പുതിയൊരു തുടക്കം: ഭാഗം 18

പുതിയൊരു തുടക്കം: ഭാഗം 18

എഴുത്തുകാരി: അനില സനൽ അനുരാധ

കാൽപ്പെരുമാറ്റം അറിഞ്ഞപ്പോൾ ഹിമ മുഖത്തു നിന്നും കൈ എടുത്തു മാറ്റി അരികിൽ വന്നു നിന്ന ആളെ നോക്കി… രണ്ടു പേരുടെയും മിഴികൾ തമ്മിൽ കോർത്തു… അവൾ ആയാസപ്പെട്ട് എഴുന്നേറ്റിരുന്നു… മനസ്സിന്റെ ഭാരം അവളുടെ ശരീരത്തിലും വ്യാപിച്ചിരുന്നു… കിച്ചു അവളുടെ അരികിൽ ഇരുന്നതും അവൾ മെല്ലെ പുറകിലേക്ക് ഒന്നു നീങ്ങി ഇരുന്നു… “നീ വരുന്നില്ലേ? ” കിച്ചു തിരക്കി… അവൾ ഇല്ലെന്ന് തലയാട്ടി… “എന്താ ഇത്ര പെട്ടെന്ന് മടുത്തോ എന്നെ… കഷ്ടപ്പെട്ടു സ്വന്തമാക്കിയതല്ലേ? ” അവന്റെ ചോദ്യത്തിനു അവൾ നിസ്സംഗതയോടെ പുഞ്ചിരിച്ചു. “നീ എഴുന്നേറ്റു വാ… മോനെ കാണാതെ എനിക്ക് പറ്റില്ല…” “ഞാൻ വരുന്നില്ല… ഇത്രനേരം ഞാൻ കിച്ചേട്ടനെ കുറിച്ച് ഓർത്തു കിടക്കായിരുന്നു… ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട് ഉള്ളിലെ സ്നേഹം മുൻപിൽ വന്നു തുറന്നു പറഞ്ഞപ്പോൾ നിഷ്കരുണം എന്നെ തള്ളി കളഞ്ഞത്… എന്നെ അല്ല അവളെയാ ഇഷ്ടം എന്ന് പറഞ്ഞത്… സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ല എന്ന് അറിയാതെ പോയ വിഡ്ഢിയാണ് ഞാൻ… ” കിച്ചു ഒന്നും പറയാതെ അവളെ നോക്കിയിരുന്നു… അവന്റെ നിശബ്ദത അവളെ വീണ്ടും സംസാരിപ്പിക്കാൻ പ്രേരിപ്പിച്ചു… “ഞാൻ വലിയൊരു തെറ്റായിരുന്നു. എനിക്ക് ഇപ്പോൾ തിരിച്ചറിയാൻ പറ്റുന്നുണ്ട്… അതു തിരുത്താൻ എനിക്ക് ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുമോ?” അവൾ യാചന പോലെ അവനോട്‌ തിരക്കി. അവൻ ആ ചോദ്യം ചിരിച്ചു തള്ളി കളഞ്ഞു… “ആദി തനിച്ചായിരുന്നെങ്കിൽ ഞാൻ വിട്ടു കൊടുത്തേനെ… ”

അവൾ അവനിൽ നിന്നും മിഴികൾ മാറ്റി പറഞ്ഞു. “അവൾ തനിച്ചായിരുന്നെങ്കിൽ ഞാൻ പോകുമായിരുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ? ” അവൾ ഒന്നും പറയാതെ അവന്റെ മുഖത്തേക്ക് നോക്കി… “എന്നെ വിശ്വസിച്ച് ഈ ഭൂമിയിലേക്ക് പിറന്നു വീണ ഒരു മോനുണ്ട് എനിക്ക്… ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം അവനോടു നീതി പുലർത്തും… പിന്നെ നീ നേരത്തെ പറഞ്ഞില്ലേ സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ലെന്ന്…. പക്ഷേ ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ലേ? ഇല്ലെങ്കിൽ നീ പറയ്…” സ്നേഹിച്ചിട്ടുണ്ട്… ഞാൻ ഓരോ പിടി വാശി കാണിക്കുമ്പോഴും അതെല്ലാം ക്ഷമിച്ച് സ്നേഹിച്ചിട്ടുണ്ട്… എന്നിട്ടും താൻ അതിൽ സംതൃപ്തയായിരുന്നില്ല എന്നതായിരുന്നു സത്യം… അവളെക്കാൾ എന്നെ സ്നേഹിക്കാൻ കഴിയുമോ… എന്നേക്കാൾ വേറെ ആരെയെങ്കിലും സ്നേഹിക്കുമോ എന്ന ചിന്തയായിരുന്നു തന്നെ ഭരിച്ചിരുന്നത്…

അവൾ ആലോചനയോടെ ഇരുന്നു… “നിനക്ക് ഒന്നും പറയാൻ ഇല്ലേ? ഞാൻ നിന്നെ സ്നേഹിച്ചതു കൊണ്ടു തന്നെയാടീ നമുക്ക് ഒരു കുഞ്ഞ് പിറന്നത്… അല്ലാതെ സ്നേഹം ഇല്ലാതെ വെറുതെ നിന്നിൽ കാമം തീർത്തപ്പോൾ അല്ല…” കിച്ചു വികാര ക്ഷോഭത്തോടെ പറഞ്ഞു… “എന്നെ ഇനി പഴയ പോലെ സ്നേഹിക്കാൻ കഴിയുമോ കിച്ചേട്ടാ?” അതു ചോദിക്കുമ്പോൾ അവൾ വിതുമ്പി പോയി… “നീ ഇത്രയും നേരം എന്നെ കുറിച്ച് ആലോചിച്ചു കിടക്കുകയായിരുന്നു എന്നല്ലേ പറഞ്ഞത്… ഇനി കുറച്ച് നേരം നിന്നെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്ക്… നീ എന്നെ എങ്ങനെയാ സ്നേഹിച്ചിരുന്നത് എന്നതിനെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്ക്… എന്റെ അമ്മയെ ഞാൻ സ്നേഹിക്കുന്നതിന് പോലും നീ പരിഭവിക്കുമായിരുന്നു…

ഞാൻ എന്നെങ്കിലും നിന്നോട് പറഞ്ഞിട്ടുണ്ടോ നിന്റെ അച്ഛനെയോ അമ്മയെയോ ഏട്ടനെയോ ഫ്രണ്ട്‌സിനെയോ സ്നേഹിക്കരുതെന്ന്… നീ ആരെയൊക്കെ സ്നേഹിച്ചാലും എനിക്ക് കിട്ടേണ്ട സ്നേഹം നീ എനിക്ക് തന്നെ പകർന്നു തരും എന്ന് എനിക്ക് അറിയാമായിരുന്നു… പക്ഷേ നീ അങ്ങനെയല്ല… എന്റെ സ്നേഹം നിന്നിലേക്ക് മാത്രമാകണം എന്ന ഇടുങ്ങിയ ചിന്ത… നീ ചെയ്തു വെച്ചതും നിന്റെ സ്നേഹം അടിച്ചേൽപ്പിക്കലും…. ഓഹ്! എല്ലാം കൂടി… എന്തും അധികം ആയാൽ നന്നല്ല ഹിമേ…” ഹിമ മുഖം കുനിച്ച് ഇരുന്നു… “നീ എഴുന്നേറ്റു വാ. അമ്മ വീട്ടിൽ തനിച്ചാണ്… ” എന്നും പറഞ്ഞ് കിച്ചു എഴുന്നേറ്റു… അവൾ എഴുന്നേൽക്കുന്നില്ല എന്നു കണ്ടതും വലതു കൈ നീട്ടി അവളുടെ കയ്യിൽ പിടിച്ചു…

കൈ പൊള്ളുന്ന ചൂട്… അവൻ വേഗം കയ്യിലെ പിടി വിട്ട് അവളുടെ നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കി… അവൾക്ക് നല്ല പനിയുണ്ടായിരുന്നു… പക്ഷേ നാളുകൾക്ക് ശേഷം അവൻ കരുതലോടെ സ്പർശിച്ചപ്പോൾ അവൾക്ക് പൊള്ളുന്ന മരുഭൂമിയിൽ മഴ പെയ്യുന്ന നിർവൃതി നിറച്ചു… “ഈ പനിയും വെച്ചോണ്ട് ആണോ ഇത്രയും നേരം ഇവിടെ ഇരുന്ന് പ്രസംഗിച്ചത്… എഴുന്നേൽക്ക് ഹോസ്പിറ്റലിൽ പോകാം… ” “എനിക്ക് കുഴപ്പമൊന്നും ഇല്ല… അമ്മ തനിച്ചല്ലേ… കിച്ചേട്ടൻ മോനെയും കൂട്ടി പൊയ്ക്കോ…” “നിന്നോട് ഹോസ്പിറ്റലിൽ പോകാം എന്നാണ് പറഞ്ഞത്… ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യണോ… അല്ലെങ്കിൽ… ” എന്നു പറഞ്ഞ് അവൻ മുറിയിൽ ഒന്നു കണ്ണോടിച്ചു… ഹാങ്ങറിൽ കിടന്നിരുന്ന ഷാൾ എടുത്ത് അവളുടെ തോളിൽ ഇട്ടു കൊടുത്തു… അവൾ അവന്റെ മുഖത്തേക്ക് ഇമ വെട്ടാതെ നോക്കി…

“നടക്കാൻ ബുദ്ധിമുട്ട് ഉണ്ടോ? ” “ഇല്ല.. ” എന്നു പറഞ്ഞ് അവൾ മുന്നോട്ടു നടന്നെങ്കിലും നടക്കുമ്പോൾ കാല് കുഴഞ്ഞു പോകുന്നത് പോലെ തോന്നി… അതു മനസ്സിലാക്കിയ പോലെ കിച്ചു അവളുടെ തോളിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്തു പിടിച്ച് മുൻപോട്ടു നടന്നു… രണ്ടു പേരും അകത്തേക്ക് വരുന്നത് കണ്ടപ്പോൾ തന്നെ എല്ലാവരുടെയും മുഖത്ത് ആശ്വാസം നിറഞ്ഞു… “ഹോസ്പിറ്റലിൽ പോകാം പ്രവി… ” കിച്ചു പറഞ്ഞു… പ്രവി വേഗം കാറിന്റെ കീ എടുത്തു വന്നു… അമ്മ വരാം എന്നു പറഞ്ഞെങ്കിലും കിച്ചു വേണ്ടെന്നു പറഞ്ഞു… അവർ പോകുന്നത് കണ്ടപ്പോൾ അപ്പു ചിണുങ്ങിക്കരയാൻ തുടങ്ങി… സൗമ്യ വേഗം അവനെയും കൂട്ടി മുറിയിലേക്ക് നടന്നു… കാർ കണ്മുന്നിൽ നിന്നും മറയുന്നത് വരെ അച്ഛനും അമ്മയും ഉമ്മറത്തു നിന്നു…

“ഇനിയെങ്കിലും അവൾക്ക് കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് കൊടുത്താൽ മതിയായിരുന്നു ദൈവം… ” “ഭാനു… എല്ലാം ശരിയാകും… എന്റെ മോൾ സന്തോഷത്തോടെ ആയിരിക്കും മടങ്ങി വരുക… ” സുരേന്ദ്രൻ നിശ്വസിച്ചു കൊണ്ട് പറഞ്ഞു… “ഹ്മ്മ്… അവൾ ഓരോന്ന് കാണിച്ചു കൂട്ടിയതിന് അവളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല… അവളുടെ എല്ലാ വാശിക്കും കൂട്ട് നിന്ന് അവളെ ഇങ്ങനെയാക്കിയത് നിങ്ങൾ ഒക്കെ കൂടി തന്നെയാ… ” “പിന്നെ എന്റെ മോള് കരഞ്ഞാൽ എനിക്ക് സഹിക്കോടീ… ” സുരേന്ദ്രൻ ഗൗരവത്തിൽ തിരക്കി… “കരയുന്നത് കാര്യമുള്ള കാര്യത്തിനാണോ എന്ന് അറിഞ്ഞിട്ട് വേണം ഇനിയെങ്കിലും അവളുടെ താളത്തിനു ഒത്തു തുള്ളാൻ…

അവളുടെ ഭാഗത്ത്‌ തെറ്റുണ്ടെന്ന് ബോധ്യം വന്നാൽ പിന്നെ അതു ന്യായീകരിച്ച് ശരിയാണെന്ന് ആക്കി തീർക്കുകയല്ല വേണ്ടത്… അതു തെറ്റാണ്… അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം… നന്ദികേട് കാട്ടരുത് എന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. ഞാൻ എന്തെങ്കിലും പറയുമ്പോൾ എല്ലാവർക്കും പുച്ഛം ആയിരുന്നല്ലോ…” “നീ ഇതൊന്ന് നിർത്ത് ഭാനു… ” “ഞാൻ നിർത്തി…. അല്ലെങ്കിലും ഞാൻ എന്തെങ്കിലും പറഞ്ഞാൽ അതു നിർത്തിക്കാൻ അല്ലേ തിരക്ക്… ” എന്നും പറഞ്ഞ് തിരിഞ്ഞു നടന്നു… *** “ജയേട്ടൻ എന്നെ കുറേ കളിയാക്കി ചിരിച്ചു…” “എന്തിന്? ” ജീവന്റെ തോളിൽ നിന്നും മുഖം ഉയർത്തി ആദി തിരക്കി… “അതു പിന്നെ ഏട്ടൻ നമുക്ക് വേണ്ടി ഒരു ഹണിമൂൺ ട്രിപ്പ്‌ ഓഫർ ചെയ്തിരുന്നു… സത്യം പറഞ്ഞാൽ ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ലാട്ടോ. വല്ലാത്ത സർപ്രൈസ് ആയി പോയി… ”

“ഞാനും ഡേറ്റ് ഒന്നും ഓർത്തില്ല ജീവേട്ടാ… അമ്മ ഇന്നലെ ചോദിച്ചപ്പോഴാ…” “ഞാൻ ജോലിക്ക് കയറുന്നതിനു മുൻപ് കുറച്ച് യാത്രകൾ പോകണം എന്നൊക്കെ പ്ലാൻ ചെയ്തിരുന്നു… ഒരു വിസിറ്റിംഗ് വിസ എടുത്ത് ദുബായ് പോകാം എന്നു വരെ വിചാരിച്ചിരുന്നതാ… ” “സങ്കടം ഉണ്ടോ? ” അവൻ പറയുന്നത് കേട്ടപ്പോൾ അവൾ തിരക്കി… “സങ്കടമോ… സന്തോഷം ആണെടീ… അതേയ് കല്യാണം കഴിഞ്ഞിട്ട് കുറച്ച് വർഷം ആയി… അതൊന്നും പൊന്നുമോൾ അറിയുന്നില്ലേ?” “വർഷത്തിൽ ഒന്നും വലിയ കാര്യം ഇല്ല…” “ഹ്മ്മ്… അതും ശരിയാ…” “കമ്പനിയിൽ ജോയിൻ ചെയ്യുന്ന കാര്യം പറഞ്ഞില്ലേ.. എന്നാണ് ജോയിൻ ചെയ്യേണ്ടത്?” “രണ്ടു മാസം കഴിഞ്ഞിട്ട്… പിന്നെ വേണമെങ്കിൽ ഒരു റിക്വസ്റ്റ് അയച്ചതിന് ശേഷം നേരത്തെ ജോയിൻ ചെയ്യാം. എന്താ വേണോ? ” “വേണ്ട… ” “പിന്നെ പണിക്ക് പോകാതെ എങ്ങനെ ജീവിക്കും… ”

“രണ്ടു മാസം ജീവിക്കാനുള്ള പണമൊക്കെ എന്റെ കയ്യിലുണ്ട്…” “സ്ത്രീധനം കിട്ടിയ വകയിൽ നിന്നും ആയിരിക്കും… ” “അയ്യടാ ! ഈ സ്ത്രീ ഉണ്ടാക്കിയ ധനമാണ്. ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുമ്പോൾ കിട്ടിയിരുന്ന സാലറിയിൽ നിന്നും ചെലവിനുള്ള പണം എടുത്ത് ബാക്കിയുള്ളതെല്ലാം അങ്ങനെ തന്നെ കിടപ്പുണ്ട്… ” “അത് അവിടെ തന്നെ കിടന്നോട്ടെ…” “അതേയ്…” “ഹ്മ്മ്? ” “അതേയ് ജീവേട്ടാ? ” “എന്താടീ? ” “ഞാൻ ഒരു കാര്യം ചോദിക്കട്ടെ? ” “ചോദിക്ക്… ” അവൾ അവന്റെ തോളിൽ മുഖം ചേർത്തു വെച്ചു… “ഞാൻ പിന്നെ ചോദിക്കാം… ” എന്നു പറഞ്ഞ് അവൾ അവന്റെ തോളിൽ നിന്നും മുഖം ഉയർത്തി.. തലയിണയിലേക്ക് മുഖം വെച്ചു കിടന്നു… “നീ പറയുന്നത് വരെ ഞാൻ അതെന്താകും എന്ന് ആലോചിച്ച് ഇരിക്കാനോ… പറ്റില്ല… ഇപ്പോൾ ചോദിക്കണം…”

എന്നു പറഞ്ഞ് അവനും അവളുടെ അടുത്ത് കിടന്നു… അവൾ അവന്റെ മുഖത്തേക്ക് നോക്കി കിടന്നു… അവൻ അവളുടെ മുഖത്ത് കൈ വിരൽ കൊണ്ടു ചിത്രം വരയ്ക്കാൻ തുടങ്ങി… നെറ്റിയിലൂടെ ഒഴുകി ഇറങ്ങിയ അവന്റെ വിരൽ തുമ്പ് അവളുടെ കീഴ്ച്ചുണ്ടിൽ വന്നു നിന്നു … “ഇനി ചോദിച്ചോ? ” അവളുടെ ചുണ്ടിൽ മെല്ലെ നുള്ളി കൊണ്ട് അവൻ പറഞ്ഞു… “എനിക്ക് ഒരാളെ കാണണം…” “കണ്ടിട്ട്? ” “എനിക്ക് മനസ്സ് തുറന്നു സംസാരിക്കണം… ” “എന്നിട്ട്? ” “മാപ്പു ചോദിക്കണം… ” “എന്നിട്ട്? ” “എന്നെ വെറുത്തിട്ടായാലും കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ പറയണം… ” “നിന്നെ എന്തിനാ വെറുക്കുന്നത്? ” “മനസ്സിലെ ഇഷ്ടം മറച്ചു വെച്ചതിന്… ” “എന്നെ ഉപേക്ഷിച്ചു കൂടെ വരാൻ പറഞ്ഞാൽ? ” “പറയില്ല… ” “പറഞ്ഞാൽ? ” “പറയില്ല… എനിക്ക് ഉറപ്പുണ്ട്…” “അവൻ മുന്നിൽ നിന്ന് സങ്കടപ്പെട്ടാൽ നീ തകർന്നു പോകും… ”

“ഇല്ല… കൂടെ ഞാനും സങ്കടപ്പെടുമായിരിക്കും… പക്ഷേ തകർന്നു പോകില്ല… തളർന്നു പോയാൽ താങ്ങാകാൻ കൂടെ ജീവേട്ടൻ ഇല്ലേ? ജീവേട്ടന്റെ തുടിപ്പ് എന്റെ ഉദരത്തിൽ ഇല്ലേ… പിന്നെ ഞാൻ എങ്ങനെ തകർന്നു പോകും? ” ജീവൻ അവളെ നെഞ്ചോടു ചേർത്തു പിടിച്ചു… അതിനു ശേഷം അവളുടെ മുഖം കയ്യിലെടുത്ത് ചുംബനങ്ങൾ കൊണ്ട് മൂടി… അധരങ്ങൾ പതിയെ കഴുത്തിലേക്ക് പതിഞ്ഞതും അവൾ അവനെ തന്റെ ശരീരത്തിലേക്ക് ചേർത്തു പിടിച്ചു… എന്തിനെന്ന് അറിയാതെ അവളുടെ കണ്ണിൽ നിന്നും പതിയെ ഒരു കണ്ണുനീർച്ചാൽ ഒഴുകി…. അതു ജീവന്റെ അധരത്തിൽ അതു പോയ്‌ മറഞ്ഞു… **

മുരളിയും സേതുവും കൂടി രാവിലെ ഹോസ്പിറ്റലിൽ എത്തുമ്പോൾ അവിടെ സുരേന്ദ്രനും ഭാനുവും ഉണ്ടായിരുന്നു . രാത്രി പ്രവിയുടെ ഫോണിൽ നിന്നും കിച്ചു മുരളിയെ വിളിച്ചു ഹിമയെ അഡ്മിറ്റ്‌ ചെയ്ത കാര്യവും അമ്മയെ വന്നു തറവാട്ടിലേക്ക് കൂട്ടി കൊണ്ട് പോകാനും പറഞ്ഞിരുന്നു. “എന്താ പറ്റിയത്? ” സേതു ഹിമയെ നോക്കിയ ശേഷം ഭാനുവിനോട് തിരക്കി… “പനിയാ ചേച്ചി. ഇന്നലെ അവിടെ നിന്നു വന്നതും ഒറ്റ കിടത്തം ആയിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിച്ചില്ല… കിടക്കുന്നത് കണ്ടു ചെന്നു നോക്കിയപ്പോൾ പനിയുണ്ട്. പിന്നെ കുറച്ചു പൊടിയരി കഞ്ഞി ഉണ്ടാക്കി കൊടുത്തു… പനിയുടെ ഗുളികയും കഴിപ്പിച്ചു… കുറവില്ലെന്ന് കണ്ടപ്പോൾ പ്രവി ഹോസ്പിറ്റലിൽ പോകാം എന്ന് കുറേ പറഞ്ഞതാ… കേട്ടില്ല. പിന്നെ കിച്ചു വന്നപ്പോഴാ… ” “ഡോക്ടർ എന്തു പറഞ്ഞു?” “മരുന്നുണ്ട് ..

മൂന്നു ദിവസം കഴിഞ്ഞിട്ട് ഭേദം ഇല്ലെങ്കിൽ വരാൻ പറഞ്ഞിട്ടുണ്ട്. ഡിസ്ചാർജ് ബിൽ കിട്ടി. കിച്ചു അത് അടച്ചിട്ട് വന്നാൽ നമുക്ക് ഇറങ്ങാം. സേതു വെറുതെ ബുദ്ധിമുട്ടി വരണ്ടായിരുന്നു…” “ഇതൊക്കെ ബുദ്ധിമുട്ടാണോ? ” എന്നു തിരക്കി ഹിമയുടെ നെറ്റിയിൽ കൈ വെച്ചു പനി എങ്ങനെയുണ്ടെന്നു നോക്കി… നെറ്റിയിലെ സ്പർശം അറിഞ്ഞപ്പോൾ ഹിമ കണ്ണുകൾ തുറന്നു… അവൾക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു… അവൾ നെറ്റിയിൽ ഇരിക്കുന്ന അമ്മയുടെ കയ്യിൽ മുറുകെ പിടിച്ചു… ബിൽ അടച്ച ശേഷം വന്ന കിച്ചു ആ കാഴ്ചയും കണ്ടു കൊണ്ടാണ് മുറിയിലേക്ക് കയറി വന്നത്… കിച്ചുവിനനെ കണ്ടപ്പോൾ അവൾ അമ്മയുടെ കയ്യിലെ പിടി വിട്ടു… “ഇപ്പോഴും ചൂട് ഉണ്ടല്ലോ? ” സേതു പറഞ്ഞു…

“ഇന്നലെ പൊള്ളുന്ന ചൂട് ആയിരുന്നു സേതു. അതു വെച്ചു നോക്കുമ്പോൾ നല്ല ഭേദമുണ്ട്. ” ഭാനു പറഞ്ഞു… “അമ്മ ഇപ്പോൾ എന്തിനാ വന്നത്. ഞങ്ങൾ ഇറങ്ങാൻ നോക്കായിരുന്നു… ” കിച്ചു തിരക്കി. “കാര്യങ്ങൾ വിളിച്ച് അന്വേഷിക്കാൻ നിന്റെ കയ്യിൽ ഫോൺ ഉണ്ടോ… പിന്നെ മുരളിയെ കൂട്ടി ഇങ്ങോട്ട് പോന്നു… ” കിച്ചു കയ്യിൽ ഇരുന്ന മരുന്നിന്റെ പൊതി അമ്മയുടെ കയ്യിലേക്ക് കൊടുത്തു… “എന്നാൽ നമുക്ക് ഇറങ്ങിയാലോ? ” കിച്ചു തിരക്കി… “ഇറങ്ങാം… എല്ലാവരും കൂടി ഒരുമിച്ച് കാറിൽ പോകാൻ പറ്റോ? ” സുരേന്ദ്രൻ തിരക്കി… “ഞങ്ങൾ കാറിലാ വന്നത്… ” മുരളി പറഞ്ഞു… “എന്നാൽ കുഞ്ഞമ്മാവൻ അച്ഛനെയും അമ്മയെയും വീട്ടിൽ കൊണ്ടാക്കിയേക്ക്… അമ്മയും ഇവരുടെ കൂടെ ചെല്ല്…

എന്നിട്ട് മോനെയും കൂട്ടി നമ്മുടെ വീട്ടിലേക്ക് വന്നാൽ മതി… ഞാൻ ഹിമയെയും കൂട്ടി വന്നോളാം… ” കിച്ചു പറഞ്ഞു.. “അവൾ വയ്യാതെ ഇരിക്കല്ലേ. പനി മാറിയിട്ട് ഇനി അങ്ങോട്ട് കൊണ്ടു വന്നാക്കിയാൽ മതിയില്ലേ? ” സുരേന്ദ്രൻ തിരക്കി… “അതു വേണ്ട… ഒരു പനി അല്ലേ… അതങ്ങു പെട്ടെന്ന് മാറിക്കോളും…” കിച്ചു പറഞ്ഞു. അവന്റെ മറുപടി സുരേന്ദ്രന് അത്രയ്ക്ക് പിടിക്കുന്നുണ്ടായിരുന്നില്ല… “നീ വീട്ടിലേക്ക് പോരുന്നോ മോളെ? ” സുരേന്ദ്രൻ തിരക്കി… ഭാനു ആ ചോദ്യം കേട്ടതും ഭർത്താവിനെ തുറിച്ചു നോക്കി… അച്ഛനോട് എങ്ങനെ ഇല്ലെന്ന് പറയും എന്ന ആലോചനയോടെ ഹിമ കിച്ചുവിനെ നോക്കി. അവന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല… “എന്നാൽ നിങ്ങൾ എല്ലാവരും കൂടി ഒരുമിച്ച് പൊയ്ക്കോളൂ. ഞാൻ ചേച്ചിയെ വീട്ടിൽ കൊണ്ടാക്കിക്കോളാം… ” മുരളി പറഞ്ഞു…

“അതു തന്നെയാ നല്ലത്… ” സുരേന്ദ്രനും അത് അനുകൂലിച്ചു കൊണ്ട് പറഞ്ഞു…” “ഞാൻ… ഞാൻ കിച്ചേട്ടന്റെ കൂടെ പൊയ്ക്കോളാം അച്ഛാ… ” ഹിമ ഇടർച്ചയോടെ പറഞ്ഞു… അത് കേട്ടപ്പോൾ ഭാനുവിന്റെയും സേതുവിന്റെയും മുഖത്ത് മന്ദസ്മിതം വിരിഞ്ഞു… സുരേന്ദ്രന്റെ മുഖം ഇരുണ്ടു പോയി… ആദ്യമായാണ് മറ്റുള്ളവരുടെ മുൻപിൽ വെച്ച് താൻ പറയുന്നൊരു കാര്യം അവൾ നിരാകരിക്കുന്നത്… “എന്നാൽ വൈകണ്ട നമുക്ക് ഇറങ്ങാം… ” എന്നു പറഞ്ഞ് മുരളി പുറത്തേക്കു നടന്നു… തൊട്ടു പിന്നാലെ സേതുവും… “ഞങ്ങൾ അങ്ങോട്ട് വരാം മോളെ… ” എന്നു പറഞ്ഞ് പുഞ്ചിരിയോടെ ഭാനു ഹിമയുടെ മുടിയിൽ തഴുകി.. ഹിമ തലയാട്ടി… അതിന് ശേഷം അച്ഛനെ നോക്കി…

അതു സാരമില്ലെന്ന ഭാവത്തിൽ ഭാനു അവളെ നോക്കി കണ്ണു ചിമ്മി കാണിച്ചു… “വാ ഏട്ടാ… അവരു കാത്ത് നിൽക്കുന്നുണ്ടാകും…” എന്നു പറഞ്ഞ് ഭാനു നടന്നതും സുരേന്ദ്രൻ ഒന്നും പറയാതെ പുറത്തേക്ക് നടന്നു… അതു കണ്ടപ്പോൾ ഹിമയ്ക്ക് വല്ലായ്മ തോന്നി… തന്റെ സന്തോഷത്തിനു വേണ്ടി എന്തും ചെയ്യാൻ മടി ഇല്ലാത്ത ആളാണ്… അച്ഛനു സങ്കടം ആയി കാണുമോ??? “ഇവിടെ കൂടാണോ? ” കിച്ചുവിന്റെ ചോദ്യം കേട്ടപ്പോൾ അവൾ അവനെ നോക്കി… പിന്നെ എഴുന്നേറ്റു… കാനുല റിമൂവ് ചെയ്യുമ്പോൾ വെച്ചിരുന്ന കോട്ടൺ അവൾ വേസ്റ്റ്ബസ്ക്കറ്റിലേക്ക് നിക്ഷേപിച്ചു… അവൾ വാതിൽക്കലേക്ക് നടക്കുമ്പോൾ അവൻ പുറകിലൂടെ കയ്യിട്ട് അവളുടെ തോളിൽ പിടിച്ചു…

അവൾ മെല്ലെ നടക്കുന്നതിന് അനുസരിച്ച് അവനും നടന്നു… വീട്ടിലേക്കുള്ള യാത്രയിൽ ഹിമ തീർത്തും നിശബ്ദയായിരുന്നു… കിച്ചുവും ഒന്നും സംസാരിക്കാൻ പോയില്ല… വീട്ടിൽ എത്തുമ്പോൾ അപ്പുവിനെ കൊഞ്ചിച്ച് നിൽക്കുന്ന വരദയെ കണ്ടാണ് കിച്ചു കാറിൽ നിന്നും ഇറങ്ങിയത് … ഹിമയും കാറിൽ നിന്ന് ഇറങ്ങി… അച്ഛനെയും അമ്മയെയും കണ്ടതും അപ്പു കുഞ്ഞരിപ്പല്ലുകൾ കാട്ടി പുഞ്ചിരിച്ചു… മുറ്റത്തേക്ക് ഓടാൻ ആഞ്ഞതും വരദ അവനെ എടുത്തു.. “അച്ഛനും അമ്മയും ഹോസ്പിറ്റലിൽ നിന്നും വരുന്നതല്ലേ… കുളിച്ചതിന് ശേഷം അപ്പൂസിനെ എടുക്കുമല്ലോ… ” എന്നു വരദ പറഞ്ഞപ്പോൾ ആദ്യം ഒന്നു ചിണുങ്ങി എങ്കിലും ഒതുങ്ങി ഇരുന്നു… “അച്ഛ വേഗം കുളിച്ചിട്ടു വരാട്ടോ… ” എന്നും പറഞ്ഞ് ഹിമയേയും കൂട്ടി അവൻ മുറിയിലേക്ക് നടന്നു … ഹിമ ബെഡിൽ ഇരുന്നു…

ആകെ ഒരു അസ്വസ്ഥത വന്നു മൂടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു… അതു കണ്ടു കൊണ്ടാണ് കിച്ചു കുളിക്കാൻ കയറിയതും… ഇറങ്ങി വരുമ്പോഴും അവൾ ആ ഇരിപ്പ് തന്നെ ഇരിക്കുന്നുണ്ടായിരുന്നു.. “ഹീറ്റർ ഓൺ ആക്കിയിട്ടിട്ടുണ്ട്… പോയി മേല് കഴുകാൻ നോക്ക് … ” എന്നു പറഞ്ഞ് കിച്ചു അപ്പുവിന്റെ അരികിലേക്ക് നടന്നു. ദേഹത്ത് ഇളം ചൂട് വെള്ളം വീണപ്പോൾ ഹിമയ്ക്ക് ഒരു സുഖം തോന്നി… വീണ്ടും വീണ്ടും വെള്ളം ദേഹത്തേക്ക് ഒഴിച്ചു കൊണ്ടിരുന്നു… *** “നീ ഇന്നലെ കാര്യമായിട്ട് പറഞ്ഞതാണോ? ” ആദി തുണികൾ മടക്കി വെക്കുന്നതും നോക്കി ഇരിക്കുന്നതിനിടയിൽ ജീവൻ തിരക്കി… “കിച്ചേട്ടന്റെ കാര്യമാണോ?” “ആഹ്! അതെ.. ” “കാര്യമായിട്ട് തന്നെ പറഞ്ഞതാ…

ആദ്യമൊക്കെ എന്തും ഉള്ളിൽ കൊണ്ടു നടന്നാ ശീലം… ഇനി വേണ്ട… പറഞ്ഞാൽ ഉള്ളിലെ ഭാരം അങ്ങു തീരുമെങ്കിൽ തീർന്നോട്ടെ…” “എന്നാൽ തീർന്നോട്ടെ… ഇനി നീ കിച്ചുവിനെ കണ്ടെന്നു അറിഞ്ഞാൽ ആ ഹിമ ഉറഞ്ഞു തുള്ളി കൊണ്ടു വരുമോ? ” “വന്നാൽ അവൾക്കിട്ട് രണ്ടു പൊട്ടിക്കും ഞാൻ… ” “ആരിത്… ജീവേട്ടന്റെ ആദിമോൾ തന്നെയാണോ ഇങ്ങനെയൊക്കെ മൊഴിയുന്നത്… ” അവൻ കളിയാക്കുന്ന മട്ടിൽ തിരക്കി… “എന്തേ? ” “ഒന്നും ഇല്ലേ… ഒരു കരണത്ത് അടി കിട്ടിയാൽ മറു കരണം കൂടി കാട്ടി കൊടുക്കുന്ന ആളാണ് പൊട്ടിക്കാൻ പോകുന്നത്… ” “അതു പഴയ ആദി… ഇതു ആദിലക്ഷ്മി ജീവൻ അല്ലേ… കുറച്ചു വയലൻസ് ഒക്കെ ആകാം… ” “മോളെ നിന്റെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ കിടക്കുന്നുണ്ട്… ഇതൊക്കെ കേട്ടു പഠിക്കണ്ട… ”

“സ്വന്തം കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള ധൈര്യം ഉണ്ടാക്കി കൊടുത്തു വേണം നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ വളർത്തി എടുക്കാൻ… വെറുതെ അയ്യോ പാവം ആയിരുന്നാൽ അമ്മയെ പോലെ അവരും സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒന്നും നേടാൻ കഴിയാതെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആഭിമുഖീകരിക്കാൻ കഴിയാതെ ഓടി ഒളിക്കും…” “ഓഹ്! അങ്ങനെ…” “എങ്ങനെ? “അതു ചോദിക്കുമ്പോൾ അവളുടെ നെറ്റി ചുളിഞ്ഞു… “ഒന്നും ഇല്ല…” വിഷാദഭാവത്തിൽ പറഞ്ഞ് അവൻ എഴുന്നേറ്റു… ആദി താൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റ് പറഞ്ഞു പോയോ എന്ന് ചിക്കി ചികഞ്ഞു നോക്കാൻ തുടങ്ങി…. ജീവൻ ഇടം കണ്ണിട്ട് അവളെയൊന്നു നോക്കി…

മടക്കി കൊണ്ടു നിന്നിരുന്ന മുണ്ടും കയ്യിൽ പിടിച്ചു വലിയ ആലോചനയിലാണ്… “അപ്പോഴേ… അനാവശ്യം കാര്യങ്ങൾ ഓർത്തു തല പുകയ്ക്കണ്ട എന്ന പാഠവും പഠിപ്പിച്ച് കൊടുത്തേക്ക്… ” വാതിൽക്കലേക്ക് നടന്നു കൊണ്ട് തിരിഞ്ഞു നോക്കാതെ അവളോട്‌ പറയുമ്പോൾ അവന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരി മാത്രമായിരുന്നു… ആദി അടുക്കളയിലേക്ക് ചെല്ലുമ്പോൾ അമ്മയുടെ കൂടെ ജീവനും സഹായിക്കാൻ കൂടിയിട്ടുണ്ടായിരുന്നു… “ഞാൻ ചെയ്തോളാം… ” അവൻ പച്ചപ്പയർ പൊട്ടിച്ചിടുന്നത് കണ്ടപ്പോൾ അവൾ പറഞ്ഞു… “നീയും ചെയ്തോടീ… അപ്പോൾ വേഗം ഈ പണി അങ്ങു തീരും… ” അവൾ സ്ലാബിൽ ചാരി നിന്ന് പയർ പൊട്ടിക്കാൻ തുടങ്ങിയതും ജീവൻ അവളെ എടുത്തുയർത്തി അതിനു മീതെ കയറ്റി ഇരുത്തി…

മായ അതു കണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ച് സാമ്പാറിലേക്കുള്ള നാളികേരവും മറ്റും വറുക്കാൻ തുടങ്ങി… ആദി അവനെ നോക്കി പേടിപ്പിച്ചപ്പോൾ അവൻ ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഉമ്മ എന്ന് ആക്ഷൻ കാട്ടി… അതോടെ അവൾ നോക്കി പേടിപ്പിക്കൽ അങ്ങു നിർത്തി… “മോനെ ജയൻ വിളിച്ചില്ലല്ലോ ഈ നേരം വരെ … ” മായ പറഞ്ഞു… “ഇന്നു ലീവ് അല്ലേ അമ്മേ… ചിലപ്പോൾ ഇന്നലെ രാത്രി പുറത്തൊക്കെ പോയിട്ടുണ്ടാകും… ജയേട്ടന്റെ ഒരു കൂട്ടുകാരനും ഫാമിലിയും അവിടെയുണ്ട്… അമ്മ ചിലപ്പോൾ അറിയും ഏട്ടന്റെ കൂടെ ബി ടെക്കിനു ഉണ്ടായിരുന്ന ശ്യാം ലാൽ… അവരുടെ മോൾ മാളൂട്ടിയെക്കാൾ ഒന്നോ രണ്ടോ മാസം മൂത്തതാകും… എല്ലാവരും കൂടെ കൂടിയപ്പോൾ രാത്രി ഉറങ്ങാൻ വൈകി കാണും…” “അതാകും…” എന്നു പറഞ്ഞ് അരക്കാനുള്ളതെല്ലാം എടുത്ത് അമ്മ പിന്നിലെ ഉമ്മറത്തേക്ക് നടന്നു…

അവിടെയായിരുന്നു അമ്മി… അമ്മ അരച്ച് വരുമ്പോഴേക്കും ആദി പയർ അടുപ്പത്തു വെച്ചു… “അഭി കിച്ചുവിനെ പോയി കാണാം എന്നു പറഞ്ഞിട്ടുണ്ട്… കിച്ചുവിനു വിരോധം ഇല്ലെങ്കിൽ നമുക്ക് പോയി കാണാം അവനെ… ” അവൾ തലയാട്ടി… അമ്മ അടുക്കളയിലേക്ക് വന്നപ്പോൾ പിന്നെ ആ സംസാരം അവിടെ നിർത്തി വെച്ചു… ഭക്ഷണശേഷം ജീവൻ നിർബന്ധിച്ചപ്പോൾ അവന്റെ കൂടെ ഇരുന്ന് ചെസ്സ് കളിക്കുകയായിരുന്നു ആദി… അപ്പോഴാണ് അഭിയുടെ കാൾ വന്നത്. അവൻ കളിക്കുന്നതിനിടയിൽ കാൾ എടുത്തു… കുറച്ചു കഴിഞ്ഞപ്പോൾ അവൻ കളി നിർത്തി ഫോണിൽ കൂടുതൽ ശ്രദ്ധ ചെലുത്തി… കാൾ കട്ട്‌ ചെയ്ത ശേഷം അവൻ ആദിയെ നോക്കി…

ഹോസ്പിറ്റലിൽ വെച്ചുണ്ടായ സംഭവങ്ങൾ എല്ലാം മുരളിയിൽ നിന്നും അഭി അറിഞ്ഞിരുന്നു… അതെല്ലാം അഭി ജീവനോട്‌ തുറന്നു പറഞ്ഞു…. ജീവൻ ആദിയോടും… “അവൾക്ക് മാറ്റം ഉണ്ടല്ലേ?” എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ആദി തിരക്കി… ജീവൻ മറുപടിയായി ഒന്നു മൂളി… “നന്നായി… ” “ഇനിയും കിച്ചുവിനെ കാണണോ എന്നാ അഭി ചോദിക്കുന്നത്… ” “കാണണം… അതും ജീവേട്ടനു വിരോധം ഇല്ലെങ്കിൽ മാത്രം… കിച്ചേട്ടൻ ഞാൻ പറയുന്നത് കേൾക്കാൻ ഒരു അവസരം തരികയാണെങ്കിൽ മാത്രം… “….തുടരും

പുതിയൊരു തുടക്കം: ഭാഗം 17

Share this story