ആദിപൂജ: ഭാഗം 17

ആദിപൂജ: ഭാഗം 17

എഴുത്തുകാരി: ദേവാംശി ദേവ

പ്രണവിന്റെ റൂമിൽ കയറാൻ തുടങ്ങിയ പൂജയെ സുമതി ചേച്ചി തടഞ്ഞു വെച്ചു. എന്നാൽ അവൾ അവരെ ബലമായി പിടിച്ചുമാറ്റി അകത്തേക്ക് കയറി. അവിടെ അവൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന തന്റെ എല്ലാമെല്ലാമായ കൂടപ്പിറപ്പിനെ ആണ്… ഒരക്ഷരം മിണ്ടാതെ…ഒന്ന് പൊട്ടിക്കരയാതെ…പ്രണവിനെ തന്നെ നോക്കിക്കൊണ്ട് ചുമരിലൂടെ ഊർന്ന് അവൾ താഴെക്കിരുന്നു. ***

രണ്ട് കാറുകൾ പ്രണവത്തിന് മുന്നിൽ വന്ന് നിന്നു.. ഒന്നിൽ നിന്നും നിവിയും നീരുവും പാറുവും വിമലയും ഇറങ്ങി.. മാറ്റത്തിൽ നിന്നും ആദിയും നന്ദനും അച്ഛനും അമ്മയും ഇറങ്ങി.. എല്ലാവരും കരയുന്നുണ്ടായിരുന്നു. അടുത്ത വീടുകളിൽ ഉള്ളവരൊക്കെ മുറ്റത്ത് നിൽപ്പുണ്ട്.. എല്ലാവരും അകത്തേക്ക് കയറി നേരെ പ്രണവിന്റെ റൂമിലേക്ക് ചെന്നു.. പോലീസ് എത്തി ബോഡി താഴേക്ക് ഇറക്കി കിടത്തിയിരിക്കുന്നു. പൂജ ഒരു മാറ്റവും ഇല്ലാതെ അവിടെ തന്നെ ഇരുപ്പുണ്ട്. “മോളെ….” പൊട്ടിക്കരഞ്ഞു കൊണ്ട് വിമല പൂജയെ കെട്ടിപിടിച്ചു. “നിങ്ങളൊക്കെ ആരാ..” “ഞങ്ങൾ പ്രണവിന്റെ ബന്ധുക്കൾ ആണ്. ഞാൻ പ്രണവിന്റെ കസിൻ ആണ്.. നിവിൻ.”

“Mr നിവിൻ…ആദ്യം നിങ്ങൾ ഈ കുട്ടിയെ ഇവിടുന്ന് മാറ്റണം..ഞങ്ങൾ കുറെ ശ്രമിച്ചതാണ്…” അപ്പോഴാണ് എല്ലാവരും പൂജയെ ശരിക്കും ശ്രെദ്ധിച്ചത്…ജീവനില്ലാത്ത മുന്നിൽ കിടക്കുന്ന തന്റെ സഹോദരനെ കണ്ടിട്ടും ഒന്നും മിണ്ടാതെ…ഒന്ന് കരയാതെ അവനെ തന്നെ നോക്കി ഇരിക്കുന്ന പൂജ.. “മോളെ..പൂജേ…” നിവി വിളിച്ചിട്ടും പൂജയിൽ ഒരു മാറ്റവും വന്നില്ല.. “എഴുന്നേൽക്ക് മോളെ…” അവൻ അവളെ എഴുന്നേല്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ അനങ്ങിയില്ല.. ആദിയും നിവിയും കൂടി അവളെ ബലമായി പിടിച്ച് മറ്റൊരു റൂമിലേക്ക് കൊണ്ട് പോയി.. പ്രണവിന്റെ ബോഡി പോലീസ് ഹോസ്പിറ്റലിലേക്ക് മാറ്റി…

പ്രാഥമിക അന്വേഷണം എന്ന നിലക്ക് എല്ലാവരെയും ചോദ്യം ചെയ്തു എങ്കിലും ആർക്കും ഒന്നും അറിയില്ലായിരുന്നു. പോസ്റ്റുമോർട്ടം കഴിഞ്ഞ് വൈകുന്നേരത്തോടെ ആണ് ബോഡി വീട്ടിലേക്ക് കൊണ്ട് വന്നത്. പൂജയാണ് കർമങ്ങൾ ചെയ്തത്.. നിവി അവളുടെ കൈ പിടിച്ച് ഓരോന്ന് ചെയ്യിപ്പിച്ചു..ചലിക്കുന്ന ഒരു പ്രതിമ കണക്കെ അവൾ അവനെ അനുസരിച്ചു. അത് കണ്ടുനിന്നവരുടെ കണ്ണുകളെ പോലും ഈറനണിയിച്ചു. ആദിക്ക് തന്റെ ഹൃദയം തകരും പോലെ തോന്നി..നീരുവും അതേ അവസ്ഥയിൽ തന്നെ ആയിരുന്നു. നന്ദൻ മാത്രം ഒന്നിലും പെടാതെ ഒരു ഭാഗത്തേക്ക് മാറി നിന്നു. ***

രാത്രി ഏറെ കഴിഞ്ഞിട്ടും പൂജ ഉറങ്ങാതെ വിമലയുടെ മടിയിൽ കിടന്നു. പാറു ഒരു സ്പൂൻ വെള്ളം അവളുടെ വായിലേക്ക് വെച്ചു കൊടുത്തു.. എന്നാൽ വായ് തുറക്കുവാനോ വെള്ളം കുടിക്കുവാനോ പൂജ തയാറായില്ല. ഇതും കണ്ടുകൊണ്ടാണ് നന്ദൻ പുറത്തേക്ക് ഇറങ്ങിയത്..അവിടെ നിവിയും നീരുവും ആദിയും കൂടി സംസാരിക്കുവായിരുന്നു. “എന്തിനായിരിക്കും നിവി അവൻ ഇത് ചെയ്തത്…അതിന് മാത്രം എന്ത് പ്രശനം ആണ് അവനുണ്ടായിരുന്നത്.” “എനിക്കൊന്നും അറിയില്ല ആദി.. അവർ ഇങ്ങോട്ടേക്ക് വന്ന ശേഷവും ഞാൻ വിളിച്ചതാണ്..

അപ്പോഴൊന്നും ഒരു പ്രശ്നവും ഉള്ളതായി തോന്നിയില്ല. ഇനി എന്തെങ്കിലും അറിയണമെങ്കിൽ പൂജ സംസാരിക്കണം.” “അവളുടെ ഇപ്പൊഴത്തെ അവസ്ഥയിൽ എങ്ങനെയാ നിവിയേട്ട നമ്മൾ ചോദിക്കുന്നെ..” നീരു ചോദിച്ചു. “അവൾ ഇപ്പൊ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആണ്..ആദ്യം അവളൊന്ന് ഓകെ ആകട്ടെ..ഇല്ലെങ്കിൽ ചിലപ്പോൾ അവളെ കൂടി…” അത്രയും പറഞ്ഞപ്പോൾ തന്നെ നിവി കരഞ്ഞുപോയിരുന്നു.. “നിവി….എന്താടാ ഇത്..” ആദി അവനെ ചേർത്ത് പിടിച്ചു… ഇതൊക്കെ കണ്ടിട്ടും ഒന്നും മിണ്ടാതെ ഒരു കേൾവിക്കാരൻ മാത്രമായി ഇരിക്കുവായിരുന്നു നന്ദൻ. ******

“പ്രണവേട്ട……” ഒരു നിലവിളിയോടെ പൂജ,വിമലയുടെ മടിയിൽ നിന്നും ചാടി എഴുന്നേറ്റു. “മോളെ…” വിമല പൂജയുടെ അടുത്തേക്ക് ചെന്നു “എന്റെ പ്രണവേട്ടൻ പോയി.ഞാൻ കാരണം ആണ് എന്റെ പ്രണവേട്ടൻ പോയത്…ഞാനാ കൊന്നത്..ഞാനാ എന്റെ ഏട്ടനെ കൊന്നത്…” “എന്താ മോളെ …നീ എന്തൊക്കെയാ പറയുന്നേ…” “എനിക്കും പോണം….എന്റെ ഏട്ടന്റെ അടുത്തേക്ക് ..എനിക്കും പോണം ” ബഹളം വെച്ച് കൊണ്ട് പൂജ മുറിയിലെ ഓരോ സാധനങ്ങളായി എടുത്തെറിയാൻ തുടങ്ങി… “പൂജേ…എന്താ മോളെ ഇത്…” ഭയത്തോടെ വിമല ചോദിച്ചു. വീണുടഞ്ഞ സാധനങ്ങളുടെ ഇടയിൽ നിന്നും അവളൊരു കുപ്പിച്ചില്ല് കൈയിൽ എടുത്തു..

ബഹളം കേട്ട് ഓടിയെത്തിയ നീരുവും പാറുവും ആദിയുടെ അച്ഛനും അമ്മയും സുമതി ചേച്ചിയും ബാലൻ ചേട്ടനും കാണുന്നത് കൈയിൽ കുപ്പിച്ചില്ലുമായി നിൽക്കുന്ന പൂജയെ ആണ്.. ആദിയും നിവിയും നന്ദനും പ്രണവിന്റെ കേസുമായി ബന്ധപ്പെട്ട് പോലീസ് വിളിപ്പിച്ചതിനാൽ സ്റ്റേഷനിലേക്ക് പോയിരിക്കുവായിരുന്നു. “പൂജ..എന്താടി ഇത്..” നീരു അവളുടെ കൈയിൽ കയറി പിടിച്ചു.. “വിട് …എനിക്ക് എന്റെ ഏട്ടന്റെ അടുത്തേക്ക് പോണം…എന്നെ വിട്. “നീ എന്തൊക്കെയാ പൂജ പറയുന്നേ… ആ ചില്ല് കളഞ്ഞേ..” നീരു…അവളുടെ കയ്യിൽ നിന്നും കുപ്പിച്ചില്ല് വാങ്ങാൻ ശ്രെമിച്ചതും അവൾ അത് അവന്റെ കൈയിൽ കുത്തിയിറക്കി.. “ആ………..” നിവിയുടെ കാർ പ്രണവത്തിന്റെ ഗേറ്റ് കടന്നതും കേട്ടത് നീരുവിന്റെ ശബ്ദം ആണ്.

മൂന്നുപേരും വേഗം കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് ഓടി.. കുപ്പിച്ചില്ല് കുത്തിറങ്ങിയ കയിൽ നിന്നും രക്തം ഒഴുകുന്നുണ്ടെങ്കിലും അത് കാര്യമാക്കാതെ പൂജയെ പിടിച്ചു വെച്ചേക്കുവാണ് നീരു.. അവളൊരു ഭ്രാന്തിയെ പോലെ ബഹളം വെയ്ക്കുന്നുണ്ട്. ബാക്കി എല്ലാവരും ആ കാഴ്ച കണ്ട് പേടിച്ച് നിൽക്കുവാണ്. “എന്താ …എന്താ ഇവിടെ…” “മോനെ..എന്റെ മോള്…” നിവിയുടെ ചോദ്യത്തിന് മറുപടി പറയാൻ കഴിയാത വിമല പൊട്ടിക്കരഞ്ഞു. ആദി പൂജയെ ചെന്ന് പിടിച്ചതും നീരു അവളുടെ കൈ വിട്ട് കട്ടിലിലേക്ക് ഇരുന്നു.. “നീരു…”നിവി അവന്റെ അടുത്തേക്ക് ചെന്നു… “എനിക്കൊന്നും ഇല്ല നിവിയേട്ട…പൂജ…”

പൂജ അപ്പോഴും ബഹളം വെയ്ക്കുവായിരുന്നു. “വിട് എന്നെ…എനിക്ക് പോണം..എന്റെ ഏട്ടന്റെ അടുത്തേക്ക് എനിക്ക് പോണം.” അവളുടെ അവസ്ഥ കണ്ട് സഹിക്കാൻ കഴിയാതെ ആദി അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു… അവളവന്റെ പുറത്ത് അടിക്കുകയും ഇടിക്കുകയും ചെയ്തു…കുതറി മാറാൻ ശ്രമിച്ചു…അവന്റെ നെഞ്ചിൽ കടിച്ചു… അവളുടെ ഉപദ്രവം കൂടിവരും തോറും ആദിയുടെ പിടിയും മുറുകി വന്നു. അവന്റെ കണ്ണുകളിൽ നിന്നും ഒഴുകി ഇറങ്ങിയ കണ്ണുനീർ അവളുടെ നെറുകയിൽ വീണ് ചിതറി. പതിയെ പൂജയുടെ ബോധം മറഞ്ഞു തുടങ്ങി.. അപ്പോഴും അവളുടെ ചുണ്ടുകൾ പറയുന്നുണ്ടായിരുന്നു.. ”ഏട്ടന്റെ അടുത്തേക്ക് പോണം.” ***

“ഡോക്ടർ എന്താ പറയുന്നേ അവളെ മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാനോ…” നിവിയുടെ ചോദ്യം കേട്ട് ഡോക്ടർ അശോക് ഒന്ന് പുഞ്ചിരിച്ചു.. “ലുക്ക് Mr നിവിൻ ..ഇവിടെ വരുന്ന പലരുടെയും മനോഭാവം ഇത് തന്നെ ആണ്. മെന്റൽ ഹോസ്പിറ്റൽ എന്ന് പറയുമ്പോൾ ആളുകൾക്ക് എന്തോ പേടിയും വെറുപ്പും ഒക്കെ ആണ്.. ഒരു മനുഷ്യന്റെ ശരീരത്തിന് രോഗപ്രതിരോധശേഷി കുറയുമ്പോൾ അസുഖങ്ങൾ വരാം.. നമ്മൾ അത് ചികിൽസിച്ച് മാറ്റുന്നു..അതുപോലെ തന്നെ ആണ് മനസ്സിനും… മനസ്സിന് പ്രതിരോധശേഷി കുറയുമ്പോൾ അതിനും അസുഖം വരാം. അതിനും ചികിൽസ വേണം.

താങ്കളുടെ പെങ്ങളെ സംബന്ധിച്ച് കുട്ടികാലം മുതൽ ഏട്ടൻ മാത്രമാണ് ലോകം എന്ന് കരുതി വളർന്ന കുട്ടിയാണ്. ജീവിതകാലം മുഴുവൻ ഏട്ടൻ കൂടെ ഉണ്ടാകും എന്നൊരു വിശ്വാസം ആ കുട്ടിക്ക് ഉണ്ടായിരുന്നു.. അതാണ് നഷ്ടമായത്.. ഏട്ടൻ ഇനി ഇല്ല എന്ന് ആ കുട്ടി അംഗീകരിക്കുന്നുണ്ട്..പക്ഷെ അതിന് കാരണം താൻ ആണ് എന്ന് വിശ്വസിക്കുന്നു.. അതുകൊണ്ട് തന്നെ ഏട്ടൻ ഇല്ലാത്ത ഈ ലോകം തനിക്കും വേണ്ട,ഏട്ടൻ കൂടെ ഇല്ലാത്ത ജീവിതവും വേണ്ട എന്ന അവസ്ഥയിൽ ആണ് പൂജ.. ആ കുട്ടി ഏത് നിമിഷം വേണമെങ്കിലും ആത്‍മഹത്യ ചെയ്യാം.. കാര്യങ്ങൾ പൂജയെ പറഞ്ഞ് മനസിലാക്കണം..പ്രണവിന്റെ മരണത്തിന് താനല്ല കാരണം എന്ന് ആ കുട്ടി ഉൾക്കൊള്ളണം..

ആത്‍മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് അവൾ മനസിലാക്കണം…. എങ്കിൽ മാത്രമേ പൂജയെ പഴയ പൂജയിയി നിങ്ങൾക്ക് കിട്ടു.. അതിന് എത്ര സമയം എടുക്കും എന്ന് എനിക്ക് അറിയില്ല…പക്ഷെ അവളെ തിരിച്ച് തരാൻ കഴിയും എന്ന് എനിക്ക് ഉറപ്പാണ്. ആ വിശ്വാസം നിങ്ങൾക്കും ഉണ്ടെങ്കിൽ പൂജയെ ഇവിടെ അഡ്മിറ്റ് ചെയ്യാം.. ഇല്ലെങ്കിൽ നിങ്ങൾക്ക് കൊണ്ട് പോകാം. അഡ്മിറ്റ് ചെയ്താൽ പിന്നെ പൂർണ ഉത്തരവാദിത്വം ഞങ്ങൾക്ക് ആയിരിക്കും. ആഴ്ചയിൽ ഒരു ദിവസം മാത്രമേ നിങ്ങൾക്കും വന്ന് കാണാൻ പറ്റു.. എന്ത് പറയുന്നു.” “ഞങ്ങൾക്ക് സമ്മതം ആണ് ഡോക്ടർ.” ആദി ആണ് മറുപടി പറഞ്ഞത്. “നിവിനും സമ്മതം ആണോ..” ഒരു പുഞ്ചിരിയോടെ ഡോക്ടർ ചോദിച്ചു.

“സമ്മതം ആണ്..” “എങ്കിൽ റിസെപ്ഷനിലേക്ക് പൊക്കോളു. ഞാൻ വിളിച്ച് പറഞ്ഞോളാം.” ആദിയും നിവിയും റിസെപ്ഷനിലേക്ക് ചെന്ന് ഫോർമാലിറ്റീസ് എല്ലാം പൂർത്തിയാക്കിയ ശേഷം പൂജയുടെ റൂമിലേക്ക് പോയി.. വളരെ ശാന്തമായി ഒരു കൊച്ചു കുഞ്ഞിനെ പോലെ ഉറങ്ങുകയായിരുന്നു അപ്പോൾ അവൾ.. “ഒന്നുകൊണ്ടും പേടിക്കണ്ട നിവിൻ… ധൈര്യമായി പൊയ്ക്കോളൂ..” ഡോക്ടർ അവരോട് പറഞ്ഞു… പൂജയെ അവിടെ ആക്കി പുറത്തേക്കിറങ്ങുമ്പോൾ ആദി, നിവിയുടെ കയ്യിൽ മുറുകെ പിടിച്ചു.. നിവിക്ക് ഒരു ബലത്തിന് വേണ്ടി മാത്രം ആയിരുന്നില്ല അത്…തകർന്നു പോയ ആദിക്കും അപ്പോൾ ഒരു താങ്ങ് ആവശ്യം ആയിരുന്നു……തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ആതിപൂജ: ഭാഗം 16

Share this story