നീ മാത്രം…❣️❣️ : ഭാഗം 12

നീ മാത്രം…❣️❣️ : ഭാഗം 12

എഴുത്തുകാരി: കീർത്തി

“ഹലോ… ഗാഥാ…. ” വിരൽ ഞൊടിക്കൽ നിർത്തി എന്റെ മുഖത്തിന് കുറുകെ കൈവീശി കാണിച്ചു കൊണ്ട് പറഞ്ഞു. എന്ത് ചെയ്യാനാ പന്തം കണ്ട പെരുച്ചാഴിയെ പോലെ എനിക്കാ നിൽപ്പ് നിൽക്കാനേ സാധിച്ചുള്ളൂ. “ഗാഥാ…ടൊ….” ഇത്തവണ വിളിക്കുന്നതോടൊപ്പം സങ്കല്പആനന്ദേട്ടൻ എന്റെ തലയ്ക്കിട്ട് രണ്ടു കൊട്ടും തന്നു. ഹായ്.. നല്ല സൗണ്ട്. ഇതെന്റെ തലയിൽ ന്നാണോ. കൊള്ളാലോ. ആനന്ദേട്ടൻ പുതിയൊരു വാദ്യോപകരണം കണ്ടുപിടിച്ചേ….. അഭിനന്ദനങ്ങൾ mr. ആനന്ദ്. കൊട്ട് കിട്ടിയ സമയത്ത് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ അഭിനന്ദിക്കൽ കഴിഞ്ഞപ്പോഴാണ് ചെറുതായി വേദന തോന്നിയത്.

“അതേയ്… ആലോചിച്ച് ആലോചിച്ച് ഇങ്ങോട്ട് വരുത്തിയത് ഞാനാ. അതെന്റെ മണ്ടയ്ക്കിട്ട് കൊട്ടിക്കളിക്കാനല്ല. ” “എന്താ? താനെന്തൊക്കെയാ ഈ പറയുന്നേ? എന്നെ വരുത്തിയതാന്നോ? തനിക്കെന്താ ടൊ പറ്റിയെ? രാവിലെ തന്നെ ഉറക്കത്തിൽ ന്ന് എണീറ്റ് നടന്നതാണോ? ഹലോ… ഗാഥാ… ” ചോദ്യശരങ്ങളുടെ ഒടുക്കം ആനന്ദേട്ടൻ വീണ്ടും എന്റെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചു കാണിച്ചു. ദൈവമേ ഇത് ഡ്യൂപ്ലിക്കേറ്റ് ആനന്ദല്ലെ? “ആനന്ദേ….ട്ടൻ…. അപ്പൊ…. സങ്കല്പ ല്ലേ? ഒറിജിനലായിട്ടും വന്നിട്ടുണ്ടോ? ” ഞാൻ ചോദിച്ചു. “സങ്കൽപ്പോ? ഞാനോ? ആരുടെ സങ്കല്പം? എന്താടോ പ്രശ്നം? ” “ശെരിക്കും ആനന്ദേട്ടനാണോ? ” “അല്ല എന്റെ പ്രേതം. അല്ല പിന്നെ. തനിക്കത്ര സംശയമുണ്ടെങ്കിൽ ദാ തൊട്ട്നോക്ക്. ”

എന്റെ നേരെ കൈ നീട്ടി പിടിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാൻ സംശയിച്ചു സംശയിച്ച് ആ കൈയിലൊന്നു തൊട്ടുനോക്കി. ഈഹ്ഹ് ….. ഈഹ്ഹ്….. ഒറിജിനലാ ഒറിജിനലാ. പത്തര മാറ്റ് തനി തങ്കം. നോമിന് ബോധ്യായി. ഇനിയൊരു ക്വിസ് മത്സരം വേണ്ട. അയ്യേ…. അപ്പൊ ഞാൻ ഇക്കണ്ട നേരം ഇളിച്ചോണ്ട് വായിനോക്കി നിന്നത്……… അയ്യോ…. വീണ്ടും ചമ്മി നാറി. ഞാനിനി എന്തിനാ ജീവിച്ചിരിക്കണേ…..ആനന്ദേട്ടനോട്‌ ഒന്നും മിണ്ടാതെ അവിടെയുള്ള ചെയറിൽ ചെന്ന് തലയ്ക്ക് കൈയും കൊടുത്തിരുന്നു. “ഗാഥാ…. ആർ യൂ ഓക്കെ? ” എനിക്കെന്താ പറ്റിയത് എന്നറിയാനുള്ള ആനന്ദേട്ടന്റെ ടെൻഷൻ ആ ശബ്ദത്തിൽ നിന്നുതന്നെ എനിക്ക് മനസിലായി. “ഏയ്യ്… ഒന്നൂല്ല്യ. ഞാൻ ഓക്കേയാണ്. ”

“പിന്നെന്താ സങ്കല്പം… ഒറിജിനൽ… ന്നൊക്കെ…. ” “അതൊന്നും ഇല്ലാന്നെ ഞാൻ എന്തൊക്കെയോ…. വെറുതെ…… ” പറഞ്ഞാൽ എല്ലാം പറയേണ്ടി വരും. എനിക്ക് തോന്നുന്നത് പോലെ ആനന്ദേട്ടന് എന്നോടില്ലെങ്കിൽ…. അതുകൊണ്ട് ഇപ്പൊ ഒന്നും പറഞ്ഞാൽ ശെരിയാവില്ല. ആ വിഷയം മാറ്റുന്നതാണ് നല്ലതെന്നു തോന്നി. “എങ്ങോട്ടാ ഈ രാവിലെ? ബാഗൊക്കെ ണ്ടല്ലോ കൈയിൽ? ” “ആഹ്…. ഞാൻ നാട്ടിലേക്ക് പോവാൻ ബസ് കാത്ത് നിക്കാണ്. ” “എന്ത്പറ്റി? ഇവിടുത്തെ ജീവിതം മടുത്തോ? ജോലിയൊന്നും ശെരിയാവാത്തോണ്ടാണോ? ” “ജോലി കിട്ടിയത് കൊണ്ടാണ്. ” “ജോലി കിട്ടിയോ. ഗുഡ് ന്യൂസ്‌. കൺഗ്രാറ്റ്ലേഷൻസ്.

എവിടെയാ? ” വി. എ. അസോസിയേറ്റ്സിലാണെന്നും ജോയിൻ ചെയ്യുന്നതിന് മുൻപ് കുറച്ചു ദിവസം അവിടെ നിൽക്കാൻ പോവാണെന്നും പറഞ്ഞു. പറഞ്ഞു വന്നപ്പോൾ ആനന്ദേട്ടനും നാട്ടിലേക്കുള്ള യാത്രയിലാണെന്ന് മനസിലായി. “ബസിലാണോ പോകുന്നെ? ” ആനന്ദേട്ടൻ ചോദിച്ചു. “അല്ല വിമാനത്തില് ” ന്ന് പറയാനാണ് ആദ്യം തോന്നിയത്. അല്ലെങ്കിൽ ബസ് സ്റ്റോപ്പിൽ പിന്നെ വിമാനം വരുവോ? എന്തെങ്കിലും ചോദിക്കണ്ടേ ന്ന് കരുതി ചോദിക്കുന്നതാ. എന്നാൽ ഞാനെന്തെങ്കിലും ചോദിച്ചാലോ അറുത്തു മുറിച്ച പോലുള്ള മറുപടിയും അല്ലെങ്കിൽ ഒരു ചിരി.

ഹും… പ്രായത്തിൽ മൂത്തത് കൊണ്ടും ആനന്ദേട്ടന്റെ പൊസിഷൻ അറിയാവുന്നത് കൊണ്ടും പിന്നെ….. എങ്ങാ…..നും കഷ്ടകാലത്തിന് ഇയ്യാളെ തന്നെ കെട്ടേണ്ടി വന്നാൽ ഈ പറഞ്ഞതിന് വല്ല പ്രതികാരവും ഏറ്റുവാങ്ങേണ്ടി വരുമോ ന്നുള്ള സംശയം കൊണ്ടും ആ ഉത്തരം വേണ്ടന്ന് വെച്ചു. “മ്മ്മ്…. ഈ സമയത്ത് ഒരു KSRTC ണ്ട്. പക്ഷെ ഇന്നിപ്പോ വരണ്ട സമയം കഴിഞ്ഞു. എന്താണാവോ ” “KSRTC യോ? ഞാൻ വരുന്ന വഴിക്ക് ദാ രണ്ടു സ്റ്റോപ്പ്‌ അപ്പുറം ഒന്ന് എന്തോ കംപ്ലയിന്റായിട്ട് നേരെയാക്കുന്നത് കണ്ടു. ഇനി അതാണോ താൻ പറഞ്ഞ വണ്ടി? ” “അയ്യോ…. അങ്ങനെയാണെങ്കിൽ ഇനിപ്പോ എന്താ ചെയ്യാ? ” ഞാൻ ചോദിച്ചു. പോവാൻ വേണ്ടി ബാഗും പൊക്കി ഇറങ്ങി പുറപ്പെടുകയും ചെയ്തു.

ഇനിയിപ്പോ ഈ സമയത്ത് ട്രെയിൻ ഉണ്ടോ ആവോ? ഉണ്ടെങ്കിൽ തന്നെ അവിടെയെത്തി…. ടിക്കറ്റ് എടുത്ത്…. പിന്നെ ഒറ്റയ്ക്ക് ട്രെയിനിൽ….. അച്ഛന് തീരെ ഇഷ്ടല്ല അത്. ഞാനിനി എങ്ങനെ വീട്ടിൽ പോകും. ഈ ബസിൽ ഇവിടുന്ന് കയറിയാൽ അവിടെ ചെന്ന് ഇറങ്ങാം. ഇടയിൽ മാറികയറേണ്ട ബുദ്ധിമുട്ട് ഇല്ലായിരുന്നു. പാവം ന്റെ മുത്തശ്ശിടെ വെപ്പ്പ്പല്ലും വെച്ചുള്ള ആ ചിരി കാണാൻ കൊതിയാവുന്നു. അച്ഛനും അമ്മയും ഞാൻ വരുന്നതും കാത്ത് ഇരിക്കും. ഇന്നിനി പോവാൻ പറ്റില്ലെ? എനിക്ക് ആകെ വിഷമമായി. തിരിച്ചു വീട്ടിലേക്ക് തന്നെ പോയാലോ? ചാവി ഗീതു കൊണ്ടുപോയില്ലേ? ദൈവമേ പെരുവഴിയിലായോ? അങ്ങനെ പല സാധ്യതകളും ആലോചിച്ചു ഞാൻ നിന്നു. “ബസ് ഇനി എപ്പഴാ ശെരിയാവാ ന്ന് പറയാൻ പറ്റില്ല.

താൻ ഇങ്ങനെ വിഷമിക്കാതെ. അല്ലെങ്കിൽ ഞാനൊരു കാര്യം പറയട്ടെ? ” എന്ത് കാര്യമാണാവോ കവി ഉദ്ദേശിച്ചത് ന്നറിയാൻ ഞാനാ മുഖത്തേക്ക് ഉറ്റുനോക്കി. “തനിക്ക് വിരോധമില്ലെങ്കിൽ……” “ഇല്ലെങ്കിൽ.? ” ആനന്ദേട്ടൻ ബാക്കി പറയണോ വേണ്ടയോ ന്നുള്ള സംശയത്തിൽ നിർത്തിയപ്പോൾ ഞാൻ പുരികം ചുളിച്ച് ആനന്ദേട്ടനെ നോക്കികൊണ്ട് ചോദിച്ചു. ഉടനെ മുഖത്തു വെച്ചിരുന്ന കണ്ണട ഊരിമാറ്റി ആള് എന്റടുത്തേക്ക് കുറച്ചുകൂടി നീങ്ങിനിന്നു. ഇതെന്താ ത്? ബാക്കി പറയാനല്ലേ ഞാൻ പറഞ്ഞുള്ളു. അതിനെന്തിനാ ഇത്രയും അടുത്ത് നിക്കണേ? കുറച്ചു നേരായിട്ടും ആള് ഒന്നും മിണ്ടുന്നുമില്ല. എന്റെ മുഖത്തേക്കും നോക്കി അതേ നിൽപ്പ് തന്നെ.

എന്താണാവോ പറയാൻ പോകുന്നതെന്ന ഭാവത്തിൽ ഞാനും ആനന്ദേട്ടനെ തന്നെ നോക്കി നിന്നു. അടുത്തേക്ക് നീങ്ങി നിന്നത് കൊണ്ട് ആളുടെ മുഖത്തേക്ക് നോക്കണമെങ്കിൽ തല ഉയർത്തിപിടിക്കേണ്ട അവസ്ഥയാണ്. എന്താന്ന് വെച്ചാൽ ഒന്ന് വേഗം പറയ് മനുഷ്യാ. ഏറെനേരം കഴുത്ത് പൊക്കി ഇങ്ങനെ നിൽക്കാൻ വയ്യാത്തോണ്ടാ. കഴയ്ക്കണു. ഞാൻ മനസ്സിൽ പറഞ്ഞു. “പോരുന്നോ….എന്റെ കൂടെ? ” എന്റെ കണ്ണിലേക്കു തന്നെ നോക്കികൊണ്ട് ആനന്ദേട്ടൻ ചോദിച്ചു. വളരെ ആർദ്രമായിരുന്നു അപ്പോൾ ആ ശബ്ദം. ആ നോട്ടവും ചോദ്യവും എന്റെ ചലനശേഷി തന്നെ ഇല്ലാതാക്കി. അന്നുവരെ ഞാനാ കണ്ണിൽ കണ്ടിട്ടില്ലാത്ത ആ പുതിയ ഭാവത്തിൽ ലയിച്ച് ഒരു ശില കണക്കെ ഞാൻ നിന്നു. നിരത്തിലൂടെ പോയ ഏതോ വണ്ടിയുടെ ഹോൺ ശബ്ദമാണ് പരസ്പരം കൊരുത്ത മിഴികളെ സ്വാതന്ത്രരാക്കിയത്.

ഒപ്പം ബോധമണ്ഡലത്തിലേക്ക് എന്നെ തിരികെയെത്തിച്ചു. “എന്താ ന്ന്? ” പെട്ടന്ന് ഒരു തോന്നലിൽ ഇച്ചിരി ഉറക്കെയാണ് ഞാൻ ചോദിച്ചത്. “അത്…. പിന്നെ….. ഞാനും നാട്ടിലേക്ക്…… അപ്പൊ….. എവിടെയാ ന്ന് വെച്ചാൽ…. തന്നെയും….. ഡ്രോപ്പ്…. അതാ ഞാൻ…. ” എന്റെ ചോദ്യത്തിന്റെ രീതി കൊണ്ടാണെന്നു തോന്നുന്നു, അത്രയും നേരം ധൈര്യത്തോടെ എന്റെ മുഖത്തു നോക്കി പോരുന്നോ കൂടെ ന്ന് ചോദിച്ച ആള് പറയാൻ വാക്കുകൾക്കായി പരതുന്നത് കണ്ടു. ബസ് കേടായിരിക്കാണ്. ഇന്ന് വരുമെന്ന് വീട്ടിലും പറഞ്ഞു. വേറെ നല്ലൊരു വഴിയും കാണുന്നില്ല. പക്ഷെ….. ആനന്ദേട്ടന്റെ കൂടെ….ഒറ്റയ്ക്ക്…… വിശ്വസിക്കാതെ ഇരിക്കാൻ ഇപ്പൊ എന്താ?

അങ്ങനെയെങ്കിൽ അന്ന് എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി, അവിടുന്ന് സുരക്ഷിതമായി ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് വിട്ടതല്ലേ. സൂപ്പർ മാർക്കറ്റിൽ രാത്രി പോയതിനല്ലേ അന്ന് വാണിംഗ് തന്നത്. തനിച്ച് എങ്ങോട്ടും പോകരുത് ന്നൊക്കെ പറഞ്ഞത്. എന്നിട്ട് ആ ആളെ സംശയിക്കാനും മാത്രം ഒന്നുമില്ല. എന്നാലും എന്തോ ഒരു ഒരു…… ഞാൻ ആലോചിച്ചു കൊണ്ടിരുന്നു. “അത് സാരല്ല്യ ഞാൻ വേറെ എങ്ങനെലും പൊക്കോളാം. ” ഞാൻ പറഞ്ഞു. “തനിക്ക് തൃശൂർ അല്ലെ പോകണ്ടത്? ഞാൻ പാലക്കാടും. അപ്പൊ പിന്നെ പോകുന്ന വഴിയിൽ ഒരു കുഞ്ഞു വ്യത്യാസം വരുത്തി തന്നെ തൃശൂർ ഇറക്കിയാൽ പോരെ.

മാത്രവുമല്ല രണ്ടുപേരും രണ്ടു രീതിയിൽ ഒറ്റയ്‌ക്കൊറ്റയ്ക്ക് പോകുന്നതിലും നല്ലത് നമുക്ക് രണ്ടാൾക്കും ഒരു വണ്ടിയിൽ എന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും പോകാന്നേ. എന്താ? ” കാര്യം ശെരിയാണ്. കുറച്ചു ദിവസത്തെ പരിചയം വെച്ച് എന്തെങ്കിലുമൊക്കെ സംസാരിച്ച് ഇരിക്കാം. മറ്റേത് ഒറ്റയ്ക്ക് കുറെ പുറത്തേക്ക് നോക്കി ഇരിക്കേണ്ടി വരും അല്ലെങ്കിൽ ചെവിയിൽ ഫോണിന്റെ മറ്റേ കുന്തം തിരുകിയിട്ട് കിടന്നുറങ്ങേണ്ടി വരും. ആനന്ദേട്ടന്റെ കൂടെയാണെങ്കിൽ അത് വേണ്ട. ഞാനാലോചിച്ചു. “ആലോചിച്ചു നിക്കാനൊന്നും ഇല്ല. താൻ വന്നേ. ” ഞാനങ്ങനെ ആലോചിച്ചു നിൽക്കുന്ന താപ്പിന് ആനന്ദേട്ടൻ പറയുന്നതോടൊപ്പം എന്റെ ബാഗെടുത്ത് കാറിന്റെ ഡിക്കിയിൽ വെക്കല് കഴിഞ്ഞിരുന്നു.

എന്നിട്ട് കോ ഡ്രൈവിംഗ് സീറ്റിന്റെ ഡോറും തുറന്നു പിടിച്ചൊരു നിൽപ്പായിരുന്നു. “ഞാനെന്നാൽ ഗീതുനോട്‌ ഒന്ന് വിളിച്ചു പറയട്ടെ. ” “ഓക്കേ. ” ബസ് ഗീതു പോയത് മുതലുള്ള എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞു. തിരിച്ച് ഇങ്ങോട്ട് പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും പെണ്ണ് ക്ഷയരോഗം വന്നവരെ പോലെ നിന്ന് ചുമക്കുന്നത് കേട്ടു. അലവലാതി കളിയാക്കുന്നതാ. തെണ്ടി. തിരിച്ചങ്ങോട്ട് ചെല്ലട്ടെ ഇതിനുള്ളത് ഞാൻ കൊടുക്കുന്നുണ്ട്. ഫോൺ കട്ട്‌ ചെയ്ത് ചെന്ന് കാറിൽ കയറുമ്പോൾ കണ്ടു ആനന്ദേട്ടൻ സ്റ്റിയറിങ്ങിൽ താളം പിടിച്ച് എന്തോ മൂളിക്കൊണ്ട് ഞാൻ വരുന്നതും നോക്കിയിരിക്കുന്നത്. “അപ്പൊ നമുക്ക് പോവാം? ” കാറിൽ കയറി ഇരുന്നതും ആനന്ദേട്ടൻ ചോദിച്ചു. ഞാനൊന്ന് മൂളുക മാത്രമേ ചെയ്തുള്ളു.

കുറച്ചു നേരത്തേക്ക് ഞങ്ങൾക്കിടയിൽ സംഭാഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞാൻ പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു. ആനന്ദേട്ടന്റെ ശ്രദ്ധ ഡ്രൈവിങ്ങിലും. ഇതിപ്പോ ബസിൽ പോകുന്ന പോലെ തന്നെയാണല്ലോ. പരസ്പരം മിണ്ടാതെ ഇരിക്കാണല്ലോ? ഞാനോർത്തു. എന്നാൽ പിന്നെ ബസിലെ പോലെ ഹെഡ് സെറ്റ് കുത്തി പാട്ട് കേട്ടിരിക്കാമെന്ന് ഞാനും വിചാരിച്ചു. പെട്ടന്ന് എന്റെ മനസ് വായിച്ചത് പോലെ ആനന്ദേട്ടൻ കാറിലെ സ്റ്റീരിയോ ഓൺ ചെയ്തു. അതും എന്റെ പ്രിയപ്പെട്ട ഗാനം. ഞാൻ അത്ഭുതത്തോടെ ആനന്ദേട്ടനെ നോക്കി. ഞാനിതാണ് വിചാരിച്ചതെന്ന് എങ്ങനെ മനസിലായി ന്ന് ചോദിക്കാൻ ഒരുങ്ങിയതും ആള് ഞാനന്ന് ചെയ്തത് പോലെ മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു.

പരസ്പരം ഒരു പുഞ്ചിരി കൈമാറി ഞങ്ങൾ മിണ്ടാതെ പാട്ടും കേട്ടിരുന്നു. “ഗാഥാ… എനിക്കൊരു വാക്ക് തന്നിരുന്നു… ഓർമ്മയുണ്ടോ? ” പാട്ട് കഴിഞ്ഞ ഉടൻ ആനന്ദേട്ടൻ എന്നോട് ചോദിച്ചു. പെട്ടന്ന് വാക്ക് തന്നിരുന്നു ന്നൊക്കെ കേട്ടപ്പോൾ എന്താണ് കാര്യമെന്ന് എനിക്കും മനസിലായില്ല. ഞാൻ അതെന്താണെന്ന് ആലോചിച്ചുനോക്കി. “ഇത്രയും ആലോചനയുടെ ആവശ്യമില്ല. അന്ന് എനിക്കൊരു കുഞ്ഞു വലിയ കഥ പറഞ്ഞു തരാം ന്ന് പറഞ്ഞിരുന്നില്ലേ? ” “ആഹ്…. അത്. അത് പറയാലോ. ഇപ്പൊ തന്നെ പറഞ്ഞു തരാം. “…..”തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. 

നീ മാത്രം…❣❣ : ഭാഗം 11

Share this story