ദാമ്പത്യം: ഭാഗം 25

ദാമ്പത്യം: ഭാഗം 25

എഴുത്തുകാരി: തുഷാര ലക്ഷ്മി

ചുറ്റിനും ഇരുളിമ പരന്നു തുടങ്ങിയിരുന്നു ….തെരുവുവിളക്കുകൾ തെളിഞ്ഞു പ്രകാശിക്കുന്നു…..അകലെ ചെറുവള്ളങ്ങളിൽ നിന്നുള്ള വെട്ടം പൊട്ടു പോലെ കാണാം……ഒറ്റയ്ക്കും, കുടുംബമായും,കൂട്ടുകാരുമായുമെത്തിയവരുടെ തിരക്കായിരിക്കുന്നു ചുറ്റിനും…..അങ്ങിങ്ങായി തങ്ങളുടെ ജോലിയിൽ വ്യാപൃതരായി കച്ചവട സംഘങ്ങളും….. നൂറായിരം ചോദ്യങ്ങൾ ഈ നേരം കൊണ്ടു അരവിന്ദിന്റെ മനസ്സിൽ ഉരുത്തിരിഞ്ഞു വന്നിരുന്നു……കൃത്യമായി ഉത്തരമില്ലാതെ അതെല്ലാം കൂടി ആഴമറിയാത്തൊരു ചുഴിയായി മാറി… കൈപ്പിടിയിലൊതുങ്ങാതെ മനസ്‌ എപ്പോഴോ ആ ചുഴിയിലകപ്പെട്ടു പോയിരുന്നു… ചില നേരങ്ങളിൽ നിമിഷ തന്നോട് കാണിക്കുന്ന അകൽച്ചയ്ക്ക് കുറച്ചു മുൻപ് ശ്യം പറഞ്ഞ കാര്യങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ….??

വെങ്കിയും നിമിഷവും സുഹൃത്തുക്കൾ മാത്രമല്ലേ…?? ശ്ശേ….എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്…..ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലുടനെ നിമിഷയെ സംശയിക്കുന്നവനാണോ താൻ …??? ഇത്ര വിശ്വാസമേയുള്ളോ അവളോട്‌..?? ഇല്ല….പാടില്ല….ഒരിക്കലും കൈ വിടില്ലെന്ന് വാക്ക് കൊടുത്ത് കൂടെ കൂട്ടിയതാണ്…. ആ നിമിഷം സ്വന്തം മനസ്സിനോടവന് നീരസം തോന്നി…..ഒരുപക്ഷെ അഭി പറഞ്ഞിട്ടാണ് ശ്യം ഇന്നിങ്ങനെയൊരു നാടകവുമായി വന്നതെങ്കിൽ വെറുതെ ഒരു പാവം പെണ്ണിനെ അപമാനിക്കാൻ താൻ കൂടി കൂട്ടു നിൽക്കുന്ന പോലെ ആകില്ലേ….?? അവളിതറിഞ്ഞാൽ സഹിക്കാൻ കഴിയില്ല…..തന്റെ മനസ്സിലെ ദുഷിഞ്ഞ ചിന്തകളെ ഈ കടലിലേക്കെറിഞ്ഞു വേണം അവൾക്കടുത്തെത്താൻ….

സംശയരോഗിയായ ഒരു ഭർത്താവാകണ്ട തനിക്ക്…. . പക്ഷേ ശ്യം എന്തിന് തന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ആലോചിച്ചപ്പോൾ മനസ്‌ വീണ്ടും അസ്വസ്ഥമായി…..കൂടുതൽ ആലോചിച്ചാൽ എടുത്ത തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന വിധത്തിൽ സങ്കീർണമാവുകയാണ് മനസ്‌….. സ്വസ്ഥത നശിച്ച മനസ്സുമായിട്ടാണ് അരവിന്ദ് വീട്ടിലെത്തിയത്…. പോർച്ചിലേയ്ക്ക് കാർ കയറ്റി നിർത്തി പുറത്തിറങ്ങാതെ സ്റ്റീയറിങിലേയ്ക്ക് തല ചായ്ച്ചു കിടന്നു ഏറെ നേരം….. ഇടിമുഴക്കം പോലെ ശ്യാമിന്റെ വാക്കുകൾ പിന്നെയും മനസ്സിൽ മുഴങ്ങി കേൾക്കുന്നു…. കലുഷിതമായ മനസ്സോടെയാണ് വണ്ടിയിൽ നിന്നിറങ്ങി വീട്ടിലേക്ക് കയറിയത്…. മുറിയിലെത്തിയതും കണ്ടു കട്ടിലിൽ കമിഴ്ന്നു കിടന്നു ഫോൺ നോക്കുന്ന നിമിഷയെ….

എപ്പോഴും ഫോണിൽ തന്നെയാണല്ലോ എന്നൊരു നിമിഷം ചിന്തിച്ചു…..താൻ വന്നത് കണ്ടിട്ടും കാണാത്തത് പോലെ കിടക്കുന്നവളെ അന്നാദ്യമായി അവൻ ഈർഷ്യയോടെ നോക്കി….. തലവേദനയാണ്, ഒരു ചായ വേണമെന്നവളോട് പറയുമ്പോഴും ആ മുഖത്തെ ഭാവം സൂഷ്‌മം നിരീക്ഷിക്കുന്നുണ്ടായിരുന്നു അവനും…. പറഞ്ഞത് ഇഷ്ടപ്പെടാതെ, ചെയ്തു കൊണ്ടിരുന്ന ജോലിയിൽ തടസമേൽപ്പിച്ച നീരസത്തോടെ കട്ടിലിൽ നിന്നു ചാടി എഴുന്നേൽക്കുന്നവളെ അവൻ വേദനയോടൊന്നു നോക്കി…..ഇപ്പോ തന്റെ ഒരു കാര്യങ്ങളും അവൾ ശ്രദ്ധിക്കാറില്ലയെന്നു ഓർത്തു ആ നിമിഷം….. കല്യാണത്തിന് മുൻപുണ്ടായിരുന്ന സ്നേഹവും, കരുതലുമൊക്കെ ഓർമ്മകൾ മാത്രമാണിന്ന്….

പരിഭവം തോന്നിയിട്ടുണ്ടെങ്കിലും അവളോടത്‌ പ്രകടിപ്പിച്ചിട്ടില്ല… മുൻപത്തെ പോലെ ഒരു പ്രണയിനി മാത്രമല്ല ഇന്നവൾ ,ഒരമ്മ കൂടിയാണ്….. കുഞ്ഞിന് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതായി കരുതി സമാധാനിക്കുകയാണ് പലപ്പോഴും…. പക്ഷേ ഇപ്പോൾ സ്വയം കണ്ടെത്തുന്ന ആ കാരണങ്ങൾ മതിയാകാതെ വരുന്നു ശ്യാമിന്റെ വാക്കുകൾ പോറലേൽപ്പിച്ച മനസ്സിലെ വേദന അടങ്ങാൻ….. ” ഇതെന്താ പുതിയ ശീലമൊക്കെ…..താഴെ പോയല്ലേ എന്നും ചായ കുടിക്കാറ്…??അതുമല്ല കഴിക്കാറായല്ലോ… നമുക്ക് താഴേയ്ക്ക് ………” നിമിഷയെ തടഞ്ഞു കൊണ്ടു മറുപടി കൊടുക്കുമ്പോഴേക്കും തൊട്ടു മുൻപ് കാരണമായി പറഞ്ഞ ആ കള്ള തലവേദന വിരുന്നെത്തിയിരുന്നു…..

എനിക്കൊന്നു കിടക്കണം നിമിഷ….പറ്റിയാൽ ഒരു ചായ കൊണ്ടു തരൂ….. മറുപടി ഒന്നും പറയാതെ മുറിയിൽ നിന്നിറങ്ങി പോകുന്നവളെ ശ്രദ്ധിക്കാതെ കട്ടിലിലേയ്ക്ക് ചാഞ്ഞു കണ്ണുകളടച്ചു കിടന്നു…. അവൾ മുറിവിട്ടെന്ന് ഉറപ്പായതും കണ്ണുകൾ തുറന്നു….കട്ടിലിൽ മറന്നു വെച്ച ഫോൺ കയ്യിലെടുത്തു….. തന്റെ ഫോൺ തന്നെക്കാൾ മനഃപാഠമാണ് നിമിഷയ്ക്കു…പക്ഷേ അവളുടേത് അന്നത് ഷോപ്പിൽനിന്നു വാങ്ങിയപ്പോൾ ഒന്നു നേരെ കണ്ടതാണ്…… ഓരോന്നോർത്ത് അത് ഓൺ ആക്കാൻ ശ്രമിച്ചെങ്ങിലും ലോക്കായിരുന്ന കാരണം ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു….. നിരാശയോടെ ഫോൺ തിരികെ വെയ്ക്കുമ്പോഴേയ്ക്കും മനസ്സിൽ പിന്നെയും അവളെ സംശയിക്കുന്നതോർത്ത് കുറ്റബോധം തോന്നി….

മനസ്സിന്റെ ഒരു പാതി നിമിഷയെ ചേർത്ത് നിർത്താൻ ആവശ്യപ്പെട്ടു അവനെ സമാധാനിപ്പിക്കുമ്പോഴും മറുപാതി അവളെ സംശയിക്കാനുള്ള കാരണങ്ങൾ കണ്ടെത്തി സ്വസ്ഥത കെടുത്തി തുടങ്ങിയിരുന്നു…… 💙🎼💙💙🎼🎼💙💙💙💙🎼🎼💙💙🎼💙 അഭി ഹോസ്പിറ്റലിലേക്ക് പോയതിനു പിന്നാലെ ജോലികളൊതുക്കുന്ന തിരക്കിലായിരുന്നു ആര്യ….ഇതിനിടയിൽ പ്രീതച്ചേച്ചിയെ കാണാൻ അവരുടെ ഫ്ലാറ്റിലും പോയി… രണ്ടു ദിവസത്തെ വിശേഷങ്ങളൊക്കെ പറഞ്ഞു തീർത്തു തിരിച്ചെത്തിയപ്പോഴേക്കും ഉച്ചയാകാറായിരുന്നു…. ക്ഷീണം തോന്നിയെങ്കിലും കാര്യമാക്കാതെ എല്ലാം ചെയ്തു തീർത്തു…. ഒന്നു കുളിച്ചപ്പോഴേക്കും ക്ഷീണം പകുതി കുറഞ്ഞ പോലെ….

ടീവി ഓൺ ചെയ്ത് സോഫയിലേക്ക് ചാരി ഇരുന്നു…… പക്ഷേ ആ കാഴ്ചകളിൽ ഒന്നും മനസ്സുറക്കാതെ അതിൽ നിറഞ്ഞത് കുറച്ച് മുന്നേ ശാന്തയാന്റി പറഞ്ഞ കാര്യങ്ങളായിരുന്നു….. നിമിഷയുടെ വിശേഷങ്ങളൊക്കെ അവരെ രണ്ടാളെയും പറഞ്ഞു കേൾപ്പിച്ചു….തന്നോട് ചെയ്ത ദ്രോഹത്തിനു ദൈവം കൊടുത്ത ശിക്ഷയാണ് എന്നാണ് ആന്റിയുടെ കണ്ടെത്തൽ…. കൂടെ അരവിന്ദിനായുള്ള ശാപവാക്കുകളുമുണ്ട്…. ചിരിയോടെ അവർ പറയുന്നത് കേട്ടിരുന്നെങ്കിലും ഒരു നിമിഷം അതേപ്പറ്റി ഓർത്തു പോയി….. ശപിച്ചിട്ടുണ്ടോ താൻ മനസുകൊണ്ടെങ്കിലും…?? തള്ളിപ്പറഞ്ഞപ്പോഴും, ചതിച്ചുവെന്ന് ഉറപ്പായപ്പോഴും, ഉപേക്ഷിച്ചപ്പോഴുമൊക്കെ ഒരുപാടു വേദനിച്ചിട്ടുണ്ട്, അലറി കരഞ്ഞിട്ടുണ്ട്….. തന്റെ കൂടെ ജീവിക്കുമ്പോൾ തന്നെ അയാൾ മറ്റൊരു പെണ്ണിനെ തേടി പോയത് എന്റെ കുറവുകൾ കാരണമാകാമെന്ന തോന്നൽ ഉള്ളിലുള്ളത് കൊണ്ടാകാം ശപിച്ചിട്ടില്ല അയാളെ…….

നിമിഷയുടെ കഴുത്തിൽ താലി കെട്ടിയതിനു ശേഷം എല്ലാ മറക്കാൻ ശ്രമിച്ചിരുന്നു…. പഠനത്തിന്റെ പേര് പറഞ്ഞ് ഈ നാട്ടിലേക്ക് വന്നത് പോലും അതിന്റെ ഭാഗമായിട്ടായിരുന്നു…. അഭിയേട്ടനുമായുള്ള വിവാഹം തീരുമാനിച്ച ശേഷം തന്നെ കാണാൻ വന്നപ്പോൾ അയാൾ പറഞ്ഞ വാക്കുകൾ ഇന്നും മനസ്സിനെ പൊള്ളിക്കുന്നുണ്ട്…അഭിയേട്ടന്റെ കൈപിടിച്ച് നന്ദനത്തേക്ക് കയറിയപ്പോഴും കണ്ടു തന്നെ അവജ്ഞയോടെ നോക്കുന്ന അയാളെ….. അഭിയേട്ടന്റെ കൂടെ തന്നെ കാണുമ്പോഴൊക്കെ ദേഷ്യത്തോടെ പിന്തിരിഞ്ഞു നടക്കുന്ന അയാളെ എത്രയോ വട്ടം കണ്ടിരിക്കുന്നു….. കാളിങ് ബെല്ലിന്റെ ശബ്ദമാണവളെ ആ നോവോർമ്മകളിൽ നിന്നുമുണർത്തിയത്….. എഴുന്നേറ്റു വാതിൽ തുറന്നതും പ്രതീക്ഷിച്ചപോലെ അഭിയേട്ടനായിരുന്നു….

പുഞ്ചിരിയോടെ അകത്തേയ്ക്കു വന്നു ആളൊന്നു ചേർത്ത് പിടിച്ചു….അസ്വസ്ഥമായ മനസ്സിലെ ദുഷ്ചിന്തകളൊക്കെ ക്ഷണ നേരത്തിനുള്ളിൽ ആ സ്നേഹപുഴയിലൊഴുകി പോയിരുന്നു….. കുളി കഴിഞ്ഞു വന്ന അഭിയേട്ടന്റെ തണുത്ത ശരീരത്തിലൊട്ടിയിരുന്നു ചൂട് ചായ കുടിക്കുമ്പോഴൊക്കെ പതിവില്ലാത്തവിധം ഏട്ടൻ തന്നെ ശ്രദ്ധിക്കുന്ന പോലെ തോന്നി…. ഏട്ടൻ കൊണ്ടുവന്ന ഉഴുന്ന് വട കൂടെ ഉണ്ടായിരുന്നു ചായയ്ക്ക് കൂട്ടായി….. പെട്ടെന്ന് വട ചട്ണിയിൽ മുക്കി ഏട്ടൻ തന്റെ നേരെ നീട്ടി… സന്തോഷത്തോടെ തന്നെ സ്വീകരിച്ചു….. അതൊന്നു കഴിച്ചിറക്കി ചായ എടുത്തതേ ഓർമയുള്ളു….. നേരെ വാഷ്‌ബേസിനരികിലേയ്ക്ക് ഓടി…..കുടൽ വരെ പുറത്ത് വരുന്ന പോലെ ഉള്ളിൽ ഉണ്ടായിരുന്നതൊക്കെ ശർദ്ദിച്ചു കളഞ്ഞു….

പുറം ഉഴിഞ്ഞു തന്നു അഭിയേട്ടൻ കൂടെയുണ്ടായിരുന്നു….. ക്ഷീണിച്ചു ഒരടി പോലും നടക്കാൻ കഴിയുന്നില്ലായിരുന്നു….അഭിയേട്ടൻ തന്നെ കൈ പിടിച്ചു കസേരയിൽ കൊണ്ടിരുത്തി…കുടിക്കാൻ വെള്ളമെടുത്തു തന്നു…. അത് കുടിച്ചു അവിടെ തന്നെയിരുന്നു കുറച്ച് നേരം….കിടക്കണമെന്നു പറഞ്ഞതും ആള് തന്നെ റൂമിൽ കൊണ്ടു കിടത്തി തന്റെ കൂടെ ചേർന്നു കിടന്നു….മുടിയിൽ തലോടുന്നതിനൊപ്പം ഇടയ്ക്കിടെ നെറുകയിൽ ആ ചുണ്ടുകൾ അമരുന്നുമുണ്ടായിരുന്നു……. “””ഉറങ്ങിക്കോ….ക്ഷീണം മാറട്ടെ….””” ചിരിയോടെയാണ് പറയുന്നത്….ആളാകെ സന്തോഷത്തിലാണെന്നു തോന്നുന്നു….ആളുടെ സന്തോഷം തന്നെയാണ് തന്റേയും സന്തോഷം….

ഏട്ടന്റെ മുഖത്തേയ്ക്കു നോക്കി കിടന്നു എപ്പോഴോ കണ്ണടഞ്ഞു പോയി…. ആര്യ ഉറങ്ങിയെന്ന് ഉറപ്പായതും അഭി മെല്ലെ എഴുന്നേറ്റു…. നന്നായി പുതപ്പിച്ചു കൊടുത്തു….. പുഞ്ചിരിയോടെ കുറച്ചേറെ നേരം അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു…ക്ഷീണിച്ച മുഖമാണെങ്കിലും വല്ലാത്തൊരു ഭംഗി ആ മുഖത്തുണ്ടെന്നു തോന്നി അവന്…. ഇതുവരെ അവളിൽ കാണാത്ത ഒരു പ്രത്യേക ചന്തം….. പതിയെ കുനിഞ്ഞു അവളിട്ടിരുന്ന ടോപ്പ് മാറ്റി വയറ്റിൽ ഒന്നമർത്തി ചുംബിച്ചു…. പെട്ടെന്ന് അവന്റെ കണ്ണുനിറഞ്ഞു….. പതിയെ ഉയർന്ന് അവളുടെ നെറ്റിയിലും ഒന്നു മുത്തി…. അഭിയേട്ടന്റെ ശബ്ദം കേട്ടാണ് കണ്ണുകൾ തുറന്നത്….. കയ്യിലൊരു ചായയുമായി പുഞ്ചിരിയോടെ നിൽക്കുകയാണ് ആള്… തെല്ലൊരു അതിശയത്തോടെ എഴുന്നേറ്റിരുന്നു…എന്നും താൻ വിളിച്ചുണർത്തുന്ന ആളിതാ തനിക്കു മുന്നേ എഴുന്നേറ്റു ചായയും കൊണ്ടു വന്നു നിൽക്കുന്നു……

അപ്പോഴാണവൾ പുറത്തേയ്ക്കു ശ്രദ്ധിക്കുന്നത്….പുറത്തെ ഇളം വെയിൽ കണ്ടമ്പരന്നു ക്ലോക്കിലേയ്ക്ക് കണ്ണുകൾ പായിക്കുമ്പോഴാണ് ഉറക്കത്തിന്റെ ദൈർഘ്യം മനസിലായത് …..സന്ധ്യയ്ക്ക് കിടന്നതാണ്….രാത്രിയിൽ എപ്പോഴോ അഭിയേട്ടൻ വിളിച്ചുണർത്തുന്നതും കഞ്ഞി കുടിപ്പിക്കുന്നതുമൊക്കെ പതിയെ ഓർമ്മയിൽ തെളിഞ്ഞു വന്നു…. പെട്ടെന്നു ചാടി എഴുനേൽക്കുമ്പോഴേക്കും അഭിയേട്ടന്റെ ശാസന എത്തിയിരുന്നു….. “” സൂക്ഷിച്ചു ഇറങ്ങു ശ്രീ…..ഇങ്ങനെ ധൃതിപിടിച്ച് എവിടെ പോകുവാ നീ…?? “” തെല്ലൊരു ദേഷ്യത്തോടെ പറയുന്ന ആളിലേയ്ക്ക് തന്റെ നോട്ടമെത്തുമ്പോഴേക്കും അടുത്തേയ്ക്കു വന്നു കവിളിൽ മുത്തിയിരുന്നു…. “” പോയി കുളിച്ചു റെഡിയാവ്‌…നമുക്കൊന്ന് പുറത്ത് പോകാം….

ഇന്ന് ഫുഡ്‌ പുറത്തുന്നാകാം…..”” സംശയത്തോടെ നോക്കി നിൽക്കുന്നത് കണ്ടിട്ടും ശ്രദ്ധിക്കാതെ ഇടാനുള്ള ഡ്രസ്സും,തോർത്തുമെടുത്ത് തന്നു ശ്രദ്ധയോടെ ബാത്റൂമിലേയ്ക്ക് പിടിച്ചു കയറ്റിയിരുന്നു…. ഇതെന്ത് പറ്റിയെന്നാലോചിച്ച് ഒരു നിമിഷം നിന്നപ്പോഴേയ്ക്കും പോയി കുളിക്കെടി എന്നാജ്ഞാപിച്ച് ചായക്കപ്പുമായി ഏട്ടൻ പുറത്തേയ്ക്കു പോയിരുന്നു….. നിറഞ്ഞ സന്തോഷത്തിലായിരുന്നു അഭി….അമ്മയറിഞ്ഞില്ലെങ്കിലും തങ്ങൾക്കിടയിലേയ്ക്ക് മൂന്നാമതൊരാൾ വരുന്നതിന്റെ സൂചനകൾ അച്ഛൻ മനസിലാക്കിയിരുന്നു…. അച്ഛൻ!!!….. പുഞ്ചിരിയോടെ അതൊന്നു കൂടി ഉരുവിട്ടു….. അവൻ ആസ്വദിച്ചു തുടങ്ങിയിരുന്നു തന്നിലെ ആ വാത്സല്യ ഭാവത്തെ…..

തന്റെ കുരുന്നിനെ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു അവനിലെ അച്ഛൻ…. ശ്രദ്ധയോടെ വണ്ടിയോടിക്കുന്ന അഭിയിലേയ്ക്ക് ആര്യയുടെ കണ്ണുകൾ പാളി വീഴുന്നുണ്ടായിരുന്നു… തന്നെ കളിയാക്കിയും,പാട്ടുപാടിയും, ആകെ ശബ്ദമുഖരിതമായിരുന്നു എന്നും തങ്ങളുടെ യാത്രകൾ…..ഇന്ന് പക്ഷേ അഭിയേട്ടൻ നിശബ്ദനാണ്….. രാവിലെ ഉണർന്നപ്പോൾ മുതൽ തെളിഞ്ഞു കാണുന്ന അവന്റെ മുഖത്തെ ആ പുഞ്ചിരി മായാതെ നിൽക്കുന്നുണ്ടായിരുന്നു അപ്പോഴും…. കൊച്ചു കുട്ടികളെ പോലെ കൈ പിടിച്ചു നടത്തിയും,പടികളിറങ്ങാൻ സഹായിച്ചും, ഭക്ഷണം വാരിക്കൊടുത്തുമൊക്കെ അവളോടുള്ള കരുതൽ ഓരോ നിമിഷവും പ്രകടിപ്പിക്കുമ്പോൾ അവന്റെ ഈ മാറ്റങ്ങളിൽ ആര്യയും അത്ഭുതപ്പെടുന്നുണ്ടായിരുന്നു….ഒടുവിൽ ക്ഷമ നശിച്ചൊരു നേരത്ത് അവളതിന്റെ കാരണം ആരാഞ്ഞു….

തനിക്കൊരു പ്രൊമോഷൻ കിട്ടിയതിന്റെ സന്തോഷപ്രകടനമാണെന്നു പറയുന്നവന്റെ കണ്ണിലെ കുസൃതി അവളും ശ്രദ്ധിച്ചിരുന്നില്ല ആ നേരം…. പിന്നെയും സംശയം മാറാതെയിരിക്കുന്ന അവളെ ഒന്നു നോക്കി, അവൻ വണ്ടി റോഡിന്റെ ഓരം ചേർന്നു നിർത്തി….. “” നിനക്കറിയണോ ആരാണെനിക്ക് പ്രൊമോഷൻ തന്നതെന്ന്..?? സീറ്റ്‌ ബെൽറ്റ്‌ ഊരി മാറ്റി ആകാംഷയോടെ തന്റെ മുഖത്തേയ്ക്കു നോക്കിയിരിക്കുന്നവളുടെ അടുത്തേയ്ക്കു ചാഞ്ഞു ആ വയറിലേയ്ക്ക് തല ചേർത്തു….. “” ഇവിടെ ഒരാൾ വരവറിയിച്ചിട്ടുണ്ട്….അയാളാണ് എനിക്ക് പ്രൊമോഷൻ തന്നത്…അച്ഛൻ എന്ന പോസ്റ്റിലേക്ക്….”” അത്രയും പറഞ്ഞു വയറിൽ ഒന്നമർത്തി മുത്തി….. ഉയർന്നു വന്നു ആ ചുണ്ടുകളിൽ തന്റെ ചുണ്ട് ചേർത്തു…ചിലനേരങ്ങളിൽ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളേക്കാൾ ചുംബനത്തിനു കഴിയുമെന്നപോൽ…..

പക്ഷേ തന്നെ തള്ളി മാറ്റി അത്ഭുതത്തോടെ,അതിലേറെ സംശയത്തോടെ നോക്കുന്നവളെ ചേർത്തു പിടിച്ചു നെറ്റിയിൽ നെറ്റി ചേർത്തു അവൻ… സത്യം!!!!…. ഞാനൊരു ഡോക്ടറല്ലേ….നിന്റെ ക്ഷീണവും തളർച്ചയുമൊക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…. ഇന്നലത്തോടെ ഏറക്കുറെ ഞാനത് ഉറപ്പിച്ചു…നമുക്ക് കൂട്ടായി ഒരാളിങ്‌ പോന്നിട്ടുണ്ടെന്നു….. പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ആര്യയുടെ തെല്ലുറക്കെയുള്ള കരച്ചിൽ അഭിയിലും സന്തോഷവും, വേദനയും നിറച്ചു…അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിക്കുമ്പോഴും അവനറിയാം അത് സന്തോഷം കൊണ്ടാണെന്നു….. ആദ്യ വിവാഹത്തിൽ നിഷേധിക്കപ്പെട്ട പലതും അവളിലേക്കെത്തുന്നതിന്റെ ആനന്ദമാണാതെന്ന്…..

അവളുടെ കരച്ചിൽ തെല്ലൊന്നൊതുങ്ങിയതും അവളിൽ നിന്നടർന്നു മാറി ആ കണ്ണുകൾ തുടച്ചു കൊടുത്തു…. ഇനി കരയരുത്…സന്തോഷത്തോടെയിരിക്കണം….. നിനക്ക് വേണ്ടി മാത്രമല്ല നമ്മുടെ കുഞ്ഞിന് വേണ്ടിയും… നമ്മളിപ്പോ ഞാൻ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിലേക്കാണ് പോകുന്നത്…. എന്റെ ഫ്രണ്ട് പാർവതിയാണ് അവിടെ ഗൈനക്കോളജിസ്റ്റ്…. അവളെ വിളിച്ചു പറഞ്ഞിട്ടുണ്ട് ഞാൻ….. പറഞ്ഞത് ഓർമയുണ്ടല്ലോ…ഹാപ്പിയായിരിയിരിക്കണം ഇനി എപ്പോഴും… അവളവന്റെ മുഖത്തു നോക്കി സമ്മതമറിയിച്ചു തലയാട്ടുമ്പോഴേക്കും അവളുടെ കവിളത്തൊന്നു തട്ടി അവൻ വണ്ടി മുൻപോട്ടെടുത്തു… അഭിയുടെ വാക്കുകൾ വിശ്വാസമാകാത്ത പോലെ അവൾ സ്വന്തം വയറ്റിൽ ഒന്നമർത്തി…..

ഏട്ടൻ പറഞ്ഞ പോലെ ഇവിടെ അങ്ങനെ ഒരാളുണ്ടോ…??? എന്നിട്ടും തനിക്കെന്തേ അത് മനസ്സില്ലാതെ പോയി…?? ഏട്ടൻ പറഞ്ഞത് സത്യമാണെങ്കിൽ!!!…… ആ ഓർമ പോലും അവളെ കുളിരണിയിച്ചു…… ഒന്നുകൂടി വയറിൽ കൈ അമർത്തി…..കുഞ്ഞിന് വേദനിച്ചോ..?? സ്വയം ചോദിച്ചു….പിന്നെ ആലോചിച്ച മണ്ടത്തരമോർത്ത് ചിരിച്ചു… അമ്മമനം എങ്ങോ കേട്ടുമറന്ന താരാട്ടിൻ ശീലുകൾ മൂളി തുടങ്ങിയിരുന്നു ആ നിമിഷം… ആര്യ ഒരു സ്വപ്നലോകത്തായിരുന്നു……അവിടെ അവളും, പാല്പുഞ്ചിരി തൂകുന്ന ഒരു പൊന്നോമനയും മാത്രം നിറഞ്ഞു നിന്നു….ഒരു സുന്ദര സ്വപ്നം പോലെ ആ കാഴ്ച്ച അവളുടെ മാനസിൽ ഏഴഴകോടെ തെളിഞ്ഞുനിന്നു….. ഹോസ്പിറ്റലിലെത്തി ബ്ലഡും,യൂറിനും ടെസ്റ്റ്‌ ചെയ്ത് ആ റിപ്പോർറ്റുമായി ഡോക്ടറുടെ ക്യാബിനു മുന്നിൽ തങ്ങളുടെ ഊഴം കാത്തിരിക്കുമ്പോൾ ഭയം കാരണം അവളുടെ ഹൃദയമിടിപ്പേറിയിരുന്നു….

ആഗ്രഹിക്കുന്ന വാർത്ത തന്നെ കേൾക്കാൻ സാധിക്കണേയെന്നു പ്രാർത്ഥിച്ച് അഭിയുടെ തോളിൽ ചാരി അവളിരുന്നു…. ആര്യശ്രീ അഭിമന്യു!!!!!……. നഴ്‌സിന്റെ ഉച്ചത്തിലുള്ള വിളികേട്ടു തെല്ലൊരു ഭയത്തോടെ അകത്തയ്ക്കു ചെല്ലുമ്പോൾ എതിരേറ്റത് ഹൃദ്യമായ ചിരിയോടെയിരിക്കുന്ന പാർവതി ഡോക്ടറാണ്… പഠിക്കുന്ന കാലം മുതലുള്ള കൂട്ടാണ് അഭിയും പാർവതിയുമായി…. റിപ്പോർട്സ് എല്ലാം വിശദമായി പരിശോധിച്ച് പാർവതി സന്തോഷത്തോടെ രണ്ടാളെയും നോക്കി…. അങ്ങനെ അഭിമന്യു ഒരു കൊച്ചിനെ അപ്പൻ ആകാൻ പോകുന്നു….. ചിലവുണ്ട് അളിയാ…. അഭി ആര്യയുടെ കൈ പിടിച്ചൊന്നമർത്തി….. ഒന്നര മാസത്തെ വളർച്ചയുണ്ട്…..വേറെ പ്രോബ്ലം ഒന്നും കാണുന്നില്ല….

പിന്നെ ആര്യ കുറച്ച് അനീമിക്കാണ്… കാൽസ്യം ടാബ്ലറ്റ്സും, അയൺ ടാബ്ലറ്റ്സുമൊക്കെ എഴുതിയേക്കാം…. ഭക്ഷണകാര്യമൊക്കെ അഭി, നീ ശ്രദ്ധിച്ചോളണം…. സന്തോഷമായിരിക്കാൻ ശ്രദ്ധിക്കുക….രണ്ടു മാസം ആകുമ്പോൾ സ്കാനിങിന് വന്നാൽ മതിയിനി…. പാർവ്വതിയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ രണ്ടാളും സ്വപ്നം കണ്ടു തുടങ്ങിയിരുന്നു ഞങ്ങളുടെ ജീവിതത്തിൽ വർണ്ണം നിറയ്ക്കാനെത്തുന്ന ആ കുഞ്ഞു മഴത്തുള്ളിയെ…. 💙🎼💙💙🎼🎼💙💙💙💙🎼🎼💙💙🎼💙 ബാങ്കിൽ നിന്നു നേരത്തേയെത്തിയതാണ് അരവിന്ദ്….. മുറിയിലെത്തിയതും കണ്ടു കട്ടിലിൽ ഇരുന്നു കളിക്കുന്ന ആവണി മോളെ….നിമിഷയുടെ ഫോണിൽ കാര്യമായിയെന്തോ ജോലിയിലാണ് കക്ഷി…..

ബാത്‌റൂമിൽ നിന്നു വെള്ളം വീഴുന്ന ഒച്ച കേൾക്കുന്നുണ്ട്….. കുഞ്ഞിന്റെ അരികിലേയ്ക്കിരുന്നു സ്വന്തം ഫോൺ അവൾക്കു കൊടുത്തു തഞ്ചത്തിൽ നിമിഷയുടെ ഫോൺ അവളുടെ കയ്യിൽ നിന്നു വാങ്ങി….. വാട്സ്ആപ്പിലും, മെസഞ്ചറിലുമൊക്കെ ഒരു ചെറിയ തിരച്ചിൽ നടത്തിയവൻ….വെങ്കിയുടെ ചാറ്റ് വിന്ഡോയിൽ നോക്കിയെങ്കിലും സംശയിച്ച പോലെ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല…. അവന് മാനസിൽ ആശ്വാസം നിറഞ്ഞു……കുറച്ച് ദിവസമാണെങ്കിലും നിമിഷയെ സംശയിച്ചതിൽ അവന് കുറ്റബോധം തോന്നി….ശ്യാമിനോട് ദേഷ്യവും…. ഫോൺ തിരികെ വെയ്ക്കാൻ ഒരിങ്ങിയപ്പോഴാണ് ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നത്….

തെല്ലൊരു ആകാംഷയോടെയാണവൻ അത് ഓപ്പൺ ചെയ്തത്…… Mine❤ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിൽ നിന്നുള്ള ആ മെസ്സേജ് വായിച്ചു അവന്റെ കണ്ണുകൾ കുറുകി….മുഖം വലിഞ്ഞു മുറുകി…. തളർച്ചയോടെ അവൻ കട്ടിലിലേക്ക് കിടന്നു….. കുളികഴിഞ്ഞിറങ്ങിയ നിമിഷ കാണുന്നത് ഉറങ്ങികിടക്കുന്ന അരവിന്ദിനെയാണ്….ആ കാഴ്ച്ച കണ്ടതും ദേഷ്യത്തോടെ അവൾ അവന്റെ നേരെ പാഞ്ഞു ചെന്നു കയ്യിൽ ആഞ്ഞൊന്നു തട്ടി…. കണ്ണുകൾ തുറന്ന അരവിന്ദ് കാണുന്നത് ദേഷ്യത്തോടെ നിൽക്കുന്ന നിമിഷയെയാണ്…. മെല്ലെ എഴുന്നേറ്റിരുന്നു അവനവളെ ആദ്യമായി കാണുന്ന പോലെ നോക്കി…. നിങ്ങളറിഞ്ഞോ ആര്യയ്ക്ക് വിശേഷമുണ്ടെന്നു…അമ്മയും ജനുവമ്മയും നിലത്തൊന്നുമല്ല…..

ഇനി അവളുടെ കുഞ്ഞു കൂടി വന്നാൽ എന്റെ മോളെ ആരും തിരിഞ്ഞു പോലും നോക്കില്ല…എല്ലാം നിങ്ങളുടെ പിടിപ്പുകേടാണ്…. ആര്യയോടുള്ള അസൂയ സഹിക്കവയ്യാതെ അത് ദേഷ്യമായി അവൾ അരവിന്ദിന്റെ നേർക്കു തീർത്തു…..പക്ഷേ ആകെ തകർന്നിരിക്കുന്ന അരവിന്ദിന് അവളുടെ സാന്നിധ്യം പോലും അരോചകമായി തോന്നിയ നേരത്തുള്ള പെരുമാറ്റം കൂടിയായപ്പോൾ അന്നാദ്യമായി അവൻ നിമിഷയുടെ നേർക്കു പൊട്ടിത്തെറിച്ചു….. പ്ലീസ് സ്റ്റോപ്പ്‌ ദിസ്‌ നോൺസെൻസ് നിമിഷ…? വന്നു കേറിയില്ല അതിന് മുന്നേ തുടങ്ങി….കുറച്ച് മനസമാധാനം തരാമോ…. ആദ്യമായി കാണുന്ന അരവിന്ദിന്റെ ആ രൗദ്രഭാവത്തിൽ ഒന്നു പകച്ചു പോയെങ്കിലും വിട്ടുകൊടുക്കാൻ തയ്യാറാകാത്ത മനസോടെ അവൾ ദേഷ്യത്തോടെ അവന് നേരെ ചീറിയടുത്തു….

ഞാൻ ആണല്ലേ നിങ്ങളുടെ മനസ്സമാധാനം കളയുന്നത്….എന്താ ഇപ്പോ എന്നെ മടുത്തോ നിങ്ങൾക്കു…??പുതിയ ആരെയെങ്കിലും കണ്ടു പിടിച്ചോ…?? നാശം എന്ന് പറഞ്ഞു മുറിയിൽ നിന്നിറങ്ങി പോകുന്നവനെ നോക്കി പകയോടെ അവളൊന്നു ചിരിച്ചു…. വിടില്ല ഞാൻ ഒന്നിനെയും…. ആര്യയുടെ ഈ സന്തോഷവും ഞാൻ നശിപ്പിക്കും…. 💙🎼💙💙🎼🎼💙💙💙💙🎼🎼💙💙🎼💙 അരവിന്ദ് പോയതിനു പുറകെ പാർലറിലേയ്ക്കെന്നു പറഞ്ഞിറങ്ങിയതാണ് നിമിഷ….. തമ്മിൽ ഒത്തുകൂടുന്ന ദിവസം വെങ്കി തന്നെ പോയി അവളെ കൂടെ കൂട്ടുകയാണ് പതിവ്….ഇന്നും അതുപോലെ അവന്റെ കൂടെ അവന്റെ വീട്ടിൽ എത്തിയതാണ് നിമിഷ…… കോളിങ് ബെല്ലമർത്തി കാത്തുനിൽക്കുന്നതിനിടയിൽ നിമിഷയുടെ ശരീരത്തിൽ ചെറിയ കുസൃതികൾ കാട്ടി നിൽക്കുകയാണ് വെങ്കി…..

ഡോർ തുറന്നിറങ്ങി വന്ന ജോലിക്കാരൻ സജുവിനെ നോക്കി ഒന്നു ചിരിച്ചു നിമിഷ അകത്തേയ്ക്കു കയറി….. പതിവ് കാഴ്ച്ച ആയതിനാൽ അവരുടെ കാട്ടിക്കൂട്ടലുകൾ ഒന്നും സജു ശ്രദ്ധിക്കാറില്ല…. അവർ അകത്തു കയറിയതും സജു വാതിൽ അടച്ചു തിരികെ അടുക്കളയിലേയ്ക്ക് പോയി…. ഈ നാട്ടിൽ നിന്നു വെങ്കിയ്ക്ക് കിട്ടിയ കൂട്ടാണ് സജു….. അസ്സലൊരു പാചകക്കാരൻ….. അതുകൊണ്ടാണ് വെങ്കി അവനെ കൂടെ കൂട്ടിയത്…. ബാഗ് സോഫയിലേയ്ക്കിട്ട് നിമിഷ വെങ്കിയെ ആഞ്ഞു പുണർന്നു….. അവനവളെ അടർത്തി മാറ്റി കൈകളിൽ കോരിയെടുത്തു ബെഡ്റൂമിലേക്ക് നടന്നു…പെട്ടെന്നാണ് നിമിഷയുടെ ഫോൺ ബെല്ലടിച്ചത്….. വെങ്കി അത് ശ്രദ്ധിക്കാതെ മുൻപോട്ട് നടന്നുവെങ്കിലും നിമിഷ കുതറിയിറങ്ങി…. വീട്ടിൽ നിന്നാകുമെന്നു പറഞ്ഞു വെപ്രാളത്തോടെ ബാഗിൽ നിന്ന് ഫോൺ എടുത്തു…..

വിരൽ ചുണ്ടിൽ വെച്ച് മിണ്ടരുതെന്നു ആംഗ്യം കാട്ടി അവൾ കോൾ അറ്റൻഡ് ചെയ്തു സ്പീക്കറിലിട്ടു…. അരവിന്ദേട്ടാ….. സോറി നിമിഷ…..ഇന്നലെ ഞാൻ നിന്നെ വിഷമിപ്പിക്കുന്ന രീതിയിൽ എന്തൊക്കെയോ പറഞ്ഞു…. .. നിന്റെ അടുത്തുനിന്ന് ഇങ്ങ് വന്നപ്പോഴാണ് എനിക്കത് ഓർമ്മ വന്നത്….ഓഫീസിലെ കുറച്ച് പ്രശ്നങ്ങൾ…ആ ടെൻഷനിൽ ആയിരുന്നു ഞാൻ…. എന്നോടു ക്ഷമിക്കേടാ…. അതൊന്നും സാരമില്ല ഏട്ടാ….ഞാനത് അപ്പോഴേ വിട്ടു…പിന്നെ ഏട്ടന്റെ ടെൻഷൻ മനസ്സിലാകാതെ ഞാനും എന്തൊക്കെയോ വിളിച്ചു പറഞ്ഞല്ലോ….അതിന് ഞാനും സോറി പറയുന്നു…. വെങ്കിയെ നോക്കി കണ്ണിറുക്കി നിമിഷ പറഞ്ഞു….. അവൻ ചിരി കടിച്ചമർത്തി നിന്നു…. ഏട്ടാ..ഞാനിപ്പോൾ പാർലറിലാണ്….

ഇവിടെ നല്ല തിരക്കാ…ഞാൻ പിന്നെ വിളിക്കാം…. മതിയെടാ….ഞാനും കുറച്ച് തിരക്കിലായിരുന്നു….പിന്നെ എന്റെ പെണ്ണ് അവിടെ വിഷമിച്ചിരിക്കുവാണോ എന്നാലോചിച്ചു സമാധാനമില്ലാതെ വിളിച്ചതാ….എന്നാൽ ശരിയെടാ….കാൾ യൂ ലേറ്റർ…. ഓക്കേ ഏട്ടാ….ലവ് യൂ….. വെങ്കിയുടെ കവിളിൽ ചുംബിച്ചുകൊണ്ടവൾ പറഞ്ഞു… ലവ് യൂ ടൂ ഡിയർ…..ബൈ… നിമിഷ കാൾ കട്ട്‌ ചെയ്തതും വെങ്കി പൊട്ടിച്ചിരിച്ചു പോയിരുന്നു…..അവളും ആ ചിരിയിൽ പങ്കു ചേർന്നു….. എന്തൊരു മണ്ടനാണ് നിമ്മി അവൻ…?? കഷ്ട്ടം…. മ്മ്….. അങ്ങനെയാ ഞാനും വിചാരിച്ചിരുന്നത്..പക്ഷേ ഇന്നലെ മുഖമൊക്കെ ചുവപ്പിച്ച് എന്റെ നേരെ ഒരു ചാട്ടമായിരുന്നു….. ഒരു നിമിഷം ഞാൻ പേടിച്ചുപോയി… പിടിക്കപ്പെട്ടോയെന്ന്… വെങ്കി… എന്തെങ്കിലും പെട്ടെന്ന് ചെയ്തേ പറ്റൂ…..

എനിക്ക് വയ്യ ഇങ്ങനെ ജീവിക്കാൻ… നിനക്കവനെ മടുത്തോ നിമ്മി.?? വെങ്കി അവളുടെ കവിളിൽ പതിയേ തലോടി… മടുക്കാനായി ഞാൻ ഇന്ന് വരെ അയാളെ പരിഗണിച്ചിട്ടില്ലല്ലോ….. നീ വരുന്നവരെ ഒരു താൽക്കാലിക ഷെൽട്ടർ… അത്രയേ ഉണ്ടായിയുന്നുള്ളു എനിക്ക് അരവിന്ദ്…. മ്മ്…നീ വിഷമിക്കണ്ട…നമ്മൾ പ്ലാൻ ചെയ്ത പോലെ നടക്കണമെങ്കിൽ കുറച്ച് സമയം കൂടി വേണ്ടി വരും…ഒരാളെ അങ്ങ് തട്ട് കളയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ….. ആലോചിക്കുമ്പോൾ എനിക്ക് പേടിയുണ്ട് വെങ്കി….പിടിക്കപ്പെട്ടാൽ….അതോർക്കാനേ വയ്യ….. അയാളുടെ അനിയൻ ഇല്ലേ അഭി…അവന് കാഞ്ഞ ബുദ്ധിയാ…പോരാത്തതിന് അവനോടു ഡോക്ടറുമാണ്…. ഒന്ന് പോകാൻ പറയെടി അവനോട്….. നമ്മളെ അവനൊരു ചുക്കും ചെയ്യാൻ പോകുന്നില്ല….അത്ര കൃത്യമായിട്ടേ ഞാൻ അവന്റെ ചേട്ടനെ അങ്ങ് പരലോകത്തേയ്ക്കു അയക്കു…..

ആക്‌സിഡന്റ് എന്ന് തോന്നിപ്പിക്കുന്ന ഒരു കൊലപാതകം…..ഒരു പെർഫെക്ട് ക്രൈം ആയിരിക്കുമത്…. നിമിഷ അവന്റെ മുഖത്തെ ആത്മവിശ്വാസത്തിലേയ്ക്ക് സന്തോഷത്തോടെ നോക്കി നിന്നു…. എല്ലാം നമ്മൾ വിചാരിക്കുന്ന പോലെ നടന്നാൽ മതിയായിരുന്നു വെങ്കി…… നടക്കുമെടി…അവനെ അങ്ങ് പറഞ്ഞു വിട്ടിട്ട് വേണം പതിയേ എനിക്ക് നിന്നെ കെട്ടാൻ….. നിന്നെയും മോളെയും സംരക്ഷിക്കാനെന്ന പേരും പറഞ്ഞു…. എന്നിട്ട് വേണം കുഞ്ഞിന് കിട്ടുന്ന അവന്റെ കോടി കണക്കിന് വരുന്ന സ്വത്തിൽ നമുക്കങ്ങു സുഖമായി ജീവിക്കാൻ…എനിക്കും മടുത്തു ഈ ജീവിതം….ഒന്നു നന്നാകാൻ മോഹം എനിക്കുമുണ്ടെടി…..ആ ആഗ്രഹത്തിന് കൊടുക്കുന്ന ബലി ആയിക്കോട്ടെ അരവിന്ദിന്റെ ചോര….

നിമിഷ സ്നേഹത്തോടെ അവനെ നോക്കി….. ആ നോട്ടം പോലും തന്റെ സിരകളെ ചൂട് പിടിപ്പിക്കുന്നത് പോലെ തോന്നി അവന്…. അതൊക്കെ നമുക്ക് പിന്നെ സംസാരിക്കാം…ഇപ്പോ എന്റെ നിമ്മി മോള് ഇങ്ങ് വന്നേ… നാണത്തോടെ നിൽക്കുന്നവളെ വലിച്ചടുപ്പിച്ചു ആ ചുണ്ടുകൾ നുകർന്നു….നിമിഷയും അതിൽ ലയിച്ചു നിന്നു…..ഒട്ടേറെ നേരത്തിനു ശേഷം നിമിഷയിൽ നിന്നടർന്നു മാറി ഒരിക്കൽ കൂടി അവളെ കൈകളിൽ കോരിയെടുത്തവൻ മുറിയിലേയ്ക്കു നടന്നു…. നിമ്മി!!!…. നീ എന്നുമെനിക്കൊരു ലഹരി ആണ് പെണ്ണേ….ഒരിക്കലും മടുക്കാത്ത ലഹരി….. അവളെ കട്ടിലിലേക്ക് കിടത്തി തിരികെ വന്നു വാതിൽ ഭദ്രമായി അടച്ചു…. ഷർട്ട്‌ ഊരിയെറിഞ്ഞു അടുത്തേയ്ക്കു ചെന്നു അവളിലേക്ക്‌ ചാഞ്ഞു….. അവരുടെ മുറിയുടെ വാതിൽ അടഞ്ഞു അല്പനേരം കഴിഞ്ഞതും തൊട്ടടുത്ത മുറിയുടെ വാതിൽ തുറന്നിരുന്നു…. ഡോർ തുറന്നു പുറത്തേയ്ക്കിറങ്ങി വന്ന ശ്യം വിഷമത്തോടെ തനിക്കു പുറകെ വരുന്ന ആളെ നോക്കി നിന്നു……തുടരും….

ദാമ്പത്യം: ഭാഗം 24

Share this story