❤️കലിപ്പന്റെ വായാടി❤️ : ഭാഗം 41

❤️കലിപ്പന്റെ വായാടി❤️ : ഭാഗം 41

എഴുത്തുകാരി: ശിവ നന്ദ

“അവനെ കുറിച്ച് എല്ലാം അറിഞ്ഞിട്ടും നീ ഞങ്ങളോട് പറയാഞ്ഞത് എന്താ?? അത് അറിഞ്ഞിരുന്നെങ്കിൽ ഈ പൊട്ടി ഇമ്മാതിരി പണി ഒപ്പിക്കുവായിരുന്നോ?” കളിയായി പറഞ്ഞതാണെങ്കിലും ശിവേട്ടന്റെ ഉള്ളിൽ ഇപ്പോഴും എന്നോട് ദേഷ്യമുണ്ടെന്ന് എനിക്ക് അറിയാം.എന്റെ ഇപ്പോഴത്തെ കണ്ടിഷൻ കൊണ്ടാണ് ശിവേട്ടൻ ക്ഷമിക്കുന്നത്.അപ്പോഴാണ് ഗിരിയേട്ടൻ ഹോസ്പിറ്റലിലേക്ക് വരുന്നത് കണ്ടത്.കഷ്ടകാലത്തിന് ഏട്ടൻ ഞങ്ങളെയും കണ്ടു.ഞാൻ ഇവിടെ അഡ്മിറ്റ്‌ ആയതിന്റെ കാരണം ഗിരിയേട്ടൻ അറിഞ്ഞാൽ ഇവിടിട്ട് എന്നെ തല്ലികൊല്ലും.അതേ പേടി തന്നെ ശിവേട്ടന്റെയും നന്ദുവേട്ടന്റെയും മുഖത്ത് ഞാൻ കണ്ടു. “എന്താടാ മോളെ??”

“ഏയ്‌ ഒന്നുല്ല ഏട്ടാ..ഇന്ന്.. സ്കാനിങ്..” ഏട്ടനോട് കള്ളം പറഞ്ഞാലും അത് ഏട്ടൻ കണ്ടുപിടിക്കുമെന്ന് അറിയാം. എങ്കിലും സത്യം പറയാനുള്ള ധൈര്യം എനിക്കില്ല.എന്റെ വാക്കുകൾ പൂര്ണമാകാത്തത് കൊണ്ട് ഏട്ടന്റെ നോട്ടം ശിവേട്ടനിലേക്ക് ആയി. “ഗിരി എന്താ ഇവിടെ?” “ഞാൻ ഇതുവഴി പോയപ്പോൾ സച്ചിയെ ഒന്ന് കാണാമെന്നു കരുതി കയറിയത..” “ഹാ ഞങ്ങളും സച്ചിയെ കാണാനായിട്ട് വന്നതാ” “പിന്നെ സ്കാനിങ് എന്ന് ഇവൾ പറഞ്ഞതോ?” അതും പറഞ്ഞ് ഏട്ടൻ സംശയത്തോടെ എന്നെ അടിമുടിയൊന്ന് നോക്കി. “ഞാൻ പറയാം ഗിരി” അപ്പോഴാണ് ഗിരിയേട്ടൻ നന്ദുവേട്ടനെ ശ്രദ്ധിക്കുന്നത്.ദീപകിന്റെ അടികൊണ്ട് നെറ്റി ചെറുതായിട്ട് പൊട്ടിയിട്ടുണ്ടായിരുന്നു.

അത് ഡ്രസ്സ്‌ ചെയ്തിട്ടാണ് ഏട്ടൻ എന്റെ അടുത്തേക്ക് വന്നത്. “നിന്റെ തലയിൽ എന്താ ഒരു കെട്ടൊക്കെ..എന്തൊക്കെയാടാ ഇവിടെ സംഭവിക്കുന്നത്?” അവസാനം നടന്നതെല്ലാം നന്ദുവേട്ടൻ പറഞ്ഞപ്പോൾ ഒരു അടിയാണ് പ്രതീക്ഷിച്ചത്.പക്ഷെ എന്റെ കൈകളിൽ പിടിച്ചുകൊണ്ട് ഏട്ടൻ ശിവേട്ടനോടാണ് സംസാരിച്ചത്. “ഇവളെ ഞാൻ കൊണ്ടുപോകുവാ” ഗിരിയേട്ടന്റെ ആ വാക്കുകൾ ഉറച്ചതായിരുന്നു.ദേഷ്യം മുഴുവനും ആ കണ്ണുകളിൽ എനിക്ക് കാണാൻ കഴിയുന്നുണ്ട്. “ഗിരി നീ എടുത്തുചാടി ഇവളെ കൊണ്ടുപോകരുത്.ഞങ്ങളെ അറിയിക്കാതെയാണ് ഇവൾ ഓരോന്ന് ഒപ്പിച്ചത്” “ഇനി അങ്ങനെ പറയാലോ ശിവ..പക്ഷെ ഇവൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ?? അപ്പോഴും നീ ഇവളെ കുറ്റപ്പെടുത്തുമായിരുന്നോ??” ശിവേട്ടന് മറുപടി ഇല്ലായിരുന്നു.

“ശിഖ എന്നത് അനന്തുവിന്റെ മാത്രം വിഷയമാണ്.അതിലേക്ക് എന്റെ പെങ്ങളെ വലിച്ചിടാൻ വേണ്ടിയല്ല ഇവളെ നിനക്ക് കെട്ടിച്ചുതന്നത്.എന്റെ കൂടെയുണ്ടായിരുന്ന അത്രയും വർഷം ഒരു പോറൽ പോലും ഇവൾക്ക് ഏറ്റിട്ടില്ല..അതിന് ഞാൻ അനുവദിച്ചിട്ടില്ല..പക്ഷെ എന്ന് നിന്റെ ജീവിതത്തിലേക്ക് ഇവൾ വന്നോ അന്നുമുതൽ ഇവൾക്ക് പ്രശ്നങ്ങളാണ്.” “ഞാൻ ഇവളെ ശ്രദ്ധിക്കുന്നില്ലെന്നാണോ ഗിരി പറഞ്ഞുവരുന്നത്? ” “നീ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇവൾക്ക് ഇങ്ങനൊക്കെ സംഭവിക്കുമായിരുന്നോ? നിനക്ക് അറിയില്ലേടാ ഇവൾടെ സ്വഭാവം.സ്നേഹിക്കുന്നവർക്ക് വേണ്ടി സ്വന്തം ജീവൻ പോലും കളയാൻ മടിയില്ലാത്തവളാ.അവളുടെ വയറ്റിൽ ഒരു കുഞ്ഞുണ്ടെന്നെങ്കിലും ഓർത്ത് നിന്റെയൊക്കെ പ്രശ്നത്തിൽ നിന്ന് ഇവളെ മാറ്റിനിർത്തിക്കൂടായിരുന്നോ??”

“ഏട്ടാ..ശിവേട്ടനെ കുറ്റപ്പെടുത്തണ്ട.ഞാനായിട്ടാണ് ദീപകിന്റെ ചതിയിൽ പെട്ടത്” “ഈ ദീപക് ആരാ?? ഒരു ശിഖയും അവളെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങളും..നീ ഇനി അതിലൊന്നും ഇടപെടുന്നില്ല..ശിവയ്ക്ക് വലുത് അനന്ദുവിന്റെ ജീവിതമാണെങ്കിൽ എല്ലാ പ്രോബ്ലെംസും സോൾവ് ആയതിനു ശേഷം ഇവളെ വന്ന് കൂട്ടികൊണ്ട് പൊയ്ക്കോ.അതുവരെ ഇവൾ ഞങ്ങളുടെ വീട്ടിൽ കാണും.സുരക്ഷിതയായി” “ഇവളെ കൊണ്ടുപോകാൻ പറ്റില്ല ഗിരി” അതും പറഞ്ഞ് എന്റെ മറുകൈയിൽ ശിവേട്ടനും പിടുത്തമിട്ടു.ആദ്യമായി കണ്ടപ്പോൾ ഉണ്ടായിരുന്ന അതേ ഭാവമായിരുന്നു രണ്ട് കലിപ്പന്മാരുടെയും മുഖത്ത്.വീണ്ടും രണ്ടുപേരും തമ്മിൽ ഒരു പ്രശ്നമുണ്ടാകുമെന്ന് ഞാൻ പേടിച്ചു. “ഇവൾ എന്റെ ഭാര്യയാണ്.

അവളെ സംരക്ഷിക്കാൻ ഞാനുണ്ട്.ഇന്നത്തെ സംഭവത്തിൽ നീ പറഞ്ഞത് പോലെ എന്റെ ഭാഗത്തും തെറ്റുണ്ടാകും.അത് ഇനി ആവർത്തിക്കില്ല.ആ ഉറപ്പ് പോരേ നിനക്ക്” “പോരാ..ഈ പ്രശ്നം ഇന്നത്തോടെ അവസാനിക്കണം.ശിഖയ്ക്ക് പിറകെ ഉള്ള അന്വേഷണം നടത്താൻ ഇവിടെ അനന്ദു ഉണ്ടല്ലോ.അവൻ കണ്ടുപിടിച്ചോളും.” “അത് പറ്റില്ല ഗിരി.നന്ദുനെ അങ്ങനെ ഒറ്റക്ക് വിടാൻ എനിക്ക് കഴിയില്ല.ശിഖ എന്റെ പെങ്ങളാണ്.അവളെ കണ്ടെത്താനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്” “ഇവളെ നീ താലികെട്ടുമ്പോൾ നിനക്ക് ഒരു പെങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു.അതിന് ശേഷം നിന്റെ ജീവിതത്തിലേക്ക് വന്നവർക്ക് വേണ്ടി ഇവളെ പരീക്ഷണവസ്തു ആക്കാൻ എനിക്കും പറ്റില്ല.എനിക്ക് സ്വന്തമെന്ന് പറയാൻ ഇവൾ ഒന്നേയുള്ളു.”

“ഗിരി ചുമ്മാ വാശി കാണിക്കരുത്” “നീ കൈ വിട് ശിവ” “ഗിരിയേട്ടാ..പ്ലീസ്..ശിഖ ചേച്ചിയെ ഉടനെ തന്നെ കണ്ടെത്തും.പിന്നീട് ഒരു പ്രശ്നങ്ങളും ഉണ്ടാകില്ല..ഉറപ്പ്” “എന്നെന്നേക്കുമായി നിന്നെ ഇവനിൽ നിന്ന് അകറ്റികൊണ്ട് പോകുവല്ല ഞാൻ.നിന്നെക്കാൾ വലുത് അവന് മറ്റ് പലരുമാണ്.അവരുടെ പ്രശ്നങ്ങൾ തീർത്തിട്ട് അവൻ വരട്ടെ” “ആരും ആരെക്കാളും വലുതല്ല.എനിക്ക് പ്രിയപെട്ടവരെയൊക്കെ അതേ അളവിൽ തന്നെ ഇവളും സ്നേഹിക്കുന്നുണ്ട്.ആ ഇവളെ എന്റെ അടുത്ത് നിന്ന് നീ കൊണ്ടുപോകില്ല” “ജിത്തു..മതി നിർത്ത്” ഇതുവരെയും മൗനമായിരുന്നു നന്ദുവേട്ടൻ ഇപ്പോഴാണ് ഒന്ന് ഇടപെടുന്നത്. “ഇപ്പോഴത്തെ സാഹചര്യത്തിൽ ന്യായം ഗിരിയുടെ ഭാഗത്താണ്.നല്ല ശ്രദ്ധ വേണ്ട സമയമാണ് ഗൗരിക്ക്.പലപ്പോഴും നീയത് മറക്കുന്നുണ്ട് ജിത്തു.

ഇനി അത് വേണ്ട.ശിഖയെ ഞാൻ കണ്ടെത്തും.അതിന് നിന്റെ സഹായം എനിക്ക് വേണ്ട” “നന്ദു…” “എന്നെക്കാളും എനിക്ക് വലുത് നിങ്ങളല്ലേടാ.നിങ്ങളുടെ നല്ല നിമിഷങ്ങൾ ഇതിന്റെ പിറകെ നടന്ന് ഇല്ലാതാക്കരുത്.ഗിരി പറഞ്ഞത് പോലെ ശിഖയെ കുറിച്ച് അന്വേഷിക്കാൻ ഒരു ഡിപ്പാർട്മെന്റ് തന്നെയുണ്ട്.അതുകൊണ്ട് നീ ഗൗരിയേയും കൊണ്ട് പോ” പിന്നീട് അവിടെ ആരും ഒന്നും മിണ്ടിയില്ല.ഒടുവിൽ ഗിരിയേട്ടൻ നന്ദുവേട്ടന്റെ കൈകൾ ചേർത്തുപിടിച്ചു കൊണ്ട് ആ നിശബ്ദതയെ ഭേദിച്ചു: “എന്റെ പ്രവർത്തി നിന്നെ വേദനിപ്പിച്ചെങ്കിൽ സോറി.അറിയാലോ എന്റെ ലോകം തന്നെ ഇവളാ.ഇവൾക്ക് എന്തെങ്കിലും പറ്റിയാൽ സഹിക്കില്ലെടാ എനിക്ക്..അതുകൊണ്ട ഞാൻ..” പറയുമ്പോൾ ഗിരിയേട്ടന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.

അത് മനസിലാക്കിയെന്നോണം ശിവേട്ടൻ ഗിരിയേട്ടന്റെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്നത് കണ്ടപ്പോൾ ശെരിക്കും എനിക്കാണ് സമാധാനം ആയത്.പേടിച്ചത് പോലെയൊന്നും സംഭവിച്ചില്ല.എല്ലാവരുടെയും മനസിലെ സ്നേഹം പരസ്പരം തിരിച്ചറിഞ്ഞവർക്കിടയിൽ പരിഭവം ഉണ്ടാകും..പക്ഷെ ഒരിക്കലും വെറുപ്പ് ഉണ്ടാകില്ലല്ലോ. ഗിരിയേട്ടനോടൊപ്പം ഞാനും ശിവേട്ടനും എന്റെ വീട്ടിലേക്കാണ് വന്നത്.അപ്രതീക്ഷിതമായി ഞങ്ങളെ കണ്ടപ്പോൾ അച്ഛനും അമ്മയും ഒന്ന് ഞെട്ടി.രണ്ട് പേരെയും കെട്ടിപിടിച്ച് ഓരോ ഉമ്മ കൊടുത്തത് കൊണ്ട് കൂടുതൽ ചോദ്യങ്ങൾ ഉണ്ടായില്ല.റൂമിലേക്ക് കയറിയതും ശിവേട്ടൻ ഡോർ അടച്ചു കുറ്റിയിട്ടു.ദൈവമേ..പെന്റിങ് വെച്ചിരിക്കുന്ന അടി തരാനായിരിക്കുമോ??

എന്നാൽ എന്റെ അടുത്തേക്ക് വന്ന ശിവേട്ടൻ രണ്ട് തോളിലും കൂടെ കൈയിട്ട് എന്റെ കണ്ണിലേക്ക് നോക്കി നിന്നു.ചെറുതായി ആ കണ്ണു നിറയുന്നത് പോലെയെനിക്ക് തോന്നി. “ദീപക് അങ്ങനൊക്കെ പെരുമാറിയപ്പോൾ പേടിച്ചുപോയോ നീ?” “മ്മ്മ്…” “എന്തിനാ നീ അങ്ങനൊരു എടുത്തുചാട്ടം കാണിച്ചത്?? ഗിരി പറഞ്ഞതൊക്കെ നീ കേട്ടില്ലേ?? സത്യമല്ലേ അവൻ പറഞ്ഞത്.ഞാൻ ശ്രദ്ധിക്കാത്തത് കൊണ്ടല്ലേ..” “അങ്ങനൊന്നും പറയല്ലേ ശിവേട്ട..എന്റെ ശിവേട്ടൻ എന്നെ പൊന്നുപോലല്ലേ നോക്കുന്നത്.അതുകൊണ്ടല്ലേ ശിവേട്ടന്റെ പ്രശ്നങ്ങളൊക്കെ എന്റേതായി ഞാൻ കണ്ടത്” “ഹ്മ്മ്..പോട്ടെ..പിന്നെ നന്ദു അടിച്ചത് വേദനിച്ചോ നിനക്ക്” എന്റെ കവിളിൽ തഴുകികൊണ്ട് ശിവേട്ടൻ ചോദിച്ചപ്പോൾ ഞാൻ സംശയത്തോടെ ഏട്ടനെ ഒന്ന് നോക്കി. “അവൻ പറഞ്ഞു എന്നോട്..

വെറുതെ പറഞ്ഞതല്ല..ഒരു ക്ഷമാപണം പോലെ.അന്നേരത്തെ ടെൻഷനിലും വിഷമത്തിലും അടിച്ചുപോയതാണെന്ന്.” “എന്നിട്ട് ശിവേട്ടൻ എന്ത് പറഞ്ഞു?” “ഞാൻ എന്ത് പറയാനാ..” “പറഞ്ഞൂടായിരുന്നോ ഭർത്താവിന്റെ കൂട്ടുകാരൻ ആയിട്ടല്ല എന്റെ സ്വന്തം ഏട്ടനായിട്ട ഞാൻ കാണുന്നതെന്ന്.അതുകൊണ്ട് ആ അടി ഞാൻ അർഹിച്ചതാണെന്ന്” “സ്വന്തം ഏട്ടൻ ആണെങ്കിൽ പോലും നിന്നെ അടിക്കുന്നത് ഞാൻ സഹിക്കില്ല.എനിക്ക് മാത്രം അടിക്കാനുള്ളതാ ഈ കവിൾ” “അടിക്കാൻ മാത്രം??” കള്ളച്ചിരിയോടെ മീശ പിരിച്ച് ശിവേട്ടൻ എന്നെയൊന്ന് നോക്കി.എന്നിട്ട് അടികൊണ്ട കവിൾത്തടത്തിൽ അമർത്തി ഒരു ചുംബനം തന്നു.ഒരുപാട് ദിവസങ്ങൾക്ക് ശേഷമാണ് ഞങ്ങളുടേത് മാത്രമായൊരു നിമിഷം കിട്ടുന്നത്.എന്നാൽ അമ്മയുടെ ഒരൊറ്റ വിളിയിൽ ഞങ്ങൾക്ക് റൂമിന് പുറത്തേക്ക് വരേണ്ടി വന്നു.

ചെല്ലുമ്പോൾ ഞങ്ങള്ക്ക് കഴിക്കാനുള്ള ആഹാരവും വിളമ്പി കാത്തിരിക്കുവാണ് എല്ലാവരും. “നിങ്ങൾ ഇന്ന് വന്നത് നന്നായി.കുറച്ച് ദിവസമായിട്ട് ഞാനും ഇവളും ഗിരിയുടെ കല്യാണത്തെ കുറിച്ച് സംസാരിക്കുവായിരുന്നു.” അച്ഛന്റെ വാക്കുകൾ കേട്ടതും ഗിരിയേട്ടൻ കഴിക്കുന്നത് നിർത്തി എഴുന്നേറ്റു. “കണ്ടോ കല്യാണത്തെ കുറിച്ച് എപ്പോൾ പറഞ്ഞാലും ഇതാ ഇവന്റെ പ്രതികരണം.ഇനി മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ അത് തുറന്ന് പറഞ്ഞൂടെ ഇവന്” അമ്മയുടെ ആ സംശയം സൗഭാഗ്യയെ നാത്തൂനായി സങ്കല്പിച്ച എന്റെ മനസ്സിനേറ്റ അടിയായിരുന്നു.എത്രയും വേഗം ഏട്ടന്റെ മനസ്സിലിരിപ്പ് അറിയണം.പക്ഷെ വിശപ്പ് കാരണം കഴിക്കാതെ പോകാനും പറ്റില്ല.കുഞ്ഞിന്റെ പേരും പറഞ്ഞ് രണ്ട് പേർക്കുള്ള ആഹാരമാണ് അമ്മ എന്റെ പ്ലേറ്റിൽ ഇട്ടിരിക്കുന്നത്.ഇതുവല്ലതും എന്റെ കുഞ്ഞ് അറിയുന്നുണ്ടോ??

എന്തായാലും എന്റെ മനസ്സ് അറിഞ്ഞത് പോലെ ശിവേട്ടൻ കൈ കഴുകി നേരെ ഗിരിയേട്ടന്റെ റൂമിലേക്ക് പോകുന്നത് കണ്ടു.കഴിച്ച് കഴിഞ്ഞ് ഞാൻ എഴുന്നേറ്റപ്പോഴേക്കും ശിവേട്ടൻ തിരികെ വന്നു. “അവന് അങ്ങനെ പ്രണയം ഒന്നുമില്ല.പിന്നെ സ്വാഭാവികമായും ഒരു അറേഞ്ച്ട് മാര്യേജിന് തയാറാകുന്ന എല്ലാ ആൺപിള്ളേർക്കുമുള്ളത് പോലെ ഒരു ചെറിയ ടെന്ഷൻ.” “ടെൻഷനോ?? അതെന്തിനാ?” “അത് അച്ഛാ..ഒരു ചായ കുടിക്കുന്ന സമയത്തിനുള്ളിൽ ഒരു പെൺകുട്ടിയെ മനസിലാക്കാനും അവളുടെ സ്വഭാവം അറിയാനും ഒന്നും പറ്റില്ലല്ലോ.വന്ന് കയറുന്ന പെൺകുട്ടിക്ക് ഒരുപക്ഷെ ഈ വീടും ഇവിടുത്തെ സ്നേഹബന്ധങ്ങളുമായി പൊരുത്തപെടാൻ പറ്റിയില്ലെങ്കിലോ” “അങ്ങനെ ചിന്തിക്കാൻ തുടങ്ങിയാൽ അവൻ ഈ ജന്മത്ത് പെണ്ണ്കെട്ടില്ല.അല്ല മോന് പറഞ്ഞുകൊടുത്തൂടായിരുന്നോ..

നിങ്ങളും അങ്ങനെ വിവാഹം കഴിച്ചവർ അല്ലേ” വെള്ളം കുടിച്ചുകൊണ്ടിരുന്ന ഞാൻ അറിയാതെ ഒന്ന് ചിരിച്ച് പോയി.വെള്ളം നെറുകയിൽ കയറി ചുമച്ചിട്ടും എനിക്കെന്റെ ചിരി നിർത്താൻ പറ്റിയില്ല.ശിവേട്ടൻ ആണെങ്കിൽ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ നില്പുണ്ട്. “നീ എന്തിനാ ഇങ്ങനെ കിടന്നു ചിരിക്കുന്ന..ഒന്ന് അടങ്ങി ഇരിക്ക് പെണ്ണേ” “അതല്ല അമ്മ..പെട്ടെന്ന് ഞാനൊരു പൂച്ചകുട്ടിയെ ഓർത്ത് പോയി” “പൂചക്കുട്ടിയോ??” “അതൊന്നുമില്ല അമ്മേ..ഞാൻ ഇവളെ കെട്ടിയത് അച്ഛമ്മയ്ക്ക് ഇഷ്ടപെട്ട കുട്ടിയാണെന്ന് അറിഞ്ഞല്ലേ.അതുകൊണ്ട് എനിക്ക് ടെന്ഷൻ ഇല്ലായിരുന്നു.” എങ്ങനെയോ ശിവേട്ടൻ പറഞ്ഞൊപ്പിച്ചു.

അല്ലാതെ അച്ഛനോടും അമ്മയോടും പറയാൻ പറ്റില്ലല്ലോ സ്കൂളിൽ പഠിക്കാൻ പോയ മോളെ വഴിയിൽ വെച്ച് ലൈൻ അടിച്ചിട്ടുണ്ടെന്ന്.രാത്രിയിൽ കിടക്കുമ്പോഴും അത് പറഞ്ഞ് ശിവേട്ടനെ കുറേ കളിയാക്കി.ഒടുവിൽ ആ കൈകൾക്കുള്ളിൽ പറ്റിച്ചേർന്ന് കിടക്കുമ്പോൾ ഇതിനപ്പുറം മറ്റൊരു ലോകം എനിക്ക് ഇല്ലെന്ന് തിരിച്ചറിയുകയായിരുന്നു. ******* രാവിലെ എനിക്കായി ഗിരിയേട്ടൻ പറിച്ചിട്ട മാങ്ങയിൽ ഉപ്പുംകൂട്ടി ശിവേട്ടനും ഞാനും കൂടി കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് നന്ദുവേട്ടൻ വന്നത്.യൂണിഫോമിൽ ആണ്.അപ്പോൾ ഡ്യൂട്ടി ടൈമിൽ ഉള്ള വരവ് തന്നെ. “എന്താടാ യൂണിഫോമിൽ ഒക്കെ?” “ഇന്ന് സച്ചി ഡിസ്ചാർജ് ആകുവല്ലേ.സ്റ്റേഷനിൽ നിന്ന് നേരെ അവനെ കാണാനായിട്ട് ഇറങ്ങിയത” “ഞാൻ അവനെ വിളിച്ചിരുന്നു.

അവന്റെ അച്ഛൻ അവിടെയുള്ളത് കൊണ്ട് ഞാൻ അങ്ങോട്ട് ചെല്ലേണ്ടെന്ന് പറഞ്ഞു” “അതെന്തായാലും നന്നായി.അല്ല..നിനക്കൊന്നും ഇപ്പോൾ ജോലിക്ക് പോണ്ടേ??” ശിവേട്ടനോടും ഗിരിയേട്ടനോടും അതും ചോദിച്ചു നന്ദുവേട്ടൻ എന്റെ കൈയിൽ നിന്നും മാങ്ങയും തട്ടിപ്പറിച്ച് കഴിക്കാൻ തുടങ്ങി. “ഞാൻ ഇന്ന് ഉച്ച കഴിഞ്ഞേ പോകുന്നുള്ളൂ.ഗിരി പോകാനായിട്ട് ഇറങ്ങിയത.അപ്പോഴാ അവന്റെ ബൈക്ക് പണി ആയത്.എന്റെ വണ്ടി കൊണ്ട് പോകാൻ പറഞ്ഞപ്പോൾ അവന് വയ്യ” “ഇവിടെ പെട്ടെന്ന് ഒരു ആവശ്യം വന്നാൽ വണ്ടി വേണ്ടേ.ഞാൻ സൗഭാഗ്യയെ വിളിച്ചിട്ടുണ്ട്.അവൾ എന്നെ ഡ്രോപ്പ് ചെയ്യും” “ഫ്രണ്ട്‌സിനെ ആരെയും വിളിക്കാതെ നീ ഭാഗ്യയെ തന്നെ വിളിച്ചതിൽ എന്തോ ഉണ്ടല്ലോ” സംശയത്തിന്റെ ടോണിൽ നന്ദുവേട്ടൻ ചോദിച്ചപ്പോൾ ഒരു ഭാവമാറ്റവും ഗിരിയേട്ടന്റെ മുഖത്ത് ഇല്ലായിരുന്നു.

കള്ളത്തരം ഉള്ളവർക്കല്ലേ പേടിക്കേണ്ടെ ആവശ്യമുള്ളു. “അവൾ ഇവിടെ അമ്പലത്തിൽ വന്നിട്ടുണ്ട്.അതാ ഞാൻ അവളെ വിളിച്ച.അല്ലാതെ നീ ഉദ്ദേശിക്കുന്ന തരത്തിലുള്ള ചുറ്റികളികൾ ഒന്നും ഞങ്ങൾക്കിടയിൽ ഇല്ല.” സംസാരിച്ചുകൊണ്ട് നിന്നപ്പോൾ തന്നെ സൗഭാഗ്യ വന്നു.ഡ്യൂട്ടിക്ക് കയറാൻ ടൈം ആയതുകൊണ്ട് അവൾ കാറിൽ നിന്ന് ഇറങ്ങിയില്ല.പിന്നെ കാണാമെന്ന് പറഞ്ഞ് ഗിരിയേട്ടനുമായി പോയി. “ഇവരുടെ കാര്യത്തിൽ നമുക്കൊരു തീരുമാനം എടുക്കണ്ടേ ഗൗരി” “അതിന് നമ്മൾ എന്ത് തീരുമാനിക്കാനാ ഏട്ടാ..രണ്ടിന്റെയും മനസ്സിൽ ഫ്രണ്ട്ഷിപ് മാത്രമേയുള്ളു” “ആ ഫ്രണ്ട്ഷിപ് സഹോദരസ്നേഹം ആകുന്നതിന് മുൻപ് എന്തെങ്കിലും ചെയ്തേ പറ്റു.” “നന്ദു പറഞ്ഞതിലും കാര്യമുണ്ട്.

നമുക്ക് വീട്ടുകാർ വഴി ഇത് സംസാരിക്കാം” “അതൊക്കെ സംസാരിക്കാനുള്ള സമയം ഉണ്ടല്ലോ.അതിന് മുൻപ് ശിഖ ചേച്ചി നമ്മുടെ അടുത്ത് എത്തണം” “ആ ദീപകിന്റെ കണ്ടിഷൻ എന്താടാ?” “ഞാൻ രാവിലെ ഹോസ്പിറ്റലിൽ പോയപ്പോൾ അവന്റെ ഡോക്ടറെ കണ്ടു.ബോധം തെളിഞ്ഞിട്ടുണ്ട്.പക്ഷെ പൂര്ണമായിട്ടും അവൻ ഓകെ ആയിട്ടില്ലെന്ന്” “അവൻ ഓക്കേ ആകുന്നത് വരെ നീയെന്തിനാ കാക്കുന്നത്.ശിഖ എവിടുന്ന് അറിഞ്ഞ് കഴിഞ്ഞാൽ പിന്നെ അവനെ നമുക്ക് ആവശ്യമില്ല” “നമുക്ക് ആവശ്യമില്ല.പക്ഷെ നിയമപരമായി അവൻ ശിഖയുടെ ഭർത്താവ് ആണ്.ഡിവോഴ്സ് വാങ്ങിയാൽ മാത്രമേ അവളിൽ പൂര്ണമായും നമുക്ക് അവകാശം വരൂ” “അത് പറഞ്ഞപോഴാ ഓർത്തത്.നീ ആ ദീപക്കിനോട് പറഞ്ഞില്ലേ അവൻ ശിഖയുടെ വിരൽത്തുമ്പിൽ പോലും പിടിച്ചിട്ടില്ലെന്ന്.

അത് നിനക്ക് എങ്ങനെ ഉറപ്പിച്ച് പറയാൻ പറ്റും? ” “മനസ്സ് തകർന്ന അവസ്ഥയിലാണ് അവളെ അവൻ കല്യാണം കഴിച്ചത്.ബലം പ്രയോഗിച്ച് മാത്രമേ അവളെ കീഴ്പ്പെടുത്താൻ കഴിയു.പക്ഷെ അങ്ങനെയൊരു ബുദ്ധിമോശം കാണിച്ച് അവൾക്കെന്തെങ്കിലും സംഭവിച്ചാൽ അവന് തന്നെയാണ് നഷ്ടം” “അവന് എന്ത് നഷ്ടം വരാനാടാ..സ്വത്ത്‌ മോഹിച്ചല്ലേ അവനും അവന്റെ അച്ഛനും ഇതെല്ലാം കാട്ടിക്കൂട്ടിയത്.വിവാഹം കഴിഞ്ഞതോടെ അതിൽ അവനും അവകാശം ആയിക്കഴിഞ്ഞു.പിന്നെ അവൾ മരിച്ചാൽ എന്താ ജീവിച്ചാൽ എന്താ??” “നീ ഇതൊന്ന് നോക്ക്..അപ്പോൾ എല്ലാം നിനക്ക് മനസിലാകും.സത്യത്തിൽ ഇത് തരാനാ ഞാൻ വന്നത്.” നന്ദുവേട്ടൻ നീട്ടിയ ഫയൽ ശിവേട്ടൻ വാങ്ങി തുറന്നുനോക്കി.

അതിലൊരു മുദ്രപത്രം ആയിരുന്നു. “വായിക്കാനൊന്നും വയ്യ.നീ കാര്യം പറ നന്ദു” “ഇത് ശിഖയുടെ അമ്മ രജിസ്റ്റർ ചെയ്ത ഡോക്യുമെന്റ് ആണ്.അവരുടെയും അവരുടെ ഭർത്താവിന്റെ..അതായത് നിന്റെ അച്ഛന്റെയും സകല സ്വത്തുക്കൾക്കും തുല്യാവകാശികൾ നീയും ശിഖയും മാത്രമാണെന്നും നിങ്ങൾക് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ എല്ലാ സ്വത്തുവകകളും മുംബൈയിലുള്ള ഒരു ട്രസ്റ്റിന് അവകാശപെട്ടതാകും എന്നുമാണ് അതിൽ എഴുതിയിരിക്കുന്നത്. എന്നുവെച്ചാൽ ശിഖയുടെ ഭർത്താവ് എന്നും പറഞ്ഞ് ദീപക്കിന് ഇതിലൊന്നും ഒരു അവകാശവും ഇല്ല.പിന്നെ ഇങ്ങനൊരു മുദ്രപത്രത്തെ കുറിച്ച് ആർക്കും അറിയാത്തത് കൊണ്ട് അവൻ ഭർത്താവ് എന്ന ലേബലിൽ ഇതൊക്കെ സ്വന്തമാക്കി വെച്ചിരിക്കുന്നു.

പക്ഷെ നിനക്കോ ശിഖയ്‌ക്കോ എന്തെങ്കിലും സംഭവിച്ചാൽ എല്ലാം ട്രസ്റ്റിന്റെ പേരിലാകും.അതുകൊണ്ട് മാത്രമാണ് അവൻ നിന്നെ ഈ നിമിഷം വരെ ടാർഗറ്റ് ചെയ്യാതിരുന്നത്.പകരം മാനസികമായി നിന്നെ തളർത്താൻ നോക്കി” “ശിഖ ചേച്ചിയുടെ അമ്മ ഇതൊക്കെ മുൻകൂട്ടി കണ്ടിരിക്കാം.അതുകൊണ്ടല്ലേ ഇതുപോലൊരു കെണി ഇതിൽ ഒപ്പിച് വെച്ചത്” എല്ലാം കേട്ടിട്ടും മിണ്ടാതിരിക്കുന്ന ശിവേട്ടനെ നന്ദുവേട്ടൻ തട്ടിവിളിച്ചു. “ഓര്മവെച്ച കാലം മുതൽ അവരെ ഞാൻ ശപിച്ചിട്ടേയുള്ളൂ.എന്റെ അമ്മയെ കൊന്ന സ്ത്രീ..അങ്ങനെ മാത്രമേ അവരെ ഞാൻ കണ്ടിട്ടുള്ളു.പക്ഷെ സ്വന്തം മകളോളം തന്നെ അവർ എന്നെയും സ്നേഹിച്ചിരുന്നു.

അന്ന് അച്ഛന് പറയാനുള്ളത് കേൾക്കാൻ ശ്രമിച്ചിരുന്നെങ്കിൽ അവരോട് ഞാൻ ക്ഷമിച്ചേനെ..കുറച്ച് നാളെങ്കിലും ഒരു അമ്മയുടെ സ്നേഹവും എനിക്ക് കിട്ടിയേനെ..അച്ഛൻ മാത്രമായിരുന്നു ഞങ്ങളോട് തെറ്റ് ചെയ്തത്.എല്ലാം അറിഞ്ഞപ്പോഴേക്കും അവർ എന്നെ വിട്ട് പോയില്ലേടാ..ഇപ്പോൾ എന്റെ ശിഖ..ഒന്നോർത്താൽ അവളെ എന്നെ ഏല്പിച്ചിട്ടല്ലേ അവർ പോയത്” “അതേടാ..നീ അവൾക് കൂട്ടായി ഉണ്ടെന്ന ഉറപ്പിലാ ആ അമ്മ പോയത്.നീ അവൾക് നൽകുന്ന ഓരോ സ്നേഹവും മറ്റൊരു ലോകത്തിരുന്ന് അവര് കാണും” ******* (രണ്ട് ദിവസത്തിന് ശേഷം) പതിവില്ലാത്ത നേരത്ത് ശിവേട്ടന്റെ ഫോണിലേക്ക് നന്ദുവേട്ടന്റെ കാൾ വന്നപ്പോൾ തന്നെ എന്തോ അത്യാവശ്യ കാര്യമാണെന്ന് മനസിലായി.

“ഹലോ ഏട്ടാ..” “മോളെ ജിത്തു എന്തിയെ?” “ശിവേട്ടൻ കുളിക്കുവാ..എന്താ ഏട്ടാ..എന്തെങ്കിലും പ്രശ്നം ഉണ്ടോ?” “സച്ചി ഇപ്പോൾ അങ്ങോട്ട് വരും.അവനോട് വേഗം റെഡി ആകാൻ പറ.” “എങ്ങോട്ട് പോകാനാ ഏട്ടാ..ശിഖ ചേച്ചിയെ..” “അതേ ഗൗരി..ശിഖ എവിടെയുണ്ടെന്ന് അറിഞ്ഞു.എനിക്ക് ഇവിടെ സുപ്പീരിയർസും ആയിട്ട് അർജെന്റ് മീറ്റിംഗ് വെച്ചിരിക്കുവാണ്.ഇത് നമ്മുടെ പേഴ്‌സണൽ ഇഷ്യൂ ആയതു കൊണ്ട് മീറ്റിംഗ് ക്യാൻസൽ ചെയ്തു എനിക്ക് വരാൻ പറ്റില്ല.” “ഞാൻ ശിവേട്ടനോട് പറയാം ഏട്ടാ..അവർ അവിടെ എത്തുമ്പോഴേക്കും ഏട്ടന്റെ മീറ്റിംഗ് കഴിയില്ലേ?” “കഴിയും മോളെ..പിന്നെ നീയും കൂടെ പോകണം.കൂട്ടത്തിൽ ഒരു പെൺകുട്ടി ഉള്ളത് നല്ലതാ.ലൊക്കേഷൻ ഒക്കെ ഞാൻ സച്ചിയ്ക് അയച്ചുകൊടുത്തിട്ടുണ്ട്. ”

“നമ്മുടെ കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നു അല്ലേ ഏട്ടാ” “അതേടാ..സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.എത്രയും വേഗം ഈ മീറ്റിംഗ് തീരണെന്നാ പ്രാർത്ഥന” “ശരിയേട്ടാ..ഞങ്ങൾ റെഡി ആകട്ടെ” “മ്മ്മ്…” കുളികഴിഞ്ഞിറങ്ങിയ ശിവേട്ടനോട് ഒറ്റശ്വാസത്തിൽ കാര്യങ്ങൾ പറഞ്ഞപ്പോൾ മുൻപെങ്ങും കാണാത്തത്ര സന്തോഷമായിരുന്നു ആ മുഖത്ത്. സച്ചിയേട്ടൻ എത്തുന്നതിന് മുൻപ് തന്നെ ഞങ്ങൾ റെഡി ആയി.ഏട്ടൻ കാറുമായി എത്തിയതും അമ്മയോട് പെട്ടെന്ന് വരാമെന്ന് പറഞ്ഞിറങ്ങി.എങ്ങോട്ടാണെന്നോ എന്തിനാണെന്നോ ഒന്നും പറഞ്ഞില്ല. “നീ ഇങ്ങോട്ട് മാറ് ഞാൻ ഡ്രൈവ് ചെയ്യാം” “എനിക്കിപ്പോൾ കുഴപ്പം ഒന്നുമില്ല ശിവ.

പോരാത്തതിന് ശിഖയെ കാണുന്നതിലുള്ള സന്തോഷത്തിലുമാണ്.” “എവിടെയാ അവൾ ഉള്ളത്?? എങ്ങോട്ടാ നമ്മൾ പോകുന്ന?” “ഉടനെ എത്തും” “ഏഹ്..അപ്പോൾ അത്രയ്ക്ക് അടുത്താണോ? തൊട്ടടുത്ത് അവൾ ഉണ്ടായിട്ടാണോടാ നമ്മൾ അറിയാതെ പോയത്” “എല്ലാം വിധിയാടാ..ഇപ്പോൾ എല്ലാം അവസാനിച്ചല്ലോ” സച്ചിയേട്ടനും ശിവേട്ടനും തമ്മിൽ സംസാരിക്കുമ്പോഴും ഞാൻ ഒരു എക്സൈറ്റഡ് മൂഡിൽ ആയിരുന്നു.ഇത്രയും വർഷത്തിന് ശേഷം ഇവർ തമ്മിൽ കാണുമ്പോൾ ഉള്ള സന്തോഷവും നന്ദുവേട്ടൻ മരിച്ചിട്ടില്ലെന്ന സത്യം അറിയുമ്പോഴുള്ള ശിഖ ചേച്ചിയുടെ റിയാക്ഷനും ഒക്കെ കാണാൻ കൊതിയായി. “ദാ എത്തി” സച്ചിയേട്ടന്റെ വാക്കുകൾ ആണ് എന്നെ സ്വപ്നത്തിൽ നിന്ന് തിരികെ കൊണ്ട് വന്നത്.

നോക്കുമ്പോൾ വലിയൊരു ഗേറ്റിനു മുന്നിലാണ് കാർ നില്കുന്നത്.അതിന് മുകളിലുള്ള ബോർഡ് ഞാൻ വായിച്ചു. ‘കരുണാ നിലയം’ “ടാ..ഇത്..മറ്റെയാ ഷെൽറ്റർ ഹോം അല്ലേ??” “മ്മ്മ്..ആരോരുമില്ലാത്ത, മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരെ താമസിപ്പിച്ചിരിക്കുന്ന സ്ഥലം” “പക്ഷെ ശിഖ ഇവിടെ?? ” “കൂടുതൽ ഒന്നും അറിയില്ല.അനന്ദു അയച്ചു തന്ന ലൊക്കേഷൻ വെച്ച് ഞാൻ ഇങ്ങ് വന്നതാ” കാർ ഗേറ്റ് കടന്ന് അകത്തെ പാർക്കിംഗ് ഏരിയയിൽ നിർത്തി.ഞങ്ങൾ ഇറങ്ങിയപ്പോൾ തന്നെ ഒരാൾ വന്ന് കാര്യം അന്വേഷിച്ചു.ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞത് പ്രകാരം ഞങ്ങൾ അങ്ങോട്ടേക്ക് നടക്കുമ്പോഴാണ് “ഏട്ടാ..” എന്നൊരു വിളി കേൾക്കുന്നത്.

പരിചയമുള്ളത് പോലെ തോന്നിയത് കൊണ്ടാകാം ശിവേട്ടൻ നാലുപാടും വെപ്രാളപ്പെട്ട് നോക്കുന്നുണ്ട്.. “ശിഖ….” ശിവേട്ടൻ ഞെട്ടലോടെ നോക്കുന്നിടത്തേക്ക് ഞാനും സച്ചിയേട്ടനും നോക്കി. അവിടുത്തെ സ്റ്റാഫിന്റെ കൈകളിൽ നിന്ന് രക്ഷപെടാനെന്നോളം ബഹളം വെക്കുന്ന ഒരു പെൺകുട്ടി.മുടിയൊക്കെ വരണ്ട് ആകെ കോലംകെട്ട ഒരു രൂപം.ഞാൻ ഫോട്ടോസിൽ കണ്ടിട്ടുള്ള ശിഖ ചേച്ചിയിൽ നിന്നും ഒരുപാട് ഒരുപാട് മാറ്റം. എങ്ങനെയോ ആ സ്റ്റാഫിന്റെ കൈകളിൽ നിന്ന് വിട്ടകന്ന ശിഖ ചേച്ചി ഓടി വന്ന് ശിവേട്ടനെ കെട്ടിപിടിച്ചു. “ശിവേട്ട…ഏട്ടാ…” ഏതോ ലോകത്തെന്ന പോലെയാണ് ശിവേട്ടൻ.കണ്ണ് നിറഞ്ഞൊഴുകുന്നതിന് കണക്കില്ലായിരുന്നു.ഓരോ തവണ “ഏട്ടാ” എന്ന് ചേച്ചി വിളിക്കുമ്പോഴും അത്രയും ശക്തമായി ശിവേട്ടൻ ചേർത്ത് പിടിക്കുന്നുണ്ടായിരുന്നു.

കൂട്ടുകാരിയെ കണ്ടെത്തിയ സന്തോഷത്തിൽ നിൽക്കുന്ന സച്ചിയേട്ടന്റെ കണ്ണും നിറഞ്ഞിട്ടുണ്ട്.സ്നേഹത്തോടെ ശിഖ ചേച്ചിയുടെ തലയിൽ തഴുകിയപ്പോൾ ആണ് ചേച്ചി തല ഉയർത്തി സച്ചിയേട്ടനെ നോക്കുന്നത്.പെട്ടെന്ന് ആ മുഖത്തെ ഭാവം മാറി.സച്ചിയേട്ടന്റെ കൈ തട്ടിമാറ്റികൊണ്ട് ഏട്ടനെ പിടിച്ചൊരു തള്ള്.ശിവേട്ടൻ കയറി പിടിച്ചത് കൊണ്ട് സച്ചിയേട്ടൻ വീണില്ല. “എനിക്ക് പേടിയാ..പേടിയാ ഏട്ടാ..പോകാൻ പറ” ശിഖ ചേച്ചിയുടെ ഈ മാറ്റം ഞങ്ങൾ മൂന്നുപേരെയും ഞെട്ടിച്ചു.ഒന്നും മനസിലാകാതെ ഞാൻ ശിവേട്ടന്റെ കൈയിൽ മുറുക്കി പിടിച്ചു.എന്നാൽ അത് കണ്ട ശിഖ ചേച്ചി എന്റെ കൈ വിടുവിച്ചു കൊണ്ട് ശിവേട്ടന്റെ കൈ രണ്ടും ചേച്ചിയുടെ കൈക്കുള്ളിൽ ആക്കി.

“എന്റെ ഏട്ടനാ..നീ എന്തിനാ പിടിച്ച..പോ ” ഒരുപോലെ സ്തംഭിച്ച് നിൽക്കുന്ന ഞങ്ങളുടെ അടുത്തേക്ക് അവിടുത്തെ മാഡം എന്ന തോന്നിപ്പിക്കുന്ന ഒരു സ്ത്രീ നടന്നു വന്നു.അവരുടെ കൂടെ വന്ന രണ്ട് സ്റ്റാഫ്‌ ബലമായി ശിഖ ചേച്ചിയെ പിടിച്ചുകൊണ്ട് പോകാൻ ശ്രമിച്ചു.എന്നാൽ ശിവേട്ടനെ വിട്ട് പോകില്ലെന്ന വാശിയിലായിരുന്നു ചേച്ചി. “മാഡം ഈ കുട്ടിക്ക് എന്താ പ്രശ്നം?” സച്ചിയേട്ടൻ ആണത് ചോദിച്ചത്.ശിവേട്ടൻ ശിഖ ചേച്ചിയെ തന്നെ നോക്കി നിൽക്കുകയാണ്. “എന്തോ ആക്‌സിഡന്റ് നേരിൽ കണ്ടതിന്റെ ഷോക്ക് ആണ്.ഇവിടെ വന്നിട്ട് ഇപ്പോൾ 2 വർഷം ആകുന്നതേയുള്ളു.മറ്റൊരു സ്ഥാപനത്തിൽ നിന്നും ഇങ്ങോട്ടേക്ക് കൊണ്ടുവന്നതാണ്.

അതുകൊണ്ട് തന്നെ കൂടുതൽ ഡീറ്റെയിൽസ് ഒന്നും അറിയില്ല.വന്ന അന്നുമുതൽ “ശിവേട്ടൻ എന്റെ ഏട്ടനാ..ഏട്ടൻ എന്നെ കൊണ്ട് പോകും” എന്ന് മാത്രമേ ഈ കുട്ടി പറയാറുള്ളൂ.ഈ ശിവേട്ടൻ എന്ന് പറയുന്ന വ്യക്തി അല്ലാതെ മറ്റാരും ആ കുട്ടിയുടെ സ്വബോധത്തിൽ ഇല്ല.” “നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്?? എന്ത് കൊണ്ട് നിങ്ങൾ അവൾക് ട്രീറ്റ്മെന്റ് കൊടുത്തില്ല..ഇങ്ങനെ ആയിരുന്നില്ല എന്റെ ശിഖ..ആ പഴയ ശിഖയെ എനിക്ക് തിരിച്ച് താ” പെട്ടെന്നുള്ള ശിവേട്ടന്റെ ഈ പെരുമാറ്റത്തിൽ ഞാനൊന്ന് പേടിച്ചു. “ഹലോ മിസ്റ്റർ..ഇതൊരു ഹോസ്പിറ്റൽ അല്ല.ഇവിടെ വരുന്നവരെ സംരക്ഷിക്കാനുള്ള ഒരിടം മാത്രമാണ് ഇത്.ഇവിടെയുള്ളവർക് മാസത്തിൽ ഒരു തവണ ചെക്കപ്പ് നടത്തും.

അതേ ഞങ്ങളെ കൊണ്ട് പറ്റു.” “നിങ്ങളുടെ ഒരു വിശദീകരണവും എനിക്ക് കേൾക്കണ്ട.ഇവളെ ഞാൻ കൊണ്ടുപോകുവാ” അതും പറഞ്ഞ് ശിവേട്ടൻ ആ സ്റ്റാഫുകളുടെ പിടിയിൽ നിന്നും ശിഖ ചേച്ചിയെ മോചിപ്പിച്ചു.അത് കൊതിച്ചത് പോലെ ചേച്ചി വീണ്ടും ഏട്ടനെ കെട്ടിപിടിച്ചു. അപ്പോഴാണ് അവിടേക്ക് മറ്റൊരു കാർ വന്നത്..അതിൽ നിന്ന് സന്തോഷത്തോടെ ഇറങ്ങുന്ന നന്ദുവേട്ടനെ കണ്ടപ്പോൾ നെഞ്ച് ഒന്ന് വിങ്ങി. ഞങ്ങളെ ആരെയും നന്ദുവേട്ടൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.നോട്ടം മുഴുവനും ശിഖ ചേച്ചിയിൽ മാത്രം ഒതുങ്ങി പോയി.എന്നാൽ ആ ചേച്ചിയുടെ ഓർമകളിൽ താൻ ഇല്ലെന്ന കാര്യം നന്ദുവേട്ടൻ അറിയുന്നില്ലല്ലോ. “ശിഖാ…” ആർദ്രമായി നന്ദുവേട്ടൻ വിളിച്ചപ്പോൾ ശിഖ ചേച്ചി ഒന്ന് നോക്കി.

ആ മുഖം കൈകുമ്പിളിൽ എടുക്കാനായി ഏട്ടൻ അടുത്തേക്ക് ചെന്നപ്പോഴേക്കും ശിഖ ചേച്ചി പേടിച്ച് ശിവേട്ടനിലേക്ക് കൂടുതൽ ചേർന്ന് നിന്നു. “എനിക്ക് പേടിയാ..എന്നെ കൊണ്ട് പോ ഏട്ടാ..പേടിയാ” “ശിഖ..നീ ചുമ്മാ കളിപ്പിക്കല്ലേ” “അനന്ദു..നീ വന്നേ…” “സച്ചി ഇവളെന്തൊക്കെയാ ഈ പറയുന്നത്??” ഏട്ടൻ വീണ്ടും ശിഖ ചേച്ചിയുടെ അടുത്തേക്ക് ചെന്നപ്പോഴേക്കും ചേച്ചി നന്ദുവേട്ടനെ തള്ളി.അപ്രതീക്ഷിതമായത് കൊണ്ട് ഏട്ടൻ പിന്നിലേക്ക് വീണു. “നിങ്ങൾ വെറുതെ പ്രശ്‌നം ഉണ്ടാകാതെ ഈ കുട്ടിയെ വിട്” മാഡം പറഞ്ഞപ്പോൾ ശിഖ ചേച്ചിയെ പിടിച്ചിരുന്ന ശിവേട്ടന്റെ കൈകൾ അയഞ്ഞു.എന്നിട്ട് വേഗം തന്നെ നന്ദുവേട്ടനെ പിടിച്ചെഴുന്നേല്പിച്ചു.അപ്പോഴേക്കും അവർ ശിഖ ചേച്ചിയെ റൂമിലേക്ക് കൊണ്ട് പോയിരുന്നു.”ഏട്ടാ”ന്ന് വിളിച്ചു കരയുന്ന ചേച്ചിയുടെ ശബ്ദം മാത്രം അവിടെ നിറഞ്ഞ് നിന്നു.ഒപ്പം മൗനമായി തേങ്ങുന്ന കുറച്ച് മനസുകളും……. (തുടരും)

❤കലിപ്പന്റെ വായാടി❤ : ഭാഗം 40

Share this story