കള്ളനസ്രാണി : ഭാഗം 3

കള്ളനസ്രാണി : ഭാഗം 3

എഴുത്തുകാരി: അഭിരാമി

തിളച്ചചായ വീണ് ഇരുകാൽപ്പാദവും വെന്തുരുകി കണ്ണുകൾ നിറഞ്ഞൊഴുകിയെങ്കിലും അവൾ ഒന്നേങ്ങുക പോലും ചെയ്യാതെ നിലത്തേക്ക് തന്നെയിരുന്നു. കുറച്ചുസമയം അങ്ങനെ തന്നെയിരുന്നിട്ട് അവൾ പതിയെ എണീറ്റ് താഴേക്ക് പോയി. അടുക്കളയിൽ നിന്നും ചൂലും കോരിയും എടുത്തോണ്ട് വന്ന് പൊട്ടിയ കപ്പിന്റെ കഷ്ണങ്ങളെല്ലാം വൃത്തിയാക്കി. തറയും തുടച്ചുവൃത്തിയാക്കി. എന്നിട്ട് വീണ്ടും താഴേക്ക് നടക്കുമ്പോൾ ഇരുകാലുകളും വല്ലാതെ അഴലുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും പുറത്തുകാണിക്കാതെ മുഖത്തൊരു പുഞ്ചിരിയും വരുത്തി അവൾ ആനിയുടെ അരികിലേക്ക് ചെന്നു. ” ആഹ് അവൻ പോയൊ മോളേ ??? ” അവളെക്കണ്ടതും ചിരിയോടെ ആനി ചോദിച്ചു.

മറുപടിയായി അവളൊന്ന് മൂളി. ആനിയോടൊപ്പം അടുക്കളപ്പണികളിലൊക്കെ സഹായിച്ച് നിക്കുമ്പോഴും അവളുടെ ഇരുകാലുകളും വെന്തുനീറുകയായിരുന്നു. അതിനനുസരിച്ച് ഇരുപാദങ്ങളും അവൾ പരസ്പരം ഉരസികൊണ്ടുമിരുന്നു. ആ ദിവസം പകലൊന്നും ക്രിസ്റ്റി വീട്ടിലേക്ക് വന്നിരുന്നില്ല. സന്ധ്യയായിട്ടും അവൻ എത്തിയിരുന്നില്ല. ജെസ്സി കുളിയൊക്കെ കഴിഞ്ഞ് ആനിയോടൊപ്പം പ്രാർത്ഥനാ മുറിയിൽ കയറി പ്രാർത്ഥനയൊക്കെ കഴിഞ്ഞതും നേരെ മുകളിലേക്ക് പോയി. ആകെപ്പാടെയൊരു ക്ഷീണം പോലെ തോന്നിയ അവൾ പതിയെ ബെഡിലേക്ക് കയറിക്കിടന്നു. ആനി അത്താഴം കഴിക്കാൻ വിളിക്കാൻ ചെല്ലുമ്പോഴേക്കും അവൾ നല്ല ഉറക്കത്തിലായിക്കഴിഞ്ഞിരുന്നു.

ഉറങ്ങട്ടെന്ന് കരുതി അവരൊട്ട് ശല്യപ്പെടുത്താനും പോയില്ല. ക്രിസ്റ്റി വരുമ്പോൾ രാത്രി പതിനൊന്ന് മണിയോളമായിരുന്നു. അന്നും വർഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ആനി ഹാളിൽ തന്നെയുണ്ടായിരുന്നു. പക്ഷേ അവരെയൊന്ന് നോക്കുക പോലും ചെയ്യാതെ അവൻ മുകളിലേക്ക് കയറി. ” നീ കഴിക്കുന്നില്ലേ ??? ” ആനി ചോദിച്ചത് കേട്ട് ഒരു പുച്ഛച്ചിരിയോടെ മുകളിലേക്ക് പോകാനൊരുങ്ങിയ അവന്റെ കയ്യിൽ പെട്ടന്നവർ കടന്നുപിടിച്ചു. ” നിനക്ക് വേണ്ടെങ്കിൽ വേണ്ട….. ഇവിടുന്ന് ഭക്ഷണം കഴിച്ചില്ലെന്ന് കരുതി നീ പട്ടിണിയാവില്ലെന്നെനിക്കറിയാം. കണ്ടകള്ളുകുടി കൂട്ടങ്ങളിൽ നിന്ന് നിനക്കുള്ളത് കിട്ടും. പക്ഷേ ഇന്നലെ മുതൽ നിന്റെ മുറിയിലൊരു പെണ്ണുണ്ട്.

നിന്റെ മാത്രം വാശിക്ക് നീ മിന്ന് ചാർത്തിയവൾ. ഈ നേരം വരെ അവളൊരു വക കഴിച്ചിട്ടില്ല. അത്കൂടി എന്റെ പൊന്നുമോനോടൊന്ന് പറയാനാ കാത്തിരുന്നത്. ” പറഞ്ഞതും അവന്റെ കയ്യിലെ പിടി വിട്ട് ആനി തന്റെ മുറിയിലേക്ക് പോയി. ഒരുനിമിഷം ക്രിസ്റ്റിയവിടെത്തന്നെ തറഞ്ഞുനിന്നു. പിന്നെ പതിയെ മുകളിലേക്ക് തന്നെ പോയി. അവൻ മുറിയിലെത്തിയത് പോലുമറിയാതെ അപ്പോഴും നല്ല ഉറക്കത്തിൽ തന്നെയായിരുന്നു ജെസ്സി. മലർന്നുകിടന്നുറങ്ങുന്ന അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നുപോയി അവനൽപ്പനേരം. മടക്കിവച്ച കൈപത്തിയിൽ കവിൾ ചേർത്താ യിരുന്നു അവൾ കിടന്നിരുന്നത്. ഫാനിന്റെ കാറ്റിൽ അവളുടെ നെറ്റിയിലേക്ക് ചെറുമുടിയിഴകൾ പാറി വീണിരുന്നു.

അവളെത്തന്നെ നോക്കിക്കൊണ്ട് അവൻ പതിയെ അവളുടെ അരികിലായി ചെന്നിരുന്നു. പതിയെ കൈ നീട്ടി അവളുടെ തലമുടിയിലൂടെ പതിയെ തഴുകി. അപ്പോഴാണ് ഇറക്കിവെട്ടിയ അവളുടെ ചുരിദാർ ടോപ്പിനുള്ളിൽ മാറിലായി ചേർന്നുകിടക്കുന്ന താൻ കെട്ടിയ മിന്നുമാല അവന്റെ കണ്ണിൽ പെട്ടത്. പെട്ടന്നൊന്നുമാലോചിക്കാതെ അവൻ കുനിഞ്ഞാമിന്നും ചേർത്ത് അവളുടെ നെഞ്ചിൽ അമർത്തി ചുംബിച്ചു. പെട്ടന്ന് ജെസ്സിയൊന്ന് ഞരങ്ങി. ക്രിസ്റ്റി വേഗം അവളുടെ അരികിൽ നിന്നും ചാടിയെണീറ്റു. എന്നിട്ടും അവൾ ഞരങ്ങിക്കൊണ്ടേയിരിക്കുന്നത് കണ്ടിട്ടാണ് അവനവളെ ശ്രദ്ധിച്ചത്. അവൾ കാൽപ്പാദങ്ങൾ പരസ്പരം കൂട്ടിത്തിരുമ്മുന്നത് കണ്ടിട്ടാണ് ക്രിസ്റ്റിയവളുടെ കാലിലേക്ക് നോക്കിയത്.

അവ രണ്ടും വല്ലാതെ ചുവന്ന്‌ കുമളിച്ചിരുന്നു. അവളുടെ പാദങ്ങളുടെ അവസ്ഥ കണ്ടതും അവന്റെ നെഞ്ച് വല്ലാതെ നൊന്തു. അവൻ പതിയെ ബെഡിലേക്കിരുന്ന് അവളുടെ കാലുകളെടുത്ത് മടിയിലേക്ക് വച്ച് അവയിൽ പതിയെ തലോടി. ” ഒരു കാര്യവും സൂക്ഷിച്ചുചെയ്യില്ല. പൊള്ളിച്ചുവച്ചേക്കുന്നത് നോക്ക് എന്നിട്ട് അതിലിത്തിരി മരുന്ന് വെക്കാൻ പോലും അവൾക്ക് സമയമില്ല….. ” പറഞ്ഞുകൊണ്ട് അവൻ വീണ്ടും അതിലൂടെ പതിയെ തലോടി. പിന്നെ കുനിഞ്ഞവളുടെ പാദത്തിൽ മൃദുവായി ചുംബിച്ചു. അവന്റെ ചുണ്ടുളുടെ തണുപ്പറിഞ്ഞതും ജെസ്സി പിടഞ്ഞെണീറ്റുകൊണ്ട് അവന്റെ മടിയിൽ നിന്നും കാലുകൾ വലിച്ചെടുത്തു. ”

ഇതെന്ത് പറ്റിയതാടീ ??? ” ഒട്ടും മയമില്ലാത്ത സ്വരത്തിൽ തന്നെ അവൻ ചോദിച്ചു. ” കണ്ടാലറിഞ്ഞൂടേ…. പൊള്ളിയതാ….. ” അതേ രീതിയിൽ തന്നെ അവളും മറുപടി പറഞ്ഞു. ” കൂടുതൽ തിളയ്ക്കാതെ പോയി മരുന്നെടുത്തു തേക്കെടി. ” പറഞ്ഞിട്ട് അവൻ ഡ്രസ്സ്‌ മാറ്റാൻ തുടങ്ങി. പക്ഷേ ജെസ്സിയപ്പോഴും ഒന്നനങ്ങുകപോലും ചെയ്യാതെ ബെഡിൽ തന്നെയിരിക്കുകയായിരുന്നു. അത് കണ്ടതും ക്രിസ്റ്റിക്ക് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല. ” ഇവളെയിന്ന് ഞാൻ….. ” പറഞ്ഞുകൊണ്ട് അവളുടെ നേരെ തിരിയുമ്പോഴാണ് രാവിലെ നടന്ന സംഭവങ്ങളൊക്കെ അവന്റെ ഓർമ്മകളിലേക്ക് വന്നത്. ( കർത്താവേ അപ്പോ ആ ചായ വീണായിരിക്കുമോ ഇവളുടെ കാല് പൊള്ളിയത്…. )

ഓർത്തുകൊണ്ട് അവൻ അവളുടെ കാലിലേക്ക് നോക്കി. അവളപ്പോഴും മുഖം വീർപ്പിച്ചവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ഇനിയുമവളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയപ്പോൾ അവൻ തന്നെ ചെന്ന് ഡ്രോയിൽ നിന്നും പൊള്ളലിനുള്ള ഓയിൻമെന്റുമെടുത്ത് അവളുടെ അരികിലേക്ക് ചെന്നു. ദേഷ്യത്തോടെ മുഖം തിരിച്ച അവളെ പിടിച്ചുനേരെയിരുത്തി കാലുകൾ ബലമായെടുത്ത് മടിയിലേക്ക് വച്ച് അതിലേക്ക് മരുന്ന് പുരട്ടിക്കൊടുത്തു. തൊലിയൊക്കെ ഇളകിമാറിയിരുന്നതിനാൽ മരുന്ന് തൊട്ടതും നല്ല നീറ്റൽ തോന്നിയ അവൾ കാലുകൾ വലിച്ചുമാറ്റാൻ ശ്രമിച്ചു.

പക്ഷേ അപ്പോഴേക്കും ക്രിസ്റ്റി കുനിഞ്ഞവളുടെ പാദത്തിലേക്ക് പതിയെ ഊതികൊടുത്തു. ജെസ്സി കണ്ണുകൾ വിടർത്തി അവനെ ആദ്യം കാണുന്നത് പോലെ നോക്കി. അവനത് കണ്ടെങ്കിലും മനഃപൂർവം അവഗണിച്ചുകളഞ്ഞു. ” എന്റെ മാതാവേ കാലിനും കൂടി പട്ടച്ചാരായത്തിന്റെ നാറ്റമായല്ലോ…. ” മരുന്ന് തിരികെ വെക്കാൻ വേണ്ടി അവൻ ടേബിളിനടുത്തേക്ക് പോയപ്പോഴായിരുന്നു ജെസ്സി പിറുപിറുത്തത്. പക്ഷേ ക്രിസ്റ്റിയത് വ്യക്തമായി കേട്ടിരുന്നു. ” ഛെ…. ബ്രാൻഡ് മാറിപ്പോയി എന്നാപ്പിന്നെ നമുക്കതൊന്ന് ടെസ്റ്റ്‌ ചെയ്തേക്കാം…. ” പറഞ്ഞതും ജെസ്സിയെ ബെഡിലേക്ക് തള്ളിയിട്ടവളുടെ മേലേക്ക് ചാഞ്ഞ അവനവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി.

പെട്ടന്നുള്ള അവന്റെ പ്രവർത്തിയിൽ ഒന്ന് പുളഞ്ഞുപോയ അവളുടെ കൈകൾ അവന്റെ നെഞ്ചിൽ അമർന്നു. പക്ഷേ ആ കൈകളെ മുകളിലേക്ക് പിടിച്ചുവച്ചുകൊണ്ട് അവൻ വീണ്ടുമവളെ നുണഞ്ഞുകൊണ്ടേയിരുന്നു. ശ്വാസം കിട്ടാതെ അവൾ പിടഞ്ഞുവെങ്കിലും ആ ചുംബനത്തിൽ നിന്നും അവളെ മോചിപ്പിക്കാനവൻ തയാറായില്ല. ഒടുവിൽ നാവിൽ ചോരച്ചുവയറിഞ്ഞപ്പോഴാണ് അവനവളിൽ നിന്നും വിട്ടുമാറിയത്. ശ്വാസം കിട്ടാതെ വല്ലാതെ കിതച്ചുപോയിരുന്നു അപ്പോഴേക്കും ജെസ്സി. ശ്വാസമാഞ്ഞ് ഉള്ളിലേക്ക് വലിച്ചുകൊണ്ട് കിടന്നകിടപ്പിൽ തന്നെ അവൾ ദേഷ്യത്തോടവനെ തുറിച്ചുനോക്കി. പക്ഷേ അവനത് മൈൻഡ് ചെയ്യാതെ ചുണ്ടുകൾ അമർത്തിത്തുടച്ചു.

” എണീറ്റുവാടി…. ” കുറച്ചുസമയം കഴിഞ്ഞപ്പോൾ ബെഡിൽ നിന്നും എണീറ്റുകൊണ്ട് അവൻ പറഞ്ഞത് കേട്ട് മനസിലാവാത്തത് പോലെ അവളവന്റെ മുഖത്തേക്ക് നോക്കി. ” എങ്ങോട്ട് ??? ” ” വല്ലോം വെട്ടിവിഴുങ്ങണ്ടേ…. ” ” നിങ്ങക്ക് വേണമെങ്കിൽ നിങ്ങള് പോയി കഴിക്ക്…. എനിക്കൊന്നും വേണ്ട….. ” പറഞ്ഞിട്ടവൾ തിരിഞ്ഞ് ബെഡിലേക്ക് കിടന്നു. ” ഇവളോടിങ്ങനെയൊന്നും പറഞ്ഞിട്ട് കാര്യമില്ല. ” പിറുപിറുത്തുകൊണ്ടവളുടെ അരികിലേക്ക് ചെന്നതും അവനവളെ ഇരുകൈകളാലും കോരിയെടുത്തു. ” നിങ്ങളെന്നെ എങ്ങോട്ട് കൊണ്ടുപോകുവാ…. എന്നെ വിടാനാ പറഞ്ഞത്…. ” അവന്റെ കൈകളിൽ കിടന്നുകുതറിയവൾ ഒച്ചവച്ചെങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ അവനവളുമായി താഴേക്ക് ഇറങ്ങി.

ഡൈനിങ്ങ് ഹാളിലെ കസേരകളിലൊന്നിൽ അവളെ കൊണ്ടിരുത്തി അവനും ഒപ്പമിരുന്നു. ” കഴിക്ക്….. ” ഒരു പ്ളേറ്റിലേക്ക് ചോറും കറികളും വിളമ്പി അവളുടെ മുന്നിലേക്ക് വച്ചുകൊണ്ട് അവൻ പറഞ്ഞെങ്കിലും ജെസ്സിയതൊന്നും മൈൻഡ് ചെയ്യുന്നുകൂടിയുണ്ടായിരുന്നില്ല. ഒടുവിൽ സഹികെട്ട് അവൻ തന്നെ ചോറ് ഉരുട്ടി അവൾക്ക് നേരെ നീട്ടി. അപ്പോഴും അവൾ മുഖം വെട്ടിത്തിരിക്കുകയാണ് ചെയ്തത്. ” മര്യാദക്ക് കഴിക്കുന്നോ അതോ നേരത്തെതിന്റെ ബാക്കി വേണോ??? ” അവൻ ചോദിച്ചതും അവൾ ഞെട്ടിയവനെ നോക്കി. ആ മിഴികളിലേക്ക് നോക്കിയതും വല്ലാത്തൊരു പരവേശം തോന്നിയവൾക്ക്. പിന്നീട് തർക്കിക്കാൻ നിൽക്കാതെ അവൾ വേഗം വായതുറന്നോരോ ഉരുളകളായി വാങ്ങിക്കഴിച്ചു.

അവളുടെ വെപ്രാളം നിറഞ്ഞ മുഖം കണ്ടതും ക്രിസ്റ്റിക്ക് ചിരി പൊട്ടിയെങ്കിലും അവനത് അവളിൽ നിന്നും മറച്ചുപിടിച്ചു. ദിവസങ്ങൾ അതിവേഗം കൊഴിഞ്ഞുകൊണ്ടിരുന്നു. ആ വീട്ടിൽ എല്ലാവരോടും നല്ല സ്നേഹത്തിൽ ആയിരുന്നുവെങ്കിലും ക്രിസ്റ്റിയോട് മാത്രം ജെസ്സിയൊരകലം സൂക്ഷിച്ചുപോന്നു. ഒരു മുറിക്കുള്ളിൽ രണ്ട് ശത്രുക്കളെപ്പോലെ തന്നെ അവർ കഴിഞ്ഞുവന്നു. പക്ഷേ അവരുടെ ഇടയിലുള്ള ഈ അകൽച്ച മറ്റുള്ളവരും ശ്രദ്ധിച്ചുതുടങ്ങിയിരുന്നു. പ്രത്യേകിച്ച് മെൽവിൻ…തുടരും…..

കള്ളനസ്രാണി : ഭാഗം 2

Share this story