നുപൂരം: ഭാഗം 1

നുപൂരം: ഭാഗം 1

എഴുത്തുകാരി: ശിവ നന്ദ

“ഡീ ഉണ്ടക്കണ്ണി… ” “എന്താടാ കുരങ്ങാ?? ” “എടി.. ഞാൻ എന്റെ താടി വടിച്ചാലോന്ന് ആലോചിക്കുവാ ” “എന്തിന്?? ” “അമ്മയും ഏട്ടത്തിയും ഒകെ പറയുന്നു മനുഷ്യ കോലത്തിൽ നടക്കാൻ ” “അതിനു താടി വടിച്ചെന്നും പറഞ്ഞു കൊരങ്ങൻ മനുഷ്യൻ ആകുമോ?? ” “ഡീ പൊട്ടി.. അതിനു ഏത് കുരങ്ങിനാടി താടി ഉള്ളത്? ” “ഓ ശെരി.. അത് വിട്. കാര്യത്തിലേക്കു വാ” “ആ അങ്ങനെ താടി വടിച്ചാലൊന്ന് ഒരു ഇത്..നന്ദുവും പറഞ്ഞു ” “ഏത്‌ നന്ദു? ” “നീ മറന്നോ.. പ്രിയനന്ദ.. ബാലമ്മാമ്മേടെ മോള് ” “അവളെപ്പോഴാ ആദിയേട്ടന്റെ നന്ദു ആയത്? ” “അയ്യോ.. അത് ഞാൻ പറഞ്ഞു വന്നപ്പോൾ അറിയാതെ വായിൽ നിന്ന് വീണതാ.. ”

“ഓ വീഴും വീഴും.. ആട്ടെ അവൾ എന്ത് പറഞ്ഞു? ” “അവൾ പറഞ്ഞു ഞാൻ ഷേവ് ചെയ്യുന്നതാണ് ഭംഗിയെന്ന്.. മാത്രമല്ല അവൾ ബാംഗ്ലൂർ വളർന്ന പെണ്ണല്ലേ..അപ്പോൾ ഈ lookine കുറിച്ചും trendine കുറിച്ചും അവൾക് നന്നായി അറിയാലോ ” “ഓഹോ.. അപ്പോൾ അതാണ്‌ കാര്യം.. മുറപ്പെണ്ണ് പറയുന്നത് തള്ളിക്കളയാൻ പറ്റില്ലല്ലോ.. എന്റെ ഇഷ്ടത്തെക്കാൾ വലുത് അവൾ ആണല്ലോ… ആയിക്കോട്ടെ… പിന്നെ ഒരു കാര്യം.. ട്രെൻഡിനെ കുറിച് മാത്രം ആയിരിക്കില്ല മറ്റു പലത്തിനെ കുറിച്ചും ഈ പൊട്ടിയേക്കാൾ അറിവ് അവൾക് ഉണ്ടാകും..അത് കൊണ്ട് എന്റെ പൊന്നുമോൻ ഇനി ഒലിപിച്ചോണ്ട് ഇങ്ങോട്ട് വരണ്ട… ” “ഡീ അച്ചു…

ഹലോ അച്ചൂട്ടി… ” ഇത് അർച്ചന…എന്റെ അച്ചു.. ഒരു പൊട്ടിക്കാളി.. പ്രണയത്തിന്റെ 4-ആം വാര്ഷികത്തിലും അവളുടെ അസൂയക്കും കുശുമ്പിനും യാതൊരു കുറവും വന്നിട്ടില്ല..എല്ലാ ദിവസവും അവളെ ഇങ്ങനെ ദേഷ്യം പിടിപ്പിച്ചില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല…നോക്കിക്കോ ഇന്ന് വൈകിട്ട് കൃഷ്ണന്റെ അമ്പലത്തിലേക്ക് ഒരു പോക്കുണ്ട് പുള്ളികാരിക്ക്.. മറ്റൊന്നിനും അല്ല.. എന്നെ ഒരുത്തിയും വലയിലാക്കി കൊണ്ട് പോകല്ലേന്ന് കണ്ണനോട് അപേക്ഷിക്കാൻ.. അപേക്ഷ മാത്രമല്ല കൈക്കൂലിയും ഉണ്ട് കേട്ടോ..അവളുടെ പ്രാർത്ഥനയുടെ ഫലമാണോ എന്തോ ദിനംപ്രതി അവളോടുള്ള ഇഷ്ടം കൂടി വരുന്നത് ഞാൻ അറിയുന്നുണ്ട്..

ഇനി എത്രയും പെട്ടെന്ന് അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കണം.ഉശിരുള്ള ആൺകുട്ടിയെ പോലെ വീട്ടിൽ വന്നു ചോദിക്കുമ്പോൾ മാത്രമേ ഈ പ്രണയം എല്ലാവരും അറിയാൻ പാടുള്ളുവെന്ന് അവൾക് നിർബന്ധം ഉണ്ടായിരുന്നു. ആൻകുട്ടിയാണെന്നു തെളിയിക്കാൻ മറ്റ് വഴികൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ അവളുടെ നഖം ആണ് അന്നെനിക്ക് മറുപടി തന്നത്…അയ്യോ സമയം പോയി…ഇനി വേഗം കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകട്ടെ എന്റെ, കാന്താരിയുടെ പിണക്കം മാറ്റാൻ…..

കണ്ണനെ തൊഴുത്തിറങ്ങിയിട്ടും അച്ചുവിനെ കണ്ടില്ല. അവൾ വരുന്നതും കാത്തു ആല്മരച്ചുവട്ടിൽ ഇരുന്നു.ഈ ആല്മരവും അമ്പലവും ഒകെ ആണ് ഞങ്ങളുടെ പ്രണയത്തിനു സാക്ഷി.. എന്റെ 10വയസ്സ് വരെ ഞാനും അച്ചുവും ശ്രീയും എപ്പോഴും ഒരുമിച്ചായിരുന്നു. ശ്രീയെ കുറിച് പറഞ്ഞില്ലാലോ ഞാൻ.. ശ്രീ… ശ്രീജിത്ത്‌.. എന്റെ ആത്മമിത്രം.. ഞങ്ങളുടെ പ്രണയം അറിയാവുന്ന ഈ ലോകത്തെ ഒരേയൊരാൾ.ഞങ്ങളെക്കാൾ 3വയസ്സിനു ഇളയതാണ് അച്ചു.ഒറ്റക്കുട്ടി ആയത് കൊണ്ട് തന്നെ അവൾക്ക് ഞങ്ങൾ ആയിരുന്നു കൂട്ട്.എവിടെയും ഞങ്ങൾ ഒരുമിച്ച് ആയിരുന്നു.

അന്ന് ഈ പ്രേമം എന്താണെന്ന് പോലും അറിയില്ല. അങ്ങനെ ജീവിതം കളിച് നടക്കുന്നതിനിടയിൽ ആണ് അച്ഛന്റെ അപ്രതീക്ഷിത മരണം. കർമങ്ങൾ ഒകെ കഴിഞ്ഞതിനു ശേഷം ചെറിയച്ഛൻ അമ്മയോട് പറഞ്ഞു കുടുംബവീട് അവര്ക് വേണമെന്ന്.. അച്ഛന്റെ മരണത്തിൽ തളർന്നിരിക്കുന്ന അമ്മ തർക്കിക്കാനോ സ്വത്തിനു വേണ്ടി വഴക്കിടാനോ നിന്നില്ല.. പിറ്റേന്ന് തന്നെ ബാലമ്മാമ ഞങ്ങളെ ബാംഗ്ലൂർക്ക് കൊണ്ട് പോകാൻ ഉള്ള ഏർപ്പാട് ചെയ്തു. അച്ചുവിനെയും ശ്രീയെയും പിരിയുന്നത് എനിക്ക് ഓർക്കാവുന്നതിനും അപ്പുറമായിരുന്നു..

ഏട്ടൻ പോലും അറിയാതെ ഏട്ടന്റെയും എന്റെയും സമ്പാദ്യകുടുക്ക ഞാൻ പൊട്ടിച്ചു. അതിൽ നിന്ന് കിട്ടിയ കാശ് കൊണ്ട് അച്ചുവിന് ഞാൻ ഒരു ചിലങ്ക വാങ്ങി.. “അരങ്ങേറ്റത്തിന് ഇതണിയണം “എന്നും പറഞ്ഞു ചിലങ്ക ഞാൻ കൊടുക്കുമ്പോൾ ഏങ്ങിക്കരയുവായിരുന്നു എന്റെ പൊട്ടിപ്പെണ്ണ്.കൂടെ ശ്രീയും.. അങ്ങനെ ഓർമകളും സന്തോഷങ്ങളും ഗ്രാമത്തിന്റേതായ എല്ലാ നന്മകളും ബാക്കിയാക്കി ഞാനും അമ്മയും ഏട്ടനും ബാംഗ്ലൂർക്കു പോയി.. അപ്പോഴും ഞാൻ കൊടുത്ത ചിലങ്കയും നെഞ്ചോട് ചേർത്ത് വെച്ച്‌ നിൽക്കുന്ന എന്റെ അച്ചുവിന്റെ മുഖം മനസ്സിന്റെ ഒരു കോണിൽ മിന്നിമറഞ്ഞു കൊണ്ടിരുന്നു… (തുടരും )

Share this story