പ്രിയസഖി: ഭാഗം 3

പ്രിയസഖി: ഭാഗം 3

എഴുത്തുകാരി: ശിവ നന്ദ

ഇന്നെന്തോ കോളേജിലേക്ക് പോകാനേ തോന്നുന്നില്ല.വല്ലാത്തൊരു മടുപ്പ്.ഏട്ടനെ ഇന്നുംകൂടിയെ ഫ്രീ ആയിട്ട് കിട്ടൂള്ളൂ.നാളെ മുതൽ ഡ്യൂട്ടിയിൽ കയറുവാ.അത് കൊണ്ട് ഇന്ന് ഏട്ടനും ആയിട്ട് ഒന്ന് കറങ്ങാമെന്ന് തീരുമാനിച്ചു.ഒരു വിധം ലീവ് എടുക്കാൻ അമ്മയെ കൊണ്ട് സമ്മതിപ്പിച്ച് ഞാനും ഏട്ടനും വീട്ടിൽ നിന്ന് ഇറങ്ങി..എങ്ങോട്ടെന്ന് പ്രത്യേകിച്ച് പ്ലാൻ ഒന്നും ഇല്ലാത്തത് കൊണ്ട് ഞങ്ങൾ ഇങ്ങനെ വിശേഷങ്ങൾ ഒക്കെ പറഞ്ഞ് പോകുമ്പോൾ ആണ് ഏട്ടന് ഫോൺ വരുന്നത്.ഫോൺ എടുക്കാൻ ഏട്ടൻ വണ്ടി നിർത്തുന്നതിനു മുൻപ് തന്നെ ഞാൻ ഫോൺ പോക്കറ്റിൽ നിന്നും എടുത്തിരുന്നു.. ‘Mridhula calling…’

ഞാൻ അറ്റൻഡ് ചെയ്തപ്പോൾ അവിടെ കട്ട്‌ ചെയ്തു.അപ്പോഴാണ് അന്ന് രാവിലെ ഏട്ടനെ വിളിക്കാൻ ചെന്നപ്പോൾ വന്ന കോളിനെ കുറിച് ഞാൻ ഓർത്തത്.അപ്പോഴേക്കും ഏട്ടൻ വണ്ടി നിർത്തി ഫോൺ എന്റെ കയ്യിൽ നിന്നും വാങ്ങിയിരുന്നു.ആൾക്ക് മൊത്തത്തിൽ ഒരു പരുങ്ങൽ..ഫോണിൽ എന്തോ ചെയ്തു..എന്നിട്ട് പോകാമെന്നു പറഞ്ഞു ഏട്ടൻ വണ്ടിയെടുത്തു.പക്ഷെ ഞാൻ കയറിയില്ല.എന്തേ എന്ന അർത്ഥത്തിൽ ഏട്ടൻ എന്നെയൊന്ന് നോക്കി.. “ആരാ മൃദുല?” “മൃ.. മൃ…മൃദുലയോ??” “മൃ മൃ മൃദുല അല്ല…മൃദുല” “ആ..അത് തന്നെ…മൃദുല… ഹാ.. അവൾ എന്റെ collegue ആണ്” “അതിന് ഏട്ടൻ എന്തിനാ ഇങ്ങനെ വിയർക്കുന്നത്?” “നീ എന്തൊക്കെയാ ഈ പറയുന്നത്??

വാ വല്ലതും കഴിക്കണ്ടെ” “അത് കഴിക്കാം..അതിന് മുൻപ് മോൻ സത്യം പറ” “എന്ത് സത്യം?” “മോനെ എസിപി സാറേ…എന്നോട് വേണ്ട ഈ ഉരുണ്ടുകളി.എല്ലാം തുറന്ന് പറഞ്ഞ് ആ കൊച്ചു നമ്മുടെ വീടിനു ചേർന്നതാണെന്ന് എനിക്ക് ബോധ്യം വന്നാൽ ഞാൻ സപ്പോർട്ട് ചെയ്യാം..അല്ലെങ്കിൽ ഇപ്പോൾ തന്നെ തിരിച്ച് ചെന്ന് ഈ കാര്യം അമ്മയെ അറിയിച്ച് കുളമാക്കി തരാം” “കുഞ്ഞാറ്റേ ചതിക്കല്ലേ മോളേ..നീ വാ..ഞാൻ പറയാം” ……………………………. “മൃദുല കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു.ആദ്യമൊന്നും അവളെ ഞാൻ ശ്രദ്ധിക്കാറേ ഇല്ലായിരുന്നു.പിന്നേ ഒരിക്കൽ കോളേജ് പ്രോഗ്രാമിന് അവൾ ഒരു കവിത ചൊല്ലി..അതും അവൾ തന്നെ എഴുതിയത്. അതിലെ തീം ആണ് എന്നെ ആകർഷിച്ചത്…ഏട്ടന്റെയും അനിയത്തിയുടെയും സ്നേഹം..

അവളുടെ വരികൾ മുഴുവൻ അത് തെളിഞ്ഞ് നിന്നു.അവളുടെ ആ കവിതയ്ക്ക് ഒരു വയലിൻ ടച്ച്‌ കൊടുക്കണമെന്ന് തോന്നി. അങ്ങനെ പ്രോഗ്രാം കോർഡിനേറ്റർ ആയിരുന്ന എന്റെ ഫ്രണ്ടിൽ നിന്നും ആ പ്രോഗ്രാമിന്റെ വീഡിയോ ഞങ്ങൾ ഒപ്പിച്ചു.അവസാനം ആ വീഡിയോ കണ്ട് കണ്ട് അവൾ അങ്ങ് മനസ്സിൽ കയറി പറ്റി… ” “ഹാ..മതി മതി.. നിർത്ത്..സ്വന്തം പെങ്ങളോട് പ്രേമകഥ പറയാൻ ഒരു ഉളുപ്പും ഇല്ലേ??” “ടീ.. നീയല്ലേ എന്നെ കൊണ്ട് പറയിപ്പിച്ചത്” “ഞാൻ അറിഞ്ഞോ എന്റെ ഏട്ടനും എല്ലാവരെയും പോലെ പൈങ്കിളി ലൈൻ ആണെന്ന്” “ഇതിലെവിടെയാടി പൈങ്കിളി?” “ഓ ഞാൻ അതിങ്ങ് തിരിച്ചെടുത്തു..ബാക്കി പറ” “ബാക്കി ഒന്നും ഇല്ല.നേരെ പോയി അവളോട് കാര്യം അറിയിച്ചു.

ഞാൻ കോളേജിൽ അത്യാവശ്യം അറിയപ്പെടുന്ന ആളായത് കൊണ്ട് അവൾക് എന്റെ ഇഷ്ടത്തിൽ വിശ്വാസം ഇല്ലായിരുന്നു.അവസാനം വിശ്വസിപ്പിക്കാൻ നിന്നെ കുറിച്ച്‌ പറയേണ്ടി വന്നു” “എന്നെ കുറിച്ചോ??” “ഉം… അവളുടെ കവിതയിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് അവൾ ഈ ലോകത്ത് വിലകല്പിക്കുന്ന സ്നേഹബന്ധം ഏട്ടൻ-അനിയത്തി ബന്ധം ആണെന്ന്.. അത് കൊണ്ട് എനിക്കൊരു അനിയത്തിക്കുട്ടി ഉണ്ടെന്നും അവൾ ആണ് എനിക്ക് എന്തിലും പ്രിയപെട്ടതെന്നും അവളെ സ്നേഹിക്കുന്ന ഏട്ടത്തിയമ്മ ആകാൻ പറ്റുമെങ്കിൽ മാത്രം സമ്മതം അറിയിച്ചാൽ മതിയെന്ന് പറഞ്ഞു.. അതിൽ അവൾ വീണു” “എടാ ദുഷ്ട…എന്റെ പേരും പറഞ്ഞ് ആണോ പെണ്ണിനെ വളയ്ക്കുന്നത്.

അപ്പോൾ ഞാൻ അത്രയ്ക്കേ ഉള്ളു അല്ലേ” “എന്റെ പൊന്നെ..നീ ഇങ്ങനെ പറയുളുന്നു എനിക്ക് അറിയാമായിരുന്നു.അവളെ വീഴ്ത്താൻ വേണ്ടി പറഞ്ഞതൊന്നും അല്ല.എന്റെ മനസ്സിൽ ഉള്ളത് പറഞ്ഞു.അവൾക് അത് വിശ്വാസം ആയി.വെറുതെ പറഞ്ഞതായിരുന്നെങ്കിൽ ഇതിനോടകം അവൾ അത് മനസ്സിലാക്കില്ലായിരുന്നോ..” “ഉം…എന്തായാലും ആളെ ഞാൻ ഒന്ന് കാണട്ടെ..എന്നിട്ടാകാം ബാക്കി” “നിനക്ക് ഇഷ്ടപെടും അവളെ..ഞാൻ വേണമെങ്കിൽ വിളിച്ച് തരാം” “വേണ്ട വേണ്ട..എനിക്ക് നേരിട്ട് കണ്ടാൽ മതി” “അങ്ങനെയെങ്കിൽ അങ്ങനെ..” അന്നേരമാണ് കല്ലുന്റെ കാൾ വന്നത്.ഇവളും ഇന്ന് ക്ലാസ്സിൽ പോയില്ലേ… “കല്ലു..നീയെന്താ ക്ലാസിനു പോകാഞ്ഞത്? ” “എടി പോത്തേ..ഞാൻ കോളേജിൽ ആണ്.ഇന്നിവിടെ ക്ലാസ്സ്‌ നടക്കുമെന്ന് തോന്നുന്നില്ല” “എന്താ സ്ട്രൈക്ക് ആണോ?”

“സ്ട്രൈക്ക് അല്ല..ടീച്ചേർസ് എല്ലാം വാലിനു തീപിടിച്ചത് പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടുവാ” “ങ്ങേ… നീ എന്തൊക്കെയോ ഈ പറയുന്നത്?” “എടി… ആർട്സ് ഡേയ്ക്ക് വരാമെന്നേറ്റ ചീഫ് ഗസ്റ്റിന് അന്ന് വരാൻ പറ്റില്ലെന്ന്.അത് കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുവാ എല്ലാവരും.പ്രിൻസിയുടെ കഷണ്ടി തലയിൽ നിന്നൊക്കെ പുക വരുന്നെന്ന് തോന്നുന്നു” “എങ്കിൽ വേറെ ഒരാളിനെ ക്ഷണിച്ചാൽ പോരേ?” “അടുത്ത ആഴ്ചയാണ് ആർട്സ് ഡേ.ഈ കുറഞ്ഞ സമയത്തിനുള്ളിൽ ആരെ ക്ഷണിക്കാനാ??” “അപ്പോ ആർട്സ് ഡേ പൊളിയുമോ?” “പൊളിയുമോ എന്നല്ല..90% പൊളിഞ്ഞ് കഴിഞ്ഞു” “ഓക്കേ ടി മുത്തേ…ഞാൻ വിളിക്കാം” എന്തെന്ന് ഇല്ലാത്ത ഒരു സന്തോഷം മനസ്സിൽ തോന്നി.

അത് ഏട്ടനോട് പങ്കുവച്ചപ്പോൾ ഏട്ടൻ പറഞ്ഞത് അലീന മാത്രമല്ല മറ്റ് ഒരുപാട് കുട്ടികളും ആർട്സ് ഡേയ്ക്ക് വേണ്ടി കഷ്ടപെട്ടതാണെന്ന്..ഓർക്കുമ്പോൾ ശരിയാണ്..എങ്കിലും അലീനയുടെ കൊമ്പൊടിഞ്ഞല്ലോ എനിക്ക് അത് മതി. …………………………………. ഇന്നാണ് ഏട്ടൻ ജോയിൻ ചെയ്യുന്നത്.രാവിലേ അമ്പലത്തിൽ പോയിട്ടാണ് ഞാൻ കോളേജിൽ എത്തുന്നത്.അത്യാവശ്യം കുട്ടികൾ ഒക്കെ വന്ന് തുടങ്ങിയിട്ടുണ്ട്.അലീനയെ ഒന്ന് കാണണമെന്ന് തോന്നി.അവളുടെ ക്ലാസ്സിൽ ചെന്നപ്പോൾ അവൾ എത്തിയിട്ടില്ലെന്ന് മനസ്സിലായി.. മിക്കവാറും ഒരു ലോങ്ങ്‌ ലീവ് എടുത്തു കാണും അവൾ.കല്ലുനെ വിളിച്ചിട്ടാണെങ്കിൽ ആ പെണ്ണ് ഫോണും എടുക്കുന്നില്ല..

അവൾക്ക് അയക്കാനുള്ള മെസ്സേജ് ടൈപ്പ് ചെയ്ത് കൊണ്ട് നടന്നപ്പോൾ ആണ് ഒരു വൈറ്റ് Verna എന്നെ ഇടിച്ചിടിച്ചില്ല എന്ന രീതിയിൽ ബ്രേക്ക്‌ ഇട്ട് നിന്നത്.എങ്കിലും ബാലൻസ് തെറ്റി ഞാൻ താഴെ വീണു.കാറിൽ ഇരുന്ന ആളെ രണ്ട് പറയാൻ ആയിട്ട് എഴുനേറ്റപ്പോഴേക്കും അയാൾ ഡോർ തുറന്ന് പുറത്തിറങ്ങി കഴിഞ്ഞിരുന്നു.. “ടീ…എവിടെ നോക്കിയാടി നടക്കുന്നത്.ഞാൻ ബ്രേക്ക്‌ ചെയ്തില്ലെങ്കിൽ കാണാമായിരുന്നു ഇപ്പോൾ പേസ്റ്റ് ആയിട്ട് ഇവിടെ കിടക്കുന്നത്” അയാളിൽ നിന്ന് ഒരു സോറി പ്രതീക്ഷിച്ച ഞാൻ ഈ സമീപനത്തിൽ ഒരുനിമിഷം പകച്ച്‌ പോയി. എങ്കിലും ഉടനെ തന്നെ സ്വബോധം വീണ്ടെടുത്ത് ഞാൻ അയാൾക്ക് നേരെ തിരിഞ്ഞു “താൻ ആള് കൊള്ളാലോ..വന്നു ഇടിച്ചതും പോരാ..

നിന്ന് ഡയലോഗ് അടിക്കുന്നോ..ക്യാമ്പസ്സിന് അകത്താണോടോ താൻ കാർ റേസ് നടത്തുന്നത്” “എന്റെ കാർ ഞാൻ ഇഷ്ടമുള്ളത് പോലെ ഓടിക്കും.അത് ചോദിക്കാൻ നീയാരാടി?” “തന്റെ കാർ താൻ വേണമെങ്കിൽ തലയിൽ വെച്ച് കൊണ്ട് നടന്നോ.പിള്ളേരുടെ മേൽ കയറ്റാൻ നോക്കരുത്” “നീയാരെയാടി ഈ പഠിപ്പിക്കുന്നത്?” “ടോ.. തന്നെ…. ” “വേദ കുഞ്ഞേ…വേണ്ട” “പപ്പേട്ട മാറി നിൽക്ക്.. ഇയാൾ എന്താ വിചാരിച്ചത് പെൺകുട്ടികളോട് എന്തും പറയാമെന്നോ” “അയ്യോ കുഞ്ഞേ..ഇത് നമ്മുടെ എംഡി സാറിന്റെ മോനാ..” “എംഡിയുടെ മോനോ?” “അതേടി.. എംഡി ശങ്കർ ദാസിന്റെ മൂത്ത മകൻ..ജിതിൻ ശങ്കർ. ഇപ്പോൾ മനസ്സിലായോ നിനക്ക് എന്റെ കോളേജിൽ നിന്നാണ് നീ എന്നോട് വിരൽ ചൂണ്ടി സംസാരിച്ചത്”

“കോളേജ് തന്റെ ആണെങ്കിലും ഞാൻ ഇവിടെ പഠിക്കുന്നത് എന്റെ അച്ഛന്റെ കാശ് കൊണ്ടാണ്” “നിർത്തടി… നീ എങ്ങോട്ടാ ഈ പറഞ്ഞ് പറഞ്ഞ് പോകുന്നത്” “ജിതിൻ സാറെ മോൾക്ക് ഒരു അബദ്ധം പറ്റിയതാ..സാർ അങ്ങ് ക്ഷമിച്ചുകള” “പപ്പേട്ടൻ ഇതിൽ ഇടപെടണ്ട.ഇതുപോലെ സംസ്കാരം ഇല്ലാത്തവർക്കൊക്കെ ആണോ ഇവിടെ അഡ്മിഷൻ കൊടുക്കുന്നത്” “സാറേ വെറുതെ ഒരു പ്രശ്നം ഉണ്ടാക്കരുത്.. സാർ കരുതുന്ന പോലത്തെ ഒരു കുട്ടി അല്ല ഇത്..നമ്മുടെ പുതിയ എസിപി സാറിന്റെ അനിയത്തിയ” “ഓഹോ..അപ്പോൾ എസിപിയുടെ അനിയത്തി ആണെന്നതിന്റെ ഹുങ്കാണ് ഇവൾക്ക്.

നിന്നെ ഞാൻ മര്യാദ പഠിപ്പിച്ചോളാമെടി…” എന്നെയൊന്ന് കൂർപ്പിച്ച് നോക്കിയിട്ട് അയാൾ കാറിൽ കയറി പോയി..എനിക്ക് ആണെങ്കിൽ അയാളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട്.പപ്പേട്ടൻ ഒരുവിധം ആണ് എന്നെ സമാധാനിപ്പിച്ച് ക്ലാസ്സിലേക്ക് വിട്ടത്. ഇതിപ്പോൾ നിന്നതിനേക്കാൾ കുരിശാണല്ലോ വന്നത്..ഈ കോളേജ് ഒരുകാലത്തും നന്നാകാൻ പോകുന്നില്ല……(തുടരും)

പ്രിയസഖി: ഭാഗം 2

Share this story