ഭാര്യ: ഭാഗം 12

Share with your friends

Angel Kollam

ഹരീഷിന്റെ പിന്നാലെ ദീപ്തിയും അവിടെ നിന്ന് പോയതും ഗീത സങ്കടത്തോടെ ഭർത്താവിന്റെ നേർക്ക് നോക്കിയിട്ട് ചോദിച്ചു. “എന്തായിരിക്കും ഹരിക്കുട്ടൻ എതിർപ്പ് പ്രകടിപ്പിച്ചത്?” “ഒരു കാരണവുമില്ലാതെ അവനങ്ങനെ പറയുമെന്ന് തോന്നുന്നില്ല ഗീതേ.. എന്തായാലും ഇപ്പോൾ ഈ വിഷയം ഇവിടെ വിട്ടേക്ക്.. നാളെ അവനോട് നമുക്ക് ചോദിക്കാം ” ഗിരീഷ് അവരോടും രണ്ടു പേരോടുമായി പറഞ്ഞു.. “ഗായത്രിയുമായുള്ള വിവാഹത്തിനോട് എനിക്കും വല്യ താല്പര്യമൊന്നുമില്ലമ്മേ.. ഇതിപ്പോൾ ഹരിയേട്ടൻ എതിർപ്പ് പ്രകടിപ്പിച്ചത് നന്നായെന്നാണ് എനിക്ക് തോന്നുന്നത്?” “അതെന്താ മോനെ നീയങ്ങനെ പറഞ്ഞത്? നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ? ” “എന്റെ മനസ്സിൽ ഇതുവരെ ആരുമില്ല.

പക്ഷേ ഏട്ടനും അനിയനും ഒരേ വീട്ടിലെ പെൺകുട്ടികളെ വിവാഹം ചെയ്യുന്നതിനോട് എനിക്ക് താല്പര്യമില്ല.. എന്തൊക്കെ പറഞ്ഞാലും തുടക്കത്തിലെ ഒത്തൊരുമ പിന്നീടുള്ള വർഷങ്ങളിൽ നഷ്ടപെട്ടേക്കാം.. ചേച്ചിയും അനിയത്തിയും ആയത്കൊണ്ട് അവർ പരസ്പരം ക്ഷമിച്ചും പൊറുത്തും കഴിയുമെന്ന് കരുതിയാണ് ഇതുപോലുള്ള പല വിവാഹങ്ങളും നടക്കുന്നത്.. പക്ഷേ.. അതൊക്കെ ചിലപ്പോൾ അബദ്ധമായി മാറിയേക്കാം ” “ഹേയ്.. ദീപ്തിയ്ക്കും ഗായത്രിയ്ക്കും പരസ്പരം നല്ല സ്നേഹമാണ്.. അവർ തമ്മിൽ ഭാവിയിലായാലും പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല ” “എന്തായാലും ഏട്ടൻ എതിരഭിപ്രായം പറഞ്ഞ സ്ഥിതിയ്ക്ക് ഈ വിഷയത്തേക്കുറിച്ച് ഇനി സംസാരിക്കണ്ട ” ദീപ്തി തന്റെ സങ്കടം നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് ഹരീഷിന്റെ മുൻപിൽ നിന്നു..

തന്നോടുള്ള ദേഷ്യത്തിന്റെ പുറത്താണ് ഗായത്രിയുടെ കാര്യം സംസാരിച്ചപ്പോൾ തന്നെ ഹരീഷ് എതിർപ്പ് പ്രകടിപ്പിച്ചത് എന്നായിരുന്നു അവളുടെ ചിന്ത.. തന്റെ വാശി കാരണം തന്റെ അനിയത്തിക്ക് ലഭിക്കാമായിരുന്ന ഒരു നല്ല ജീവിതം നഷ്ടപ്പെടുകയാണല്ലോ എന്ന വേദനയോടെ അവൾ ഹരീഷിനോട് ചോദിച്ചു.. “എന്നോടുള്ള ദേഷ്യം കൊണ്ടാണോ ഹരീഷും ഗായത്രിയും തമ്മിലുള്ള വിവാഹത്തിന് താല്പര്യമില്ലെന്ന് പറഞ്ഞത്?” ഹരീഷ് അവളുടെ മിഴികളിലേക്ക് നോക്കി.. പെയ്യാനായി വിതുമ്പി നിൽക്കുന്ന കാർമേഘങ്ങൾ അവളുടെ മിഴികളിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് അവന് തോന്നി… “എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല..

ഞാൻ അങ്ങനെ പറഞ്ഞതിന് വ്യക്തമായ ഒരു കാരണമുണ്ട് ” “എന്താ ആ കാരണം?” ദീപ്തിയുടെ ചോദ്യത്തിന് മറുപടിയായി അവനൊരു മറുചോദ്യമാണ് ചോദിച്ചത്. “നിങ്ങൾ ചേച്ചിയും അനിയത്തിയും നല്ല സുഹൃത്തുക്കളല്ലേ.. അപ്പോൾ അനിയത്തിയുടെ ജീവിതത്തിലെ എല്ലാക്കാര്യങ്ങളും തനിക്കറിയാമായിരിക്കുമല്ലോ?” അവന്റെ ആ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്നറിയാതെ ആലോചനയോടെ അവൾ നിന്നു.. “ഞാൻ ചോദിച്ചത് താൻ കേട്ടില്ലേ.. ഗായത്രിയുടെ ജീവിതത്തിലെ എല്ലാകാര്യങ്ങളും തനിക്കറിയാമോ എന്ന്?” ദീപ്തി പതർച്ചയോടെ മറുപടി പറഞ്ഞു. “നമ്മുടെ വിവാഹത്തിന് മുൻപ് വരെ ഞങ്ങൾ തമ്മിൽ എല്ലാകാര്യങ്ങളും പറയുമായിരുന്നു..

പക്ഷേ ഇവിടെ എത്തിയിട്ട് എന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അതൊക്കെ എന്റെ അമ്മയിൽ നിന്നും അനിയത്തിയിൽ നിന്നും മറച്ചു വയ്ക്കാൻ വേണ്ടി ഞാൻ മനഃപൂർവം അവരിൽ നിന്ന് അകലം പാലിച്ചതാണ്.. അതുകൊണ്ട് തന്നെ ഗായത്രിയുടെ ജീവിതത്തിലെ എല്ലാകാര്യങ്ങളും എനിക്കറിയാമെന്ന് ഉറപ്പ് പറയാൻ എനിക്ക് കഴിയില്ല ” “ഉം…” “എന്താ ഹരിയേട്ടൻ അങ്ങനെ ചോദിച്ചത്? ഞാൻ അറിയാത്ത എന്തെങ്കിലും രഹസ്യമുണ്ടോ അവളുടെ ജീവിതത്തിൽ?” “തന്റെ അനിയത്തിയ്ക്കൊരു പ്രണയമുണ്ട് ” അവന്റെ വാക്കുകൾ കേട്ടപ്പോൾ ഞെട്ടലോടെ അവൾ ചോദിച്ചു.

“അത്‌ ഹരിയേട്ടനെങ്ങനെ അറിയാം? ഗായത്രി ഏട്ടനോട് പറഞ്ഞോ?” “നിന്നോട് പോലും പറയാത്ത ഒരു രഹസ്യം എന്നോട് തുറന്ന് പറയാനും മാത്രമുള്ള അടുപ്പമൊന്നും ഞാനും ഗായത്രിയും തമ്മിലില്ലല്ലോ?” “പിന്നെ… ഹരിയേട്ടനെങ്ങനെയാണ് അറിഞ്ഞത്?” “ഒരിക്കൽ ഞാൻ കോഫിഡേയിൽ പോയപ്പോൾ അവിടെ വച്ച് ഗായത്രിയെയും ഒരു പയ്യനെയും കണ്ടു.. ആദ്യം അവർ ഫ്രണ്ട്‌സ് ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്.. പക്ഷേ അവരുടെ രണ്ടുപേരുടെയും ശരീരഭാഷയും സംസാരരീതിയും എല്ലാം ശ്രദ്ധിച്ചപ്പോൾ അവർ പ്രണയത്തിലാണെന്ന് എനിക്ക് മനസിലായി..

എന്തായാലും ഗായത്രി എന്നെ കാണുന്നതിന് മുൻപ് തന്നെ ഞാൻ കോഫീഡേയിൽ നിന്നും ഇറങ്ങി.. എന്തായാലും അവൾ എന്റെയും കൂടി അനിയത്തിയല്ലേ.. അതുകൊണ്ട് ആ പയ്യനെപ്പറ്റി കൂടുതൽ ഡീറ്റെയിൽസ് ആയിട്ട് അന്വേഷിക്കാമെന്ന് കരുതി.. കോളേജിൽ പുതിയതായി ജോയിൻ ചെയ്ത ലെക്ചറർ ആണ് ആ പയ്യൻ.. പേര് ജീവൻ.. ഞാൻ അയാളെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തു.. അയാൾക്ക് ചുമ്മാ ടൈംപാസ്സ്‌ ആയിട്ടാണോ ഈ പ്രണയമെന്ന് അറിയണമല്ലോ…. ഗായത്രിയുടെ ഫൈനൽ ഇയർ എക്സാം കഴിഞ്ഞതിന് ശേഷം വീട്ടുകാരെയും കൂട്ടി വന്നിട്ട് തന്റെ അമ്മയോട് സംസാരിക്കണമെന്നാണ് അവന്റെ പ്ലാൻ..

എന്ന് അവനെന്നോട് പറഞ്ഞിരുന്നു ” ദീപ്തിയ്ക്ക് തെല്ലൊരാശ്വാസം തോന്നി. ഗായത്രിയ്ക്ക് ഒരു പ്രണയമുണ്ടെന്ന് പറഞ്ഞപ്പോൾ അവളെന്തെങ്കിലും അബദ്ധത്തിൽ ചെന്ന് ചാടിയോ എന്നായിരുന്നു തന്റെ ഭയം.. ഇതിപ്പോൾ ആത്മാർത്ഥതയുള്ള ചെറുപ്പക്കാരനെയാണല്ലോ തന്റെ അനിയത്തി കണ്ടെത്തിയിരിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ഒരാശ്വാസം… അതോടൊപ്പം ഒരു നിമിഷമെങ്കിലും ഹരീഷിനെ തെറ്റിദ്ധരിച്ചതിൽ സങ്കടവും തോന്നി.. സ്നേഹത്തോടെ അവന്റെ നേർക്ക് നോക്കിയിട്ട് അവൾ പറഞ്ഞു.. “താങ്ക്സ്.. ഇപ്പോളാണ് സമാധാനമായത്” “ഉം..” നേർത്ത ഒരു മൂളലായിരുന്നു അവന്റെ മറുപടി..

പിന്നെ എന്തോ ആലോചിച്ചത് പോലെ ദീപ്തിയോട് പറഞ്ഞു. “താനിതിപ്പോൾ ഗായത്രിയോട് ചോദിക്കാനൊന്നും പോകണ്ട.. അവൾക്ക് തന്നോട് എപ്പോളെങ്കിലും തുറന്ന് പറയാൻ മനസ്സുള്ളപ്പോൾ പറയട്ടെ ” “ഞാൻ ചോദിക്കില്ല ” പിന്നെ കുറച്ച് സമയത്തേക്ക് കനത്ത നിശബ്ദതയായിരുന്നു.. അവൾ എന്തെങ്കിലും സംസാരിക്കുമെന്ന് പ്രതീക്ഷയോടെ നോക്കിയിരുന്നിട്ട് അവൾ നിശബ്ദയായിരിക്കുന്നത് കണ്ടപ്പോൾ ഒടുവിൽ അവൾക്ക് എതിരെയായി അവൻ കിടന്നു.. ദീപ്തിയുടെ മനസിലുള്ള പിണക്കങ്ങളും പരിഭവങ്ങളുമെല്ലാം മഞ്ഞുപോലെ ഉരുകി ഒലിക്കുന്നുണ്ടായിരുന്നു..

പക്ഷേ അവനോട് അത്‌ പ്രകടിപ്പിക്കാൻ അവൾക്ക് പ്രയാസം തോന്നി… ഹരീഷ് ഉറങ്ങിയെന്നു ഉറപ്പായതും ദീപ്തി അവനോട് ചേർന്ന് കിടന്നു.. തന്റെ വലതുകരം കൊണ്ട് അവനെ തന്നോട് ചേർത്ത് പിടിച്ചു.. ഉറക്കത്തിലെപ്പോളോ തന്നെ ചുറ്റിപിടിച്ചിരിക്കുന്ന അവളുടെ കയ്യുടെ ചൂട് അവൻ തിരിച്ചറിഞ്ഞു.. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. രാവിലെ ദീപ്തി അടുക്കളയിലെത്തിയപ്പോൾ ഗീതയോട് കാര്യങ്ങളെല്ലാം പറഞ്ഞു.. ഗീത ആശ്വാസത്തോടെ പുഞ്ചിരിച്ചു.. “ഇപ്പോളാണ് സമാധാനമായത്.. ഹരിക്കുട്ടൻ എന്താ അങ്ങനെയൊക്കെ സംസാരിച്ചതെന്നോർത്തിരിക്കുകയായിരുന്നു ഞാൻ…”

അവർ പിന്നെയും പല കാര്യങ്ങളും സംസാരിച്ചു കൊണ്ട് പ്രഭാതഭക്ഷണം ഉണ്ടാക്കി.. അന്ന് ഹരീഷ് ഓഫീസിൽ പോകുമ്പോൾ ദീപ്തി ഹാളിൽ തന്നെ ഉണ്ടായിരുന്നു.. അവളുടെ നേർക്ക് നോക്കി മുഖം കൊണ്ട് യാത്ര പറഞ്ഞിട്ടാണ് അവൻ ഇറങ്ങിപ്പോയത്.. ഗീതയും രാമചന്ദ്രനും അത്‌ ശ്രദ്ധിച്ചു.. അവർ പരസ്പരം നോക്കി അർത്ഥഗർഭമായി ചിരിച്ചു.. എല്ലാവരും ഓഫീസിൽ പോയപ്പോൾ ഗീത ദീപ്തിയോട് ചോദിച്ചു.. “മോളെ കുടുംബക്ഷേത്രത്തിൽ വച്ചുള്ള നിങ്ങളുടെ വിവാഹം ഈ ഞായറാഴ്ച അങ്ങ് നടത്തിയാലോ?” നാണത്തോടെയുള്ള പുഞ്ചിരിയായിരുന്നു അവളുടെ മറുപടി.

വൈകുന്നേരം ഗീത തന്റെ ഭർത്താവിനോട് ഞായറാഴ്ചത്തെ കാര്യത്തെപ്പറ്റി സംസാരിച്ചു… രാമചന്ദ്രനും അക്കാര്യത്തിൽ എതിരഭിപ്രായം ഒന്നുമുണ്ടായിരുന്നില്ല.. അന്ന് രാത്രിയിലും തന്നെ ചുറ്റിപിടിച്ച കൈകൾ ഹരീഷ് അറിഞ്ഞു.. ഞായറാഴ്ച… അന്നായിരുന്നു പൂനെയിലെ ഒരു ക്ഷേത്രത്തിൽ വച്ച് അഭയുടെയും കാർത്തികയുടെയും വിവാഹം.. വളരെ കുറച്ച് ആളുകൾ മാത്രം പങ്കെടുത്ത ലളിതമായ ഒരു ചടങ്ങായിരുന്നു അത്‌… ഏറെ സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ കാർത്തിക അഭയുടെ ഭാര്യയായി.. കുടുംബക്ഷേത്രത്തിൽ പരദൈവങ്ങളുടെ മുന്നിൽ വച്ച് ഹരീഷ് ദീപ്തിയുടെ നിറുകയിൽ ഒരിക്കൽക്കൂടി സിന്ദൂരം ചാർത്തി..

ആൽമരത്തിന്റെ തണലിൽ നിൽകുമ്പോൾ ദീപ്തിയുടെ മിഴികൾ എന്തിനെന്നറിയാതെ നിറഞ്ഞൊഴുകി.. ഹരീഷ് വലത് കരമുയർത്തി അവളുടെ മിഴിനീർ തുടച്ചതും അവൾ ഒരു തേങ്ങലോടെ അവന്റെ നെഞ്ചിലേക്ക് വീണു.. അവൻ അവളെ തന്നിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചു.. ശീതളിനെ പെണ്ണ് കാണാൻ വേണ്ടി പയ്യൻ വരുന്ന ദിവസമായിരുന്നു അന്ന്.. ആ ഒരു ചടങ്ങിന് ധരിക്കാൻ വേണ്ടി അവൾ രാവിലെ മുതൽ പല വസ്ത്രങ്ങളും മാറി മാറി നോക്കിയെങ്കിലും ഒന്നിലും തൃപ്തി വന്നില്ല.. ഒടുവിൽ അത്ര സംതൃപ്തിയില്ലാതെ പീച്ച് കളറിലുള്ള ഒരു ലഹങ്കയാണ് അവൾ അണിഞ്ഞത്..

കിരണും അവന്റെ മാതാപിതാക്കളും കൂടിയാണ് പെണ്ണുകാണാൻ വന്നത്.. ട്രെയിൽ ചായയുമായി വന്നതിന് ശേഷം ശീതൾ അവനെ അടിമുടി നിരീക്ഷിച്ചു.. ഹരീഷിന്റെ അത്രയും സൗന്ദര്യമൊന്നുമില്ല.. എന്നാലും എപ്പോളും പ്രസന്നമായ മുഖമാണ് കിരണിന്റെ.. രണ്ടുപേർക്കും പരസ്പരം സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ കിരൺ വളച്ചുകെട്ടലുകളൊന്നും ഇല്ലാതെ പറഞ്ഞു.. “ശീതൾ, എനിക്ക് തന്നെ ഇഷ്ടപ്പെട്ടു.. എനിക്കങ്ങനെ പ്രത്യേകിച്ച് നിബന്ധനകൾ ഒന്നും തന്നെയില്ല.. ഞാൻ എന്റെ ലൈഫ് എൻജോയ് ചെയ്താണ് ജീവിക്കുന്നത്.. വിവാഹശേഷം എന്റെ ഒരു ശീലങ്ങൾക്കും മാറ്റം വരുത്താൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല..

ഒരു ഭാര്യ എന്നതിലുപരി എന്നെ പൂർണമായും മനസിലാക്കുന്ന നല്ലൊരു സുഹൃത്തിനെയാണ് എനിക്ക് വേണ്ടത്.. ശീതളിന് അതിന് സമ്മതമാണെങ്കിൽ നമുക്കിത് പ്രൊസീഡ് ചെയ്യാം ” “എനിക്ക് സമ്മതമാണ് ” “ഓക്കേ ശീതൾ.. സ്വന്തമായി തീരുമാനം എടുക്കാനുള്ള തന്റെ ഈ ആറ്റിട്യൂട് എനിക്കിഷ്ടപ്പെട്ടു.. അപ്പോൾ ബാക്കി കാര്യങ്ങളെല്ലാം നമ്മുടെ പേരെന്റ്സ് തീരുമാനിക്കട്ടെ അല്ലേ?” അങ്ങനെ ആ വിവാഹത്തിന്റെ കാര്യത്തിൽ അവിടെ തീരുമാനമായി.. ജാതകങ്ങൾ പരിശോധിപ്പിച്ചതിന് ശേഷം ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ അവരുടെ വിവാഹം നടത്താമെന്ന് തീരുമാനമായി..

യാത്ര പറഞ്ഞിറങ്ങുമ്പോൾ കിരൺ ശീതളിന്റെ നേർക്ക് നോക്കി ഹൃദ്യമായ ഒരു പുഞ്ചിരി സമ്മാനിച്ചു… കല്യാണം ഉറപ്പിച്ചതിന്റെ സന്തോഷമൊന്നും ശീതളിന്റെ മുഖത്തുണ്ടായിരുന്നില്ല.. ഇതായിരുന്നില്ല താൻ ആഗ്രഹിച്ചിരുന്ന ജീവിതമെന്ന് അവളുടെ മനസിലിരുന്ന് ആരോ പറയുന്നത് പോലെ തോന്നി.. കുടുംബക്ഷേത്രത്തിൽ നിന്നും തിരികെയെത്തിയതും ദീപ്തി തങ്ങളുടെ റൂമിലെത്തി ആഭരണങ്ങൾ ഒന്നൊന്നായി ഊരി മാറ്റിവയ്ക്കുകയായിരുന്നു.. ഹരീഷ് അവളുടെ പിന്നാലെയെത്തി അവൾ ശ്രദ്ധയോടെ ആഭരണങ്ങൾ അലമാരയിൽ തിരികെ വയ്ക്കുന്നത് വരെ ക്ഷമയോടെ കാത്തു നിന്നു..

മെല്ലെ അവളുടെ പിന്നാലെയെത്തി അവളുടെ കഴുത്തിന് പിന്നിൽ ചുംബിച്ചു.. ദീപ്തി ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു.. “അച്ഛനും അമ്മയും താഴെയുണ്ട് കേട്ടോ” “അവർ താഴെയല്ലേ.. എന്തായാലും ഇപ്പോൾ ഇങ്ങോട്ട് കയറിവരാനൊന്നും പോകുന്നില്ല ” “എന്നാലും…” “ഒരെന്നാലുമില്ല നീയെന്റെ ഭാര്യയല്ലേ.. പിന്നെന്താ?” തന്റെ നേർക്ക് നീണ്ടു വരുന്ന അവന്റെ കൈകൾ കണ്ടപ്പോൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് അവൾ തല ചേർത്തു.. ദീപ്തിയുടെ മുഖം പിടിച്ചുയർത്തി ആ നെറ്റിയിൽ സ്നേഹചുംബനം സമ്മാനിച്ചു കൊണ്ട് അവൻ അവളെ തന്നോട് കൂടുതൽ ചേർത്ത് നിർത്തി..

ഇതുവരെ തന്റെയുള്ളിൽ അടക്കി വച്ചിരുന്ന സ്നേഹം മഴ പോലെ അവളിലേയ്ക്ക് പെയ്തിറങ്ങുന്നത് അവനറിഞ്ഞു.. അവന്റെ നെഞ്ചിലെ ചൂടേറ്റ് തളർന്നുകിടക്കുമ്പോൾ ദീപ്തിയ്ക്ക് എന്തിനെന്നറിയാതെ വീണ്ടും കണ്ണ് നിറഞ്ഞു.. വൈകുന്നേരം ചായ ഉണ്ടാക്കാൻ വേണ്ടി അടുക്കളയിൽ എത്തിയപ്പോൾ ഗീതയുടെ മുഖത്തേക്ക് നോക്കാൻ ദീപ്തിയ്ക്ക് പ്രയാസം തോന്നി.. തന്റെ മരുമകളുടെ മുഖത്ത് മൊട്ടിട്ടിരിക്കുന്ന പുതിയ ഭാവം ശ്രദ്ധിച്ചപ്പോൾ ഗീതയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു….. ദീപ്തി ചായയുമായി റൂമിലെത്തിയപ്പോൾ ഹരീഷ് ഉണർന്നു കിടക്കുകയായിരുന്നു.

“ഏട്ടൻ എന്താ താഴെക്ക് വരാഞ്ഞത്?” “ചുമ്മാ ഒരു മടി.. നീ ഇങ്ങോട്ട് കയറി വരട്ടെന്ന് കരുതി ” അവൾ നീട്ടിയ ചായ വാങ്ങി മാറ്റി വച്ചിട്ട് അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു അവൻ.. “അഭ്യാസം കാണിക്കാതെ ചായ കുടിച്ചിട്ട് താഴെയ്ക്ക് വാ.. ഇല്ലെങ്കിൽ അമ്മയൊക്കെ എന്തെങ്കിലും കരുതും ” “നീ ഒന്ന് മിണ്ടാതിരിക്ക് പെണ്ണേ.. അമ്മയ്ക്ക് എല്ലാം മനസിലാകും.. അവരും ഈ പ്രായമൊക്കെ കടന്ന് വന്നതല്ലേ?” ദീപ്തി അവന്റെ കൈയുടെ പിടിത്തം ബലമായി വിടുവിച്ചു കൊണ്ട് പറഞ്ഞു.

“ഞാൻ താഴെയ്ക്ക് പോവാ.. ഏട്ടൻ ചായ കുടിച്ചിട്ട് കപ്പുമായി വന്നാൽ മതി..” അവൻ ചായ കപ്പെടുത്തിട്ട് ദീപ്തിയുടെ നേർക്ക് നോക്കിക്കൊണ്ട് പറഞ്ഞു.. “അല്ലെങ്കിലും നിങ്ങൾ ഭാര്യമാരെല്ലാം ഇങ്ങനെയാണ്.. ഒട്ടും റൊമാന്റിക് അല്ല ” “ആണോ.. സാരമില്ല കേട്ടോ ” അവന്റെ നേർക്ക് നോക്കി മുഖം കൊണ്ട് കോക്രി കാണിച്ചിട്ട് ദീപ്തി താഴെക്ക് പോയി.. ഹരീഷിന്റെ മുഖത്ത് പ്രണയത്തിന്റെ വേലിയേറ്റങ്ങൾ ഉണ്ടായി..

തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ഭാര്യ: ഭാഗം 11

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!