ചങ്കിലെ കാക്കി: ഭാഗം 5

Share with your friends

നോവൽ: ഇസ സാം

കയ്യിൽ വിളക്കുമേന്തി ആ വീട്ടിലേക്കു കയറുമ്പോൾ മനസ്സ് നിറച്ചും അച്ഛനായിരുന്നു…….അച്ഛന്റെ വാക്കുകൾ ആയിരുന്നു…… “ൻ്റെ കുട്ടി നിന്ന് ..പോകും….ആരുണ്ടാവില്യ…….” ശെരിയാണ്…….അച്ഛന് മറ്റൊരു കുടുംബമുണ്ട്…… വൈഗയ്ക്കു ആരും ഇല്ലാ ….ഇന്ന് അവൾക്കായി അച്ഛൻ മറ്റൊരു കുടുംബം തരുന്നു…… അമ്മയും ചേച്ചിയും അനിയത്തിയും ഒക്കെയുള്ള ഒരു കുടുംബം……. ഇതും വൈഗയുടെ കുടുംബം ആവുമോ…….. അറിയില്ലാ…… ആരെക്കെയോ വന്നു സംസാരിച്ചു……. ഞാനും അങ്ങ് വിശാലമായി അങ്ങോട്ട് സംസാരിച്ചു…ഞാൻ പണ്ട് തൊട്ടേ അങ്ങനാ…… കാരണം എനിക്ക് സ്വന്തമായി ആരും ഇല്ലാ….എന്നെ ആരും കൂട്ടാറില്ലാ……അതുകൊണ്ടു തന്നെ എന്നോട് ഇങ്ങോട്ടു കൂടാൻ വരുന്നവരെ ഞാൻ നന്നായി അങ്ങ് കൂട്ട് കൂടും….

പണിയൊക്കെ ധാരാളം കിട്ടിയിട്ടുണ്ട്….. അച്ഛന്റെയും രേവതി ചെറിയമ്മയുടേയു ബന്ധുക്കൾ ആദ്യം ഒക്കെ എന്നെ ഒഴിവാക്കുമായിരുന്നു……അവഗണിക്കുമായിരുന്നു…..പക്ഷേ കരഞ്ഞു ഒഴിഞ്ഞുമാറാൻ എനിക്കിഷ്ടല്ലായിരുന്നു…..അങ്ങനെ തന്നെയാണ് ഞാൻ ആ വീട്ടിൽ എന്റെ ഇടം നേടിയത്….. “കൃഷ്ണേ ……. വൈഗയ്ക്കു മുറി കാണിച്ചു കൊടുക്കു ….. ” അമ്മയാണ്……. അധികം കസവില്ലാത്ത സാരീ മാറ്റി ഒരു സെറ്റും മുണ്ടും ഉടുത്തിരിക്കുന്നു….. ഒറ്റ നോട്ടത്തിൽ പുള്ളിക്കാരിക്കു ഒരു ചൂരലിന്റെ കുറവും കൂടെ ഉണ്ടായിരുന്നുള്ളു. ആ കണ്ണടയും ആഗ്ജ്ഞാശക്തിയുള്ള സ്വരവും…….. ഞാൻ കൃഷ്ണേച്ചിയോടൊപ്പം മുകളിലേക്ക് നടന്നു……അമ്മയുടെ തനി പകർപ്പായിരുന്നു ചേച്ചി…..എന്നെ ക്കാളും ഒരു അഞ്ചു വയസ്സിന്റെ മൂപ്പ് ഉണ്ടാവുള്ളു …..ഇടയ്ക്കു മോളും വന്നു …….

“ഓടല്ലേ മൈഥിലീ ……..” ചേച്ചിയാണ് . “മൈഥിലിക്ക് ചെല്ലപ്പേര് ഒന്നുമില്ല…..?..” ഞാനാട്ടോ … എന്നെ ഒന്ന് നോക്കി…….” ചെല്ലപ്പേര് ഒന്നും ഇവിടാർക്കും ഇഷ്ടല്ല……..” വലിയ ചിരി ഒന്നും ആ മുഖത്തില്ലാ….ഒരു ദുഃഖം ഉണ്ട് താനും. അതുകേട്ടപ്പോൾ ഞാൻ ഓർത്തു അജുവേട്ടാ എന്ന് വിളിച്ചപ്പോൾ കലിതുള്ളിയ കാക്കിയെ . “ആന്റിക്ക് ചെല്ലപേരുണ്ടോ…..?” എന്റെ കയ്യിൽ ചിണുങ്ങി ആ കുരുന്നു ചോദിച്ചു. “ഉണ്ടല്ലോ …….ലെച്ചു …….ഇന്ന് തൊട്ടു ലെച്ചുവിന്റെ മിദു ആണ് ഇത്…..” ഞാൻ അവളിലേക്ക്‌ താഴ്നന്നിരുന്നു പറഞ്ഞു…..അവൾ എന്നെ നോക്കി ചിരിച്ചു കൃഷ്ണേച്ചിയെ നോക്കി….. “അച്ഛയും അങ്ങനാ വിളിക്കുന്നേ ഫോണിൽ…….” “ആണോ…… ഏട്ടൻ എവിടെയാ ചേച്ചി…….. ഗള്ഫിലാണോ……..?” ആ മുഖതു ഒരു നിമിഷം കൊണ്ട് ദുഃഖം നിറയുന്നത് കണ്ടു…..പെട്ടന്നുതന്നെ പുള്ളിക്കാരി ഗൗരവത്തിന്റെ മൂടുപടം എടുത്തണിഞ്ഞു…… “ഇതാണ് മുറി…….വൈഗ ഫ്രഷ് ആയി കൊള്ളൂ….. ”

അതും പറഞ്ഞു ചേച്ചി പിന്തിരിഞ്ഞു…..പിന്നെ എന്നോടായി പറഞ്ഞു….. “വൈഗ ….. മൈഥിലിയുടെ അച്ഛനും ഞാനും സെപ്പറേറ്റഡ് ആണ്…… ” ചേച്ചി മോളെയും കൊണ്ട് നടന്നു പോയി…….. എന്നെ തിരിഞ്ഞു നോക്കി പോയ ആ കുഞ്ഞു കണ്ണുകളിൽ ഒരു കുഞ്ഞു വൈഗയെ എനിക്ക് കാണാൻ കഴിഞ്ഞു….. ഒറ്റപ്പെടലിന്റെ വേദന അവൾക്കായി മറഞ്ഞു കിടപ്പ്ണ്ട് എന്ന് തോന്നി…… മുറിക്കുള്ളിലേക്ക് കടന്നപ്പോൾ തന്നെ കണ്ടു കാക്കി കുപ്പായം …… ഈശ്വരാ ഇയാൾ ഇന്നലെയും ഡ്യൂട്ടിക്ക് പോയോ……. ആകമാനം നോക്കി… വീട് പോലെ തന്നെ വിശാലമായ മുറി…പഴയതു എങ്കിലും ആഢ്യത്വം തോന്നുന്ന കട്ടിലും മേശയും എല്ലാം ….. മുറി ഒന്ന് നോക്കി…… എനിക്കായുള്ള വസ്ത്രങ്ങൾ മെത്തയിൽ എടുത്തു വെച്ചിരിക്കുന്നു….ചേച്ചിയാകും….. ഞാൻ വേഗം മുറി പൂട്ടി…. ഒറ്റയ്ക്കായപ്പോൾ എന്തോ ഭയം……. ഞാൻ ഇന്ന് ഈ മുറിയിൽ ഒരു അന്യ പുരുഷനോടൊപ്പം ……..

ആ ചിന്ത തന്നെ എന്നെ ഭയപ്പെടുത്തി…. വേണമായിരുന്നോ വൈഗാ…… അബദ്ധായില്ലേ …… ഒളിചോടിയാലോ….ഞാൻ ചുറ്റും നോക്കി…….തട്ടുള്ള വീടാണ്….. ഓട് പൊളിക്കാൻ ഒന്നും പറ്റില്ല…… നല്ല ഉയരവും ഉണ്ട്…….ഒളിച്ചോടിയാലും ആ കാക്കി കണ്ടു പിടിക്കില്ലേ …… അയാൾ ഇന്ന് എന്നെ ഉപദ്രവിക്കുമോ……ഇല്ലാ…… അയാൾ അങ്ങനെ ചെയ്യില്ല….അയാൾക്ക്‌ വിവാഹം എന്ന സബ്രദായം തന്നെ ഇഷ്ടല്ലല്ലോ …… അപ്പൊ അയാൾക്ക്‌ ഒന്നും ചെയ്യാൻ തോന്നില്ലായിരിക്കും….. ഇല്ലാ അയാൾ ഒന്നും ചെയ്യില്ല…. ചെയ്യുമോ……ഇല്ലാ…… അതിനു ഞാൻ സമ്മതിക്കില്ല….. %%%ഡും ഡും %%%% ഈശ്വരാ വാതിൽ മുട്ടുന്നു…..ആ കാക്കി ആയിരിക്കും….. വാതിൽ തുറക്കണമോ…..വേണ്ടാ ഞാൻ വേഗം കുളിമുറിയിൽ കയറി ഷവർ തുറന്നു വിട്ടു…. പിന്നെ വാതിലിൽ മുട്ട് കേട്ടില്ല…..

പലതും ആലോചിച്ചു സാവധാനം കുളിച്ചു ….. അച്ഛനെയൊന്നു വിളിക്കാൻ തോന്നി….. അച്ഛന്റെ ഉള്ളു വൈഗയ്ക്കു വേണ്ടി വിങ്ങുന്നുണ്ടാവും….. അച്ഛൻ മാത്രം….രേവതി ചിറ്റ ….അവരുടെ കണ്ണുകളിൽ ഇന്ന് ഞാൻ കണ്ടു നിറഞ്ഞ സന്തോഷം ….. അവർ വന്ന അന്ന് തൊട്ടു എന്നെ ഒഴിവാക്കാനുള്ള അവരുടെ നീണ്ട പദ്ധതി ഇന്നാണ് നടപ്പിലായതു…… യാത്ര ചോദിക്കുമ്പോൾ എന്റെ കാതോരം മന്ത്രിച്ചത്‌…… .”വൈഗാലക്ഷ്മി …നിന്നെ ഞാൻ കുടിയിറക്കുകയാണ് എന്നെന്നേക്കുമായി … ഒരു ഇത്തിൾക്കണ്ണിപോലെ ഇനിയും കടന്നു വരരുത് ഞങ്ങളുടെ കൊച്ചു സ്വർഗ്ഗത്തിലേക്ക്…ആജ്ഞയല്ല …അപേക്ഷയാണ്……. ” ഇത്രയും കാലം അവർ വേദനിപ്പിച്ച വാക്കുകളിൽ എന്നെ ഏറ്റവും സ്പർശിച്ച വാചകം….അവരുടെ കൊച്ചു സ്വർഗ്ഗം…… എന്റെ അച്ഛനോടൊപ്പം ഉള്ള അവരുടെ കൊച്ചു സ്വർഗ്ഗം……

അതിന്റെ ഓരത്തു നിന്നിരുന്ന ഒരു കൊച്ചു വൈഗയുടെ ചിത്രം എന്നെ വല്ലാതെ തളർത്തി……. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും വൈഗ കൂട്ടുകാരികളുടെ വീടുകളിലും വായനശാലയിലും കുളക്കടവിലും ആല്മരച്ചുവട്ടിലും വയലോരങ്ങളിലും കറങ്ങി നടന്നത് ആ സ്വർഗ്ഗത്തിലെ ഇത്തിൾക്കണ്ണി ആവാണ്ടിരിക്കാനായിരുന്നില്ലേ ……കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു…… എത്ര നേരം ഷവറിനടിയിൽ നിന്നും എന്നറിയില്ല…….ഒന്ന് ആശ്വാസം തോന്നിയപ്പോൾ പുറത്തിറങ്ങി…സമയം നോക്കി ഞാൻ ഞെട്ടി പോയി…ഒരുപാട് വൈകിയിരിക്കുന്നു…ഈശ്വരാ …..വേഗം അവിടെ ഇരുന്ന വസ്ത്രം എടുത്തു തുറന്നു നോക്കി…ഞെട്ടി പോയി….. വലിയ കൽ വർക്കുകൾ ഉള്ള സാരി ……..പെട്ടുവല്ലോ കൃഷ്നാ …… സാരി ഉടുക്കാൻ അറിയില്ലല്ലോ….

സെറ്റും മുണ്ടും ധാവണിയും ഉടുക്കാറുള്ളു…അതും വല്ലപ്പോഴും…. മൊബൈലും ഇല്ലാ…യൂട്യൂബിലെങ്കിലും നോക്കാമായിരുന്നു…. പിന്നൊന്നും നോക്കിയില്ല ഒരു ധാരണ വെച്ചു ഉടുത്തു…… കണ്ണാടിയിൽ നോക്കിയപ്പോൾ സാരി പോലുണ്ട് ……പക്ഷേ എന്തോ ഒരു കുഴപ്പം… എന്താ അത്…അപ്പോഴേക്കും വാതിലിൽ വീണ്ടും മുട്ട് തന്നെ ….നല്ല ശക്തിയായ ഇടി ….. ഇത് അയാൾ തന്നെ …. ഞാൻ വേഗം വാതിൽ തുറന്നു…… കാക്കിയാണ്……എന്നെ തുറിച്ചു നൊക്കി അകത്തേക്ക് കയറി…. എന്നിട്ടു മുറി ആകെ നോക്കി…… “ഇത് എന്താ……ഇത്……?” എന്റെ മാറ്റിയ സാരിയും തലയിലെ ടൗവ്വലും മെത്തയിൽ കിടപ്പുണ്ടായിരുന്നു……ധിറുതിക്കു എനിക്ക് ഒതുക്കാൻ കഴിഞ്ഞിരുന്നില്ല…….അതിനെ ചൂണ്ടി എന്തോ അത്യാഹിതം നടന്നത് കണക്കു നില്പുണ്ട്. “സോറി ….സോറി…… വാതിൽ മുട്ട് കേട്ടപ്പോൾ എനിക്ക് പെട്ടന്ന് …….”

ഞാൻ പൂർത്തിയാക്കാതെ വേഗം സാരി എടുത്തു മടക്കാൻ തുടങ്ങി….. “രണ്ടു മണിക്കൂറായി ഞാൻ പുറത്തിരിക്കുന്നു…….എനിക്ക് വേഷം മാറേണ്ടേ……..” അപ്പോഴാണ് ഞാൻ കാക്കിയെ ശ്രദ്ധിച്ചത്…രാവിലത്തെ അതേ വേഷം…ഞാനോ…ഇന്നത്തെ നാലമത്തെ വേഷവും… അയാൾ എന്നെ ശ്രദ്ധിക്കാതെ അലമാര തുറന്നു ടൗവലും എടുത്തു കുളിമുറിയിലേക്ക് പോയി…… ഞാൻ കണ്ണാടിക്കു മുന്നിൽ വന്നു…… എന്താണ് ഈ സാരിയുടെ പ്രശനം….എന്തെങ്കിലും ആവട്ടെ…..ഞാൻ തലയൊക്കെ ഒന്ന് ഉണക്കി…..ചെറുതായി ഒന്ന് ഒരുങ്ങി… “ഏട്ടത്തി ഒരുങ്ങിയില്ലേ ……” രുദ്രയാണ്…… “ഇല്ലാ എന്റെ മോളേ ……..ഈ സാരി ഒന്ന് ഒതുക്കി തരുവോ…….” ദയനീയതയോടെ ഞാൻ ചോദിച്ചു….. “അതിനെന്താ……..ചേച്ചി വായോ…..” നിമിഷ നേരം കൊണ്ട് അവൾ സാരി ഭംഗിയാക്കി…..

പിന്നെ വലിയ ബഹളം ഒന്നുമില്ലാത്ത ഒരു സിമ്പിൾ ഒരുക്കം …… അപ്പോഴേക്കും അർജുനേട്ടൻ ഇറങ്ങി……. തല തുവർത്തുന്നുണ്ട്…..ഒപ്പം ഒരു ചോദ്യവും……. “കഴിഞ്ഞില്ലേ …..?…” “ഉവ്വ് ഏട്ടാ…….” രുദ്ര എന്നെ നോക്കി ഒന്ന് ചിരിച്ചു പുറത്തേക്കു പോയി ….ഞാൻ തിരിഞ്ഞു കാക്കിയെ നോക്കിയതും എന്നെ നോക്കി വാതിൽ ചൂണ്ടി പറഞ്ഞു….. “ന്നാ പിന്നെ അങ്ങട് പോവല്ലേ ……..” ഞാൻ കിളി പറന്നു നിന്നു ……ഇയാൾ എന്നോട് ഗെറ്റ് ഔട്ട് അടിച്ചതാണോ…..ഞാൻ അയാളെ മിഴിച്ചു നോക്കി…… ” ഇയാൾക്ക് ചിരിക്കാനറിയില്ലേ ……..?” ഞാനാട്ടോ…… എന്നെ ഒന്ന് ഇരുത്തി നോക്കിയിട്ടു മിന്നൽ പോലെ വന്നു കൈ മുട്ടിനുമേൽ ശക്തിയായി പിടിച്ചു പുറത്താക്കി വാതിൽ അടച്ചു….. ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ കണ്ണ് നിറഞ്ഞു….ആരെങ്കിലും കണ്ടോ എന്ന് ഞാൻ ചുറ്റും നോക്കി……ഇല്ലാ…..ആരുമില്ല…….

മുകപ്പിലെ കൈവരിയിലേക്കു ചാരി പുറത്തേക്കു നോക്കി…… ചെറിയ ചാറ്റൽ മഴ തുടങ്ങുന്നു…..അടുത്ത് ഏതോ അമ്പലത്തിലെ ഭജന കേൾക്കാം…… തൊഴുതു മടങ്ങുന്നവരെയും അബലത്തിലേക്കു പൂക്കളുമായി പോകുന്നവരെയും കാണാം…..കാഴ്ചകൾ മങ്ങിയെങ്കിലും പെട്ടന്ന് തന്നെ അത് മാറി തെളിഞ്ഞു……. വീണ്ടും വീണ്ടും വൈഗ ഒറ്റയ്ക്ക് തന്നെയാണ്……അത് ഇനി മാറില്ല……മാറ്റം ഞാൻ ആഗ്രഹിക്കുന്നുമില്ല…… കാറ്റിൽ ഒന്ന് രണ്ടു തുള്ളുകൾ എന്റെ മുഖത്തേക്ക് വീഴുന്നുണ്ട്. വിശാലമായ മുറ്റം. പന്തൽ പോലെ വൃക്ഷങ്ങൾ….. അവിടൊരു ഊഞ്ഞാലിടണം……. അപ്പോളിതുപോലെ മഴപെയ്താൽ എന്ത് രസമായിരിക്കും…… ആ കാറ്റിൽ മഴത്തുള്ളികൾ വീഴുമ്പോൾ………ഞാൻ കണ്ണടച്ച് നിന്നു…… “ഡോ……താനിതുവരെ താഴെ പോയില്ലേ ….?…” ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി……. അർജുനേട്ടൻ ആണ്…..

എന്നെ കടന്നു ഗോവണിയിലേക്കു നടന്നിരിക്കുന്നു… ഞാൻ അങ്ങോട്ട് ഒന്ന് നോക്കി…….പുള്ളി തിരിഞ്ഞു നോക്കിയില്ല…… ഞാൻ പുറത്തേക്കു നോക്കി നിൽപ്പ് തുടർന്നു…… അൽപ സമയം കഴിഞ്ഞപ്പോൾ രുദ്ര വന്നു…….. “ഏട്ടത്തി ….താഴേ എല്ലാരും തിരക്കുന്നു…..” രുദ്ര …… പതിനെട്ടു വയസ്സ് തോന്നിക്കുന്ന സുന്ദരി…… നീണ്ട മുടി…. നിതംബം വരെയുള്ള മുടി ഈ കുടുംബത്തിന്റെ ട്രേഡ് മാർക് ആണ് എന്ന് തോന്നുന്നു…. ഇവിടത്തെ അമ്മയ്ക്ക് കൃഷ്ണേചിയ്ക്കു രുദ്രയ്ക്ക് സുഭദ്രയ്ക്ക് അങ്ങനെ ഒത്തിരി പെൺകുട്ടികൾക്ക്…. ഞാൻ അപ്പൊ എന്റെ തോളറ്റം വരെ ലയർ കട്ട് ചെയ്തിരിക്കുന്ന എൻ്റെ മുടി ചുരുളിലേക്കു നോക്കി……. അവളോടൊപ്പം താഴെ ഇറങ്ങിയപ്പോൾ കണ്ടു പല കാറിലേക്ക് കയറുന്ന ബന്ധുക്കളെ……. റിസപ്ഷൻ ഏതോ ഹാളിൽ വെച്ചായിരുന്നു….

ഇത്രയും മനോഹരമായ ഒരു വീടും വിശാലമായ മുറ്റം ഉണ്ടായിട്ടും ഇവർ എന്തിനാ ഹാൾ എടുത്തത്…… “ന്താ കുട്ടിയെ ഇത്ര താമസം…..വരൂ …. സമയമായി ….” അക്ഷമയോടെ അർജുനേട്ടന്റെ അമ്മാവൻ…. ഞാൻ പുള്ളിയെ ആകപ്പാടെ നോക്കി…..നല്ല തടിച്ചു ഉരുണ്ടു പനിനീർപ്പൂവിന്റെ നിറമുള്ള കവിളുകൾ ഉള്ള ഒരു മനുഷ്യൻ… ഈ കുടുമ്ബത്തിൽ തന്നെ ഏറ്റവും നിറം പുള്ളിക്കാണ് …നടത്തത്തിനു ഒരു സ്ത്രൈണത ഉണ്ടോ …… ഈ മനുഷ്യനെ കാണുമ്പോ ഇയാളുടെ വെപ്രാളം ഒന്ന് കൊണ്ട് മാത്രം നടന്ന എന്റെ തട്ടിക്കൂട്ടു പെണ്ണുകാണൽ ഓർമ്മ വരും….. “ന്താ നോക്കണേ ഇറങ്ങു കുട്ടിയേ …….” വീണ്ടും അതേ സ്വരം ……. ഇത് കേൾക്കുമ്പോ ഇപ്പൊ അര്ജുനേട്ടനെയും ഓർമ്മ വരുന്നു…. “അങ്ങട് കെട്ടൂ അർജുനാ…” എന്ന അമ്മാവന്റെ ഒറ്റ കീറ്റലിൽ എന്നെ താലി കെട്ടിയ അർജുനേട്ടന്റെ മുഖം…..

ഞാൻ അറിയാതെ ചിരിച്ചു പോയി…… എല്ലാരും പെട്ടന്ന് എന്നെ തിരിഞ്ഞു നോക്കി അത്ഭുതത്തോടെ….. കാരണം എല്ലാരും ശാന്തരായി എന്നെ നോക്കി നിൽക്കുകയായിരുന്നു…..അമ്മാവൻ ഇത്രയും ധൃതി കാണിച്ചിട്ടും മെല്ലെ നടക്കുന്ന എന്നെ കണ്ടു ഞെട്ടി പോയതായിരിക്കാം…. എന്താ ചെയ്യാനാ……പണ്ടേ അനുസരണ ശീലം ലേശം കമ്മിയാണ് എനിക്ക്… കാക്കിയെ ചുറ്റും നോക്കി കണ്ടില്ല……ഞാനും ഒരു കാറിൽ കയറി……എനിക്കടുത്തായി രുദ്രയും മിധുവും …. അർജുനെട്ടനെ നോക്കി കണ്ടില്ലാ… അമ്മയും കൃഷ്ണേച്ചിയും….. നേരത്തെ ഹാളിലേക്ക് പോയിരുന്നു… എല്ലാ കാറും എടുത്തു തുടങ്ങിയപ്പോൾ….അമ്മാവൻ വന്നു മുന്നിൽ കയറി….അർജുനേട്ടൻ ഡ്രൈവിംഗ് സീറ്റിലും…

മുന്നിൽ നീണ്ടു നിവർന്നു വലിയ കാർന്നോരായി ഇരിക്കുന്ന അമ്മാവനെ കണ്ടപ്പോൾ എനിക്ക് തോന്നി അർജുനേട്ടൻ കെട്ടിയതു അമ്മാവനെയാണോ…..എന്ന്….. ആ ഇരുപ്പു കണ്ടപ്പോൾ വന്ന ചിരി ഞാൻ കടിച്ചമർത്തി…..പിന്നിലേക്ക് ചാരി ഇരുന്നു…..അപ്പോഴാ മുന്നിലെ മിറാറിലൂടെ എന്നെ നോക്കുന്ന അർജുനെട്ടനെ കണ്ടത്….. ആ തീക്ഷ്ണമായ നോട്ടത്തിൽ എന്റെ ചിരി മെല്ലെ മാഞ്ഞു പോയി…. ഞാൻ നിഷ്‌കു ഭാവത്തിൽ പുറത്തേക്കു നോക്കി ഇരുന്നു….. റിസപ്ഷൻ വളരെ ശാന്തമായിരുന്നു എന്ന് എല്ലാർക്കും തോന്നാം…..എനിക്ക് ശോകായിട്ടാണ് തോന്നിയത്…ഇന്നലെ എന്റെ വീട്ടിലെ മേളം ഞാൻ ഒരു നിമിഷം ചിന്തിച്ചു പോയി…..എന്ത് പാട്ടായിരുന്നു …..ഞാനും വൃന്ദയും ഇന്ദുവും കസിൻസും ‌ സ്വയം മറന്നു ആടി തിമിർത്തു …… അച്ഛനും കൂട്ടരും ഒപ്പം കൂടി മേളമായിരുന്നു…ഇവിടെയോയോ…വരുന്നു ഗിഫ്ട് തരുന്നു….

അഞ്ചു മിനിറ്റ് ഇരിക്കുന്നു….ഭക്ഷണം കഴിക്കുന്നു…പോവുന്നു….ഇതെന്നെ …. ഈശ്വരാ …ഞാൻ ഇവിടെ പോസ്റ്റ് ആയി നിൽക്കുന്നു….. അമ്മയുടെയും അർജുനെട്ടെന്റെയും സഹപ്രവർത്തകരും കൃഷ്ണേച്ചിയുടെയും രുദ്രയുടെയും കൂട്ടുകാർ …… ചില ബന്ധുക്കളും അയൽക്കാരും….ഇവരൊക്കെയാണ് അതിഥികൾ . അർജുനേട്ടൻ മാത്രമല്ല അമ്മയും കൃഷ്ണേച്ചിയും എല്ലാരും ഗൗരവക്കാരും മിതഭാഷികളും ആണ് … അതിഥികളോട് പോലും ചെറു ചിരിയും അത്യാവശ്യ വാക്കുകളും മാത്രം… മ്മള് അങ്ങനല്ലാട്ടോ ….. അർജുനേട്ടൻ ആരെയെങ്കിലും പരിചയപ്പെടുത്തി തരും…..മതീല്ലോ ….അതുവഴി മ്മള് അങ്ങ് പിടിച്ചു കയറി …..പിന്നെ തൃശൂർ ടൗൺ മൊത്തം ഞാൻ അവരെ വാക്കുകളാൽ കറക്കും…….വെറുതെ ഒരു രസം….. വേറെ പണി ഒന്നുമില്ലല്ലോ…..

ഒടുവിൽ ഗത്യന്തരമില്ലാതെ ‘അമ്മ എന്റെ അടുത്ത് വന്നു….സാരി ശെരിയാക്കുന്നതു പോലെ എന്റെ സാരിയിൽ തൊട്ടു കൊണ്ട് എന്റെ കാതോരം പറഞ്ഞു…. “ആള്ക്കാര് ചോദിക്കുന്നതിനു മാത്രം മറുപടി പറഞ്ഞാൽ മതീട്ടോ…… അടക്കം ഒതുക്കം പെണ്ണിന് അലങ്കാരമാണ്….കേട്ടോ…..വൈഗാ ……” ഒരു അമർഷമടങ്ങിയ ചെറു പുഞ്ചിരി എനിക്കായി സമ്മാനിച്ച് പുള്ളിക്കാരി തിരിഞ്ഞു നടന്നു…..അത് എനിക്ക് എന്തോ എവിടെയോ ഒരു പോറൽ ഏൽപ്പിച്ചുവോ…?….ഇല്ലാ…… ന്നാലും…കുറച്ചു..?….ഞാൻ ഓവർ ആയോ…?….ഞാൻ അടുത്തായി നിൽക്കുന്ന അർജുനെട്ടനെ നോക്കി…… കണ്ണുരുട്ടൽ പ്രതീക്ഷിച്ചു നോക്കിയാ ഞാൻ കണ്ടത് ഒരു കുസൃതിചിരി മിന്നി മറഞ്ഞു നിൽക്കുന്ന അർജുനെട്ടന്റെ മുഖമായിരുന്നു…… എനിക്കതിശയമായിരുന്നു ആ മുഖത്ത് എനിക്കായി ഒരു കുഞ്ഞിച്ചിരി മിന്നി മറഞ്ഞതിൽ….. “നന്നായീ……

ഞാൻ അങ്ങട് പറയാൻ ഇരിക്കുകയായിരുന്നു……” എന്റെ ചെവിയോരം വന്നു മെല്ലെ പറഞ്ഞിട്ട് ഒന്നും അറിയാത്ത ഭാവത്തിൽ മുന്നോട്ടു നോക്കി നിന്നു….ഞാൻ അയാളെ നോക്കി കണ്ണുരുട്ടി….ആര് കാണാൻ ….എന്നെ നോക്കുന്നേയില്ല…… ഒരു കാക്കിയും അയാളുടെ ഒരു ടീച്ചർ അമ്മയും ഒരു പ്രൈവറ്റ് ബസ്സിലെ കിളിയെ പോലൊരു അമ്മാവനും… എല്ലാത്തിനെയും ഞാൻ മര്യാദ പഠിപ്പിക്കുന്നുണ്ട്…… വൈഗാ ലക്ഷ്മിയാണ് ഞാൻ…….ഈശ്വരാ അത്രയ്ക്കും വേണോ ….ആ…ഇരിക്കട്ടെ ….. (കാത്തിരിക്കണംട്ടോ ) വൈഗ അത്ര പാവം ഒന്നുമല്ല …..പ്രശ്നക്കാരിയുമാണ്……എന്നാൽ അവൾ ദുഷ്ടയാണോ….?..നോക്കാം……. തുടരും …. ഇസ സാം…

ചങ്കിലെ കാക്കി: ഭാഗം 4

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!