നീ മാത്രം…❣️❣️ : ഭാഗം 2

നീ മാത്രം…❣️❣️ : ഭാഗം 2

എഴുത്തുകാരി: കീർത്തി

വെളുത്തു നീണ്ട വിരലുകൾ. ഫുൾ സ്ലീവ് ഷർട്ട്‌ ധരിച്ച കൈകളിൽ നിന്നും നോട്ടം മുകളിലേക്ക് സഞ്ചരിച്ചു. ആറടി ആറിഞ്ച് പൊക്കത്തിൽ ഒരു ചുള്ളൻ ചേട്ടൻ. എന്നെപോലെ തന്നെ ആ മുഖത്തും അത്ഭുതമായിരുന്നു. പരസ്പരം രണ്ടുപേരും ചോക്കലേറ്റിലേക്കും മുഖത്തേക്കും മാറി മാറി നോക്കി. ഒരേസമയം ചോക്കലേറ്റിലുള്ള ഞങ്ങളുടെ പിടിവിട്ട് അത് താഴെ വീണു. ഒരു ചോക്കലേറ്റിന് രണ്ട് അവകാശികളോ? സാരമില്ല. അതിൽ ചിലപ്പോൾ അയ്യാളുടെ പേരായിരിക്കും ദൈവം കുറിച്ചുവെച്ചത്. കൈക്കെത്തിയത് വായിലേക്കെത്തിയില്ല. ആ ദുഷ്ട ഗീതുന്റെ ആഗ്രഹം പോലെത്തന്നെ ആയി. നോക്കിയപ്പോൾ അയ്യാളുടെ ബാസ്കറ്റിൽ നിറയെ ടോയ്സും ചോക്ലേറ്റ്സുമാണ് ഉള്ളത്.

അത് പോരാഞ്ഞിട്ട് ഇതും വേണോ? ഞാൻ ചിന്തിച്ചു. എന്നാലും അതൊന്നും പുറത്ത് കാണിക്കാതെ ഞാനത് നിലത്തൂന്ന് എടുത്ത് അയ്യാൾക്ക് നേരെ നീട്ടി. “ഇറ്റ്സ് ഓക്കേ താൻ എടുത്തോളൂ. ” അയ്യാൾ പറഞ്ഞു. “സാരല്ല്യ. ഇത് സാറെടുത്തോളു. ഞാൻ വേറെ വാങ്ങിച്ചോളാം. ” “അതിന് ഇത് ഒന്നല്ലേ ഉള്ളു?. ” “ബില്ലിങ്ങിന്റെ അവിടെ വെക്കാറുണ്ട്. ഞാൻ അവിടുന്ന് വാങ്ങിച്ചോളാം. ” “ഓക്കേ ഫൈൻ. താങ്ക്സ്. ” ആ മാന്യദ്ദേഹം നന്ദിയും പറഞ്ഞ് അതും വാങ്ങിച്ച് പോയി. അയ്യാള് പോകുന്നതും നോക്കി കുറച്ചു നേരം വായും പൊളിച്ചു നിന്നു. എന്തായാലും ആള് കൊള്ളാം. കിടു. ഒരിത്തിരി ഗൗരവം മുഖത്തും വാക്കിലും ഉണ്ടെന്നതൊഴിച്ചാൽ ആള് സൂപ്പർ ആണ്. ഞാൻ പോലും അറിയാതെ എന്നിലെ കുഞ്ഞിക്കോഴി തലയുയർത്തി.

എന്നിൽ ഒരു നല്ല വായിനോക്കി ഉണ്ടെന്ന സത്യം ഞാനപ്പോഴാണ് തിരിച്ചറിഞ്ഞത്. ആരാണോ എന്തോ? ഇനി കാണുമോന്ന് കൂടി അറിയില്ല. കഷ്ടം. വേണ്ടതെല്ലാം വാങ്ങിച്ച് ഞാനും ഗീതുവും ബില്ലിങ്ങിലേക്ക് ചെന്നു. “നീ എല്ലാം വാങ്ങിച്ചു വായോ ഞാൻ പോയി പാർക്കിങ്ങിൽന്ന് വണ്ടിയെടുക്കട്ടെ. ” അതും പറഞ്ഞു ഗീതു പുറത്തേക്ക് പോയി. ഞാൻ എല്ലാം വാങ്ങിച്ചു തിരിഞ്ഞതും ബില്ലിങ്ങില് ഉണ്ടായിരുന്ന ചേച്ചി എന്നെ തിരിച്ചു വിളിച്ചു. എന്നിട്ട് ടേബിളിലെ ഷെൽഫിൽ നിന്നും ഒരു ചോക്ലേറ്റ് എനിക്ക് നേരെ നീട്ടി. സത്യം പറഞ്ഞാൽ ഞാനതങ്ങ് മറന്നുപോയിരുന്നു. പക്ഷെ ഞാൻ ചോദിക്കുക പോലും ചെയ്യാതെ പുള്ളിക്കാരി ഇതെങ്ങനെ അറിഞ്ഞു. ഞാനോർത്തു. “ഇത് കുട്ടിക്ക് തരാൻ പറഞ്ഞു. ”

എന്റെ മുഖത്തെ സംശയഭാവം കണ്ട് ചേച്ചി പറഞ്ഞു. “ആര്? “ഒരു സാർ. ഇപ്പൊ പോയെ ഉള്ളു. ദേ ആ സാറാണ്. ” ചേച്ചി പുറത്തേക്ക് എത്തിനോക്കികൊണ്ട് എനിക്ക് ആളെ കാണിച്ചു തന്നു. നേരത്തെ കണ്ട ആളായിരുന്നു അത്. അയ്യാള് കാറിലേക്ക് സാധനങ്ങൾ എടുത്തുവെക്കുകയായിരുന്നു. പെട്ടന്ന് ബില്ലിംഗ് തീർത്ത് ഞാനയ്യാളുടെ അടുത്തേക്ക് ഓടി. അടുത്ത് എത്താറായതും ആള് കാറിൽ കയറി പോയി. ഭാഗ്യം ആരും കണ്ടില്ല. ഗീതു വന്നതും നേരം കളയാതെ വേഗം വീടെത്തി. ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു കൊണ്ടിരുന്നു. അരിമണി പെറുക്കാൻ എന്റെ ജീവിതം പിന്നെയും ബാക്കി. ഗീതു ജോലിക്ക് പോയി കഴിഞ്ഞാൽ ഞാനാ വീട്ടിൽ തനിച്ചാണ്.

അപ്പോഴെല്ലാം എനിക്ക് കൂട്ട് എന്റെ പാറുക്കുട്ടിയാണ്. ഞങ്ങളുടെ സ്വന്തം ടീച്ചറമ്മ. പാർവതി ടീച്ചർ. ഒരു പ്രൈവറ്റ് സ്കൂളിൽ സംഗീതടീച്ചറായിരുന്നു. ഇപ്പൊ റിട്ടേർഡ് ആയി വീട്ടിൽ തന്നെ അടുത്തുള്ള വീടുകളിലെ കുറച്ചു കുട്ടികളെ സംഗീതം പഠിപ്പിച്ച് പോകുന്നു. ടീച്ചർ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. പ്രായം പത്തുനാല്പത് ആയി. ഒരു പഴയ പ്രണയകഥയിലെ വിരഹനായികയാണ് ആള്. ടീച്ചർ പണ്ട് സംഗീതം പഠിച്ചിരുന്ന സമയത്ത് കോളേജിലെ ഒരു മാഷുമായി പ്രണയത്തിലായിരുന്നു. അവിടുത്തെ വയലിൻ അധ്യാപകൻ. ടീച്ചർ ഇച്ചിരി ഉയർന്ന കുടുംബത്തിലെ അംഗമാണ്. അദ്ദേഹം ആകട്ടെ ഒരു സാധുവും. വീട്ടിൽ അല്പം പ്രാരബ്ധങ്ങളും പരിവട്ടവുമായി പോകുന്ന പാർട്ടി.

ആദ്യം എതിർത്തെങ്കിലും ദിവസങ്ങൾ നീണ്ട ടീച്ചറുടെ സമരത്തിന് ഒടുവിൽ ടീച്ചറുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചതായിരുന്നു. അങ്ങേര് വീട്ടിൽ പോയി അമ്മയെ കൂട്ടി ഔദ്യോഗികമായി ടീച്ചറെ പെണ്ണുകാണാൻ വരാമെന്നും ശേഷം ഉടനെ വിവാഹം നടത്താമെന്നും പറഞ്ഞ് പോയതാണത്രേ. പിന്നീട് ആള് തിരിച്ചു വന്നില്ല. ആർക്കും ഒരറിവുമില്ല. എത്ര നിർബന്ധിച്ചിട്ടും മറ്റൊരു വിവാഹത്തിന് സമ്മതിക്കാതെ ഇന്നും അയ്യാളെ കാത്തിരിക്കുകയാണ് ടീച്ചർ. അദ്ദേഹത്തിന് ഒരിക്കലും തന്നെ ചതിക്കാനാവില്ലെന്ന് ടീച്ചർ വിശ്വസിക്കുന്നു. ടീച്ചറുടെ വീട്ടുകാർ ആ പാവത്തിനെ എന്തേലും ചെയ്തോ എന്നാണ് എന്റെ ബലമായ സംശയം. അത് ടീച്ചറോട് പറയാനുള്ള ധൈര്യവും എനിക്കില്ല.

ഇന്നും ആ നല്ല ഓർമകളിൽ ജീവിക്കുകയാണ് പാവം ഞങ്ങളുടെ ടീച്ചറമ്മ. ഇടയ്ക്കൊക്കെ ആ കഥകളും പറഞ്ഞു തരാറുണ്ട്. കഥ കഴിഞ്ഞാൽ കുറച്ചു നേരത്തേക്ക് ടീച്ചർ ഒന്നും മിണ്ടില്ല. വിദൂരതയിൽ നോക്കിയിരിക്കുന്നത് കാണാം. ആ മനസ് അറിയാവുന്നത് കൊണ്ട് അതിന് ഭംഗം വരുത്താറുമില്ല. പക്ഷെ ആ മിഴിക്കോണിൽ നീർച്ചാലുകൾ രൂപപ്പെട്ടുതുടങ്ങിയാൽ പിന്നെ അങ്ങനെ ഇരിക്കാൻ സമ്മതിക്കില്ല. എനിക്കും വിഷമമാകും. എന്തേലും പറഞ്ഞു വിഷയം മാറ്റും. ടീച്ചറാണ് ഇപ്പോൾ ഞങ്ങളുടെ ഗാർഡിയൻ. ഞങ്ങളെ രണ്ടാളെയും ടീച്ചറെ ഏല്പിച്ചാണ് അങ്കിളും ആന്റിയും വണ്ടി വിട്ടത്. ഗീതു പോയികഴിഞ്ഞാൽ ടീച്ചറമ്മയുടെ അടുത്ത് പോയി ഇരിക്കും.

സംസാരിച്ചിരിക്കും, ചിലപ്പോഴൊക്കെ ഒത്തിരി കഥ പറഞ്ഞു തരും, ചിലപ്പോൾ ഒരുമിച്ച് പാചകം ചെയ്യും, എനിക്ക് ഇന്റർവ്യൂന് വേണ്ട നിർദേശങ്ങള് തരും, പിന്നെ ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്നതും കേട്ട് ഇരിക്കും അങ്ങനെ അങ്ങനെ….. സംഗീതം ഇഷ്ടമാണെങ്കിലും പഠിക്കാൻ ഇതുവരെ മെനക്കെട്ടിട്ടില്ല. വെറുതെ എന്തിനാ ഇപ്പോഴുള്ള പാട്ടുകാരുടെ കഞ്ഞിയിൽ ഞാനായിട്ട് മണ്ണ് വാരിയിടുന്നത്. അതുകൊണ്ട് നമുക്ക് ആസ്വാദനം മാത്രം മതി. അറിയാവുന്ന പോലെ ഇടയ്ക്ക് മൂളും അത്രതന്നെ. അതും എന്റെ

🎶 നീലരാവ് മാത്രം. രാവിലെ എന്നത്തേയും പോലെ ഗീതു ജോലിക്ക് പോയി. ഈയിടെയായിട്ട് കാലൻ ബോസിനെ കുറ്റം പറയുന്നത് അല്പം കുറവാണ്. കാലൻ നന്നായതാണോ അതോ ഇവള് നന്നായതാണോ എന്തോ? കുറച്ചു കഴിഞ്ഞപ്പോൾ ടീച്ചറമ്മയുടെ അനുഗ്രഹവും വാങ്ങിച്ച് ഞാനും ഇന്റർവ്യൂന് പുറപ്പെട്ടു. ഇന്റർവ്യൂന് ഒത്തിരി ഉദ്യോഗാർത്ഥികൾ വന്നിരുന്നു. ക്യാബിനുള്ളിലേക്ക് വിളിക്കുമ്പോൾ പലരും നെഞ്ചിൽ കൈവെച്ച് പ്രാർത്ഥിക്കുന്നത് കണ്ടു. ചിലർ സമാധാനമില്ലാതെ ഉലാത്തിക്കൊണ്ടിരിക്കുന്നു. വേറെ ചിലർ കോൺഫിഡൻസോട് കൂടി ശുഭപ്രതീക്ഷയിൽ ഇരിക്കുന്നു.

നമ്മള് പിന്നെ KKPP ന്നുള്ള രീതിയിൽ എല്ലാരേം നോക്കിയിരുന്നു. അങ്ങനെ എന്റെ ഊഴവും കാത്ത് ഇരിക്കുമ്പോളാണ് ഇന്റർവ്യൂ നടക്കുന്നതിന്റെ തൊട്ടടുത്തുള്ള ക്യാബിനിൽ നിന്നും ഇറങ്ങിവരുന്ന ആള് എന്റെ ശ്രദ്ധയിൽപ്പെട്ടത്. അന്ന് സൂപ്പർ മാർക്കറ്റിൽ വെച്ച് കണ്ട സാറായിരുന്നു. അന്ന് ഏതായാലും നന്ദി പറയാൻ പറ്റിയില്ല. അത് ഇപ്പോൾ തീർത്തേക്കാമെന്ന് വിചാരിച്ച് സാറിന്റെ പിറകെ ചെന്നു. “സാർ…. ” വിളി കേട്ട് തിരിഞ്ഞു നോക്കിയ അദ്ദേഹത്തിന്റെ മുഖം ആദ്യം അത്ഭുതം കൊണ്ടോന്ന് തിളങ്ങി. പെട്ടന്ന് തന്നെ അത് ഗൗരവത്തിന് വഴി മാറി. എന്നിട്ട് എന്നെ മനസിലാവാത്തത് പോലെ പുരികം ചുളിച്ച് നോക്കുന്നത് കണ്ടു. “സാർ… ഞാൻ അന്ന്… സൂപ്പർ മാർക്കറ്റിൽ….. ചോക്ലേറ്റ്…. ”

ചെറിയൊരു പദസൂചനകൾ കൊടുത്തു നോക്കി. “ആഹ്… യെസ് യെസ് യെസ്. എന്തിനാ വിളിച്ചത്? ” എവിടുന്നോ ഓർത്തെടുത്ത പോലെ പറഞ്ഞ ശേഷം ഗൗരവത്തിൽ ചോദിച്ചു. “അത്… പിന്നെ…. ഞാൻ…. താങ്സ് പറയാൻ. അന്ന് പറ്റിയില്ലല്ലോ. അതാ ഇപ്പോൾ കണ്ടപ്പോൾ….. ” “ഓക്കേ. എന്നാ പറഞ്ഞോളൂ. ” ഏഹ്… ഇതെന്തോന്ന് സാധനം? ഞാൻ അന്തം വിട്ട് വാ പൊളിച്ചു പോയി. ആ.. എന്തേലും ആവട്ടെ. “താങ്സ്. ” “നോ മെൻഷൻ. താൻ ഇവിടെയാണോ വർക്ക്‌ ചെയ്യുന്നത്? ” “ഇതുവരെ അല്ല. ഇന്റർവ്യൂല് സെലക്ട്‌ ചെയ്താൽ ഇവിടെ വർക്ക്‌ ചെയ്യും. ” “ബെസ്റ്റ് ഓഫ് ലക്ക്. ” “താങ്ക് യൂ സാർ. ഐആം ഗാഥ. ” വലതുകൈ സാറിന് നേരെ നീട്ടിക്കൊണ്ട് ഞാൻ സ്വയം പരിചയപ്പെടുത്തി. “ആനന്ദ്. ” ഭാഗ്യം നാറിയില്ല.

ഷേക്ക്‌ ഹാൻഡ് തന്നു. “സാർ….. ഇവിടെയാണോ….? ” “അല്ല. ഫ്രണ്ട്നെ കാണാൻ വന്നതാ. ” പിന്നീട് വലിയ എയർ പിടിത്തം ഒന്നും ഉണ്ടായില്ല. ഞാനിപ്പോൾ ഇന്റർവ്യൂന് വന്നിരിക്കുന്നത് പോലൊരു കമ്പനിയുടെ MD യാണ് താനെന്ന് സാർ പറഞ്ഞു. സംസാരിച്ചു കഴിഞ്ഞ് യാത്ര പറഞ്ഞ് സാർ പോകാനായി തിരിഞ്ഞു നടന്നു. പെട്ടന്ന് എന്തോ ഓർത്തത് പോലെ തിരിച്ചു എന്റടുത്തേക്ക് തന്നെ വരുന്നത് കണ്ടു. “പിന്നെയ്….. ഒരു കാര്യം…. ” സ്വരം താഴ്ത്തി എന്തോ രഹസ്യം പോലെ പറഞ്ഞു തുടങ്ങിയതും എന്താണെന്നറിയാൻ ഞാനും ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി കൊണ്ട് നിന്നു.😭😭😭 (തുടരും)

നീ മാത്രം…❣❣ : ഭാഗം 1

Share this story