അമാവാസി: ഭാഗം 3

Share with your friends

എഴുത്തുകാരൻ: സജി തൈപ്പറമ്പ്‌

നീ പിഴപ്പിച്ച പെണ്ണിനെ നീ തന്നെ സംരക്ഷിക്കും ,നിനക്ക് തോന്നുമ്പോൾ പരാക്രമം കാണിക്കാനും, മടുക്കുമ്പോൾ ചവറ്റ് കുട്ടയിലേക്ക് വലിച്ചെറിയാനുമുള്ള കളിപ്പാവയല്ല, ഇന്നാട്ടിലെ ചെറുമിപ്പെണ്ണുങ്ങൾ ,ഈ ഭൂമിയിലെ ഓരോ പെണ്ണിനും, അന്തസ്സായി ജീവിക്കാനുള്ള അവകാശമുണ്ട്, അത് തല്ലിക്കെടുത്താൻ, എൻ്റെ മകനായാൽ പോലും ഞാനനുവദിക്കില്ല ,ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ, നീ ജാനകിയുടെ കഴുത്തിൽ താലി കെട്ടിയിരിക്കും ,ഇത് പഞ്ചമത്തിലെ ശാരദാമ്മയുടെ തീരുമാനമാണ് ,ചീരു… നീയിപ്പോൾ മകളെയും കൊണ്ട് തിരികെ പൊയ്ക്കോളു, മുഹൂർത്തം നിശ്ചയിച്ചിട്ട് ഞാനറിയിക്കാം മകൻ്റെ നെഞ്ചിലമർത്തിയ വലത് കാല് തിരിച്ചെടുത്തിട്ട്, തൻ്റെ നേരെ നോക്കി വാക്കുറപ്പിച്ച ശാരദാമ്മയുടെ കണ്ണിലെ ദൃഡനിശ്ചയം ചീരുവിന് വായിച്ചെടുക്കാമായിരുന്നു, ആ ഉറപ്പിലായിരുന്നു ചീരു ,മകളെയും കൊണ്ട് പഞ്ചമത്തിൻ്റെ പടിക്കെട്ടുകളിറങ്ങിയത്.

അമ്മയ്ക്കെന്താ ഭ്രാന്തുണ്ടോ ? ഈ തറവാടിൻ്റെ അടുക്കളപ്പുറത്ത് വന്ന് ഓശ്ചാനിച്ച് നില്ക്കുന്ന ആ ചീരുവിൻ്റെ മകളെയാണോ ആദിത്യൻ കല്യാണം കഴിക്കേണ്ടത് ,ഈ തറവാടിന് ഇതിൽപരം ഒരു നാണക്കേട് വരാനുണ്ടോ അമ്മേ? വിവരമറിഞ്ഞെത്തിയ ആനന്ദൻ അമ്മയോട് കലഹിച്ചു. മോനേ ആനന്ദാ …തല മറന്നെണ്ണ തേക്കരുത് , നീ കല്യാണം കഴിച്ചത്, കൊച്ചീരാജാവിൻ്റെ മകളെയൊന്നുമല്ലല്ലോ?ദിവാകരൻ്റെ മകളെയല്ലേ? അയാളുടെ കുലത്തൊഴിലെന്തായിരുന്നെന്ന് ഞാനിവിടെ പറയേണ്ടല്ലോ? പഞ്ചമത്തിലെ ഇളയ സന്താനം ഒരു പാവം പെണ്ണിനെ നശിപ്പിച്ച് പെരുവഴിയിലാക്കി എന്ന് നാട്ട് കാര് പറയുമ്പോഴാണ്,

ഈ തറവാടിന് കളങ്കമുണ്ടാകുന്നത്, എല്ലാം കൊണ്ടും, തന്നെക്കാൾ താഴെയുള്ളൊരു പെണ്ണിനൊരു ജീവിതം കൊടുത്ത ആദിത്യനെക്കുറിച്ചും, അവൻ്റെ വീട്ടുകാരെ കുറിച്ചും മാലോകരെന്നും വാഴ്ത്തി പാടികൊണ്ടിരിക്കും , അത് മൂലം ഈ തറവാടിൻ്റെ യശസ്സ് വാനോളമുയരുകയാണ് ചെയ്യുന്നത് അല്ലേലും , വാദിക്കുമ്പോൾ എതിരാളിയെ നിഷ്പ്രഭമാക്കുന്ന വാദമുഖങ്ങൾ നിരത്താൻ പണ്ടേ അമ്മ , മിടുക്കിയായിരുന്നല്ലോ? മറുവാദത്തിന് യാതൊരു സാധ്യതയുമില്ലെന്ന് ബോധ്യമായ ആനന്ദൻ നിസ്സഹായനായി പിൻമാറി.

കൊയ്ത്തുത്സവം കഴിഞ്ഞതിൻ്റെ പിറ്റേ തിങ്കളാഴ്ച, കുന്നിൻ മുകളിലെ ക്ഷേത്ര മുറ്റത്ത് വച്ച് ,ബന്ധുക്കളുടെയും നാട്ടുകാരുടെയും നിറഞ്ഞ സാന്നിദ്ധ്യത്തിൽ, ആദിത്യൻ ജാനകിയുടെ കഴുത്തിൽ താലി കെട്ടി. അമ്മയുടെ നിർബന്ധമൊന്ന് കൊണ്ട് മാത്രമാണ്, ഞാൻ നിന്നെ കെട്ടിയെടുത്തത്, അല്ലാതെ ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല, അത് കൊണ്ട് ,ഇവിടുത്തെ രാജകുമാരിയായി വാഴാമെന്ന വ്യാമോഹമൊന്നും വേണ്ട, നമ്മള് തമ്മിലുള്ള ബന്ധം, നിൻ്റെ കഴുത്തിലെ താലിച്ചരടിൽ മാത്രമൊതുങ്ങും, എൻ്റെയുള്ളിൽ ,നീയെന്നും ശത്രുപക്ഷത്താണുള്ളത് , അത് കൊണ്ട് തന്നെ, ഒരിക്കലും നീയെന്നിൽ നിന്ന് സ്നേഹമോ,

സഹതാപമോ പ്രതീക്ഷിക്കേണ്ട, മനസ്സിലായോ? സന്തോഷം നിറഞ്ഞ പുഞ്ചിരിയുമായി മുറിയിലേക്ക് കടന്ന് വന്ന ജാനകി, ആദിത്യൻ്റെ വാക്ക് കേട്ട് സ്തബ്ധയായി പോയി. എന്തിനാ എന്നോടിങ്ങനെ ? ഞാനൊരു തെറ്റും ചെയ്തില്ലല്ലോ? ആദിയേട്ടനല്ലേ എന്നെ നശിപ്പിച്ചത്? ഞാൻ നശിപ്പിക്കാൻ വന്നതാണെന്നറിഞ്ഞിട്ട്, നീയെന്തിനാടീ എനിക്ക് വഴങ്ങി തന്നത്, അപ്പോൾ നിൻ്റെ മനസ്സിൽ ഇങ്ങനെയൊരു ഉദ്ദേശ്യം ഉണ്ടായിരുന്നത് കൊണ്ടല്ലേ? ആദിയേട്ടാ.. എന്തിനാ ഇങ്ങനെ ഇല്ലാ വചനം പറയുന്നത്? അന്ന് സുഖമില്ലാതെ ,തീരെ അനങ്ങാൻ പോലും വയ്യാതെ കിടന്ന എന്നോട്, നിങ്ങളല്ലേ അതിക്രമം കാണിച്ചത്?

എടീ… സ്വന്തം മാനം പോകുമെന്നറിയുമ്പോൾ , എത്ര വയ്യെങ്കിലും അഭിമാനമുള്ള പെണ്ണുങ്ങൾ ചെറുത്ത് നില്ക്കും , നീയതിന് മുതിരാഞ്ഞത്, നിൻ്റെ മനസ്സിലും അടക്കാനാവാത്ത കുറെ മോഹങ്ങളുണ്ടായിരുന്നത് കൊണ്ടല്ലേ ? എന്നിട്ട് എന്നോടൊപ്പം എല്ലാം ആസ്വദിച്ച് കഴിഞ്ഞപ്പോൾ, ഞാൻ വലിയ അപരാധിയും , നീ കെട്ടിലമ്മയുമായല്ലേ? ഇങ്ങനൊന്നും എന്നോട് പറയരുത് ആദിയേട്ടാ… ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ,ആദ്യം ഞാൻ ആത്മഹത്യയ്ക്കൊരുങ്ങിയതാണ്, അമ്മയത് കണ്ട് പിടിച്ചത് കൊണ്ടാണ് , ഈ രീതിയിൽ എല്ലാം കലാശിച്ചത് ,എനിക്കറിയാം, സുന്ദരനും തറവാടിയുമായ ആദിയേട്ടന്, ചേറിൽ കിടന്ന എന്നെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണെന്ന്, പക്ഷേ എനിക്കിനി വേറെ നിവൃത്തിയില്ലേട്ടാ…

കുറച്ച് നാളത്തേക്ക് ,എൻ്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ പ്രസവിക്കുന്നത് വരെയെങ്കിലും, എനിക്കിവിടെ പിടിച്ച്നിന്നേ പറ്റു ,അത് കഴിയുമ്പോൾ, ഞാനൊഴിഞ്ഞ് പൊയ്ക്കൊള്ളാം, അത് വരെ ആദിയേട്ടൻ, എന്നെ സഹിച്ചേ മതിയാവു അല്ലാതെ വേറെ നിവൃത്തിയില്ലല്ലോ ? ദേ ഇന്നാ പുതപ്പ്, താഴെയെങ്ങാനും വിരിച്ച് കിടന്നോ, പിന്നെ, ഉറക്കത്തിലെന്നെ വിളിച്ച് വെറുതെ ശല്യപ്പെടുത്തുകയൊന്നും ചെയ്യരുത് ,ഉറങ്ങി മതിയാകുമ്പോൾ ,ഞാൻ തനിയെ എഴുന്നേൽക്കും, അതാണെൻ്റെ ശീലം തൻ്റെ നേരെ വലിച്ചെറിഞ്ഞ ബെഡ്ഷീറ്റുമായി ജാനകി നിലത്തേക്ക് തളർന്നിരുന്നു.

എടാ ആദിത്യാ.. നിങ്ങടെ കല്യാണം കഴിഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞില്ലേ? നീയാ പെങ്കൊച്ചിനെയും കൊണ്ട് പുറത്തേക്കെവിടെയെങ്കിലും ഒന്ന് പോയോ ? ഉച്ചയ്ക്ക് ചോറ് കഴിച്ചോണ്ടിരിക്കുമ്പോൾ ശാരദാമ്മ മകനോട് ചോദിച്ചു. അല്ലമ്മേ… അതിന് കുറെ കാശ് വേണ്ടേ? എൻ്റെ കയ്യിൽ കാശൊന്നുമില്ല വലിയ ചിലവ് വരുമെന്നറിയുമ്പോൾ പിശുക്കിയായ അമ്മ പിന്നെ നിർബന്ധിക്കില്ലെന്നറിയാവുന്നത് കൊണ്ടാണ്, ആദിത്യൻ അങ്ങനെ പറഞ്ഞത്. അതിന് നിങ്ങൾ ഹണിമൂണാഘോഷിക്കാൻ ഊട്ടിയിലും, കൊടൈക്കനാലിലുമൊന്നും പോകാനല്ല ഞാൻ പറഞ്ഞത്, ഇവിടെയടുത്ത് വൈകുന്നേരങ്ങളിൽ പോയിരിക്കാനും , സല്ലപിക്കാനും പറ്റിയ ഒരു പാട് പിക്നിക്സ്പോട്ടുകളുണ്ടല്ലോ? മാത്രമല്ല പരുന്തുംപാറയെന്ന് പറയുന്നത് ഇവിടെ അടുത്തു തന്നെയല്ലേ?

നീ വൈകുന്നേരം, കാറുമെടുത്ത് അവളെയും കൊണ്ട് അത്രടം വരെയൊന്ന് പോയിട്ട് വാ, ഭർത്താവിനോടൊപ്പം ഒരു സവാരി പോകാനുള്ള ആഗ്രഹം അവൾക്കുമുണ്ടാവില്ലേ? അമ്മ പരുന്തും പാറയിലേക്ക് പോകാൻ പറഞ്ഞപ്പോൾ ആദിത്യൻ്റെ തലച്ചോറിൽ കരിവണ്ടുകൾ മൂളി അങ്ങോട്ടുള്ള യാത്രയിൽ റോഡിനിരുവശവുമുള്ള അഗാധഗർത്തങ്ങൾ അയാളുടെ മനസ്സിലേക്കോടി വന്നു. എങ്കിൽ ശരിയമ്മേ… പോയേക്കാം ,ജാനകീ … നീ ഒരുങ്ങി നിന്നോ, ഞാൻ കൃഷിഭവനിൽ പോയിട്ട് മൂന്ന് മണിയാകുമ്പോഴേക്കും തിരിച്ചെത്താം അമ്മയുടെ മുന്നിൽ വച്ച് ആദിയേട്ടൻ, എത്ര മികവോടെയാണ് തന്നോട് സ്നേഹം അഭിനയിക്കുന്നതെന്ന് അവൾ ആശ്ചര്യത്തോടെ ഓർത്തു.

പഴയ ഓപൽ ആസ്ട്രാ കാറിലേക്ക്, ജാനകി കയറിയ ഉടനെ തന്നെ ,ഫിലിമൊട്ടിച്ച നാല് ഗ്ളാസ്സുകളും, ഉയർത്തിവച്ചതിന് ശേഷമാണ്, ആദിത്യൻ പഞ്ചമത്തിൽ നിന്നും കാറ് നിരത്തിലേക്കിറക്കിയത് . ആ കുഗ്രാമത്തിൽ നിന്നും ഒരിക്കൽ പോലും പുറത്തേയ്ക്ക് പോയിട്ടില്ലാത്ത ജാനകിക്ക്, കാർ യാത്രയും അതിലിരുന്ന് കൊണ്ടുള്ള പുറം കാഴ്ചകളും ഏറെ കൗതുകകരമായിരുന്നു. നമ്മൾ പോകുന്ന വഴിയിൽ നല്ലൊരു വ്യൂ പോയിൻ്റുണ്ട്, അവിടെയിറങ്ങി നമുക്ക് കുറച്ച് നേരം നില്ക്കാം പുറത്തെ കാഴ്ചകളിൽ മുഴുകിയിരിക്കുന്ന ജാനകിയെ നോക്കി ,ആദിത്യൻ പറഞ്ഞു. കാറിൽ കയറിയപ്പോൾ മുതൽ, ആദിയേട്ടൻ തന്നോട് നല്ല മയത്തിലാണല്ലോ സംസാരിക്കുന്നതോർത്ത്, ജാനകിക്ക് തെല്ലാശ്വാസം തോന്നി.

ൻ്റെ ഭഗവതീ.. ആദിയേട്ടന് എന്നോടുള്ള വെറുപ്പൊക്കെ മാറ്റിത്തരണേ … അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു. ഒരു വളവ് തിരിഞ്ഞപ്പോൾ കണ്ട ,കോടമഞ്ഞ് മൂടിയ റോഡിൻ്റെ വീതിയുള്ള ഭാഗത്തേയ്ക്ക്, ആദിത്യൻ കാറൊതുക്കി നിർത്തി. കണ്ണെത്താ ദൂരത്തോളം അപ്പൂപ്പൻ താടി പോലെ പരന്നൊഴുകുന്ന , കോടമഞ്ഞ് കണ്ട് ,ജാനകി ആവേശത്തോടെ കാറിൽ നിന്ന് ചാടിയിറങ്ങി. സൂയിസൈഡ് പോയിൻ്റ് എന്നെഴുതിയ ,കറുത്ത ബോർഡ് കണ്ടപ്പോൾ, ആദിത്യൻ്റെ കണ്ണുകൾ കുറുകി. ഇങ്ങോട്ട് കുറച്ച് കൂടി നീങ്ങി നില്ക്കു ജാനകി ,ഇവിടെ നിന്നാൽ താഴെയുള്ള വീടുകളൊക്കെ ഒരു പൊട്ട് പോലെ കാണാം കൈവരികളില്ലാത്ത ആഴക്കയത്തിൻ്റെ അരികിലേക്ക്, ആദിത്യൻ സ്നേഹത്തോടെ ജാനകിയെ വിളിച്ച് നിർത്തി.

ദേ അങ്ങോട്ട് നോക്കിക്കേ, പുഴു ഇഴയുന്നത് പോലെ കാറുകൾ നീങ്ങുന്നത് കണ്ടോ? തൻ്റെ പിൻകഴുത്തിൽ പതിഞ്ഞ ആദിത്യൻ്റെ ചുട് നിശ്വാസം, അവളെ തരളിതയാക്കി. അവളുടെ പിന്നിൽ നിന്ന് കൊണ്ട് ,ആദിത്യൻ ചുറ്റിനും നോക്കി, കുറച്ച് ദൂരെ നില്ക്കുന്നവരുടെ ശ്രദ്ധ മുഴുവനും, അഗാധതയിൽ കുമിഞ്ഞ് കൂടുന്ന മഞ്ഞ് പാളികളിലേക്കാണെന്ന് ഉറപ്പിച്ചിട്ട് ,തൻ്റെ രണ്ട് കൈപ്പത്തികളും, അയാൾ ജാനകിയുടെ പുറത്തിന് നേരെ ഉയർത്തി…… തുടരും

അമാവാസി: ഭാഗം 2

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!