പുതിയൊരു തുടക്കം: ഭാഗം 17

പുതിയൊരു തുടക്കം: ഭാഗം 17

എഴുത്തുകാരി: അനില സനൽ അനുരാധ

“ആദി…. എഴുന്നേൽക്ക് ആദി… ” അവളുടെ ചുമലിൽ പിടിച്ചു കുലുക്കി കൊണ്ട് വിളിക്കുമ്പോൾ കിച്ചു നിയന്ത്രണം വിട്ട് കരയുന്നുണ്ടായിരുന്നു.. കിച്ചുവിന്റെ ശബ്ദം കേട്ട് എല്ലാവരും അവരുടെ അടുത്തേക്ക് ഓടി ചെല്ലുമ്പോൾ ഹിമ അവരെ നോക്കി ചുമരിൽ ചാരി നിന്നു…. ഇത്രനാളും നൽകിയ അവഗണനയുടെ ശിക്ഷയിൽ നീറുന്നവൾക്ക് ആദിയ്ക്ക് വേണ്ടിയുള്ള അവന്റെ കരച്ചിൽ കണ്ടപ്പോൾ ഹൃദയം നീറി പുകഞ്ഞു കൊണ്ടിരുന്നു. ഇവരുടെ ഇടയിലേക്ക് കടന്നു വരണ്ടായിരുന്നു എന്നു തോന്നി പോയി അവൾക്ക്… അന്ന് അവസാനിപ്പിക്കാൻ ശ്രമിച്ച ജീവിതത്തിൽ നിന്നും തിരികെ കയറി വന്നപ്പോഴും സങ്കടത്തോടൊപ്പം നഷ്ടപ്പെടുത്താൻ വയ്യ എന്ന വാശി…

ആ വാശി ഇവിടെ കൊണ്ടു വന്നു നിർത്തിയിരിക്കുന്നു… അമ്മ മുഖത്ത് വെള്ളം തെളിയിച്ചപ്പോൾ ആദി ചെറുതായി കണ്ണു ചിമ്മി… എല്ലാവരും വിളിക്കുന്നത് കേൾക്കുന്നുണ്ടെങ്കിലും ആദിയ്ക്ക് കണ്ണുകൾ തുറക്കാൻ കഴിയുന്നില്ലായിരുന്നു… രമേശൻ വേഗം പോയി കാറിന്റെ കീ എടുത്തു വന്നു… കിച്ചു ആദിയെ കൈകളിൽ കോരി എടുത്ത് കാറിനു അരികിലേക്ക് നടന്നു… മായ വേഗം അവന്റെ കൂടെ ചെന്നു… മായയുടെ മടിയിലേക്കായി തല വെച്ച് ആദിയെ കിടത്തി… കിച്ചുവാണ് ഡ്രൈവ് ചെയ്തത്. കൂടെ രമേശനും കയറി… ഡ്രൈവ് ചെയ്യുമ്പോഴും ഇടയ്ക്ക് അവന്റെ മിഴികൾ ആദിയെ തേടി ചെല്ലുന്നത് രമേശനും അറിയുന്നുണ്ടായിരുന്നു… അയാൾക്ക് കുറ്റബോധം തോന്നി… താൻ ആദിയുടെ കൂടെ നിന്നിരുന്നെങ്കിൽ എന്തു വന്നാലും ആർക്കു വേണ്ടിയും അവൾ അവനെ നഷ്ടപ്പെടുത്തില്ലെന്ന് ഉറപ്പായിരുന്നു .. ഹോസ്പിറ്റലിൽ എത്തിയപ്പോൾ എല്ലാത്തിനും മുൻപിൽ ഓടാൻ കിച്ചു ഉണ്ടായിരുന്നു… **

നെറ്റിയിലെ തലോടൽ അറിഞ്ഞപ്പോൾ ആദി കണ്ണു തുറന്നു… ജീവന്റെ അമ്മ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു… “പേടിപ്പിച്ചു കളഞ്ഞല്ലോ മോളെ… ” അമ്മ അവളുടെ കവിളിൽ തലോടി കൊണ്ടു പറഞ്ഞു… അവൾ ഒന്നും പുഞ്ചിരിച്ചു… ഇടതു കൈ കുത്തി എഴുന്നേറ്റു ഇരിക്കാൻ നോക്കിയതും അമ്മ തടഞ്ഞു… അപ്പോഴാണ് കയ്യിൽ ഡ്രിപ് ഇട്ടിട്ടുള്ളത് അവൾ ശ്രദ്ധിച്ചത്… “നാളെ യൂറിൻ ടെസ്റ്റ്‌ ചെയ്യാൻ കൊടുക്കാൻ പറഞ്ഞിട്ടുണ്ട്… ഡേറ്റ് തെറ്റിയിട്ടുണ്ടായിരുന്നോ മോളെ? ” അവൾ ആലോചനയോടെ കിടന്നു… എന്നായിരുന്നു… അഭിയേട്ടന്റെ കല്യാണം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ അവൾ ഓർത്തെടുത്തു… മുത്തശ്ശി പോയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു… “മോളെ… ”

എന്ന അമ്മയുടെ വിളിയാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്. അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി… “എന്താ മോളെ? ” “ഡേറ്റ് തെറ്റിയിട്ടുണ്ടായിരുന്നു അമ്മേ.. ഞാൻ ഓർത്തില്ലായിരുന്നു… ” “സാരമില്ല…” എന്നു പറഞ്ഞ് അമ്മ കവിളിൽ തലോടി… ആദി വലതു കൈ എടുത്തു വയറിനു മീതെ വെച്ചു… “അച്ഛനും കിച്ചുവും പോയിട്ടില്ല. പോയിക്കോളാൻ പറഞ്ഞിട്ടും കേട്ടില്ല. വേറെ റൂം എടുത്തിട്ടുണ്ട്… ” “കിച്ചേട്ടനും പോയില്ലേ?” “ഇല്ല… വിളിച്ചിട്ട് വിളി കേൾക്കാത്ത കാരണം അവൻ ആകെ പേടിച്ചു പോയെന്ന് തോന്നുന്നു. കരയുന്നുണ്ടായിരുന്നു… ” കിച്ചേട്ടൻ വിളിച്ചിരുന്നോ അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു നോക്കി… *** ഡോറിൽ തട്ടുന്നത് കേട്ടപ്പോൾ മായ ചെന്നു വാതിൽ തുറന്നു… ജീവനെയും അഭിയേയും കണ്ടതും മായ വാതിൽക്കൽ നിന്നും മാറി കൊടുത്തു. “എന്താ അവൾക്ക്?

അമ്മയ്ക്ക് ഒന്നു വിളിച്ചു പറഞ്ഞു കൂടായിരുന്നോ? ” വെപ്രാളത്തോടെ തിരക്കി കൊണ്ട് ജീവൻ ആദിയുടെ അരികിലേക്ക് ചെന്നു. “ഡ്രിപ് ഊരിയതിന് ശേഷമാ മോനെ അവൾ ഉറങ്ങിയത്… ഇപ്പോൾ വിളിക്കണ്ട.” മായ പറഞ്ഞു… ജീവൻ ഒന്നും പറയാതെ ബെഡിന് അരികിൽ ഇരുന്നു. ആദിയുടെ അരികിൽ വന്നു നിന്ന് അവളെ ഒന്നു നോക്കി നെറ്റിയിൽ തലോടിയ ശേഷം അഭി മുറിയുടെ പുറത്തേക്ക് ഇറങ്ങി… തൊട്ടു പിന്നാലെ മായയും… “അവൾക്കു കുഴപ്പം ഒന്നും ഇല്ലല്ലോ അമ്മേ… ഡോക്ടർ എന്തു പറഞ്ഞു? ” അഭി തിരക്കി. “കുഴപ്പം ഒന്നും ഇല്ല മോനെ. പിന്നെ കുറച്ചായി ഭക്ഷണം ഒന്നും നേരത്തിനു കഴിക്കുന്നില്ലായിരുന്നല്ലോ. പിന്നെ ഇന്നലെ രാവിലെ തൊട്ടു ഓരോ കാര്യങ്ങൾ ആയി തിരക്കിൽ ആയിരുന്നല്ലോ.

പിന്നെ ദുർഗ്ഗയും മോളും പോയ സങ്കടവും കാണും. പിന്നെ രാവിലെ ഒരു ടെസ്റ്റ്‌ കൂടി ചെയ്യാൻ പറഞ്ഞിട്ടുണ്ട്. അതു കഴിഞ്ഞാൽ വീട്ടിൽ പോകാം. പേടിക്കാൻ ഒന്നും ഇല്ല…” രമേശനും കിച്ചുവും അവരുടെ അടുത്തേക്ക് വന്നു. “മോൾ എഴുന്നേറ്റോ? ” രമേശൻ തിരക്കി… “ഇല്ല… മോനോട് ഞാൻ ഇപ്പോൾ വിളിക്കണ്ട എന്നു പറഞ്ഞു… പേടിക്കാൻ ഒന്നും ഇല്ല… ” അതു കേട്ടപ്പോൾ തന്നെ കിച്ചുവിന്റെ മനസ്സിന് ശാന്തത കൈ വന്നു… “ഞാൻ ഇനി പൊയ്ക്കോട്ടെ? ” കിച്ചു രമേശനോട്‌ തിരക്കി… “അവളെ കാണുന്നില്ലേ? ” “ഉറങ്ങുകയല്ലേ. ഉറങ്ങിക്കോട്ടെ…” കിച്ചു പറഞ്ഞു… “കയറി കണ്ടിട്ടു പൊയ്ക്കോ മോനെ. ഇന്നലെ തന്നെ ഒരുപാട് പേടിച്ചതല്ലേ? ” കിച്ചു തലയാട്ടി…

അതിനു ശേഷം ഡോറിന് അരികിലേക്ക് നടന്നു… ചാരിയിട്ട വാതിലിൽ മുട്ടാൻ തുടങ്ങിയതും ജീവന്റെ സംസാരത്തിന്റെ ചീളുകൾ അവന്റെ കാതിലേക്ക് തുളച്ചു കയറി… “കിച്ചുവിനെ ഓർത്തു നമ്മുടെ സന്തോഷം ഇല്ലാതാവുമോ മോളെ? ഒന്നു ജീവിച്ചു തുടങ്ങിയിട്ടേയുള്ളൂ നമ്മൾ… അതിനിടയിൽ നീ നേരത്തിനു ഉണ്ണാതെയും ഉറങ്ങാതെയും ഓരോന്നു ഓർത്ത്…” ജീവൻ ഇടർച്ചയോടെ സംസാരം നിർത്തി കളഞ്ഞു… “ജീവേട്ടനെ സങ്കടപ്പെടുത്താൻ വേണ്ടിയല്ല… മുത്തശ്ശി പോയതും പിന്നെ എല്ലാം അറിഞ്ഞപ്പോൾ ചില നേരത്ത്…” അവൾ പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപ് കിച്ചു ഡോറിൽ മുട്ടി… ജീവൻ അവളുടെ അരികിൽ നിന്നും എഴുന്നേറ്റു വാതിൽ തുറന്നു… കിച്ചുവിനെ കണ്ടപ്പോൾ ജീവൻ ശ്രമപ്പെട്ട് പുഞ്ചിരിച്ചു…

ജീവന്റെ മനസ്സിലെ പിരിമുറുക്കം കിച്ചുവും അറിയുന്നുണ്ടായിരുന്നു… “ഞാൻ ഇറങ്ങാൻ നിൽക്കായിരുന്നു… അപ്പോഴാ ആന്റി പറഞ്ഞത് ഒന്നു കണ്ടിട്ട് പൊയ്ക്കോളാൻ…” കിച്ചു അവളുടെ അരികിലേക്ക് ചെന്നു… “ഞാൻ ഇറങ്ങാണ്…” അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി… “ശരി ജീവൻ…” എന്നു പറഞ്ഞ് കിച്ചു പുറത്തേക്ക് നടന്നു… ** “കിച്ചേട്ടൻ പോകുന്നില്ലേ? ” “ഞാൻ പോകുന്നില്ല…. ” “അപ്പോൾ അപ്പച്ചി വീട്ടിൽ തനിച്ചോ? ” “അല്ല.. അമ്മയെ ഞാൻ ഇങ്ങോട്ടു കൂട്ടി കൊണ്ടു വന്നോളാം… ” “എന്തിന്? ” “എന്തിനാണെന്ന് നിനക്ക് അറിയില്ലേ? ” അവളുടെ കണ്ണുകളിലേക്ക് കൂർപ്പിച്ചു നോക്കി കൊണ്ട് കിച്ചു തിരക്കി… ആദി നെറ്റിയിലെ മുറിവിൽ പതിയെ തലോടി…

ബസിൽ നിന്നും ഇറങ്ങുമ്പോൾ പിന്നിൽ നിന്നും ഒരു ചേച്ചി തള്ളിയപ്പോൾ വീണതാണ്. നെറ്റി ചെറുതായി ഒന്നു പൊട്ടി… പിന്നെ വലതു കൈ മുട്ടിൽ നിന്നും കുറച്ച് തോലു പോയി. കാലു മടങ്ങിതിന്റെ ചെറിയ വേദനയും ഉണ്ട്…. പക്ഷേ കിച്ചുവിന്റെ ഇരുപ്പ് കണ്ടാൽ അവൾ അത്യാസന്ന നിലയിൽ ഐ സി യുവിൽ കിടക്കുന്നതു പോലെയാണ്… “ഇതിനൊക്കെ ഇങ്ങനെ ടെൻഷൻ അടിക്കാൻ ഇരുന്നാൽ നല്ല ചേലാണ്… അല്ല എങ്ങനെ അറിഞ്ഞു ഞാൻ വീണെന്ന്…” “ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ അമ്മ പാല് വേടിക്കാൻ പറഞ്ഞു വിളിച്ചിരുന്നു. നമ്മുടെ വാസുവേട്ടന്റെ കടയിൽ പാല് വേടിക്കാൻ കയറിയപ്പോൾ അങ്ങേര് തന്നെയാ പറഞ്ഞത് നീ വീണു എന്ന്…”

“എന്നിട്ട് പാല് വേടിച്ചു വീട്ടിൽ കൊണ്ടു പോയി കൊടുത്തോ?” “അതിനു വേടിച്ചിട്ടു വേണ്ടേ കൊടുക്കാൻ. ഞാൻ നേരെ ഇങ്ങോട്ടു പോന്നു…” “എനിക്ക് എന്തെങ്കിലും പറ്റിയാൽ എന്തിനാ ഇങ്ങനെ ആധി പിടിക്കുന്നത്? ” അവന്റെ മിഴികളിലേക്ക് നോക്കി അവൾ തിരക്കി… “എന്റെ അമ്മാവന്റെ മോൾ ആയി പോയില്ലേ… അതുകൊണ്ട് തന്നെ… ” അവളിൽ നിന്നും നോട്ടം മാറ്റി അവൻ പറഞ്ഞു… “ഓഹ് ! അതു കൊണ്ടാണല്ലേ… ഞാൻ വിചാരിച്ചു…” “നീ എന്തു വിചാരിച്ചു? ” അവൻ പെട്ടെന്ന് തിരക്കി… “ഞാൻ ഒന്നും വിചാരിച്ചില്ല… ” അവൾ ചിരിയോടെ പറഞ്ഞു… “നീ ചിരിച്ചോണ്ട് ഇരുന്നോ. ഞാൻ പോവാ..” “അപ്പച്ചിയെ കൂട്ടി വരുമോ? ” അവൻ വാതിൽക്കൽ എത്തിയതും അവൾ വിളിച്ചു ചോദിച്ചു… “വരും… ” എന്നു പറഞ്ഞ് ആദിയെ നോക്കി അവൻ പുഞ്ചിരിച്ചു… ആ ഓർമ്മയിൽ അവൻ ഒന്നു കൂടി പുഞ്ചിരിച്ചു…

അതു കണ്ടു കൊണ്ടാണ് ഹിമ മുറിയിലേക്ക് വന്നത്… അവളെ കണ്ടപ്പോൾ അവൻ മുഖം തിരിച്ച് കിടന്നു… ഇന്നലെ രാത്രിയിലെ സംഭവത്തിന് ശേഷം ഹിമയിൽ നിന്നും ഒരു ചോദ്യം ചെയ്യൽ പ്രതീക്ഷിച്ചതാണ്…. പക്ഷേ അവളിൽ നിന്നും യാതൊരു നീക്കവും ഇതുവരെ ഉണ്ടായില്ല എന്നോർത്ത് അവൻ കിടന്നു… *** അമ്മ ലാബിൽ പോയ സമയത്ത് ജീവൻ ആദിയുടെ അഴിഞ്ഞു കിടന്നിരുന്ന മുടി കോതി മെടഞ്ഞിടാൻ തുടങ്ങി… “ആദി… ” അവൾ ഒരു മൂളലോടെ അവന്റെ ദേഹത്തേക്ക് ചാഞ്ഞിരുന്നു… “നേരെ ഇരിയ്ക്ക്…. ഇതൊന്ന് കെട്ടി വെക്കട്ടെ.. ” അവൾ നേരെ ഇരുന്നതും അവൻ വേഗം അതു മെടഞ്ഞിട്ടു… “എന്തിനാ നേരത്തെ വിളിച്ചേ? ” “ഞാൻ വിളിച്ചില്ലല്ലോ… ”

“അപ്പോൾ ഞാൻ കേട്ടതോ.. ആദി എന്നു വിളിച്ചല്ലോ… ” “ഞാൻ ആലോചിക്കായിരുന്നു… ” “എന്ത് ആലോചിക്കായിരുന്നു എന്ന്? ” “ഞാൻ സ്നേഹിച്ചത് സംഗീതയെ… എന്നിട്ട് ഞാൻ കെട്ടിയതോ നിന്നെ… പരസ്പരം തുറന്നു പറഞ്ഞില്ലെങ്കിലും നിന്റെ ഉള്ളിലെ ഇഷ്ടം കിച്ചുവിനോടായിരുന്നു.. കിച്ചുവിനു തിരിച്ചും നിന്നോട് സ്നേഹം ഉണ്ടായിരുന്നു… എന്നിട്ട് നീ വിവാഹം ചെയ്തതോ എന്നെ… പക്ഷേ ഹിമയുടെ കാര്യം എടുത്താലോ…. അവളുടെ സ്വഭാവം എങ്ങനെയെങ്കിലും ആകട്ടെ അവൾ കിച്ചുവിനെ തട്ടി പറിച്ച് എടുത്തത് തന്നെ ആയിക്കൊള്ളട്ടെ… എന്നാലും അവൾ അല്ലേ ഭാഗ്യവതി… ആദ്യമായി സ്നേഹിച്ച പുരുഷൻ അവളുടെ കഴുത്തിൽ താലി ചാർത്തിയില്ലേ…” “അതിന്? ” അതു ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ കൂർത്തു…

“അതിന് ഒന്നും ഇല്ല പൊന്നേ… ഇങ്ങനെ നോക്കി കൊല്ലാതെ…” “നോക്കും… ഇപ്പോൾ പറഞ്ഞതിന് അർത്ഥം എന്താ ഞാൻ ഭാഗ്യവതി അല്ലാ എന്നാണോ? ” “നീ ഭാഗ്യവതി തന്നെയാ.. ജീവന്റെ ജീവൻ അല്ലേടി നീ…” അതു കേട്ടതും അവൾ പുഞ്ചിരിയോടെ അവനിലേക്ക് ചാഞ്ഞു… “അതേയ് ഇനി നേരത്തിനു കഴിക്കാതെ ഓരോന്നും ആലോചിച്ചു നടന്നാൽ തലോടിയ കൈ കൊണ്ടു രണ്ടു പൊട്ടിക്കും ഞാൻ … ” “എപ്പോൾ തലോടി? ” “ഇത്ര പെട്ടെന്ന് എല്ലാം മറന്നോടീ… നീ ഒന്നു ആലോചിച്ചു നോക്കിയേ? ” “എന്ത്?” “മൂന്നാർ… ” അവൻ കുസൃതിയോടെ പറഞ്ഞു. “ഹ്മ്മ്… അതു തലോടൽ മാത്രം അല്ലല്ലോ മനുഷ്യനെ ഞെരിച്ചു കൊല്ലുക ആയിരുന്നല്ലോ… ” “സ്നേഹം കൊണ്ട് അല്ലേടി… ” അവൻ അവളുടെ മൂക്കിൽ പിടിച്ചു കൊണ്ട് പറഞ്ഞു… ഡോർ തുറക്കുന്ന ശബ്ദം കേട്ടതും ജീവൻ അവളിൽ നിന്നും മാറി നിന്നു…

“അരമണിക്കൂർ കഴിഞ്ഞാൽ റിസൾട്ട്‌ കിട്ടും. അതു കിട്ടി കഴിഞ്ഞാൽ ഡോക്ടറെ കണ്ടതിനു ശേഷം പോകാം.” അമ്മ പറഞ്ഞു… “എന്തു റിസൾട്ട്‌? ” ജീവൻ തിരക്കി… “അതു കിട്ടുമ്പോൾ അറിയുമല്ലോ…” എന്നും പറഞ്ഞ് ആദിയെ നോക്കി ചിരിച്ചു കൊണ്ട് അമ്മ അവളുടെ അരികിൽ വന്നിരുന്നു… ടെൻഷൻ ആണോ എന്നൊന്നും അറിയാത്ത വിധം ആകാംഷ ആദിയിലും നിറഞ്ഞിരുന്നു… നേഴ്സ് വന്ന് വിളിച്ചപ്പോൾ ജീവൻ ആദിയേയും കൂട്ടി ഡോക്ടറുടെ കാബിനിലേക്ക് നടന്നു… നഴ്സ് ആദിയുടെ ഫയൽ ഡോക്ടർക്ക് കൊടുത്തപ്പോൾ ആദിയുടെ കണ്ണുകൾ ഡോക്ടറുടെ മുഖത്ത് തന്നെയായിരുന്നു… വലതു കൈ കൊണ്ടവൾ ജീവന്റെ വിരലുകളിൽ തെരുപ്പിടിച്ചു കൊണ്ടിരുന്നു… ഇവൾ എന്തിനാണ് ഇങ്ങനെ ടെൻഷൻ അടിക്കുന്നത് എന്നറിയാതെ ജീവൻ അവളെ നോക്കി…

ആ സമയത്ത് ഡോക്ടറുടെ മുഖത്ത് വിടർന്ന പുഞ്ചിരി കണ്ടപ്പോൾ ആദി അവരുടെ വാക്കുകൾക്കായി കാതോർത്തു … “ഗുഡ് ന്യൂസ്‌ ആണല്ലോ…. ” യുവതിയായ ഡോക്ടർ ജീന പുഞ്ചിരിയോടെ പറഞ്ഞു… ജീവൻ എന്താണെന്ന് മനസ്സിലാകാതെ ഡോക്ടറുടെ മുഖത്തേക്കും പിന്നെ ആദിയുടെ മുഖത്തേക്കും നോക്കി… എന്താണെന്ന് അവൻ അവളോട്‌ കണ്ണുകൾ കൊണ്ടു തിരക്കി… “എന്താ ജീവൻ… എനി പ്രോബ്ലം? ” ഡോക്ടർ തിരക്കി… “ഏയ്‌ പ്രോബ്ലം ഒന്നും ഇല്ല.. ഈ ഗുഡ് ന്യൂസ്‌ എന്താണെന്ന് തിരക്കുകയായിരുന്നു… ” “താനൊരു അച്ഛനാകാൻ പോകുകയാണെന്ന്… ഇപ്പോൾ മനസ്സിലായോ? ” ഡോക്ടർ ഗൗരവം നടിച്ചു കൊണ്ട് പറഞ്ഞു… ജീവൻ വിശ്വാസം വരാതെ ആദിയെ നോക്കി …

അവൾ അതെ എന്നർത്ഥത്തിൽ തലയാട്ടി… ഡോക്ടറുടെ കാബിനിൽ നിന്നും പുറത്തേക്കു ഇറങ്ങുമ്പോൾ ജീവൻ ആദിയുടെ വലതുകൈ വിരലിൽ അവന്റെ വിരലുകൾ കോർത്തു പിടിച്ചിരുന്നു… മുറിയിലേക്ക് കടന്നതും അമ്മ സന്തോഷത്തോടെ രണ്ടു പേരെയും നോക്കി… “എന്തായി മക്കളേ? ” “എന്ത്? ” ജീവൻ തിരക്കി… “നിങ്ങൾ ഡോക്ടറെ കണ്ടിട്ട് എന്തായെന്ന്… ലാബ് റിസൾട്ട്‌ കിട്ടിയിട്ടുണ്ടായിരുന്നില്ലേ? ” “ഏതു ലാബ് റിസൾട്ട്‌?” ജീവൻ തിരക്കി… “ഞാൻ നിന്നോടല്ല…. അവളോടാണ് ചോദിക്കുന്നത്…” “ഒരു അമ്മയും മോളും വന്നിരിക്കുന്നു… ഞാൻ നേരത്തെ അമ്മയോട് എന്തിന്റെ റിസൾട്ട്‌ ആണെന്ന് ചോദിച്ചപ്പോൾ എന്താ പറഞ്ഞത്? ” “ഒന്നും പറഞ്ഞില്ല. മാറി നിൽക്കെടാ ചെറുക്കാ… ” എന്നു പറഞ്ഞ് അമ്മ അവന്റെ ചെവിയിൽ പിടിച്ചു മാറ്റി നിർത്തി… “എന്റെ മോള് പറയ്…” മായ പറഞ്ഞു.

അവൾ അമ്മയുടെ മാറിലേക്ക് ചാഞ്ഞു… അതിന് ശേഷം അമ്മയുടെ കൈ എടുത്ത് അവളുടെ വയറിനു മീതെ വെച്ചു. സന്തോഷത്താൽ അമ്മയുടെ ചുണ്ടുകൾ വിതുമ്പി പോയി… “അയ്യേ… എന്റെ അമ്മക്കിളിയ്ക്ക് എന്തിനാ സങ്കടം? ” എന്നു പറഞ്ഞ് ജീവൻ അമ്മയുടെ ചുമലിൽ പിടിച്ചു…. “സന്തോഷമായി അമ്മയ്ക്ക്… ” എന്നു പറഞ്ഞ് രണ്ടു പേരുടെയും തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു. ** കിച്ചു ഓഫീസിൽ നിന്നും വീട്ടിൽ എത്തുമ്പോൾ അമ്മയോടു സംസാരിച്ച് ഇരിക്കുന്ന കുഞ്ഞമ്മാവനെയാണ് കണ്ടത്… അവൻ ഉമ്മറത്തേക്ക് കയറി അദ്ദേഹത്തിന്റെ അരികിലായി ഇരുന്നു… “പോയി കുളിച്ചിട്ടു വാടാ… നീ വരുന്നില്ലേ തറവാട്ടിലേക്ക്… ” “എനിക്ക് നല്ല തലവേദന… ഒന്നു കുളിച്ചിട്ട് കിടന്നാൽ മതി… ഇന്നു രാവിലെ നേരം വൈകിയല്ലേ ഓഫീസിൽ പോയത്. പിന്നെ എത്തിയതും തിരക്കായി പോയി.

ലഞ്ച് പോലും കഴിച്ചിട്ടില്ല…” “ആരോഗ്യം നോക്കാതെ ഇങ്ങനെ നടന്നോ. അവന്റെ കോലം കണ്ടില്ലേ… ആ മുടിയും താടിയും ഒക്കെ ഒന്ന് വെട്ടി ഒതുക്കി കൂടെ നിനക്ക്?” മുരളി തിരക്കി… “അതിന് എങ്ങനെയാ പറഞ്ഞാൽ അനുസരിക്കുന്ന ശീലം ഇപ്പോൾ കൂടുതൽ ആണല്ലോ… ” അമ്മ പറഞ്ഞു… “ഇപ്പോൾ എന്താ വേണ്ടത്… പോയി മുടി വെട്ടണോ?” കിച്ചു തിരക്കി. “നീ തല്ക്കാലം ഒന്നും ചെയ്യണ്ട. പോയി കുളിച്ചിട്ടുവാ. അമ്മ ചായ വെക്കാം…” “ഹ്മ്മ്… അപ്പു എവിടെ അമ്മേ? അവന്റെ ശബ്ദം ഒന്നും കേൾക്കാൻ ഇല്ലല്ലോ…” “അവൻ ഇവിടെ ഇല്ല മോനെ…” “ഇല്ലെന്നോ?” “ഹിമ മോനെയും കൂട്ടി വീട്ടിൽ പോയി…” “പ്രവി വന്നിരുന്നോ ഇവിടെ?” “ഇല്ല… അവൾ നടന്നിട്ടാ പോയത്…” കിച്ചു പിന്നെ ഒന്നും ചോദിക്കാതെ എഴുന്നേറ്റു…

“നീ ഇന്നിനി തറവാട്ടിലേക്ക് വരുന്നില്ലല്ലോ… ഞാൻ നമ്മുടെ ആദിയെ കാണാൻ പോയിരുന്നു… തിരികെ വരുമ്പോൾ അവളുടെ വിശേഷം ചേച്ചിയോട് പറയാം എന്നു കരുതി കയറിയതാ… ” “ഹ്മ്മ്…” “അങ്ങനെ നമ്മുടെ ആദി ഒരു അമ്മയാകാൻ പോകാണ് മോനെ…” അതു കേട്ടതും അവന്റെ ഹൃദയം തരളിതമായി … “നല്ല വാർത്ത ആണല്ലോ കുഞ്ഞമ്മാവാ…” എന്നൊരു ചെറു പുഞ്ചിരിയോടെ പറഞ്ഞ് അവൻ മുറിയിലേക്ക് നടന്നു… “ഇവിടെ വന്നു കയറേണ്ട കുട്ടി ആയിരുന്നു… എന്തൊക്കെ പരീക്ഷണങ്ങൾ അനുഭവിച്ചു. ഇനി എങ്കിലും അവൾക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെ… ” അവൻ പോയപ്പോൾ മുരളി പറഞ്ഞു… “എന്നിട്ട് നീ പോലും അന്ന് എന്റെ കുട്ടിയ്ക്ക് വേണ്ടി സംസാരിച്ചില്ലല്ലോ…

എല്ലാവരും അവനോടു അവളെ ശല്ല്യപ്പെടുത്തരുത് എന്നു പറഞ്ഞു… പിന്നെ ഇപ്പോൾ നമ്മുടെ അപ്പുവിന്റെ കുസൃതികൾ കാണുമ്പോഴാണ് മനസ്സിന് ഒരു സമാധാനം… എന്തൊക്കെ ആയാലും കിച്ചു ഹിമയെ വിവാഹം ചെയ്തതു കൊണ്ടാണല്ലോ അപ്പു ജനിച്ചത് എന്നോർക്കുമ്പോൾ എല്ലാം നല്ലതിനായിരുന്നു എന്നങ്ങു കരുതും. അല്ലാതെ വേറെ വഴി ഇല്ലല്ലോ…” “ഹിമ എന്തു പറയുന്നു ചേച്ചി? ” “എന്താണെന്ന് അറിയില്ല. ആകെ ഒരു മൗനം… കിച്ചുവിന്റെ അസുഖം അവൾക്കും തുടങ്ങിയെന്നാ തോന്നുന്നത്. ആകെ ഒരു നിശബ്ദതയാണ്… ” “ഒരു കണക്കിന് അവൾ മിണ്ടാതെ ഇരിക്കുന്നത് തന്നെയാ നല്ലത്. അവനു കുറച്ച് സമാധാനം കിട്ടുമല്ലോ. ഇന്നെന്താണാവോ അവൾ പോയത്? ” “വീട്ടിലേക്ക് പോവാണ് എന്നു പറഞ്ഞു…

ഞാൻ വിചാരിച്ചത് പ്രവി വന്നിട്ട് കൂട്ടി കൊണ്ടു പോകാൻ ആകുമെന്നാ… പക്ഷേ അവൾ മോനെയും എടുത്തിട്ട് നടന്നു പോയി… ” “ഹ്മ്മ്… ഇനി ഇന്നു വരില്ലേ? ” “അവൾ എന്നു വരും എന്നൊന്നും പറഞ്ഞില്ല. ഞാൻ ചോദിക്കുകയും ചെയ്തില്ല. രാത്രി ആകുമ്പോഴേക്കും വരുമായിരിക്കും… നീ ഇരിയ്ക്ക്. ഞാൻ പോയി ചായ വെച്ചിട്ട് വരാം. ” “എനിക്ക് ഒന്നും വേണ്ട ചേച്ചി. ഞാൻ ഇറങ്ങട്ടെ. അവിടെ വരദ തനിച്ചല്ലേ… കിച്ചുവിനോട് പറഞ്ഞാൽ മതി… ” എന്നും പറഞ്ഞ് മുരളി എഴുന്നേറ്റു… *** ഉമ്മറത്ത് നിലത്തായി ചുമരിൽ ചാരി ഇരിക്കുകയായിരുന്നു മായ… അവരുടെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നു ജീവൻ… ആദിയെ കാണാൻ വീട്ടിൽ നിന്നും എല്ലാവരും വന്നിരുന്നു…

അമ്മ പോയതിന്റെ സങ്കടം മാറ്റാൻ ദൈവം തന്ന പൊന്നോമനയാണ് വരാൻ പോകുന്നത് എന്നു പറഞ്ഞ് അച്ഛൻ മിഴിനീർ വാർത്തതും എല്ലാം ഓർത്ത് ജീവൻ കിടന്നു… ആദി ഉമ്മറത്തേക്ക് വന്നപ്പോൾ ജീവൻ എഴുന്നേറ്റിരുന്നു. “നമുക്ക് അത്താഴം കഴിച്ചാലോ? ” ജീവൻ തിരക്കി. “കഴിച്ചിട്ട് കിടക്കാം മക്കളേ… ഇന്നലത്തെ തിരക്കും ഹോസ്പിറ്റൽ പോക്കും എല്ലാം ആയി ഉറക്കം ശരി ആയിട്ടില്ല. ആകെ ഒരു ക്ഷീണം… ” അമ്മ പറഞ്ഞു. “എന്നാൽ കഴിക്കാം…” എന്നു പറഞ്ഞ് ജീവൻ എഴുന്നേറ്റു. അതിനു ശേഷം അമ്മയുടെ നേർക്ക് കൈ നീട്ടി. അവന്റെ കയ്യിൽ പിടിച്ച് അമ്മ എഴുന്നേറ്റു. ആദി നുള്ളി പെറുക്കി കഴിക്കുന്നത് കണ്ടപ്പോൾ ജീവൻ അവളെ കണ്ണുരുട്ടി നോക്കി പേടിപ്പിച്ചു. അവൾ അവനിൽ നിന്നും നോട്ടം മാറ്റി കഴിക്കാൻ തുടങ്ങി…

അമ്മ വേഗം കഴിച്ച് എഴുന്നേറ്റു പോയി… “നീ എന്താ ഓരോ വറ്റും എണ്ണി നോക്കുകയാണോ?” ജീവൻ തിരക്കി. അല്ലെന്ന് അവൾ ചുമൽ കൂച്ചി കാണിച്ചു. ജീവൻ അവളുടെ പ്ലേറ്റിൽ ഇരുന്ന ചോറെടുത്ത് അവന്റെ പ്ലേറ്റിൽ ഇട്ടു… “ഞാൻ എഴുന്നേറ്റോട്ടെ… എനിക്ക് മതിയായിട്ട് എങ്ങനെ എഴുന്നേൽക്കും എന്നു വിചാരിച്ച് ഇരിക്കായിരുന്നു. ” അവൾ ആശ്വാസത്തോടെ പറഞ്ഞു. “അതെയോ… എന്നാൽ എന്റെ മോള് വായ തുറന്നേ… ” അവൻ ചോറുരുള അവളുടെ നേർക്ക് നീട്ടി കൊണ്ടു പറഞ്ഞു… “എനിക്ക് വേണ്ട… ” “കഴിക്കെടീ…” അവൻ ദേഷ്യത്തിൽ പറഞ്ഞതും അവൾ വേഗം വായ തുറന്നു…

അവൻ അവളുടെ വായിലേക്ക് വെച്ചു കൊടുത്തു. “ഇനി എനിക്ക് താ…” അവൻ വായ തുറന്നു പിടിച്ച് ചെറിയ കുട്ടിയെ പോലെ പറഞ്ഞു. അവൾ ഒരു വലിയ ഉരുള ഉരുട്ടി അവന്റെ വായിലേക്ക് വെച്ചു കൊടുത്തു… “എടി ആനയ്ക്ക് കൊടുക്കുന്ന പോലെ തരാതെ ഞാൻ ഒരു മനുഷ്യൻ ആണെന്ന് വിചാരിച്ചിട്ട് താ… ” ആ ഉരുള കഴിച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു. അങ്ങനെ പരസ്പരം അവർ ഊട്ടി… ജീവന്റെ മനസ്സും വയറും നിറഞ്ഞു… ആദിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല… ** കിച്ചു ബെഡിൽ എഴുന്നേറ്റിരുന്നു… ചായ കുടിച്ച ശേഷം നന്നായി ഒന്നുറങ്ങി… അതു കൊണ്ട് തലവേദന പമ്പ കടന്നിരുന്നു… സമയം നോക്കിയപ്പോൾ ഒമ്പതര ആകാനായിരുന്നു. എഴുന്നേറ്റ് അകത്തേക്ക് ചെന്നപ്പോൾ അമ്മ സോഫയിൽ ഇരിക്കുന്നു ണ്ടായിരുന്നു. “അവരു വന്നില്ലല്ലോ മോനെ.. ”

അവനെ കണ്ടതും സേതു പറഞ്ഞു… “ഹ്മ്മ്… ” ഒന്നു മൂളി കൊണ്ട് അവൻ അമ്മയുടെ അടുത്ത് ഇരുന്നു… “നീ ഒന്നു വിളിച്ചു നോക്ക്… ” “മോനെ കാണണം അമ്മേ… ഞാൻ പോയി കൂട്ടി കൊണ്ടു വന്നോളാം… ” “എന്നാൽ അതുമതി. മോൻ പോയിട്ട് വാ… ” കിച്ചു എഴുന്നേറ്റു പുറത്തേക്കു നടന്നു… “വണ്ടിയുടെ കീ എടുക്കുന്നില്ലേ? ” “വേണ്ട… ഒന്നു നടക്കാം. ” “എന്നാൽ അമ്മ ടോർച്ച് എടുത്തിട്ട് വരാം…” “അതൊന്നും വേണ്ട. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം ഉണ്ടാകുമല്ലോ… ” എന്നു പറഞ്ഞ് പടികൾ ഇറങ്ങി… ഗേറ്റ് തുറക്കുമ്പോൾ കിച്ചു കണ്ടിരുന്നു ഉമ്മറത്തെ തിണ്ണയിൽ ആരോ ഇരിക്കുന്നുണ്ടെന്ന്… അടുത്തെത്തും തോറും മനസ്സിലായി അപ്പുമോനെ കളിപ്പിച്ച് പ്രവിയാണ് അവിടെ ഇരിക്കുന്നത്… അവന്റെ ശ്രദ്ധ ആകർഷിക്കാനായി കിച്ചു ഒന്നു ചുമച്ചു… പ്രവി മോനെ എടുത്ത് എഴുന്നേറ്റു തിരിഞ്ഞു നോക്കി…

അച്ഛനെ കണ്ടതും അപ്പു കുതറി ഇറങ്ങി… അച്ഛാ എന്നു വിളിച്ച് ഓടി വന്നതും കിച്ചു അവനെ കയ്യിൽ കോരി എടുത്ത് മുഖത്ത് തുരു തുരാ ചുംബിച്ചു കൊണ്ടിരുന്നു… അപ്പു അവനെ കെട്ടിപ്പിടിച്ച് കവിളിൽ അമർത്തി കടിച്ചു… “അപ്പൂട്ടാ… ” എന്നു കിച്ചു വിളിച്ചതും അവൻ നല്ല കുട്ടിയായി… “അകത്തേക്ക് വാ… ” പ്രവി വിളിച്ചു… അകത്ത് അച്ഛനും അമ്മയും ഉണ്ടായിരുന്നു… “ഹിമേ… ” പ്രവി അകത്ത് നിന്നും വിളിച്ചു… ഹിമയുടെ മുറിയിൽ നിന്നും സൗമ്യ ഇറങ്ങി വന്നു… അപ്പോഴാണ് കിച്ചു വന്നിരിക്കുന്നത് അവൾ കണ്ടത്… “കിച്ചേട്ടൻ എപ്പോൾ വന്നു? ” സൗമ്യ തിരക്കി. “ഇപ്പോൾ വന്നേയുള്ളു… ” “ഹിമയ്ക്ക് നല്ല പനി… ഡോക്ടറുടെ അടുത്ത് പോകാം എന്നു പറഞ്ഞിട്ട് കേൾക്കുന്നില്ല… ” “ഞാൻ വർക്ക്‌ കഴിഞ്ഞു വന്നപ്പോൾ തന്നെ പറഞ്ഞതാണ് ഹോസ്പിറ്റലിൽ പോയി വരാം എന്ന്….

അല്ലെങ്കിൽ പറഞ്ഞാൽ കേൾക്കാൻ അവൾക്ക് നല്ല ഇഷ്ടം ആണല്ലോ. അനുസരണ അടുത്തു കൂടി പോയിട്ടില്ല…” പ്രവി അമർഷത്തോടെ പറഞ്ഞു. അവൻ പറയുന്നത് അച്ഛനു അത്ര പിടിക്കുന്നുണ്ടായിരുന്നില്ല… “അവൾ പനിയുടെ ഗുളിക കഴിച്ചിട്ടുണ്ടായിരുന്നു മോനെ… അതാകും ഹോസ്പിറ്റലിൽ പോകണ്ടെന്ന് പറഞ്ഞത്… ” അമ്മ പറഞ്ഞു… “ഞാൻ അവളെ ഒന്നു കാണട്ടെ… ” എന്നു പറഞ്ഞ് കിച്ചു അവളുടെ മുറിയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ സൗമ്യ വേഗം അപ്പുവിനെ എടുക്കാൻ കൈ നീട്ടി… കിച്ചു സൗമ്യയുടെ കയ്യിലേക്ക് മോനെ കൊടുത്തു… ചാരിയിട്ടിരുന്ന വാതിൽ തുറന്ന് അവൻ ലൈറ്റ് ഇട്ടു… വെളിച്ചം പരന്നതും ഹിമ കൈത്തണ്ട കൊണ്ട് മുഖം മറച്ചു. അവൻ അവളുടെ തൊട്ടടുത്ത് വന്നു നിന്നു… കാൽപെരുമാറ്റം അറിഞ്ഞ ഹിമ മുഖത്തു നിന്നും കൈ എടുത്തു മാറ്റി അരികിൽ വന്നു നിന്ന ആളെ നോക്കി… രണ്ടു പേരുടെയും മിഴികൾ തമ്മിൽ കോർത്തു…….തുടരും

പുതിയൊരു തുടക്കം: ഭാഗം 16

Share this story