❤️കലിപ്പന്റെ വായാടി❤️ : ഭാഗം 49

❤️കലിപ്പന്റെ വായാടി❤️ : ഭാഗം 49

എഴുത്തുകാരി: ശിവ നന്ദ

ഡോക്ടറിന്റെ ക്യാബിനു മുന്നിൽ ഇരിക്കുമ്പോഴും കഴിഞ്ഞ പോയ നിമിഷങ്ങളുടെ പകപ്പിലാണ് ഞാൻ.ശിഖ ചേച്ചിയിൽ ആ പഴയ ഓർമ്മകൾ തിരികെ വന്നിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.ഡോറിൽ തലചേർത്ത് വെച്ച് നിൽക്കുന്ന നന്ദുവേട്ടനും ഏട്ടന്റെ ഇടവും വലവും നിൽക്കുന്ന ശിവേട്ടനും സച്ചിയേട്ടനും ഒക്കെ ആ പ്രതീക്ഷയിൽ ആണ്. “ഗൗരി…” തൊട്ടടുത്ത് ഇരുന്നു സൗഭാഗ്യ വിളിച്ചപ്പോൾ ഞാൻ അവളെയൊന്ന് നോക്കി. “നീ ഗിരിയേട്ടനെ ഒന്ന് വിളിക്ക്.ഏട്ടനിപ്പോൾ ഏത്‌ അവസ്ഥയിൽ ആണെന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാലോ. ആ മനുഷ്യന് നീയെന്ന് വെച്ചാൽ ഭ്രാന്താണ്. നിനക്ക് ഒന്ന് നൊന്താൽ തകരുന്നത് ആ ഹൃദയമാടി.

ഇന്ന് ഗിരിയേട്ടൻ അവിടെ കാട്ടിക്കൂട്ടിയത് മുഴുവൻ നിനക്ക് വേണ്ടിയാണ്.ആ നീ പോലും ഏട്ടനെ ശ്രദ്ധിക്കാതെ ഇങ്ങോട്ട് വന്നപ്പോൾ പാവം ഒറ്റപെട്ടത് പോലെ ആയിക്കാണും.” ശെരിയാണ് സൗഭാഗ്യ പറഞ്ഞത്.അപ്പോഴത്തെ ആ ടെൻഷനിൽ കൂടുതൽ ഒന്നും ചിന്തിക്കാതെ കുഞ്ഞിനെ ഗിരിയേട്ടന്റെ കൈയിലേക്ക് കൊടുത്ത് ഞാനും ഇവരുടെ കൂടെ ഇങ്ങ് പോന്നു. കാറിൽ കയറുമ്പോൾ കുഞ്ഞിനെ അടക്കിപ്പിടിച്ച് നിൽക്കുന്ന ഗിരിയേട്ടന്റെ നോട്ടം പോലും ഞാൻ ശ്രദ്ധിച്ചില്ല. മനഃപൂർവം ആയിരുന്നില്ല.. എങ്കിലും…എല്ലാം കൂടി ഓർത്തപ്പോൾ നെഞ്ച് വല്ലാതെ വിങ്ങുന്നത് പോലെ.

ഏട്ടനെ വിളിക്കാനായിട്ട് ഫോൺ എടുത്തപ്പോഴേക്കും ഞങ്ങളുടെ അടുത്തേക്ക് നടന്ന് വരുന്ന ഗിരിയേട്ടനെ ഞാൻ കണ്ടു.വല്ലാത്ത കുറ്റബോധം ആ മുഖത്ത് ഉള്ളത് പോലെ..ഞാൻ കാണാൻ ആഗ്രഹിക്കാത്ത ഒരു ഭാവം.ഓടിച്ചെന്ന് ഏട്ടന്റെ നെഞ്ചിലേക്ക് വീണപ്പോഴേക്കും ഞാൻ കരഞ്ഞ് പോയിരുന്നു. “സോറി ഏട്ടാ..ഏട്ടനെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ ഞാൻ..സോറി” “അയ്യേ എന്റെ വായാടി കരയുന്നോ..ഞാൻ അല്ലേടി സോറി പറയേണ്ടത്..പറ്റിപോയതാ ഏട്ടന്..ഇങ്ങനൊന്നും സംഭവിക്കുമെന്ന് ഞാൻ അറിഞ്ഞില്ല.പെട്ടെന്ന് തോന്നിയ ദേഷ്യത്തിനാ ഞാൻ..” “ഏട്ടൻ അങ്ങനെയൊന്നും ചിന്തിക്കേണ്ട..എനിക്ക് വേണ്ടിയല്ലേ എന്റെ ഏട്ടൻ..പോട്ടെ സാരമില്ല..ഏട്ടൻ വാ” “വേണ്ടടാ..ഞാൻ നിന്നെയൊന്ന് കാണാൻ കയറിയതാ.

കാശി ഉറങ്ങിയപ്പോൾ മുത്തശ്ശിയെ ഏല്പിച്ചിട്ടാ ഞാൻ ഇറങ്ങിയത്.പോട്ടെ..” “ഗിരി..” പിന്തിരിഞ്ഞ് നടന്ന ഏട്ടനെ ശിവേട്ടൻ പിടിച്ചുനിർത്തി. “ശിവ..ഞാൻ..” “നീ വാ..” ഗിരിയേട്ടന്റെ തോളിൽ പിടിച്ചുകൊണ്ടു ശിവേട്ടൻ നന്ദുവേട്ടന്റെ അടുത്തേക്ക് നടന്നു. “നന്ദു..ദേ ഗിരിയുടെ കോലം കണ്ടോ നീ” ഡോറിൽ ചാരി മറ്റേതോ ലോകത്തായിരുന്ന നന്ദുവേട്ടനെ തട്ടിവിളിച്ച് കൊണ്ട് ശിവേട്ടൻ ചോദിച്ചപ്പോൾ ആണ് നന്ദുവേട്ടൻ ഗിരിയേട്ടനെ കാണുന്നത്. “എന്ത് കോലമാടി ഗിരി ഇത്?? നീ പോയി മുഖം കഴുകിയിട്ട് വാ” “അനന്തു…നിനക്കൊന്നും എന്നോട് ഒരു ദേഷ്യവും തോന്നുന്നില്ലേ??” “എന്തിനാടാ?? ഗൗരിയേയും കുഞ്ഞിനേയും ശ്രദ്ധിച്ചോളണമെന്ന് മാത്രമേ നീ ഞങ്ങളോട് ആവശ്യപെട്ടിട്ടുള്ളു.

ഞങ്ങൾ തന്ന വാക്ക് വിശ്വസിച്ച നീ അവളെ അങ്ങോട്ട് വിട്ടത്.എന്നിട്ടും അത് പാലിക്കാൻ ഞങ്ങള്ക്ക് പറ്റിയില്ല.അവൾക് വേദനിക്കുന്നത് നേരിട്ട് കണ്ട നീ ഇങ്ങനെയേ പ്രതികരിക്കുള്ളൂന്ന് ഞങ്ങള്ക്ക് അറിയാം.അതിൽ നിന്നെ കുറ്റം പറയാൻ പറ്റില്ല..ചിലപ്പോൾ നിന്റെ ആ പ്രവർത്തിയിലൂടെ എന്റെ ശിഖയെ എനിക്ക് തിരികെ കിട്ടുമായിരിക്കും..” ഒന്നും മനസിലാകാതെ നിൽക്കുന്ന ഗിരിയേട്ടനെ കെട്ടിപിടിച്ച് കൊണ്ട് നന്ദുവേട്ടൻ പറഞ്ഞു.. “അതേടാ..എന്റെ കൈയിലേക്ക് ബോധം മറഞ്ഞ് വീഴുന്നതിന് മുൻപ് അവൾ എന്റെ പേര് വിളിച്ചടാ..അവൾ എന്നെ തിരിച്ചറിഞ്ഞു..”

അപ്പോഴാണ് ശിഖ ചേച്ചിയ്ക്ക് ബോധം വന്നെന്ന് നേഴ്സ് വന്നു പറയുന്നത്.നന്ദുവേട്ടനോട് കയറി കാണാൻ പറഞ്ഞപ്പോൾ ഏട്ടനെന്തോ ഒരു പേടി പോലെന്ന്.അതോടെ ഞാനും ശിവേട്ടനും കൂടി കയറാമെന്ന് വിചാരിച്ചു.നെഞ്ചിടിപ്പോടെയാണ് ഞങ്ങൾ അകത്തേക്ക് കയറിയത്.ഒന്നുകിൽ ആ പഴയ ശിഖ ചേച്ചിയെ കിട്ടും..അല്ലെങ്കിൽ പഴയതിലും ദയനീയമായ അവസ്ഥയിൽ ആകും.. ബെഡിൽ കണ്ണടച്ച് കിടക്കുന്ന ശിഖ ചേച്ചിയെ കണ്ടപ്പോൾ സകല ദൈവങ്ങളെയും വിളിച്ചു. “ശിവ..കം” ഡോക്ടർ വിളിച്ചപ്പോൾ ഞങ്ങൾ അടുത്തേക്ക് ചെന്നു. “ഡോക്ടർ..ശിഖയ്ക്ക്??” “എന്തും സംഭവിക്കാം..എങ്കിലും നല്ല പ്രതീക്ഷയോടെ തന്നെ താൻ വിളിക്ക്..

അവളുടെ ബോധമനസോടെ തന്നെ അവൾ ഉണരട്ടെ” എന്റെ കൈയിൽ പിടിച്ചിരിക്കുന്ന ശിവേട്ടന്റെ വിരലുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. “ശിഖ…മോളെ…” ഏട്ടന്റെ വിളിയിൽ ആ മിഴികൾ ചെറുതായൊന്ന് പിടഞ്ഞു.അത് കണ്ടതും പേടിയോടെ ശിവേട്ടൻ എന്നെ നോക്കി..ഒന്നും ഉണ്ടാവില്ലെന്ന് പറഞ്ഞ് കണ്ണടച്ച് കാണിക്കുമ്പോഴും മനസ്സുരുകി ഞാൻ പ്രാർത്ഥിക്കുവായിരുന്നു. “കണ്ണ് തുറക്ക് മോളെ..ശിവേട്ടനാ വിളിക്കുന്ന..” ഒന്നുരണ്ട് നിമിഷത്തിനകം ആ കണ്ണുകൾ പതിയെ തുറന്നു.എന്തോ അസ്വസ്ഥത ഉള്ളത് പോലെ കണ്ണുകൾ വീണ്ടും ഇറുക്കിയടച്ചു തുറന്നു.

“ശിഖ..ഹേയ്..എങ്ങനുണ്ട്..ഹ്മ്മ്..” ഡോക്ടർ ചേച്ചിയുടെ കൈയിൽ പിടിച്ചുകൊണ്ട് ചോദിച്ചപ്പോഴും ചേച്ചി എന്തോ ആലോചനയിൽ ആയിരുന്നു.പൊടുന്നനെ ചേച്ചി വെപ്രാളത്തോടെ ചുറ്റും നോക്കി.എന്നിട്ട് ചാടിയെഴുനേൽക്കാൻ ശ്രമിച്ചു. “മോളെ..എന്താ എന്താ പറ്റിയ” “ശിവേട്ട…ശിവേട്ട..എന്റെ..എന്റെ അനന്തുനെ അവര്…എനിക്ക് കാണണം..എന്റെ അനന്തു എവിടെ…ശിവേട്ടാ എന്റെ അനന്തു…” കരഞ്ഞ് കൊണ്ട് ചുറ്റും കണ്ണുകൾ പായിച്ച് ചേച്ചി ചോദിക്കുമ്പോൾ ശിവേട്ടൻ ചേച്ചിയെ നെഞ്ചോട് ചേർത്ത് പിടിച്ചു. “ഡോക്ടർ…” “കൂൾ ശിവ..നല്ല റെസ്പോൺസ് ആണിത്..അനന്തു ആണ് ശിഖയുടെ മെഡിസിൻ.താൻ പോയി അയാളെ വിളിച്ചുകൊണ്ട് വാ” “മോള് പേടിക്കാതെ..നന്ദുന് ഒന്നുമില്ല.

അവൻ ഇവിടെ തന്നെയുണ്ട്.ഏട്ടൻ കൊണ്ട് വരാം” നന്ദുവേട്ടനെ വിളിക്കാനായി ഏട്ടൻ പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും ഞാൻ ചേച്ചിയുടെ അടുത്തിരുന്നു.ഒരു ധൈര്യത്തിന് എന്നപോലെ ഞാൻ ചേച്ചിയുടെ കൈ എന്റെ കൈക്കുള്ളിൽ ചേർത്ത് പിടിച്ചു. “ഗൗരി…” മൃദുവായി ചേച്ചി എന്റെ പേര് വിളിച്ചപ്പോൾ ഞാൻ ശെരിക്കും ഞെട്ടിപോയി. “ഞെട്ടണ്ട ഗൗരി..ശിഖ പഴയ സ്ഥിതിയിലേക്ക് എത്തുമ്പോൾ അതിലേക്ക് അവളെ നയിച്ച വ്യക്തികളെയും അവരോടൊപ്പം ചിലവഴിച്ച നല്ല നിമിഷങ്ങളും ഒന്നും മറക്കില്ല.” ഡോക്ടറുടെ വാക്കുകൾ കേട്ടതും ഞാൻ ചേച്ചിയെ എന്റെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി. “എന്റെ അനന്തു…” “ഇപ്പോൾ വരും ചേച്ചി” “എന്റെ തലയൊക്കെ പെരുക്കുന്നത് പോലെ” അപ്പോഴേക്കും ഡോർ തുറക്കുന്ന ശബ്ദം കേട്ടു.

ആദ്യം ശിവേട്ടനാണ് കയറിയത്.ഏട്ടന് പിന്നിലായി നന്ദുവേട്ടനെ കണ്ടതും എന്റെ കൈ തട്ടിമാറ്റി അലറിക്കരഞ്ഞു കൊണ്ട് ശിഖ ചേച്ചി ഓടിച്ചെന്ന് നന്ദുവേട്ടനെ കെട്ടിപിടിച്ചു.എല്ലാവരും ഞെട്ടലോടെ നിൽകുവാണ്..നന്ദുവേട്ടൻ ഉൾപ്പടെ.. “ന്തിനാ എന്നെ ഒറ്റക്കാക്കി പോയ..അറിയില്ലാരുന്നോ ഞാൻ കാത്തിരിക്കുമെന്ന്..ന്താ എന്റെ അടുത്ത് വരാഞ്ഞ” ഏട്ടന്റെ നെഞ്ചിൽ ഇടിച്ചുകൊണ്ട് ഏങ്ങലടിച്ച് ചേച്ചി പറയുന്നത് കേട്ടതും ഒരു പൊട്ടിക്കരച്ചിലൂടെ നന്ദുവേട്ടൻ ചേച്ചിയെ ചേർത്ത് പിടിച്ചു.അതുവരെ പിടിച്ചുനിന്നിരുന്ന ശിവേട്ടനും കരഞ്ഞ് പോയി. “തേടിപ്പിടിച്ച് ഞാൻ വന്നപ്പോഴേക്കും നീയല്ലേടി എന്നെ മറന്ന് പോയത്” “എനിക്ക് അറിയില്ല അനന്തു..

എനിക്ക് എന്താ പറ്റിയ..അന്ന് അവര് നിന്നെ….പിന്നെയാ ദീപു..ദീപുവേട്ടൻ എന്നെ…എല്ലാംകൂടി ഓർക്കുമ്പോ തലയിൽ ആരോ ഇടിക്കുന്നത് പോലെ തോന്നുവാ” “എന്റെ മോളിപ്പോൾ അതൊന്നും ഓർക്കേണ്ട.ആദ്യം ഒന്ന് റിലാക്സ് ആക്..എല്ലാം..എല്ലാം ഞങ്ങൾ പറഞ്ഞ് തരാം” ചേച്ചിയെ ബെഡിലേക്ക് കിടത്തുമ്പോളാണ് സച്ചിയേട്ടൻ കയറി വന്നത്.ഏട്ടനെ കണ്ടതും കരച്ചിലിനോടൊപ്പം ഒരു ചിരിയും ചേച്ചിയുടെ മുഖത്ത് തെളിഞ്ഞു. “സച്ചി…” ആ വിളികേട്ടതോടെ കരഞ്ഞ് കൂവി സച്ചിയേട്ടൻ ചേച്ചിയെ വന്നു കെട്ടിപിടിച്ചു.കൂടെ നന്ദുവേട്ടനും ശിവേട്ടനും..എന്തോ അത് കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു.കാത്തിരിപ്പുകൾ എല്ലാം നന്നായി തന്നെ അവസാനിച്ചു.

നാലുപേരുടെയും സ്നേഹപ്രകടനം കണ്ടുകൊണ്ട് ഞാൻ മെല്ലെ പുറത്തേക്ക് ഇറങ്ങി.അവിടെ അക്ഷമയോടെ ഇരിക്കുന്ന ഗിരിയേട്ടന്റെയും സൗഭാഗ്യയുടെയും അടുത്തേക്ക് ചെന്നു.ഗിരിയേട്ടന്റെ തോളിലേക്ക് ചാരുമ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു..സന്തോഷം കൊണ്ട്. “എന്തായി ഗൗരി..കുഴപ്പം ഒന്നുമില്ലല്ലോ..” “ഒരു കുഴപ്പവും ഇല്ല ഭാഗ്യ..ചേച്ചി..ചേച്ചിയാ പഴയ ശിഖ ആയി.ഉപബോധമനസിൽ മറഞ്ഞിരുന്നത് ഒക്കെ ചേച്ചി ഇപ്പോൾ ഓർകുന്നുണ്ട്.” “പിന്നെ നീ എന്താ മോളെ ഇങ്ങ് പോന്ന” “അവിടെ എന്റെ ആവശ്യമില്ല ഏട്ടാ..അവർ നാല് പേരുടെ ലോകമാണ് അത്.

കെട്ടുപിണഞ്ഞ് കിടക്കുന്ന ചേച്ചിയുടെ ചിന്തകളെ ഒക്കെ ഏട്ടന്മാർ ഒന്ന് നേരേയാക്കട്ടെ.” “ഹ്മ്മ്..രണ്ട് പേരും ഒന്നും കഴിച്ചിട്ടില്ലല്ലോ..വാ.ക്യാന്റീനിലേക്ക് പോകാം” ക്യാന്റീനിൽ ഇരുന്ന് ശിഖ ചേച്ചി കണ്ണ് തുറന്നപ്പോൾ തൊട്ടുള്ള വിശേഷങ്ങൾ പറയുമ്പോഴാണ് ശിവേട്ടനെ കണ്ടത്. “നീ എന്താ ഗൗരി പറയാതെ ഇറങ്ങി പോന്ന” “അത് ശിവേട്ട..നിങ്ങൾ അവിടെ…എന്റെ ആവശ്യം അവിടെ ഇല്ലെന്ന് തോന്നി..അതുകൊണ്ട്” “മ്മ്മ് എനിക്ക് മനസിലായി ഇങ്ങനെ എന്തെങ്കിലും പൊട്ടത്തരം ചിന്തിച്ചായിരിക്കും നീ ഇങ്ങോട്ട് വന്നതെന്ന്..വന്നേ..നിങ്ങളെ ശിഖ അന്വേഷിക്കുന്നുണ്ട്” “ശിവ..ശിഖയ്ക്ക്..??” “എല്ലാം നേരെയായി ഗിരി..നന്ദു അവളോട് എല്ലാം ഒന്ന് ചുരുക്കി പറഞ്ഞിട്ടുണ്ട്.

നീ രക്ഷപെടുത്തിയതും മംഗലത്ത് തറവാട്ടിൽ എത്തിയതും ഇപ്പോൾ എസ്ഐ ആണെന്നും ഒക്കെ.നിന്നെ കാണാനാണ് അവൾ ആഗ്രഹിക്കുന്നത്” “എടാ ഞാൻ..” “നീ ധൈര്യമായിട്ട് വാടാ അളിയാ” ഗിരിയേട്ടനെ ചേർത്ത് പിടിച്ചുകൊണ്ടു പോകുന്ന ശിവേട്ടന് പിന്നിലായി ഞങ്ങളും നടന്നു. നന്ദുവേട്ടൻ പറയുന്ന കാര്യങ്ങൾ ഏട്ടന്റെ തോളിൽ ചാരിയിരുന്ന് ശ്രദ്ധയോടെ കേൾക്കുന്ന ശിഖ ചേച്ചി ഞങ്ങളെ കണ്ടതും നിറഞ്ഞ മനസാലെ ഒന്ന് ചിരിച്ചു. “എന്റെ ഏട്ടന്റെ പെണ്ണ്..” എന്റെ നേരെ കൈനീട്ടി കൊണ്ട് ചേച്ചി പറഞ്ഞതും ഞാൻ ആ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് അടുത്തേക്ക് ഇരുന്നു.

“ശിഖ..ഇതാണ്….” “അറിയാം അനന്തു..സൗഭാഗ്യ..എന്റെ ഭ്രാന്തിനോട് ഒപ്പം നിന്ന മുഖങ്ങൾ ഒക്കെ ഓർമയിൽ തെളിയുന്നുണ്ട്..വേറെ ഒരാൾ ഉണ്ടായിരുന്നല്ലോ..ഒരു തട്ടം ഇട്ട..” “അത് നിഹില..” ആവേശത്തോടെ സച്ചിയേട്ടൻ പറഞ്ഞതും എല്ലാവരും ചിരിച്ചു. “അല്ല നിഹില ഗൗരിടെ ഫ്രണ്ട് ആണ്..” “എന്റെ ഫ്രണ്ട് മാത്രമല്ല ചേച്ചി..സച്ചിയേട്ടൻ കെട്ടാൻ പോകുന്ന ആളാ” അത്ഭുതത്തോടെ ചേച്ചി സച്ചിയേട്ടനെ ഒന്ന് നോക്കി.അതൊക്കെ പിന്നെ പറഞ്ഞ് തരാമെന്ന് പറഞ്ഞ് സച്ചിയേട്ടൻ വെളുക്കെ ഒന്ന് ചിരിച്ചു.അപ്പോഴാണ് എല്ലാംകേട്ട് സൈഡിൽ മാറി നിൽക്കുന്ന ഗിരിയേട്ടനെ ചേച്ചി കണ്ടത്. “ഗിരിയേട്ടൻ….” ചേച്ചി വിളിച്ചതും കുറ്റബോധത്തോടെ ഏട്ടൻ ചേച്ചിയുടെ അടുത്തേക്ക് വന്നു.

മെല്ലെ മുടിയിൽ ഒന്ന് തഴുകികൊണ്ട് ഏട്ടൻ ചേച്ചിയുടെ നെറുകയിൽ ചുണ്ട് ചേർത്തു. “ഏട്ടനോട് ക്ഷമിക്കണം..അറിയാതെ അടിച്ചുപോയതാ” ഏട്ടന്റെ വിരൽപാട് പതിഞ്ഞ കവിളിൽ തഴുകികൊണ്ട് പറഞ്ഞതും ചേച്ചി ആ കൈകളിൽ പിടിച്ചു. “എന്റെ അനന്തുനെ തിരികെ തന്നതിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല..ഓർക്കാൻ ഇഷ്ടപെടാത്ത അവസ്ഥയിൽ ഗൗരിയെ ഞാൻ വേദനിപ്പിച്ചിട്ടുണ്ട്..പക്ഷെ അത് ഒരിക്കലും അറിഞ്ഞുകൊണ്ടല്ല.ഇന്നിപ്പോൾ എന്നെ തന്നെ എനിക്ക് തിരികെ കിട്ടിയത് ഏട്ടൻ അങ്ങനൊരു സാഹസം കാണിച്ചത് കൊണ്ടാണ്..” ചേച്ചിയുടെ വാക്കുകൾ ഗിരിയേട്ടനിൽ മാത്രമല്ല എല്ലാവരിലും ഒരു പുഞ്ചിരി വിരിയിച്ചു. “അന്നേ ഇവളെ ആ റൂമിൽ കേറ്റിയാൽ മതിയായിരുന്നു.

വെറുതെ അങ്കിളിന് കുറേ ക്യാഷ് കൊടുത്തു” കിട്ടിയ അവസരത്തിന് സച്ചിയേട്ടൻ ഡോക്ടറിനെ ഒന്ന് കൊട്ടി. “ടാ മോനേ സച്ചി..നീ എനിക്ക് ഇട്ട് പണിയല്ലേ.നിങ്ങളുടെ സ്നേഹവും ഇവരുടെ ആഴത്തിലുള്ള പ്രണയവും ആണ് ശിഖയെ തിരികെ കൊണ്ട് വന്നതെന്നത് സത്യമാ.എങ്കിലും എല്ലാത്തിന്റെയും തുടക്കം എന്റെ മെഡിസിൻസ് അല്ലേടാ” “ഓ സമ്മതിച്ചു.ക്രെഡിറ്റ്‌ മുഴുവനും അങ്കിൾ എടുത്തോ പോരേ” “നീ പോടാ തെമ്മാടി..ക്രെഡിറ്സ് നിങ്ങൾക് തന്നെയാ..നിങ്ങളുടെ സൗഹൃദത്തിന്..സാഹോദര്യത്തിന്..പ്രണയത്തിന്…” ————————– രണ്ട് ദിവസം ഹോസ്പിറ്റലിൽ കിടന്നു മെഡിസിൻസ് കംപ്ലീറ്റ് ചെയ്തിട്ട് പോയാൽ മതിയെന്ന് ഡോക്ടർ പറഞ്ഞെങ്കിലും ചേച്ചിയുടെ നിർബന്ധത്തിന് രാത്രിയോടെ വീട്ടിൽ വന്നു.സൗഭാഗ്യയെ ഗിരിയേട്ടൻ ഹോസ്റ്റലിൽ കൊണ്ടാക്കിയിരുന്നു.

സച്ചിയേട്ടൻ നാളെ വരാമെന്നും പറഞ്ഞ് പോയിരുന്നു.വീട്ടിലെത്തിയതും മുത്തശ്ശിയും അമ്മയും ചേച്ചിയെ കാത്തിരിക്കുന്നുണ്ടാരുന്നു.ചേച്ചിയെ കണ്ടതും മുത്തശ്ശി കെട്ടിപിടിച്ച് ആ മുഖം നിറയെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.ആള് കരയുന്നുമുണ്ട്. “അറിഞ്ഞില്ലല്ലോ മോളെ..നീ എന്റെ രക്തമാണെന്ന് ഈ അച്ഛമ്മ അറിഞ്ഞില്ല” അച്ഛമ്മയുടെ വാക്കുകൾ കേട്ട് ഞാനും ശിവേട്ടനും പരസ്പരം നോക്കി. “ഞാനാ മുത്തശ്ശിയോട് എല്ലാം പറഞ്ഞത്” ഗിരിയേട്ടൻ പറഞ്ഞതും സംശയത്തോടെ ഞാൻ ഏട്ടനെ നോക്കി. “പറയേണ്ടി വന്നു.ഇവിടെ നടന്ന സംഭവങ്ങൾ എല്ലാം അറിഞ്ഞ് മുത്തശ്ശിക്ക് ശിഖയോട് ചെറുതായി വെറുപ്പ് തോന്നി.ഇവൾ ഈ കുടുംബത്തിന്റെ സമാധാനം കളയുന്നെന്ന് ഒക്കെ പറഞ്ഞപ്പോൾ സഹികെട്ട് ഞാൻ പറഞ്ഞു പോയി” “നന്നായി..

എന്റെ വലിയൊരു ഭാരമാ നീ ഒഴിവാക്കി തന്നത്” ശിവേട്ടൻ ഗിരിയേട്ടന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞപ്പോഴേക്കും മുത്തശ്ശിയും അമ്മയും ചേച്ചിയെ അകത്തേക്ക് കൊണ്ട് പോയിരുന്നു.പൂജാമുറിയിൽ നിന്ന് ഭസ്മം ചേച്ചിയുടെ നെറ്റിൽ ഇട്ടുകൊടുത്തുകൊണ്ട് മുത്തശ്ശി പറഞ്ഞു.. “ഇനി അധികം താമസിക്കാതെ ഇവരുടെ കല്യാണം നടത്തണം” “അതിന് കുറച്ച് സമയം എടുക്കും അച്ഛമ്മേ” “എന്താ കുട്ടാ?” “ദീപക്കിന്റെ കൈയിൽ നിന്നും ഡിവോഴ്സ് വാങ്ങണം” അത് കേട്ടതും ശിഖ ചേച്ചിയുടെ കണ്ണ് നിറഞ്ഞു.നന്ദുവേട്ടൻ ചേച്ചിയെ ചേർത്ത് പിടിച്ചുകൊണ്ടു മുകളിലേക്ക് പോയി. “ഡിവോഴ്സ് ഉടനെ കിട്ടില്ലേ മോനേ?” “കിട്ടും അമ്മേ..ഒന്നാമത് അവൾ അബ്നോർമൽ ആയിരുന്നപ്പോൾ നടന്ന മാര്യേജ്.പോരാത്തതിന് അവൻ ഇപ്പോൾ ജയിലിലും.ഒരു മാസത്തിനുള്ളിൽ അവരുടെ കല്യാണം നമുക്ക് നടത്താം” ഏട്ടന്റെ വാക്കുകൾ നൽകിയ സമാധാനത്തിൽ മുത്തശ്ശി നെഞ്ചിൽ കൈവെച്ച് പ്രാർത്ഥിച്ചു.

ഗിരിയേട്ടൻ പോയതിനു ശേഷം ഞാനും ശിവേട്ടനും മുകളിലേക്ക് ചെന്നപ്പോൾ ആണ് ഞങ്ങളുടെ റൂമിൽ ശിഖ ചേച്ചിയും നന്ദുവേട്ടനും നില്കുന്നത് കണ്ടത്.ചുമ്മാ നില്കുവല്ല..നല്ല അസ്സൽ കിസ്സിങ് നടക്കുവാണ്. “ഡാ…” ശിവേട്ടന്റെ വിളിയിൽ രണ്ട് പേരും ഞെട്ടിപ്പിടഞ്ഞ് മാറി. “ഇങ്ങനെയാണോടാ നീ എന്റെ പെങ്ങളെ ആശ്വസിപ്പിക്കുന്നത്? ” “അത് ജിത്തു..ഞാൻ..ഇവള് കരഞ്ഞപ്പോൾ..” “ഒന്നുമല്ലെങ്കിലും എന്റെ കൊച്ച് ഇവിടെ ഉറങ്ങികിടക്കുന്നത് പോലും രണ്ടെണ്ണവും ഓർത്തില്ലല്ലോ” രണ്ടുപേരും ചമ്മിനിൽക്കുന്നത് കണ്ടപ്പോൾ ശിവേട്ടന് ഒരു കുത്തുകൊടുത്തുകൊണ്ട് ഞാൻ അകത്തേക്ക് കയറി.ശിഖ ചേച്ചി കാശിയെ എടുത്തപ്പോഴേക്കും അവൻ ഉണർന്നു.

“നീ ഓർക്കുന്നോ മോളെ..കുഞ്ഞിനെ ആദ്യം കണ്ടപ്പോൾ തന്നെ നീ പേര് വിളിച്ചത്? ” ഉണ്ടെന്ന അർത്ഥത്തിൽ തലയാട്ടികൊണ്ട് ചേച്ചി കുഞ്ഞിനെ കൊഞ്ചിക്കാൻ തുടങ്ങി.എല്ലാം നേരെയായ സമാധാനത്തിൽ ഞങ്ങൾ അത് നോക്കിനിന്നു. ****** ഒരു മാസത്തിനുള്ളിൽ ശിഖ ചേച്ചി ആ പഴയ കുറുമ്പി ആയി മാറി.ആ വീട് മുഴുവൻ ചേച്ചിയുടെ കുസൃതികൾ നിറഞ്ഞ് നിന്നു.മുത്തശ്ശിയുടെ കൊച്ചുമകളായി ശ്രേയ ചേച്ചിയുടെയും ശിവേട്ടന്റെയും കുഞ്ഞിപ്പെങ്ങൾ ആയി അമ്പൂട്ടിടെയും അമ്മൂട്ടീടെയും കാശൂട്ടന്റെയും കൂട്ടുകാരിയായി എല്ലാത്തിലും ഉപരി എന്റെ പുന്നാര നാത്തൂനായി ചേച്ചി ആഗ്രഹിച്ച ആ ജീവിതം ശെരിക്കും ആഘോഷമാക്കി. ശിവേട്ടൻ പറഞ്ഞത് പോലെ ഡിവോഴ്സ് എളുപ്പത്തിൽ തന്നെ കിട്ടി.

എങ്കിലും ദീപക്കിനെ വെറുതെ വിടാൻ ഏട്ടന്മാർ തയാറല്ലായിരുന്നു.അയാൾക്കെതിരെ കൂടുതൽ തെളിവുകൾ നിരത്തി അച്ഛനും മോനും ഈ അടുത്തകാലത്തൊന്നും പുറത്ത് ഇറങ്ങാൻ പറ്റാത്ത രീതിയിൽ പൂട്ടിയിട്ടുണ്ട്. എല്ലാ കടമ്പകളും കടന്നത് കൊണ്ട് ഇനി നന്ദുവേട്ടന്റെയും ശിഖ ചേച്ചിയുടെയും കല്യാണത്തിന് ഒരു തടസവുമില്ല.അഞ്ചു വർഷത്തെ കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നു.പ്രണയം സന്തോഷത്തേക്കാൾ കൂടുതൽ വേദന നൽകിയ എന്റെ ഏട്ടനും ചേച്ചിയും ഒന്നാകാൻ പോകുന്ന നിമിഷം.വലിയ ആർഭാടം ഒന്നും വേണ്ടെന്ന് നന്ദുവേട്ടന് നിർബന്ധം ആയിരുന്നു.അതുകൊണ്ട് അമ്പലത്തിൽ വെച്ചൊരു താലികെട്ട്.പക്ഷെ വൈകിട്ടത്തെ റിസപ്ഷൻ ശിവേട്ടന്റെ വകയാണെന്ന് നേരത്തെ ഉറപ്പ് വാങ്ങിയിരുന്നു. വീട്ടുകാർ മാത്രമേ ചടങ്ങിന് ഉണ്ടായിരുന്നുള്ളു.

പിന്നെ സൗഭാഗ്യയും നിഹിലയും ഉണ്ടെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.എക്സാം ആയതു കൊണ്ട് വിവേകിന് അവന്റെ കുഞ്ഞേച്ചിയുടെ കല്യാണം കൂടാൻ പറ്റിയില്ല.എന്റെ അച്ഛൻ എടുത്തുകൊടുത്ത താലി നന്ദുവേട്ടൻ ശിഖ ചേച്ചിയുടെ കഴുത്തിൽ കെട്ടി.നാത്തൂൻ ആയിട്ട് ഞാനും സൗഭാഗ്യയും നിന്നു.ശിഖ ചേച്ചിയുടെ കൈ ശിവേട്ടൻ നന്ദുവേട്ടന്റെ കൈയിലേക്ക് ചേർത്ത് വെച്ചതോടെ ആ പ്രണയം സഫലമായി….കണ്ടുനിന്ന കണ്ണുകളിൽ ഒക്കെയും സന്തോഷം അലതല്ലുന്നുണ്ടായിരുന്നു..

…(തുടരും )….. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

❤കലിപ്പന്റെ വായാടി❤ : ഭാഗം 48

Share this story