അഞ്ജലി: ഭാഗം 6

അഞ്ജലി: ഭാഗം 6

എഴുത്തുകാരി: പാർവ്വതി പിള്ള

രണ്ടാളും അകത്തേക്ക് കയറിയിരുന്ന സമയത്താണ് വാസു ചേട്ടൻ ഓടി വന്നത്. സാർ ഞാൻ താമസിച്ചോ. മുണ്ട് താഴ്ത്തിയിട്ടു കൊണ്ട് ബഹുമാനത്തോടെ വാസു ചേട്ടൻ മൂർത്തി സാറിനോട് ചോദിച്ചു. ഇല്ല വാസു ഞങ്ങൾ കയറി ഇരുന്നതേയുള്ളൂ. അനന്തൻ സാറിന് ഒന്നും വെച്ച് താമസിപ്പിക്കുന്നത് ഇഷ്ടമില്ല. അതാ ഇപ്പോൾതന്നെ ഇറങ്ങിയത്. അല്ല മോളുടെ അച്ഛൻ….. അകത്താ കിടക്കുന്നത്. കയറി വരൂ.. അഞ്ജലി ഒരു സൈഡിലേക്ക് ഒതുങ്ങി നിന്നു. അവർ അകത്തേക്ക് കയറിയപ്പോൾ അഞ്ജലി ആ മുഖത്തേക്ക് ഒന്നു പാളി നോക്കി. ഇല്ല അറിയാതെ പോലും ഒരു നോട്ടമില്ല. അച്ഛനെ കണ്ട് തിരികെ ഇറങ്ങുമ്പോഴേക്കും ആതിയും ചേച്ചിയും കൂടി ചായ എടുത്തു. ഒരു ട്രേയിൽ പലഹാരങ്ങളും ഉണ്ടായിരുന്നു.

ഇതൊക്കെ എപ്പോൾ വാങ്ങി എന്ന ഭാവത്തിൽ അഞ്ജലി ആതിയെ നോക്കി. നോക്കണ്ട ഇന്നലെ വാസു ചേട്ടൻ വാങ്ങിക്കൊണ്ടു വന്നതാ ഇതൊക്കെ. ഇതൊക്കെ നേരത്തെ അറിയാമായിരുന്നു അല്ലേ എന്ന അർത്ഥത്തിൽ അഞ്ജലി ചേച്ചിയുടെ മുഖത്തേക്ക് നോക്കി. അവർ അവളെ നോക്കി പുഞ്ചിരിച്ചു. അവൾ രണ്ടാൾക്കും ചായ കൊടുത്തു. ആൾ ചായഗ്ലാസ് എടുത്ത് രണ്ടിറക്കു കുടിച്ചശേഷം ബാക്കി അവിടെ വെച്ചു. പിന്നെ മൂർത്തി സാറിനെ നോക്കി. കഴിച്ചുകൊണ്ടിരുന്ന ലഡു താഴെവെച്ച് വേഗം ചായ കുടിച്ചു കൊണ്ട് എഴുന്നേറ്റു സാർ. അപ്പോൾ ഞങ്ങൾ ഇറങ്ങട്ടെ. മൂർത്തി സാർ എല്ലാവരോടും യാത്ര പറഞ്ഞു. യാത്രപറഞ്ഞ് ഇറങ്ങുമ്പോഴും അഞ്ജലി ഒരു നോട്ടം പ്രതീക്ഷിച്ചു. പക്ഷേ ഉണ്ടായില്ല. അഞ്ജലിക്ക് ആകെ ഒരു വീർപ്പുമുട്ടൽ തോന്നി. അപ്പോഴാണ് വാസു ചേട്ടന്റെ ഫോൺ ബെല്ലടിച്ചത്. സംസാരിച്ചുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങിയ വാസു ചേട്ടൻ അല്പസമയം കഴിഞ്ഞപ്പോൾ കയറി വന്നു. മോളെ ഷോപ്പിലേക്ക് ജോലിക്കായി ഇനി മുതൽ ചെല്ലണ്ട എന്ന്. അവൾ അമ്പരപ്പോടെ നിന്നു. അതെന്താ… പിന്നെ എങ്ങനെയാണ് ഇവിടുത്തെ കാര്യങ്ങൾ.

മോളെ അടുത്ത ആഴ്ച തന്നെ വിവാഹം നടത്തണമെന്നാ അവർ പറയുന്നത്. അടുത്ത ആഴ്ചയോ. അമ്മ മരിച്ചിട്ട് അധികം ഒന്നും ആയിട്ടില്ല. അഞ്ജലി പറഞ്ഞു. ലളിതമായ ചടങ്ങ് മതിയെന്നാണ് പറയുന്നത്. പിന്നെ അവിടെ അവർക്ക് പാർട്ടി ഒക്കെ നടത്തണമത്രെ. ഒരുപാട് ആൾക്കാരെ ഒക്കെ ക്ഷണിക്കാൻ ഉള്ളതാണെന്ന്. എന്നാലും വാസു ചേട്ടാ ഇത്ര പെട്ടെന്ന്. സാരമില്ല മോളെ. മോൾക്ക് വിവാഹത്തിന് സമയമായി കാണും. എതിരൊന്നും പറയാതെ എല്ലാം ഭംഗിയായി നടക്കാൻ പ്രാർത്ഥിക്കാം. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ വിവാഹമാണ്. ഇന്നലെ അവിടെ നിന്നും മൂർത്തി സാർ വന്നിരുന്നു. ഡ്രെസ്സുമായി… ആഭരണങ്ങൾ തലേന്ന് എത്തിക്കാം എന്ന് പറഞ്ഞു. ഇതിനിടയിൽ ഒരു തവണ പോലും ആളിന്റെ ഒരു വിളി വന്നില്ല. ആൾക്ക് അച്ഛനും അമ്മയും ഇല്ലത്രേ. പിന്നെ കുറെ ബന്ധുക്കളൊക്കെയുണ്ട്. അവരുമായി സഹകരണം ഇല്ലെന്നാണ് പറഞ്ഞത്. വിവാഹത്തിന് അവിടെനിന്നും മൂന്നോ നാലോ പേരെ വരുകയുള്ളു. എല്ലാവരെയും ഫങ്ക്ഷന് ആണ് വിളിച്ചതെന്ന്.

ആകെ ഒരു വീർപ്പുമുട്ടൽ. അവൾ ദീർഘ ശ്വാസം എടുത്തു. നേരത്തെ വർക്ക് ചെയ്ത ഓഫീസിൽ ചെന്ന് പറയാൻ കഴിയാത്തതുകൊണ്ട് അശ്വതി ചേച്ചിയെ വിളിച്ചു പറഞ്ഞു. അനന്തുവിനോട് ഫോൺ ചെയ്തു പറഞ്ഞു. അവൻ അവിടെ ഒരു നിമിഷം നിശബ്ദമായി നിന്നു.. പിന്നീട് വിവാഹത്തിന് വരാം എന്ന് സമ്മതിച്ചു കൊണ്ട്ഫോൺ കട്ട്‌ ചെയ്തു… കൊച്ചച്ഛനെയും കുടുംബത്തെയും വിളിച്ചു പറഞ്ഞു എങ്കിലും വരാൻ കഴിയില്ല എന്നു പറഞ്ഞു. കൊച്ചച്ചന് ലീവ് ഇല്ലാത്രെ. പിന്നെ ഇളയ ആൾക്ക് എക്സാം ആണെന്ന്. അതൊന്നുമല്ല കാര്യം. വന്നാൽ പൈസ വല്ലതും ചിലവാക്കേണ്ടി വരുമോ എന്ന് ചിറ്റയ്ക്ക് പേടിയാണ്. അതാവും വരാത്തത്. അവൾ പുച്ഛത്തോടെ ചിരിച്ചു. പിറ്റേന്ന് രാവിലെ മൂർത്തി സാറിന്റെ കാർ മുറ്റത്ത് വന്നു നിന്നു. അതിൽ നിന്നും ഇറങ്ങിയ സാർ ഒരു വലിയ കവർ അഞ്ജലിയുടെ കയ്യിൽ കൊടുത്തു. മോൾക്ക് അണിയാനുള്ള ആഭരണങ്ങളാണ്. ഒക്കെ സൂക്ഷിച്ചു വെക്കണം.

രജിസ്റ്റർ ഓഫീസിൽ വെച്ചാണ് വിവാഹം. 10 മണിക്കാണ് ചടങ്ങ് . ഒരുപാട് ആളുകളെ ഒന്നും ക്ഷണിച്ചിട്ടില്ല. വാസു ചേട്ടനും ചേച്ചിയും പിന്നെ തൊട്ടടുത്തുള്ള രണ്ടു വീട്ടിലും മാത്രമേ പറഞ്ഞിട്ടുള്ളൂ. ഓഫീസിൽ നിന്നും ചേച്ചിയും അനന്തുവും രജിസ്ട്രാർ ഓഫീസിൽ എത്തും. രണ്ടു മൂന്നു ദിവസം മുൻപ് പശുവിനെ കൊടുത്തു. അന്നു വൈകിട്ട് മുഴുവൻ അച്ഛന്റെ ഒപ്പമിരുന്നു. അമ്മയുടെ മരണശേഷം ഇന്നാണ് അച്ഛന്റെ മുഖം ഒന്ന് തെളിഞ്ഞു കണ്ടത്. ഒരു പക്ഷേ മകളുടെ വിവാഹം അത്രമേൽ സന്തോഷിപ്പിക്കുന്നുണ്ടാവും. കുറേനേരം അച്ഛന്റെ കയ്യിലേക്ക് മുഖം ചേർത്ത് കിടന്നു. ആതിയുടെ വിളിയാണ് ഉണർത്തിയത്. ചേട്ടനും ചേച്ചിയും ആയിരുന്നു. ചേച്ചി കയ്യിലൊരു വളയിട്ടു തന്നു. അമ്പരപ്പോടെ ചേച്ചിയെ നോക്കി. ഈ പൈസയ്ക്ക് ബുദ്ധിമുട്ടുള്ള സമയത്ത് എന്തിനാ ചേച്ചി ഇതൊക്കെ. മോൾ ക്കുള്ള ആഭരണങ്ങളിൽ ഇത് കാണാൻ ഒന്നും ഇല്ലായിരിക്കും. എന്നാലും സാരമില്ല ഇരിക്കട്ടെ. ഞങ്ങളുടെ ഒരു സന്തോഷത്തിന്.

ചേച്ചി നെറുകയിൽ തലോടി. കണ്ണുകൾ നിറഞ്ഞു. ആരും അല്ലാതിരുന്നിട്ടുകൂടി അമ്മ നഷ്ടപ്പെട്ടപ്പോൾ അതിന്റെ ഒരു കുറവും അറിയിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ട് തങ്ങളുടെ കൂടെയുണ്ട്. എന്തിനാണ് കൂടുതൽ ബന്ധുക്കൾ. മോൾ കിടന്നുറങ്. നാളെ നമുക്ക് ഒരുപാട് ആളുകൾ ഒന്നുമില്ലെങ്കിലും അവിടെ വൈകിട്ട് വലിയ പാർട്ടി ആണെന്നാ മൂർത്തി സാർ പറഞ്ഞത്. പിന്നെ ഉറക്കമിളച്ചാൽ രാവിലെ എഴുന്നേൽക്കുമ്പോൾ മുഖം വല്ലാതെ ഇരിക്കും. കതകടച്ചു കിടന്നോ. അവർ യാത്ര പറഞ്ഞ് ഇറങ്ങി. കതക് ചേർത്ത് അടച്ചതിനുശേഷം അച്ഛന്റെ അരികിലേക്ക് ചെന്നു. പുതപ്പെടുത്തു നന്നായി പുതപ്പിച്ചു. മുറിയിലേക്ക് കയറി വാതിൽ ചാരി. ആതിയോട് ചേർന്ന് കിടന്നു. നാളെ മറ്റൊരാളോടൊപ്പം മറ്റൊരിടത്ത്. ഓർത്തപ്പോൾ വല്ലാത്ത ഒരു ഭയം മനസ്സിൽ ഉരുണ്ടുകൂടി. കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് കിടന്നു. രാവിലെ അലാറം അടിക്കുന്ന ശബ്ദം കേട്ട് കൊണ്ട് ചാടി എഴുന്നേറ്റു.

മുടി വാരി ഒതുക്കി കെട്ടി. ആതി നല്ല ഉറക്കമാണ്. റൂമിൽ നിന്നും വെളിയിലേക്കിറങ്ങി അച്ഛനെ നോക്കി. ഉറക്കമാണ്. തണുത്ത വെള്ളം തലയിലേക്ക് കോരിയൊഴിച്ചു. അപ്പോൾ ആകെ ഒരു ഉന്മേഷം തോന്നി. പൂജാമുറിയിൽ കയറി കിണ്ടിയിൽ വെള്ളം നിറച്ചു. പൂവും ഇറുത്തു അകത്തേക്ക് കയറിയപ്പോൾ ആതി ഉണർന്നു വന്നു. വിളക്കുകൊളുത്തി ഭഗവാനോട് പ്രാർത്ഥിച്ചു. പിന്നെ തട്ടത്തിൽ നിന്നും ഭസ്മം എടുത്ത് ചാർത്തി. അടുക്കളയിലേക്ക് ചെന്നു കാപ്പി ഉണ്ടാക്കി. അച്ഛന് ഉള്ളത് എടുത്തു കൊണ്ട് അകത്തേക്ക് കയറി. അച്ഛനെ ഉണർത്തി കാപ്പി പിടിച്ചു കൊടുത്തു. പിന്നെ അടുക്കളയിൽ ചെന്ന് രണ്ട് ഗ്ലാസ് കാപ്പി എടുത്തു. അപ്പോഴേക്കും ആതിയുമെത്തി. കാപ്പി കുടിച്ചു കൊണ്ട് തന്നെ തലേന്ന് അരച്ചു വച്ചിരുന്ന ദോശമാവ് എടുത്ത് ദോശ ചുട്ടെടുത്തു. അപ്പോഴേക്കും ആതി തേങ്ങ ചിരവി ചട്നിക്ക് അരച്ചെടുത്തു. എട്ടു മണി ആയപ്പോഴേക്കും മൂർത്തി സാർ ബ്യൂട്ടിഷനെയും കൊണ്ട് എത്തി. വേഗം റെഡി ആകു മോളേ.

ഒമ്പതര ആകുമ്പോൾ വണ്ടി ഇവിടെ എത്തും കേട്ടോ. കുറച്ചു കാര്യങ്ങളും കൂടി ഉണ്ട്. ഞാൻ അങ്ങോട്ടു ചെല്ലട്ടെ. ഗോൾഡൻ കളറിലുള്ള കാഞ്ചീപുരം പട്ടുസാരി ആണ് അഞ്ജലിക്ക് ഉടുക്കാനായി കൊടുത്തു വിട്ടത്. ആഭരണ പെട്ടി തുറന്ന അഞ്ജലി കണ്ണു മിഴിച്ചു നോക്കി. ഇതെല്ലാം കൂടി ഇട്ടു നിൽക്കുന്ന അവസ്ഥയോർത്ത് അഞ്ജലിക്ക് തല പെരുത്തു. അതിൽ നിന്നും വീതിയുള്ള ഒരു മാലയും ഈ രണ്ടു വളകളും മാത്രം അണിഞ്ഞു. ബാക്കി ഭദ്രമായി ആതിയെ ഏൽപ്പിച്ചു. രജിസ്ട്രാർ ഓഫീസിലേക്ക് പോകാൻ ഇറങ്ങുമ്പോൾ എടുക്കണം എന്ന് ഒന്നു കൂടി ഓർമ്മിപ്പിച്ചു. ഒരുങ്ങി ഇറങ്ങിയ അഞ്ജലിയെ ആതിര കെട്ടിപ്പിടിച്ചു ചുംബിച്ചു. സുന്ദരി ആയിട്ടുണ്ട് എന്റെ ചേച്ചി. അപ്പോഴാണ് വാസു ചേട്ടനും ചേച്ചിയും അങ്ങോട്ടേക്ക് വന്നത്. ആഹാ സുന്ദരി ആയിട്ടുണ്ടല്ലോ അഞ്ചു മോള്. ചേച്ചി സ്നേഹത്തോടെ പറഞ്ഞു. അവൾ അച്ഛന്റെ കാൽതൊട്ട് വന്ദിച്ചു. അച്ഛാ ഇറങ്ങാൻ സമയമായി. അനുഗ്രഹിക്കണം.

അവൾ നിറകണ്ണുകളോടെ അച്ഛന്റെ അരികിലേക്ക് ഇരുന്നു. ശരീരം ഒന്ന് അനക്കാൻ പോലുമാകാതെ യുള്ള തന്റെ നിസ്സഹായാവസ്ഥ ഓർത്ത് ആ മനുഷ്യന്റെ ഇരു കണ്ണുകളിൽ നിന്നും കണ്ണുനീരൊഴുകി. കരയല്ലേ അച്ഛാ. ഈ കണ്ണീര് കണ്ടിട്ട് എനിക്ക് ഇവിടെ നിന്നും ഇറങ്ങാൻ പറ്റില്ല. അവൾ കണ്ണുനീർ തുടച്ചു കൊടുത്തു. പിന്നെ ആ കവിളിൽ ചുണ്ടുകൾ ചേർത്തു. കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു കൊണ്ട് വെളിയിലേക്കിറങ്ങി. അമ്മ ഉറങ്ങുന്ന ഇടത്തേക്ക് നടന്നു. അല്പനേരം കണ്ണടച്ചു നിന്നു. അമ്മേ പുതിയ ഒരു ജീവിതം തുടങ്ങുകയാണ്. അറിയില്ല എന്താവുമെന്ന് എങ്ങനെയുള്ള ആളാണെന്ന് അറിയില്ല. കൂടെ ഉണ്ടാവണേ. അവൾ കൈകൂപ്പി തൊഴുതു. ഒരു ഇളം തെന്നൽ അവളെ കടന്നു പോയി. ചേച്ചി അടുത്തേക്ക് വന്നു. മോളെ സമയമാകുന്നു ഇറങ്ങാം.

ഒന്നുകൂടി കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ട് അവൾ കാറിന് അരികിലേക്ക് നടന്നു. ചെന്നിറങ്ങുമ്പോൾ കണ്ടു. തന്നെ ശ്രദ്ധിച്ചു നിൽക്കുന്ന ആളെ. ഗോൾഡൻ കളറിലുള്ള കുർത്തയും കസവിന്റെ മുണ്ടുമാണ് വേഷം. ആര് കണ്ടാലും ഒന്നുകൂടി നോക്കും. അത്രയും ഭംഗിയോടെ നിൽക്കുന്നു. അഞ്ജലിയുടെ നോട്ടം കണ്ടതും പെട്ടെന്ന് കണ്ണുകൾ വെട്ടിച്ച് ഫോണിലേക്ക് മുഖം താഴ്ത്തി. രജിസ്ട്രാർ ഓഫീസിലേക്ക് കയറി. മുൻപിലിരുന്ന രജിസ്റ്ററിലേക്ക് രണ്ടാളും ഒപ്പുവെച്ചു. കൂടെ സാക്ഷികളും ഒപ്പുവെച്ചു. പിന്നെ മൂർത്തി സാറിന്റെ കയ്യിൽ നിന്നും താലി വാങ്ങി കഴുത്തിലേക്ക് അണിയിച്ചു. കണ്ണടച്ചു നിന്നു. മനസ്സ് ശൂന്യം ആയതുപോലെ. ആ ചുടുനിശ്വാസം മുഖത്തേക്കടിച്ചപ്പോൾ ആകെ ഒരു വെപ്രാളം. വിലകൂടിയ ഏതൊക്കെയോ സെന്റിന്റെ മണം മൂക്കിലേക്ക് തുളച്ചു കയറി. അപ്പോഴാണ് കണ്ടത് അന്ന് ബസ്റ്റോപ്പിൽ വച്ചുകണ്ട അമ്മ. കയ്യിൽ സിന്ദൂരച്ചെപ്പ് ഉണ്ട്.

അവർ അഞ്ജലിയെ നോക്കി പുഞ്ചിരിച്ചു. അവൾ തിരികെ ഒരു പുഞ്ചിരി നൽകി. അവരുടെ കയ്യിൽ നിന്നും വാങ്ങിയ സിന്ദൂരം നെറുകയിൽ പതിഞ്ഞപ്പോഴാണ് ചിന്തയിൽ നിന്നും ഉണർന്നത്. താനൊരു ഭാര്യ ആയിരിക്കുന്നു. ഓർക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു വികാരം. സന്തോഷമാണോ സങ്കടമാണോ എന്താണെന്ന് അറിയില്ല. അച്ഛന്റെ സ്ഥാനത്തു നിന്നും കൈപിടിച്ചു കൊടുത്തത് വാസു ചേട്ടനാണ്. വെളിയിലേക്ക് ഇറങ്ങിയപ്പോഴാണ് കണ്ടത് അശ്വതി ചേച്ചിയും അനന്തുവും. വേഗംഅവരുടെ അടുത്തേക്ക് ചെന്നു. അശ്വതി അത്ഭുതത്തോടെ അഞ്ജലിയെ നോക്കി.ആള് ആകെ മാറിപ്പോയല്ലോ. സുന്ദരി ആയിട്ടുണ്ട് കേട്ടോ. ചേച്ചിയെ നോക്കി ഒന്ന് ചിരിച്ചു. ഞങ്ങൾ വന്നപ്പോഴേക്കും ചടങ്ങു കഴിഞ്ഞു. അതാ വെളിയിൽ തന്നെ നിന്നത്. അനന്തു മുൻപോട്ട് വന്നു അവളുടെ കയ്യിൽ ഒരു ഗിഫ്റ്റ് വെച്ചുകൊടുത്തു. അപ്പോഴാണ് അനന്തൻ അവരുടെ അടുത്തേക്ക് വേഗത്തിൽ വന്നത്.

വന്നയുടൻ സ്വയം പരിചയപ്പെടുത്തി. അനന്തുവിനെ നേരെ വലതു കൈ നീട്ടി.. അയാം അനന്തപത്മനാഭൻ. ഹലോ സർ ഞാൻ അനന്ദു. അവൻ തിരികെ കൈ കൊടുത്തു. അഞ്ജലിയുടെ കൂടെ വർക്ക് ചെയ്തിരുന്നതാണ്. ഓക്കേ. അപ്പോഴാണ് അനന്തന്റെ ഫോൺ അടിച്ചത്. ഫോൺ എടുത്തു എസ്ക്യൂസ്മി എന്ന് പറഞ്ഞുകൊണ്ട് അല്പം മാറി നിന്ന് സംസാരിച്ചു. സുന്ദരൻ ആണല്ലോ അഞ്ചു നിന്റെ ആൾ. നിങ്ങൾ തമ്മിൽ നല്ല മാച്ചാണ് കേട്ടോ. അഞ്ജലിയുടെ കണ്ണുകൾ അനന്തനു നേരെ നീണ്ടു. അപ്പോഴാണ് മൂർത്തി സാർ അങ്ങോട്ട് വന്നത്. മോളെ ഇറങ്ങാം. സമയം വൈകുന്നു. അവൾ അനന്തുവിനോടും അശ്വതിയോടും യാത്ര പറഞ്ഞു കൊണ്ട് ആതിയുടെ അടുത്തേക്ക് ചെന്നു. എന്തുകൊണ്ടോ നെഞ്ചു വിങ്ങുന്ന നൊമ്പരം. അവൾ ആതിയെ മാറോടു ചേർത്തു. ചേച്ചി പോട്ടെ മോളെ. ആതി ഒരു പൊട്ടിക്കരച്ചിലോടെ അവളിലേക്ക് ചേർന്നു. വാസു ചേട്ടൻ വന്ന് ആതിയെ പിടിച്ചുമാറ്റി. എന്താ മോളെ ഇത്.

കരഞ്ഞുകൊണ്ടാണോ ചേച്ചിയെ യാത്ര ആക്കേണ്ടത്. അവൾ കണ്ണുകൾ അമർത്തി തുടച്ചു. പിന്നെ കയ്യിലിരുന്ന കവറും ഫോണും അഞ്ജലിയുടെ കയ്യിലേക്ക് കൊടുത്തു. ഞാൻ ഇത് മൂർത്തി സാറിന്റെ കയ്യിൽ കൊടുത്തതാ ചേച്ചി. സാർ പറഞ്ഞു പോകാൻ നേരം ചേച്ചിയെ ഏൽപ്പിക്കാൻ. അവൾ ശരി എന്ന് തലയാട്ടി. നമുക്ക് ഇറങ്ങാം. ഇപ്പോൾ തന്നെ 12 മണിയായി. 4 മണിക്ക് അവിടെ ഫംഗ്ഷൻ തുടങ്ങും. വീണ്ടും ഒരിക്കൽ കൂടി എല്ലാവരെയും നോക്കിക്കൊണ്ട് ആതിയുടെ കൈപിടിച്ച് രാധചേച്ചിയെ ഏൽപ്പിച്ചു. ശ്രദ്ധിച്ചോണെ ചേച്ചി എന്റെ മോളെ. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് കാറിന് അരികിലേക്ക് നടന്നു. അനന്തൻ കാറിനുള്ളിലേക്ക് ഇരുന്നിരുന്നു.ഡ്രൈവർ ഡോർ തുറന്നുകൊടുത്തു. അഞ്ജലി കാറിനകത്തെക്ക് കയറി. വെളിയിലേക്ക് നോക്കി. നിറകണ്ണുകളോടെ ആതി നിൽക്കുന്നു. കണ്ണിൽ നിന്നും മായുന്നത് വരെ അവരെ നോക്കി അവൾ ഇരുന്നു….( തുടരും)

അഞ്ജലി: ഭാഗം 5

Share this story