ജനനി: ഭാഗം 17

ജനനി: ഭാഗം 17

എഴുത്തുകാരി: അനില സനൽ അനുരാധ

വെളിച്ചം പരന്നു തുടങ്ങാത്ത വീഥിയിലൂടെ അവൾ യാത്ര തുടങ്ങി… അവളിൽ നിന്നും നിശ്ചിത അകലം പാലിച്ച് അവൾക്ക് കൂട്ടായ് അവൾ അറിയാതെ അവനും… ജനനി വീട്ടിൽ എത്തുമ്പോൾ അഞ്ചര കഴിഞ്ഞിരുന്നു… മുറ്റത്തു സ്കൂട്ടി വെച്ച ശേഷം ബാഗിൽ നിന്നും താക്കോൽ എടുത്ത് അവൾ വീടിന്റെ പടികൾ കയറി… ലൈറ്റ് ഓൺ ചെയ്ത ശേഷം ലോക്ക് തുറന്നു… വാതിൽ തുറക്കാൻ നോക്കിയപ്പോഴാണ് വാതിൽ ഉള്ളിൽ നിന്നും അടച്ചിരിക്കുകയാണെന്ന് മനസ്സിലായത് … അവൾ കാളിംഗ് ബെൽ അടിച്ച ശേഷം തിണ്ണയിൽ ചെന്നിരുന്നു.. ഉറക്കച്ചടവോടെ വാതിൽ തുറക്കുന്ന അമ്മയെ കണ്ടപ്പോൾ അവൾ എഴുന്നേറ്റു നിന്നു… അമ്മയുടെ പുറകിലായി ജയേഷേട്ടനും കാവ്യയും വന്നു നിന്നു…

എല്ലാവരും ഇവിടെയുണ്ടെന്ന് അപ്പോഴാണ് അവൾക്ക് മനസ്സിലായത്… “നീ എന്താ രാവിലെ തന്നെ? ” ജയേഷ് തിരക്കി… “ഞാൻ വിഷ്ണുവേട്ടന്റെ ഡ്രസ്സും സർട്ടിഫിക്കറ്റും എടുക്കാൻ… എല്ലാവരും എന്നാണ് ഇങ്ങോട്ട് വന്നത്? ” “ഞങ്ങൾ ഇന്നലെ തന്നെ ഇങ്ങു പോന്നു… ” അമ്മ പറഞ്ഞു… “എന്നിട്ടെന്താ അമ്മേ എന്നോട് പറയാഞ്ഞത്? ” “ഞങ്ങൾക്ക് ഇങ്ങോട്ട് വരാൻ നിന്റെ അനുവാദം വാങ്ങണോ… നാണം ഇല്ലേ നിനക്ക് ആ കാലില്ലാത്ത തെണ്ടിയേയും ഏറ്റി നടക്കാൻ… ” ജയേഷ് അനിഷ്ടത്തോടെ തിരക്കി… “എനിക്ക് നാണം ഇല്ല എന്നതു ശരി തന്നെയാ… എന്നു വെച്ച് ആരെപ്പറ്റി എന്തു പറഞ്ഞാലും ഞാൻ കേട്ടു നിൽക്കില്ല…” “ഇവൾ ഇവിടുത്തെ തന്നെയാണോ അമ്മേ… അതോ മറ്റവന്റെ അമ്മ തന്നെയാണോ ഇവളെ പ്രസവിച്ചത്? ” ജയേഷ് തിരക്കി…. “ആ സംശയം എനിക്കുമുണ്ട്… ” കാവ്യ ഏട്ടനെ പിൻതാങ്ങി…

“അമ്മയ്ക്ക് ഒന്നും പറയാനില്ലേ? ” ജനനി ചോദിച്ചു… “നിങ്ങൾ മൂന്നെണ്ണത്തിനെയും ഞാൻ തന്നെയാ പ്രസവിച്ചത്… ” അമ്മ പറഞ്ഞു… “ഭാഗ്യം…” “നീ ഇന്നു പോകുമോ? ” “ആഹ് !” എന്നു പറഞ്ഞ് അവൾ അകത്തേക്ക് കടന്നു… വിഷ്ണുവിന്റെ മുറിയിലേക്ക് നടക്കാൻ ഒരുങ്ങി… “ആ മുറിയിൽ അവന്റെ സാധനങ്ങൾ ഒന്നുമില്ല…” ജയേഷ് പറഞ്ഞു… “പിന്നെ എവിടെയാ… എന്റെ മുറിയിലാണോ? ” “നിന്റെ മുറിയിൽ ഇപ്പോൾ കാവ്യയാ… നിന്റെ ഡ്രസ്സും ബുക്കും ആ റാക്കിനു മുകളിൽ കയറ്റി വെച്ചിട്ടുണ്ട്… ” “വിഷ്ണുവേട്ടന്റെയോ? ” “ഞങ്ങളുടെ സാധനങ്ങൾ വെക്കുമ്പോൾ പുറത്തെ ചായ്പ്പിൽ കൊണ്ടു വെച്ചിട്ടുണ്ട്… ” “പുറത്തോ?” “അല്ലാതെ പിന്നെ ഇവിടെ സ്ഥലം വേണ്ടേ? ” “സർട്ടിഫിക്കറ്റ്സ് … അതൊക്കെ എവിടെയാ?” “എല്ലാം അവിടെക്കാണും…” ജനനി വേഗം പിന്നാമ്പുറത്തെ ചായ്പ്പിലേക്ക് പോയി…

അവിടം ആകെ അലങ്കോലമായി കിടന്നിരുന്നു… അവൾ അതിൽ നിന്നും വിഷ്ണുവിന്റെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ഫയൽ തിരഞ്ഞു കണ്ടു പിടിച്ചു… പിന്നെ അതിൽ നിന്നും ഒന്നും എടുത്തില്ല… തിരികെ അകത്തേക്ക് വന്നു… അമ്മ ഒഴികെ എല്ലാവരും അകത്ത് ഇരിക്കുന്നുണ്ടായിരുന്നു… ജനനി നോക്കിയപ്പോൾ സിന്ധു മുഖം തിരിച്ചു.. അമ്മ അപ്പോഴേക്കും ചായയുമായി വന്നു… “ഇരിക്ക് മോളെ ചായ കുടിച്ചിട്ടൊക്കെ പോയാൽ മതി… ” അമ്മ പറഞ്ഞു… “വേഗം പോകണം…” “അല്ലെങ്കിലും ചേച്ചി നമ്മളെ കാണാൻ വന്നതൊന്നും അല്ലല്ലോ… തിരക്ക് കാണും…” കാവ്യ പറഞ്ഞു… ജനനി അമ്മയുടെ കയ്യിൽ നിന്നും ചായ വാങ്ങി… “മോളെ… ഇവൾക്ക് ഒരു ചെറുക്കനെ ഇഷ്ടമുള്ള കാര്യം നമുക്ക് അറിയാല്ലോ… അവൻ കുറച്ചു ദിവസം മുൻപ് ജയേഷിനെ വന്നു കണ്ടിരുന്നു…

അച്ഛൻ പറഞ്ഞ അത്ര മോശം ബന്ധം ഒന്നും അല്ല മോളെ … അവളുടെ കല്യാണം നടത്തുന്നതിന് മുൻപേ നിന്റെ കല്യാണം നടത്തണം എന്നാ ജയേഷ് പറയുന്നത്.. ഇവൻ മോളെ ഇന്ന് വിളിക്കാൻ ഇരിക്കുകയായിരുന്നു .. ” അമ്മ പറയുന്നത് കേട്ട് അവൾ ചായ കുടിക്കാതെ അതേ പടി നിന്നു… “സിന്ധുവിന്റെ അമ്മ ഒരു ആലോചനയുടെ കാര്യം പറഞ്ഞു… ” ജയേഷ് പറഞ്ഞപ്പോൾ ജനനി ഏട്ടന്റെ മുഖത്തേക്ക് നോക്കി… “നിന്നെ ഒരിക്കൽ കണ്ടിട്ടുണ്ട് ചെറുക്കൻ… പ്രായം മുപ്പത്തിയെട്ടായി… പക്ഷേ കണ്ടാൽ അത്ര തോന്നില്ല… നല്ല പൈസക്കാരാ മോളെ… ഈ കല്യാണം നടന്നാൽ നമ്മൾ രക്ഷപ്പെടും… ” അമ്മ പറഞ്ഞു… കയ്യിൽ ഇരുന്ന ചായ ഗ്ലാസ്സ് ജനനി മേശമേൽ വെച്ചു… അതിനു ശേഷം എല്ലാവരെയും ഒന്നു നോക്കി… വിഷ്ണുവിന്റെ സർട്ടിഫിക്കറ്റ്സ് നെഞ്ചോടു ചേർത്തു പിടിച്ചു… “വേറെ ഒരു ഭാര്യയും കുഞ്ഞും ഉള്ള ആളാണെന്നു അറിഞ്ഞിട്ടും അമ്മ അച്ഛനെ വിവാഹം ചെയ്തു…

അതെന്തു കൊണ്ടാ… മറ്റുള്ളവരുടെ കണ്ണുനീരിനേക്കാൾ വലുതായിരുന്നു നിങ്ങളുടെ സ്നേഹം… കെട്ടിക്കാൻ പ്രായമുള്ള അനിയത്തി നിൽക്കുമ്പോൾ ഏട്ടൻ വേഗം വിവാഹം കഴിച്ചല്ലോ… അതെന്തു കൊണ്ടാ… സ്നേഹിച്ച പെണ്ണിനെ കൈ വിട്ടു പോകാതെ ഇരിക്കാൻ… അച്ഛൻ എതിർത്തു പറഞ്ഞ ചെറുക്കനെ കല്യാണം കഴിക്കാൻ കാവ്യ ഒരുങ്ങുന്നത് എന്തു കൊണ്ടാ… അവൾക്ക് വലുത് അവളുടെ സ്നേഹമാണ്… എന്നിട്ട് എല്ലാവരും രക്ഷപ്പെടാൻ ഞാൻ എനിക്ക് അറിയാത്ത… ആരാണെന്നു പോലും അറിയാത്ത ആളുടെ മുൻപിൽ താലിക്കു വേണ്ടി തല കുനിക്കും എന്നു വിചാരിച്ചോ… എനിക്ക് പറ്റാവുന്ന പോലെ ഞാൻ ഈ കുടുംബത്തിനു വേണ്ടി ജീവിച്ചിട്ടുണ്ട്… സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ഞാൻ സഹിക്കും… എന്നു കരുതി ഞാൻ ഒരു പൊട്ടിയാണെന്ന് ആരും കരുതരുത് …

അനിയത്തി നിൽക്കുമ്പോൾ ഏട്ടന് കല്യാണം കഴിക്കാമെങ്കിൽ ചേച്ചി നിൽക്കുമ്പോൾ അനിയത്തിക്കും ആകാം.. ” “നിന്റെ നല്ലതിന് വേണ്ടിയല്ലേ അമ്മ പറഞ്ഞത്…” അതു വരെ മിണ്ടാതെയിരുന്ന സിന്ധു തിരക്കി… “എനിക്ക് അത്ര നല്ലതൊന്നും വേണ്ട ചേച്ചി… ചേച്ചിയുടെ അനിയത്തി ബിന്ദുവിനു കൊടുത്തേക്ക് ആ നല്ല ജീവിതം… ഞാൻ ഇറങ്ങിക്കോട്ടെ? ” ജനനി തിരക്കി… ആരും ഒന്നും പറഞ്ഞില്ല… ജനനി പുറത്തേക്ക് നടന്നു… വണ്ടി സ്റ്റാർട്ട്‌ ചെയ്തു തിരിഞ്ഞു നോക്കിയപ്പോഴും ആരെയും കണ്ടില്ല… വണ്ടി മുന്നോട്ട് എടുത്തു… എന്തേ എന്റെ അമ്മയും കൂടപ്പിറപ്പുകളും എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നില്ല… ഉള്ളിൽ നിന്നും തികട്ടി വന്ന ചോദ്യത്തോടൊപ്പം കണ്ണുകൾ നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നു… ***

വിനോദ് എഴുന്നേൽക്കുമ്പോൾ അരികിൽ നീരവ് ഇല്ലായിരുന്നു… “കുഞ്ഞാ..” അവൻ ഉറക്കെ വിളിച്ചു നോക്കി… മറുപടിയൊന്നും ഉണ്ടായില്ല… ഈ ചെറുക്കൻ ഇതെവിടെ എന്ന് ആലോചിച്ചു കൊണ്ട് എഴുന്നേറ്റു… ബാത്‌റൂമിലും ബാൽക്കണിയിലുമൊന്നും അവൻ ഉണ്ടായിരുന്നില്ല… അടുക്കളയിൽ ശബ്ദം കേട്ട് അങ്ങോട്ട് പോയി നോക്കി… അപ്പച്ചി നാളികേരം ചിരകുന്നുണ്ടായിരുന്നു… അവൻ വാതിൽ തുറന്ന് മുറ്റത്തേക്ക് ചെന്നു… പോർച്ചിൽ കാർ കിടന്നിരുന്നു… പക്ഷേ ബൈക്ക് കാണാൻ ഇല്ലായിരുന്നു… അപ്പുറത്ത് മുറ്റം അടിക്കുന്ന ശബ്ദം കേട്ട് എത്തിച്ചു നോക്കിയപ്പോൾ അഞ്ജലിയായിരുന്നു… അവൻ മതിലിനു അരികിലേക്ക് ചെന്നു… “സ്സ്.. സ്സ്… ” അവൻ ശബ്ദം ഉണ്ടാക്കിയതും അവൾ തിരിഞ്ഞു നോക്കി…

“മുറ്റമടി ഇപ്പോൾ താൻ ഏറ്റെടുത്തോ? ” “ഇല്ല ചേട്ടായി… ജാനി എത്തിയിട്ടില്ല…” “അവൾ എവിടെ? ” “ഞാൻ ഇന്നലെ രാത്രി മെസ്സേജ് ചെയ്തപ്പോൾ പറഞ്ഞില്ലേ അവൾ ഇന്ന് പുലർച്ചെ വീട്ടിൽ പോകുമെന്ന്…” ശരിയാണ്.. കുഞ്ഞനോട്‌ താൻ ആ കാര്യം പറയുകയും ചെയ്തിരുന്നു എന്ന് അപ്പോഴാണ് വിനോദിന് ഓർമ്മ വന്നത്… കള്ള കാമുകാ… അവൾക്ക് കൂട്ടു പോയതാണല്ലേ… “എന്നാൽ അടിച്ചു വാരിയിട്ട് അകത്തേക്കു ചെല്ലട്ടെ… ആരുവേട്ടൻ വിഷ്ണുവേട്ടന്റെ മുറിവ് ഡ്രസ്സ്‌ ചെയ്ത് കൊടുക്കുന്നുണ്ട്… അതു കഴിഞ്ഞാൽ ചായ കൊടുക്കണം…” “അവൻ ഇന്നലെ പോയിട്ട് വീണ്ടും വന്നോ? ” “ഹ്മ്മ്… ജാനി പോയിട്ട് അഞ്ചു മിനിറ്റ് ആയിട്ടുണ്ടാകില്ല… ആള് ഇവിടെ എത്തി…” വിനോദ് തലയാട്ടി… അപ്പോഴാണ് ജനനി വന്നത്…

അവളെ ഒന്നു നോക്കി പുഞ്ചിരിച്ച ശേഷം വിനോദ് ഗേറ്റിനു അരികിൽ പോയി നിന്നു… ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ നീരവും എത്തി… വിനോദ് ഗേറ്റ് തുറന്നു കൊടുത്തു… “കുഞ്ഞാ എവിടെ പോയതാ… ഇത്ര നേരത്തെ… ” “ഒരാളെ കാണാൻ ഉണ്ടായിരുന്നു… ” “എന്നിട്ട് കണ്ടോ? ” “ആഹ് ! കണ്ടു…” “പോകുമ്പോൾ പറഞ്ഞിട്ട് പൊയ്ക്കൂടെ? ” “നീ നല്ല ഉറക്കമായിരുന്നു … ” എന്നും പറഞ്ഞ് അകത്തേക്ക് നടന്നു… “അവൾ കണ്ടോ നീ കൂട്ട് ചെന്നത്? ” വിനോദ് പുറകിൽ നിന്നും തിരക്കിയത് കേട്ടെങ്കിലും അതു കേൾക്കാത്ത പോലെ അവൻ മുറിയിലേക്ക് നടന്നു .. ഷർട്ട്‌ ഊരി ബെഡിലേക്കിട്ട് അവൻ ബെഡിലേക്ക് ചാഞ്ഞു… വിനോദ് അവന്റെ അരികിൽ വന്നു കിടന്നു… “നീ കൂട്ട് പോയ കാരണമാകും മറ്റവൻ വിഷ്ണുവിന്റെ അടുത്തുണ്ട്… ”

വിനോദ് പറയുന്നത് കേട്ടതും നീരവ് കണ്ണുകൾ തുറന്നു.. “ചിലപ്പോൾ അവളെ തനിച്ചു വിടാൻ പേടിച്ച് വിഷ്ണു വരുത്തിയതാകും കുഞ്ഞാ… ” “അതിനു ഞാൻ എന്തു വേണം? ” നീരവ് തിരക്കി… “മോനെ കുഞ്ഞാ… നീ എന്റെ അടുത്ത് അവൾക്ക് വേണ്ടി സഹായം ചോദിച്ചു വരും… അതു വരെ ഇങ്ങനെ പോകട്ടെ…” “ആഹ് !” എന്നു പറഞ്ഞ് നീരവ് തിരിഞ്ഞു കിടന്നു… ** ജനനിയുടെ മുഖം കണ്ടപ്പോൾ തന്നെ അത്ര സന്തോഷത്തോടെയല്ല അവിടെ നിന്നും വന്നിരിക്കുന്നത് എന്ന് വിഷ്ണുവിനു തോന്നി… ആര്യൻ അടുത്തുള്ള കാരണം അവൾ മനസ്സ് തുറന്ന് ഒന്നും സംസാരിക്കില്ല എന്ന് ഉറപ്പുള്ള കാരണം വിഷ്ണു ഒന്നും ചോദിച്ചുമില്ല… ജനനി കമ്പ്യൂട്ടർ സെന്ററിലേക്ക് പോകാൻ നേരം വിഷ്ണുവിന്റെ മുറിയിൽ പോയി നോക്കിയപ്പോൾ അവൻ അവിടെ ഇല്ലായിരുന്നു… “വിഷ്ണുവേട്ടൻ ഉമ്മറത്ത് ഉണ്ടെടീ… ”

അഞ്ജലി വന്നു പറഞ്ഞപ്പോൾ ജനനി ഉമ്മറത്തേക്ക് പാഞ്ഞു… കസേരയിൽ ഇരുന്ന് തിണ്ണയിലെ തലയിണയിലേക്ക് കാല് നീട്ടി വെച്ച് ഇരിക്കുന്ന വിഷ്ണുവിനെ കണ്ടപ്പോൾ അവൾക്ക് സന്തോഷം തോന്നി… അവൾ ആര്യനെ നന്ദിയോടെ നോക്കി… അവിടെ നിന്നും ഇറങ്ങുമ്പോൾ പരസഹായം കൂടാതെ ഒറ്റയ്ക്ക് ഏട്ടനു നടക്കാൻ കഴിയണേ… എല്ലാവരെയും പോലെ സാധാരണ ജീവിതം നയിക്കാൻ പറ്റണേ എന്നതായിരുന്നു അവളുടെ പ്രാർത്ഥന… റോഡിലേക്ക് ഇറങ്ങി കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് സൈഡ് ആക്കി നിർത്തിയിട്ട കാറിൽ ചാരി നിൽക്കുന്ന നീരവിനെ അവൾ കണ്ടത്… അവളെ കണ്ടതും അവൻ കൈ നീട്ടി… അവന്റെ അരികിൽ സ്കൂട്ടി നിർത്തിയ ശേഷം അവൾ അവനെ നോക്കി… “കാർ ഓഫ് ആയി… സ്റ്റാർട്ട്‌ ആകുന്നില്ല… ” എന്നു പറഞ്ഞ് അനുവാദം പോലും ചോദിക്കാതെ അവൻ വണ്ടിയുടെ പുറകിൽ കയറി ഇരുന്നു……തുടരും………

ജനനി: ഭാഗം 16

Share this story