതിരുന്നാൽ ചില വിഷപ്പാമ്പുകൾ മാളത്തിനു പുറത്തിറങ്ങില്ല…. അങ്ങനെ വന്നാൽ പ്ലാൻ ചെയ്ത പോലെയൊന്നും നടക്കില്ല….. അതുകൊണ്ടു ഇന്ന് നമുക്ക് പോയേ പറ്റൂ….കരച്ചിലൊക്കെ നിർത്തി എന്റെ കൊച്ച് പോയി റെഡി ആയിക്കേ…. ഒരു വിധം അവളെ സമാധാനിപ്പിച്ചു കുളിക്കാൻ പറഞ്ഞു വിട്ട ശേഷം പുറത്തിറങ്ങിയതാണ് അഭി… അപ്പോഴാണ് റൂമിൽ നിന്നിറങ്ങി വരുന്ന നിമിഷയെ കണ്ടത്…..

ഒരു നിമിഷം കൊണ്ട് അവളോടുള്ള ദേഷ്യത്താൽ അഭിയുടെ മുഖം വലിഞ്ഞു മുറുകി…. അവളെ കൊന്നു കളഞ്ഞാലോ എന്നു വരെ അവനാ നിമിഷം ചിന്തിച്ചു….. എങ്കിലും സ്വയം നിയന്ത്രിച്ച് മുഖത്ത് ചിരിയുടെ ആവരണമണിഞ്ഞു പതിയെ അവൾക്കടുത്തേക്ക് നടന്നു…. “””””” ചേട്ടത്തി!!!!!!……..””””” അഭിയുടെ ശബ്ദം കേട്ട് ഒന്നു ഞെട്ടിയെങ്കിലും പതിയെ അവൾ തിരിഞ്ഞു നോക്കി…..തന്റെ നേരെ ചിരിയോടെ വരുന്ന അഭിയെ കണ്ടതും മനസ്സിലെ ദേഷ്യം ഒളിപ്പിച്ചവളും ഒരു പുഞ്ചിരി അവനായി നൽകി…… അഭി അടുത്തെത്തി നിമിഷയെ സൂക്ഷിച്ചോന്ന് നോക്കി….അവന്റെ ആ ചുഴിഞ്ഞുള്ള നോട്ടം അവളിൽ നേരിയ പരിഭ്രമമുണ്ടാക്കി…..

എപ്പോഴുമതെ ഇവന്റെ മുന്നിൽ നിൽക്കുമ്പോൾ ഉടലാകെ ഒരു വിറയിലാണ്….. താനെന്തിനാണ് അഭിയെ ഇങ്ങനെ ഭയപ്പെടുന്നതെന്ന് നിമിഷയ്ക്ക് മനസ്സിലായില്ല….. എ….എന്താ……???? പരിഭ്രമമൊളിപ്പിച്ച് എങ്ങനെയോ ചോദിച്ചു….. ഏയ്….. ഞാൻ ചേട്ടത്തിയുടെ മുഖമൊക്കെ ഒന്ന് നോക്കിയതാ….. പക്ഷേ മുഖത്തെ പാടൊന്നും പൂർണമായി മാഞ്ഞിട്ടില്ലല്ലോ…… എന്റെ കയ്യിൽ ഒരു ക്രീം ഉണ്ട്…. ഒരു തവണ മുഖത്തിട്ടാൽ മതി മുഖമൊക്കെ നല്ല തക്കാളിപ്പഴം പോലെ ചുവന്ന് വരും…ഈ പരട്ട തൊലിയൊക്കെ പോയി നല്ല പാൽനിറമുള്ള സോഫ്റ്റ്‌ തൊലി വരും…..ഒരു മിനിറ്റ് നിൽക്ക്….ഞാനിപ്പോൾ എടുത്തിട്ടുവരാം….. മുൻപത്തെ ആ ചൊറിച്ചിലിന്റെ നീറ്റലും,വേദനയുമൊക്കെ ഓർത്തപ്പോൾ നിമിഷ ഒരു നിമിഷം ഞെട്ടി നിന്നു…… അയ്യോ!!!!!…. അറിയാതെ തന്നെ നിലവിളിച്ചു പോയി അവൾ….

എന്ത് പറ്റി ചേട്ടത്തി…??? ശബ്ദത്തിൽ കഴിയുന്നത്ര നിഷ്കളങ്കത നിറച്ചു അഭി ചോദിച്ചു….. എനിക്ക് നിന്റെ ക്രീമും വേണ്ട..ഒരു കുന്തവും വേണ്ട….എനിക്ക് വേണ്ടതൊക്കെ എന്റെ ഭർത്താവ് വാങ്ങി തരും….നീ നിന്റെ ഭാര്യയുടെ കാര്യം മാത്രം അന്വേഷിച്ചാൽ മതി…. മുറിയിലേക്ക് പായുന്നതിനിടയിൽ നിമിഷ വിളിച്ചുപറഞ്ഞു….. അടക്കിവെച്ചിരുന്ന ചിരിയുടെ പിടിവിട്ട് പൊട്ടിച്ചിരിച്ചുപോയി ആ നിമിഷം അഭിയും….. അമ്മയും ,ജനുവമ്മയും പതിവ് കരച്ചിലോടെ തന്നെ രണ്ടാളെയും യാത്രയാക്കി…..അവരുടെ കൂടെ കൂടി ആര്യയും ഒട്ടും കുറച്ചില്ല….. ഒടുവിൽ അഭി വഴക്ക് പറഞ്ഞവളെ പിടിച്ചു കാറിൽ കയറ്റി…. തന്റെ വീട്ടിലേയ്ക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോൾ അതുവരെ മൂടികെട്ടിയിരുന്ന ആര്യയുടെ മുഖം തെളിഞ്ഞു….അച്ഛനെയും അമ്മയെയും കണ്ടു ഉച്ചയ്ക്ക് ഊണും കഴിച്ചാണ് രണ്ടാളും എറണാകുളത്തേക്കു യാത്ര തിരിച്ചത്…. 💙🎼💙💙

സായാഹ്ന കാഴ്ച സുന്ദരമായിരുന്നു…..തിരക്കേറി വരുന്ന കടൽതീരം…..സൂര്യൻ പടിഞ്ഞാറോളിക്കാൻ കച്ച കെട്ടി നിൽക്കുന്നു…തണുത്ത ഉപ്പു കാറ്റു പതിയെ തഴുകി തലോടി കടന്നു പോകുന്നുണ്ട്….പോക്കുവെയിൽ തിളക്കമേറ്റ് കിടക്കുന്ന മണൽതരികളിൽ അമർത്തി ചവിട്ടി നിന്നു അരവിന്ദ്…ശ്യാമിന്റെ കൂടെ ആ കടൽ തീരത്ത് നിൽക്കുമ്പോൾ അവന് മനസ്സിൽ ഒരുപാടു സന്തോഷം തോന്നി……. ശ്യം കുറച്ച് മുൻപിലേയ്ക്ക് നീങ്ങി നിൽക്കുകയാണ്…..തിര വന്നു അവന്റെ കാല്പാദങ്ങളെ നനച്ചു പോകുന്നുണ്ട്….അവനിതൊന്നും അറിയാതെ ദൂരേയ്ക്ക് നോക്കി നിൽക്കുകയാണ്…..എന്തോ വിഷമം തട്ടിയിട്ടുണ്ട് അവന്റെ മനസ്സിൽ…..എന്തായിരിക്കുമത്…??എന്തായാലും അതിന് പരിഹാരം കാണാൻ ശ്രമിക്കണം…ഇന്ന് കൊണ്ടു എല്ലാം പറഞ്ഞു തീർത്തു പഴയ ആ അരവിന്ദും ശ്യാമും ആകണം…..

എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ അരവിന്ദ് പതിയെ മുൻപിലേക്ക് നടന്നു….. എങ്ങനെ അരവിന്ദിനോട് സംസാരിച്ചു തുടങ്ങുമെന്നറിയാതെ അസ്വസ്ഥമായ മനസ്സോടെ നിൽക്കുകയായിരുന്നു ശ്യം……പറയാൻ പോകുന്നത് അവന്റെ ഭാര്യയുടെ വഴി പിഴച്ച ഭൂതകാലത്തെക്കുറിച്ചാണ്…..എങ്ങനെ പറയും അവനോടത്….?? പറഞ്ഞാലും തന്നെ അവൻ വിശ്വസിക്കുമോ…?? അവന്റെ മനസ്സ് ഉൾക്കൊള്ളുമോ ആ സത്യങ്ങൾ…??? ചോദ്യശരങ്ങൾ ശ്യം സ്വന്തം മനസ്സിലേയ്ക്ക് എയ്തു കൊണ്ടിരുന്നു….. പക്ഷേ ഒന്നിനും കൃത്യമായ ഒരു ഉത്തരം അവന് ലഭിച്ചില്ല…..പാഞ്ഞുകുത്തി വരുന്ന തിരയടിച്ചു കാലിനടിയിൽ നിന്നൂർന്നു പോകുന്ന മണൽ തരികൾ പോലെ തന്റെ കൂട്ടുകാരന്റെ ജീവിതവും അവന്റെ കൈപ്പിടിയിൽ നിന്നൂർന്നു പോകുകയാണോ…..??

വലിയൊരു സങ്കടകടൽ അവന്റെ മുന്നിലുണ്ട്, നീന്തികയറാൻ…..സഹിക്കാനുള്ള ശക്തി ഉണ്ടാകട്ടെ…. ചുമലിൽ ഏറ്റ കരസ്പർശത്തിൽ ഞെട്ടി അവനൊന്നു തിരിഞ്ഞു….ചിരിയോടെ നിൽക്കുകയാണ് അരവിന്ദ്….. എന്താടാ…??സംസാരിക്കാനുണ്ടെന്നു പറഞ്ഞു വിളിച്ചിട്ട് നീ കടലിന്റെ സൗന്ദര്യം ആസ്വദിച്ചു നിൽക്കുകയാണോ…?? അതോ എന്നോടുള്ള പിണക്കം മാറിയില്ലേ….അതാണോ ഇങ്ങനെ മിണ്ടാതെ നിൽക്കുന്നത്…എങ്കിൽ ഞാൻ മാപ്പ് പറയാം നിന്നോട് .. ഇങ്ങനെ എനിക്ക് മടുത്തു….എനിക്കെന്റെ പഴയ ശ്യാമിനെ വേണം…. എന്റെ ഭാഗത്തു നിന്നു പറ്റിപോയ എല്ലാ തെറ്റുകളും ക്ഷമിക്കെടാ….. കൂട്ടുകാരനെ ഓർത്തു ഒരു നിമിഷം ശ്യാമിന് വേദന തോന്നി…..അവന്റെ അവസ്ഥയോർത്ത്…..അവനിനി നേരിടാൻ പോകുന്ന പ്രതിസന്ധികളോർത്ത്…..

പെട്ടെന്ന് അവൻ അരവിന്ദിനെ ഇറുകെ പുണർന്നു…..കാര്യം മനസിലായില്ലെങ്കിലും അരവിന്ദും അവനെ തിരികെ പുണർന്നു….. സൗഹൃദം തിരിച്ചു പിടിച്ച സന്തോഷത്തിൽ രണ്ടു പേരും കുറച്ച് നേരം അങ്ങനെ തന്നെ നിന്നു…..പതിയെ ശ്യം അവനെ അടർത്തി മാറ്റി…..താനേറ്റ പ്രശ്നത്തിന്റെ ഗൗരവം അവനെ പിന്തിരിപ്പിച്ചില്ല….. ഞാൻ നിന്നെ കാണണമെന്ന് പറഞ്ഞത് നമ്മുടെ പിണക്കം തീർക്കാൻ മാത്രമല്ല…ചില കാര്യങ്ങൾ നിന്നെ അറിയിക്കാനുമാണ്… അരവിന്ദ് സംശയത്തോടെ ശ്യാമിനെ നോക്കി…… ഞാൻ പറയാൻ പോകുന്നത് നീ എങ്ങനെ ഉൾക്കൊള്ളുമെന്ന് എനിക്കറിയില്ല…..എന്തിന് എന്നെ വിശ്വസിക്കുമോ എന്ന് പോലുമറിയില്ല….പക്ഷേ പറയാതെ വയ്യെടാ…. ശ്യം ഒന്നു നിർത്തി ശ്വാസമൊന്നാഞ്ഞു വലിച്ചു….

സ്വയം ധൈര്യം സംഭരിക്കാനെന്ന പോലെ… എന്താ നിന്റെ പ്രശ്നം…??എന്തിനാ ഈ മുഖവരയൊക്കെ….എന്താണെങ്കിലും നിനക്ക് എന്നോട് തുറന്നു പറഞ്ഞു കൂടെ….. അതിന് മറുപടി എന്നവണ്ണം പുച്ഛം നിറഞ്ഞ ഒരു ചിരി ശ്യാമിന്റെ ചുണ്ടിൽ വിരിഞ്ഞു….. മുൻപായിരുന്നെങ്കിൽ എനിക്ക് നിന്നോട് എന്തും തുറന്നു പറയാമായിരുന്നു…. ആ സ്വാതന്ത്ര്യം നമുക്ക് പരസ്പരം ഉണ്ടായിരുന്നു… പക്ഷേ ഇപ്പൊൾ അങ്ങനെയാണോ…?? നീ തന്നെ അത് ആലോചിച്ചുനോക്കൂ…. നിമിഷ നിന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിനു ശേഷം വന്ന മാറ്റങ്ങളാണ് ഒക്കെ….. നിമിഷയെ കുറിച്ചുള്ള പരാമർശം വന്നതും അരവിന്ദിന്റെ മുഖം മാറി…. മതി.. നിർത്ത്…… എന്തിനാ എല്ലാകാര്യത്തിലും അവളെ വലിച്ചിടുന്നത്…. എന്നെ സ്നേഹിച്ചു പോയി എന്ന ഒരു തെറ്റ് മാത്രമേ അവൾ ചെയ്തിട്ടുള്ളൂ…..

ആര്യയെ ഞാൻ ഡിവോഴ്സ് ചെയ്തതും, നമ്മുടെ സൗഹൃദം ഉപേക്ഷിച്ചതുമൊക്കെ എന്റെ മാത്രം തീരുമാനങ്ങളായിരുന്നു…. നിമിഷ അതിനൊന്നും കാരണക്കാരിയല്ല…… നിന്നോടിത് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്…. നിമിഷയെ കുറ്റപ്പെടുത്തുന്നു എന്ന തോന്നലിൽ അരവിന്ദ് മുൻപിൽ നിൽക്കുന്ന കൂട്ടുകാരനെ മറന്നു…. ശ്യാം ഒരു പുച്ഛത്തോടെ അവൻ പറയുന്നതൊക്കെ കേട്ട് നിൽക്കുകയാണ്….. ഇത്രയും പറഞ്ഞല്ലോ….. ഒരു കാര്യം ചോദിക്കട്ടെ…. ആരാ നിമിഷ…??? നിനക്കറിയോ അവളുടെ പാസ്റ്റ് എന്തായിരുന്നുവെന്ന്…??? അവളുടെ നാട്, ഉറ്റവർ അങ്ങനെ എന്തെങ്കിലും നിനക്കറിയോ…?? അവൾ എങ്ങനെ ജീവിച്ചവളാണെന്ന് അറിയാമോ…?? നിന്റെ ഭാര്യയാകാനുള്ള എന്തെങ്കിലും യോഗ്യത അവൾക്കുണ്ടായിരുന്നോ…??? നിമിഷ എന്റെ ഭാര്യയാണ്…. എന്റെ കുഞ്ഞിന്റെ അമ്മ….

അതാണ് അവളുടെ യോഗ്യത…. ഞാനാണ് അവളുടെ വർത്തമാനവും, ഭാവിയും…. പിന്നെ അവളുടെ പാസ്റ്റ്… അതെന്തുതന്നെ ആയാലും എനിക്ക് അറിയണ്ട… അരവിന്ദ് ആവേശത്തോടെ പറഞ്ഞു നിർത്തി…. എന്ത് മണ്ടനാണെടാ നീ..?? ഒന്നുമറിയാതെ വെറുതെ വാചകക്കസർത്തു നടത്തുന്നു…. ദയവുചെയ്ത് ഇനിയെങ്കിലും സ്വപ്നലോകത്ത് നിന്ന് യാഥാർഥ്യത്തിലേക്ക് ഇറങ്ങിവാ നീ… എന്നിട്ട് ചുറ്റുമുള്ള നിന്റെ പ്രിയപ്പെട്ടവരെ ഒരിക്കലെങ്കിലും ഒന്ന് മനസ്സിലാക്കാൻ ശ്രമിക്ക്…..സത്യമേത്, മിഥ്യയേത് എന്ന് തിരിച്ചറിയാൻ ശ്രമിക്ക്… കണ്ണുണ്ടായിട്ട് കാര്യമില്ല, സത്യങ്ങൾ തിരിച്ചറിയാനുള്ള കഴിവുകൂടി വേണം…. അവളുടെ പാസ്റ്റ് അറിയേണ്ട പോലും…. നിന്നെ ഓരോ നിമിഷവും വഞ്ചിച്ചു കൊണ്ടിരിക്കുന്നവളാണ് നിമിഷ…

ഒന്നുമറിയാതെ…… പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപേ അരവിന്ദ് പാഞ്ഞുവന്ന ശ്യാമിനെ കോളറിൽ പിടിച്ച് ആഞ്ഞു തള്ളി…… ശ്യം ആ പൂഴിമണലിലേയ്ക്ക് കൈ കുത്തി വീണു….. ഇനി ഒരൊറ്റ അക്ഷരം നീ മിണ്ടരുത്…. എനിക്കവളെ എന്നേക്കാൾ വിശ്വാസമാണ്…. എല്ലാ പ്രശ്നങ്ങളും പറഞ്ഞുതീർത്തു പഴയ കൂട്ടുകാരനെ ചേർത്ത് പിടിക്കാൻ ആഗ്രഹിച്ചു വന്നതാണ് ഞാൻ…. പക്ഷേ ഈ നിമിഷം തീർന്നു നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ്…. ഒരിക്കൽ നീ എന്റെ ആത്മാർത്ഥ സുഹൃത്തായിരുന്നു….. അതുകൊണ്ട് മാത്രം നിന്നെ ഞാൻ കൈ വയ്ക്കുന്നില്ല… പക്ഷേ ഇനിയും എന്റെ പെണ്ണിനെ പറ്റി വേണ്ടാധീനം പറഞ്ഞാൽ കേട്ട് നിൽക്കില്ല ഞാൻ….അതുകൊണ്ടു ഞാൻ പോകുവാണ്…. ദയവു ചെയ്തു ഇനി പുറകെ വരരുത്…. ദേഷ്യത്തോടെ പറഞ്ഞവൻ തിരിഞ്ഞുനടന്നു….

അവൻ തന്നെ വിശ്വസിക്കില്ലെന്നു ശ്യാമിന് മനസിലായി….എങ്കിലും അവസാന ശ്രമം എന്നവണ്ണം അവൻ പാഞ്ഞു ചെന്ന് അരവിന്ദിന്റെ മുൻപിലേയ്ക്ക് കയറി തടസ്സം നിന്നു…. അരവിന്ദ് അവനെ രൂക്ഷമായി നോക്കി….. എന്റെ വാക്ക് നീ വിശ്വസിക്കണ്ട… പക്ഷേ ഇനിയും നീ വഞ്ചിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഇത് പറയുന്നത്….. ഒന്ന് ശ്രദ്ധിക്കെടാ അവളെ….. അറ്റ്ലീസ്റ്റ് അവളുടെ ഫോൺ എങ്കിലും ഒന്നെടുത്തു നോക്കൂ…. ആരാണ് വെങ്കിടേഷ് സുബ്രഹ്മണ്യ അയ്യർ എന്നെങ്കിലും മനസിലാക്കാൻ ശ്രമിക്ക്…. അങ്ങനെ എന്തെങ്കിലും ഒരു സംശയം നിനക്ക് തോന്നിയാൽ ആ നിമിഷം നീ എന്നെ വിളിക്കണം…. ശ്യം പറയുന്ന കേട്ട് അരവിന്ദ് പുച്ഛത്തോടെ അവനെ നോക്കി….. ശരി…..ഞാനിനി വരില്ല….. പക്ഷേ ഒരു കാര്യം നീ ഓർമ്മയിൽ വെച്ചോ… ഈ ശ്യാം നിനക്ക് ദോഷം വരുന്ന ഒന്നും ചെയ്യില്ല……

ഒരിക്കലും….. ഇനി നിന്നെ ശല്യപ്പെടുത്താൻ ഞാൻ വരില്ല…. സോറി ഫോർ എവരിതിങ്….. ശ്യാം കടന്നുപോയി കഴിഞ്ഞിട്ടും ആർത്തിരമ്പി വരുന്ന തിരകളിലേക്ക് കണ്ണുകൾ പായിച്ച് അവനാ തീരത്ത് നിന്നു ഏറെ നേരം….ഇടയ്ക്കിടെ കാലുകളെ തഴുകി പോകുന്ന ആ ഉപ്പുവെള്ളത്തിന്റെ തണുപ്പിനും അവന്റെയുള്ളിൽ കുളിരു പകരാൻ കഴിഞ്ഞില്ല….. ശ്യാമിനെ അവിശ്വസിക്കാൻ തോന്നിയില്ലെങ്കിലും നിമിഷ തന്നെ ചതിക്കുമെന്ന് ചിന്തിക്കാൻ പോലും അവനാകുമായിരുന്നില്ല….. ചോദ്യങ്ങളാൽ കലുഷിതമായിരുന്നു അവന്റെ മനസ്‌…… ശ്യാം എന്തിനാണ് നിമിഷയെ ശ്രദ്ധിക്കാൻ പറഞ്ഞത്…..??

വെങ്കിടേഷിനെ പറ്റി ശ്യാം എങ്ങനെ അറിഞ്ഞു….??? അഭി ആകുമോ അവനെ കൊണ്ട് ഇതൊക്കെ പറയിക്കുന്നത്…?? അഭി പറഞ്ഞാൽ തന്നെ ചതിക്കാൻ ശ്യാമിന് കഴിയുമോ??? എന്താണ് സത്യം….?? ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിച്ചു പരാജയപ്പെടുമ്പോഴും ശ്യാമിന്റെ വാക്കുകൾ സംശയത്തിന്റെ ഒരു തീപ്പൊരിയായി അവന്റെ മനസ്സിൽ വീണു നീറി തുടങ്ങിയിരുന്നു…. അവൻ പോലുമറിയാതെ………തുടരും….

ദാമ്പത്യം: ഭാഗം 23

Share this story