ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫ് അലി ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നു

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫ് അലി ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നു

Report : Mohamed Khader Navas

അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ യൂസഫ് അലി എം എ വിജയകരമായി ശസ്ത്രക്രിയ നടത്തി. കേരളത്തിൽ ഹെലികോപ്റ്റർ എമർജൻസി ലാൻഡിംഗിനെ തുടർന്ന് അടിയന്തിര ചികിത്സയ്ക്കു ശേഷം തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം യു എ ഇ യിലേക്ക് മടങ്ങിയിരുന്നു. അബുദാബിയിലെ ബർജീൽ ആശുപത്രിയിൽ യൂസഫ് അലിക്ക് സുഷുമ്ന ശസ്ത്രക്രിയ വിജയകരമായി നടത്തിയതായി ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു.

ന്യൂറോ സർജൻ ഡോ. അമർ എൽ ഷവർബിയുടെ നേതൃത്വത്തിൽ 25 ഡോക്ടർമാരുടെ ഒരു വിദഗ്ധ സംഘമാണ് ശസ്ത്രക്രിയ നടത്തിയതെന്നും യൂസഫ് അലി ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. നിർഭാഗ്യകരമായ ഹെലികോപ്റ്റർ അപകടത്തെത്തുടർന്ന് യൂസഫ് അലിയുടെ മരുമകനും ബർജീൽ ഹോസ്പിറ്റൽ ഉടമയുമായ ഡോ. ഷംഷീർ കൊച്ചിയിലെത്തിയിരുന്നു. അബുദാബി രാജകുടുംബം ഒരുക്കിയ പ്രത്യേക വിമാനത്തിൽ യൂസഫ് അലിയെ അബുദാബിയിലേക്ക് വേഗത്തിലും സുരക്ഷിതമായും തിരിച്ചുകൊണ്ടുവരാനുള്ള സംരംഭങ്ങൾക്ക് അദ്ദേഹമാണ് നേതൃത്വം നൽകിയത്.

കൊച്ചിയിലെ കേരള ഫിഷറീസ് ആൻഡ് ഓഷ്യാനിക് സ്റ്റഡീസ് യൂണിവേഴ്സിറ്റിക്ക് സമീപമുള്ള പനങ്ങാടിലെ ചതുപ്പുനിലത്തിൽ ഹെലികോപ്റ്റർ ഇറക്കിയതിനെ തുടർന്നാണ് യൂസഫ് അലി കൊച്ചിയിൽ ചികിത്സക്ക് വിധേയനായത്. പിന്നീട് അദ്ദേഹത്തെയും മറ്റുള്ളവരെയും കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് അബുദാബിയിലെത്തിച്ചിരുന്നു. തുടർച്ചയായ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും യൂസഫ് അലിയും കുടുംബാംഗങ്ങളും എല്ലാ അഭ്യുദയകാംക്ഷികളോടും സുഹൃത്തുക്കളോടും ആത്മാർത്ഥമായ നന്ദിയും കടപ്പാടും അറിയിച്ചു.

കഴിഞ്ഞയാഴ്ച അബുദാബി അവാർഡിന് അർഹനായ യൂസഫ് അലി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മാവനെ കാണാൻ കേരളത്തിലേക്ക് വരുമ്പോഴായിരുന്നു അപകടം. എല്ലാ എമിറേറ്റുകളിൽ നിന്നുമുള്ള യു എ ഇ ഭരണാധികാരികളും നേതാക്കളും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള രാജകുടുംബാംഗങ്ങളും യൂസഫ് അലിയെ വിളിച്ച് അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.

ഇന്ത്യൻ ക്യാബിനറ്റ് മന്ത്രിമാർ, മുഖ്യമന്ത്രി, കേരളത്തിൽ നിന്നുള്ള മറ്റ് നേതാക്കൾ, ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, എല്ലാ സമുദായങ്ങളിൽ നിന്നുള്ള പ്രമുഖ മത മേധാവികൾ എന്നിവരും സന്ദേശങ്ങൾ കൈയ്യ് മാറിയവരിൽ പെടുന്നു.

Share this story