ആദിശൈലം: ഭാഗം 64

ആദിശൈലം: ഭാഗം 64

എഴുത്തുകാരി: നിരഞ്ജന R.N

താഴെ തന്നെ കാത്തിരിക്കുന്നവരോട് പറയാനായി അവനൊരു ഉത്തരം ഉണ്ടായിരുന്നു………………. പടികൾ ഇറങ്ങവേ മനസ്സിൽ അവൻ ആ ഉത്തരത്തെ കീറിമുറിച്ചു…….. ഒടുവിൽ തനിക്ക് പ്രിയപ്പെട്ടവർക്ക് വേണ്ടി, ആയിരം ശരങ്ങൾ തറയ്ക്കുന്ന വേദനയോടെ അവൻ തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു… എന്താ ചാകാൻ ഉപദേശിച്ചോ അവളോട്??? നിർജീവതയോടെ താഴേക്ക് വരുന്ന രുദ്രനോടായ് ശ്രീ ചോദിച്ചു…. എന്നാൽ അവളുടെ ചോദ്യം പോലും കേട്ടില്ലെന്ന് നടിച്ചുകൊണ്ട് മേശമേല് ഇരുന്ന അവന്റെ ഫോൺ അവനെടുത്തു…. എന്താ നടക്കുന്നതെന്ന് മനസ്സിലാകാതെ നിൽക്കുന്നവരെ സാക്ഷിയാക്കി, ഏതോ ഒരു നമ്പറിൽ ഡയൽ ചെയ്തു…

ശേഷം ആരോടോ മെസേജ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് വന്ന കാളിന്റെ ഫുൾ ഡീറ്റെയിൽസ്, ആ റെക്കോർഡ് ഉൾപ്പെടെ ഉടനെ വേണമെന്ന് ഓർഡർ ഇട്ടുകൊണ്ട് ഫോൺ കട്ട് ചെയ്തു…………….. നീ സൈബർസെല്ലിലെ ശ്യാമിനെ ആണോ വിളിച്ചേ? ജോയിച്ചന്റെ ചോദ്യത്തിന് അവനൊന്ന് തലയാട്ടുക മാത്രം ചെയ്തു…………. എന്തിന്??? ആ ചോദ്യം വരുന്നതിന് മുൻപ് തന്നെ, കാറിന്റെ കീയുമായി രുദ്രൻ പുറത്തേക്ക് നടന്നു… പോകും മുൻപ് അവനെല്ലാരെയും ഒന്ന് തിരിഞ്ഞുനോക്കി……. കല്യാണം നടക്കാൻ പോകുന്ന വീടാണ്.. അവിടെ നിങ്ങളെ എല്ലാരേയും ആൾക്കാർ തിരക്കും…… പെട്ടെന്ന് പോ………. അമ്പലത്തിൽ പോകുവാണെന്ന് പറഞ്ഞിറങ്ങിയതല്ലേ നട അടയ്ക്കുംമുൻപ് തൊഴുതിട്ട് കൂടി പോ…..

നിസ്സംഗഭാവത്തോടെ അത്രയും പറഞ്ഞുകൊണ്ട് അവൻ കാറിലേക്ക് കയറി…… പെട്ടെന്ന് ഇവനിത് എന്ത്പറ്റി??…. അവന്റെ കാർ പോകുന്ന ദിശനോക്കി അല്ലു ചോദിച്ചതും ആവോ അറിയില്ല എന്ന മട്ടിൽ ബാക്കിയെല്ലാം ചുമലുകൂച്ചി……. എന്തോ ഒന്ന് അവൻ മനസ്സിൽ കണ്ടിട്ടുണ്ട്, അതാണ് നമ്മളോട് പൊയ്ക്കോളാൻ പറഞ്ഞത്……… ഐ തിങ്ക് സംതിങ് ഹാപ്പി തിങ്സ്…… മാധുവിന്റെ വാക്കുകൾ എല്ലാർക്കുമൊരു സാന്ത്വനമായിരുന്നു, പ്രത്യകിച്ച് ശ്രീയ്ക്ക്…. ആഷി, ജാൻവി… പോയി ദേവൂനെ വിളിച്ചിട്ട് വാ.. ഇനിയും താമസിക്കേണ്ട.. ഹാ പിന്നെ, ദാ ആ കവറിൽ അവൾക്കുള്ള ഡ്രസ്സ്‌ ആണ്…..ആ കോലത്തിൽ വീട്ടിലോട്ട് പോയാലേ എല്ലാർക്കും എല്ലാം മനസിലാകും……

കുറച്ചുമാറി കസേരയിൽ ഇരിക്കുന്ന കവർ ചൂണ്ടിക്കൊണ്ട് ധ്യാൻ പറഞ്ഞതും എല്ലാം കേട്ടതുപോലെ ചെയ്യാം എന്ന് തലയാട്ടി സമ്മതിച്ചുകൊണ്ട് രണ്ടാളും ദേവുവിന്റെ അടുത്തേക്ക് പോയി… അധികം വൈകാതെ തന്നെ മൂന്നാളും ഹാളിലേക്ക് വന്നു……….. കരഞ്ഞുതളർന്ന ആ മുഖം കാണുംതോറും എല്ലാരുടെയും നെഞ്ചം നീറുന്നുണ്ടായിരുന്നു… എങ്കിലും, അവൾക്ക് മനക്കരുത്തേകാനായി അവരെല്ലാം പുഞ്ചിരിയോടെ ചുറ്റിനും കൂടി…. പിന്നെ അധികനേരം ആരും അവിടെ നിന്നില്ല…… വാതിൽ പൂട്ടി താക്കോൽ സ്ഥിരം വെക്കുന്നിടത്ത് വെച്ച് എല്ലാം അവിടുന്നിറങ്ങി.. ഗേറ്റ് കടന്നതും കാറുകൾ മൂന്നും മൂന്ന് വഴിക്ക് പോയി…… കല്യാണം പ്രമാണിച്ച് അയോഗ് അല്ലുവിനും മാധുവിനൊപ്പമായിരുന്നു………….

ആഷിയും നന്ദയും ശ്രീയും അവരുടെ വീട്ടിലേക്കും അഖിലിനെയും ജാൻവിയെയും അവരുടെ വീട്ടിൽ ഡ്രോപ് ചെയ്ത് ധ്യാനും ദേവുവും അവരുടെ വീട്ടിലേക്കും പോയി…. കല്യാണതലേന്നുള്ള ഫങ്ക്ഷൻ വീടുകളിലായതിനാൽ നാല് വീടുകളും കല്യാണതിരക്കിലാറാടുകയായിരുന്നു……. വീടുകളിലെ ആ തിരക്കുകൾ ഒരുതരത്തിൽ ഒന്നുമോർക്കാതിരിക്കാൻ അവരെ സഹായിച്ചുവെന്ന് വേണം പറയാൻ.. എങ്കിലും രുദ്രൻ ആ മനസ്സുകളിലെല്ലാം ഉറങ്ങാത്ത മുറിവായി… ഉച്ചകഴിഞ്ഞതോടെ ബന്ധുക്കളാൽ അവിടമെല്ലാം നിറഞ്ഞു…. അവർക്കെല്ലാം മുൻപിൽ ചിരിച്ചും കാര്യം പറഞ്ഞും ശെരിക്കും എല്ലാം തളർന്നുതുടങ്ങിയിരുന്നു…………… മോളെ….

നേരം സന്ധ്യ കഴിഞ്ഞതും തലവേദന എന്ന് പറഞ്ഞ് തിരികെ റൂമിലേക്ക് പോയ ദേവുവിനെ തിരക്കി പോയ ധ്യാൻ കാണുന്നത് ഇരുട്ടിന്റെ മറവിൽ അതുവരെ ആടിയ ആനന്ദത്തിന്റെ മുഖം മൂടി അഴിച്ചുവെച്ച് മിഴിനീർപൊഴിക്കുന്ന കൂടെപ്പിറപ്പിനെയായിരുന്നു…….. ദേവൂ…. ആ സഹോദരന്റെ ശബ്ദം നേർത്തിരുന്നു……. ഏട്ടാ……… ഒന്നുല്ല.. ഒന്നുമുണ്ടാകില്ല എന്റെ കുട്ടിയ്ക്ക്…. !!നാളെ നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള ദിവസമായിരിക്കും… അതിനായി എന്തും ചെയ്യും ഈ ധ്യാൻ….. എന്റെ കുഞ്ഞിനെ നോവിച്ച ആ ബാസ്റ്റടിനെ കൊല്ലണമെങ്കിൽ അതും…….. ഏട്ടാ….. തന്നെ മാറോട് അണച്ചുപിടിച്ചിരിക്കുന്ന ഏട്ടന്റെ വരിഞ്ഞുമുറുകിയ മുഖം ഒരുവേള അവൾക്ക് പേടിയുളവാക്കി….. ഒന്നുല്ലേടാ……..

നീ വാ അവിടെ എല്ലാവരും നിന്നെ തിരക്കുന്നുണ്ട്… കല്യാണ പെണ്ണിനെ കാണാൻ വരുന്നവരുടെ മുൻപിൽ ഞാൻ നിന്നാൽ പോരല്ലോ…. എന്റെ കുട്ടി മുഖമെല്ലാം തുടച്ച് ചുന്ദരിയായി വാ… അവളുടെ താടിയിൽ മെല്ലെ തട്ടികൊണ്ട് അവൻ റൂമിൽ നിന്നിറങ്ങി….. എനിക്കറിയാം ഏട്ടാ….. ആ നെഞ്ച് എനിക്കായി എത്ര വേദനിക്കുന്നുവെന്ന്…. അവൻ പോകുന്നതും നോക്കി നിൽക്കേ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു…………… മാധുവും അല്ലുവും അയോഗും അല്ലുവിന്റെ കസിൻസിന്റെഇടയിൽ ഇരിക്കുവായിരുന്നു…… എല്ലാവരുടെയും കളിചിരിയും കളിയാക്കലും എല്ലാം ആസ്വദിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് അയോഗിന്റെ മുഖം മാറി….. എന്തോ ഓർത്തതുമാതിരി, പെട്ടെന്ന് അവന്റെ കണ്ണുകൾ നിറഞ്ഞു…

അത് അവർക്ക് മുൻപിൽ മറച്ചുവെച്ചുകൊണ്ട് ഫോൺ കാൾ എന്ന കള്ളവും പറഞ്ഞ് അവനവർക്കിടയിൽ നിന്നും മാറി…. ഗാർഡന്റേ അരികിൽ ആകാശനീലിമയിലേക്ക് കണ്ണുംനട്ടിരിക്കെ മിന്നിമറിയുന്ന ഒരു നക്ഷത്രത്തെനോക്കി അയോഗ് നിന്നു…….. ഐ മിസ്സ്‌ യൂ അമ്മാ…….. ആൻഡ് ഐ മിസ്സ്‌ യൂ ചേട്ടാ…….. അവന്റെ കണ്ണുകൾ അവരെഓർക്കും തോറും നിറഞ്ഞുവന്നു…………. കോടിക്കണക്കിന് സ്വത്തുണ്ടായിട്ടും ഒരനാഥനെപ്പോലെ നാളെ കല്യാണമണ്ഡപത്തിലേക്ക് കയറുന്ന തന്റെ അവസ്ഥ അവനെ വീണ്ടും കുത്തിനോവിച്ചു……….. അമ്മാ………………………….നാളത്തെ ഒരു ദിവസമെങ്കിലും വരുവോ എന്റെ അടുത്തേക്ക്………….

വീണ്ടും ആ നെഞ്ചിലെ ചൂടറിഞ്ഞ് ആ മടിയിൽ കിടക്കാൻ അറിയാതെ ആഗ്രഹിച്ചുപോകുവാ……… അവന്റെ ആ ശബ്ദം പോലും ഇടറിയിരിന്നു……… അയോഗ്….. ചിമ്മുന്ന നക്ഷത്രത്തെ നോക്കി നിന്ന ആ ചുമരിലേക്ക് ഒരു കൈ വീണതും ഞെട്ടിത്തരിച്ചുകൊണ്ട് അവൻ തിരിഞ്ഞു…. ആന്റി….. മുൻപിൽ നിൽക്കുന്ന സുമിത്രയെ കണ്ട് അവൻ ആദ്യമൊന്ന് പകച്ചു….. ശ്…. അവർ ചുണ്ടുകൾക്ക് മേൽ ചൂണ്ടുവിരൽ വെച്ചുകൊണ്ട് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു….. ശേഷം അവന്റെ തലമുടികളിലൂടെ തലോടി അടുത്തുള്ള സ്റ്റോൺബെഞ്ചിലേക്ക് ഇരുന്നു….. അമ്മേടെ മോൻ വാ……… കൈകൾ രണ്ടും വിടർത്തി തന്റെ മടിയിലേക്ക് ചായാൻ അവരവനെ വിളിച്ചു…… ആന്റി…..

അയോഗ് അവരെ അമ്പരപ്പോടെ നോക്കി….. ആന്റി അല്ല, അമ്മ………. അങ്ങെനെ വിളിച്ചാൽ മതി…. അമ്മേടെ മോൻ വാ…….. കൈകൾ രണ്ടും വിടർത്തി സുമിത്ര തന്റെ വാത്സല്യം ഒരു മകന് കൂടി പങ്കിട്ടു…. അമ്മ… അമ്മേ………. വർഷങ്ങൾക്ക് ശേഷം അവന്റെ അധരം ഒരിക്കൽക്കൂടി ഒരു സ്ത്രീയോട് ആ വാക്കുച്ചരിച്ചു….. അടുത്ത നിമിഷം ഒരു കൊച്ചുകുട്ടി അമ്മയുടെ മടിയിൽ ചായുംപോലെ ആ അമ്മയുടെ അരികിലേക്ക് അവൻ ഓടിച്ചെന്നു,, ആ മടിയിൽ തലവെച്ച് മെല്ലെ കണ്ണടയ്ക്കുമ്പോൾ വർഷങ്ങൾക്ക് ശേഷം ആ മനസ്സ് ശാന്തമാവുകയായിരുന്നു….. അമ്മ എന്ന തണലിനോളം മറ്റൊന്നിനും ഒരിക്കലും നമ്മെ ശാന്തമാക്കാൻ ആകില്ല എന്ന സത്യം ഒരിക്കൽ കൂടി അവനറിയുകയായിരുന്നു…….. അമ്മേ….. മ്മ്…. അമ്മേ…. മ്മ്……….. അമ്മേ……. എന്തോ………….

വീണ്ടും വീണ്ടും അവൻ ആാാ വാക്ക് തന്നെ ഉച്ചരിച്ചുകൊണ്ടിരുന്നു…. ആാാ വിളി കേട്ടുകൊണ്ട് സുമിത്രയും…… എത്രനേരം ആ ഇരിപ്പ് തുടർന്നെന്നറിയില്ല… അയോഗിന്റെ നെറുകയിൽ തലോടി കൊണ്ട് ആ അമ്മയും വിണ്ണിലേക്ക് നോക്കി, ഒരിക്കൽ തനിക്ക് നഷ്ടപ്പെട്ട കുഞ്ഞിനുവേണ്ടി ദൈവം നൽകിയ മറ്റൊരു മകൻ……………… അവനെ അവരങ്ങേനെ കണ്ടു,, അതുപോലെ തനിക്ക് നഷ്ടപ്പെട്ട മാതൃവാത്സല്യം വീണ്ടും ആ അമ്മയിലൂടെ അവനറിയുകയായിരിന്നു…. ഇതെല്ലാം കണ്ടുകൊണ്ട് കുറച്ചപ്പുറം അല്ലുവും മാധുവും അപ്പായുടെ തോളോട് തോൾ ചേർന്ന് നില്പുണ്ടായിരുന്നു… ആാാ മൂന്ന് മുഖത്തും ഒരു ചെറുപുഞ്ചിരി വിടർന്നു…………….

ആാാ പുഞ്ചിരി മഞ്ഞുകണങ്ങളായി ആകാശവും അവർക്ക് മേൽ പൊഴിച്ചു…………. എനിക്ക് താ….. എനിക്കും വേണം………….. പറ്റത്തില്ല… എനിക്കാ വേണ്ടേ………………. രാത്രി ആയപ്പോഴേക്കും വന്നവരൊക്കെ പോയിത്തുടങ്ങിയപ്പോൾ അങ്ങ് ആദിശൈലത്ത് ബഹളം തുടങ്ങി…… എന്തിനെന്നല്ലേ?,,,,, ദോ നോക്ക്…. ഒരു പത്രത്തിൽ ഉരുളയുരുട്ടിയിരിക്കുന്നു നന്ദിനിയെയും അവർക്ക് ചുറ്റും നിൽക്കുന്ന മൂന്നെണ്ണത്തിനെയും കണ്ടില്ലേ?????? അമ്മയുടെ കൈയിൽ നിന്ന് ചോറുണ്ണാനുള്ള ബഹളമാണ് നടക്കുന്നത്… അവരുടെ ആ ബഹളം ആസ്വദിച്ചുകൊണ്ട് തൊട്ടരികിൽ വിശ്വനുമുണ്ട്………. എന്റെ പിള്ളേരെ, ഒന്നടങ്ങ്…. എല്ലാർക്കും തരാം……… ചെവിതല കേൾക്കാതായപ്പോൾ ഉരുട്ടിവെച്ച ഉരുള തിരികെ പാത്രത്തിലേക്ക് തന്നെ ഇട്ടുകൊണ്ട് നന്ദിനി പറഞ്ഞു…. അമ്മേ ….

മൂന്നിന്റേയും ചുണ്ട് കൂർത്തുവന്നു ഒപ്പം മുഖം വാടി…. താൻ എന്താടോ ഈ കാണിച്ചേ? എന്റെ പിള്ളേർക്ക് ചങ്കടായി അല്ലെ മക്കളെ???? കുഞ്ഞുവാവകളെ കളിപ്പിക്കുംപോൽ മൂന്നിന്റേയും മൂക്കിന്മേല് ഒരു തട്ടുകൊടുത്തുകൊണ്ട് വിശ്വൻ പറഞ്ഞതുകേട്ട് അവരുടെ മുഖം വിടർന്നു….. അച്ഛായെ……….. ശ്രീ വിശ്വന്റെ കഴുത്തിലേക്ക് രണ്ട് കൈയും ചേർത്ത് കെട്ടിപിടിച്ചു…. തോളിൽ വീണ കണ്ണുനീരിന്റെ നനവ് ആ അച്ഛനെ ഒന്ന് നൊമ്പരപ്പെടുത്തി…. അയ്യേ,,, അച്ഛാടെ തന്റേടി കരയുവാണോ????? ഹാ കൊള്ളാം….. നീ കരഞ്ഞാൽ പിന്നെ ഇവരുടെയൊക്കെ അവസ്ഥ പറയണോ??? ഉള്ളിലെ നീറ്റലിനെ അടക്കികൊണ്ട് ആ വൃദ്ധ മനസ്സ് മറ്റുള്ളവരെ നോക്കി,, ആ കണ്ണുകളും നിറഞ്ഞുനിൽക്കുന്നത് കണ്ടപ്പോൾ ആ മുഖം ഒന്ന് പതറി….

ഇത്രനേരം താൻ അടക്കിവെച്ച മൃദുഭാവം താൻ പോലും അറിയാതെ പുറത്തേക്ക് വരുമോ എന്നോരുനിമിഷം ആ പുരുഷമനസ്സ് ഭയന്നു…………. എന്താ പിള്ളേരെ….. നിങ്ങളെന്തിനാ കരയുന്നെ????? നാളെ കെട്ടി വല്ലിടത്തേക്കും പോകേണ്ട പെൺപിള്ളേരാ ഇരുന്ന് കരയുന്നത് കണ്ടില്ലെ??? സാധാരണ കണ്ണീർടാപ്പ് തുറക്കേണ്ട നന്ദിനി ഇന്നുവരെ കളിയാക്കുന്നത് കേട്ട് എല്ലാം ഒന്ന് ഞെട്ടി…… നോക്കേണ്ട…. ഞാൻ തന്നെയാ ഈ പറയണേ……….. ഈ പെൺപിള്ളേരുടെ ജീവിതം ഇങ്ങെനെയൊക്കെയാ…. ജനിച്ചുവളർന്ന വീടൊരിക്കൽ അവർക്ക് അന്യമാകും…. പിന്നെ അവരുടെ ജീവിതവും ലോകവുമെല്ലാം കെട്ടിക്കൊണ്ട് പോകുന്ന വീടാകും…. അങ്ങെനെ ആകണം……… അല്ലാതെ, അവിടെ നരകമാക്കി തിരികെ വീട്ടിലേക്ക് വരരുത്………

അമ്മേ….. അച്ഛനെവിട്ട് ആ മക്കൾ അമ്മയ്ക്ക് ചുറ്റിനും കൂടി…….. എനിക്കറിയാം എന്റെ മക്കൾ ചെന്നുകയറുന്ന കുടുംബത്തിൽ ഐശ്വര്യമെ ഉണ്ടാകൂ… എന്നാലും ഈ അമ്മ പറയുവാ……. നിങ്ങൾ കാരണം ഒരിക്കലും ആ കുടുംബത്താർക്കും വിഷമം ഉണ്ടാകരുത്……….. ഇടംകൈയാലേ മൂന്ന് മക്കളെയും തലോടിക്കൊണ്ട് അവർ ഓരോ ഉരുള അവർക്കായി കൊടുത്തു.. അവസാനഉരുള വിശ്വന് നേരെയും നീട്ടി……. തനിക്ക് എങ്ങനെ സാധിക്കുന്നെടോ ഇങ്ങെനെ പിടിച്ചുനിൽക്കാൻ? ഞാൻ പോലും പല നിമിഷവും പതറിപോകുവാ….. നാളത്തേക്കുള്ളത് എടുത്തുവെക്കുന്ന നന്ദിനിയോടായ് വിശ്വൻ ചോദിച്ചു…. അതിനൊരു ചിരി ആയിരുന്നു അവരുടെ മറുപടി….

അത് ഞങ്ങൾ സ്ത്രീകൾക്കുള്ള ഒരു കഴിവാണ് വിശ്വേട്ടാ… ഇവിടെ ഞങ്ങൾ തകർന്നുപോയാൽ നമ്മുടെ മക്കളും കൂടി വിഷമിക്കും… അവർക്ക് വേണ്ട ഉപദേശം നൽകി നാളെ അവരെ സന്തോഷത്തോടെ മണ്ഡപത്തിലേക്ക് കയറ്റുംവരെ എത്ര നെഞ്ചകം നീറിയാലും ഞങ്ങൾ ഇങ്ങെനെ ഗൗരവത്തിൽ തന്നെയായിരിക്കും…. ഒരുതരം അഭിനയം……. അത്രയും പറഞ്ഞുകൊണ്ടവർ ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോകേണ്ട നാരങ്ങയുടെ എണ്ണം തിട്ടപ്പെടുത്തി…… രാത്രി,മൂന്നും അച്ഛന്റെയും അമ്മയുടെയും കൂടെയാണ് കിടന്നത്………. ആഷി നടക്കും അമ്മയ്ക്കരികിൽ ശ്രീയും അച്ഛനരികിൽ നന്ദയും…………… !!!!!! ജാൻവിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല………. അമ്മയുടെ നെഞ്ചോരം ചേർന്ന് അവളും കിടന്നു… അച്ഛന്റെ തലോടൽ ആസ്വദിച്ചുകൊണ്ട്………..

ജോയിച്ചനാകട്ടെ, കോട്ടയത്തുനിന്ന് അമ്മയെയും കൂട്ടി രുദ്രന്റെ വീട്ടിലേക്കാണ് വന്നത്…… അവരുടെ ആചാരപ്രകാരവും കല്യാണം നടത്തുന്നുണ്ട് അത് രണ്ട് ദിവസം കഴിഞ്ഞ് കോട്ടയത്തെ അവരുടെ ഇടവകയിൽ വെച്ച്….. അങ്ങെനെ വർഷങ്ങൾ കാത്തുനിന്ന പ്രണയത്തെ രണ്ട് തവണ താലിചാർത്തി തന്നോട് ചേർക്കുകയാണ് ജോയൽ…………… പൊൻകിരണം വീശിഎത്തിയ സൂര്യന് ഇന്ന് പതിവിലും ശോഭയുണ്ടായിരുന്നു……….. കിളികളുടെ കളികൊഞ്ചലുകൾക്ക് ഇന്ന് മനോഹരമായ നാദമുണ്ടായിരുന്നു………………. തങ്ങളുടെ ജീവിതത്തിലെ വിലയേറിയ ആ ദിവസത്തിലേക്ക് മെല്ലെ കൺതുറന്നവർ എഴുന്നേറ്റു…… വെളുപ്പിന് തന്നെ പെൺകുട്ടികളെ ഒരുക്കാൻ ആള് വന്നിരുന്നു……. അധികം മേക്കപ്പ്ഇടാതെ തന്നെ ചുവന്നകാഞ്ചീപുരം സാരിയിൽ സർവ്വാഭരണവിഭൂഷിതരായി അവർ ഒരുങ്ങിയിറങ്ങി………………..

മൂക്കിലെ വെള്ളക്കൽ മൂക്കുത്തി പെൺകുട്ടികൾക്ക് സൗന്ദര്യം കൂട്ടി………….. പിന്നിയിട്ട മുടിയിൽ മുല്ലപ്പൂവും റോസാപൂവും ലയർ ആക്കി വട്ടത്തിൽ ചൂടി, കിലുങ്ങുന്ന പാദസരവുമായി അവർ വീടിന്റെ പടികളിറങ്ങി……………….. ഇനിയൊരിക്കലും പഴയതുപോലെ ഇവിടം തന്റെ സ്വന്തമല്ല എന്ന ബോധ്യവുമായി…………. അമ്പലനടയിൽ അവർക്കായി ഒരുക്കിയ വിശ്രമമുറിയിൽ ഇരിക്കവേ, അതുവരെയില്ലാത്ത എന്തോ ഒരു ടെൻഷൻ അവരെ കാർന്നുതിന്നാൻ തുടങ്ങി…. ഏറെ ആഗ്രഹിച്ച വിവാഹമാണെങ്കിലും നസ്രിയ പറഞ്ഞപോലെ ദാ ഈ നിമിഷം ഒന്ന് ഒളിച്ചോടിയാലോ എന്ന് തോന്നിപോകുവാ നാലിനും……. ദേവുവിന് പക്ഷെ ഒരു നിർജീവതയായിരുന്നു മുഖത്ത്……

ആ ഒരുക്കങ്ങൾക്കിടയിലും അവൾക്കൊരു കുറവായി മുഖത്തെ പ്രസന്നതയില്ലായ്മ്മ തെളിഞ്ഞുനിന്നു………. ചെക്കന്മാര് വന്നിട്ടുണ്ട്…… ആരോ വിളിച്ചു പറയുന്നതുകേട്ട് ധ്യാനും അഖിലും അടങ്ങുന്ന സ്വീകരണസംഘം പുറത്തേക്ക് പോയി….. അവിടെ അവരെ കാത്തെന്നപോലെ സ്വർണ്ണകുർത്തയും കസവ് മുണ്ടുമണിഞ്ഞ് നെറ്റിയിലെ ചന്ദനകുറിയാലും മുഖത്തെ പുഞ്ചിരിയാലും ആയിരം പൂർണ്ണചന്ദ്രശോഭയിൽ നമ്മുടെ ചെക്കന്മാർ നാലും ബന്ധുക്കളുടെ കൂടെ മുൻനിരയിൽ നിന്നു………. അവരുടെ അടുത്തേക്ക് അഖിലും ധ്യാനും നീങ്ങി….. അളിയന്മാരുടെ കാലിൽ വെള്ളം തളിച്ച് നെറ്റിയിൽ ഒരിക്കൽക്കൂടി ചന്ദനകുറി തൊട്ട്, മാലയും ബൊക്കെയും കൊടുത്ത് അവരെ അവന്മാർ സ്വീകരിച്ചു…. ഗൗരവ് വന്നില്ലേ…….. ഇടയ്ക്ക് ആരോ ചോദിച്ചതുകേട്ടാണ് അവൻ വന്നില്ലെന്ന് ശ്രദ്ധിക്കുന്നത്… ടാ രുദ്രൻ എവിടെ???? അവൻ വന്നില്ല ന്ന് അറിഞ്ഞതും അല്ലു ആദ്യം ചോദിച്ചത് രുദ്രനെ പറ്റിയായിരുന്നു…..

ഇന്നലെ നൈറ്റ്‌ താമസിച്ചാ വീട്ടിൽ വന്നത്… കാലത്തേ എണീറ്റ് പോകുന്നത് കണ്ടു…… ചോദിച്ചപ്പോൾ എന്തോ അർജന്റ് ഉണ്ട് പോലും…. എനിക്കെന്തോ……. ജോയിച്ചൻ പറഞ്ഞുനിർത്തിയതും അമ്പലമുറ്റത്തേക്ക് ഒരു കാർ വന്നുനിന്നു………. അതിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ രൂപം കണ്ട് കൂടിനിന്നവരെല്ലാം ഒന്ന് അമ്പരന്നു……… രുദ്രൻ…. !!!!! മാധുവിന്റെ ചുണ്ട് മന്ത്രിച്ചതുകേട്ട് തിരിഞ്ഞുനോക്കിയ ചെക്കന്മാർ കാണുന്നത്, റെഡ് കളർ കുർത്തയും കസവ് മുണ്ടുമണിഞ്ഞ് നിരയിൽ അല്ലാത്ത പല്ലുകളുടെ ഭംഗിയിൽ പുഞ്ചിരി തൂകി നിൽക്കുന്ന അവരുടെ ചങ്കിനെയായിരുന്നു…….. ശോ, എനിക്ക് വയ്യ ഈ ചെക്കന് ഇത്രയും ചന്തമുണ്ടായിരുന്നോ 😬🙈🙈🙈

എന്നും കാണാത്ത ഒരു ശോഭ ഇന്നാ മുഖത്തുണ്ടായിരുന്നു….. ടാ………… അവന്മാർ അവന്റെ അരികിലേക്ക് ഓടിച്ചെന്നു…. പൊളിച്ച് മുത്തേ… കിടു ലുക്ക്‌.. അല്ല, നീ എന്താ താമസിച്ചേ?? ജോയിച്ചന്റെ ചോദ്യം അവനിൽ വീണ്ടും ഒരു പുഞ്ചിരി വിടർത്തി…. അപ്പോഴേക്കും അമ്പലനടയിൽ നിന്ന് ചെറിയതോതിൽ അടക്കം പറച്ചിൽ കേട്ടുതുടങ്ങി…. കല്യാണ ചെക്കന്മാരിലൊരാളെ കാണുന്നില്ല എന്ന വാർത്ത അവിടെയാകെ അതിനോടകം പരന്നിരുന്നു……. വിശ്വാ..എന്റെ മോള്….. സമയം മുഹൂർത്തത്തോടടുക്കാറായതും ധ്യാനിന്റെ അച്ഛന്റെയും അമ്മയുടെയും ഏങ്ങലും അവിടെ ഉയരാൻ തുടങ്ങി….. അതുകേട്ടതും എല്ലാരും അങ്ങോട്ടേക്ക് ചെന്നു….. അങ്കിളേ വിഷമിക്കാതെ…

വല്ല ട്രാഫിക് ബ്ലോക്ക് ആയതാകും….. അല്ലു അവരെ സമാധാനിപ്പിച്ചുകൊണ്ടിരിന്നു…….. പക്ഷെ, അങ്ങെനെയൊന്നും ആശ്വസിക്കപെടുന്നതല്ലായിരുന്നു ആ മനസ്സുകൾ…. തന്റെ മകളുടെ ജീവിതമോർത്ത് ആ ഹൃദയങ്ങൾ നിലവിളിച്ചുകൊണ്ടിരുന്നു…. മുഹൂർത്തമായിരിക്കുന്നു…,,പയ്യന്മാർ എല്ലാവരുടെയും അനുഗ്രഹം വാങ്ങി ഇരിപ്പിടത്തിൽ ഇരിക്ക്…. പൂജാരി വിളിച്ചുപറഞ്ഞത് കേട്ട് ഒരുനിമിഷം എന്ത്‌ ചെയ്യണമെന്നറിയാതെ എല്ലാരും പകച്ചു….. എന്താ ചെയ്യാ ഇപ്പോ??? കാര്യമൊന്നുമറിയാതെ ഭാവിജീവിതം സ്വപ്നം കണ്ടുനിൽക്കുന്ന തങ്ങളുടെ പെണ്മക്കളുടെ മുഖം ആ മനസ്സുകളിൽ വന്നതും പെട്ടെന്ന് ആ കാലിൽ ഒരു സ്പർശം അറിഞ്ഞ് ധ്യാനിന്റെ അച്ഛൻ കണ്ണ് തുറന്നു…..

മോനെ….. കാലിൽ കൈകൾ വെച്ച് കുനിഞ്ഞുനിൽക്കുന്ന രുദ്രനെ അയാൾ പിടിച്ചെഴുനേൽപ്പിച്ചു……… പറയാൻ അർഹതയുണ്ടാവുമോ എന്നറിയില്ല…… എന്നാലും ചോദിക്കുവാ,,, പരിഹാസത്തിൽ നിന്ന് മോചിപ്പിക്കാനായി ആണെന്ന് തോന്നരുത് ദേവികയെ എനിക്ക് തന്നൂടെ??? ഞാൻ വിവാഹം കഴിച്ചോളാം…… അവന്റെ വാക്കുകൾ ആ കൂടി നിന്നവരെ സ്തബ്ധമാക്കി… !!!ചെക്കന്മാർ എല്ലാം പരസ്പരം മുഖത്തോട് മുഖം നോക്കി… അച്ഛനമ്മമാരുടെ അവസ്ഥയും മറിച്ചായിരുന്നില്ല…….. അങ്കിളേ…. ഒരിക്കൽ കൂടി ആ അച്ഛന്റെ കാതോരം അവൻ വിളിച്ചതും ഈറനണിഞ്ഞ മിഴിയോടെ ആ അച്ഛൻ അവനെ ആലിംഗനം ചെയ്തു…… വാ…. എല്ലാരും വാ…… അദ്ദേഹം അവരെ ഇരിപ്പിടത്തിലേക്ക് ക്ഷണിച്ചു…..

അവരവർക്കായി ഒരുക്കിയ ഇരിപ്പിടത്തിൽ തങ്ങളുടെ പാതിജീവനെ വാമഭാഗത്തോട് ചേർക്കാനായി അവർ കാത്തിരുന്നു….,,,, താലിപൊലിയുടെ അകമ്പടിയോടുകൂടി പെൺകുട്ടികൾ ലക്ഷ്മിദേവിയെപോൽ വിളങ്ങി….നന്ദയ്ക്ക് പിന്നാലെ ഓരോരുത്തരായി അങ്ങോട്ടേക്ക് വന്നു….. അച്ഛനമ്മമ്മാർക്ക് ദക്ഷിണ നൽകി, അനുഗ്രഹം വാങ്ങി തങ്ങളുടെ നല്ലപാതിയുടെ വാമഭാഗത്തോട് അവർ ചേർന്നിരുന്നു… ഉള്ളിൽ ഒരായിരം ആനന്ദത്തോടെ……. അപ്പോഴും അവളുടെ മുഖം മാത്രം നിറംമങ്ങിയിരുന്നു…. മുഹൂർത്തമായി……… പൂജാരി പറഞ്ഞതുകേട്ട് വിശ്വൻ ആദ്യം രുദ്രനും ദേവൻ മാധുവിനും അയോഗിനും അല്ലുവിനും ധ്യാനിന്റെ അച്ഛൻ ജോയ്ക്കും താലി എടുത്തുകൊടുത്തു…….

താലിയുടെ ബന്ധനത്തിൽ അവർ സ്വന്തം പെണ്ണിനെ തന്നോട് ചേർത്തപ്പോൾ ആ പെൺഹൃദയം കണ്ണുകൾ ഇറുകെയടച്ച് കഴുത്തിലെ താലിയ്ക്കായി പ്രാർഥിക്കുകയായിരുന്നു….. മനസ്സിൽ ഗൗരവിന്റെ താലിയാണെങ്കിലും ആ താലി ഒരിക്കലും തന്നിൽ നിന്ന് വേർപെടല്ലേ എന്നൊരു പ്രാർത്ഥന ദേവുവിൽനിന്നും ഉതിർന്നു……… സിന്ദൂരരേഖ ചുമപ്പിച്ചുകൊണ്ട് ഒരുനുള്ള് സിന്ദൂരം മൂർദ്ധാവിൽ പരക്കുമ്പോഴും അവളുടെ കണ്ണുകൾ ഇറുകെതന്നെ അടഞ്ഞുനിന്നു…. സിന്ദൂരം അണിയിക്കുന്നതിനിടയ്ക്ക് രുദ്രനൊഴികെ ബാക്കി ചെക്കന്മാരെല്ലാം പെണ്ണിന്റെ നെറുകയിൽ ചെറുമുത്തം നൽകിയത് കണ്ട് മറ്റുള്ളവർ ചിരിച്ചു…….. എന്റെ പൊന്ന് ദേവൂ.. നീ ആ കണ്ണ് ഇനിയെങ്കിലും ഒന്ന് തുറക്ക്…… കാതോരം കേട്ട ഏട്ടന്റെ സ്വരത്തിലെ മാറ്റമാണ് അവളെ ഞെട്ടിച്ചത്….

കൂടെ അതുവരെ തനിക് നഷ്ടമായിരുന്ന പ്രിയപ്പെട്ടവന്റെ ഗന്ധം കൂടി നാസികയിലേക്ക് ഇരച്ചെത്തവേ അവൾ മെല്ലെ കണ്ണ് തുറന്നു….. തന്റെ വലതുഭാഗത്തോട് ചേർന്ന് ഇരിക്കുന്ന ആ രൂപത്തെ നോക്കാൻ ധൈര്യം കിട്ടാതെ അവൾ ചുറ്റിനും നോക്കി… എല്ലാവരുടെയും മുഖം സന്തോഷത്താൽ വിവർണ്ണം ആയിരിക്കുന്നത് കണ്ട് അവൾ മെല്ലെ അവനെ നോക്കി….. പുഞ്ചിരിതൂകി തന്നെ nനോക്കിനിൽക്കുന്ന തന്റെ താലിയുടെ അവകാശി തന്റെ പ്രിയപ്പെട്ടവൻ ആണെന്നറിഞ്ഞതും ഒരു നിമിഷം ആ ഹൃദയം നിലച്ചു……

കഴുത്തിലെ താലിയിലേക്കും അവന്റെ മുഖത്തേക്കും വിശ്വാസം വരാതെ മാറി മാറി അവൾ നോക്കി… ആാാ കണ്ണുകൾ നിറഞ്ഞൊഴുകി……………………. ഹേയ്, കരയാതെടോ….. ഒന്നുല്ലേലും താൻ ഇനിമുതൽ ദേവികാരുദ്രപ്രതാപ് അല്ലെ… കണ്ണിറുക്കികൊണ്ട് അവൻ കാതോരം പറഞ്ഞ വാക്കുകൾ ഒരിക്കൽ കൂടി അവളുടെ ചുണ്ടുകൾ മന്ത്രിച്ചു… ദേവികാരുദ്രപ്രതാപ്… !!!…(തുടരും ) ഇഷ്ടം നിരഞ്ജന RN നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ആദിശൈലം: ഭാഗം 63

Share this story