ജനനി: ഭാഗം 18

ജനനി: ഭാഗം 18

എഴുത്തുകാരി: അനില സനൽ അനുരാധ

റോഡിലേക്ക് ഇറങ്ങി കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് സൈഡ് ആക്കി നിർത്തിയിട്ട കാറിൽ ചാരി നിൽക്കുന്ന നീരവിനെ ജനനി കണ്ടത്… അവളെ കണ്ടതും അവൻ കൈ നീട്ടി… അവന്റെ അരികിൽ സ്കൂട്ടി നിർത്തിയ ശേഷം അവൾ അവനെ നോക്കി… “കാർ ഓഫ് ആയി… സ്റ്റാർട്ട്‌ ആകുന്നില്ല… ” എന്നു പറഞ്ഞ് അനുവാദം പോലും ചോദിക്കാതെ അവൻ വണ്ടിയുടെ പുറകിൽ കയറി ഇരുന്നു… അപ്രതീക്ഷിതമായതിനാൽ വണ്ടി ഒന്നു ചെരിഞ്ഞു എങ്കിലും നീരവ് വേഗം കാലുകൾ നിലത്തു കുത്തി ബാലൻസ് ചെയ്തു… “വീഴ്ത്തിയിടുമോ താൻ?” നീരവ് തിരക്കി… “പിന്നെ ചോദിക്കാതെ കയറി ഇരുന്നാൽ…” അവൾ അസഹിഷ്ണുതയോടെ തിരക്കി… “നേരം വൈകുന്നു… ” ഒന്ന് ഇറങ്ങി നിൽക്കാമോ? ” “എന്തിനാ? ” “എനിക്ക് ഇറങ്ങണം… ”

“അത്രേയുള്ളൂ… താൻ ഇറങ്ങിക്കോ…” എന്നു പറഞ്ഞ് നീരവ് വലതു കൈ നീട്ടി ഹാൻഡിൽ പിടിച്ചു… അവൾ ഇറങ്ങി നിന്നപ്പോൾ അവൻ മുന്നിലേക്ക് നീങ്ങി ഇരുന്നു… “കയറിക്കോട്ടെ? ” അവൾ തിരക്കി… “ഹ്മ്മ്… ” അവൾ കയറി ഇരുന്നതും അവൻ സ്കൂട്ടി മുൻപോട്ട് എടുത്തു… നീരവ് ഇടയ്ക്ക് മിററിലൂടെ അവളെ നോക്കുന്നുണ്ടായിരുന്നു… തന്നിൽ നിന്നും പരമാവധി അകലം പാലിച്ച് ഇരിക്കുന്ന അവളെ കാണെ അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… പെട്ടെന്നാണ് എതിർവശത്തു നിന്നും ഒരു ബസ് മറ്റൊരു ബസിനെ ഓവർടേക്ക് ചെയ്ത് അതി വേഗത്തിൽ കടന്നു വന്നത്… നീരവ് വണ്ടി ഒതുക്കാൻ നോക്കിയെങ്കിലും വണ്ടി ഇടതു വശത്തേക്ക് ചെരിഞ്ഞു… നീരവ് കാല് കുത്തി ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നതിന് മുൻപേ ഒരു ഭാഗത്തേക്ക് കാലിട്ട് ഇരുന്ന കാരണം ജനനി താഴേക്കു വീണു കഴിഞ്ഞിരുന്നു…

നീരവ് പെട്ടെന്ന് എങ്ങനെയോ വണ്ടി നിർത്തി… അപ്പോഴേക്കും ആളുകൾ കൂടാൻ തുടങ്ങിയിരുന്നു… നീരവ് വേഗം ഇറങ്ങിച്ചെന്ന് അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു… അവളുടെ ശരീരം ഭയത്താൽ വിറക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു… “എന്തെങ്കിലും പറ്റിയോ? ഹോസ്പിറ്റലിൽ പോകണോ…” എന്നൊക്കെ കൂട്ടം കൂടിയവരിൽ ചിലർ തിരക്കുന്നുണ്ടായിരുന്നു… നീരവ് അവളെ ചേർത്തു പിടിച്ച് അപ്പുറത്ത് കണ്ട പെട്ടിക്കടയുടെ മുൻപിൽ കിടന്നിരുന്ന ബെഞ്ചിൽ കൊണ്ടിരുത്തി… ഒരു ബോട്ടിൽ വെള്ളം വാങ്ങി അവൾക്ക് കൊടുത്തു… ജനനിയുടെ കൈകൾ അപ്പോഴും വിറ കൊള്ളുന്നുണ്ടായിരുന്നു… ബോട്ടിലിന്റെ മൂടി പോലും അവൾക്ക് തുറക്കാൻ കഴിയുന്നില്ലായിരുന്നു…

നീരവ് ബോട്ടിൽ വാങ്ങി മൂടി തുറന്ന് അവളുടെ വായിലേക്ക് വെള്ളം ഒഴിച്ചു കൊടുത്തു… അവളുടെ ഇടതു കൈ മുട്ടിൽ നിന്നും ചോര പടരുന്നത് അവൻ അപ്പോഴാണ് കണ്ടത്… “എടോ… ചോര… ഇവിടെ മാത്രേയുള്ളു… വേറെ എന്തെങ്കിലും പറ്റിയോ… ഹോസ്പിറ്റലിൽ പോകാം… ” ബോട്ടിൽ ബെഞ്ചിൽ വെച്ച ശേഷം അവളുടെ രണ്ടു കൈകളും പിടിച്ച് അവൻ നോക്കി… വലതു കൈ വെള്ളയിൽ നിന്നും കുറച്ചു തോൽ ഉരഞ്ഞു പോയിരുന്നു… “കാല്… ജാനി… കാല് എവിടെയെങ്കിലും ഉരഞ്ഞോ… വേദനയുണ്ടോ? ” അവൻ വെപ്രാളത്തോടെ അവളുടെ കൈ വിട്ട് മുട്ടു കുത്തി കാൽക്കലായി ഇരുന്നു… “എനിക്ക് കുഴപ്പമൊന്നുമില്ല സർ… ” എന്നു പറഞ്ഞ് ജനനി വേഗം എഴുന്നേറ്റു നിന്നു…

നീരവ് അവളുടെ കാലിലേക്ക് നോക്കി… “എടോ… കാൽ മുട്ട് കുത്തിയോ വീഴുമ്പോൾ… ” അവൻ മുഖം ഉയർത്തി നോക്കി കൊണ്ട് തിരക്കി… “ഇല്ല…” അവൻ എഴുന്നേറ്റു വെള്ളം കൊണ്ട് അവളുടെ കൈ കഴുകി… അതിന് ശേഷം പോക്കറ്റിൽ നിന്നും കർച്ചീഫ് എടുത്ത് കൈ തുടച്ചു കൊടുത്തു… “സ്സ്… “അവൾ പെട്ടെന്ന് വേദനിച്ചപ്പോൾ അറിയാതെ ഒരു ശബ്ദം പുറപ്പെടുവിച്ചു… നീരവിന്റെ മുഖം ഒന്നു ചുളിഞ്ഞു… “സോറി… ” അവൻ വേദനയോടെ പറഞ്ഞു… “സാരമില്ല… ” നീരവ് വെള്ളത്തിന്റെ കാശ് കൊടുത്തു… “നമുക്ക് പോയാലോ? ” അവൻ തിരക്കി… അവൾ തലയാട്ടി… നീരവ് സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു… “വൺ സൈഡ് കാലിടാതെ മറ്റിച്ച് ഇരിക്കൂ…” അവൾ അവൻ പറഞ്ഞ പോലെ കയറി ഇരുന്നു … അവൻ വണ്ടി പതിയെ മുൻപോട്ടെടുത്തു… “എന്നെ പിടിച്ച് ഇരുന്നെന്ന് കരുതി തന്റെ ഒന്നും നഷ്ടമാവില്ല… ”

അവൻ പറയുന്നത് കേട്ടെങ്കിലും അവൾ പിടിക്കാതെ ഇരുന്നു… പിന്നെ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും നല്ലൊരു ഗട്ടർ കണ്ടപ്പോൾ നീരവിന്റെ കണ്ണുകൾ കുസൃതിയാൽ ഒന്ന് തിളങ്ങി .. അതിലൂടെ വണ്ടി ഓടിച്ച് അവൻ ആ പ്രശ്നം അങ്ങു പരിഹരരിച്ചു. “ന്റെ ഈശ്വരാ..” എന്നൊരു വിളിയോടെ അവൾ അവനെ മുറുകെപ്പിടിച്ചു… “സർ വണ്ടി ഒന്നു നിർത്തിയെ…” അവൾ ദേഷ്യത്തോടെ പറഞ്ഞു… “എന്തിനാ?” വണ്ടി ഓടിക്കുന്നതിനിടയിൽ തന്നെ അവൻ തിരക്കി… “ഇങ്ങനെ പോയാൽ ഞാൻ ഇതു പോലെ ഞാൻ കമ്പ്യൂട്ടർ സെന്ററിൽ എത്തില്ല..” “താൻ കാരണമാ ഇങ്ങനെയൊക്കെ… ” “ഞാൻ കാരണമോ? ” “അല്ലാതെ പിന്നെ… പുറകിൽ കയറി ഇരുന്ന എന്നെ കൊണ്ട് മൂട്ട പോലെയുള്ള ഈ വണ്ടി ഓടിപ്പിച്ചിട്ട്…” അവൻ ഗൗരവത്തിൽ പറഞ്ഞു… ജനനി അതിനു മറുപടി പറഞ്ഞില്ല…

ഇടതു ഒരു കൈ കൊണ്ട് അവന്റെ ഷർട്ടിലും വലതു കൈ കൊണ്ട് സീറ്റിനു സൈഡിലും പിടുത്തമിട്ട് അവൾ ഇരുന്നു… പാർക്കിംഗ് ഏരിയയിൽ നീരവ് വണ്ടി നിർത്തിയപ്പോൾ അവൾ ഇറങ്ങി നിന്നു… “താൻ നടന്നോ … ഞാൻ വന്നോളാം…” അവൻ പറഞ്ഞു.. “എന്റെ ബാഗ് എടുക്കണം… ” “ഓഹ് ! ” അവൻ ഇറങ്ങിയ ശേഷം സീറ്റ് തുറന്ന് അവളുടെ ബാഗ് എടുത്തു കൊടുത്തു… അതിനു ശേഷം വണ്ടി ലോക്ക് ചെയ്ത് അവളോടൊപ്പം തന്നെ നടന്നു… “സാറിന്റെ കാറിനു എന്തു പറ്റി? ” സെക്യൂരിറ്റിയായ ജോയ് വന്നു തിരക്കി… “വരുന്ന വഴിയ്ക്ക് ബ്രേക്ക്‌ ഡൌൺ ആയി… നേരം വൈകി… ” എന്നു പറഞ്ഞ് അവൻ വേഗം ജനനിയുടെ കൂടെ നടന്നു… നടന്നകലുന്ന അവരെ നോക്കി ജോയ് നിന്നു… ** “എടി അഞ്ജു…

നിങ്ങളുടെ നീരവ് സർ ആളെങ്ങനെയാ? ” ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ ആര്യൻ അഞ്ജലിയോട് തിരക്കി… “അവൾക്ക് സർ ഒന്നും അല്ല ആര്യാ.. കുഞ്ഞേട്ടനാ… ” വിഷ്ണു ചിരിയോടെ പറഞ്ഞു… “അതൊക്കെ തമാശയ്ക്ക് പറയുന്നതല്ലേ… എല്ലാവരോടും പറയുമ്പോൾ ഒരു രസത്തിന്… ” “രസമോ സാമ്പാറോ എന്തേലും ആകട്ടെ… നീ ഇതു പറ? ” “ഒരു ചൂടനാ ആരുവേട്ടാ… ” “അയ്.. നിന്റെ ഈ ആരുവേട്ടൻ എന്ന വിളി കേൾക്കുമ്പോൾ തന്നെ എനിക്ക് ഛർദിക്കാൻ വരുന്നുണ്ട്…” “എന്നാൽ വേഗം പുറത്തു പോയി ഛർദിച്ചിട്ട് വാ… എനിക്ക് ആരെങ്കിലും വൊമിറ്റ് ചെയ്യുന്നത് കണ്ടാൽ പ്രോബ്ലമാണ്.. ഞാനും കൂടെ ഇവിടെ കുളമാക്കും… ” “എങ്ങനെ ജീവിച്ചു പോകുന്നു മോനെ ഇവിടെ? ” ആര്യൻ വിഷ്ണുവിനോട് തിരക്കി… വിഷ്ണു പുഞ്ചിരിച്ചു… “എടി പെണ്ണേ… ഒന്നുകിൽ ആര്യൻ എന്നു വിളിക്കുക… അല്ലെങ്കിൽ ഏട്ടൻ… ” ആര്യൻ പറഞ്ഞു…. “എന്നാൽ ഏട്ടൻ എന്നു വിളിച്ചോളാം…” “എന്നാൽ ഈ കാര്യം പറയ്… നിന്റെ കുഞ്ഞേട്ടനു ജനനിയോട് എങ്ങനെയാ… സോഫ്റ്റ്‌ ആയാണോ പെരുമാറുക…”

“എല്ലാവരെയും കടിച്ചു കീറും… അവളോട്‌ മാത്രമായി സോഫ്റ്റ്‌ ആയി പെരുമാറുന്നതൊന്നും ഞാൻ ഇതു വരെ കണ്ടിട്ടില്ല…” “എന്നാൽ ഇനി നീ അവനെയൊന്നു സൂക്ഷിച്ചു നോക്കിക്കോ… അവളെ ഒന്നു തള്ളിയിട്ട് നെറ്റി പൊട്ടിച്ചതിന് ഭ്രാന്തെടുത്ത പോലെ എനിക്ക് ഇട്ട് ഇടി തന്നവനാണ്… ” “അയ്യേ ! അപ്പോൾ ഈ കാണുന്ന ശരീരം മാത്രമേയുള്ളോ… അങ്ങേരുടെ കയ്യിൽ നിന്നും ഇടി വേടിച്ചെന്നു പറയാൻ നാണം ഇല്ലേ? ” “ഇല്ല… വാങ്ങുകയും ചെയ്തു.. തരക്കേടില്ലാതെ അങ്ങോട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട്… അന്നേ എനിക്ക് തോന്നിയിരുന്നു അവളെ അവനു ഇഷ്ടമാണെന്ന്… ” “ഇഷ്ടമോ? ” അഞ്ജലി ഞെട്ടലോടെ തിരക്കി… “എന്തേ.. കുട്ടി ഇഷ്ടം എന്നു കേട്ടിട്ടില്ലേ? ” “ആഹ് ! ഉണ്ട് എന്നാലും…

ആ ചൂടന്റെ ഉള്ളിൽ ഒരു കാമുകൻ ഒളിച്ചിരിക്കുന്നുണ്ടോ? ” “ഉണ്ട് മോളെ… ഉണ്ട്… അല്ലെങ്കിൽ ഇന്ന് പുലർച്ചെ അവൾ അറിയാതെ അവളുടെ പിന്നാലെ അവൾക്ക് കൂട്ട് പോകില്ലല്ലോ… ” “സത്യാണോ? ” “അതേ.. അവൾ പോകുന്ന കാര്യം നീ ആരോടെങ്കിലും പറഞ്ഞിരുന്നോ? ” “ചേട്ടായിയോടു പറഞ്ഞിരുന്നു…” “വിനു അവനോട് പറഞ്ഞു കാണും… ഇവൻ പറഞ്ഞ കാരണം അവളുടെ കൂടെ പോകാനാ ഉറക്കവും കളഞ്ഞു ഇങ്ങോട്ട് പോന്നത്… അപ്പോഴല്ലേ നീരവിനെ കണ്ടത്… അതാ ഞാൻ അവളുടെ പുറകെ പോകാതെ ഇങ്ങോട്ട് തിരികെ വന്നത്… അവൻ നീരവ് അല്ല… നീരാളിയാ… അവളെ വിടാതെ മുറുക്കെ പിടിച്ചോളും… ” “പിടിക്കും.. പിടിക്കും… ജനനിയുടെ മുൻപിൽ നീരാളി തോറ്റു പോകും…”

“അതു നമുക്ക് കാത്തിരുന്ന് കാണാം…” ആര്യൻ പറഞ്ഞു… “അനിയത്തിയെ ഒരുത്തൻ പ്രേമിക്കാൻ നോക്കുന്ന കാര്യം പറഞ്ഞിട്ടും ചിരിച്ചോണ്ട് ഇരിക്കുന്നതു കണ്ടില്ലേ… ഇതെന്തു ഏട്ടനാണ് .. ” അഞ്ജലി തിരക്കി… “പ്രേമിക്കട്ടെ… ആങ്ങളമാരുള്ള പെൺകുട്ടിയെ ഈ നാട്ടിലെ പൗരന്മാർ പ്രണയിക്കാൻ പാടില്ല എന്നു നിയമം ഒന്നും ഇല്ലല്ലോ… ഞങ്ങൾക്ക് എന്തായാലും അവനെ ഇഷ്ടായി.. ഇനി അവൾക്കു കൂടെ ഇഷ്ടമാകുമ്പോൾ അവൾ പറയും…അല്ലെങ്കിൽ ഇങ്ങനെ ഒരു ഇഷ്ടമുണ്ടെന്നു പറഞ്ഞ് അവൻ ഒരു ആലോചനയുമായി വരുമ്പോൾ നമ്മൾ ഈ കാര്യത്തിൽ ഒരു തീരുമാനം ആക്കും… അല്ലേ വിച്ചു… ” ആര്യൻ തിരക്കി… “അതേ… ” വിഷ്ണു പറഞ്ഞു… “എന്നാലും ഇങ്ങനെ ഒരു പ്രണയം ഞാൻ അറിഞ്ഞില്ലല്ലോ…” അഞ്ജലി പറഞ്ഞു… “നീ അറിയാത്ത പലതും ഇവിടെ നടക്കുന്നുണ്ട് മോളെ… വഴിയേ അറിഞ്ഞോളും… ”

“ഓഫീസിൽ വെച്ച് അവളെ കാണട്ടെ… അവൾക്ക് അറിയുമോ എന്ന് അറിയണ്ടേ? ” “ഈ കാര്യം എങ്ങാനും പോയി അവളോട്‌ തിരക്കിയാൽ നിന്റെ തലമണ്ട ഞാൻ അടിച്ചു പൊട്ടിക്കും.. ” ആര്യൻ പറഞ്ഞു… അഞ്ജലി മുഖം വീർപ്പിച്ച് അവനെ നോക്കി… ** “ജനനിയെ പിണക്കി അയക്കണ്ടായിരുന്നു മോനെ… ” അമ്മ പറയുന്നത് കേട്ടതും ജയേഷ് അമ്മയുടെ മുഖത്തേക്ക് നോക്കി… “അഹങ്കാരമാണ് ചേച്ചിയ്ക്ക്… ” കാവ്യ പറഞ്ഞു… “അങ്ങനെ പറയല്ലേ … അവൾ ഇല്ലായിരുന്നെങ്കിൽ നിന്റെ പഠനം നിന്നു പോയേനെ… ” “ചേച്ചി ഫീസ് അടച്ചല്ലേയുള്ളൂ… കഷ്ടംപ്പെട്ട് പഠിച്ചത് ഞാനല്ലേ… അടുത്ത മാസം ഞാൻ ജോലിക്ക് കയറും.. സാലറി കിട്ടിത്തുടങ്ങുമ്പോൾ അതു കൊടുത്തു തീർത്തോളാം… ” കാവ്യ പറഞ്ഞു.. “അവൾ പിണങ്ങി പോകാൻ വേണ്ടി ഒരുങ്ങി വന്നതാ…

അല്ലെങ്കിൽ അവൾ അങ്ങനെ സംസാരിക്കില്ല…” ജയേഷ് പറഞ്ഞു… “ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ മിണ്ടാതെ കേട്ടു നിൽക്കുന്നവൾ അല്ല മോനെ ഇപ്പോഴത്തെ ജാനി… അവൾ മാറിപ്പോയി…” *** അതേ സമയം മൊബൈൽ സ്ക്രീനിൽ കാണുന്ന ജനനിയുടെ ഫോട്ടോയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു അവൻ… “നിന്റെ ഉള്ളിൽ എവിടെയെങ്കിലും ഞാൻ ഉണ്ടാകില്ലേ?” അവൻ പ്രണയത്തോടെ തിരക്കി……..തുടരും………

ജനനി: ഭാഗം 17

Share this story