❤️കലിപ്പന്റെ വായാടി❤️ : ഭാഗം 42

❤️കലിപ്പന്റെ വായാടി❤️ : ഭാഗം 42

എഴുത്തുകാരി: ശിവ നന്ദ

ഏട്ടൻ വീണ്ടും ശിഖ ചേച്ചിയുടെ അടുത്തേക്ക് ചെന്നപ്പോഴേക്കും ചേച്ചി നന്ദുവേട്ടനെ തള്ളി.അപ്രതീക്ഷിതമായത് കൊണ്ട് ഏട്ടൻ പിന്നിലേക്ക് വീണു. “നിങ്ങൾ വെറുതെ പ്രശ്‌നം ഉണ്ടാകാതെ ഈ കുട്ടിയെ വിട്” മാഡം പറഞ്ഞപ്പോൾ ശിഖ ചേച്ചിയെ പിടിച്ചിരുന്ന ശിവേട്ടന്റെ കൈകൾ അയഞ്ഞു.എന്നിട്ട് വേഗം തന്നെ നന്ദുവേട്ടനെ പിടിച്ചെഴുന്നേല്പിച്ചു.അപ്പോഴേക്കും അവർ ശിഖ ചേച്ചിയെ റൂമിലേക്ക് കൊണ്ട് പോയിരുന്നു.”ഏട്ടാ”ന്ന് വിളിച്ചു കരയുന്ന ചേച്ചിയുടെ ശബ്ദം മാത്രം അവിടെ നിറഞ്ഞ് നിന്നു.ഒപ്പം മൗനമായി തേങ്ങുന്ന കുറച്ച് മനസുകളും… —————————-

“നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്?? പെട്ടെന്ന് ഒരു ദിവസം ആരെങ്കിലും വന്ന് ശിഖയെ കൊണ്ടുപോകണമെന്ന് പറഞ്ഞാൽ അങ്ങനെ അങ്ങ് വിടാൻ പറ്റില്ല” “മാഡം പ്ലീസ്.. ഇത്രയും വർഷം ചേച്ചിക്ക് വേണ്ടിയാണ് ഞങ്ങൾ കാത്തിരുന്നത്. ഇങ്ങനെയൊരു അവസ്ഥയിൽ കാണേണ്ടി വന്നതിന്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല.പ്രൊസീജ്യർസ് എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പെട്ടെന്ന് തീർത്ത് തരണം” “കുട്ടിക്ക് എന്താ പറഞ്ഞാൽ മനസിലാകില്ലേ..ഇതൊരു അംഗീകൃത സ്ഥാപനം ആണ്. ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ വേണം അതിന് സമാധാനം പറയാൻ” “നിങ്ങൾ ഒരു ചുക്കും പറയണ്ട.അവൾക് ഇതിൽ കൂടുതൽ ഒന്നും സംഭവിക്കാനില്ല.

ഇവിടുന്ന് ഞാൻ കൊണ്ടുപോകുമെന്ന് പറഞ്ഞാൽ കൊണ്ടുപോയിരിക്കും” “ശിവേട്ട ഒന്ന് അടങ്ങ്” “പിന്നല്ലാതെ ഞാൻ എന്താ പറയേണ്ടത്..കുറേ നേരം കൊണ്ട് നീ ഇവരോട് സംസാരിക്കുന്നല്ലോ.അമ്പിനും വില്ലിനും അടുക്കുന്നില്ലെന്ന് വെച്ചാൽ..” അത്രയും പറഞ്ഞ് ശിവേട്ടൻ പുറത്തേക്ക് ഇറങ്ങി.പുറത്തെ ബെഞ്ചിൽ സച്ചിയേട്ടന്റെ തോളിലേക്ക് ചാരി കിടപ്പുണ്ട് നന്ദുവേട്ടൻ. “എന്തായടാ? ” നന്ദുവേട്ടന്റെ മുടിയിൽ തഴുകികൊണ്ട് സച്ചിയേട്ടൻ ചോദിച്ചു. “ഒന്നും ആയില്ല.അവർക്ക് അവളെ വിടാൻ പറ്റില്ലെന്ന്” “നമ്മുടെ കൂടെയല്ലാതെ വേറെ ആരുടെ കൂടെ വിടാനാ അവരുടെ ഉദ്ദേശം” “ആർക്ക് അറിയാം..ഞാൻ അവളുടെ ഏട്ടൻ ആണെങ്കിൽ അതിന്റെ തെളിവ് കാണിക്കാന പറയുന്നത്” ഇതെല്ലാം കേട്ടുകൊണ്ട് നന്ദുവേട്ടൻ മെല്ലെ എഴുന്നേറ്റു.

നിറഞ്ഞിരുന്ന കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അകത്തേക്ക് കയറി.കൂടെ ഞങ്ങളും. “എക്സ്ക്യൂസ് മീ മാഡം” “ശ്ശെടാ നിങ്ങൾ ഇതുവരെ പോയില്ലേ? ” “ശിഖയില്ലാതെ ഞങ്ങൾ പോകില്ല മാഡം” “നിങ്ങളോട് എത്രതവണ ഞാൻ പറഞ്ഞു..ഇനി ഞാൻ പോലീസിനെ വിളിക്കാം എന്താ” “അതിന് മാഡം ബുദ്ധിമുട്ടണ്ട” “മനസിലായില്ല” “നോക്ക് മാഡം..പല ആവർത്തി ഞങ്ങൾ പറഞ്ഞു ശിഖയെ കൊണ്ടുപോകാൻ അവകാശം ഉള്ളവർ ആണെന്ന്” “എന്ത് അവകാശമാണ് നിങ്ങൾക് ഉള്ളത്?? ഉണ്ടെങ്കിൽ തന്നെ ഇത്രയും നാളും എവിടെയായിരുന്നു ഈ അവകാശികൾ” അവരുടെ സ്വരം കടുത്തു. “ഒരു കാര്യം സംസാരിക്കുമ്പോൾ മാഡം എന്തിനാണിങ്ങനെ ചൂടാകുന്നത്? ” “ഒരു കാര്യം തന്നെ എത്രതവണ ഞാൻ പറഞ്ഞു.

now get out from here” “You please shut up!” നന്ദുവേട്ടനും ദേഷ്യം വന്ന് തുടങ്ങിയെന്ന് മനസിലായി. “ലുക്ക്‌ മാഡം..നിങ്ങൾ തന്നെ പറഞ്ഞല്ലോ ശിഖയുടെ നാവിൽ നിന്നും ‘ശിവേട്ടൻ’ എന്നൊരു മന്ത്രം മാത്രമേ ഉള്ളെന്ന്..ആ ഏട്ടൻ ആണ് ഈ നില്കുന്നത്..ശിവജിത്ത്.ഇത് ഇവന്റെ വൈഫ് ഗൗരി. ഇത് സച്ചിദേവ്..ശിഖയുടെ ഫ്രണ്ട്.” “And you?” മാഡത്തിന്റെ ആ ചോദ്യം ഞങ്ങളുടെ എല്ലാവരുടെയും നെഞ്ചിലാണ് തറച്ചത്.ഒരിക്കൽ ശിഖയുടെ എല്ലാം ആയിരുന്ന അനന്ദു.ഇന്ന് ആ ഓർമകളിൽ താനില്ലെന്ന ഉറപ്പിൽ നന്ദുവേട്ടൻ എന്ത് പറയാൻ ആണ്.എന്നാൽ ഏട്ടൻ ഭാവഭേദം ഇല്ലാതെ പോക്കറ്റിൽ നിന്നും ഐഡി കാർഡ് എടുത്ത് അവർക്ക് നേരെ നീട്ടി. “അനന്ദു ചന്ദ്രൻ..സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്” അത് കേട്ടതോടെ ഇത്രയും നേരം പോലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഞങ്ങളോട് ചാടികയറിയ മാഡം കസേരയിൽ നിന്നും എഴുന്നേറ്റു.

“സോറി സർ..ആളറിയാതെ..സാറിനു അറിയാമല്ലോ നമുക്ക് അങ്ങനെ ഒരു കുട്ടിയെ ഇറക്കിവിടാൻ പറ്റില്ലല്ലോ..അതുകൊണ്ട് ആണ് ഞാൻ” “Its ok madam.നിങ്ങളെ ഞാൻ ഒരിക്കലും കുറ്റം പറയില്ല.നിങ്ങൾ നിങ്ങളുടെ ഡ്യൂട്ടി ചെയ്തു.പിന്നെ ഞങ്ങളുടെ മാനസികാവസ്ഥ കൊണ്ടാണ് ഇങ്ങനെ സംസാരിക്കേണ്ടി വന്നത്.അതിന് മാപ്പ് പറയുന്നു. “അയ്യോ എന്താ സർ ഇത്..നിങ്ങൾ ഇപ്പോൾ തന്നെ ശിഖയെ കൊണ്ടുപോയ്‌ക്കോളു..ഏട്ടൻ എന്ന് പറയുന്ന ആളുടെ ഡീറ്റെയിൽസ് മാത്രം തന്നിരുന്നാൽ മതി” “അത് മാത്രമല്ല മാഡം.ഇതാ കോർട്ട് ഓർഡർ.നിയമസഹായത്തോടെ തന്നെയാണ് അവളെ ഞങ്ങൾ കൊണ്ടുപോകുന്നത്” സത്യം പറഞ്ഞാൽ കോടതിയിലെ പേപ്പർ കണ്ടപ്പോഴാണ് ആ മാഡത്തിന് സമാധാനം ആയത്.

ഇനി അവർക്ക് ധൈര്യമായി ചേച്ചിയെ ഞങ്ങളോടൊപ്പം വിടാം. അര മണിക്കൂർ കൂടി ഞങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നു.അതിന് ശേഷം പുതിയ ഡ്രസ്സ്‌ ഒക്കെ ഇടീപ്പിച്ച് ശിഖ ചേച്ചിയെ അവർ ഞങ്ങളുടെ അടുത്തേക്ക് കൊണ്ടുവന്നു.വന്നപാടെ ചേച്ചി ശിവേട്ടന്റെ നെഞ്ചിലേക്ക് വീണു.എന്തൊക്കെയോ ഏട്ടനോട് പതം പറയുന്നുണ്ടായിരുന്നു. “നന്ദു നീ വാ” “നിങ്ങൾ പൊയ്ക്കോ ജിത്തു.ഞാൻ എന്റെ വണ്ടിയിൽ വരാം” “നീ ഡ്രൈവ് ചെയ്യണ്ട.സ്റ്റേഷനിൽ വിളിച്ച് പറഞ്ഞാൽ അവർ ആരെങ്കിലും വണ്ടി വീട്ടിൽ എത്തിക്കും.” ശിവേട്ടനോട് അധികം തർക്കിക്കാൻ നന്ദുവേട്ടന് കഴിയില്ലല്ലോ.അതുകൊണ്ട് ഏട്ടനും ഞങ്ങളോടൊപ്പം വരാൻ തീരുമാനിച്ചു.സച്ചിയേട്ടനാണ് ഡ്രൈവ് ചെയ്തത്.

നന്ദുവേട്ടനും മുന്നിൽ കയറി.ശിഖ ചേച്ചി ശിവേട്ടനെ വിടാതെ പിടിച്ചിരിക്കുന്നത് കൊണ്ട് ഏട്ടൻ നടുക്കിരുന്നു.ഏട്ടന് ഇരുവശവും ഞാനും ചേച്ചിയും. വണ്ടി മുന്നോട്ട് നീങ്ങി.’ഇനിയെന്ത്?’ എന്നൊരു ചോദ്യം എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നു.നന്ദുവേട്ടൻ പുറത്തോട്ട് തന്നെ നോക്കിയിരിക്കുവാണ്.ഒരുപാട് സന്തോഷത്തോടെയാണ് ഞങ്ങൾ വന്നത്.പക്ഷെ ഇപ്പോൾ.. ഏട്ടന്റെ നെഞ്ചിൽ കിടന്ന് ശിഖ ചേച്ചി ഉറങ്ങി.ഞാനും ഏട്ടന്റെ തോളിലേക്ക് ചാഞ്ഞു. “എന്താടാ വയ്യേ? ” “കുഴപ്പമില്ല ഏട്ടാ..” “വയ്യെങ്കിൽ പറ..കുറച്ചുനേരം റസ്റ്റ്‌ എടുത്തിട്ട് പോകാം” “വേണ്ട ഏട്ടാ..വീട്ടിൽ പോയി റസ്റ്റ്‌ എടുക്കാം” “സച്ചി..ഗൗരിയുടെ വീട്ടിലേക്ക് പോകാം.ഇവളെ അവിടെ ആക്കണം” “അപ്പോൾ ശിവേട്ടനോ??” “നീ ഇത് കണ്ടില്ലേ..

ശിഖ എന്നെ വിട്ട് നിൽക്കില്ല.ഇവളെ വീട്ടിൽ ഒറ്റക്കാകാൻ പറ്റുമോ?” “ഇവളെ വീട്ടിലേക്ക് കൊണ്ടുപോകാൻ തന്നെ തീരുമാനിച്ചോ ജിത്തു ” “പിന്നെ ഇവളെ എങ്ങോട്ട് കൊണ്ടുപോകാനാ?? ഇവൾക്ക് അവകാശപ്പെട്ട വീട് തന്നെയല്ലേ.” “അത് നമുക്ക് മാത്രമേ അറിയൂ..അച്ഛമ്മക്കും ശ്രേയ ചേച്ചിക്കും അത് അംഗീകരിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ?” “എനിക്ക് ഇപ്പോൾ ഒന്നും അറിയില്ല നന്ദു.ഇവളെ എനിക്ക് തിരിച്ചുകൊണ്ട് വരണം.അത് കഴിഞ്ഞ് ഇവളെ നിന്റെ വീട്ടിലേക്ക് ഞാൻ കൊണ്ട് വരും..ഇവളുടെ അനന്തുവിന്റെ കൂടെ ജീവിക്കാൻ” ഒരു നേർത്ത പുഞ്ചിരിയോടെ നന്ദുവേട്ടൻ തിരിഞ്ഞിരുന്നു.സൈഡ് മിററിൽ കൂടി ഞാൻ കണ്ടു ആ കണ്ണ് നിറയുന്നത്.ഞാൻ നോക്കുന്നത് കണ്ടപ്പോൾ പുഞ്ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചു. “എന്റെ വീട്ടിലേക്ക് പോകണ്ട സച്ചിയേട്ടാ” “അതെന്താ?” “ശിവേട്ടൻ എവിടെയുണ്ടോ അവിടെയാണ് ഗൗരിയും” “പറയുന്നത് കേൾക്ക് ഗൗരി..

ഈ പ്രശ്നങ്ങൾക്കിടയിൽ നിന്റെ കാര്യം ശ്രദ്ധിക്കാൻ എനിക്ക് പറ്റിയെന്ന് വരില്ല.എന്റെ മോള് അതൊന്ന് മനസിലാക്ക്” “ഗിരിയേട്ടൻ പറഞ്ഞത് ഓർത്തിട്ടാണെങ്കിൽ സാരമില്ല..എനിക്ക് അറിയാം എന്റെ ശിവേട്ടനെ..” “അതുകൊണ്ട് അല്ല..ശിഖയെ കണ്ടെത്തി നന്ദുവിന് കൊടുക്കാനായിരുന്നു ഉദ്ദേശം.പക്ഷെ ഇവൾക്ക് ഇപ്പോൾ എന്നെ ആണ് ആവശ്യം.അത് കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല.നിനക്കും ഇപ്പോൾ നല്ല ശ്രദ്ധ വേണം.അതുകൊണ്ടാണ് വീട്ടിൽ പോകാൻ ഞാൻ പറഞ്ഞത്” “എത്രയൊക്കെ ശ്രദ്ധ കിട്ടിയാലും ശിവേട്ടൻ അടുത്തില്ലാത്തത് ഒരു കുറവ് തന്നെയാണ്” പിന്നെ ആരും ഒന്നും പറഞ്ഞില്ല.കുറച്ച് നേരം കഴിഞ്ഞതും കാർ ഒരു ഹോസ്പിറ്റലിലേക്ക് കയറുന്നത് കണ്ടു. “എന്താ സച്ചി ഇവിടെ? ” “ഇവിടെ അച്ഛന്റെ ഒരു ഫ്രണ്ട് ഉണ്ട്.സൈക്ക്യാട്രിസ്റ്റ് ആണ്.

ശിഖയുടെ ട്രീറ്റ്മെന്റ് ഇന്നുമുതൽ തന്നെ തുടങ്ങാം” “അത് നല്ല കാര്യമാണ്..അല്ലേ ജിത്തു” “മ്മ്മ്..” അലസമായി ഒന്ന് മൂളികൊണ്ട് ശിവേട്ടൻ ചേച്ചിയുടെ മൂർദ്ധാവിൽ ചുംബിച്ചു.അത് അറിഞ്ഞത് പോലെ ചേച്ചി മെല്ലെ കണ്ണുതുറന്നു ഏട്ടനെ ഒന്ന് നോക്കി.എന്നിട്ട് ഒന്നുകൂടി ഏട്ടനിലേക്ക് ചുരുണ്ടുകൂടി ഇരുന്നു. “മോളെ..ഇറങ്ങ്..ദേ നമുക്ക് ഒരാളെ കാണാം” “വേണ്ട..എനിക്ക് ഏട്ടൻ മതി.നമുക്ക് പോകാം.ഇവരാരും വേണ്ട” “പോകാലോ..അതിന് മുൻപ് നമുക്ക് ഇവിടെയൊന്ന് കണ്ടിട്ട് വരാം” കൊച്ചുകുഞ്ഞിനെ പോലെ ശിവേട്ടൻ ശിഖചേച്ചിയെ കാറിൽ നിന്നും ഇറക്കി.സച്ചിയേട്ടന്റെ പരിചയം വെച്ച് പെട്ടെന്ന് തന്നെ അപ്പോയ്ന്റ്മെന്റ് കിട്ടി. “എന്താടോ സച്ചിദേവേ ഈ വഴിക്ക്??

എന്തേലും കുരുത്തക്കേട് ഒപ്പിച്ചോ താൻ.അല്ലെങ്കിൽ തന്നെ തന്റെ അച്ഛന് എന്നെ കാണുമ്പോൾ ഒക്കെ തന്നെ കുറിച്ചുള്ള വേവലാതികളെ പറയാനുള്ളൂ.” “ഞാൻ നന്നായി അങ്കിളേ..ദേ കണ്ടില്ലേ” എന്നും പറഞ്ഞ് സച്ചിയേട്ടൻ എഴുനേറ്റ് സ്റ്റഡി ആയി നിന്നു.ഡോക്ടർ ഉൾപ്പടെ ഞങ്ങൾ എല്ലാവർക്കും ചിരി വന്നു.അപ്പോഴും ശിഖ ചേച്ചി ശിവേട്ടന്റെ നെഞ്ചിൽ ചാരി ഇരിക്കുവാണ്..ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ. “ഇരിക്കഡോ..എന്നിട്ട് വന്ന കാര്യം പറ” “അങ്കിളേ ഇതെന്റെ ഫ്രണ്ട്‌സ് ആണ്” സച്ചിയേട്ടൻ ഞങ്ങളെ ഡോക്ടർക്ക് പരിചയപ്പെടുത്തി. “ഇത് ഇവിടുത്തെ SI അല്ലേ?” “അതേ ഡോക്ടർ..അനന്ദു ചന്ദ്രൻ” “യെസ് യെസ് എനിക്ക് അറിയാം.സാറിന്റെ ടീം അല്ലേ ഇവിടുത്തെ മെയിൻ ഡ്രഗ് മാഫിയെ പിടിച്ചത്” “അതേ ഡോക്ടർ.

അതുപോലത്തെ ഇത്തിക്കണ്ണികളെ നമ്മുടെ നാടിനു ആവശ്യമില്ലല്ലോ” “മ്മ്മ്..എന്റെ മകളുടെ കോളേജിൽ അതിന്റെ ഭാഗമായിട്ട് ചെന്നിട്ടുണ്ടെന്ന് അവൾ പറഞ്ഞ് അറിയാം.സാറിന്റെ വലിയ ഫാൻ ആണ് അവൾ.” “എന്റെ പൊന്നങ്കിളേ..ഇതും പറഞ്ഞ് മോൾക് വേണ്ടി പ്രൊപോസൽ ആയിട്ട് ചെല്ലണ്ട..ഇവന്റെ പെണ്ണാ ആ ഇരിക്കുന്നത്” സച്ചിയേട്ടൻ ശിഖ ചേച്ചിയെ ചൂണ്ടി അത് പറഞ്ഞപ്പോൾ ഡോക്ടർ ചേച്ചിയെ ഒന്ന് ശ്രദ്ധിച്ചു. “അപ്പോൾ വരവിന്റെ ഉദ്ദേശം അതാണ്‌.എന്താ ഈ കുട്ടിക്ക് പറ്റിയത്?” ഡോക്ടറുടെ ചോദ്യത്തിന് ശിഖ ചേച്ചി നാട്ടിൽ വന്നത് മുതലുള്ള എല്ലാ കാര്യങ്ങളും ഞങ്ങൾ പറഞ്ഞു. “ഹ്മ്മ്മ്..നിങ്ങൾ വിഷമിക്കണ്ട.ഞാനൊന്ന് നോക്കട്ടെ” അത്രയും പറഞ്ഞ് ഡോക്ടർ എഴുനേറ്റ് ശിഖ ചേച്ചിയുടെ അടുത്തേക്ക് വന്നു.ആ തലയിലൂടെ ഒന്ന് തടവിയപ്പോൾ പ്രതീക്ഷിച്ചത് പോലെ ചേച്ചി ഡോക്ടറുടെ കൈ തട്ടി മാറ്റി.

“മോള് ഇങ്ങ് വന്നേ..അങ്കിൾ ചോദിക്കട്ടെ” “വേണ്ട പോ..” “അയ്യോടാ അങ്ങനെ പറയല്ലേ..മോള് വാ” “പോകാൻ പറ ഏട്ടാ..” ശിവേട്ടന്റെ നെഞ്ചിലേക്ക് മുഖം താഴ്ത്തിക്കൊണ്ട് ചേച്ചി പുലമ്പി. “ഇതാരാ മോളുടെ?” വീണ്ടും ശിഖ ചേച്ചിയുടെ മുടിയിലൂടെ കൈയൊടിച്ചു കൊണ്ട് ഡോക്ടർ ചോദിച്ചു. “എന്റെ ഏട്ടനാ..എന്റെ ഏട്ടൻ” മുഖം ഉയർത്താതെ ആയിരുന്നു ആ മറുപടി. “ഈ ഏട്ടന് മോളെ ഇഷ്ടാണോ?” ആ ചോദ്യം കേട്ടതും ചേച്ചി ഒന്ന് തലയുയർത്തി ഡോക്ടറെ നോക്കി.എന്നിട്ട് ഒരു മറുപടി പ്രതീക്ഷിച്ചെന്നോണം ശിവേട്ടന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. “ഈ ഏട്ടൻ മോളെ വിട്ട് എങ്ങും പോകാതിരിക്കാനുള്ള ഒരു സൂത്രം അങ്കിൾ പറഞ്ഞ് തരാം” “എന്ത് സൂത്രാ??” നിഷ്കളങ്കമായിരുന്നു ചേച്ചിയുടെ ആ ചോദ്യം.

“മോളോട് മാത്രം പറഞ്ഞ് തരാം..വാ” നിഷേധാര്ഥത്തില് തലയാട്ടികൊണ്ട് ചേച്ചി വീണ്ടും ഏട്ടനിലേക്ക് തന്നെ ഒതുങ്ങി. “ചെല്ല് മോളെ..ഏട്ടനല്ലേ പറയുന്നത്.ഈ അങ്കിളിന് ഒരുപാട് സൂത്രങ്ങൾ അറിയാം.അതൊക്കെ മോൾക് പറഞ്ഞ് തരും” “ഏട്ടനും വാ” “അയ്യോ ഏട്ടന് അതൊന്നും പറഞ്ഞ് തരില്ല.മോൾക് മാത്രമേ പറഞ്ഞ് തരൂ” ശിവേട്ടന്റെ മുഖത്തേക്ക് നോക്കികൊണ്ട് തന്നെയാണ് ചേച്ചി എഴുന്നേറ്റത്.ഡോക്ടറുടെ കൂടെ അടുത്ത റൂമിലേക്ക് കയറുമ്പോഴും ആ കണ്ണുകൾ ശിവേട്ടനിൽ ആയിരുന്നു. “എന്തൊരു പരീക്ഷണമാണ് ദൈവമേ” “ശിവേട്ട…” “എനിക്ക് വയ്യ ഗൗരി ഇതൊന്നും കാണാൻ.നോക്ക് എന്റെ നന്ദു ഇരിക്കുന്നത് നോക്ക്” “എനിക്ക് എന്താടാ..എനിക്ക് ഒരു കുഴപ്പവും ഇല്ല” “ഒന്ന് കരഞ്ഞൂടെ നന്ദു നിനക്ക്” “ഒന്ന് നിർത്തുന്നുണ്ടോ രണ്ടും..

ബാക്കിയുള്ളവരെ കൂടി കരയിക്കണം” അത്രയും പറഞ്ഞ് കൊണ്ട് സച്ചിയേട്ടൻ പുറത്തേക്ക് ഇറങ്ങി പോയി.2 മിനിറ്റ് കഴിഞ്ഞതും ഏട്ടൻ കയറി വന്നു. “നീ എവിടെ പോയതാ?” “ചുമ്മാ പുറത്തേക്ക്” “മ്മ്മ്..കണ്ണ് കാണുമ്പോൾ തന്നെ അറിയാം” “ഏട്ടന്മാർ എല്ലാം കൂടി ഇങ്ങനെ കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല.ഇനി ഒരിക്കലും കാണില്ലെന്ന് കരുതിയ ശിഖ ചേച്ചി ഇന്ന് നമ്മുടെ കൂടെയുണ്ട്.അത് തന്നെ ഒരു ആശ്വാസമല്ലേ.പിന്നെ ട്രീറ്റ്മെന്റിനെ കുറിച്ചൊക്കെ ഡോക്ടർ പറയട്ടെ..എത്ര ശ്രമപ്പെട്ടാണെങ്കിലും നമ്മൾ ചേച്ചിയുടെ ഓർമകളെ തിരികെ കൊണ്ട് വരും.” എന്റെ വാക്കുകൾ എല്ലാവരിലും ഒരു ഉണർവ് നൽകി.

ഉള്ളിൽ കരഞ്ഞുകൊണ്ടാണെങ്കിലും എന്റെ ഏട്ടന്മാർക്ക് വേണ്ടി അവർക്ക് സപ്പോർട്ട് ആയിട്ട് ഞാൻ നില്കും” കുറച്ച് സമയം കഴിഞ്ഞതും ഡോക്ടർ ഇറങ്ങി വന്നു. “അങ്കിൾ..ശിഖ?” “ഞാനൊരു ഇൻജെക്ഷൻ കൊടുത്തു.മയക്കത്തിൽ ആണ്” “എന്താ ഡോക്ടർ..അവളെ..അവളെ ഞങ്ങൾക്ക്” “നിങ്ങൾ പറഞ്ഞ കാര്യങ്ങളും ആ കുട്ടിയുടെ ഇപ്പോഴത്തെ കണ്ടിഷനും വെച്ച് ഞാൻ മനസിലാക്കിയത് എന്തെന്നാൽ ആ കുട്ടിയുടെ മനസ്സിൽ ഈ നാട്ടിലേക്ക് വന്നതിന്റെ ഉദ്ദേശം മാത്രമേ ഉള്ളു.സ്വന്തം ഏട്ടനെ തേടി വന്നവൾ..ആ ഏട്ടൻ മാത്രമായിരുന്നു അവളുടെ ശക്തി.ആ ഏട്ടനിലൂടെ അവൾക് കിട്ടിയവർ..അതായത് സച്ചിയും SI സാറും..അവൾക്ക് ഇന്ന് വെറും തോന്നൽ മാത്രമാണ്.” ആ വാക്കുകൾ കേട്ടിരിക്കാനുള്ള ശക്തി നന്ദുവേട്ടന് ഇല്ലായിരുന്നു.ഏട്ടൻ ശിവേട്ടന്റെ കൈകളിലേക്ക് മുറുകെ പിടിച്ചു.

“ഹേയ് സർ..വിഷമിക്കാതിരിക്കു..ഞാൻ പറഞ്ഞ് തീർന്നില്ല. അന്ന് സാറിനെതിരെ നടന്ന അറ്റാക്ക് നേരിൽ കാണേണ്ടി വന്ന ഷോക്ക്..അതിന്റെ പിറകെ സർ മരിച്ചു എന്ന വാർത്ത..അതാണ്‌ ആ കുട്ടിയുടെ മനസ്സിന്റെ താളം തെറ്റിച്ചത്.അന്നേ ട്രീറ്റ്മെന്റ് നടത്തിയിരുന്നെങ്കിൽ…ഹ്മ്മ്..ഇനി അത് പറഞ്ഞിട്ട് കാര്യമില്ല. ആ പഴയ ഓർമ്മകൾ എല്ലാം ശിഖയുടെ ഉപബോധ മനസിലുണ്ട്.അത് പുറത്ത് കൊണ്ട് വരേണ്ട കടമ്പ മാത്രമേയുള്ളു.പക്ഷെ അപ്പോഴും നമ്മൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്..ഉപബോധമനസിലെ ആ ഓർമകളിൽ അവളുടെ അനന്ദു മരിച്ചു എന്ന ചിന്തയാണ്. അത് തെറ്റായിരുന്നു എന്ന തിരിച്ചറിവ് അവളെ മറ്റൊരു ഷോക്കിലേക്ക് നയിച്ചേക്കാം.അത് അവളുടെ ജീവന് വരെ ആപത്ത് ആകാം” “ഇല്ല ഡോക്ടർ..അവൾക് ഒന്നും സംഭവിക്കാൻ പാടില്ല.ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് അവൾ അറിയില്ല..

അറിയിക്കില്ല ആരും.ആ പഴയ ശിഖയായിട്ട് അവളെ ഒന്ന് കണ്ടാൽ മാത്രം മതിയെനിക്ക്” “നന്ദു..” “അത് മാത്രം മതി ജിത്തു എനിക്ക്..ആ ജീവൻ അപകടപ്പെടുത്തികൊണ്ട് അവളെ എനിക്ക് സ്വന്തമാക്കണ്ട.” കരഞ്ഞു പോയിരുന്നു നന്ദുവേട്ടൻ.ആശ്വസിപ്പിക്കാൻ ഞങ്ങൾക്ക് ആർക്കും വാക്കുകൾ ഇല്ലായിരുന്നു. “ഇത്രത്തോളം ശിഖയെ സ്നേഹിക്കുന്ന സാറിനെ കണ്ടില്ലെന്ന് നടിക്കാൻ അവളുടെ മനസിന്‌ കഴിയില്ല.എനിക്ക് ഉറപ്പുണ്ട്..നമ്മൾ എല്ലാവരും ഒരുപോലെ ശ്രമിച്ചാൽ we can bring her back. ഇന്ന് മുതൽ മെഡിസിൻ സ്റ്റാർട്ട്‌ ചെയ്യുകയാണ്.ഒരു ദിവസം പോലും അത് മുടക്കരുത്. Let’s hope for the best”…… (തുടരും)

❤കലിപ്പന്റെ വായാടി❤ : ഭാഗം 41

Share this story