ഒറ്റ മന്ദാരം: ഭാഗം 3

ഒറ്റ മന്ദാരം: ഭാഗം 3

എഴുത്തുകാരി: നിഹാരിക

ആ പിടക്കണ അച്ഛൻ്റെ മനസ്സോർത്ത് ദീർഘമായി ഒന്ന് നിശ്വസിച്ചു…. തിരിഞ്ഞപ്പോൾ നന്ദൻ അവിടെ ഉണ്ടായിരുന്നു … ദേഷ്യത്താൽ ചുവന്ന മുഖത്തോടെ…. ” അച്ഛാ ഞാൻ…..” ബാക്കി പറയാതെ തല താഴ്ത്തിയപ്പോൾ മാഷിൻ്റെ വാത്സല്യം കലർന്ന വിളി കേട്ടു … ” നന്ദാ…. ” പിടയുന്ന നെഞ്ചോടെ, ആ മുഖം ഉയർത്തിയപ്പോൾ മാഷ് കണ്ടിരുന്നു ഇരു മിഴികളിലും നീർത്തിളക്കം… “ഹാ….. ഇതാ വിധിച്ചത് ന്ന് കരുതാ…. ” എന്നും പറഞ്ഞ് അകത്തേക്ക് അച്ഛൻ പോയതും വീൽ ചെയറിൽ തല ചായ്ച്ച് കിടന്നു നന്ദൻ …. മിഴിനീർത്തുള്ളികളെ സ്വതന്ത്രമായി ഒഴുകാൻ അനുവദിച്ച് …. 🌹🌹🌹

അച്ഛൻ വന്നതിൽ പിന്നെ തന്നോടധികം സംസാരിച്ചിട്ടില്ല എന്ന് നിളയോർത്തു… ഇത്തവണയൊഴിച്ച് അച്ഛൻ വരുക എന്ന് പറഞ്ഞാൽ ഉത്സവമാണ്… തനിക്കും അമ്മക്കും.. അച്ഛൻ വരുന്ന അന്ന് അമ്മ അച്ഛന് പ്രിയപ്പെട്ട മുണ്ടും നേര്യേതും ഉടുത്തൊരുങ്ങും, നെറ്റിയിൽ വലിയ ചുമന്ന പൊട്ട് തൊടും സീമന്തരേഖയിൽ സിന്ദൂരവും.. അച്ഛൻ ടാക്സി വിളിച്ചാണ് വരാറ്.. വന്നിറങ്ങുമ്പോൾ തന്നെ ഓടിയാ നെഞ്ചിലേക്ക് ചേർന്നിട്ടുണ്ടാവും…. തന്നേ ചേർത്ത് പിടിക്കുമ്പോൾ ആ മിഴികൾ നിറഞ്ഞിട്ടുണ്ടാവും.. നെറുകയിൽ ഒന്ന് മുത്തി…. കണ്ണുകൾ അമ്മക്ക് നേരെ നീളും… കൊതിയോടെ അച്ഛനെ നോക്കുന്ന ആ മിഴികളും എപ്പഴേ നിറഞ്ഞ് ഒഴുകിയിട്ടുണ്ടാവും…..

അകത്ത് ചെന്ന് അമ്മയെ ചേർത്ത് പിടിച്ച് അമ്മയുടെ സീമന്ത രേഖയിൽ ചുംബിക്കുമ്പോൾ… ” അച്ഛാ ” എന്ന് വിളിച്ച് താൻ എത്ര തവണ കട്ടുറുമ്പായിട്ടുണ്ട് … അപ്പഴും ചേർത്ത് പിടിച്ച് കൊണ്ടുവന്നത് അത്രമേൽ ആവേശത്തോടെ പങ്ക് വക്കും…… ആ മധുരമുള്ള സ്നേഹവും എല്ലാം ഓർത്തപ്പോൾ നിളക്ക് ശ്വാസം വിലങ്ങുന്ന പോലെ തോന്നി… മെല്ലെ എണീറ്റ് ഉമ്മറത്ത് ചെന്നപ്പോൾ കണ്ടു കസേരയിൽ കണ്ണടച്ച് കിടക്കുന്ന അച്ഛനെ …. അച്ഛൻ പെട്ടെന്ന് അത്രമേൽ തളർന്നത് പോലെ തോന്നി അവൾക്ക്… കാരണക്കാരി താനാണല്ലോ എന്ന കുറ്റബോധവും…. ” അച്ഛാ ….. ” വിളി കേട്ട് കണ്ണുതുറന്നെങ്കിലും അവളെ നോക്കാതെ ദൂരേക്ക് മിഴി പായിച്ച് ഇരുന്നു അയാൾ…. “ന്നോട് …. ന്നോട് ദേഷ്യാ ൻ്റെ അച്ഛന് …??”

മറുപടിയില്ലായിരുന്നു ….. അവൾ ആ കാൽക്കൽ തളർന്നു വീണു, അച്ഛൻ്റെ ഇരു കൈകളും കൂട്ടി പിടിച്ച് ആ മുഖത്തേക്ക് പിടയുന്ന മിഴികളാലെ നോക്കി… “സ്നേഹിച്ച് പോയി ഞാൻ….. ശ്രമിച്ചിട്ടും മറക്കാൻ പറ്റാത്തോണ്ടാ… അച്ഛൻ പൊറുക്കില്ലേ അച്ഛൻ്റെ നിളക്കുട്ട്യോട്…. ” എന്നും പറഞ്ഞാ കൈകളിൽ മുഖം ചേർത്ത് കരയുന്നവളെ അകറ്റി നിർനിർത്താൻ ആ അച്ഛനും കഴിയുമായിരുന്നില്ല … മെല്ലെ അവളുടെ തലയുടെ മുകളിൽ തലചേർത്ത് വച്ച് ആ അച്ഛനും കരഞ്ഞു… ആവോളം 🌹🌹🌹 വലിയ വിവാഹാഘോഷങ്ങൾ രണ്ട് വീടുകളിലും ഉണ്ടായിരുന്നില്ല ….. ഒരു തണുപ്പൻ മട്ടായിരുന്നു എല്ലാർക്കും… ട്യൂഷൻ ആദ്യമായി നന്ദൻ നിർത്തിവച്ചു… അയാൾക്ക് ഒന്നിലും മനസ്സുറക്കുന്നില്ലായിരുന്നു …

പുടവ സാരികളും താലിമാലയും ഏറെ സന്തോഷത്തോടെ ലക്ഷ്മി ടീച്ചർ മകന് കാണാൻ കയ്യിൽ വച്ച് കൊടുത്തപ്പഴും അലസമായി ഒന്ന് നോക്കിയിട്ട് പറഞ്ഞിരുന്നു ” ഇതൊക്കെ എടുത്തു വച്ചോളൂ അമ്മേ ” എന്ന് ” നീയിതൊന്നും ശരിക്ക് നോക്കീലല്ലോ നന്ദാ …. ശംഖ് താലിയാണ് ഇഷ്ടായില്ലേ നിനക്ക് ….” അതിനും ഒന്ന് മൂളി, മടിയിലുള്ളത് അപ്പുറത്തേക്ക് മാറ്റി വച്ച് നന്ദൻ നീങ്ങിയിരുന്നു അവിടന്ന് … വിവാഹനാളടുക്കും തോറും നിരാശ വന്ന് നിറയുന്ന മകൻ്റെ മുഖത്തെ വ്യസനം ആ അമ്മക്ക് ഒരു പക്ഷെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു… 🌹🌹🌹 വിവാഹ സാരിയും ആഭരണങ്ങളും നിരത്തി വച്ച്തിനരികെ അവൾ ഇരുന്നിരുന്നു… നിള…. കാണാനായി വന്നവർ അവൾക്കു ചുറ്റും കൂടിയിരുന്നു .. ”

ന്നാലും ൻ്റെ നിർമ്മലേ നല്ലോരു പെണ്ണിനെ ഇങ്ങനത്തെ ഒരുത്തന് കൊടുക്കാൻ തോന്നീലോ നിനക്ക് ….. കാരപ്പറത്തെ സ്വത്ത് കണ്ടിട്ടാ?” ദയനീയതയോടെ നിളയുടെ കണ്ണുകൾ അമ്മയിലേക്ക് നീണ്ടു… കൈ പുറകിൽ കെട്ടി ചുമരിൽ ചാരി മറ്റേതോ ലോകത്തെന്നവണ്ണം അവർ നിന്നിരുന്നു.. “നീയിതെന്ത് ഭാവിച്ചാ പെണ്ണേ, നിനക്ക് ഒരമ്മയാവുകയൊന്നും വേണ്ടേ? ആ ചെറുക്കനെ കൊണ്ട് എന്ത് പറ്റും ന്ന് കരുതിയാ …? ” വന്നവരുടെ ഭാഷ ഇങ്ങനെ നീണ്ടതും… ” കാപ്പി കുടിക്കാൻ വന്നോളൂ ” എന്നു പറഞ്ഞ് നിർമ്മല അവരെ അവിടെ നിന്ന് കൊണ്ട് പോയിരുന്നു… തന്നെ നോക്കാതെ… പെയ്യാൻ വിതുമ്പുന്ന മിഴികൾക്ക് പുറകേ… നിഴലിൽ ഒളിക്കുന്ന അമ്മയെ നോവോടെ അവൾ നോക്കി…. 🌹🌹🌹

പട്ടാമ്പി ഗുരുവായൂരപ്പൻ്റെ നടയുടെ മുന്നിൽ അവൾ നിന്നു… എല്ലാ ആഭരണങ്ങളും ധരിച്ച്… പട്ടുചേല ഞൊറിഞ്ഞുടുത്ത് … അവസാന ദക്ഷിണ സ്വീകരിക്കാൻ അമ്മയും അച്ഛനും എത്തിയിരുന്നു ….. അച്ഛൻ്റെ കാലിൽ വീണപ്പോൾ ഇരു തുള്ളി കണ്ണീരും ആ കാലിൽ വീണ് ചിതറിയിരുന്നു …… പിടിച്ചെണീപ്പിച്ച്, ഇനി അമ്മയുടെ എന്ന് വാത്സല്യത്തോടെ പറഞ്ഞ അച്ഛനോട് മെല്ലെ തലയാട്ടി അമ്മയുടെ അടുത്തേക്ക് നീങ്ങിയിരുന്നു നിള …. അവളെ ഒന്ന് നോക്കാതെ ഗുരുവായൂരപ്പൻ്റെ നടയിലേക്ക് നോക്കി നിൽക്കുന്ന അമ്മയെ നോ വോടെ നോക്കി അവൾ, അമ്മയുടെ മിഴികൾ ഇടമുറിയാതെ പെയ്യുന്നുണ്ടായിരുന്നു …. ”

അമ്മേ…..” എന്നു പറഞ്ഞാ കാലിൽ വീണപ്പോൾ അവർക്കാവുമായിരുന്നില്ല പിന്നേയും ആ പെണ്ണിനെ അവഗണിക്കാൻ …. ചേർത്ത് പിടിച്ചാ മുഖത്ത് മുത്തങ്ങൾ കൊണ്ട് പൊതിയുമ്പോൾ, അമ്മിഞ്ഞപ്പാൽ മണക്കുന്ന കുഞ്ഞിപ്പെണ്ണായി തോന്നി അവളെ .. ആ അമ്മക്ക് ….. 🌹🌹🌹 ഇത്തിരി നേരം കൂടി കഴിഞ്ഞാണ് നന്ദൻ എത്തിയത്.. കുടുംബക്കാരിലൊരാൾ വീൽ ചെയർ ഉന്തിയിരുന്നു … ഗൗരവത്തോടെ ഇരിക്കുന്നവൻ്റെ മിഴികൾ ഒരിക്കൽപ്പോലും അവളെ തേടി വന്നില്ല…. ഒരുമിച്ച് തൊഴുതോളൂ എന്ന് ആരോ പറഞ്ഞ് കേട്ടപ്പോൾ… മെല്ലെ ആ പെണ്ണ് മിഴികൾ നീട്ടിയിരുന്നു .. വീൽ ചെയറിൽ ഇരുന്ന് വലത് കൈ നെഞ്ചിൽ ചേർത്ത് മിഴികൾ പൂട്ടി പ്രാർത്ഥിക്കുന്ന, തൻ്റെ പ്രണയത്തെ കൊതിയോടെ നോക്കിയിരുന്നു….

താലി പൂജിച്ച് തിരുമേനി നൽകിയപ്പോൾ കൗതുകത്തോടെ അവളാ ശംഖ് രൂപത്തിലുള്ള താലിയിലേക്ക് നോക്കി.. അതിൽ മനോഹരമായി കൊത്തിവച്ച തൻ്റെ പ്രണയത്തിൻ്റെ പേര് കണ്ട് അറിയാതെയാ ചുണ്ടിൽ ഒരു ചിരി വിടർന്നു … മിഴികൾ വീണ്ടും നന്ദനിലേക്ക് നീണ്ടു … നിർവ്വികാരതയോടെ ആ താലിയും പിടിച്ച് നന്ദൻ ഇരുന്നിരുന്നു.. തല മെല്ലെ താഴ്തി കൊടുത്തപ്പോൾ മിഴി എങ്ങോ നീട്ടി നന്ദൻ താലിചാർത്തി…. തണുത്ത താലിമാല കഴുത്തിൽ ചേരുമ്പോൾ നിറഞ്ഞ മിഴിയാലെ കള്ള കണ്ണനോടവൾ നന്ദി പറഞ്ഞു…

രണ്ടു തുള്ളി കണ്ണീർ നന്ദൻ്റെ മടിയിലേക്കും ഇറ്റി വീണിരുന്നു .. രാജേന്ദ്രൻ കന്യാദാനം ചെയ്തു പ്രദക്ഷിണം വേണ്ട എന്ന് വച്ചിരുന്നു… മെല്ലെ നന്ദൻ്റെ വീൽചെയറിനോട് ചേർന്നവൾ നടക്കുമ്പോൾ ആരോ ഇത്തിരി ഉറക്കെ തന്നെ പറഞ്ഞിരുന്നു, “ഇത് അധികനാള് നിൽക്കും ന്ന് തോന്നണില്ല ” എന്ന് .. ഒന്നൂടെ വലിഞ്ഞ് മുറുകി വന്ന നന്ദൻ്റെ മുഖം കാൺകെ ഉള്ളിലൊരു ഭീതി വന്ന് നിറയുന്നത് അവൾ അറിഞ്ഞിരുന്നു…..(തുടരും)

ഒറ്റ മന്ദാരം: ഭാഗം 2

Share this story