ആതിപൂജ: ഭാഗം 1

ആതിപൂജ: ഭാഗം 1

എഴുത്തുകാരി: ദേവാംശി ദേവ

ശ്രീ ബാലയുടെ ശബ്ദം കേട്ട് സരസ്വതിയുടെ കയ്യിലിരുന്ന പാത്രം താഴേക്ക് വീണു….ദേഷ്യത്തോടെ അവർ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് സെറ്റുസാരിയും ഉടുത്ത് മുടി നിറയെ മുല്ലപ്പൂവും ചൂടി നിൽക്കുന്ന ശ്രീ ബാലയെ ആണ്… പച്ച നിറത്തിലുള്ള ബ്ലൗസിന് ചേരുന്ന പാലക്കാ മാലയും പച്ച കല്ലുവെച്ച ജിമിക്കിയും പച്ച നിറത്തിലുള്ള കുപ്പിവളകളും അവളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി.. ലക്ഷ്മി ദേവിയുടെ രൂപവും ഭദ്ര കളിയുടെ ഭാവവും ആയി നിൽക്കുവാണ് ശ്രീ ബാല… “എന്താടി….എന്തിനാ കിടന്ന് ഒച്ചവെയ്ക്കുന്നത്…” “ആദിയേട്ടൻ എവിടെ..” “അവൻ എഴുന്നേറ്റില്ല..” “എന്റെ ദൈവമേ… ഇത് വരെ എഴുന്നേറ്റില്ലേ……ഇനി ഞാൻ എന്ത് ചെയ്യും..” ശ്രീ ബാല നെഞ്ചിൽ കൈവെച്ചു കൊണ്ട് തിരിഞ്ഞ് ഓടി… “ടി പെണ്ണേ….

അവൻ ക്ലബ്ബിലെ അത്തപ്പൂവൊക്കെ ഇട്ടിട്ട് നേരം പുലർന്നിട്ട വന്ന് കിടന്നത്….ഉറങ്ങിക്കോട്ടെ…” “അമ്മായിക്ക് അതൊക്കെ പറയാം… ഞാൻ ഒന്നര മണിക്കൂർ ആയി ഈ കോലവും കെട്ടി അങ്ങേരെം നോക്കി നിൽക്കാൻ തുടങ്ങിയിട്ട്. .” അതും പറഞ്ഞ് അവൾ ഗോവണി കയറി മുകളീലേക്ക് പോകുന്നത് ഒരു പുഞ്ചിരിയോടെ സരസ്വതി നോക്കി നിന്നു… ആദിയുടെ മുറി തുറന്ന് ശ്രീ ബാല അകത്തേക്ക് കയറി…. കൈയിൽ ചെങ്കൊടിയും പിടിച്ചു നിൽക്കുന്ന സഖാവ് ആദിത്യന്റെ ഫോട്ടോ ആണ് ആദ്യം ആ മുറിയിൽ കയറുന്നവർ കാണുന്നത്…. കോളേജിൽ അവരുടെ പാർട്ടി വിജയിക്കുകയും ആദിത്യനെ ചെയർമാൻ ആയി തിരഞ്ഞെടുക്കുകയും ചെയ്ത അന്ന് എടുത്ത ഫോട്ടോ ആണ് അത്…

അത് കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….. തൊട്ടടുത്ത് കട്ടിലിൽ തല വഴി മൂടി പുതച്ച് ഉറങ്ങുന്ന ആദിയെ കണ്ടതും ആ പുഞ്ചിരി ദേഷ്യത്തിലേക്ക് മാറി…. മേശപ്പുറത്ത് ഇരുന്ന ജഗ്ഗിലെ വെള്ളം മുഴുവൻ അവൾ അവന്റെ തലവഴി ഒഴിച്ചു.. ദേഷ്യത്തോടെ ചാടി എഴുന്നേറ്റ ആദി കണ്ടത് അതിലും ദേഷ്യത്തിൽ മുന്നിൽ നിൽക്കുന്ന ശ്രീ ബാലയെ ആണ്…… “നിനക്ക് എന്താ ശ്രീ കുട്ടി….ഭ്രാന്ത്‌ ആണോ..” “വാക്കിന് വിലയില്ലാത്ത തന്നെയൊക്കെ ആരാടോ സഖാവ് ആക്കിയത്…” “ദേ …പെണ്ണേ രാവിലെ കിടന്ന് തുള്ളാതെ കാര്യം എന്താന്ന് പറ…” “ഇന്ന് എനിക്ക് ഓണാഘോഷം ആണെന്നും എന്നെ ഇന്ന് കോളേജിൽ കൊണ്ടാക്കണം എന്നും ഞാൻ പറഞ്ഞിരുന്നോ…. കൊണ്ടാക്കാം എന്ന് വാക്കും തന്നത് ആണേ….

എന്നിട്ട് ഇപ്പൊ സമയം എത്രയായി എന്ന് നോക്ക്…” അതും പറഞ്ഞ് മേശപ്പുറത്തിരുന്ന അലാം എടുത്ത് അവൾ അവനെ എറിഞ്ഞതും അവൻ അത് പിടിച്ചു… “എന്റെ പൊന്ന് ശ്രീകുട്ടി….ഏട്ടൻ അത് മറന്നു പോയെടി…. ദേ.. ഒരു പതിനഞ്ച് മിനിറ്റ്…ഞാൻ വേഗം റെഡിയായി വരാം….” അവൻ അവളെ തന്നോട് ചേർത്തു പിടിച്ചതും അവൾ അവനെ തട്ടി മാറ്റി… “അങ്ങോട്ട് മാറി നിക്കെടാ…എനിക്കെ ഇന്നാണ് ഓണാഘോഷം… മറ്റന്നാൾ അല്ല.. ഞാൻ ബസിന് പൊക്കോളാം..” “ശ്രീ മോളെ… എടാ പോടന്നൊക്കെ ഒന്ന് പതുക്കെ വിളിക്കെടി …ഒന്നൂല്ലെങ്കിലും ഞാൻ നിന്നെ കെട്ടാൻ പോകുന്നവൻ അല്ലെ…

ആരെങ്കിലും കേട്ടാൽ ചേട്ടന് നാണക്കേട് അല്ലേടി…” “വാക്കിന് വിലയില്ലാത്ത നിന്നെ കെട്ടണോ വേണ്ടയോ എന്ന് ഞാൻ ഒന്നുകൂടി ആലോചിക്കട്ടെ…” ദേഷ്യത്തോടെ പറഞ്ഞിട്ട് അവൾ പുറത്തേക്ക് പോയി..ചിരിച്ചുകൊണ്ട് പുറകെ ആദിയും… ”നീ പോവാണോ ബാലെ…. ദേ ഞാൻ നല്ല പുട്ടും കടലയും ഉണ്ടാക്കിയിട്ടുണ്ട്…കഴിച്ചിട്ട് പോ…” ”എനിക്ക് എങ്ങും വേണ്ട…ആ ഉറക്ക ഭ്രാന്തന് കൊടുത്തേക്ക്..” “എന്താ ആദി… അവൾ ഇന്ന് നല്ല ദേഷ്യത്തിൽ ആണല്ലോ…” “അത് സ്ഥിരം അല്ലെ അമ്മേ…” “ഇന്നലെ ഏട്ടൻ വന്നിരുന്നു….നിങ്ങളുടെ കാര്യവും സംസാരിച്ചു…എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്നാണ് ഏട്ടന്റെ ആഗ്രഹം… ഏട്ടന്റെ മാത്രം അല്ല എന്റെയും നിന്റെ അച്ഛന്റെയും ആഗ്രഹം അത് തന്നെ ആണ്…

ഇനിയും എന്തിനാ വെച്ച് തമസിപ്പിക്കുന്നത്..” “അവളുടെ എക്സാം കഴിഞ്ഞുള്ളൊരു തീയതി നോക്കാൻ അച്ഛനോടും അമ്മാവനോടും പറഞ്ഞോ… അച്ഛൻ എഴുന്നേറ്റില്ലേ…” “അച്ഛൻ രാവിലെ തന്നെ എഴുന്നേറ്റ് പാടത്തേക്ക് പോയി..” “ഈ അച്ഛനോട് എത്ര പറഞ്ഞാലും മനസിലാവില്ല… എന്തിനാ ഇങ്ങനെ വെയില് കൊള്ളുന്നെ ..ഞാൻ പോകില്ലെ…” “നീ ഇന്ന് പുലർച്ചെ അല്ലെ വന്നത് ..വിളിക്കണ്ടാ ഉറങ്ങിക്കോട്ടെ എന്ന് അച്ഛൻ തന്നെയാ പറഞ്ഞത്…” “അമ്മ കുറച്ച് പഴങ്കഞ്ഞി എടുത്ത് വെയ്ക്ക്…ഞാൻ അങ്ങോട്ടേക്ക് ചെല്ലട്ടെ…ഇല്ലെങ്കിൽ ഇന്ന് മുഴുവൻ അവിടെ നിൽക്കും…” ആദി റൂമിലേക്ക് നടന്നു… ***

ശ്രീബാല വീട്ടിലേക്ക് ചെല്ലുമ്പോൾ പുറത്തേക്ക് പോകാൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുവായിരുന്നു ശ്രീ നന്ദൻ.. “നീ ആദിയെ വിളിക്കാൻ പോയതല്ലേ… എന്നിട്ട് എവിടെ…” “ആദിയേട്ടൻ എഴുന്നേറ്റില്ലേ….” അത് കേട്ടതും നന്ദൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി… “നന്ദേട്ട..എന്നെ ഒന്ന് കോളേജ് വരെ ഡ്രോപ്പ് ചെയ്യുവോ…പ്ലീസ്..” “ഇത് തന്നെയല്ലേ രാവിലെ ഞാൻ പറഞ്ഞത് ഞാൻ കൊണ്ടാക്കാം എന്ന്…അപ്പൊ നിനക്ക് അഹങ്കാരം… നീ എന്തൊക്കെയാ പറഞ്ഞത്…. നീ നിന്റെ പണിനോക്ക്…എന്നെ എന്റെ ആദിഏട്ടൻ കൊണ്ടാക്കും…. എന്നിട്ട് എവിടെ നിന്റെ ആദിയേട്ടൻ….” “ഈ സാരിയും ഉടുത്തോണ്ട് ബസിൽ കയറാൻ ബുദ്ധിമുട്ട് ആണ്…” “ബുദ്ധിമുട്ട് ആണെങ്കിൽ മോള് ഓട്ടോ പിടിച്ച് പൊക്കോ…

എനിക്ക് സമയം ഇല്ല.” അതും പറഞ്ഞ നന്ദൻ ബൈക്കും എടുത്ത് പോയി… “ആങ്ങളെയും കണക്ക കെട്ടാൻ പോകുന്നവനും കണക്ക…ഈ ശ്രീബാല ആരാണെന്ന് ഞാൻ കാണിച്ചു തരുന്നുണ്ട്…” ബാല അകത്തു കയറി ഫോൺ എടുത്ത് അപർണ്ണ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് വിളിച്ചു… “ഹലോ…” “അപർണ നീ പോയോ…” “ഇല്ല…ഇപ്പൊ ഇറങ്ങും….” “നീ ഒരു അഞ്ച് മിനിറ്റ് വെയ്റ്റ് ചെയ്യ് …ഞാനും വരുന്നു…” “നീ ആദിയേട്ടന്റെ കൂടെ വരുന്നു എന്ന് അല്ലെ പറഞ്ഞെ… എന്നിട്ട് എന്തേ…” “അങ്ങേര് ഇന്നലെ രാത്രി ഒളിച്ചോടി പോയി..” ബാല ഫോൺ കട്ട് ചെയ്തു… അപർണയുടെ വീട്ടിലെത്തുമ്പോൾ ഗേറ്റിനുമുന്നിൽ തന്നെ അപർണ്ണ കാത്ത് നിൽപ്പുണ്ടായിരുന്നു.. അവളും ബാലയുടെ അതേ വേഷം തന്നെ ആയിരുന്നു.

“എന്തുപറ്റി ബാലെ..” “ആ കൊരങ്ങൻ അവിടെ പോത്ത് പോലെ കിടന്നുറങ്ങുന്നുണ്ട്…നമുക്ക് ഓട്ടോയിൽ പോകാം.” ബാലയും അപർണ്ണയും കോളേജിൽ എത്തുമ്പോൾ അവരുടെ ടീം മൊത്തം എത്തിയിട്ടുണ്ടായിരുന്നു… “ഓ…എത്തിയോ മലയാളി മങ്കകൾ..നിന്നോടൊക്കെ പറഞ്ഞതല്ലേ നേരത്തെ വരണം എന്ന്… എല്ലാ ക്ലാസ്സുകാരും അത്തപ്പൂ ഇട്ട് തുടങ്ങി..” ശ്യാം ദേശ്യപ്പെട്ടു.. “നീ ഇങ്ങനെ ദേഷ്യപ്പെടാതെ..നമുക്ക് റെഡിയാക്കം…” അപർണ്ണ ചിരിച്ചു കൊണ്ട് പറഞ്ഞു… പിന്നെ എല്ലാവരും ചേർന്ന് വേഗം അത്തപ്പൂക്കളം ഒരുക്കി…. ഊഞ്ഞാലാട്ടവും ഉറിയടി മത്സരവും വടം വലിയും സദ്യ കഴിക്കലും ഒക്കെ ആയി അവർ ആ ഓണാഘോഷം അടിച്ചു പൊളിച്ചു…അത്തപ്പൂക്കള മത്സരത്തിൽ ഫസ്റ്റും അവർ നേടി…. ***

“എന്റെ ബാലെ… നീയൊന്ന് വേഗം നടക്ക്.” അപർണ്ണ ബാലയുടെ കയ്യും പിടിച്ച് കോളേജിന് പുറത്തേക്ക് നടന്നു.. .. “അയ്യോ…” ബാലയുടെ വിളികേട്ട് അപർണ ഞെട്ടി.. “എന്താടി…” “അത് ആദി ഏട്ടന്റെ ഡയറി ഞാൻ ഇന്നലെ ലൈബ്രറിയിൽ വെച്ച് മറന്നില്ലേ..അത് ഇന്നും എടുക്കാൻ മറന്നു.. ആദി ഏട്ടൻ അറിയാതെ എടുത്തത..അറിയും മുന്നേ തിരിച്ചു വെക്കണം…” “അത് ഇനി നാളെ എടുക്കാം….നീ ഇങ്ങോട്ട് വന്നേ….”. അവർ പുറത്തേക്ക് ഇറങ്ങിയതും അവരുടെ മുന്നിൽ ഒരു ബൈക്ക് വന്നു നിന്നു… “ജെറിച്ചായൻ..ഇത് ആണ് മോൾക്ക് ഇത്ര ധൃതി അല്ലെ…” ബാലയുടെ ചോദ്യം കേട്ട് അപർണ അവളെ നോക്കി ചിരിച്ചു… “മതി ചിരിച്ചത്…പൊക്കോ….” ബാല പറഞ്ഞതും അപർണ്ണ ജെറിന്റെ ബൈക്കിലേക്ക് കയറി… ബാല ബാസ്റ്റോപ്പിലേക്ക് നടന്നു.. ***

പണിയൊക്കെ കഴിഞ്ഞ് പറമ്പിലെ തന്നെ കുളത്തിൽ കുളത്തിൽ കുളിക്കുകയായിരുന്നു ആദി…. നേരം ഇരുട്ടി തുടങ്ങിയിരുന്നു… “ആദി…” അവൻ തിരിഞ്ഞു നോക്കി… നന്ദൻ… “അവളെവിടെ ആദി…” “അവൾ അവിടെ ഇല്ലേ..” “ഇല്ല…” “എങ്കിൽ വീട്ടിൽ കാണും…ഞാൻ ഉച്ചയ്ക്ക് ശേഷം വീട്ടിലേക്ക് പോയില്ല..ഇന്ന് കുറച്ച് കൂടുതൽ ജോലിയുണ്ടായിരുന്നു..” “എങ്കിൽ നിന്നെ നോക്കിയിരിപ്പുണ്ടാകും. രാവിലെ പറ്റിച്ചതിന് പണിതരാൻ.” നന്ദൻ ചിരിച്ചു കൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ ആദി പുറകിലേക്ക് കയറി.. അവർ വീട്ടിലേക്ക് ചെല്ലുമ്പോൾ തുളസിത്തറയിൽ വിളക്ക് വെയ്ക്കുവായിരുന്നു സരസ്വതി..

“ബാല എവിടെ അമ്മായി….ഇരുട്ടും മുന്നേ വീട്ടിൽ കേറാൻ പറഞ്ഞാൽ ഈ പെണ്ണ് കേൾക്കില്ല..” “അവളിവിടെ വന്നില്ലല്ലോ മോനെ…” “വന്നില്ലേ… പിന്നെ എവിടെ പോയി..” നന്ദൻ ടെൻഷനോടെ ചോദിച്ചു.. “അവൾ വീട്ടിൽ വന്ന് കാണും…ബസ് കിട്ടാഞ്ഞതാവും…”ആദി പറഞ്ഞു. “ഞാൻ പോയൊന്നു നോക്കട്ടെ…” ”ഞാനും വരാം…” ആദി വേഗം ഡ്രെസ്സ് മാറി നന്ദനോടൊപ്പം പോയി… ശ്രീനിലയത്തിലെത്തുമ്പോൾ അവരെ കാത്ത് ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു അച്ഛൻ പ്രഭാകരനും അമ്മ ശ്രീദേവിയും.. “അവളെവിടെ മക്കളെ…” “അവളിവിടെ വന്നില്ലേ…അവിടെ ഇല്ല..” “ഈശ്വര എന്റെ കുഞ്ഞ് പിന്നെ എവിടെ പോയി….” ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. “അമ്മായി പേടിക്കാതെ…

ഇന്ന് കോളേജിൽ ഓണാഘോഷം ആയിരുന്നില്ലേ…ഇറങ്ങാൻ ലേറ്റായി കാണും.. വാടാ… നമുക്ക് പോയെന്ന് നോക്കിയിട്ട് വരാം..” ആദി തന്റെ ടെൻഷൻ മുഴുവൻ മറച്ചുവെച്ച് നന്ദനെയും കൂട്ടി അവന്റെ ശ്രീകുട്ടിയെ അന്വേഷിച്ചിറങ്ങി.. കോളേജിലും ബസ്റ്റോപ്പിലും ആ നാടുമുഴുവനും വൈകുവോളം അന്വേഷിച്ചെങ്കിലും അവർക്ക് ബാലയെ കണ്ടെത്താൻ കഴിഞ്ഞില്ല.. “ആദി… നമുക്ക് പോലീസിൽ പരാതി കൊടുക്കാം…ഇനിയും താമസിച്ചാൽ…” “ങും…നീ വാ..” **************** “രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കുട്ടി ഹാപ്പി ആയിരുന്നോ….എന്തെങ്കിലും വിഷമം ഉള്ളതായി നിങ്ങൾക്ക് തോന്നിയോ..”

നന്ദൻ എഴുതി കൊടുത്ത പരാതി വായിച്ച ശേഷം S I ചോദിച്ചു.. “ഇല്ല സർ…അവൾ വളരെ സന്തോഷത്തിൽ ആയിരുന്നു…പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല..” നന്ദൻ പറഞ്ഞു… “കുട്ടിക്ക് വല്ല പ്രണയമോ മറ്റോ….” “ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ് സർ…ഞങ്ങളുടെ വിവാഹവും ഉറപ്പിച്ചേക്കുവാണ്..” “മ്മ്…” ആദിയുടെ മറുപടികെട്ട് S I ഒന്ന് അമർത്തി മൂളി.. “ദിവാകര…ഈ ഫോട്ടോ എല്ലാ സ്റ്റേഷനിലേക്കും അയക്കണം….. എല്ലാ വാഹനങ്ങളും ചെക്ക് ചെയ്യണം.” ബാലയുടെ ഫോട്ടോ അടുത്തുനിന്ന പോലീസുകാരന് കൊടുത്തുകൊണ്ട് S I പറഞ്ഞു… “നിങ്ങൾ പൊക്കോളൂ… ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ…” സ്റ്റേഷനിൽ നിന്നും ഇറങ്ങിയ ആദിയും നന്ദനും രാത്രി മുഴുവൻ ബാലയെ അന്വേഷിച്ചു..

സന്തോഷം മാത്രം നിറഞ്ഞു നിന്ന രണ്ടു കുടുംബങ്ങളും ഒറ്റ ദിവസം കൊണ്ട് കണ്ണീരിലാഴ്ന്നു.. പൊട്ടിക്കരയുന്ന ശ്രീദേവിയെയും സരസ്വതിയെയും എന്ത് പറഞ്ഞു സമധാനപ്പെടുത്തണം എന്നറിയാതെ തകർന്ന് നിൽക്കുവായിരുന്നു പ്രഭാകരനും മാധവനും…. നേരം വെളുക്കും വരെ അന്വേഷിച്ച ശേഷം ആണ് ആദിയും നന്ദനും വീട്ടിലേക്ക് വന്നത്… “നന്ദ…..എന്റെ മോളെവിടെ…” ശ്രീദേവിയുടെ ചോദ്യത്തിന് മറുപടി ഒന്നും പറയാൻ കഴിയാതെ അവരെ ചേർത്ത് പിടിച്ച് കരയാനെ നന്ദന് കഴിഞ്ഞുള്ളു.. “ആദി……” പുറത്തുനിന്ന് ആരോ വിളിക്കുന്നത് കേട്ടാണ് നന്ദനും ആദിയും പുറത്തേക്ക് ഇറങ്ങിയത്… “എന്താ ദിനേശേട്ടാ….”

ആദിയോടൊപ്പം പറമ്പിൽ പണിയെടുക്കുന്ന ആൾ ആണ് ദിനേശൻ. “ഒന്ന് വന്നേ ഒരു കാര്യം പറയട്ടെ..” ദിനേശൻ കുറച്ച് മാറി നിന്നു.. “എന്താ ദിനേശേട്ടാ…കാര്യം പറയ്..” “അത് മോനെ…..നമ്മുടെ പുഴക്കരയിൽ ഒരു പെൺകുട്ടിയുടെ …..ശവം പൊങ്ങിയിട്ടുണ്ട്..” “ആദി…..” ഒരു ഞെട്ടലോടെ നന്ദൻ ആദിയുടെ കൈയിൽ മുറുകെ പിടിച്ചു… “എന്താടാ ഇത്….അത് ശ്രീകുട്ടി ഒന്നും അല്ല..നീ ധൈര്യമായി ഇരിക്ക്.. ദിനേശേട്ടൻ ഒന്ന് പോയേ…വെറുതെ പേടിപ്പിക്കാൻ…” “അല്ല മോനെ….അത്….. ബാല മോൾ തന്നെ ആണ്…ഞാൻ ….ഞാൻ കണ്ടത് ആണ്…” ദിനേശന്റെ വാക്കുകൾ കേട്ട് ഭൂമിയിലേക്ക് താഴ്ന്നു പോകുമ്പോലെ തോന്നി ആദിക്കും നന്ദനും…… തുടരും

Share this story