ജനനി: ഭാഗം 35

ജനനി: ഭാഗം 35

എഴുത്തുകാരി: അനില സനൽ അനുരാധ

“എനിക്ക് ഒന്നും പറയാനില്ല… അവനെ കാണാൻ ഇല്ലെങ്കിലും എവിടെയെങ്കിലും പോയി ഒടുങ്ങിയാലും എനിക്ക് ഒരു കുഴപ്പവും ഇല്ല…” ആര്യൻ പറഞ്ഞു നിർത്തി… “മതി… ഇനിയൊന്നും പറയല്ലേ.. അങ്ങനെ ഒന്നും പറയല്ലേ…. ” ജനനി കൈ കൂപ്പി കൊണ്ട് പറഞ്ഞു… “പറഞ്ഞാൽ എന്താ? ഏഹ്… നിനക്ക് അവനെ ഇഷ്ടം ഇല്ലല്ലോ… ” “ഇനിയും തോൽക്കാൻ എനിക്ക് വയ്യ… മറ്റുള്ളവരുടെ മുൻപിൽ അപമാനിതയാകാൻ വയ്യ… ആർക്കും എന്നെ മനസ്സിലാവില്ല… ആർക്കും… ” ജാനി കണ്ണുകൾ അമർത്തി തുടച്ചു… “അവനെ നീ സ്നേഹിക്കുന്നില്ലേ ജാനി? ” ആര്യൻ ശാന്തനാകാൻ ശ്രമിച്ചു കൊണ്ട് തിരക്കി… “സ്നേഹിക്കാനുള്ള യോഗ്യതയുണ്ടോ എനിക്ക്… ഭാഗ്യം ഇല്ലാത്ത ജന്മമായിപ്പോയി… ” “നീ സ്നേഹിക്കുന്നില്ലേ എന്നതു മാത്രമാണ് എന്റെ ചോദ്യം… അല്ലാതെ യോഗ്യതയോ ഭാഗ്യമോ ഒന്നും ചോദിച്ചില്ല.. ” “ആരുടേയും ശാപവും ഇഷ്ടക്കേടുകളും നെഞ്ചിലേറ്റാൻ എന്നെക്കൊണ്ട് പറ്റാത്തോണ്ടാ…

സാറിന്റെ കുടുംബത്തിനു ഞാൻ ചേരില്ല… ” “നിനക്ക് ചെവി കേൾക്കില്ലേ ജാനി… ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞാൽ മതി…” ആര്യന്റെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു… ജനനി ഒന്നും പറയാതെ വിഷ്ണുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു… ആര്യൻ മുറിയിലേക്ക് പോകുന്നതും വാതിൽ വലിച്ച് അടക്കുന്നതും ജനനി അറിയുന്നുണ്ടായിരുന്നു… “നീരവ് നിന്നെ സ്നേഹിക്കുന്നു ജാനി… പ്രണയിക്കുന്നു… ബഹുമാനിക്കുന്നു… എല്ലാത്തിലും ഉപരിയായി നിനക്ക് വേണ്ടി വല്ലാതെ വേദനിക്കുന്നു…” അവളുടെ മുടിയിഴയിൽ തലോടി കൊണ്ട് വിഷ്ണു പറഞ്ഞു… ……….. “അവൻ വേദനിക്കുന്നത് കാണാനാണോ മോളെ നിനക്കിഷ്ടം… നഷ്ടപ്പെടുത്തുന്ന സ്നേഹം ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കൊണ്ടെത്തിക്കരുത്… പിന്നെ കരഞ്ഞിട്ട് ഒരു കാര്യവും ഉണ്ടാകില്ല… ” ജനനി അവനിൽ നിന്നും അടർന്നു മാറി… വിതുമ്പുന്ന ചുണ്ടുകൾ കൂട്ടിപ്പിടിച്ചു കൊണ്ട് മിഴികൾ ഉയർത്തി വിഷ്ണുവിനെ നോക്കി… “എന്താ ജാനി? ” അവളുടെ കവിളിൽ തലോടി കൊണ്ട് അവൻ തിരക്കി… അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു… “മനസ്സ് കല്ലാക്കി നോക്കി സാറിന്റെ സ്നേഹം വേണ്ടെന്നു വെക്കാൻ നോക്കിയ ഞാൻ മണ്ടിയായി പോയി ഏട്ടാ…

ആ കല്ലിനു പോലും സാറിന്റെ രൂപം ആയിരിക്കും…” എന്നു പറഞ്ഞ് തിരിഞ്ഞു ബെഡിൽ പോയി ഇരിക്കുന്ന ജനനിയെ നോക്കി നിൽക്കേ വിഷ്ണുവിന്റെ അധരത്തിൽ നോവ് കലർന്ന ഒരു പുഞ്ചിരി വിടർന്നു… അവൻ വാതിൽ ചാരിയ ശേഷം സോഫയിൽ വന്നിരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ അരികിൽ ആര്യനും വന്നിരുന്നു… “പാവം ഉണ്ടെടാ എന്റെ ജാനി… മനസ്സിലെ സ്നേഹം മൂടി വെക്കാൻ നോക്കി നീറി പുകയുകയാണ്… ” “കുറച്ചു പുകയട്ടെ… ഇത്രയും വാശി പാടില്ല … അവൾക്ക് മുൻപിൽ താഴ്ന്നു കൊടുക്കാവുന്നതിന്റെ മാക്സിമം അവൻ താഴ്ന്നു കൊടുത്തിട്ടില്ലേ… ” ആര്യൻ തിരക്കി… “അവന്റെ വീട്ടുകാർ അന്നു രാത്രി പറഞ്ഞത് അഞ്ജു നമ്മളോട് വന്നു പറഞ്ഞതൊന്നും മറന്നിട്ടില്ലല്ലോ ആര്യാ… അങ്ങനെയുള്ള കുടുംബത്തിലേക്ക് കയറി ചെന്നാൽ അവർക്ക് ഇഷ്ടമാകില്ല എന്ന പേടി അവൾക്ക് ഉണ്ടാകും… ഒരിക്കൽ അവളുടെ വിരലിൽ നിന്നും ഊർന്നു പോയ ഒരു മോതിരമുണ്ട്…

അന്ന് മുതൽ അവളുടെ ജീവിതം തന്നെ മാറിപ്പോയി… ഇപ്പോൾ പെറ്റമ്മയും കൂടപ്പിറപ്പുകളും അവളെ മറന്നു… ഇനി ഒരു തകർച്ച ഉണ്ടാകുമോ എന്ന ഭയത്തിന്റെ പേരിൽ ഒതുങ്ങി കൂടാൻ ശ്രമിക്കുന്ന അവളെ കുറ്റപ്പെടുത്താൻ പറ്റുമോ? ” “അവൾ ഇങ്ങനെ ഒതുങ്ങിക്കൂടി ജീവിതാവസാനം വരെ ഏട്ടനും അനിയത്തിയും ഇവിടെ കഴിയാൻ ആണ് തീരുമാനം എങ്കിൽ ഞാൻ ഈ കാര്യത്തിൽ ഇനി ഞാൻ അഭിപ്രായം ഒന്നും പറയുന്നില്ല… ” “എന്റെ ജാനിയുടെ കല്യാണം കഴിഞ്ഞു കാണണം… അവൾ മനസ്സ് തുറന്നു സന്തോഷിക്കുന്നതു കാണണം എനിക്ക്…” “എന്നാൽ അവളെ കുറ്റപ്പെടുത്തുന്ന രീതിയിൽ കുറച്ചു സംസാരിച്ചെന്നൊക്കെ വരും… അതൊക്കെ കേൾക്കുമ്പോൾ സഹിക്കേണ്ടിയും വരും… നീ എഴുന്നേറ്റു വാ.. കിടക്കാം… ” “എന്നാലും നീരവ് എവിടെ പോയിക്കാണും…” “നമുക്ക് നാളെ അന്വേഷിക്കാം… എന്തായാലും നേരം ഒന്നു വെളുത്തോട്ടെ… ” “ഞാൻ ഇവിടെ കിടന്നോളാം… നീ പോയി കിടന്നോ… ” “അങ്ങനെ ഇവിടെ കിടക്കണ്ട… വന്നേ… ” “ഇവിടെ കിടന്നാൽ ജാനിയുടെ മുറി കാണാല്ലോ… അവൾക്കിനി ഇന്ന് രാത്രി ഉറങ്ങാൻ ഒന്നും പറ്റില്ല…”

ആര്യൻ ഒന്നും പറയാതെ അവിടെ നിന്നും പോയി… വിഷ്ണു സോഫയിൽ കിടന്നു കുറച്ചു കഴിഞ്ഞതും നിലത്ത് ബെഡ്ഷീറ്റ് വിരിച്ച് ഒരു തലയിണയും ഇട്ട് ആര്യൻ വന്നു കിടന്നു… തന്റെ കയ്യിൽ ആര്യന്റെ കൈകൾ പതിഞ്ഞപ്പോൾ വിഷ്ണുവിനു ആശ്വാസം തോന്നി… ** “നീ ഒന്നു വന്നു കിടന്ന് ഉറങ്ങാൻ നോക്ക് സുമീ… ” അർദ്ധരാത്രി കഴിഞ്ഞിട്ടും ഗേറ്റിനു നേരെ മിഴികൾ നീട്ടി ഉമ്മറത്ത് ഇരിക്കുന്ന സുമിതയെ നോക്കി മോഹനകൃഷ്ണൻ ദേഷ്യപ്പെട്ടു … “എന്റെ മോൻ… അവൻ വരട്ടെ… ” “ചെറിയ കുട്ടിയൊന്നും അല്ലല്ലോ… പോയ പോലെ ഇങ്ങു വന്നോളും… ” “മോഹനേട്ടനു അങ്ങനെ പറയാം… മനസ്സ് വിഷമിച്ചാ കുഞ്ഞൻ പോയിരിക്കുന്നത്… അവന്റെ ഇഷ്ടം അതെന്തായാലും അതു നടത്തിക്കൊടുക്കണം… എതിരു നിൽക്കരുത്…” “നീ എന്ത് അറിഞ്ഞിട്ടാ പറയുന്നത്… ഒരു സ്റ്റാഫ് എന്ന നിലയിൽ ജനനിയോട് എനിക്ക് നല്ല മതിപ്പുണ്ട്.. ഒരിക്കൽ വിവാഹ നിശ്ചയം കഴിഞ്ഞതാണ്… കൂടാതെ ഫാമിലി എടുത്തു നോക്കിയാൽ കൂടെ ഇപ്പോൾ സ്വന്തം എന്നു പറയാൻ ഒരു ഏട്ടൻ മാത്രം… അതും സ്വന്തം അമ്മയുടെ വയറ്റിൽ ഉണ്ടായതല്ല…”

“നമുക്ക് ജാനിയക്കുറിച്ച് മാത്രം നോക്കിയാൽ മതിയില്ലേ ഏട്ടാ… സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തു സഹിക്കാനുള്ള ഒരു മനസ്സുണ്ട് അവൾക്ക്…” “അതാകും വീട്ടുകാരെ വേണ്ടെന്ന് വെച്ച് അവിടെ നിന്നും ഇറങ്ങി പോരേണ്ടി വന്നത്…” “പിന്നെ ജാനി എന്തു വേണമായിരുന്നു… വിഷ്ണുവിനെ ഉപേക്ഷിച്ചു കളയണമായിരുന്നോ…” “ആ കാര്യം വിട്ടേക്ക് സുമീ… നമുക്ക് ഒരു സ്റ്റാറ്റസ് ഇല്ലേ… ഒരു കല്യാണം എന്നൊക്കെ പറയുമ്പോൾ… ആളുകളുടെ മുൻപിൽ അവളെ എങ്ങനെ പരിചയപ്പെടുത്തും…” “മകന്റെ ഭാര്യയാണെന്ന് പറഞ്ഞു പരിചയപ്പെടുത്തണം… അല്ലെങ്കിൽ തന്നെ ആളുകളെ ബോധിപ്പിക്കാനാണോ നമ്മുടെ മോൻ വിവാഹം കഴിക്കേണ്ടത്… അവനെ സ്നേഹിക്കാനും മനസ്സിലാക്കാനും കഴിയുന്ന വിദ്യാഭ്യാസമുള്ള അവനു ചേരുന്ന ഒരു പെൺകുട്ടി… ജാനി അങ്ങനെയല്ലേ… എന്തിനാ അവളുടെ വീട്ടുകാരുടെ ചരിത്രമൊക്കെ അന്വേഷിച്ചു പോകുന്നത്? ” “വീട്ടിൽ ഇങ്ങനെ ഇരിക്കുന്ന നിനക്ക് അതു പറഞ്ഞാൽ മനസ്സിലാകില്ല…”

“മനസ്സിലാകില്ല… ഇപ്പോൾ അവന്റെ ഇഷ്ടം നിരസിക്കുമ്പോൾ ജാനിയെ വേണ്ടെന്നു വെച്ച് അച്ഛൻ പറയുന്നത് മകൻ അനുസരിക്കും എന്ന ചിന്ത ഉണ്ടെങ്കിൽ അതു കളഞ്ഞേക്ക് മോഹനേട്ടാ… അച്ഛനെ എതിർത്ത് കുഞ്ഞൻ ജാനിയെ വിവാഹം കഴിക്കില്ലായിരിക്കും. അതോടൊപ്പം വേറെ ഒന്നു കൂടെയുണ്ട്… കുഞ്ഞന് മറ്റൊരു ജീവിതം കാണില്ല… കുഞ്ഞൻ ആരതിയേയും ബാലുവിനെയും ചേർത്തു വെച്ചത് കണ്ടില്ലേ… അവൻ ആരോമലിന്റെ വീട്ടുകാരോട് പറഞ്ഞതെ എനിക്കും പറയാനുള്ളു…” എന്നു പറഞ്ഞ് സുമിത എഴുന്നേറ്റപ്പോൾ മോഹനകൃഷ്ണൻ ആലോചനയോടെ കസേരയിൽ ഇരുന്നു.. **** “സത്യം പറയ് വിനൂ… ഇതു നീയും നീരവും കൂടിയുള്ള പ്ലാൻ അല്ലേ… നീരവ് എവിടെയാണെന്ന് നിനക്ക് അറിയില്ലേ? ” ആര്യൻ തിരക്കി… “എന്റെ മുഖത്തേക്ക് ഒന്നു നോക്ക് എന്നിട്ട് ചോദിക്ക് ആര്യ… ” ഉറങ്ങാതെ വിനോദിന്റെ മുഖം ചീർത്ത് ഇരുന്നു .. കണ്ണുകളിൽ ഉറക്കം നഷ്ടപ്പെട്ടതിന്റെ ക്ഷീണം… “രാത്രി ഉറങ്ങിയില്ലല്ലേ? ” “എങ്ങനെ ഉറങ്ങും ഞാൻ… പുറമേ കാണിക്കുന്ന ഗൗരവം മാത്രമേയുള്ളൂ എന്റെ കുഞ്ഞന്… ഫോൺ ഇപ്പോഴും ഓഫ്‌… പോകാൻ സാധ്യതയുള്ള എല്ലായിടത്തും തിരക്കി…

അവൻ എവിടെയാണെന്ന് ഒന്നു അറിഞ്ഞാൽ മതി… ഈ ടെൻഷൻ സഹിക്കാൻ പറ്റുന്നില്ല…” ആര്യൻ വിഷ്ണുവിനെ നോക്കി… വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മനസ്സിൽ ചെറിയൊരു പ്രതീക്ഷ ഉണ്ടായിരുന്നു നീരവും വിനുവും ചേർന്നു ഒപ്പിച്ച ഒരു പണിയാകും എന്ന്… വിഷ്ണുവിന്റെ മുഖത്തു നിരാശ പടർന്നു… “അപ്പച്ചി അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്… ഞാൻ ഇന്നിനി ഓഫീസിൽ ഇരിക്കുന്നില്ല…” എന്നു പറഞ്ഞ് വിനോദ് എഴുന്നേറ്റു.. “വിനൂ… ആരോമൽ… അയാൾ ആളെങ്ങനെയാ? ” ആര്യൻ തിരക്കിയതും വിനോദ് അവിടെ തന്നെ ഇരുന്നു… “നീ എന്താ അങ്ങനെ ചോദിച്ചത്? ” “ആരതിയും ബാലുവും തമ്മിലുള്ള വിവാഹം ഇന്നലെ നടന്നതിനുള്ള കാരണക്കാരൻ നീരവ് അല്ലേ .. ആരോമലിനു ആ വിവാഹത്തിൽ യാതൊരു താല്പര്യവും ഇല്ലായിരുന്നു… അങ്ങനെ നോക്കുമ്പോൾ അയാളുടെ ഭാഗത്തു നിന്നും എന്തെങ്കിലും ചതി…. ” ആര്യൻ ആലോചനയോടെ നിർത്തി… വിഷ്ണുവും വിനോദും ആര്യന്റെ മുഖത്തേക്ക് ഉറ്റു നോക്കി… “ബാലു ഇന്നലെ ആ സ്റ്റിക്ക് കുത്തിയാ നടന്നു വന്നത് .. അവനെ അങ്ങനെ ആക്കിയത് ആരോമലും… ഇന്നലെ ഇഷ്ടക്കേടോടെ കല്യാണം നടത്തി കൊടുക്കേണ്ടി വന്ന ആരോമലിനു നീരവിനോട്‌ പക തോന്നാതെ ഇരിക്കുമോ? ” ആര്യന്റെ ചോദ്യം അവിടെ മുഴങ്ങി… ***

ഓഫീസിലേക്ക് കയറുമ്പോൾ സ്റ്റാഫുകൾ എല്ലാവരും തന്നെ നോക്കി അടക്കി സംസാരിക്കുന്നത് ജനനി കണ്ടിരുന്നു… ജൂനിയർ അസിസ്റ്റന്റ്സിന്റെ കാബിനു മുൻപിൽ എത്തിയപ്പോൾ ജനനി നിന്നു… തന്റെ സീറ്റിൽ ഇരുന്ന് ജോലി ചെയ്യുന്ന മറ്റൊരു യുവതി… ആരതിയുടെ സീറ്റിലും പുതിയ സ്റ്റാഫ്… സെലിനും ഹർഷയും ജനനിയെ കണ്ടെങ്കിലും മുഖം തിരിച്ചു… ജനനി നീരവിന്റെ കാബിനിലേക്ക് നടന്നു.. ഓപ്പൺ ചെയ്യാൻ നോക്കി എങ്കിലും അതിന്റെ ഡോർ ലോക്ക് ആയിരുന്നു… അവിടെ നിന്നും ഇറങ്ങി കോഫി ഷോപ്പിൽ വന്നിരിക്കുമ്പോഴേക്കും ആകെ ഒരു തളർച്ച തന്നെ വന്നു മൂടുന്നത് ജാനി അറിയുന്നുണ്ടായിരുന്നു…. കോഫി ഓർഡർ ചെയ്ത ശേഷം ഫോൺ എടുത്തു… നീരവിന്റെ നമ്പർ കോൺടാക്ട് ലിസ്റ്റിൽ നിന്നും സെലക്ട്‌ ചെയ്തെങ്കിലും വിളിക്കണോ വേണ്ടയോ എന്ന ആശങ്ക ഉള്ളിൽ നിറഞ്ഞു… അപ്പോഴേക്കും ഓർഡർ ചെയ്ത കോഫി എത്തി… ഫോൺ തിരികെ ബാഗിൽ വെച്ച ശേഷം അവൾ കോഫി കയ്യിൽ എടുത്തു… ചുണ്ടോട് അടുപ്പിച്ചെങ്കിലും കുടിക്കാൻ കഴിയുന്നില്ലായിരുന്നു… രാവിലെയും ഒന്നും കഴിച്ചിട്ടില്ല… ഒന്നും വേണ്ടാത്തതു പോലെ തോന്നുന്നുണ്ടായിരുന്നു…

കോഫി അവിടെ തന്നെ വെച്ച് ക്യാഷ് കൊടുത്ത് ഇറങ്ങുമ്പോഴാണ് കാർ പാർക്ക്‌ ചെയ്ത് അതിൽ നിന്നും ഇറങ്ങി വരുന്ന നീരവിനെ കണ്ടത്… അവൻ അവളെയും കണ്ടു കഴിഞ്ഞിരുന്നു… മനസ്സിൽ ഒരു മഞ്ഞുമഴ പെയ്യുന്ന പോലെ തോന്നി അവൾക്ക്… അവൻ കോണിപ്പടി കയറുന്നത് കണ്ടതും അവളും വേഗം പിന്നാലെ ചെന്നു… അവൾ പുറകിൽ വരുന്നത് കണ്ട നീരവ് നടത്തത്തിന്റെ വേഗത കൂട്ടി… നീരവ് കാബിനിലേക്ക് കയറിയതിന് പുറകെ ജനനിയും എത്തി… “സർ… ” അവൾ ഡോർ പാതി തുറന്ന് വിളിച്ചു… “ഹ്മ്മ്? ” അവൻ ചെയറിൽ ഇരുന്നു കൊണ്ട് തന്നെ തിരക്കി… അവൾ അകത്തേക്ക് കടന്നു… അവന്റെ നെറ്റിയിൽ ഒട്ടിച്ച ബാന്റ് എയ്ഡ്‌ അവൾ അപ്പോഴാണ് കണ്ടത്… എന്തു പറ്റിയതാകും എന്ന ചിന്തയിൽ അവൾ അവനെ നോക്കുമ്പോൾ അവനും അവളെ നോക്കി കാണുകയായിരുന്നു… മഷി എഴുതാത്ത അവളുടെ കണ്ണുകളും ചുവന്ന അവളുടെ മുഖവും അവനെ നൊമ്പരപ്പെടുത്തി… “എന്താ കാര്യം? ” അവൻ ഗൗരവത്തിൽ തിരക്കി…

“ഏഹ്? ” “ചെവി കേൾക്കില്ലേ… കണ്ടവർക്കൊക്കെ അങ്ങനെ കയറി ഇറങ്ങി നടക്കാനുള്ള സ്ഥലം അല്ല എന്റെ ഓഫീസ്… നിങ്ങളുടെ സേവനം ഇനി ഇവിടെ വേണ്ട എന്ന് ഞാൻ ഇന്നലെ പറഞ്ഞതല്ല? ” “പെട്ടെന്ന് ജോലിക്ക് വരണ്ട എന്നു പറഞ്ഞാൽ അതു അനുസരിക്കാൻ ബുദ്ധിമുട്ടുണ്ട്… ജോലിയിൽ എന്തു തെറ്റ് ചെയ്തതിനാണ് എന്നെ പിരിച്ചു വിടുന്നത് എന്നു കൂടി പറയണം… ” “പറഞ്ഞാലെ പോകൂ…” അവൻ റിവോൾവിംഗ് ചെയറിൽ നിന്നും എഴുന്നേറ്റു കൊണ്ട് തിരക്കി… “അതേ…” നീരവ് അവളുടെ മുൻപിൽ ടേബിളിൽ ആയി വന്നിരുന്നു… താടി ഉഴിഞ്ഞു കൊണ്ട് അവളെ നോക്കി… “ഒന്നാമത്തെ കാര്യം…. ” നീരവ് പറഞ്ഞു തുടങ്ങിയതും കാബിന്റെ ഡോറിൽ ആരോ ശക്തമായി ചവിട്ടിയതും ജനനി ഞെട്ടലോടെ തിരിഞ്ഞു നോക്കി……തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ജനനി: ഭാഗം 34

Share this story