ഒറ്റ മന്ദാരം: ഭാഗം 2

ഒറ്റ മന്ദാരം: ഭാഗം 2

എഴുത്തുകാരി: നിഹാരിക

എത്ര നേരം അവിടിരുന്ന് കരഞ്ഞെന്നോ എപ്പോ എണീറ്റു പോന്നെന്നോ അവൾക്കറിയില്ലായിരുന്നു … വീട്ടിൽ എത്തിയതും മുറിയിൽ കയറി കിടന്നു….. “നിളാ ” വീട്ടിൽ തിരിച്ച് വന്നെങ്കിലും അടുക്കളയിലേക്ക് കാണാഞ്ഞ് മുറിയിലേക്ക് അന്വേഷിച്ചെത്തിയതായിരുന്നു അവളുടെ അമ്മ … ” നിളാ… വന്ന പാട് കെടക്കാ കുട്ട്യേ… കയ്യും കാലും കഴുകി വന്ന് കാപ്പി കുടിക്കൂ ” എന്ന് പറഞ്ഞ് തിരിഞ്ഞവർ വീണ്ടും അവളുടെ അടുത്ത് വന്നിരുന്നു… ” വയ്യേ അമ്മേടെ കുട്ടിക്ക്?? എന്താടാ …. എന്ത് പറ്റീടാ നിനക്ക്” വാതോരാതെ സംസാരിക്കുന്നവൾ ഒരു ഭ്രാന്തിയെ പോലെ ഏങ്ങിക്കരഞ്ഞ് കിടക്കുന്നത് കണ്ട് നെഞ്ച് വിങ്ങി അവർ ചോദിച്ചു.. “നിക്ക്…

നിക്ക് നന്ദേട്ടനെ ഇഷ്ടാ അമ്മേ…. അമ്മ ഒന്ന് പറയാവോ എനിക്ക് വേണ്ടി??? ഞാൻ പറഞ്ഞിട്ട് നന്ദേട്ടൻ കേൾക്കുന്നില്ല.. എന്നെ മനസിലാക്കുന്നില്ല … നിളക്ക് നന്ദേട്ടൻ ഇല്യാണ്ട് പറ്റില്ല അമ്മേ…. നിള ചത്ത് പോവും…..” ഞെട്ടിപ്പിടഞ്ഞവർ എഴുന്നേറ്റു.. എന്തു ചെയ്യണം എന്നറിയാത്ത വിധം ഭയപ്പെട്ടിരുന്നു…. നിറഞ്ഞ മിഴിയാലെ ഓടി ഫോണെടുത്ത് ഭർത്താവിൻ്റെ നമ്പറിലേക്ക് വിളിച്ചു… വിളിച്ചാൽ കിട്ടാത്തത് കാരണം വാട്സാപ്പിൽ വോയ്സ് മെസേജ് അയച്ചു, “രാജേട്ടാ, ഒന്ന് വിളിക്ക്വോ എന്നെ വേഗം ട്ടോ… ” സമാധാനമില്ലാതെ അവർ മകളുടെ മുറിയിലേക്ക് ഇടക്കിടക്ക് എത്തി നോക്കിയിരുന്നു … മൊബൈൽ റിംങ്ങ് കേട്ട് വേഗം അവർ ഫോണെടുത്തു… “എന്താ ? എന്താടി നിമ്മീ….

നീയെന്തിനാ വിളിക്കാൻ പറഞ്ഞത് ” വിറക്കുന്നുണ്ടെങ്കിലും ആ അമ്മ എല്ലാം പറഞ്ഞൊപ്പിച്ചു .. കുറേ നേരം നിർമ്മലയെ ചീത്ത പറഞ്ഞു രാജേന്ദ്രൻ, വളർത്ത് ദോഷാ എന്ന് പറഞ്ഞു… പട്ടിണിക്കിട്ടാൽ മാറിക്കോളും എന്ന് പറഞ്ഞു, എല്ലാം കേട്ട് മിഴി നിറച്ച് അവരും നിന്നു നിസാഹായയായി…… 🌹🌹🌹 പല തവണ നന്ദനെ കാണാനായി നിള ശ്രമിച്ചെങ്കിലും നിർമ്മല സമ്മതിച്ചിരുന്നില്ല…. അവളെ തീരെ കാണാഞ്ഞാ രണ്ട് ദിവസം കഴിഞ്ഞ് ടീച്ചർ അന്വേഷിച്ചെത്തിയത്, ” നിമ്മീ …. മോളെവിടെ, അങ്ങടും കണ്ടില്ല രണ്ടീസായിട്ട് ‘…?? വയ്യേ കുട്ടിക്ക് ” ദേഷ്യത്താൽ മുഖം തിരിച്ച് നിർമ്മല നിന്നു.. പാവം ടീച്ചർ നിഷ്കളങ്കതയോടെ അകത്തേക്ക് കയറി… “ടീച്ചർ അവിടൊന്ന് നിന്നേ!” നിർമ്മലയുടെ മുഖഭാവം കണ്ട് ഒന്നും മനസിലാവാതെ ആ ടീച്ചർ പകച്ച് നോക്കി നിന്നു… ”

ആണായും പെണ്ണായും ഒന്നേള്ളൂ ടീച്ചറേ…. ആ മനുഷ്യൻ അന്യനാട്ടിൽ കിടന്ന് മരിച്ച് പണിയെടുക്കുന്നത് അതിനാ ….. എല്ലാരും കൂടെ ഉപദ്രവിക്കരുത്.. ഞങ്ങളെ കാല് പിടിക്കാം വേണങ്കിൽ ” ” നിമ്മി …. എന്തൊക്കെയാ നീയ് പറയണേ? എന്താ കുട്ടീ ണ്ടായത്.. ഇങ്ങനെ ഒക്കെ പറയാൻ??” ” എല്ലാരടെ നാടകവും അസ്സലാവണ്ട് ടീച്ചറെ, വെറുതെ വിടൂ ഞങ്ങളെ, ടീച്ചർ എറങ്ങല്ലേ?? നിക്കൊരിടം വരെ പോവാൻ ണ്ട് ” കേട്ടത് വിശ്വസിക്കാൻ കഴിയാതെ മിഴി നിറഞ്ഞ് അവർ ഇറങ്ങുമ്പോൾ പുറകിൽ നിന്നും അവൾ ഉറക്കെ വിളിച്ചിരുന്നു… “ടീച്ചറമ്മേ ” എന്ന് … തിരിഞ്ഞ് നോവുതിരുന്ന പുഞ്ചിരി തിരികെ നൽകുമ്പോൾ കണ്ടു നിർമ്മല, “അകത്ത് പോടി അസത്തേ” എന്ന് പറഞ്ഞ് പിടിച്ച് വലിക്കുന്നത് … “ടീച്ചറമ്മേ…

നന്ദേട്ടനോടൊന്ന് പറയോ ന്നെ കൂടെ അങ്ങട് കൊണ്ടോവാൻ…. പൊന്ന് പോലെ ഞാൻ നോക്കിക്കോളാന്ന്… ക്ക് നന്ദേട്ടന്നെ കാണാണ്ടെ പറ്റണില്യാ ന്ന്…. ” അപ്പഴേക്കും നിർമ്മലയുടെ കൈ അവളുടെ മുഖത്ത് വീണിരുന്നു … അതേറ്റ് നിലത്ത് വീണവളെ കടന്ന് വന്ന് ടീച്ചറുടെ മുന്നിൽ വാതിൽ കൊട്ടിയടച്ചിരുന്നു നിർമ്മല ….. കേട്ടതൊന്നും വിശ്വസിക്കാനാവാതെ തളർന്ന് ഇരുന്നു ടീച്ചർ … പിന്നെ മെല്ലെ വേച്ച് വീട്ടിലേക്ക് നടന്നു… 🌹🌹🌹 “അമ്മേ….. ” ഡൈനിങ് ടേബിളിൽ തല കയ്യിൽ ചേർത്ത് കിടക്കുന്ന ടീച്ചറെ നന്ദൻ വിളിച്ചു, സ്വപ്നത്തിൽ നിന്നെന്നവണ്ണം ടീച്ചർ എഴുന്നേറ്റിരുന്നപ്പോൾ, നന്ദൻ ശരിക്ക് കണ്ടിരുന്നു ചാലിട്ടൊഴുകിയ മിഴികൾ….. ഉള്ളു പിടഞ്ഞവൻ അമ്മയുടെ അരികില്ലെത്തി…. ”

എന്താ…. എന്ത് പറ്റി അമ്മേ ?നിക്കറിയാം, ആ ബ്രോക്കറ് അച്ഛനോട് പറഞ്ഞത് ഞാൻ കേട്ടു, പെൺകുട്ടിക്ക് ഈ ബന്ധം…. ഞാനത് പ്രതീക്ഷിച്ചതാ അമ്മേ…. നമ്മൾക്ക് നമ്മൾ മതീ….. ” “നന്ദാ…….. ഞാനിന്ന് നിള മോൾടെ വീട്ടിൽ പോയിരുന്നു …. ” അമ്മയുടെ ദുഖത്തിൻ്റെ കാരണം ചോദിച്ചവന്റെ മുഖത്ത് ടീച്ചറുടെ മറുപടി വല്ലാത്ത നിരാശ പടർത്തിയിരുന്നു ….. ” ഒരു ഭ്രാന്തിയെ പോലെ കഴിയാ അവിടെ ആ കുട്ടി … കണ്ടിട്ട് നെഞ്ച് പൊട്ടി … ” അശ്രദ്ധമായി മിഴി തിരിച്ചവനെ തറപ്പിച്ച് നോക്കി ആ അമ്മ പറഞ്ഞു, “ഭ്രാന്ത് തന്നെയാ അവൾക്ക്, നല്ല അസ്സല് ഭ്രാന്ത്….” “നിന്നെ ഇഷ്ടപെട്ടതാണോടാ ഭ്രാന്ത് ?? അച്ഛനോട് അമ്മ പറയട്ടെ നന്ദാ… ഒന്ന് രാജേന്ദ്രനോട് സംസാരിക്കാൻ..” “അമ്മയിതെന്തറിഞ്ഞിട്ടാ…

അവൾടെ പ്രായത്തിൻ്റെയാ ഇതെല്ലാം, ഈ പുതുമയൊക്കെ കഴിയുമ്പോ അവളിലെ ഇഷ്ടം ഒക്കെ പോവും അമ്മേ… തലയിലെടുത്ത് വച്ച ബാധ്യതയോർത്ത് പിന്നെ വെറുപ്പാവും…” “ഇല്യ ട്ടോ… നിക്ക് ഈ ജന്മം വെറുക്കാൻ പറ്റില്യ നന്ദേട്ടാ…..” രണ്ട് പേരും തിരിഞ്ഞ് നോക്കി, വാതിൽക്കൽ നിന്നിരുന്നു നിള…. അല്ല … അവളുടെ നിഴൽ മാത്രം, അത്രക്ക് മാറിയിരുന്നു … കണ്തടങ്ങളിൽ കറുപ്പ് മൂടിയിരുന്നു … മുടിയൊക്കെ പാറിപ്പറന്ന്…. “മോളെ….. നീ…. നീയെങ്ങനെ ??” “അമ്മ കാണാണ്ട് വന്നതാ… നന്ദേട്ടാ…… ന്നെ ഭാര്യയായി കാണാൻ വയ്യാച്ചാൽ വേലക്കാരിടെ സ്ഥാനത്ത് കണ്ടാമതീ ട്ടോ… ഈ കയ്യാലേ ഒരു താലി ഈ കഴുത്തിൽ ഒന്ന് കെട്ടിത്തന്നാൽ മാത്രം മതി… ൻ്റെ നന്ദേട്ടൻ്റെ താലി….

ഈ ശ്വാസം നിലക്കണവരെ ഞാൻ കൂടെ ണ്ടായിക്കോളാം… ” “നിർത്ത ടീ നിൻ്റെ ഭ്രാന്ത്… ഇറങ്ങിക്കോ ൻ്റെ വീട്ടിന്ന് ” “ടീച്ചറമ്മേ ഒന്ന് പറയൂ ൻ്റെ നന്ദേട്ടനോട് … ഇങ്ങനൊന്നും ന്നോട് പറയല്ലേ ന്ന്… ഞാൻ മരിച്ച് പോവും ന്ന്…” നിലത്തേക്ക് തളർന്ന് വീണിരുന്നു അവൾ…. ടീച്ചർ ഓടി ച്ചെന്നപ്പഴേക്ക് നിർമ്മല എത്തിയിരുന്നു … ” എന്ത് കൈ വെഷാ നിങ്ങളെൻ്റ കുട്ടിക്ക് കൊടുത്തേ….?” എന്നു പറഞ്ഞ് ബലമായി അവളെ പിടിച്ച് വലിച്ച് കൊണ്ടു പോയിരുന്നു … പോവാൻ സമ്മതിക്കാത്തവളെ അടിച്ചും അവർ വലിച്ച് കൊണ്ട് പോയിരുന്നു … “എന്താ …. എന്താ ഇതൊക്കെ ലക്ഷ്മീ ?” എന്ന് ചോദിച്ച് വന്ന മാഷോട്, “ഇക്കൊന്നും അറീല്യ മാഷേ …..” എന്നും പറഞ്ഞ് കണ്ണ് തുടച്ചവർ അകത്തേക്ക് നടന്നു.. എല്ലാം കണ്ടും കേട്ടും നന്ദനും …… 🌹🌹🌹 രണ്ട് ദിവസത്തിനകം രാജേന്ദ്രനും എത്തിയിരുന്നു….

ആദ്യം സ്നേഹത്തോടെയും പിന്നെ കാർക്കശ്യത്തോടെയും ഭേദ്യം ചെയ്തും ഒക്കെ അയാൾ അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു… ഒടുവിൽ….. അവളെ നഷ്ടപ്പെടും എന്നായപ്പോ ആ അച്ഛൻ അവളുടെ മുന്നിൽ തോൽവി സമ്മതിച്ചു…. മകൾ സ്വയം തീരുമാനിച്ച് ഉപ്പിച്ച ജീവിതം അപൂർണ്ണമാകും എന്നറിഞും, തല കുനിച്ച്, സോമശേഖരൻ മാഷിൻ്റെ വീട്ടിൽ ഒരു കല്യാണാലോചനയുമായി ചെന്നു .. വിശ്വാസം വരാതെ, മാഷ് അയാളെ നോക്കി ഇരുന്നു, ” ൻ്റെ മോളെ ഞാൻ ഇവിടെ ഏൽപ്പിക്കാ….. കൊല്ലുകയോ വളർത്തുകയോ എന്താ എന്ന് വച്ചാൽ ചെയ്തോളു …

ഇനി എനിക്ക് വേണ്ട അവളെ, ഈ മനസിൽ എന്നേ അവള് മരിച്ച് കഴിഞ്ഞു….. ” അതും പറഞ്ഞ് മിഴി തുടച്ച് ഇറങ്ങുന്ന ആ മനുഷ്യൻ്റെ ഹൃദയ വ്യഥ മനസിലാക്കി മാഷ് നോക്കി നിന്നു, കണ്ണിൽ നിന്നു മറയുന്ന വരെ … ആ പിടക്കണ അച്ഛൻ്റെ മനസ്സോർത്ത് ദീർഘമായി ഒന്ന് നിശ്വസിച്ചു…. തിരിഞ്ഞപ്പോൾ നന്ദൻ അവിടെ ഉണ്ടായിരുന്നു … ദേഷ്യത്താൽ ചുവന്ന മുഖത്തോടെ……..(തുടരും)

ഒറ്റ മന്ദാരം: ഭാഗം 1

Share this story