ജനനി: ഭാഗം 23

ജനനി: ഭാഗം 23

എഴുത്തുകാരി: അനില സനൽ അനുരാധ

“അതേയ് ആ ആരതി വന്നാൽ അധികം അടുപ്പം കാണിക്കാൻ നിൽക്കണ്ട… എന്റെ വായാടി ഇവിടെയുള്ളതാണ് ഏക സമാധാനം… ” വിനോദ് പറഞ്ഞു… “അതെന്താ അടുപ്പം കാട്ടിയാൽ… ” വാതിൽക്കൽ നിന്നും ഒരു സ്ത്രീ ശബ്ദം ഒഴുകി വന്നതും നീരവും വിനോദും തിരിഞ്ഞു നോക്കി… നീന വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു… “ഈ ഒളിഞ്ഞു നിന്നു കേൾക്കുന്ന സ്വഭാവത്തിനു ഒരു മാറ്റവും ഇല്ലല്ലേ? ” വിനോദ് തിരക്കി… “ചേച്ചി എപ്പോൾ വന്നു.. ” നീരവ് ചോദിച്ചു… “വന്നു കയറിയതേയുള്ളൂ…” “കെട്ട്യോൻ വന്നിട്ടുണ്ടോ?” വിനോദ് ചോദിച്ചു… “ഇല്ലെടാ… ഞാനും ആരതിയും അച്ഛന്റെ കൂടെ ഇങ്ങോട്ട് വന്നു…” “ഹ്മ്മ്… ഞാൻ പോവാൻ നോക്കുകയായിരുന്നു… ” “ഇന്നു പെണ്ണുകാണൽ ആയിരുന്നല്ലേ? ”

“ആഹ് !” “എന്നോട് നീ പറഞ്ഞതു കൂടിയില്ല… ” “അങ്ങനെ പറയാറായിട്ടൊന്നും ഇല്ല ചേച്ചി.. ” “ഹ്മ്മ്… കുഞ്ഞന്റെ കാര്യത്തിലും ഞങ്ങൾ കുറച്ചു തീരുമാനങ്ങൾ എടുത്തിട്ടുണ്ട്… ” നീന പറഞ്ഞു… “എന്ത് തീരുമാനം? ” നീരവ് പെട്ടെന്ന് തിരക്കി… “ആരതിയും നീയുമായിട്ടുള്ള കല്യാണം… ” “എനിക്ക് സമ്മതമല്ല…” “അച്ഛൻ വാക്ക് കൊടുത്തു…” “ആരോട് ചോദിച്ചിട്ട്… എനിക്ക് സമ്മതമല്ല… ” “എന്തിനാ ചേച്ചി അവനോട് ചോദിക്കാതെ ഓരോ തീരുമാനങ്ങൾ എടുക്കാൻ നിൽക്കുന്നത്… ” “ഏട്ടൻ മുൻപേ അച്ഛനോട് സൂചിപ്പിച്ചിരുന്ന കാര്യമല്ലേ? ” “എനിക്ക് താല്പര്യം ഇല്ല.. ഇനി ഉണ്ടാകുകയും ഇല്ല..” “നീ ഇവനെ ഒന്നു പറഞ്ഞ് മനസിലാക്കിപ്പിക്ക് വിനൂ.. ” “അവനെ പറഞ്ഞു മനസ്സിലാക്കിപ്പിക്കുന്നതിലും നല്ലത് ചേച്ചിയെ പറഞ്ഞു മനസ്സിലാക്കിപ്പിക്കുന്നതാണ്…

അതായത് അവനു സ്വന്തം അഭിപ്രായങ്ങളും ഇഷ്ടങ്ങളും ഉണ്ട് .. അതു കൊണ്ട് അവന്റെ മേൽ ഒന്നും അടിച്ചേൽപ്പിക്കാൻ നിൽക്കണ്ട.. നടക്കില്ല.. ഞാൻ ഇറങ്ങാൻ നോക്കട്ടെ… ” എന്നും പറഞ്ഞ് ബാഗ് എടുത്ത് വിനോദ് പോകാൻ തയ്യാറായി… കൂടെ നീരവും ഇറങ്ങി… അകത്തെ സോഫയിൽ ഇരുന്നിരുന്ന ആരതി അവരെ കണ്ട് എഴുന്നേറ്റു നിന്നു… അവനെ കണ്ടതിന്റെ സന്തോഷമൊന്നും അവളുടെ മുഖത്ത് ഇല്ലായിരുന്നു… ആർക്കോ വേണ്ടിയെന്ന പോലേ വിനോദിനെയും നീരവിനെയും നോക്കി പുഞ്ചിരിച്ചു… “ഹായ് ആരതി… സുഖമാണോ? ” വിനോദ് തിരക്കി.. മറുപടിയായി അവൾ തലയാട്ടി… പെണ്ണ് വിചാരിച്ച പോലെ അല്ലല്ലോ പെരുമാറുന്നത്… വിനോദിന്റെ കണ്ണുകൾ കുറുകി…

അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി… ഇരുണ്ട നിറം പടർന്ന അവളുടെ ക്ഷീണം നിറഞ്ഞ കൺതടങ്ങൾ…. അവളിൽ എന്തോ നിഗൂഢതകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് അവനു തോന്നി… വിനോദ് നീരവിന്റെ കയ്യും പിടിച്ച് മുന്നോട്ട് നടന്നു.. “നമ്മൾ വിചാരിച്ച അത്ര പ്രശ്നം ഇല്ലെന്ന് തോന്നുന്നു… ” വിനോദ് അടക്കിപ്പിടിച്ച ശബ്ദത്തോടെ പറഞ്ഞു… “അതിന് എപ്പോഴാ നമ്മൾ വിചാരിച്ചത്? ” നീരവ് തിരക്കി… “നിന്റെ ഈ ചൊറിഞ്ഞ സംസാരത്തിനു മാത്രം ഒരു കുറവും ഇല്ലല്ലേ കുഞ്ഞാ… ” “ഇല്ല…” “അഹങ്കാരം…” “ഈ അഹങ്കാരം ആണെടാ എന്റെ സൗന്ദര്യം… ” നീരവ് കുസൃതിയോടെ പറഞ്ഞു… “ഓഹ് ! അവന്റെ ഒരു ഓഞ്ഞ സൗന്ദര്യം… കണ്ടേച്ചാലും മതി… ” അച്ഛനും അമ്മയും ഇറങ്ങി വന്നപ്പോൾ എല്ലാവരോടും വിനോദ് എല്ലാവരോടും യാത്ര പറഞ്ഞു…

വിന്ദുജയുടെ തോളിൽ പതിയെ തട്ടിയ ശേഷം നീരവിനെ പുണർന്നു… “കുഞ്ഞാ… ” അവൻ വിളിച്ചു… നീരവ് അവനെ ഒന്നു കൂടെ മുറുക്കി പുണർന്നു… “എല്ലാം സെറ്റിൽ ചെയ്തിട്ട് വേഗം വാ… ” എന്നു പറഞ്ഞ ശേഷം അവന്റെ കൈകൾ അയഞ്ഞു… “ഇതെന്തു പിടുത്തം ആണെടാ ദ്രോഹി! എന്റെ എല്ല് എല്ലാം പൊടിഞ്ഞു പോയോ എന്തോ… ഈശ്വരാ… പാവം ആ പെൺകൊച്ച്… ” മുകളിലേക്കു നോക്കി കൊണ്ട് വിനോദ് പിറു പിറുത്തു… *** ആര്യനും കൂടി പോയപ്പോൾ വീട്ടിൽ നിശബ്ദത നിറയുന്നത് ജനനി തിരിച്ചറിയുന്നുണ്ടായിരുന്നു… ജനനി വിഷ്ണുവിന്റെ അരികിൽ ഇരുന്നു… താനും അഞ്ജലിയും ജോലിക്ക് പോകുമ്പോൾ ഏട്ടൻ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ തീവ്രത എത്രത്തോളം ഉണ്ടായിരിക്കും…

ഏട്ടനു വേണ്ടി ചെലവഴിക്കാൻ തന്റെ കയ്യിലെ സമയം പരിമിതമാണെന്ന് അവൾ വേദനയോടെ ഓർത്തു… “ജാനി… എന്തുപറ്റി? ” അവൾ ആലോചനയോടെ ഇരിക്കുന്നത് കണ്ട് വിഷ്ണു തിരക്കി… അവൾ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി… ഏട്ടന്റെ മുഖം പ്രസന്നമായിരുന്നു… കണ്ണുകളിലെ വിഷാദം എവിടെയോ പോയി മറഞ്ഞിരിക്കുന്നു… അവൾ പുഞ്ചിരിച്ചു… “വരുണിന്റെ വീട്ടുകാർ വന്നത് ഓർത്തിട്ടാണോ മോളെ? ” “ഏയ്‌ ! അല്ല ഏട്ടാ… എല്ലാവരും പോയപ്പോൾ ഇവിടെ എന്തോ ആകെ നിശബ്ദമായതു പോലെ… മുൻപ് ചിലപ്പോൾ അഞ്ജു ഇല്ലാതെ ഞാൻ ഇവിടെ നിന്നിട്ടുണ്ട്… അന്നൊന്നും തോന്നാത്ത നിശബ്ദത പോലെ… ഞങ്ങൾ ജോലിക്ക് പോകുമ്പോൾ ഏട്ടൻ ഇവിടെ തനിച്ചല്ലേ… ഒറ്റപ്പെടൽ അല്ലേ എന്നോർത്ത് ഇരുന്ന് പോയതാണ്… ”

“ഇവിടെ വന്നതിനു ശേഷം എനിക്ക് ഒറ്റപ്പെടൽ തോന്നിയിട്ടില്ല ജാനി… നിനക്കു വേണ്ടിയുള്ള കാത്തിരിപ്പിൽ മണിക്കൂറുകൾ എത്ര പെട്ടെന്നാണെന്നോ കടന്നു പോകുന്നത്… ഞാൻ സ്വപ്‌നങ്ങൾ കാണാൻ തുടങ്ങിയിരിക്കുന്നു ജാനി…. ഇവിടെ നിന്നും ആരോഗ്യത്തോടെ എനിക്ക് പുറം ലോകത്തേക്ക് കടക്കണം… ജോലി നേടണം … വീട്‌ വെക്കണം… നിന്റെ വിവാഹം.. ഭർത്താവും കുഞ്ഞുങ്ങളും ഒത്തുള്ള നിന്റെ ജീവിതം… നീ മറ്റൊരാളുടെ സ്വന്തമായി മാറുമ്പോൾ നമ്മുടെ വീട്ടിലെ അതിഥിയായി തീരുന്നതും… അന്നും നിന്റെ വരവിനായി ഞാനും നമ്മുടെ വീടും കാത്തിരിക്കുന്നതും … അങ്ങനെ അങ്ങനെ ഒരുപാട് ചിന്തകളിലൂടെ എന്റെ മനസ്സ് അനുദിനം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു ജാനി… ”

“ഏട്ടനെന്നോട് ഒരിക്കലും വെറുപ്പ് തോന്നിയിട്ടില്ലേ? ” “നിന്നെ ഞാൻ എങ്ങനെ വെറുക്കും… നീ എന്റെ ജാനി അല്ലേ… എന്റെ അനിയത്തി… നമ്മൾ തമ്മിലുള്ള രൂപ സാദൃശ്യം പോലും എന്നെ സന്തോഷിപ്പിക്കുന്നുണ്ട്… ” ജനനി മനസ്സ് തുറന്ന് പുഞ്ചിരിച്ചു… “നിൻ ചൊടിയില്‍ വിടരും ചിരിയിൽ നിറയുന്നു എൻ ഉള്ളം… നീ പകരും സ്നേഹമഴയിൽ നിറയുന്നു എൻ ഉള്ളം…” വിഷ്ണു ചൊല്ലിയതും അവളുടെ കണ്ണുകൾ വിടർന്നു… “ഏട്ടൻ പാടുമോ? ” “പാടണോ?” “ആഹ് ! വേണം… ” അവൾ ഉത്സാഹത്തോടെ പറഞ്ഞു… “ഇനി തമ്മിൽ പിരിയും നേരം യാത്ര പറയുവതെന്തിനു നാം… ഇനിയീ പാതയോരം തേടി അലയുവതെന്തിനു നാം… ഒന്നും മൊഴിയാതെ മിഴികൾ നിറയുമ്പോൾ മൗനം ഒരു കടലായ്… മിഴിനീർ ഒരു മഴയായ്… നീയും ഞാനും അകലേ… അകലേ… പറയാൻ മറന്നൊരു കഥപോൽ വിരഹം നിറയേ…

കേൾക്കാൻ മറന്നൊരു ഇശലായ് പ്രണയം പൊഴിയേ… നീ എവിടെ… അകലേ… ഞാൻ തനിയെ… ഇവിടെ…. ” പാടി നിർത്തുമ്പോൾ അറിയാതെ അവന്റെ ശബ്ദം ഇടറി പോയിരുന്നു… അതു കാൺകെ ജനനിയുടെ കണ്ണുകൾ കൂർത്തു… അവളുടെ വീർപ്പിച്ചു പിടിച്ച കവിളുകൾ അവനിൽ പുഞ്ചിരി വിടർത്തി… അവൾ അറിയാതെ അവളിലെ കുട്ടിത്തം പുറത്തേക്ക് വരുന്നുണ്ടായിരുന്നു… പുരികം ഉയർത്തി കൊണ്ട് അവൻ എന്താണെന്ന് തിരക്കി… അവൾ ചുണ്ടുകൾ പിളർത്തി… “ഇവിടെ തനിയെ ആണല്ലേ.. അപ്പോൾ ഞാൻ എന്താ ആവിയായിപ്പോയോ? ” അവൻ ചിരിയോടെ അവളെപ്പിടിച്ചു നെഞ്ചോടു ചേർത്തു… അതിനു ശേഷം പുറത്തു പതിയെ രണ്ടു അടി കൊടുത്തു…

അവൾക്ക് അവന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്താൻ ചമ്മൽ തോന്നി… അതൊരു പാട്ടായിരുന്നില്ലേ… അതിന് ഇങ്ങനെ ചോദിക്കേണ്ട കാര്യം ഉണ്ടായിരുന്നോ… ഇനി അത് വെറും പാട്ട് തന്നെയാണോ? അവൾ അവന്റെ നെഞ്ചിൽ നിന്നും പതിയെ മുഖം ഉയർത്തി… “ആരെ ഓർത്തു പാടിയതാ? ” “അങ്ങനെ പ്രത്യേകിച്ച് ആരെയും ഓർത്തില്ല…” അവൾ അവനിൽ നിന്നും വേർപ്പെട്ട് ചമ്രം പടിഞ്ഞിരുന്നു… “ഹ്മ്മ്? ” വിഷ്ണു തിരക്കി… “ഒരു പ്രേമം മണക്കുന്നുണ്ട്…” “ഒരു കരിഞ്ഞ മണം അല്ലേ? ” “അല്ല ഒരു പ്രണയത്തിന്റെ സുഗന്ധം… “എങ്ങനെ വരാതെ ഇരിക്കും.. ” വിഷ്ണു ചിരിച്ചു… “സത്യമല്ലേ? ” “ഇവിടെ പല പ്രണയവും പൂത്തു തളിർക്കുന്നുണ്ടല്ലോ… രാവിലെ നീയും കണ്ടതല്ലേ…” “ഞാൻ എന്തു കണ്ടെന്ന്? ”

“നമ്മുടെ അഞ്ജുവും വിനുവും..” “ഹ്മ്മ്…” “എന്റെ പ്രണയത്തിനു സുഗന്ധമില്ല ജാനി… കണ്ണുനീരിന്റെ നനവ് മാത്രം… ചുവന്ന പ്രണയ പുഷ്പങ്ങൾ ഉണ്ടാകില്ല… പകരം വാടി കരിഞ്ഞു പോയ സ്വപ്‌നങ്ങളുടെ കറുപ്പ് മാത്രം… എന്റെ വലതു കാൽ പാദത്തിനോടൊപ്പം നഷ്ടപ്പെട്ടതാണ് എന്റെ പ്രണയവും… ” ജനനിയുടെ മുഖം വാടി… “എല്ലാം കഴിഞ്ഞു പോയതാണ്… അവളുടെ കല്യാണം കഴിഞ്ഞു… അതിലെ തമാശ എന്താണെന്നു വെച്ചാൽ എന്റെ കൂട്ടുകാരനെ തന്നെയാണ് അവൾ വിവാഹം കഴിച്ചത്… ” ജനനി അവനെ മിഴിച്ചു നോക്കി… “അവനുമായി വഴക്കിട്ടതിനാണ് ആര്യനെ ഒരിക്കൽ പോലീസ് പിടിച്ചത്… ഉണ്ടായിരുന്ന നല്ലൊരു ജോലി പോയി കിട്ടുകയും ചെയ്തു …”

“ഈ പോലീസ് കേസും പ്രശ്നങ്ങളും എപ്പോഴും ഉണ്ടോ?” “ഇടയ്ക്ക്… ദേഷ്യം കൂടുതലാണ്…” “എവിടുന്നാ ഇപ്പോൾ അതിനു മാത്രം ദേഷ്യം?” “അവൻ പറയുന്നത് വളർന്നു വലുതാകുമ്പോൾ ദേഷ്യം കാരണം പിടിച്ചാൽ കിട്ടില്ല എന്ന തോന്നലിൽ ആകും ജന്മം കൊടുത്തവർ ഉപേക്ഷിച്ചിട്ടുണ്ടാകുക എന്ന്…” “മനസ്സിലായില്ല… അപ്പോൾ അച്ഛനും അമ്മയും എവിടെ? ” “അറിയില്ല… ആർക്കും അറിയില്ല… ” “മനസ്സിലാകുന്ന പോലെ ഒന്നു പറഞ്ഞുതാ ഏട്ടാ… ഏട്ടന്റെ വെല്ല്യമ്മയുടെ മോൻ അല്ലേ?” “എന്റെ വെല്ല്യമ്മ പ്രസവിച്ചിട്ടില്ല… അവനെ ഒരു അനാഥാലയത്തില്‍ നിന്നും ദത്തെടുത്തതാണ്… ” ജനനിയുടെ നെറ്റി ചുളിഞ്ഞു… “അവനും അറിയാം… എല്ലാം അറിഞ്ഞു തന്നെയാ അവൻ വളർന്നത്…

രക്തബന്ധമുള്ള എന്നേക്കാൾ കാര്യമാണ് വെല്ല്യമ്മയ്ക്ക് അവനെ… അല്ലെങ്കിൽ എന്നെ അവിടെ നിന്നും ഇറക്കാൻ കൂട്ട് നിൽക്കില്ലല്ലോ… ഇറക്കി വിട്ടത് ഒരു കണക്കിന് നന്നായല്ലേ… അതു കൊണ്ടല്ലേ നമ്മൾ ഇപ്പോൾ ഒരു വീട്ടിൽ… അല്ലെങ്കിൽ പരസ്പരം അറിയാതെ പോയേനെ നമ്മൾ… ജനനി പുഞ്ചിരിച്ചു… പക്ഷേ അതിൽ പ്രകാശം ഇല്ലായിരുന്നു… “എന്തിനാകും അവർ കുഞ്ഞിനെ ഉപേക്ഷിച്ചു കളഞ്ഞത്? ” ചോദ്യത്തോടൊപ്പം അവളിൽ വാത്സല്ല്യം നിറഞ്ഞു… “അറിയില്ല ജാനി… മനുഷ്യൻ പലപ്പോഴും സ്വാർത്ഥരാണ്… സ്വാർത്ഥതയ്ക്കു വേണ്ടി സ്വന്തം സുഖത്തിനു വേണ്ടി അറിഞ്ഞോ അറിയാതെയോ പലതും ത്യജിക്കും… എന്റെ അമ്മ സുന്ദരിയായിരുന്നു.. പൂർണ്ണ ആരോഗ്യമുള്ള ഒരു മകനു തന്നെയാണ് എന്റെ അമ്മ ജന്മം നൽകിയത്…

എന്നിട്ടും അച്ഛൻ… ” ജനനിയ്ക്ക് സങ്കടം തോന്നി… ആത്മാർത്ഥത ഇല്ലാത്ത യാതൊരു ഉറപ്പും ഇല്ലാത്ത ബന്ധങ്ങൾ… “നമ്മളും അങ്ങനെ അകന്നു പോകുമോ? ” വിഷ്ണു തിരക്കി… “നമ്മൾ അകന്നു പോകണമെങ്കിൽ രണ്ടു പേർ വിചാരിക്കണം…” “ആരൊക്കെ? ” “ഒന്നു ഞാൻ… പിന്നെ വിഷ്ണുവേട്ടനും… നമ്മുടെ സമ്മതം ഇല്ലാതെ നമ്മളെ പിരിക്കാൻ ഒരു ശക്തിയ്ക്ക് മാത്രമേ കഴിയൂ… ഈശ്വരന്… അതും മരണത്തിലൂടെ മാത്രം… ” “ഈ സന്ധ്യാ നേരത്ത് മരണത്തെക്കുറിച്ച് പറയാതെ…” വിഷ്ണു അവളുടെ വായപൊത്തിപ്പിടിച്ചു… അവൾ അവന്റെ കൈ വെള്ളയിൽ പതിയെ കടിച്ചതും അവൻ കൈകൾ പിൻവലിച്ചു… “കുറുമ്പി… ” അവൻ വിളിച്ചു… അവൾ കണ്ണു ചിമ്മിക്കാട്ടി കൊണ്ട് പുഞ്ചിരിച്ചു…. ***

“ഞാൻ ചേട്ടായിയോട് പിണക്കമാണ്… ” അഞ്ജലിയുടെ പരിഭവം നിറഞ്ഞ സ്വരം കേട്ടതും വിനോദ് ഉറക്കെച്ചിരിച്ചു… “പിണക്കം എപ്പോൾ തീരും… ” “അറിയില്ല… ” “പിന്നെ എന്തിനാ കല്യാണത്തിന് സമ്മതം ആണെന്ന് അവിടെ നിന്നും അച്ഛൻ വിളിച്ചു പറഞ്ഞത്? ” “ഞാൻ അച്ഛനു ഫോൺ കൊടുക്കാം… അച്ഛൻ പറഞ്ഞു തരും…” “വേണ്ട… എന്റെ അഞ്ജുമോൾ പറഞ്ഞാൽ മതി… ” “എന്റെ വിധി… ” അവൾ ചിരിയോടെ പറഞ്ഞു… “പിണക്കം തീർന്നല്ലേ? ” “ഇല്ല… ” “വേറെ ഒരു പ്രണയം കൂടെ തളിർത്തു വരുന്നുണ്ട്… അതു വല്ലതും അറിഞ്ഞിരുന്നോ? ” “ഇല്ല… ” “നിന്റെ കുഞ്ഞേട്ടന് ഒരു പ്രണയം… ” “ഓഹ് ! ആരതിയോടാകും… ” “അല്ല… ആളെ നീ അറിയും… ” “ഓഹ് ! ചേട്ടായിയുടെ അനിയത്തിയോടാകും അല്ലേ.. മുറപ്പെണ്ണല്ലേ? ” “പ്ഫാ… ” അവൻ ഫോണിലൂടെ ഒരു ആട്ട് കൊടുത്തതും അവൾ കണ്ണുകൾ ഇറുക്കിപ്പിടിച്ച ശേഷം ഫോൺ നീക്കിപ്പിടിച്ചു… “ഹലോ… ” ………

“ഹലോ… ” വിനോദിന്റെ ശബ്ദം വീണ്ടും കേട്ടതും അവൾ ഫോൺ കാതോടു ചേർത്തു… ………. “അഞ്ജു… ” “ആഹ് ! ചേട്ടായി പറഞ്ഞോ ഞാൻ ഇവിടെയുണ്ട്… ” “നിനക്ക് ആളെ മനസ്സിലായോ? ” “ഇല്ല .. ഇനി ചേട്ടായി പറഞ്ഞാൽ മതി… ” “നമ്മുടെ ജാനിയോട്… ” “ജാനിയോടോ… ദുഷ്ടത്തി എന്നോട് പറഞ്ഞില്ല.. ഞാൻ അവളെ ഒന്നു വിളിക്കട്ടെ ചേട്ടായി .. പിന്നെ വിളിക്കാം… ” “തിരക്ക് കൂട്ടാതെ ഞാൻ പറയുന്നത് സമാധാനത്തോടെ ഒന്നു കേൾക്കൂ… അവനു അങ്ങോട്ടാണ് പ്രണയം… അവൾക്ക് ഉണ്ടോ എന്ന് അറിയില്ല… ” “അയ്യേ! വണ്‍വേ ആണല്ലേ?” “ഹ്മ്മ്…” “അവൾ അങ്ങനെ ഒന്നും വീഴില്ല ചേട്ടായി… ” “അവൻ വീഴ്ത്തിക്കോളും… ” “അവൾ നടന്നു പോകുന്ന വഴി ഒരു പഴത്തൊലി ഇട്ടു കൊടുത്താൽ വേഗം വീണോളും…

അല്ലാതെ ആണേൽ കുറച്ചു കഷ്ടപ്പെടും…” “അവൻ കഷ്ടപ്പെട്ടോളും.. നമ്മൾ ഒക്കെ അവന്റെ കൂടെ കട്ടയ്ക്ക് നിന്നാൽ മതി… ” “അതു ഞാൻ ഏറ്റു…” അവൾ ചിരിയോടെ പറഞ്ഞു… *** ഭക്ഷണശേഷം ബാൽക്കണിയിൽ വന്നിരിക്കുകയായിരുന്നു നീരവ്… വിനുവിനെ നന്നായി മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു… ആരുടെയോ കാൽപെരുമാറ്റം പോലെ തോന്നിയപ്പോൾ അവൻ തിരിഞ്ഞു നോക്കി… ആരതിയായിരുന്നു… അവൻ മുഖം തിരിച്ചു……

തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ജനനി: ഭാഗം 22

Share this story