ദാമ്പത്യം: ഭാഗം 38

ദാമ്പത്യം: ഭാഗം 38

എഴുത്തുകാരി: തുഷാര ലക്ഷ്മി

ശ്രീ…!!!! ആർദ്രമായ ആ സ്വരം കാതിനരികിൽ കേട്ടതും പെട്ടെന്നവൾ കണ്ണുകൾ വലിച്ചു തുറന്നു… എവിടെ…എവിടെയാണ് അഭിയേട്ടൻ.. താനിപ്പോൾ ആ സ്വരം കേട്ടതാണല്ലോ..പക്ഷേ അത് തന്റെ തോന്നലായിരുന്നുവെന്നും താനിപ്പോഴും ഐസിയുവിനു മുന്നിലെ കസേരയിൽ ഇരിക്കുകയാണെന്നു ബോധ്യം വന്നതും കണ്ണുകൾ തന്നെ ചതിക്കാനൊരുമ്പെടുന്നത് അവളറിഞ്ഞു…. വയ്യ അഭിയേട്ടാ…ഇനിയുമെന്നെ ഒറ്റയ്ക്കാക്കല്ലേ… ഇനിയൊരു നഷ്ട്ടം കൂടി ഏട്ടന്റെ ശ്രീയ്ക്ക് താങ്ങാനാകില്ല…

എന്നെ ഒറ്റയ്ക്കാക്കി പോകുകയാണെങ്കിൽ കൂടെ ഞങ്ങളും വരും…ഈ ശ്രീയും,പിന്നെ നമ്മുടെ കുഞ്ഞുവും… നിറയാൻ തുടങ്ങിയ മിഴികളെ അതിനനുവതിക്കാതെ വാശിയോടെ അവയെ ഇറുക്കി അടച്ചു… ഉള്ളിലൊരു തീമഴ പെയ്യുകയാണ്‌….കാത്തിരിപ്പിനു ദൈർഘ്യമേറുമ്പോൾ അതിന്റെ ചൂടിൽ ശരീരഭാഗങ്ങൾ കൂടി പൊള്ളി അടർന്നുവീഴും… നിരാശയുടെ പടുകുഴിയിലേക്ക് വീണുപോയ തന്നെ ആദ്യം വാക്കുകളിലൂടെയും പിന്നെ സ്നേഹത്തിലൂടെയും കരുതലിലൂടെയും ജീവിതത്തിലേക്ക് കൈപിടിച്ച് തിരികെ കൊണ്ടു വന്നത് അഭിയേട്ടനാണ്…

അതിനായി സ്വന്തം ജീവിതം പോലും തനിക്കു നൽകിയവനാണ്..ഒരിക്കലും തന്നെ സങ്കടപ്പെടുത്തില്ലെന്നു വാക്ക് തന്നവനാണ്…. ആ ആളാണ് ഇപ്പോൾ തന്റെ സങ്കടം കാണാതെ അകത്തു കിടക്കുന്നത്.. അപ്പോഴും അവളുടെ ഉള്ളൂ കിടന്നു പിടക്കുന്നുണ്ടായിരുന്നു അവനെ ഓർത്തു… പതിയെ കണ്ണുകൾ തുറന്നവൾ തന്റെ വലതു കൈ നിവർത്തി… ഉള്ളംകയ്യിലിരിക്കുന്ന ചെറിയ ശിവലിംഗത്തിലേയ്ക്ക് ഉറ്റുനോക്കിയിരുന്നു…ചെറുതിലെ എപ്പോഴോ അമ്മമ്മ കൊടുത്തതായിരുന്നു അത്….

അന്നുതൊട്ടിന്നോളം തന്റെ ബാഗിൽ തന്നെ ഉണ്ടായിരുന്നു ഇതും…. പേടിയോ,വിഷമമോ വരുന്ന അവസരങ്ങളിൽ അതിങ്ങനെ കയ്യിൽ മുറുകെ പിടിച്ചിരിക്കും..അതൊരു ധൈര്യമാണ്..ദൈവം കൂടെയുണ്ടെന്ന് സ്വയം പറഞ്ഞു ആശ്വസിപ്പിക്കാനെന്ന പോലെ… എന്റെ മഹാദേവാ….!!എന്റെ പ്രാണനാണ് അകത്തു കിടക്കുന്നത്..ജീവിച്ചു തുടങ്ങിയിട്ടേയുള്ളൂ ഞങ്ങൾ…അപ്പോഴേക്കും എന്നിൽ നിന്നു പിരിച്ചു കൊണ്ടു പോകരുതേ.. അവളാ ശിവലിംഗം കൈകളിൽ മുറുക്കി പിടിച്ചു വീണ്ടും കണ്ണുകളടച്ചിരുന്നു… ജീവിതമാണ്… എപ്പോൾ വേണമെങ്കിലും പ്രതിസന്ധികളുണ്ടാകാം…

എന്തിനും ഞാൻ കൂടെയുണ്ടാകും…ചിലപ്പോൾ നീ ഒറ്റയ്ക്ക് നേരിടേണ്ടി വരുന്ന സാഹചര്യങ്ങളുമുണ്ടാകാം… അപ്പോൾ ഞാൻ ജീവിതത്തിൽ ഒരുപാടു കണ്ണുനീര് കുടിച്ചവളാണ്…എന്നിട്ടും എനിക്ക് മാത്രമെന്താ എന്നും ഇങ്ങനെ വേദന മാത്രം… എന്നൊക്കെ ആലോചിച്ചു തളർന്നു പോകരുത്…ധൈര്യമായി നേരിടണം… എന്ത് ദുരന്തമായാലും….അതിപ്പോൾ പ്രിയപ്പെട്ട ആരുടെയെങ്കിലും വേർപാടാണെങ്കിൽ പോലും…അഭിമന്യൂവിന്റെ ഭാര്യയാണ് നീ…ആ ഓർമ്മ വേണം എപ്പോഴും… വെറുതെ കരഞ്ഞു വിളിച്ചു എനിക്ക് കൂടി നാണക്കേടുണ്ടാക്കരുത്….

അവന്റെ വാക്കുകൾ തനിക്കു ചുറ്റും മുഴങ്ങി കേൾക്കുന്നതു പോലെ തോന്നി ആര്യയ്ക്ക്.. അതേ അഭിമന്യൂവിന്റെ ഭാര്യയാണ് താൻ…ഇങ്ങനെ തളർന്നിരുന്നുകൂടാ…അഭിയേട്ടൻ തിരിച്ചു വരും….അപ്പോൾ താനിങ്ങനെ തളർന്നുപോയി എന്നറിഞ്ഞാൽ, കുഞ്ഞൂനെ കൂടി വിഷമിപ്പിച്ചു എന്ന് പറഞ്ഞു ആള് തന്നെ വഴക്ക് പറയില്ലേ… തങ്ങളുടെ കുഞ്ഞുവിനു വേണ്ടിയെങ്കിലും അഭിയേട്ടൻ തിരികെ വരും…എന്തോ ഒരു ഊർജം നിറയുന്ന പോലെ… അതേ…!!! അഭിയേട്ടൻ തിരികെ വരും… അവളത് ഒരു മാത്രം പോലെ ഉരുവിട്ടു കൊണ്ടിരുന്നു….

ശേഖരനും നോക്കിയിരിക്കുകയാണ് ആര്യയെ… വന്ന നേരം മുതൽ ഈ ഇരിപ്പ് ഇരിക്കുകയാണവൾ…ഇതുവരെ ഒന്നു കരഞ്ഞിട്ടു പോലുമില്ല…..ചുറ്റുമുള്ള ഒന്നിനെയും അവൾ കാണുന്നില്ലെന്ന് തോന്നി ശേഖരന്…നിലത്തേക്ക് മിഴികളൂന്നി ഇരിക്കുകയാണ്… ചുണ്ട് ചെറുതായി വിറയ്ക്കുന്നുണ്ട്…അയാൾ അവളെ സൂക്ഷിച്ചു നോക്കി…അവളെന്തോ പറയുകയാണ്… അയാൾ എഴുന്നേറ്റു അവളുടെ അടുത്തു ചെന്നിരുന്നു….മോളെയെന്നു വിളിച്ചിട്ടും ഒരു പ്രതികരണവുമില്ല….എന്തോ പിറുപിറുത്തുകൊണ്ടിരിക്കുകയാണ്… അയാളൊന്നത് ശ്രദ്ധിച്ചു…

അഭിയേട്ടൻ തിരികെ വരും എന്ന് ആവർത്തിച്ചു പറയുന്നതു കേട്ട് അയാളുടെ കണ്ണ് നിറഞ്ഞു… അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ടു അവളുടെ മനസ്സ് കൈവിട്ടു പോയോയെന്ന് ഒരു നിമിഷം അയാൾ ഭയന്നു…. അയാളവളുടെ തോളിൽ കുഞ്ഞു രണ്ടടി അടിച്ചു…ആ പെണ്ണൊന്നു ഞെട്ടി…മുഖമുയർത്തി അയാളെ ഒന്നു നോക്കി…. പതിയെ ഒന്നു ചിരിച്ചു… “”പേടിക്കണ്ട…അഭിയേട്ടൻ തിരികെ വരും….”” എന്ന് പറഞ്ഞു വീണ്ടും നിലത്തേക്ക് മിഴികൾ പായിച്ചു…അതുതന്നെ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു… അവളെ ഓർത്തയാളുടെ നെഞ്ച് വിങ്ങി….

ഈ സങ്കടങ്ങളെല്ലാം തനിക്കു ഒറ്റയ്ക്ക് നേരിടാൻ പറ്റില്ലെന്ന് അയാൾക്ക് തോന്നി… താങ്ങാകേണ്ടവനാണ് ഒന്നുമറിയാതെ അകത്തു കിടക്കുന്നത്…. ശേഖരൻ ഓർക്കുകയായിരുന്നു… അഭി ജോലി ചെയ്യുന്ന ഹോസ്പിറ്റൽ ആണിത്… വെളുപ്പിനെയാണ് അഭിയുടെ കൂട്ടുകാരൻ ഡോക്ടർ ജിതിൻ തന്നെ വിളിക്കുന്നത്… അഭിയെ ആക്സിഡന്റായി ആയി കൊണ്ടു വന്നിട്ടുണ്ടെന്ന് പറഞ്ഞു….. പേടിക്കേണ്ട കാര്യമില്ലായെന്നു ജിതിൻ പറഞ്ഞിരുന്നതുകൊണ്ടു വീട്ടിൽ ആരോടും പറഞ്ഞില്ല…. ആര്യയുടെ ഇപ്പോഴത്തെ അവസ്ഥയിൽ അവളെ വിഷമിപ്പിക്കണ്ടെന്നു കരുതി… പ്രഭയോട് പോലും പറയാൻ തോന്നിയില്ല…

തന്റെ ഒരു കൂട്ടുകാരൻ ആശുപത്രിയിലാണ് എന്ന് പറഞ്ഞു പ്രഭയോട്… പക്ഷേ താൻ റെഡി ആയി വന്നതും ആര്യ താഴേയ്ക്ക് ഇറങ്ങി വന്നു… ഹോസ്പിറ്റലിലേക്ക് പോകുന്നു എന്ന് പ്രഭ പറഞ്ഞപ്പോഴേ അവൾ ആകെ പരിഭ്രമിച്ചു തന്റെ അടുത്തേയ്ക്കു ഓടി വന്നു…. കൂട്ടുകാരനെ കാണാൻ പോകുന്നതാണ് എന്ന് പറഞ്ഞു..പക്ഷേ അവൾ വിശ്വസിക്കാൻ തയ്യാറായിരുന്നില്ല…. അഭി രാത്രി പോയതാണ്,ഇതുവരെ വന്നില്ല..വിളിച്ചിട്ടും കാൾ എടുത്തില്ലായെന്നു പറഞ്ഞു കരച്ചിലായി… എത്ര ആശ്വസിപ്പിച്ചിട്ടും, താൻ അഭിയെ കാണാൻ പോകുന്നതല്ലായെന്നു പറഞ്ഞിട്ടും അവൾക്കത് വിശ്വാസമായില്ല….

ഇതൊക്കെ കണ്ടു പ്രഭയും,ജാനകിയും അവളുടെ കൂടെ കരഞ്ഞു തുടങ്ങി…. ഒടുവിൽ മോള് തന്റെ കൂടെ വരുന്നു എന്ന് പറഞ്ഞു വേഷം പോലും മാറാതെ കാറിനടുത്തു വന്നു നിൽപ്പായി… അവസാനം തനിക്കു അവരെയും കൂടെ കൂട്ടേണ്ടി വന്നു… എങ്ങനെ ഇവിടെ വരെ കാറോടിച്ചു എത്തിയതെന്നറിയില്ല.. അഭിയുടെ അവസ്ഥയെന്തെന്നറിയില്ല, അതിന്റെ കൂടെ ആര്യയും,പ്രഭയും എങ്ങനെ കാര്യങ്ങൾ ഉൾക്കൊള്ളുമെന്നാലോചിച്ചു ഭ്രാന്ത് പിടിച്ചാണ് വണ്ടിയോടിച്ചത്… പക്ഷേ ഇവിടെയെത്തി ജിതിനെ കണ്ടപ്പോഴാണ് അഭിയുടെ അവസ്ഥയറിഞ്ഞത്….

കൊലപാതക ശ്രമമാണെന്നും, സർജറി നടന്നു കൊണ്ടിരിക്കുകയാണെന്നും ജിതിൻ പറഞ്ഞപ്പോൾ ഹൃദയം നിന്നു പോയത് പോലെയാണ് തോന്നിയത്… വയറ്റിലും തോളിലും നെറ്റിയിലുമായി കുത്തും,വെട്ടുമൊക്കെ ഉണ്ടത്രെ…. തന്റെ അഭി….തന്റെ പൊന്നുമോൻ….ഇന്ന് വരെ ഒരാൾക്കും ഒരു ദ്രോഹവും ചെയ്യാത്തവനാണ്…അവനെ കൊണ്ടാകും വിധം മറ്റുള്ളവരെ സഹായിച്ചിട്ടേയുള്ളു…. ഒരിക്കലും അവനെ ഓർത്തു വിഷമിക്കേണ്ടി വന്നിട്ടില്ല… അഭിമന്യൂവിന്റെ അച്ഛൻ ആണെന്ന് പറയാൻ ഈ നിമിഷം വരെ അഭിമാനമായിരുന്നു തനിക്ക്… ഒരു കൂട്ടുകാരനെ പോലെയായിരുന്നു അവൻ തനിക്ക്…..

എന്ത് പ്രശ്നവും അവനോട് ധൈര്യമായി പറയാം…ശ്രദ്ധയോടെ കേട്ടിരിക്കും… എന്നിട്ടൊരു പുഞ്ചിരിയോടെ ചേർത്തു പിടിക്കും… ഉചിതമായ പരിഹാരവും പറഞ്ഞു തരും…. പ്രായത്തേക്കാൾ പക്വത കാണിച്ചിരുന്നു അവൻ..ചില നേരങ്ങളിൽ അവന്റെ ആ കരുതൽ അനുഭവിക്കുമ്പോൾ തന്റെ അച്ഛനെ ഓർമ്മ വരുമായിരുന്നു… അരവിന്ദിനെ ഓർത്തു വേദനിച്ചപ്പോഴും തനിക്കും, പ്രഭയ്ക്കും താങ്ങായി നിന്നത് അഭിയാണ്…. അവനെയാണ് നടു റോഡിൽ ഇട്ടു നിഷ്ഠൂരമായി വെട്ടുകയും,കുത്തുകയും ചെയ്തത്….എങ്ങനെ സഹിക്കാൻ കഴിയും തനിക്കത്….

നിമിഷയ്ക്ക് വേണ്ടി വെങ്കിടേഷ് തന്നെയാകും ഇത് ചെയ്തത്..അല്ലാതെ തന്റെ മകനോട് ആർക്കാണ് കൊല്ലാൻ മാത്രം പകയുള്ളത്… അവൻ തിരികെ വരും…വിടില്ല അവൻ ഇതു ചെയ്തവരെ…. ശേഖരൻ പകയോടെ ഓർത്തു… പക്ഷേ ആ നിമിഷം മനസ്സിൽ കുസൃതിചിരിയോടെ തന്നെ ചേർത്തു പിടിക്കുന്ന അഭിയുടെ മുഖം തെളിഞ്ഞപ്പോൾ…മകന്റെ ജീവന് വേണ്ടി അറിയാവുന്ന ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു ആ പാവം അച്ഛൻ…. …. കാത്തിരിക്കാം തുഷാര ലക്ഷ്മി❤ തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ദാമ്പത്യം: ഭാഗം 37

Share this story