അഞ്ജലി: ഭാഗം 5

അഞ്ജലി: ഭാഗം 5

എഴുത്തുകാരി: പാർവ്വതി പിള്ള

മൂർത്തി സാറിന് പിറകെ ഒരു വിറയലോടെ ആണ് എംഡി യുടെ ക്യാബിനിലേക്ക് കയറിയത്… കമ്പ്യൂട്ടറിനു മുമ്പിൽ കണ്ണും നട്ടിരിക്കുന്ന സുമുഖനായ യുവാവിനെ കണ്ട് അവൾ അമ്പരപ്പോടെ നിന്നു…. സർ ഇതാണ് പുതിയതായി വന്ന കുട്ടി… മൂർത്തി സാറിന്റെ ശബ്ദം കേട്ട് മുഖമുയർത്തി നോക്കിയ കാപ്പി കണ്ണുകൾ അവളുടെ മിഴികളിൽ ഉടക്കി നിന്നു… എംഡി എന്ന് പറഞ്ഞപ്പോൾ പ്രായംചെന്ന ഒരാളെയാണ് പ്രതീക്ഷിച്ചത്.. കട്ടിമീശയും ട്രിം ചെയ്ത താടിയും ചുവന്നു തുടുത്തിരിക്കുന്ന ശരീരവും ആര് കണ്ടാലും ഒന്ന് നോക്കും… എന്ത് ഭംഗിയാണ് ഇയാളെ കാണാൻ.. മോളെ ബയോഡേറ്റ ഇങ്ങ് തരൂ..

മൂർത്തി സാറിന്റെ ശബ്ദമാണ് ചിന്തയിൽ നിന്ന് ഉണർത്തിയത്… ബാഗിൽ നിന്ന് പെട്ടന്ന് ബയോഡേറ്റ എടുത്ത് സാറിന്റെ കയ്യിലേക്ക് കൊടുത്തു… എംഡി എല്ലാം വാങ്ങി നോക്കി… പിന്നെ മൂർത്തി സാറിന്റെ മുഖത്തേക്ക് നോക്കി… മോൾ പുറത്തേക്ക് നിന്നോളൂ… അഞ്ജലി പുറത്തേക്കിറങ്ങി… സ്റ്റാഫുകൾ വന്നുതുടങ്ങിയിട്ടുണ്ട്. അവൾ നാലുപാടും കണ്ണോടിച്ചു.. അപ്പോഴാണ് കണ്ടത് ഈ ഫ്ളോറിലെ സ്റ്റാഫ് ആണെന്ന് തോന്നുന്നു. അഞ്ജലിയെ നോക്കി എന്തൊക്കെയോ പറയുന്നു… അവൾ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. ചിലരുടെ മുഖത്ത് ചിരി വിരിഞ്ഞു എങ്കിലും മറ്റു ചിലരുടെ മുഖത്ത് പുച്ഛമായിരുന്നു… അപ്പോഴാണ് മൂർത്തി സാർ ഇറങ്ങി വന്നത്.. മോളെ വരൂ… മൂർത്തി സാറിന്റെ പിറകെ ചെന്നു..

അമ്പിളി ഇത് ഇവിടുത്തെ പുതിയ സ്റ്റാഫ്‌ ആണ്.. ഡ്രസിങ് റൂം കാണിച്ചു കൊടുക്കൂ.. അപ്പോഴാണ് പുഞ്ചിരിയോടെ ഒരു ചേച്ചി അടുത്തേക്ക് വന്നത്.. മൂർത്തി സാർ ചേച്ചിയോട് എന്തൊക്കെയോ നിർദേശങ്ങൾ കൊടുത്തു.. അഞ്ജലി അമ്പിളിയുടെ കൂടെ ചെല്ലൂ… വാ അഞ്ജലി… ചേച്ചി എംഡി യുടെ ക്യാബിന് അടുത്തുള്ള ഒരു റൂമിലേക്ക് ആണ് കൊണ്ടുപോയത്… അവിടെ അഞ്ജലിയെ കാത്തിരുന്നപോലെ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു.. രമ ചേച്ചി അളവ് എടുത്തോളൂ കേട്ടോ . അവർ വേഗം വന്ന് ബ്ലൗസ് അളവ് എടുത്തു.. അമ്പിളി അവിടെ കിടന്ന ഒരു കസേരയിലേക്ക് അഞ്ജലിയെ ഇരുത്തി…

അവിടെ ഇരുന്ന ആ സ്ത്രീ അവരുടെ അരികിലേക്ക് വന്നു… കൈയ്യിലിരുന്ന ചെറിയ പെട്ടി തുറന്നു.. അഞ്ജലി അമ്പരപ്പോടെ അതിലേക്ക് നോക്കി.. മുഴുവൻ മേക്കപ്പ് സാധനങ്ങൾ ആണ്.. അവൾ അന്തം വിട്ട് അവരെ രണ്ടുപേരെയും മാറിമാറി നോക്കി… അഞ്ജലി ഇത് ബീനാ ബ്യൂട്ടീഷൻ ആണ്.. അഞ്ജലിയെ മേക്കപ്പ് ചെയ്യുന്നത് ബീനയാണ്.. ഞാൻ പോകട്ടെ… അല്ല ചേച്ചി… ഞാൻ തനിയെ… പേടിക്കേണ്ട ബ്ലൗസ് തയ്ച്ചു കൊണ്ട് വരുമ്പോഴേക്കും ഇവിടെ മേക്കപ്പ് കഴിയും.. സാരിയുടുത്തു കഴിഞ്ഞു എംഡിയെ കണ്ടതിനുശേഷം മാത്രം വെളിയിലേക്ക് ഇറങ്ങിയാൽ മതി.. അത്രയും പറഞ്ഞുകൊണ്ട് അമ്പിളി വെളിയിലേക്ക് ഇറങ്ങി.. 20 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ബ്ലൗസും ആയി വന്നു..

ബീന അവളെ ഭംഗിയായി സാരി ഉടുപ്പിച്ചു.. നീണ്ടമുടി പിന്നികെട്ടി നിറയെ മുല്ലപ്പൂ ചൂടിച്ചു.. മുഖത്ത് ലൈറ്റായി മേക്കപ്പ് ഇട്ടു. അവിടെ ഇരുന്ന ഒരു ബോക്സിൽ നിന്നും വീതികൂടിയ ഒരു മാലയും രണ്ടു വളകളും അണിയിച്ചു.. ബീന അവളെ അത്ഭുതത്തോടെ നോക്കി.. പിന്നെ കണ്ണാടിക്ക് മുൻപിലേക്ക് തിരിച്ചു നിർത്തി.. എന്തു ഭംഗിയാ ഇപ്പോൾ അഞ്ജലിയെ കാണാൻ.. കണ്ണാടിയിലേക്ക് നോക്കിയ അഞ്ജലിയും അത്ഭുതത്തോടെ നിന്നു… ഈശ്വരാ ഇത് ഞാൻ തന്നെയാണോ.. അവൾ കയ്യിൽ ഒന്നു നുള്ളി നോക്കി.. അപ്പോഴാണ് മൂർത്തി സാർ വന്നു വിളിച്ചത്.. മോൾ വാ…

അഞ്ജലി വെളിയിലേക്കിറങ്ങി.. ഫ്ലോറിൽ നിന്നും നീണ്ട കണ്ണുകൾ അഞ്ജലിയിൽ തന്നെ തറഞ്ഞു നിന്നു.. സ്റ്റാഫുകൾക്കിടയിൽ നിന്നും പിറുപിറുപ്പുകൾ ഉയർന്നു.. പെട്ടെന്നാണ് മൂർത്തിസാറിന്റെ ശബ്ദം അവിടെ ഉയർന്നത്… നിമിഷനേരം കൊണ്ട് ഫ്ലോർ നിശബ്ദമായി.. മൂർത്തി സാർ അഞ്ജലിയുടെ അടുത്തേക്ക് വന്നു.. മോൾ വാ… മോൾക്ക് അവിടെ കാഞ്ചീപുരം സെക്ഷൻ എൻട്രൻസിൽ ആണ് നിൽക്കേണ്ടത്… മൂർത്തിസർ അഞ്ജലിയേയും കൂട്ടി അങ്ങോട്ടേക്ക് നടന്നു… എന്തായാലും അനന്തൻ സാറിന് പുതിയ ആളെ കിട്ടിയല്ലോ… നിന്റെ കാര്യം പോക്കാ നിഷേ…

കണ്ടില്ലേ ആ പോകുന്നതിന്റെ പര്യത്തു വരില്ല നീ… എന്റെ പൊന്നു സരോജചേച്ചി ആരൊക്കെ വന്നാലും എനിക്കുള്ളത് എനിക്ക് തന്നെ കിട്ടും.. നിഷ ഒരു വഷളച്ചിരി ചിരിച്ചു.. അഞ്ജലിയെ അമ്പിളി വന്നു കാഞ്ചിപുരം സെക്ഷന്റെ ഫ്രണ്ടിൽ നിർത്തി.. എപ്പോഴും മുഖം പ്രസന്നമായി ഇരിക്കണം.. കസ്റ്റമേഴ്സ് വരുമ്പോൾ പുഞ്ചിരിയോടെ നിൽക്കണം.. അത് മാത്രമാണ് അഞ്ജലിയുടെ ജോലി.. ഇത്രയേ ഉള്ളോ എന്ന് കരുതി നിന്നെങ്കിലും രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും കാലും നടുവും വേദനിക്കാൻ തുടങ്ങി… എപ്പോഴും തിരക്കാണ്.. അതുകൊണ്ട് എങ്ങോട്ടും ഒന്ന് ഇരിക്കാനും പറ്റില്ല… ഉച്ചയ്ക്ക് കഴിക്കുന്ന സമയത്താണ് ഒന്ന് ഇരിക്കാൻ പറ്റിയത്… ഒരാഴ്ച പെട്ടെന്ന് കടന്നു പോയി…

ഇതിനിടയിൽ ഒരിക്കൽ പോലും അഞ്ജലി എംഡിയെ കണ്ടില്ല… പക്ഷേ ആ കണ്ണുകൾ അഞ്ജലിയിൽ മാത്രമാണെന്ന് അഞ്ജലിയും അറിഞ്ഞില്ല… ഫ്ലോറിൽ ഉള്ള സ്റ്റാഫുകളിൽ ഒന്നോ രണ്ടോ പേരൊഴികെ ബാക്കി ആരും അഞ്ജലിയോട് അടുപ്പം കാട്ടിയില്ല.. അങ്ങോട്ട് ചിരിച്ചു കാണിച്ചാലും തിരികെ കിട്ടില്ല എന്ന് മനസ്സിലായതിൽ പിന്നെ അഞ്ജലി അത് ഉപേക്ഷിച്ചു… ദിവസങ്ങൾ കഴിയുന്തോറും അഞ്ജലി ജോലിയുമായി പൊരുത്തപ്പെട്ടു… ഇതിനിടയിൽ ആതിയുടെ റിസൾട്ട് വന്നു.. നല്ല മാർക്കുണ്ട്.. പതിവുപോലെ ഒരു ദിവസം ഷോപ്പിൽ ചെന്ന് സാരിയുടുക്കാൻ ബീനയെ നോക്കി നിന്നു… കുറെ താമസിച്ചാണ് ബീന എത്തിയത്.. ചില്ലി റെഡ് കളർ കാഞ്ചിപുരം പട്ട് ആണ് അന്ന് ഉടുപ്പിച്ചത്…

പതിവിലും വളരെ മനോഹരിയായി അന്ന് അഞ്ജലിയെ തോന്നിച്ചു… അഞ്ജലിയെ കണ്ട കണ്ണുകളിൽ എല്ലാം അസൂയ ആയിരുന്നു.. അപ്പോഴാണ് ഏതോ സമ്പന്ന കുടുംബത്തിലെ ആൾക്കാർ വിവാഹ പർച്ചേസിംഗിനായിഷോപ്പിൽ എത്തിയത്… സ്ത്രീകളും പുരുഷന്മാരും കൂടി അവർ അഞ്ചു പേരായിരുന്നു ഉണ്ടായിരുന്നത്… വന്നയുടനെ അവരുടെ കണ്ണുകൾ അഞ്ജലിയിൽ ആണ് പതിഞ്ഞത്… പുരുഷന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ടു കണ്ണുകളിലെ ഭാവമാറ്റം ആരുമറിഞ്ഞില്ല… വീണ്ടും വീണ്ടും ആകാംക്ഷയോടെ ആ കണ്ണുകൾ അഞ്ജലിയുടെ മുഖത്ത് ആയിരുന്നു…

പക്ഷേ ഇതെല്ലാം കണ്ട് പല്ലു ഞെരിച്ചു കൊണ്ട് മറ്റൊരാൾ മുമ്പിൽ ഇരുന്ന ഫ്ലവർ വേയ്സ് എടുത്ത് നിലത്തേക്ക് എറിഞ്ഞു… ദേഷ്യംകൊണ്ട് ആ കണ്ണുകൾ കുറുകി.. വൈകിട്ട് വീട്ടിൽ ചെല്ലുമ്പോൾ അഞ്ജലിയെ കാത്തു വാസുചേട്ടനും ചേച്ചിയും ആതിയും ഉണ്ടായിരുന്നു… പതിവില്ലാതെ എല്ലാവരും ഉമ്മറത്ത് നിൽക്കുന്നതു കണ്ടു അതിശയത്തോടെയാണ് അഞ്ജലി അകത്തേക്ക് കയറിയത്… എന്താ എല്ലാവരുംകൂടി പതിവില്ലാതെ… വാസു ചേട്ടൻ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.. മോളെ കാണാനാ ഞങ്ങൾ ഇവിടെ ഇരുന്നത്… എന്നെ കാണാനോ…. എന്താ വാസു ചേട്ടാ… മോളെ നന്നായി ആലോചിച്ച് വേണം ഒരു തീരുമാനം പറയാൻ… മോൾക്ക്‌ ഒരു വിവാഹ കാര്യമാണ്. വിവാഹമോ.. എനിക്കോ…

വാസു ചേട്ടൻ എന്തൊക്കെയാണ് പറയുന്നത്…. ഞാൻ അങ്ങനെ എന്റെ കാര്യം നോക്കി പോകാൻ പറ്റുമോ… മോളെ ഈ വിവാഹം നടന്നാൽ എല്ലാത്തിനും പരിഹാരം ഉണ്ടാകും… അവൾ ഒന്നും മനസ്സിലാക്കാതെ അവരെ നോക്കി…. മോളെ ഇതിന് സമ്മതിച്ചാൽ ആതി മോളുടെ പഠനവും വിവാഹവും അവർ നോക്കിക്കോളും…കടങ്ങളും വീട്ടും… അച്ഛന് നല്ല ചികിത്സയും കിട്ടും… ഇതൊന്നും മോളെ കൊണ്ട് തന്നെകൂടില്ല… അതുകൊണ്ട് മനസ്സിരുത്തി ആലോചിക്കണം… സ്വപ്നം കാണാൻ പറ്റാത്ത ബന്ധമാ… ആളെ മോൾക്ക്‌ അറിയാം… എനിക്ക് അറിയുമോ… ആരാ വാസു ചേട്ടാ…. അനന്ത ടെക്സ്റ്റൈൽസ് ഉടമ അനന്തപത്മനാഭൻ.. അഞ്ജലി ഇരുന്നിടത്തു നിന്നും ചാടിയെഴുന്നേറ്റു… എം ഡി യോ എന്റെ ഈശ്വരാ…

ഞാൻ എന്താ ഈ കേൾക്കുന്നത്… ആദ്യമായി ചെന്ന അന്നാണ് ഒന്ന് കണ്ടത്. പിന്നെ ആളെ കണ്ടിട്ടേ ഇല്ല… പിന്നെ എങ്ങനെ…. അവൾ ഒന്നും മനസ്സിലാകാതെ നിന്നു… അഞ്ചു മോളെ ദൈവം ആയിട്ടു കൊണ്ടുവന്നതാ ഈ ആലോചന…. മോൾ എതിരൊന്നും പറയരുത്… ആതി മോളെ നല്ല ഒരാളുടെ കയ്യിൽ പിടിച്ചു കൊടുക്കേണ്ടേ.. മോൾക്കും വേണ്ടേ ഒരു ജീവിതം.. മോൾ നന്നായി ആലോചിക്ക്…. ഞങ്ങൾ ഇറങ്ങട്ടെ… അഞ്ജലി അരഭിത്തിയിലേക്ക് ബാഗ് വെച്ചു… എന്താണ് ചെയ്യേണ്ടത്…. ചേച്ചി… ആതി വന്ന് അവളുടെ തോളിൽ കൈവച്ചു….. ഇഷ്ടമാണെങ്കിൽ മാത്രം സമ്മതിച്ചാൽ മതി കേട്ടോ… എനിക്ക് വേണ്ടി ചേച്ചിയുടെ ജീവിതം ആരുടെ മുന്നിലും അടിയറവ് വയ്ക്കരുത്…

അന്ന് രാത്രി മുഴുവൻ അഞ്ജലി ആലോചനയിലായിരുന്നു… പലതരത്തിലും ആലോചിച്ചു… എന്താണ് ഇങ്ങോട്ട് ഇങ്ങനെയൊരു ആലോചനയും കൊണ്ടുവന്നത്… എത്രയോ നല്ല ബന്ധങ്ങൾ കിട്ടും അവർക്കൊക്കെ… രാവിലെ എഴുന്നേറ്റ അഞ്ജലിയുടെ മുഖത്ത് ഉറക്കമൊഴിഞ്ഞതിന്റെ ക്ഷീണം ഉണ്ടായിരുന്നു.. അവൾ അച്ഛന്റെ അടുത്തേക്ക് ചെന്നു. അച്ഛനോട് തന്റെ മനസ്സിലെ വിഷമങ്ങൾ മുഴുവൻ പറഞ്ഞു… അച്ഛാ ഞാൻസമ്മതിക്കുകയാണ് ഈ വിവാഹത്തിന്.. ബാക്കി വരുന്നത് പോലെ ആകട്ടെ എന്ന് ഓർത്തുകൊണ്ട് അവൾവാസു ചേട്ടന്റെ വീട്ടിലേക്ക് നടന്നു.. ചേച്ചി വാസു ചേട്ടനോട് പറഞ്ഞേക്ക് എനിക്ക് വിവാഹത്തിന് സമ്മതമാണെന്ന്.. ചേച്ചി സന്തോഷത്തോടെ വെളിയിലേക്ക് ഇറങ്ങിവന്നു..

നന്നായി മോളെ. ഞാൻ പ്രാർത്ഥിക്കുകയായിരുന്നു മോൾ സമ്മതിക്കണേ എന്ന്… വാസു ചേട്ടൻ ഇറങ്ങി വന്നു…ഞാൻ ഇപ്പോൾ തന്നെ സാറിനെ വിളിച്ചു പറയട്ടെ…. ഞാൻ പോകട്ടെ ചേച്ചി. റെഡി ആയിട്ട് വേണം ഷോപ്പിൽ പോകാൻ… അവൾ വേഗം വീട്ടിലേക്ക് നടന്നു. പോകാൻ റെഡിയായി ഡ്രസ്സ് മാറി വെളിയിലേക്ക് ഇറങ്ങുമ്പോഴാണ് ചേച്ചി ഓടിവന്നത്.. മോള് പോയി കാണും എന്ന് വിചാരിച്ചാ ഞാൻ ഓടി വന്നത്.. മോൾ ഇന്ന് പോകണ്ട കേട്ടോ. അവർ ഇങ്ങോട്ട് വരും.. ഇങ്ങോട്ടോ എന്തിന്… അതൊന്നും അറിയില്ല ആസാർ ഇപ്പോൾ ചേട്ടനെ വിളിച്ചു പറഞ്ഞതാ… ഏതു സാർ…. എംഡി ആയിരിക്കുമോ..

അവൾക്ക് ആകെ പരിഭ്രമം തോന്നി… അപ്പോഴാണ് വീട്ടിലേക്കുള്ള വഴിയിൽ ഒരു ബ്ലാക്ക് ബെൻസ് കാർ തിരിയുന്നത് കണ്ടത്.. ഈശ്വരാ ഇത്ര പെട്ടെന്ന് അവർ വന്നോ. മോളെ ഞാൻ പോയി ചേട്ടനെ വിളിച്ചോണ്ട് വരാം. ചേച്ചി പുറത്തേക്ക് ഓടി.. എന്തുചെയ്യണമെന്നറിയാതെ അഞ്ജലി അവിടെ തറഞ്ഞു നിന്നു.. കാറിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ട് അവൾക്ക് അത്ഭുതവും അതോടൊപ്പം തന്നെ അമ്പരപ്പും ഉണ്ടായി… മൂർത്തി സാർ… സാർ ആയിരുന്നോ… ആശ്വാസത്തോടെ ചിരിച്ചു കൊണ്ട് കാൽ മുൻപോട്ടു വെയ്ക്കാൻ തുടങ്ങിയപ്പോഴാണ് ഡ്രൈവർ സീറ്റിനടുത്ത ഡോർ തുറന്നത്… വെളിയിലേക്കിറങ്ങിയ ആളെ കണ്ട് അവൾ ശ്വാസം എടുക്കാൻ മറന്നു നിന്നു…

ഈശ്വരാ എം ഡി.. അവൾ എന്തു ചെയ്യണമെന്നറിയാതെ നിന്നു.. എന്താ മോളെ ഞങ്ങളെ അകത്തേക്ക് വിളിക്കുന്നില്ലേ… മൂർത്തി സർ ചിരിയോടെ ചോദിച്ചു.. അവൾ ചമ്മലോടെ ചിരിച്ചു… അകത്തേക്ക് വരൂ സാർ.. അവൾ പെട്ടെന്ന് രണ്ടു കസേര മുൻപോട്ട് നീക്കിയിട്ടു… അവൾ അനന്തന്റെ മുഖത്തേക്ക് പാളി നോക്കി.. വേർതിരിച്ചറിയാനാവാത്ത ഒരു ഭാവമാണ് ആ മുഖത്ത്……( തുടരും)

അഞ്ജലി: ഭാഗം 4

Share this story