ജനനി: ഭാഗം 24

Share with your friends

എഴുത്തുകാരി: അനില സനൽ അനുരാധ

ഭക്ഷണശേഷം ബാൽക്കണിയിൽ വന്നിരിക്കുകയായിരുന്നു നീരവ്… വിനുവിനെ നന്നായി മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു… ആരുടെയോ കാൽപ്പെരുമാറ്റം പോലെ തോന്നിയപ്പോൾ അവൻ തിരിഞ്ഞു നോക്കി… ആരതിയായിരുന്നു… അവൻ മുഖം തിരിച്ചു… “എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു…” “ആഹാ ! നമുക്ക് സംസാരിച്ച് ഇരിക്കാമെന്നേ…” ആരതിയെ പുറകിൽ നിന്നും ചേർത്തു പിടിച്ചു കൊണ്ട് വിന്ദുജ പറഞ്ഞു… “ഞാൻ നിന്നോട് സംസാരിക്കുന്ന കാര്യമല്ല പറഞ്ഞത്… ” ആരതി അനിഷ്ടത്തോടെ പറഞ്ഞു… “ഞാനും കൂടെ കേൾക്കാൻ പറ്റുന്ന കാര്യം പറഞ്ഞാൽ മതി കുഞ്ഞേട്ടനോട്‌… “.

പറയുമ്പോൾ വിന്ദുജയുടെ ചുണ്ടുകൾ കൂർത്തു… “അതു നീയാണോ തീരുമാനിക്കുന്നത്? ” “രണ്ടും കൂടെ ഒന്നു പുറത്തേക്ക് പോകുമോ? ” നീരവിന്റെ ശബ്ദം ഉയർന്നു… “ഞാൻ പോവില്ല…” എന്നു പറഞ്ഞ് വിന്ദുജ അവിടെ ഇരുന്നപ്പോൾ ആരതി മുറിയിൽ നിന്നും ഇറങ്ങിപ്പോയി… കണ്ണിറുക്കി കൊണ്ട് വിന്ദുജ ചിരിച്ചു… “അവൾക്ക് എന്നോട് എന്തോ പറയാൻ ഉണ്ടായിരുന്നു… ” പുറത്തേക്ക് മിഴികൾ നീട്ടി കൊണ്ട് നീരവ് പറഞ്ഞു… “പറയാൻ ഉണ്ടെങ്കിൽ പറയാമായിരുന്നല്ലോ..” “അവൾക്ക് എന്നോടു മാത്രമായാണ് പറയാൻ ഉണ്ടായിരുന്നത്… ” “ഹ്മ്മ്… താഴെ അമ്മാവൻ ഒരു കാര്യം പറയുന്നത് കേട്ടു.. ”

“എന്താണ്? ” “ആരോമൽ വന്നതിനു ശേഷം കുഞ്ഞനോട്‌ കല്ല്യാണക്കാര്യത്തെക്കുറിച്ച് സീരിയസ് ആയി സംസാരിക്കണം എന്ന്… ” “എനിക്ക് പറയാനുള്ളത് ഞാൻ അമ്മയോട് പറഞ്ഞിരുന്നതല്ലേ… വെറുതെ ആവശ്യമില്ലാതെ… ” “നമുക്ക് ജാനിചേച്ചിയുടെ കാര്യം അവതരിപ്പിച്ചാലോ.. ഏഹ്? ” “നീ ഒന്നു പോയെ… വെറുതെ അവളുടെയും എന്റെയും പേര് ചേർത്ത് ഓരോന്നു പറഞ്ഞോണ്ട് നടക്കരുത്… ” “അവസാനം കയ്യിൽ നിന്നും പോകുമ്പോഴും അങ്ങനെ പറയണം… ” “എന്റെ പെണ്ണ് ആരായാലും മറ്റൊരുത്തന്റെയും ആകില്ല…” “ഹ്മ്മ്… കഷ്ടം… ” “എന്താടീ? ” “വിനുവേട്ടനെ കണ്ടു പഠിയ്ക്ക് കുഞ്ഞേട്ടാ.. ഇപ്പോൾ കണ്ടില്ലേ..

എത്ര പെട്ടെന്നാ അഞ്ജുചേച്ചിയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിയത്…” “ഞാൻ അവനെ പോലെ അല്ല… എനിക്ക് അവനെ പോലെ ആകാനും പറ്റില്ല… മുൻപ് ഇവിടെ ഇരുന്ന് അവൻ കരഞ്ഞിട്ടുണ്ട്… പ്രേമിച്ചവൾ ഇട്ടേച്ചു പോയി എന്നു പറഞ്ഞിട്ട്… ജീവിക്കാൻ തോന്നുന്നില്ല എന്നു പറഞ്ഞിട്ട്… എന്നിട്ടും അവന്റെ നെഞ്ചിൽ മറ്റൊരുവൾ കൂടു കൂട്ടിയില്ലേ… ഞാനൊരു പെൺകുട്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട്… അവളോട്‌ എനിക്ക് പ്രണയവും വാത്സല്ല്യവും എല്ലാമുണ്ട്… aaaaa അവളുടെ സമ്മതം ഇല്ലാതെ അവളെ ഇഷ്ടപ്പെടുന്നു അല്ലെങ്കിൽ പ്രണയിക്കുന്നു എന്നൊന്നും ഞാൻ ആരോടും പറഞ്ഞു നടക്കില്ല…

ഐ റെസ്‌പെക്ട് ഹേർ…” “വലിയ കാര്യമായിപ്പോയി… ” “എന്തേ? ” “ഒന്നുമില്ല.. ” “ഇനി ആരതി എന്നോട് എന്തേലും പറയാൻ വന്നാൽ അതിനു തടസ്സം നിൽക്കാൻ വരരുത്… ” “പാവം എന്റെ വിനുവേട്ടൻ… ഏട്ടനു മാത്രമെ ആരതി വന്നതിൽ സങ്കടമുള്ളു… ” “എന്റെ പൊന്നേ… ആരതി ആയാലും ആരായാലും എന്നെ പിടിച്ചു വിഴുങ്ങുകയൊന്നും ഇല്ല… അവൾ എന്നോട് എന്തു പറഞ്ഞാലും അതിനുള്ള മറുപടി കൊടുക്കാൻ എനിക്ക് അറിയാം.. പൊന്നുമോൾ പോയി കിടന്ന് ഉറങ്ങാൻ നോക്ക്… ” “ഞാൻ പൊയ്ക്കോളാം… ” എന്നു പറഞ്ഞ് അവൾ എഴുന്നേറ്റു പോയി.. **

എല്ലാവരും ഓഫീസിൽ പോയപ്പോൾ സുമിത വിഷ്ണുവിനെ കാണാൻ പോകാൻ തയ്യാറായി… “ഞാനും വരുന്നു… ” വിന്ദുജ പറഞ്ഞു… “എങ്ങോട്ടാ അമ്മേ? ” നീന തിരക്കി.. “അപ്പുറത്തെ വീട്ടിലേക്കാ മോളെ… അവിടെയാണ് നമ്മുടെ അഞ്ജു താമസം… ” “അവൾ ഇന്നലെ വീട്ടിൽ പോയെന്നല്ലേ പറഞ്ഞത്? ” “അഞ്ജു ഇപ്പോൾ അവിടെ ഉണ്ടാകില്ല… അവളുടെ ഒപ്പം ജോലി ചെയ്യുന്ന വേറെ കുട്ടിയുണ്ട്… ജനനി… ജനനിയും പിന്നെ വിഷ്ണുവും അവിടെ തന്നെയാ താമസം… ” “ആരാ ഈ വിഷ്ണു? ” “ജനനിയുടെ ഏട്ടൻ… ” “ഇവിടെ വെറുതെ ഇരിക്കുകയല്ലേ… നമുക്കും പോയാലോ ആരതി? ” നീന തിരക്കി…

“ഞാൻ പോരുന്നില്ല ചേച്ചി… ” “എന്നാൽ അമ്മ വിന്ദുവിനെ കൂട്ടിയിട്ട് പൊയ്ക്കോളൂ… ഇവളെ ഇവിടെ തനിച്ച് ഇരുത്തണ്ടല്ലോ… ” “അല്ലേൽ ഞാനും വരാം ചേച്ചി… ” എന്നു പറഞ്ഞ് ആരതി എഴുന്നേറ്റു… അവർ ഗേറ്റ് തുറന്നു മുറ്റത്തേക്ക് കടക്കാൻ ഒരുങ്ങുമ്പോഴാണ് ആര്യൻ വന്നത്… അവർക്ക് കടക്കാനായി അവൻ ബുള്ളറ്റ് നിർത്തി… എല്ലാവരും ഒരു ഭാഗത്തേക്ക് നീങ്ങി നിന്നപ്പോൾ അവൻ മുറ്റത്തേക്ക് വണ്ടി കയറ്റി… ഉമ്മറത്തേക്ക് കയറാതെ അവൻ അവരെ നോക്കി മുറ്റത്തു നിന്നു… “കൂട്ടുകാരനെ കാണാതെ ഇരിക്കാൻ പറ്റുന്നില്ലാല്ലേ? ” അടുത്ത് എത്തിയതും സുമിത തിരക്കി… മറുപടിയായി അവൻ ഒന്നു പുഞ്ചിരിച്ചു…

അതിനു ശേഷം ഉമ്മറത്തേക്ക് കയറി… “ഞാൻ വിഷ്ണുവിനെ വിളിച്ചിട്ട് വരാം… ” എന്നു പറഞ്ഞ് അകത്തേക്ക് പോയി… കുറച്ചു കഴിഞ്ഞപ്പോൾ വിഷ്ണുവിനെ ഉമ്മറത്തു കൊണ്ടു വന്നിരുത്തി… വിഷ്ണു എല്ലാവരെയും നോക്കിയൊന്നു പുഞ്ചിരിച്ചു… തിണ്ണയിലും കസേരയിലുമായി എല്ലാവരും ഇരുന്നു… “ഇതാരൊക്കെയാ ചേച്ചി… പുതുമുഖങ്ങൾ ഉണ്ടല്ലോ? ” ആര്യൻ സുമിതയോട് തിരക്കി… “ഇതെന്റെ മോൾ നീന.. അത് ആരതി… അവളുടെ ഭർത്താവിന്റെ അനിയത്തിയാണ്… ” “കുറച്ചു കഴിഞ്ഞാൽ അനിയന്റെ ഭാര്യ എന്നും കൂടെ പറയാം… ” നീന പുഞ്ചിരിയോടെ പറഞ്ഞു… ആര്യനും വിഷ്ണുവും പരസ്പരം നോക്കി…

വിഷ്ണുവിന്റെ മുഖത്ത് വിഷാദം നിറഞ്ഞു .. “അനിയന്റെ ഭാര്യ എന്ന് പറയുമ്പോൾ? ” ആര്യൻ തിരക്കി. “എനിക്ക് ഒരു അനിയനേയുള്ളൂ.. നീരവ്.. ഞങ്ങളുടെ കുഞ്ഞൻ.. ” “അങ്ങനെ പരിചയപ്പെടുത്താറൊന്നും ആയിട്ടില്ല ചേട്ടാ.. കുഞ്ഞേട്ടനോട്‌ ചോദിക്കാതെയും പറയാതെയും ഈ നീനേച്ചി ഓരോന്നു പറഞ്ഞു നടക്കുന്നതാണ്…” വിന്ദുജ പറഞ്ഞു. “അങ്ങനെ ഒരു ആലോചന നടക്കുന്നുണ്ട്… അതാ നീനമോൾ അങ്ങനെ പറഞ്ഞത്… ” സുമിത പറഞ്ഞപ്പോൾ വിന്ദുജ ചുണ്ടുകൾ കോട്ടി കൊണ്ട് നേരെ നോക്കിയത് വിഷ്ണുവിനെ ആയിരുന്നു… വിഷ്ണുവിന്റെ അസ്വസ്ഥമായ മുഖം കണ്ടപ്പോൾ അവൾ ചെറുതായൊന്ന് പുഞ്ചിരിച്ചു…

തിരികെ പുഞ്ചിരിയ്ക്കാൻ വിഷ്ണുവിനു കഴിഞ്ഞില്ല… ജാനിയെ നെഞ്ചോടു ചേർത്തു പിടിച്ചു നിൽക്കുന്ന നീരവിനെ അവൻ ഓർത്തു… അവൾക്ക് വേദനിച്ചപ്പോൾ അതേ വേദനയോടെ നിന്ന നീരവ്… അവളെ കരുതലോടെ എടുത്തു ബെഡിലേക്ക് കിടത്തിയ അവൾക്ക് വേണ്ടി ആര്യനോട്‌ വഴക്കിട്ട നീരവ്… വിഷ്ണു മുഖം കുനിച്ചിരുന്നു… ആര്യൻ അവന്റെ തോളിൽ അമർത്തിപ്പിടിച്ചു… “അല്ല നമ്മുടെ കല്ല്യാണച്ചെറുക്കൻ സ്ഥലം വിട്ടല്ലേ? ” ആര്യൻ അന്തരീക്ഷത്തിനു കുറച്ച് അയവു വരുത്താനായി തിരക്കി … “അവൻ പുതിയ കമ്പനി തുടങ്ങുന്ന തിരക്കിൽ അല്ലേ… കുറേ പ്ലാനിംഗ് ഒക്കെയുണ്ട് അവന്…

നിങ്ങളെ കൂടി അവന്റെ കൂടെ ചേർക്കണം എന്നാണ്…” “ഞങ്ങളെയോ?” “ആഹ് ! അതേ… ” “ഞങ്ങളെ കൂട്ടിയിട്ട് എന്തിനാ? ” “അതു ചേട്ടാ ഈ പോളി മാർബിൾ കൊണ്ട് കൃഷ്ന്റെയും രാധയുടെയും തുടങ്ങി പല പല ശില്പങ്ങൾ ഉണ്ടാക്കും… അതു കഴിഞ്ഞ് അതിൽ പുട്ടിയിടും.. പിന്നെ കളർ കൊടുക്കും ഡെക്കറേഷൻ എല്ലാം ചെയ്യും… എന്നിട്ട് അവസാനം മുഖത്ത് നല്ല ഭംഗിയിൽ പുരികവും കണ്ണും മൂക്കും എല്ലാം വരച്ചു ആ ശില്പത്തിനു ജീവൻ കൊടുക്കണം…. അതിനു ചേട്ടനു പറ്റും എന്നാ വിനുവേട്ടൻ പറയുന്നത്… പിന്നെ വിഷ്ണുവേട്ടന് ഓൺലൈൻ മാർക്കറ്റിംഗ് സെക്ഷനിലും… ”

“ഇതൊക്കെ ഞങ്ങളോടു ചോദിക്കാതെ നിങ്ങൾ എല്ലാം കൂടി അങ്ങനെ തീരുമാനിച്ചോ? ” ആര്യൻ തിരക്കി… “അതേയ്… നിങ്ങൾ തടിമാടന്മാരായ രണ്ടു ആങ്ങളമാർ ഉണ്ടായിട്ടല്ലേ ആ പാവം ജാനിചേച്ചി ഇങ്ങനെ ഓടുന്നത്… ഇനി നിങ്ങൾ ജോലിക്ക് പോയിട്ട് ചേച്ചിയെ നോക്കിക്കോണം…” “അതിന് അവൾ എന്റെ അനിയത്തി ആണെന്ന് നിന്നോടാരാ പറഞ്ഞത്?” ആര്യൻ തിരക്കി… “അനിയത്തിയല്ലേ?” “അനിയത്തിയാണ്… എനിക്കല്ല… എന്റെ വിഷ്ണുവിന് …” അതു കേൾക്കെ വിന്ദുജയുടെ മുഖം വീർത്തു.. ആര്യന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു… “വേദന ഇപ്പോൾ എങ്ങനെയുണ്ട് വിഷ്ണു? ” സുമിത തിരക്കി… “ഇപ്പോൾ കുഴപ്പമില്ല ചേച്ചി… ” “രണ്ടാളും ഇനി ഇവിടെ കുറച്ചു ദിവസം കാണുമോ?

” ആര്യൻ നീനയോട് തിരക്കി… “ആഹ് ! ഏട്ടൻ വന്നിട്ടേ ഇനി ഞങ്ങൾ പോകൂ…” അവിടെ കുറച്ചു നേരം കൂടി ഇരുന്നാണ് എല്ലാവരും തിരിച്ചു പോയത്… അവർ വരണ്ടായിരുന്നു എന്നു തോന്നിപ്പോയി വിഷ്ണുവിന്… “എന്താടാ വിച്ചു പ്രശ്നം?” അവന്റെ മുഖത്തെ മ്ലാനത കണ്ട് ആര്യൻ തിരക്കി… “എന്തോ… നീരവിന്റെ ചേച്ചി വന്നത് അത്ര ശുഭകരമായി തോന്നുന്നില്ല… ” “അവർ അവരുടെ ആഗ്രഹം പറഞ്ഞു എന്നല്ലേയുള്ളൂ… അങ്ങനെ നടന്നു കൊള്ളണം എന്നു നിർബന്ധം ഇല്ലല്ലോ… ” “എല്ലാവരുടെയും ആഗ്രഹങ്ങൾ അങ്ങനെയല്ലേ ആര്യൻ… എല്ലാം നടന്നു കാണണം എന്നു നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ… ”

“അതു മനസിലാക്കി ജീവിക്കാൻ ശ്രമിക്കണം… ” എന്നു പറഞ്ഞ് ആര്യൻ അകത്തേക്ക് പോയപ്പോൾ വിഷ്ണു കണ്ണുകൾ അടച്ച് ചാരി ഇരുന്നു… *** തന്റെ മുൻപിലേക്ക് പറന്നു വന്നു വീണ ഫയലിലേക്ക് ജനനി മിഴിച്ചു നോക്കി… കോപത്തോടെ നിൽക്കുന്ന നീരവിനെ കണ്ടപ്പോൾ കാര്യം എന്താണെന്ന് അറിയാതെ അഞ്ജലിയുടെ കാലുകൾ വിറ കൊണ്ടു… ജനനിയ്ക്ക് ഒരു പണി കിട്ടിയ സന്തോഷത്തിൽ ഹർഷയും സെലിനും ഇനി എന്തു നടക്കും എന്ന ആകാംക്ഷയോടെ നോക്കി ഇരുന്നു… ജനനി ഫയൽ കയ്യിൽ എടുത്ത ശേഷം എഴുന്നേറ്റു നിന്നു… “താൻ എന്തിനാ ഇങ്ങോട്ട് കെട്ടി ഒരുങ്ങി വരുന്നത്?” നീരവ് തിരക്കി…

“ജോലി ചെയ്യാൻ…” ഉടനടി ജനനിയിൽ നിന്നും മറുപടി വന്നു… “ഇതിലെ ഡീറ്റെയിൽസ് കംപ്ലീറ്റ് അല്ല… ” അവൾ ഫയലിനു മുകളിലെ പേരിലേക്ക് നോക്കി… രാജ് മെഡിക്കൽസ്… അതിലെ ഡീറ്റെയിൽസ് തന്നോട് എന്റർ ചെയ്യാൻ മുൻപ് പറഞ്ഞിരുന്നതാണ്… പക്ഷേ വിഷ്ണുവേട്ടന്റെ കൂടെ ഹോസ്പിറ്റലിൽ നിന്നപ്പോൾ വിട്ടു പോയതാണ്… അതിനു ശേഷം വന്നു തുടങ്ങിയപ്പോൾ പിന്നെ ആ ഫയൽ ടേബിളിൽ ഇല്ലായിരുന്നു.. വേറെ ആരെങ്കിലും കംപ്ലീറ്റ് ചെയ്തിട്ടുണ്ടാകും എന്നു കരുതി… ഓരോ തിരക്കുകൾക്കിടയിൽ വിട്ടു പോകുകയും ചെയ്തിരുന്നു…

“സോറി സർ… ” ആദ്യമായാണ് തന്റെ ഭാഗത്തു നിന്നും ഒരു വീഴ്ച വരുന്നത്… അതിന്റെ സങ്കടം അവളുടെ ശബ്ദത്തിൽ നിറഞ്ഞിരുന്നു… “തന്റെ ഒരു സോറി… ഓഫീസ് ടൈം കഴിയാനായി… ഇനി നാളത്തേക്ക് ആര് ഡീറ്റെയിൽസ് എന്റർ ചെയ്യും…” “ഞാൻ ചെയ്തോളാം… ” “എങ്ങനെ? ഓഫീസ് ടൈം കഴിയാനായില്ലേ?” “സർ ലാപ്ടോപ്പ് തന്നാൽ മതി.. ഞാൻ രാത്രി തിരിച്ചു തന്നോളാം… ” “വരൂ…” എന്നു പറഞ്ഞ് അവൻ പോയപ്പോൾ അവൾ പുറകിലായി ചെന്നു.. അവൻ ടേബിളിൽ ഇരുന്ന ലാപ്ടോപ് ബാഗിൽ ആക്കി അവളുടെ നേർക്ക് നീട്ടി…

“പാസ്സ്‌വേർഡ്‌ എന്തെങ്കിലും ഉണ്ടോ? ” ബാഗ് വാങ്ങിയ ശേഷം അവൾ തിരക്കി… “ഹ്മ്മ്… ” “എന്താണ്? ” “ജാനി…” “ഏഹ് ! എന്താ? ” “ജെ… എ… എൻ… ഐ… ജാനി… ” നീരവ് മൃദുവായി പറഞ്ഞു… ജനനി വേഗം പുറത്തേക്ക് കടന്നു.. ഓഫീസിൽ നിന്നും ഇറങ്ങി അഞ്ജലിയുടെ കൂടെ കോഫി ഷോപ്പിൽ കയറി… അഞ്ജലി ആകെ കൺഫ്യൂഷനിൽ ആയിരുന്നു… കുഞ്ഞേട്ടനു ജാനിയോട് പ്രേമം ആണെന്ന് ചേട്ടായി തന്നെ കളിപ്പിക്കാൻ പറഞ്ഞതാണോ? “എടി കോഫി തണുക്കും … കുടിക്കാൻ നോക്ക്.. ” ജനനി പറഞ്ഞതും അവൾ കോഫി എടുത്ത് വായിലേക്ക് കമിഴ്ത്തി… ഒരു കവിൾ ഒരു വിധത്തിൽ ഇറക്കി..

“ഇതാണോടീ ദ്രോഹി നീ പറഞ്ഞ തണുപ്പ്…” “ഞാൻ തണുക്കും എന്നല്ലേ പറഞ്ഞുള്ളു… അതെടുത്ത് ഇങ്ങനെ വായിൽ ഒഴിക്കും എന്നു കരുതിയില്ല… ” ജനനി വേഗം കോഫി കുടിച്ച് എഴുന്നേറ്റു… “എടി പെണ്ണേ… ആ ലാപ്പ് തന്നിട്ട് പോ.. ഞാൻ എന്റർ ചെയ്തോളാം…” “വേണ്ടെടീ ഞാൻ വന്നിട്ട് ചെയ്തോളാം. നിനക്ക് വീട്ടിൽ ചെന്നാൽ ഓരോ കാര്യങ്ങൾ ചെയ്യാൻ ഉണ്ടാകില്ലേ… ” എന്നും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി… ** ആര്യനും വിഷ്ണുവും അഞ്ജലിയും കൂടി വിശേഷങ്ങൾ പറഞ്ഞു ചിരിക്കുന്നത് ഹാളിൽ ഇരുന്ന് ജനനി കേൾക്കുന്നുണ്ടായിരുന്നു… അവൾ ലാപ്ടോപ് ഓൺ ചെയ്ത് ലാപ് ഓൺ ആക്കി…

ഡെസ്ക്ക്ടോപ്പിൽ കാണുന്ന ഫോട്ടോ തന്റേതാണെന്ന് കണ്ടപ്പോൾ അവളുടെ കണ്ണുകൾ പെട്ടെന്ന് വിടർന്നു… ഒന്നു നിശ്വസിച്ച ശേഷം വേഗം ഡീറ്റെയിൽസ് എന്റർ ചെയ്യാൻ തുടങ്ങി… ഒമ്പതു മണി ആയിരുന്നു എന്റർ ചെയ്തു കഴിയുമ്പോൾ… ഇതു കൊടുത്തു വന്നിട്ട് ഭക്ഷണ ശേഷം തിരിച്ചു പോകാൻ ഇരിക്കുകയായിരുന്നു ആര്യൻ… അഞ്ജലിയേയും വിളിച്ച് ജനനി ഇറങ്ങി… ഗേറ്റ് ലോക്ക് ചെയ്തില്ലായിരുന്നു… ഗേറ്റ് തുറന്ന് ഉമ്മറത്തേക്ക് നോക്കിയപ്പോൾ വാതിൽ തുറന്നു കിടന്നിരുന്നു… കാളിംഗ് ബെൽ അടിക്കാതെ ഉമ്മറത്തേക്ക് കയറിയ ജനനിയും അഞ്ജലിയും അകത്തെ സംസാരം കേട്ട് അവിടെ തന്നെ നിന്നു…

“വരുണിന്റെ വീട്ടുകാർ അങ്ങനെ പെരുമാറി എങ്കിൽ അവരെ കുറ്റം പറയാൻ പറ്റുമോ?” മോഹനകൃഷ്ണൻ സർ പറയുന്നത് കേട്ടു… “അതൊക്കെ എന്തിനാ ഇവിടെ പറയുന്നു… ” നീരസത്തോടെ നീരവ് തിരക്കുന്നുണ്ട്… “അച്ഛൻ പറഞ്ഞതിൽ എന്താ തെറ്റ്… നിന്റെ നിശ്ചയം നടക്കുന്ന അന്നാണ് പെണ്ണിന്റെ അച്ഛനു വേറെ കുടുംബം ഉണ്ടെന്ന് എന്ന് അറിയുന്നതെങ്കിൽ നമ്മൾ പിന്മാറില്ലേ? ” നീന തിരക്കി… “ജനനി നല്ല കുട്ടിയാണ്.. പക്ഷേ ഞാൻ ആണെങ്കിലും ഒന്നു ആലോചിക്കും… കുടുംബത്തിന്റെ അന്തസ്സ് നോക്കില്ലേ ആരായാലും… ” അച്ഛൻ പറഞ്ഞു…

“അമ്മ എന്തിനാ അവരുടെ വീട്ടിൽ പോയി അവിടുത്തെ കാര്യങ്ങൾ ഇവിടെ ഇങ്ങനെ പറയുന്നത്? ” നീരവ് തിരക്കിയതും കാളിംഗ് ബെൽ ശബ്ദിച്ചതും ഒരുമിച്ചായിരുന്നു… അവൻ എഴുന്നേറ്റ് ചെന്നതും കുനിഞ്ഞ മുഖത്തോടെ നിൽക്കുന്ന അഞ്ജലിയെയാണ് ആദ്യം കണ്ടത്… അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… അവളുടെ പുറകിൽ നിന്നും മുൻപിലേക്ക് നീങ്ങി നിന്ന ജനനിയെ കണ്ടതും നീരവിൽ ആശങ്ക നിറഞ്ഞു…തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ജനനി: ഭാഗം 23

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!