അഞ്ജലി: ഭാഗം 3

അഞ്ജലി: ഭാഗം 3

എഴുത്തുകാരി: പാർവ്വതി പിള്ള

അശ്വതി ചേച്ചിയുടെ ഫോൺ കട്ട് ചെയ്ത ശേഷം അഞ്ജലി കാൽമുട്ടുകൾക്ക് മുകളിലേക്ക് തല അമർത്തിവെച്ച് കിടന്നു….. അനന്തുവിന്റെ വിവാഹമുറപ്പിച്ചത് അറിഞ്ഞു തനിക്ക് ഒരു നഷ്ടബോധവും തോന്നുന്നില്ല….. കാരണം ജീവിതം ഇനി എങ്ങനെ മുൻപോട്ട് നീക്കണമെന്ന ഒറ്റ ചിന്ത മാത്രമേ മനസ്സിൽ ഉള്ളൂ….. അച്ഛനെ ഇട്ടിട്ട് തനിക്ക് ഇനി മുതൽ ഓഫിസിൽ ജോലിക്ക് പോകാൻ സാധിക്കുകയില്ല…. ആതിയുടെ ക്ലാസ് തുടങ്ങുന്നത് വരെ കുഴപ്പമില്ല……. പക്ഷേ അതിനുശേഷം എന്താണ് ചെയ്യേണ്ടതെന്നു ഒരു രൂപവും ഇല്ല….. മുൻപോട്ടുള്ള ജീവിതം ഒരുപാട് ആലോചിക്കേണ്ടിയിരിക്കുന്നു….. ബന്ധുബലമോ സുഹൃത്ത് ബലമോ ഇല്ലാത്ത താൻ ആരെയാണ് ആശ്രയിക്കേണ്ടത്……. ഒറ്റപ്പെട്ട ഏതോ ഒരു തുരുത്തിൽ എത്തിയത് പോലെ……..

മുൻപോട്ട് നോക്കിയാൽ ശൂന്യത മാത്രം…… ചേച്ചി …… ആതി യുടെ വിളിയാണ് ചിന്തയിൽ നിന്നും ഉണർത്തിയത്… അച്ഛനെ കുറച്ചു ദിവസം ആയി തുടച്ചിട്ട്…. ചേച്ചി വന്നിരുന്നെങ്കിൽ നമുക്ക് അച്ഛനെ തുടയ്ക്കാമായിരുന്നു…. അഞ്ജലി അവളുടെ മുഖത്തേക്ക് നോക്കി… എപ്പോഴും അമ്മയുടെ പിന്നാലെ നടന്നിരുന്നവൾ ആണ്… ഉള്ളിൽ വിഷമം അടക്കി പിടിക്കുക യാണെന്ന് കണ്ടാൽ അറിയാം… ഒക്കെ തനിക്ക് ആശ്വാസം പകരാൻ വേണ്ടിയാണ്…… കട്ടിലിൽ പിടിച്ചു കൊണ്ട് മെല്ലെ എഴുന്നേറ്റു… ശരീരത്തിനു ഒരു ബലവും തോന്നിയില്ല. ആതിയുടെ പിന്നാലെ നടന്നു… മുറിയിൽ കയറി അച്ഛന്റെ അടുത്തേക്ക് ഇരുന്നു.. ആ ശിരസിൽ തലോടി… കണ്ണടച്ച് കിടക്കുകയായിരുന്ന അച്ഛൻ കണ്ണ് തുറന്നു ഞങ്ങളെ രണ്ടാളെയും നോക്കി…. ഞാൻ അച്ഛന്റെ കവിളിലേക്ക് മുഖം ചേർത്തു വെച്ചു…..

കുറച്ചു നേരം അങ്ങനെ ഇരുന്നതിന് ശേഷം എഴുന്നേറ്റ് അച്ഛനെ തുടച്ചു….. കഴുകാൻ ഉള്ള തുണിയുമായി വെളിയിലേക്ക് ഇറങ്ങി….. ഞങ്ങൾ തുണി കഴുകുന്നത് കണ്ടുകൊണ്ടാണ് സുധേച്ചി അപ്പുറത്ത് നിന്നും വന്നത്……. അച്ഛനെ തുടച്ചോ മോളെ… തുടച്ചു ചേച്ചി….. നിങ്ങൾക്ക് കഴിക്കാൻ ഉള്ളത് ഞാൻ കൊണ്ടുവരാം…. അയ്യോ വേണ്ട ചേച്ചി.. ഞങ്ങൾ ഇവിടെ കുറച്ച് കഞ്ഞി വെച്ചോളാം….. അതുമതി… ഇപ്പോൾ തന്നെ ചേച്ചി അല്ലെ കുറച്ച് ദിവസങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നത്….. എന്തു ബുദ്ധിമുട്ടാ മോളെ… ഇതൊക്കെ ഒരു ബുദ്ധിമുട്ടാണോ….. സാരമില്ല ചേച്ചി… എന്നായാലും ഇതൊക്കെയായി പൊരുത്തപ്പെട്ടല്ലേ പറ്റു…. തുണി കഴുകി വിരിച്ചിട്ടതിനു ശേഷം അടുക്കളയിലേക്ക് നടന്നു…

കുറച്ചുനേരം അവിടെ നോക്കി നിന്നു…. അമ്മയുടെ ലോകമായിരുന്നു ഇവിടെ…. ആ കൈ പാടുകൾ പതിയാത്ത ഒരു സാധനവും ഇല്ല ഇവിടെ…… നെഞ്ചിൽ നിന്നും എന്തോ പറിച്ചുമാറ്റിയ തുപോലെയുള്ള വേദന തോന്നി……. മുഖം അമർത്തി തുടച്ചു കൊണ്ട് കഞ്ഞി വയ്ക്കാനായി കലം കഴുകി അടുപ്പത്തുവെച്ചു… അരി കഴുകി അടുപ്പത്ത് ഇട്ടതിനുശേഷം വെളിയിലേക്ക് ഇറങ്ങി.. തൊഴുത്തിലേക്ക് നടന്നു…. പശുവിനെ മെല്ലെ തലോടി…. അതിന് വൈക്കോൽ ഇട്ടുകൊടുത്തു… അമ്മയ്ക്ക് മക്കളോളം സ്നേഹമായിരുന്നു അതിനോട്…. തിരികെ അകത്തേക്ക് കയറി ഉമ്മറത്തേക്ക് ചെന്നു…… ഉമ്മറത്തിരുന്ന് കണ്ണ് തുടയ്ക്കുന്ന ആതിയെയാണ് കണ്ടത്….. അവളുടെ അടുത്തേക്ക് പോകാൻ തോന്നിയില്ല.. വീണ്ടും തിരികെ അടുക്കളയിലേക്ക് നടന്നു……

ഇനിമുതൽ ജോലിക്ക് പോകാതെ ഇരുന്നാൽ ശരിയാവില്ല…… ശമ്പളം കിട്ടിയ പൈസ മുഴുവൻ തീർന്നിരിക്കുന്നു…..ലോണിന്റെയും പലിശക്ക് എടുത്തതിന്റെയും പലിശ അടവ് മുടങ്ങിയിരിക്കുന്നു… ആദിക്ക് അടുത്ത ക്ലാസ്സ് തുടങ്ങുന്നതു വരെ കുഴപ്പമില്ല….. അതുവരെ അച്ഛനെ അവൾ നോക്കിക്കോളും……. പിറ്റേന്ന് മുതൽ അഞ്ജലി ഓഫിസിൽ പോയി തുടങ്ങി…. മാനേജറുടെ അടുത്തുചെന്ന് രജിസ്റ്ററിൽ സൈൻ ചെയ്തു.. പതിവുപോലെയുള്ള ദേഷ്യം ഒന്നും മുഖത്ത് കാണാൻ ഇല്ലായിരുന്നു….. സഹതാപത്തോടെ ഒന്ന് നോക്കി…. തിരികെ സീറ്റിൽ വന്നിരുന്നു… അശ്വതി ചേച്ചി എന്റെ അടുത്തേക്ക് വന്നു…… പരസ്പരം ഒന്നും സംസാരിക്കാതെ കുറച്ചുനേരം ഇരുന്നു……

അഞ്ജലി നീ വല്ലതും കഴിച്ചിട്ടാണോ ഇറങ്ങിയത്….. ചേച്ചി ചോദിച്ചു….. ഞാൻ അതെയെന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു….. രാവിലെ ഒരു ഗ്ലാസ് വെറും ചായ മാത്രമാണ് കുടിച്ചത്… കുറച്ച് ഗോതമ്പുപൊടി കലക്കി ദോശ ചുട്ടു…….കഴിക്കാനേ തോന്നുന്നുണ്ടായിരുന്നില്ല……. വൈകിട്ട് വാസു ചേട്ടനെ കണ്ട് പശുവിനെ ആർക്കെങ്കിലും കൊടുക്കുന്ന കാര്യം പറയണം… ഇനി അതിനെ കൂടി നോക്കാൻ പറ്റില്ല…. ആതിയെ കൊണ്ട് അതൊന്നും പറ്റുന്ന കാര്യമല്ല…… ഉച്ചയ്ക്കാണ് അനന്തുവിനെ കണ്ടത്. അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവളും അവനെ നോക്കി തിരികെ ഒന്നു പുഞ്ചിരിച്ചുകൊണ്ട് അശ്വതിയുടെ കൂടെ ആഹാരം കഴിക്കുവാൻ ആയി പോയി… വൈകിട്ട് ഓഫിസിൽ നിന്ന് വീട്ടിലേക്ക് ചെന്നു കയറിയപ്പോഴേ കണ്ടു വഴിക്കണ്ണുമായി ആതി കാത്തുനിൽക്കുന്നത്…. അഞ്ജലിക്കു അപ്പോൾ അമ്മയെ ഓർമ്മ വന്നു……

അമ്മ ഇങ്ങനെയാണ് . താൻ കുറച്ചു വൈകിയാൽ പിന്നെ ആധിയോടെ ഉമ്മറത്തു തന്നെ കാണും….. പതിവുപോലെ അച്ഛന്റെ അടുത്തേക്ക് ചെന്നു….. ഒരാഴ്ചകൊണ്ട് അച്ഛൻ പകുതി ആയിരിക്കുന്നു…. അമ്മയുടെ അഭാവം അച്ഛനെ നന്നായി ബാധിച്ചിരിക്കുന്നു എന്ന് ആ മുഖം കണ്ടാലറിയാം……. രാത്രിയിൽ ഒരു വിധത്തിലാണ് കഞ്ഞി കുടിപ്പിച്ചത്…… പതിവു ചര്യകൾക്കു മാറ്റമില്ലാതെ ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.. ഇന്നാണ് ആതിയുടെ റിസൾട്ട് വരുന്നത്.. ഉച്ചയ്ക്ക് രണ്ടുമണിയോടെ ട്യൂഷൻ സാർ വിളിച്ചു ….. 90% മാർക്ക് ഉണ്ട്… മൂടിക്കെട്ടിയ അന്തരീക്ഷത്തിന് ഒരുഅയവ് വന്നതുപോലെ… ആതി അച്ഛനെ കെട്ടിപ്പിടിച്ച് വിവരം പറഞ്ഞു… അച്ഛന്റെ മുഖത്തും ഒരു തെളിച്ചം വന്നതുപോലെ…… ഈ സന്തോഷം പങ്കിടാൻ അമ്മയും ഉണ്ടായിരുന്നെങ്കിൽ……………. മനസ്സിൽ വെറുതെ ഒരു ആശ തോന്നി………..( തുടരും)

അഞ്ജലി: ഭാഗം 2

Share this story