നുപൂരം: ഭാഗം 2

നുപൂരം: ഭാഗം 2

എഴുത്തുകാരി: ശിവ നന്ദ

ബാംഗ്ലൂർ… എന്റെ നാടിന്റെ നേർവിപരീതമായൊരു നാട്. എങ്ങും തിരക്കും ബഹളവും. പൊരുത്തപ്പെടാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു ഞാൻ. ബാലമ്മാമേടെ വീട്ടിലായിരുന്നു ഞങ്ങൾ താമസം.. അവിടെ അമ്മായിയും അവരുടെ മകൾ പ്രിയനന്ദയും ഉണ്ട്. ഞാനും നന്ദയും പെട്ടെന്ന് തന്നെ കൂട്ടായി. എന്നെയും ഏട്ടനേയും ബാലമ്മാമ അവളുടെ സ്കൂളിൽ തന്നെ ചേർത്തു. പതിയെ പതിയെ ഞാൻ അവിടമാകെ ഇഷ്ടപ്പെട്ട് തുടങ്ങി. കാലം ആർക്കുവേണ്ടിയും കാത്തു നില്കാതെ മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു… ഇതിനിടയിൽ ബാലമ്മാമ കേസൊക്കെ നടത്തി അച്ഛന്റെ കുടുംബവീട് ഞങ്ങളുടെ പേരിലേക്ക് ആക്കി…അങ്ങനെ വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് പോകാൻ അമ്മ തീരുമാനിച്ചു..

ഏട്ടൻ അപ്പോഴേക്കും ഡിഗ്രി കഴിഞ്ഞിരുന്നു. ഞാൻ +2ഉം. എന്റെ എക്സാം കഴിഞ്ഞിട്ട് എന്നെ കൊണ്ട് പോകാം എന്ന തീരുമാനത്തിൽ എന്നെ അവിടെയാക്കി അമ്മയും ഏട്ടനും നാട്ടിലേക്ക് തിരികെ പോന്നു. ഇതിനിടയിൽ ഞാൻ പോലുമറിയാതെ അച്ചു എന്റെ ഓര്മകളിലെവിടെയോ മറഞ്ഞിരുന്നു.. ഒരു പക്ഷെ നന്ദയുമായുള്ള കൂട്ടായിരികാം കാരണം. എങ്കിലും ശ്രീയെ ഞാൻ ഇടക്ക് contact ചെയ്യും. അവനും അച്ചുവിനെ കുറിച് ഒന്നും പറയാതിരുന്നത് അവളെ ഓർക്കാതിരിക്കാൻ ഒരു കാരണമായി.. എന്റെ എക്സാം കഴിഞ്ഞു നാട്ടിലേക്ക് പോകാമെന്നു കരുതിയിരിക്കുമ്പോഴാണ് അവിടെ തന്നെ ഡിഗ്രി ചെയ്തു കൂടെയെന്ന് നന്ദ പറയുന്നത്.. എന്തോ അത് നല്ലതാണെന്ന് എനിക്കും തോന്നി..

അങ്ങനെ പിന്നെ ഒരു 3വർഷം കൂടി ഞാൻ അവിടെ തന്നെ നിന്നു.. ഇതിനിടയിൽ വല്ലാത്തൊരടുപ്പം നന്ദ എന്നോട് കാണിക്കാൻ തുടങ്ങി. എന്തോ… എനിക്ക് ആ അടുപ്പം ഒരു ശ്വാസംമുട്ടൽ പോലെ അനുഭവപെട്ടു.. അവളെ അങ്ങനെ കാണാൻ എനിക്ക് കഴിയില്ല.. അതിന്റെ കാരണവും എനിക്ക് അറിയില്ല.. ആരോ എനിക്ക് വേണ്ടി കാത്തിരിക്കുന്നത് പോലെ ഒരു തോന്നൽ.. എത്രയും വേഗം നന്ദയിൽ നിന്ന് അകലണമെന്ന് മനസ്സ് പറഞ്ഞു തുടങ്ങി.. അവൾ ഒന്നും തുറന്ന് പറയാതിരുന്നത് കൊണ്ട് എനിക്ക് പിന്തിരിപ്പിക്കാനും കഴിഞ്ഞില്ല… അങ്ങനെ ഡിഗ്രി കംപ്ലീറ്റ് ആയി…

ഞാൻ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു… നന്ദ പലതും പറഞ്ഞ് എന്നെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും ഞാൻ പോകാൻ തന്നെ തയാറായി.. ഇനിയും പോയില്ലെങ്കിൽ എനിക്ക് വിലപെട്ടതെന്തോ നഷ്ടമാകുമെന്ന് തോന്നി.. ഒടുവിൽ നീണ്ട 10 വർഷങ്ങൾക് ശേഷം ഞാൻ എന്റെ നാട്ടിലേക്ക് തിരികയെത്തി..ഈ 10വർഷത്തിനിടയിൽ ഗ്രാമത്തിനു വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.. വെളുപ്പിനെയാണ് ഞാൻ നാട്ടിലെത്തിയത്..തറവാട്ടിലേക്ക് കയറിയപ്പോൾ “ആദിയേട്ടാ..” എന്നൊരു കുഞ്ഞു ശബ്ദം ഞാൻ കേട്ടു..തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കണ്ടില്ല. മനസ്സിന് എന്തെന്നില്ലാത്ത ഒരു ഭാരം പോലെ..അപ്പോഴേക്കും അമ്മ വന്ന് വാതിൽ തുറന്നു… “എന്താ മോനെ ട്രെയിൻ ലേറ്റ് ആയോ?”

“ആ.. അമ്മ.. 3മണിക്കൂർ.. വല്ലാത്ത ക്ഷീണം ഞാനൊന്ന് കിടക്കട്ടെ” “എന്തെങ്കിലും കഴിച്ചിട്ട് കിടക്കട” “വേണ്ട അമ്മ.. ഞാനൊന്നുറങ്ങട്ടെ ” ക്ഷീണം കാരണം പെട്ടെന്ന് തന്നെ നിദ്രാദേവി കടാക്ഷിച്ചു.. ഗാഢനിദ്രയിൽ എപ്പോഴോ ആ 10 വയസ്സുകാരനിലേക്ക് എന്റെ മനസ് പാഞ്ഞു.. എന്റെ കൂടെ ശ്രീയും പാട്ടുപാവാടയിട്ട ഒരു ചുന്ദരിക്കുട്ടിയും ഉണ്ട്.അവളുടെ കയ്യിൽ നിധി പോലെ കൊണ്ടുനടക്കുന്ന ഒരു ചിലങ്കയും…പെട്ടെന്ന് ഞാൻ ഞെട്ടിയുണർന്നു….”അച്ചൂ…”എന്റെ മനസ്സ് മന്ത്രിച്ചു…. എന്റെ വിരലിൽ തൂങ്ങി നടന്നിരുന്ന ഒരു പെണ്ണ്.ഞാനൊന്നു പിണങ്ങിയാൽ ചിണുങ്ങി കരഞ്ഞിരുന്നവൾ.. അങ്ങനെയുള്ള അവളെയാണ് ബാംഗ്ലൂർലെ മോഡേൺ ലൈഫിനിടയിൽ ഞാൻ മറന്നു പോയത്… അല്ല… ഓർക്കാതിരുന്നത്..

ഈ കാലയളവിനിടയിൽ ഹൃദയത്തിന്റെ അഗാധഗർത്തങ്ങളിൽ അവൾ ഉണ്ടായിരുന്നു.. അത് തീർച്ച..എങ്കിലും എന്ത് കൊണ്ട് ആയിരിക്കും ഒരിക്കൽ പോലും ശ്രീ അവളെ കുറിച് പറയാതിരുന്നത്?? ഇനി ഒരുപക്ഷെ അവളും എന്നെ മറന്നിട്ടുണ്ടാകുമോ?? മനസ്സിന് ഒരു സമാധാനവും എല്ലാ.. ഇങ്ങനെ ഓരോന്ന് ചിന്തിച്ച്‌ എപ്പോഴോ ഞാൻ ഉറങ്ങി പോയി. “മോനെ… എഴുനേൽക്കട.. സമയം എത്രയായെന്നാ വിചാരം ” അമ്മ വിളിച്ചുണർത്തുമ്പോഴും എന്റെ മനസ്സിൽ അച്ചു ആയിരുന്നു.ഫോൺ എടുത്ത് സമയം നോക്കിയപ്പോൾ 8 മണി.എത്രയും വേഗം അച്ചുവിനെ കുറിച് അറിയണം.കുളിക്കാനായി കുളപ്പടവിലേക്ക് ചെന്നപ്പോൾ ഓർമ്മകൾ വീണ്ടും എന്നെ കൊത്തിവലിക്കാൻ തുടങ്ങി..

“വേണ്ട ആദിയേട്ടാ… എനിക്ക് പേടിയാ.. ” “എന്തിനാ അച്ചു.. ഞങ്ങൾ ഇല്ലേ കൂടെ.. ഇവിടെ ഇങ്ങനെയൊരു കുളം ഉണ്ടായിട്ടും നീ നീന്തൽ പഠിച്ചില്ലെന്ന് പറയുന്നത് നാണക്കേടാട്ടോ… ” “ശ്രീയേട്ടാ…വേണ്ട… എനിക്ക് പേടിയാ..” അവളുടെ എതിർപ്പിനെ വകവെയ്ക്കാതെ ഞാനും ശ്രീയും കൂടി അവളെ നീന്തൽ പഠിപ്പിക്കാൻ കുളത്തിലേക്ക് വലിച്ചിറക്കി.ഏതോ ഒരു നിമിഷത്തിൽ ഞങ്ങളുടെ പിടിവിട്ട് മുങ്ങി താഴുന്ന അച്ചുവിനെ ഒരു വിധത്തിൽ കരയ്‌ക്കെത്തിച്ചപ്പോഴും ശ്വാസം കിട്ടാതെ പിടയ്ക്കുകയായിരുന്നു അവൾ. ഇത് കണ്ടു കൊണ്ട് വന്ന അച്ഛൻ എന്നെയും ശ്രീയെയും പൊതിരെ തല്ലുമ്പോഴും അച്ചുവിന്റെ മുഖമായിരുന്നു മനസ്സിൽ.. ആ അവളെയാണ് ഞാൻ….

പെട്ടെന്ന് മനസ്സ് ശൂന്യമായത് പോലെ… ഇല്ല.. ഇനിയും സമയം കളയാൻ പറ്റില്ല. എത്രയും വേഗം അച്ചുവിനെ കുറിച് അറിയണം.ബാംഗ്ലൂരിലെ ക്ലോറിനേറ്റഡ് വെള്ളത്തിൽ മരവിച്ചു പോയ എന്റെയീ ശരീരത്തിൽ കുളത്തിലെ തണുത്ത ജലം പതിഞ്ഞപ്പോൾ എന്റെ മാറ്റം ഞാൻ അറിയുകയായിരുന്നു.. അതെ… പഴയ നാട്ടിന്പുറത്തുകാരനായ ആദിസൂര്യനിലേക്കുള്ള മാറ്റം… ശ്രീയുടെ വീട്ടിലേക്ക് പോകുമ്പോഴും മനസ്സ് പിറകിലേക്ക് തന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു.ഈ ഓർമകളെല്ലാം ഇത്രയും കാലം എവിടെയായിരുന്നെന്ന് ഞാൻ ആശ്ചര്യപ്പെട്ടു..

“അല്ല… ആരിത്.. ആദിയോ.. മോൻ എപ്പോഴാ എത്തിയത്?? ” “വെളുപ്പിനെ എത്തിയമ്മേ..” “ശ്രീ മോന്റെ ഫോട്ടോസ് ഒക്കെ കാണിച്ച്‌ തന്നത് ആളെ മനസ്സിലായി.പിന്നെ മോൻ വരുമെന്നും അറിഞ്ഞിരുന്നു.അല്ലെങ്കിൽ ഞാൻ തിരിച്ചറിയില്ലായിരുന്നുട്ടോ.. ” “അമ്മേ.. ശ്രീ എവിടെ? ” “അവൻ കോളേജിൽ പോയല്ലോ മോനെ.. ഇന്ന് അവരുടെ ആർട്സ് ഡേ ആണ്.. ” അമ്മയോട് യാത്രയും പറഞ്ഞ് അവിടുന്ന് ഇറങ്ങുമ്പോൾ എത്രയും വേഗം ശ്രീയുടെ അടുത്തെത്താൻ മനസ്സ് വെമ്പുകയായിരുന്നു….. (തുടരും )

നുപൂരം: ഭാഗം 1

Share this story