ദാമ്പത്യം: ഭാഗം 30

ദാമ്പത്യം: ഭാഗം 30

എഴുത്തുകാരി: തുഷാര ലക്ഷ്മി

അഭിയാണ് ഹോസ്പിറ്റലിൽ അരവിന്ദിന്റെ കൂടെ നിൽക്കുന്നത്…അഭിയും,പ്രദീപും, ശ്യാമും തങ്ങൾക്കാകും വിധം നിമിഷയേയും വെങ്കിയേയും അന്വേഷിക്കുന്നുണ്ടായിരുന്നു…. അഭി സജുവിനേയും വിളിച്ചിരുന്നു…. വെങ്കി കുറച്ച് കാശ് അവനെ ഏൽപ്പിച്ചു ധൃതി പിടിച്ചു ഒരു ബാഗുമായി കാറിൽ കയറി പോയത് മാത്രമേ അവന് അറിയൂ….. പോകുന്നതിനു മുൻപ് സജുവിനെ ചോദ്യം ചെയ്തിരുന്നു വെങ്കി..സജു വഴിയാണോ അരവിന്ദ് സത്യങ്ങൾ അറിഞ്ഞതെന്നു സംശയം തോന്നിയിട്ട്…പക്ഷേ തനിക്കൊന്നുമറിയില്ലെന്നു പറഞ്ഞൊഴിഞ്ഞു അവൻ… രണ്ടു പേരുടെയും ഫോണുകൾ സ്വിച്ഡ് ഓഫാണ്….

നിമിഷയെക്കുറിച്ചോ,വെങ്കിയെക്കുറിച്ചോ ഒരു വിവരവും കിട്ടാതെ അഭി നിരാശനായി…പക്ഷേ പ്രതീക്ഷ കൈവിടാതെ അവർ തങ്ങളുടെ അന്വേഷണം തുടർന്നു… ഇതിനിടയിൽ മോളെ കാണണം എന്ന് വാശി പിടിച്ചു അരവിന്ദ് പിറ്റേന്ന് തന്നെ ഡിസ്ചാർജ് വാങ്ങി… സ്റ്റേഷനിൽ നിമിഷയെ കാണാനില്ലെന്ന് കാണിച്ചു പരാതി നൽകി അവർ വീട്ടിലെത്തി… അവിടെ എത്തിയപ്പോഴേക്കും അരവിന്ദ് തളർന്നു…എങ്ങനെ അവിടുള്ളവരെ നേരിടണമെന്നവന് അറിയില്ലായിരുന്നു….മാപ്പ് പറഞ്ഞാൽ തനിക്കു ആശ്വാസം ലഭിക്കുമോ..??മാപ്പ് ചോദിച്ചാൽ അവർ തന്നോട് ക്ഷമിക്കുമോ..?? അതിനേക്കാളുപരി മാപ്പ് ചോദിക്കാനുള്ള അർഹതയുണ്ടോ തനിക്ക്…?? വീടിനുള്ളിലേക്ക് കയറുമ്പോഴേക്കും നിമിഷയുടെ ഓർമ്മകളും ആവണിമോളുടെ മുഖവുമെല്ലാം അവനെ വീണ്ടും വീണ്ടും നോവിച്ചുകൊണ്ടിരുന്നു…

കാറിന്റെ ശബ്ദം കേട്ട് പ്രഭയും, ജാനുവമ്മയും, ആര്യയും പുറത്തേക്ക് വന്നിരുന്നു… പ്രഭ അരവിന്ദിനെ കണ്ട് വിതുമ്പലടക്കി നിന്നു…ജനുവമ്മയും കരയുകയായിരുന്നു… എന്തൊക്കെയോ പറയാനായി വെമ്പൽപൂണ്ടു നിന്ന അമ്മയെ ശ്രദ്ധിക്കാതെ അവൻ അകത്തേയ്ക്കു കയറി…. സോഫയിലേക്കു ഇരുന്നു…ഒരു തളർച്ചയുടെ… മോള്…??? അവൻ പ്രഭയോട് തിരക്കി… ഉറക്കമാണ്…. പിന്നെ ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല…പുറകിലേക്ക് ചാഞ്ഞു കണ്ണടച്ചിരുന്നു…വല്ലാത്ത തളർച്ച തോന്നി അവന്…അതറിഞ്ഞ പോലെ പ്രഭ വന്നവന്റെ അടുത്തിരുന്നു… അഭി അപ്പോഴേക്കും ആര്യയെ കൂട്ടി മുറിയിലേയ്ക്കു നടന്നു…ഇപ്പോൾ ആര്യയെ കൂടി അവിടെ കണ്ടാൽ ചേട്ടന്റെ വേദന കൂടുകയേയുള്ളു..

അവർ മനസ്സുതുറന്നു സംസാരിക്കട്ടെ… കുറച്ചേറെ നേരം…വേദനയോടെ കുറച്ചേറെ നേരം കടന്നു പോയി…അരികിൽ അമ്മയുടെ സാമിപ്യം അവനറിഞ്ഞു…മെല്ലെ കണ്ണുകൾ തുറന്നവരെ നോക്കി… ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോയ കുട്ടിയെ പോലെ…ആ ഭീതിയോടെ അവൻ അമ്മയുടെ മടിയിലേക്കു കിടന്നു…ഏറെ നാളുകൾക്കു ശേഷം….കണ്ണുകൾ തുടച്ചു അവരവന്റെ മുടിയിഴകളിൽ കൂടി തലോടി കൊണ്ടിരുന്നു… ആ വാത്സല്യചൂടിൽ അവൻ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു…ഇത്ര നാളും നിമിഷയായിരുന്നു തന്റെ ലോകം…പ്രിയപെട്ടവരോട് പുച്ഛമായിരുന്നു അപ്പോഴൊക്കെ…. താനെങ്ങനെ ഇങ്ങനെ മാറിപ്പോയി….?? അമ്മയോട് ഒന്ന് ഉള്ളുതുറന്ന് സംസാരിച്ചിട്ട് തന്നെ ഏറെക്കാലമായിരിക്കുന്നു…..

നിമിഷയുടെ കുത്തുവാക്കുകൾ കേട്ട് ചിലപ്പോൾ അമ്മ മറുപടി പറയാറുണ്ട്… ചിലപ്പോൾ വേദനയോടെ തന്നെ ഒന്നു നോക്കും.. അപ്പോഴൊക്കെ താൻ നിമിഷ ചേർത്തു പിടിച്ചു ആശ്വസിപ്പിക്കുകയാകും…. മുന്നിൽ വേദനയോടെ നിൽക്കുന്ന പെറ്റമ്മയെ മനപ്പൂർവം മറന്നു കളയും… ഇന്നിപ്പോൾ അതൊക്കെ ഓർക്കുമ്പോൾ വല്ലാതെ വേദനിക്കുന്നു…. തന്റെ തെറ്റായ ചെയ്തികളുടെ ഫലം അനുഭവിക്കുന്നത് അവരാണ്… ഈ തെറ്റിനൊക്കെ എങ്ങനെയാണു പ്രായശ്ചിത്തം ചെയ്യുക….?? വീഴ്ചകളിലൂടെ തിരിച്ചറിവുകൾ ഉണ്ടായിരിക്കുന്നു…. അപ്പോൾ ഇനി തിരുത്തലുകളുമാകാം… അരവിന്ദ് കണ്ണുകൾ തുറന്നു…പതിയെ എഴുന്നേറ്റിരുന്നു….അമ്മയെ ഒന്നു നോക്കിയ ശേഷം കണ്ണുകൾ ചുറ്റും പായിച്ചു..

ഒടുവിലത് തങ്ങളെ നോക്കി ഡൈനിങ്ങ് ടേബിളിനരികിൽ നിൽക്കുന്ന അച്ഛനിൽ എത്തി നിന്നു… ആ മുഖത്തും വേദനയാണ്….എല്ലാം താൻ കാരണം.. അവനൊന്നു കണ്ണുകൾ ഇറുക്കിയടച്ചു തുറന്നു… അമ്മയുടെ കൈകൾ മുറുകെ പിടിച്ചു… ചിന്തിച്ചതും, ചെയ്തതും എല്ലാം തെറ്റായിപ്പോയി.. സ്വാർത്ഥൻ ആയിപോയി.. ആരെയും കണ്ടില്ല…. ആരുടെയും മനസ്സ് അറിയാൻ ശ്രമിച്ചില്ല..അറിയാം… മാപ്പർഹിക്കാത്ത തെറ്റുകളാണ് ഞാൻ ചെയ്തതെന്ന്…. എന്നാലും ചോദിച്ചു പോകുവാ.. രണ്ടാൾക്കും എന്നോട് ക്ഷമിച്ചു കൂടെ …….. അവൻ അവരെ മാറി മാറി നോക്കി.. പ്രഭ ഒരു തേങ്ങലോടെ അവന്റെ കെട്ടിപിടിച്ചു…. തെറ്റ് ചെയ്തവനാണ്… അതുകൊണ്ടുതന്നെ പലപ്പോഴും അവനെ എതിർത്തിട്ടുണ്ട്… പക്ഷേ ഇതുപോലെ ആകെ തകർന്ന് അവനെ കാണേണ്ടി വരുമെന്ന് കരുതിയില്ല..

എന്തു പറഞ്ഞ് മകനെ ആശ്വസിപ്പിക്കണമെന്ന് ആ അമ്മയ്ക്കറിയില്ലായിരുന്നു…. അത് മനസ്സിലാക്കിയതുപോലെ ശേഖരൻ അവരുടെ അടുത്ത് വന്നിരുന്നു… മക്കൾ എന്ത് തെറ്റ് ചെയ്താലും അച്ഛനമ്മമാർ ക്ഷമിക്കും… ഞങ്ങളും അങ്ങനെ തന്നെയാണ്…. എപ്പോഴേ നിന്നോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു… പക്ഷേ എന്തിനായിരുന്നെടാ ഇതൊക്കെ…?? എങ്ങനെയാ നിന്റെ ജീവിതം ഇതുപോലെ ആയി പോയത്..?? ആ പൊടികുഞ്ഞ്… ഇനി അതിന്റെയും,നിന്റെയും ഭാവി എന്താകും…?? എന്റെ ഭാവി…!!!! അവൻ സ്വയം പുച്ഛിക്കുന്ന പോലെ ഒന്ന് ചിരിച്ചു…. എനിക്കിനി അങ്ങനെയൊന്നുണ്ടോ അച്ഛാ…. അതിനെപ്പറ്റിയൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നില്ല… എന്റെ മോള്…

അവൾ മാത്രമേയുള്ളൂ എനിക്കിനി…അവൾ മതി എനിക്ക്… മൂന്നുപേരും കരയുകയായിരുന്നു…ഒടുവിൽ എനിക്കൊന്നു കിടക്കണമമ്മേ… അവൻ എഴുന്നേറ്റു മുറിയിലേയ്ക്കു നടന്നു… കട്ടിലിൽ ഉറങ്ങികിടക്കുന്ന മോളെ കണ്ടതും അവന്റെ നെഞ്ച് വിങ്ങി….കണ്ണുകൾ നിറഞ്ഞു… എന്റെ കുഞ്ഞു…. അച്ഛനും അമ്മയും ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് ഒന്നുമറിയാത്ത ഈ പാവമാണല്ലോ…അവളറിയുന്നില്ലല്ലോ ക്ഷമിക്കാനാകാത്ത തെറ്റ് ചെയ്താണ് പെറ്റമ്മ തന്നെ വിട്ടു പോയതെന്ന്… കണ്ണുകൾ തുടച്ചു അവനും കുഞ്ഞിനടുത്തായി കിടന്നു….കണ്ണുകളടച്ചു കിടന്നു… അടുത്തു അമ്മയുടെ ഗന്ധം അറിഞ്ഞതും കണ്ണുതുറക്കാതെ തന്നെ അവൻ ചോദിച്ചു….

അമ്മയ്ക്ക് എന്നോടൊന്നും പറയാനില്ലേ… മറുപടിയെന്നവണ്ണം അവരിൽനിന്ന് ഒരു നെടുവീർപ്പുയർന്നു… പതിയെ ആ വിരലുകൾ അവനെ മുടിയിഴകളെ തലോടികൊണ്ടിരുന്നു….. ഈ സമയവും കടന്നു പോകും…ഒന്നും ഓർക്കണ്ട…അത് കഴിഞ്ഞു…ഇനി തെറ്റ് ചെയ്യാതെ ജീവിക്കണം…നിനക്കതിനു കഴിയും… അവരുടെ വാക്കുകളും,വിരലുകളും നൽകുന്ന ആശ്വാസത്തിൽ പതിയെ അവൻ കണ്ണുകളടച്ചു….

അഭി മുറിയിലെത്തിയ ഉടനെ ആര്യയെ ഇറുകെ പുണർന്നു…നെറുകയിൽ അവന്റെ സ്നേഹചുംബനങ്ങൾ ഏറ്റുവാങ്ങി അവൾ കണ്ണുകളടച്ചു നിന്നു…. ആ നിമിഷം അവളും അതാഗ്രഹിക്കുന്നുണ്ടെന്നു അവനറിയാം… ഇപ്പോഴാണവൾ തന്റെ സാന്നിധ്യം ഏറെ ആഗ്രഹിക്കുന്നത്…അരവിന്ദിന്റെ കൂടെ ആയിരുന്നതുകൊണ്ട്…. അവളെ ശ്രദ്ധിക്കാൻ കഴിയാത്ത സാഹചര്യമായി പോയി… അവനവളെ തന്നിൽ നിന്നടർത്തി മാറ്റി കട്ടിലിലേക്ക് ചായ്ച്ചു കിടത്തി…. അടുത്തായി കിടന്നു…തന്നിലേക്കവളെ ചേർത്ത് പിടിച്ചു… നെറ്റിയിൽ അവന്റെ ചുണ്ടുകൾ മുത്തങ്ങൾ നൽകികൊണ്ടേയിരുന്നു….. കൈകൾ വയറിനെ തലോടിതുടങ്ങി…

അപ്പോഴവന്റെ കണ്ണിൽ വാത്സല്യ ഭാവമായിരുന്നു…. ഏറെ നേരം അങ്ങനെ കിടന്ന് രണ്ടാളും പരസ്പരം ചൂട് പകർന്നു നൽകി…. ദേഷ്യമുണ്ടോ ശ്രീ എന്നോട്….?? ഞാൻ നിന്നെ അവഗണിക്കുന്നു എന്ന് തോന്നുന്നുണ്ടോ…?? അവൾ മറുപടി പറയാതെ അവന്റെ നെഞ്ചിൽ ആഞ്ഞു കടിച്ചു… ആഹ്..!!!! അവനിൽ നിന്നു കേട്ട ശബ്ദത്തിൽ അവളൊന്നു മുഖമുയർത്തി നോക്കി..അവനാ വേദന ആസ്വദിച്ചു കിടക്കുകയാണെന്ന് അവൾക്കു മനസിലായി…..ഒരു കള്ളച്ചിരി ആ മുഖത്തുണ്ട്…..അവൾ വേഗം തന്നെ മുഖം താഴ്ത്തി പഴയ പോലെ കിടന്നു….. ടീ….എന്തിനാടീ എന്നെ കടിച്ചത്…..?? പെട്ടെന്ന് അഭി കപടദേഷ്യത്തിൽ തിരക്കി… പിന്നല്ലാതെ… അഭിയേട്ടൻ പറയുന്നത് കേട്ടാൽ പിന്നെ ഞാൻ എന്ത് വേണം…അന്യരോടു പറയുന്ന പോലെ…ഇതെന്റെ കൂടെ വീടാണ്… ഇവിടെ ഒരാൾക്ക് ഒരു പ്രശ്നമുണ്ടായാൽ അത് എന്നെയും ബാധിക്കും….എനിക്കും വിഷമമാകും… അത് ആരായാലും…

അതുകൊണ്ട് ഇപ്പൊ ചോദിച്ച പോലെ ഇനി എന്നോട് ഓരോന്ന് ചോദിക്കരുത്……… ആര്യ അവനു കടുത്ത താക്കീത് നൽകി… ഇല്ലെന്റെ ഭാര്യേ… ഒരു അബദ്ധം പറ്റിപോയി… നീ ക്ഷമിച്ചു മാപ്പ് തന്നേക്ക്…. അഭി അവളുടെ കവിളിൽ കുത്തി അവിടെ ഒരു മുത്തം നൽകി… അവൾ അത് ആസ്വദിച്ചു കണ്ണടച്ച് കിടന്നു… നിമിഷയെ പറ്റി എന്തെങ്കിലും വിവരം കിട്ടിയോ ഏട്ടാ….. പെട്ടെന്ന് അഭിയുടെ കണ്ണിൽ ദേഷ്യം നിറഞ്ഞു…. ഇല്ലെടി….രണ്ടും എവിടെ പോയി ഒളിച്ചുവെന്നു അറിയില്ല…ചേട്ടൻ ചെയ്ത അടുത്ത മണ്ടത്തരം… മാപ്പ് കൊടുത്തു പറഞ്ഞു വിട്ടിരിക്കുന്നു… എന്തായാലും പരാതി കൊടുത്തിട്ടുണ്ടല്ലോ..അവർ അന്വേഷിക്കട്ടെ…പ്രദീപും,ശ്യാമേട്ടനുമൊക്കെ കാര്യമായി ശ്രമിക്കുന്നുണ്ട്…നോക്കാം എന്താകുമെന്ന്….

പിന്നെ കുറച്ച് ദിവസം കൂടി നമുക്കിവിടെ നിൽക്കേണ്ടി വരും..ഒരു തീരുമാനമാകാതെ എങ്ങനെയാ പോകുന്നെ… മ്മ്…അവൾ ഒന്നു മൂളി അവനോടു ചേർന്നു കിടന്നു… കുഞ്ഞു എങ്ങനെയാ…ശല്യം ചെയ്യുന്നുണ്ടോ നിന്നെ… തന്റെ വയറിൽ വിശ്രമിക്കുന്ന അവന്റെ കൈയുടെ പുറത്തു അവളും സ്വന്തം കൈ ചേർത്തുവെച്ചു… ഛർദി ഒരു രക്ഷയുമില്ല ഏട്ടാ…ഒന്നും കഴിക്കാൻ പറ്റുന്നില്ല… അടുക്കളയിലെ ഒരു മണവും എനിക്ക് പിടിക്കണില്ല… കുഞ്ഞുങ്ങളെ പോലെ പരിഭവം പറയുന്ന അവളെ അവൻ വാത്സല്യത്തോടെ നോക്കി… അതൊക്കെ ഈ സമയത്ത് പതിവാ… പേടിക്കണ്ട… മ്മ്…

അമ്മമാരും അതാ പറഞ്ഞത്… നിനക്ക് നല്ല ക്ഷീണമുണ്ട് ശ്രീ…സാരമില്ല അതൊക്കെ നമുക്ക് റെഡി ആക്കാം…ഇപ്പോ കുറച്ച് നേരം ഉറങ്ങിക്കോ ശ്രീ…അതുവരെ ഞാൻ എന്റെ കുഞ്ഞുവിനോട് ഒന്നു സംസാരിക്കട്ടെ… അതും പറഞ്ഞവൻ കുറച്ച് താഴേയ്ക്കിറങ്ങി അവളുടെ വയറിൽ മുഖം ചേർത്തു കിടന്നു…. അവൻ കുഞ്ഞിനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു…. കുറച്ച് നേരം അതാസ്വദിച്ച് കിടന്നു… എപ്പോഴോ അവൾ ഉറങ്ങി പോയി…… തുടരും….

ദാമ്പത്യം: ഭാഗം 29

Share this story