മധുരനൊമ്പരം…..🍒🍒 : ഭാഗം 1

മധുരനൊമ്പരം…..🍒🍒 : ഭാഗം 1

എഴുത്തുകാരി: റിൻസി പ്രിൻസ്‌

” കൗസല്യാ സുപ്രജാരാമാ പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ, ഉത്തിഷ്ഠ നരശാര്‍ദൂല! കര്‍ത്തവ്യം ദൈവമാഹ്നിതം” രാവിലെതന്നെ ഈ കീർത്തനം ആണ് അനുരാധ കേട്ടത്…….. പ്രഭാതരശ്മികൾ കണ്ണിൽ തട്ടിയപ്പോൾ അനു കണ്ണുകൾ തുറന്നു…… ഈ കീർത്തനം കുറേ വർഷങ്ങളായി താൻ എഴുന്നേൽക്കുമ്പോൾ അകമ്പടി ആണ്…….. ചിരിയോടെ അനുരാധ ഓർത്തു……… അപ്പുറത്ത് ജാനകി അമ്മയുടെ വകയാണ് …….. എല്ലാദിവസവും ഒരു അലാറം പോലെ ഇത് കേട്ടില്ലെങ്കിൽ ഇപ്പോൾ തനിക്ക് ഒരു സമാധാനം ഉണ്ടാവില്ല എന്ന ചിരിയോടെ അനുരാധ ഓർത്തിരുന്നു…… മെല്ലെ എഴുന്നേറ്റ് ഇരുന്ന് ഒന്ന് ഈശ്വരനെ പ്രാർത്ഥിച്ച് കഴിഞ്ഞപ്പോഴാണ് ഇപ്പുറത്ത് കിടക്കുന്നവളുടെ കാൽ തന്റെ ദേഹത്തു ആണ് എന്ന് കണ്ടത്……..

ഷോർട്ട്സ് ആണ് ഇട്ടിരിക്കുന്നത്……. പുതപ്പ് എടുത്തു അവളുടെ ശരീരം ഒന്നു മൂടി…….. അതിനുശേഷം എഴുന്നേറ്റു………. എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നപ്പോൾ സീത കോഫി ഇടുന്ന തിരക്കിലാണ്……. പാലക്കാടൻ ഫിൽറ്റർ കോഫിയുടെ രുചി ആസ്വദിക്കുന്നത് ഇവിടെ വന്നതിനു ശേഷമാണ്…….. സീത ഒരു ഒറ്റപ്പാലത്തകാരി പെൺകുട്ടി…….. പാവം പെൺകുട്ടി….. ” നീ എഴുന്നേറ്റോ……? ” താമസിച്ചുപോയി……. “റിയ എവിടെ…….? ” നല്ല ഉറക്കം…… തവളച്ചാട്ടത്തിനു പോകുന്നതുപോലെ കിടപ്പുണ്ട്…… ഞാൻ ഒരു പുതപ്പെടുത്തു കാലിൽ ഇട്ടിട്ടുണ്ട്….. പറഞ്ഞപ്പോൾ അനുവിന് ഒപ്പം സീതയും ചിരിക്കുന്നുണ്ടായിരുന്നു……. പിന്നീട് തിരക്കിട്ട് ഓരോരോ ജോലികളിൽ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു…..

ചെന്നൈയിലെ മടുപ്പിക്കുന്ന ക്ലോറിൻ വെള്ളത്തിൻറെ മണം ആണെങ്കിലും ദിവസവും തല കഴുകാതെ ഇരിക്കാൻ അനുവിന്റെ ശീലങ്ങൾ അവളെ അനുവദിച്ചിരുന്നില്ല എന്നതായിരുന്നു സത്യം…….. സമയം ഏഴര അടുത്തതെ ഉള്ളൂ……… പക്ഷെ ചെന്നൈ നഗരം തിരക്കിലേക്ക് ഉണർന്നുകഴിഞ്ഞു…….. ബാൽക്കണിയിലേക്ക് നോക്കിനിൽക്കുമ്പോൾ തന്നെ കാണാം ചെന്നൈയുടെ പ്രഭാത തിരക്കിനെ കുറിച്ച്……. കുളി കഴിഞ്ഞ് തോർത്ത് തലയിൽ കെട്ടിയതിനുശേഷം സീതയുടെ രുചിയുള്ള കോഫി കുടിച്ചുകൊണ്ട് പുറത്തിറക്കി നോക്കി കാണുകയായിരുന്നു അനുരാധ…… പെട്ടന്ന് ആണ് റിയ വന്ന് കെട്ടിപ്പിടിച്ച്…… തിരിഞ്ഞു നോക്കാതെ തന്നെ അവൾ ആണ് എന്ന് അവൾക്ക് മനസ്സിലായിരുന്നു…..

ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി….. ” എല്ലാ ദിവസവും രാവിലെ ഈ ബാൽക്കണിയിൽ നിന്ന് ഈ സ്ഥിരം കാഴ്ചകൾ തന്നെയല്ലേ കാണുന്നത്…… ഇത് മടുപ്പിക്കാറേ ഇല്ലേ നിന്നെ……. അത്ഭുതത്തോടെ റിയ അതു ചോദിക്കുമ്പോൾ ചിരിയോടെ തന്നെ താൻ അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…… ” ചില കാഴ്ചകൾ അങ്ങനെയാണ്……. സ്ഥിരം കണ്ടാലും അത് നമ്മളെ മടുപ്പിക്കില്ല…… കൂടുതൽ അതിലേക്ക് അടുപ്പിക്കുകയുള്ളൂ…… ഈ കാഴ്ചയും അതുപോലെ ഒന്നാണ്…… കണ്ടില്ലേ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ആർക്കും ആരെയും ശ്രദ്ധിക്കാൻ പോലും സമയമില്ല…… എല്ലാവരും അവരവരുടെ തിരക്കുകളിലാണ്….. അവരവരുടെ ലോകങ്ങളിൽ ആണ്……

ചിരിയോടെ അവിടേക്ക് നോക്കി അനു പറഞ്ഞു….. ശേഷം കോഫി ഒന്ന് മൊത്തി….. ” മതി അനൂ….. ചില സമയത്ത് നീ സംസാരിക്കുന്നത് കേട്ടാൽ ഒരു വാലും തലയുമില്ലാത്ത രീതിയിൽ തന്നെയാണ്….. ” സമയം പോയി….. നീ വേഗം പോയി കുളിച്ച് റെഡിയായി വാ….. നമുക്ക് ഓഫീസിൽ പോണ്ടേ. ” ഓഫീസിൽ പോകാൻ കുളിച്ച് റെഡിയായി വരണം എന്ന് നിർബന്ധം ഒന്നുമില്ലല്ലോ….. “എന്റെ റിയെ…. നീ വെള്ളം കണ്ടിട്ട് എത്ര കാലമായി…… ഹോ ജന്തു…..!!സമ്മതിച്ചു ഞാൻ……! നിൻറെ തല മുടി വെള്ളം കണ്ടിട്ട് എത്ര കാലമായി…… ” ലേറ്റസ്റ്റ് കണക്കനുസരിച്ച് ഒരു രണ്ടാഴ്ച ആയിക്കാണും…… അതുകൊണ്ടാണ് എനിക്ക് ഹെയർ ലോസ് ഇല്ലാത്തെ……

നിന്നെപ്പോലെ ദിവസവും ഈ ക്ലോറിൻ വെള്ളത്തിൽ എൻറെ തലമുടി വലിച്ചാൽ മുഴുവൻ പോകും……. നമുക്ക് നിന്നെ പോലെ ഗ്ലാമർ ഒന്നും ഇല്ല…… ആകപ്പാടെ ഉള്ളത് മുടിയാ….. കല്യാണം കഴിക്കുമ്പോൾ ഇതുംകൂടി ഇല്ലെങ്കിൽ പിന്നെ കെട്ടുന്നവൻ പെട്ടുപോയി എന്ന് പറഞ്ഞാൽ മതി…… അല്ലെങ്കിലും ഈ ആമ്പിള്ളേർക്ക് മുടി എന്ന് പറഞ്ഞാൽ ഒരു വീക്ക്നെസ്സ് ആണ്…. ചിരിയോടെ അത് പറഞ്ഞു അവൾ പോകുമ്പോൾ, പെട്ടെന്ന് തന്റെ മനസ്സിൽ എന്തൊക്കെയോ ഓർമ്മകൾ ചിറകടിച്ചു പറക്കാൻ തുടങ്ങിയിരുന്നു….. മഞ്ഞ് പുതച്ച ഒരു പ്രഭാതവും മഞ്ഞ പുതച്ച ഒരു പ്രകൃതിയും, നിറയെ കുപ്പിവളകൾ അണിഞ്ഞ ഒരു പെൺകോടിയും, ഒപ്പം അവളുടെ നീണ്ടു വിടർന്ന കണ്ണുകളും, ചുരുണ്ട മുടിയിഴകളും, ചെമ്പക ഗന്ധവും ഒക്കെ……..

ഓർമ്മകൾ കാറ്റുപോലെ അവളുടെ മനസ്സിലൂടെ പോയി….. പെട്ടെന്ന് തന്നെ തികട്ടി വന്ന ഓർമ്മകൾ മറവിക്ക് വിട്ടു, മറന്നു എന്ന് നടിച്ചു ജോലികളിലേക്ക് ഊളി ഇടാൻ വേണ്ടി ശ്രമിച്ചു….. ” നിൻറെ വാർമുടിയിൽ മുഖം ഒളിപ്പിക്കാൻ എനിക്ക് കൊതിയാണ് പെണ്ണെ ………!! ആ വാക്കുകൾ മാത്രം ഇപ്പോഴും കാതിൽ അലയടിച്ചുകൊണ്ടിരുന്നു…… വ്യർത്ഥമായ വാക്കുകൾ…….. പ്രണയത്തിന്റെ ആവേശത്തിൽ വെറുതെ പറഞ്ഞ വാക്കുകൾ…… പെട്ടെന്ന് തന്നെ അവൾ മുറിയിലേക്ക് പോയി… ഒരു റയോൺ മെറ്റീരിയലിൽ ഉള്ള ഒരു ബോട്ട്നെക്ക് കുർത്തയും അതിനു ചേർന്ന ഒരു പിങ്ക് നിറത്തിലെ ബോട്ടവും അണിഞ്ഞു….. നീളമുള്ള മുടിയിൽ വെറുതെ ഒന്ന് ക്ലിപ്പ് ചെയ്ത് ഇട്ടു…….. ഒപ്പം ഐഡൻറിറ്റി കാർഡ് കഴുത്തിലേക്ക് ഇട്ടു………..

അപ്പോഴേക്കും ഒരു ജീൻസും ടീ ഷർട്ടും അണിഞ്ഞു റിയ റെഡിയായി വന്നിരുന്നു………. മുടി മുകളിലേക്ക് പൊക്കി കെട്ടി വെച്ചിരിക്കുകയാണ്……… മുഴുവനായി എടുത്തു കെട്ടി വെച്ചിരിക്കുകയാണ്……… അവൾ അടുത്തേക്ക് വന്നതും ബ്ലു ലേഡി എന്ന ആ പെർഫ്യൂമിന്റെ ഗന്ധം ആ മുറിയിൽ മുഴുവൻ പരക്കുന്നുണ്ടായിരുന്നു…… അവളുടെ ആ ഗന്ധമാണ് തൻറെ മനസ്സിലേക്ക് വീണ്ടും ഓരോ ഓർമ്മകളേ നിറയ്ക്കുന്നത് എന്ന് അനു ഓർത്തിരുന്നു…… ബ്ലൂ ലേഡി പെർഫ്യൂമിന്റെ ഒരു വല്ലാത്ത ലഹരിപിടിപ്പിക്കുന്ന ഗന്ധം ആണ്…… ആ ഗന്ധത്തിന് തൻറെ പ്രണയത്തിൻറെയും ഒപ്പം തൻറെ വിരഹത്തിന്റെയും ഗന്ധം ആണ്…… ചേർത്ത് പിടിക്കാൻ കൊതിച്ച കൈകൾ തന്നെ അകറ്റി മാറ്റിയ നിമിഷവും ആ ഗന്ധം താൻ അറിഞ്ഞിരുന്നു….. “വാ….. ഒരുപാട് സമയം പോയി….

പെട്ടെന്ന് സീത പറഞ്ഞപ്പോഴേക്കും എല്ലാവരും ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ വേണ്ടി ഇരുന്നിരുന്നു….. ബ്രേക്ഫാസ്റ്റ് എന്ന് ഒന്നും പറയാൻ പറ്റില്ലെങ്കിലും ബ്രെഡിൽ ജാം പുരട്ടി എങ്ങനെയൊക്കെയോ രണ്ടു കഷണം അകത്താക്കി അതിൻറെ കൂടെ ഒരു കപ്പ് ചായയും കൂടി കുടിച്ചു, അപ്പോഴേക്കും രാവിലത്തെ കാര്യം ഏകദേശം തീരുമാനമായി…… അതുകൊണ്ടുതന്നെ മൂന്നുപേരും ഫ്ലാറ്റ് അടിച്ചതിനുശേഷം പുറത്തേക്ക് ഇറങ്ങിയിരുന്നു…. മൂന്നാളും കീയുമായി എത്തിയപ്പോൾ ജാനകി അമ്മ മുൻപിലേക്ക് ഇറങ്ങിവന്നു…… കഴിഞ്ഞ മൂന്ന് വർഷമായി ഈ സ്ത്രീയാണ് തങ്ങളുടെ മൂന്നുപേരുടെയും അമ്മയുടെ സ്ഥാനത്ത് നിൽക്കുന്നത്…… ഹൗസ് ഓണർ ആണെങ്കിലും തങ്ങളുടെ എല്ലാ വേദനകളും തുറന്നു പറയാൻ പറ്റുന്ന ഒരു പാവം ബ്രാഹ്മണ സ്ത്രീ…….

മക്കളില്ലാത്ത വിഷമം അവർ മറക്കുന്നതും തങ്ങളെ കാണുന്നതോടെ ആണ്…… ഞങ്ങൾ മൂന്നു പേർക്കും ഒരുപോലെ ഇഷ്ടമാണ് ജാനകി അമ്മയെ…….. എന്തെങ്കിലും പ്രിയപ്പെട്ട ഭക്ഷണമൊക്കെ ഉണ്ടാക്കി തങ്ങൾക്ക് തരാൻ അവർക്കും എന്നും ഇഷ്ടമാണ്…… വൈകുന്നേരങ്ങളിൽ എന്തെങ്കിലുമൊന്ന് ഉണ്ടാക്കി മൂന്നുപേരും ജോലി കഴിഞ്ഞു വരുമ്പോഴേക്കും ജാനകി അമ്മ കാത്തിരിക്കും….. അത് പൊങ്കലോ, രസവടയൊ അങ്ങനെ എന്തെങ്കിലും ആകും…… ” സത്യം പറഞ്ഞാൽ ഞാൻ എൻറെ അമ്മച്ചിയെ പറ്റിയുള്ള വിഷമം മറക്കുന്നത് ഇവരെ കാണുമ്പോൾ ആണ്…. അങ്ങോട്ടുള്ള യാത്രയിൽ റിയ പറഞ്ഞപ്പോൾ, ഒരു വേള അനുവിന്റെ മനസ്സിലും ശ്രീദേവിയുടെ മുഖം തെളിഞ്ഞു വന്നിരുന്നു…. ” അമ്മ…….!!

തന്റെ എല്ലാ വേദനകളുടെയും മരുന്ന് ആയിരുന്നു അമ്മ….. അമ്മ മാത്രമേ തന്നെ അടിമുടി മനസ്സിലാക്കിയിട്ടുള്ളു…… അല്ലെങ്കിലും ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങളെയും ഒരു പെൺകുട്ടിയെയും അടിമുടി മനസ്സിലാക്കാൻ അവളുടെ അമ്മയ്ക്ക് അല്ലാതെ മറ്റാർക്കാണ് കഴിയുന്നത്….. ഓടിക്കൊണ്ടിരിക്കുന്ന മെട്രോ ട്രെയിന് ഒപ്പംതന്നെ തന്റെ ചിന്തകളും നാട്ടിലേക്ക് പോകുന്നത്……. അനുരാധ അറിയുന്നുണ്ടായിരുന്നു പെട്ടെന്നുതന്നെ ആ ചിന്തകളെ മറവിക്ക് വിട്ടു കൊടുക്കാൻ ശ്രമിച്ചു…… കഴിയില്ലെന്ന് അറിയാമെങ്കിലും…… അമ്മയായിരുന്നു തനിക്ക് വേണ്ടി വാദിച്ചതും, തൻറെ പേരിൽ എല്ലാ വേദനകളും അനുഭവിച്ചതും….. എന്തിന് ഒടുവിൽ വളർത്തുദോഷം എന്ന് പറഞ്ഞ് എല്ലാവരും പഴിച്ചതും അമ്മയെ തന്നെയായിരുന്നു……..

അപ്പോഴും അമ്മ തന്നെ തള്ളിപ്പറഞ്ഞില്ല, തന്റെ വേദനകൾകൊപ്പം നിന്നു……. തൻറെ മനസ്സ് മനസ്സിലാക്കിയ ഒരേ ഒരാൾ…….. താനും തൻറെ കുടുംബവുമായുള്ള ബന്ധം ഇപ്പോഴും നിലനിർത്തുന്ന ഏക കണ്ണി……. അമ്മയെപ്പറ്റി ഓർത്തപ്പോൾ അറിയാതെ വീണ്ടും അവളുടെ കണ്ണുകൾ നിറയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു….. ആരും കാണാതെ പതുക്കെ മിഴിനീർ കൈകൾ കൊണ്ട് ഒപ്പി….. അപ്പോഴും ഓർമ്മകൾ വല്ലാതെ മനസ്സിനെ മഥിച്ചു തുടങ്ങിയിരുന്നു……… മറക്കാൻ ആഗ്രഹിച്ചതൊക്കെ പാഞ്ഞു അടുത്തേക്ക് വരുന്നു…….. മിഴിവോടെ തെളിയാൻ വെമ്പിനിൽക്കുന്ന ഓർമകളെ അവൾ മനപ്പൂർവ്വം വീണ്ടും മറവിയുടെ ചട്ടക്കൂടിലേക്ക് എറിഞ്ഞു……… ട്രെയിൻ സ്റ്റോപ്പിൽ നിന്നിരുന്നു…….

പെട്ടെന്ന് അവിടെ നിന്ന് പുറത്തേക്കിറങ്ങി……. സ്ഥിരം വഴികളിലൂടെ നടന്ന് പരിചിത മുഖങ്ങൾക്ക് ഒക്കെ ഒരു പുഞ്ചിരി സമ്മാനിച്ച വിബ്രോ എന്ന് എഴുതിയ കമ്പനിയുടെ മുറ്റത്തേക്ക് കടന്നപ്പോൾ അവൾ ആലോചിക്കുകയായിരുന്നു, നാട്ടിലെ ഒരു പാവാടക്കാരി പെൺകുട്ടി, ചെന്നൈ നഗരത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു…… മൂന്നുവർഷമായി ഒറ്റയ്ക്ക് ഈ നഗരത്തിൽ ജോലി ചെയ്തു ജീവിക്കുന്നു…… താൻ ഇങ്ങനെയൊക്കെയായിരുന്നൊ…..? തനിക്ക് ഇങ്ങനെയൊക്കെ ആകാൻ കഴിയുമായിരുന്നോ…….? അല്ലെങ്കിലും ഒരു മനുഷ്യൻറെ സാഹചര്യങ്ങളാണ് അവരെ പുതിയ വ്യക്തികൾ ആക്കി മാറ്റുന്നത്……. കുട്ടനാട് എന്ന ഗ്രാമത്തിനപ്പുറം ഒരു സ്വപ്നവും കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടി…….. ആ ഗ്രാമത്തെ ചുറ്റിപ്പറ്റിയായിരുന്നു അവളുടെ സ്വപ്നങ്ങൾ……

അവിടുത്തെ കായൽപരപ്പിൽ ആയിരുന്നു അവളുടെ മോഹങ്ങൾ…… അവിടുത്തെ കാറ്റിനു പോലും പരിചിതം ആണ് ആ പെൺകൊടിയേ…….. ആ ഗ്രാമത്തിൽ നിന്നായിരുന്നു അവളുടെ ആഗ്രഹങ്ങൾ……. അതിനപ്പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല……… അതിനപ്പുറത്തേക്കുള്ള ലോകം അവൾ സ്വപ്നം കണ്ടില്ല എന്നതായിരുന്നു സത്യം….. ആ ലോകം അറിയാൻ അവൾ ശ്രമിച്ചിരുന്നില്ല…… അവളുടെ സന്തോഷങ്ങൾ എല്ലാം ആ ഗ്രാമത്തിലായിരുന്നു……. ഒരു പട്ടുപാവാടക്കാരി പെൺകുട്ടി, സ്വപ്നങ്ങളുമായി പാറി കളിച്ചിരുന്ന ഒരു പൂമ്പാറ്റ പെണ്ണ്…….. അവൾ ആണ് ഇപ്പോൾ ഈ നാഗരികതയുടെ ഭാഗം ആയി മാറ്റപെട്ടിരിക്കുന്നത്……. ഒരിക്കലും ജീവിതത്തിൽ താൻ വന്നു പെടുമെന്ന് പോലും ചിന്തിക്കാത്ത അവസ്ഥകളിൽ വന്നുനിൽക്കുന്നത്…….

സാഹചര്യങ്ങളാണ് ഒരു മനുഷ്യനെ മാറ്റുന്നത്…… കൂടുതലും പെൺകുട്ടികളെ…… ഇന്നത്തെ ദിവസം രാവിലെ മുതൽ ഓർമ്മകൾക്ക് വല്ലാത്ത വേഗമാണ്…….. എത്ര അടക്കിനിർത്താൻ ശ്രമിച്ചിട്ടും അവ പുറത്തുവരുന്നത് പോലെ…… അകത്തേക്ക് കയറി പഞ്ച് ചെയ്ത് എല്ലാവരുടെ മുന്നിലും ഒരു ചിരി കാണിച്ചു ദുഃഖം ഒളിപ്പിച്ച് അവൾ സ്വന്തം സിസ്റ്റത്തിന് മുൻപിൽ ഇരുന്നു….. ജോലികളിൽ വ്യാപൃതയായി…… എങ്കിലും ഇടയ്ക്കു വീണ്ടും തിങ്ങി വരുന്ന ഓർമകൾ അവളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു……. ആ ഓർമ്മകളിലേക്ക് പോയാൽ തൻറെ മനസ്സിൽ വീണ്ടും വേദനകളുടെ വലിയ നിര നിറയും എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ഒരുപാട് ആഴങ്ങളിലേക്ക് ചിന്തിക്കാതെ അവയെല്ലാം മറവിക്ക് വിട്ടുകൊടുക്കാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു…….

ജോലിയിൽ ശ്രദ്ധിക്കാൻ കഴിയാതെ വന്നപ്പോൾ കുറച്ച് സമയം സിസ്റ്റം ഓഫ് ആക്കി, ഫോണെടുത്തു……. വെറുതെ അലസമായി ഇരിക്കുന്ന സമയത്ത് ആദ്യം ഫെയ്സ്ബുക്ക് ഓൺ ആക്കി, വെറുതെ ഫേസ്ബുക്കിൽ വിരലോടിച്ചു…… ഓരോ ചിത്രങ്ങളിലൂടെയും പരിചയക്കാരുടെ മുഖങ്ങളിലൂടെയുമൊക്കെ വെറുതെ വെറുതെ ഒരു ഓട്ടപ്രദക്ഷിണം നടത്തി…… ടൈംലൈൻ വഴി കണ്ട ചിത്രങ്ങളൊക്കെ വെറുതെ ലൈക് കൊടുത്തു…….. കോളേജിൽ പഠിച്ചിരുന്ന ചില സുഹൃത്തുക്കൾ ഒരുമിച്ച് നിൽക്കുന്നതും കുടുംബത്തോടൊപ്പം നിൽക്കുന്നതും ചിലർ കല്യാണം കഴിഞ്ഞ് നിൽക്കുന്നതുമായ ഫോട്ടോ കണ്ടപ്പോൾ വീണ്ടും ഓർമ്മകൾ അവിടേക്ക് തന്നെയാണ് കൊണ്ടുവന്ന എത്തുന്നത് എന്ന് തോന്നിയിരുന്നു……

മൂന്ന് മാസമേ ആയുള്ളൂ ഫേസ്ബുക്കിൽ അക്കൗണ്ട് എടുത്തിട്ട്……. തനിക്ക് താൽപര്യം ഉണ്ടായിട്ട് അല്ല……. റിയയുടെ നിർബന്ധത്തിനു ചെയ്തതാണ്…… അക്കൗണ്ട് എടുത്തപ്പോൾ തന്നെ കുറെ സുഹൃത്തുക്കളും മറ്റും ഇങ്ങോട്ട് റിക്വസ്റ്റ് അയച്ചിരുന്നു……. അക്‌സെപ്റ്റ് ചെയ്യാതിരിക്കുന്നത് ബുദ്ധിമോശം ആയതുകൊണ്ട് മാത്രം ഒഴിവാക്കാൻ കഴിയാത്ത വരെ മാത്രം അക്സെപ്റ്റ് ചെയ്ത് ഫ്രെണ്ട് ലിസ്റ്റിൽ ചേർത്തു……. 36 പേർ മാത്രമേ ലിസ്റ്റിൽ ഉള്ളൂ …….. എങ്കിലും എപ്പോഴും ഓരോ ഫോട്ടോകളും മറ്റും കാണുമ്പോൾ താൻ നാടിനെക്കുറിച്ചും തന്നെ ജീവിതത്തെക്കുറിച്ചും ഒക്കെ ചിന്തിക്കാറുണ്ട്…….. അപ്പോഴാണ് ഫ്രണ്ട് റിക്വസ്റ്റ് ബട്ടൻ ചുവന്ന കിടക്കുന്നത് കണ്ടത്……. വെറുതെ വിരലുകൾ അവിടെക്ക് പാഞ്ഞു……

റിക്വസ്റ്റ് കൊടുത്തിരുന്ന ആളുടെ പേര് വായിച്ചപ്പോൾ തന്നെ മനസ്സിൽ വീണ്ടും ഓർമ്മകൾ ഒരു തിരയോട്ടം തന്നെ സൃഷ്ടിച്ചിരുന്നു…… ” ഫാദർ ബെഞ്ചമിൻ കളപ്പുരയ്ക്കൽ….” ഫാദർ തിരുവസ്ത്രത്തിൽ നൽകുന്ന വേഷത്തിൽ ഉള്ള ഒരു ചിത്രവും അതിനോടൊപ്പം കണ്ടു…… സംശയനിവാരണത്തിനായി ഒന്നുകൂടി പ്രൊഫൈലിൽ കയറി ചെക്ക് ചെയ്തു….. അത് ബെഞ്ചമിൻ ഫാദർ തന്നെയാണ്……. ഇല്ല ഇനിയും ഓർമ്മകൾ എത്ര തടഞ്ഞു നിർത്താൻ ശ്രേമിച്ചാലും, എത്ര മനസ്സിൽ അടക്കം ചെയ്താലും പുറത്തേക്ക് വരും എന്ന് അവൾക്ക് ഉറപ്പായിരുന്നു…… ഒരു നിമിഷം അവൾ കണ്ണുകൾ അടച്ച് തന്റെ ഭൂതകാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തി…… കാത്തിരിക്കൂ……🌼

പുതിയ കഥയാണ്ട്ടോ….. ആദ്യമേ പറയട്ടെ ഒരുപാട് ട്വിസ്റ്റുകളും പഞ്ച് ഡയലോഗുകളും ഒന്നുമില്ലാത്ത ഒരു കുഞ്ഞു പ്രണയകഥയാണ്……. മിക്കവാറും ഒരു 20 പാർട്ടിൽ തീരാൻ ചാൻസ് ഉള്ള ഒരു കഥ……. കഥയുടെ ആദ്യഭാഗത്തു ഫേസ്ബുക് ഒക്കെ വന്നെങ്കിലും ഇത് അല്പം പഴയ കഥ ആണ്, കോയിൻ ബോക്സ്‌ ഒക്കെ ഉണ്ടായിരുന്ന കാലത്തെ ഒരു കഥ……. നിങ്ങൾ സ്വീകരിക്കും എന്ന പ്രതീക്ഷയോട്… ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

Share this story