നിനക്കായ് : ഭാഗം 90

നിനക്കായ് : ഭാഗം 90

എഴുത്തുകാരി: ഫാത്തിമ അലി

“പിന്നെ എന്താ നിന്റെ പ്രശ്നം എന്ന് പറയ്…എന്തിനാ അന്നയെ നീ ഒഴിവാക്കുന്നത്….” സാമിന്റെ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ അലക്സെന് നിൽക്കേണ്ടി വന്നു…. “സാം….നീ മാറ്….എനിക്ക് പോവണം…” അവന്റെ മുഖത്തേക്ക് നോക്കാതെ പോവാൻ ഒരുങ്ങിയ അലക്സിന് മുന്നിൽ തടസ്സമായി സാം വന്ന് നിന്നു… “പറ്റില്ല അലക്സേ….എന്റെ ചോദ്യത്തിന് ഉത്തരം തരാതെ നീ ഇവിടുന്ന് പോവില്ല….” അലക്സിന്റെ കണ്ണിലേക്ക് നോക്കിക്കൊണ്ട് താക്കീതോടെ പറഞ്ഞതും എവിടുന്നോ ഇരച്ചെത്തിയ ദേഷ്യത്താൽ സാമിന്റെ നെഞ്ചിൽ ഊക്കോടെ അവൻ തള്ളി…. അവന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ പിന്നിലേക്ക് വേച്ച് പോയ സാം നിലത്തേക്ക് വീണ് പോയിരുന്നു….ചെയൂത് കഴിഞ്ഞപ്പോഴാണ് തന്റെ പ്രവർത്തിയെ കുറിച്ച് അലക്സിന് ബോധം വന്നത്… “സാമേ ഞാൻ….” കൈകൾ നിലത്ത് ഊന്നി അവനെ തന്നെ നോക്കിയ സാമിന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് അലക്സ് എന്തോ പറയാൻ ആഞ്ഞു…. എന്നാൽ അത് വരെ പിടിച്ച് നിർത്തിയ ദേഷ്യവും സങ്കടവും എല്ലാം കൂടെ സാമിനെ വല്ലാത്തൊരു അവസ്ഥയിൽ കൊണ്ട് ചെന്ന് എത്തിച്ചിരുന്നു… ഞൊടിയിടയിൽ നിലത്ത് നിന്ന് ചാടി എഴുന്നേറ്റ് അവനെ നോക്കി നിന്ന അലക്സിന്റെ കവിളിലേക്ക് മുഷ്ടി ചുരുട്ടി ആഞ്ഞ് പ്രഹരിച്ചു…. അടിയുടെ ശക്തിയിൽ അവൻ ഒരു വശത്തേക്ക് ചെരിഞ്ഞ് പോയി… പെട്ടെന്ന് സംഭവിച്ചതിന്റെ നടുക്കം വിട്ട് മാറുന്നതിന് മുൻപേ അവന്റെ മറ്റേ കവിളിലും സാമിന്റെ മുഷ്ടി പതിഞ്ഞിരുന്നു… ദേഹം നൊന്തതിനേക്കാൾ സാമിന്റെ പ്രവർത്തി ആണ് അവനെ ചൊടിപ്പിച്ചത്…. വീണ്ടും തല്ലാനായി ഉയർത്തിയ സാമിന്റെ കൈയെ തടഞ്ഞ് കൊണ്ട് അലക്സ് അവനെ തിരിച്ച് അടിക്കാൻ തുടങ്ങി…. ******

സാം ദേഷ്യത്തോടെ റൂമിൽ നിന്ന് പോയതും ഡോറിന്റെ ലോക്കിൽ ഒരു ബലത്തിനെന്ന പോലെ പിടിച്ച് ചുവരിലേക്ക് ചാരി നിന്ന് വിതുമ്പുകയായിരുന്നു അന്ന…. ആദ്യമായിട്ടാവും സാമിനെ അവൾ അത്രയും ദേഷ്യത്തിൽ കണ്ടത്…. അത് കൊണ്ട് തന്നെ അന്നയുടെ സങ്കടം ഇരട്ടിച്ചു… കാറ്റ് പോലെയുള്ള സാമിന്റെ പോക്ക് ഓർമ്മ വന്നതും അവൾക്ക് എന്തെന്നില്ലാത്ത ഭയം തോന്നി… തന്റെ പേരിൽ സാം അലക്സിനോട് പിണങ്ങുമോ എന്ന് അവൾക്ക് പേടി തോന്നി…. കണ്ണുനീർ ഒഴുകി ഇറങ്ങിയ കവിളുകൾ കൈകളാൽ തുടച്ച് കൊണ്ട് അവൾ വേഗം റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി…. സാമിന്റെ റൂമിലോ ബാൽക്കണിയിലോ ഒന്നും അവരെ കാണാതെ താഴേക്ക് പോവാൻ ഒരുങ്ങിയപ്പോഴാണ് ടെറസിലേക്ക് പോവുന്ന ഡോർ തുറന്ന് കിടക്കുന്നത് കണ്ടത്…

എന്തോ ഒരു ഉൾപ്രേരണയിൽ അന്ന വേഗം ഡോർ വഴി ടെറസ് ലക്ഷ്യം വെച്ച് ഓടി ചെന്നു…. അവിടെയെങ്ങും ആരെയും കാണാതെ ചുറ്റിലും കണ്ണോടിച്ച അന്ന ടെറസിന്റെ ഒരു സൈഡിലായുള്ള കാഴ്ച കണ്ട് തറഞ്ഞ് നിന്നു…. നിലത്ത് വീണ് കിടക്കുന്ന അലക്സിന് മുകളിലായി ഇരിക്കുകയാണ് സാം…. അവന്റെ ഒരു കൈ അലക്സിന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചിട്ടുണ്ട്…. മറു കൈയാൽ തുടരെ തുടരെ അലക്സിന്റെ മുഖത്തേക്ക് പഞ്ച് ചെയ്യുകയാണ്…. സാം അവന്റെ മുകളിൽ ലോക്ക് ചെയ്തത് പോലെ ഇരിക്കുകയാണെങ്കിലും അലക്സ് കൈകൾ ഉപയോഗിച്ച് സാമിനെയും നന്നായി പ്രഹരിക്കുന്നുണ്ട്… വേദനിക്കുന്നുണ്ടെങ്കിലും ശൗര്യം ഒട്ടും ചോർന്ന് പോവാതെ ആയിരുന്നു അവർ ഇരുവരുടെയും മർദ്ധനം…

ഇത് കണ്ട് നിന്ന അന്നയുടെ നട്ടെല്ലെലൂടെ ഒരു മിന്നൽ പിളർ പാഞ്ഞ് പോവുന്നത് പോലെ തോന്നി… “ഇച്ചേ…” ഒരു നിലവിളി പോലെ അന്ന വിളിച്ചതും സാമിന്റെ ശ്രദ്ധ ഒരു നിമിഷം അലക്സിൽ നിന്നും മാറി…. അവസരം കാത്തെന്ന പോലെ നിന്ന അലക്സ് സാമിനെ തള്ളി നിലത്തേക്കിട്ട് അവന് മുകളിലായി വന്ന് പഞ്ച് ചേയ്യാൻ തുടങ്ങി…. പേടിയോടെ വാ പൊത്തി നിന്ന അന്നയുടെ കാലുകൾ അവർക്ക് അരികിലേക്കായി ചലിച്ചു…. “ഇച്ചായാ….” അലക്സിന്റെ ഷർട്ടിൽ പിടിച്ച് പിന്നിലേക്ക് വലിച്ച് കൊണ്ട് അന്ന അവനെ പിന്തിരിപ്പിക്കാനായി ശ്രമിച്ചു…. എന്നാൽ അവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് വീണ്ടും അടിക്കുകയാണ് അവൻ ചെയ്തത്… “ഇച്ചായാ..പ്ലീസ്….”അന്നക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടുതതവും ഇല്ലായിരുന്നു… രണ്ട് പേരും അണുവിട പിന്മാറാതെ പരസ്പരം മർദ്ധിക്കുന്നത് കണ്ടതും അവൾ ഏങ്ങി പോയി…. വീട്ടിൽ ഉള്ളവരെല്ലാം താഴെ ആയിരുന്നത് കൊണ്ട് അവിടെ നടക്കുന്നതൊന്നും ആരും അറിഞ്ഞിരുന്നില്ല… തന്റെ ശക്തി മുഴുവൻ എടുത്ത് അലക്സിന്റെ കോളറിൽ പിടിച്ച് പിന്നിലേക്ക് ആഞ്ഞ് വലിച്ചതും അവൻ സാമിന്റെ ദേഹത്ത് നിന്നും അകന്ന് വന്നു… ആ സമയം കൊണ്ട് എഴുന്നേറ്റ് നിന്ന സാം ദേഷ്യം അടങ്ങാതെ അലക്സിന് നേരെ കുതിക്കാൻ തുടങ്ങി… “ഇച്ചേ….വേണ്ട…പ്ലീസ്….” സാമിന്റെ വരവ് കണ്ട് അവന്റെ നെഞ്ചിൽ കൈകൾ അമർത്തിക്കൊണ്ട് തടഞ്ഞു… “ടാ…” അപ്പോഴേക്കും അലക്സ് വായിൽ നിന്ന് ഒലിച്ചിറങ്ങിയ ചോര പുറത്തേക്ക് തുപ്പിക്കൊണ്ട് അവന് നേരെ പാഞ്ഞടുത്തു…

ഇരുവരും പോര് കോഴിക്കളെ പോലെ പരസ്പരം പോരാടാൻ നിൽക്കുന്നത് കണ്ട് അന്ന കരച്ചിലോടെ അലക്സിന്റെ നെഞ്ചിൽ പിടിച്ച് പിന്നിലേക്ക് മാറ്റി നിർത്തി…. “ഞാൻ കാല് പിടിക്കാം ഇച്ചായാ….പ്ലീസ്….” അലക്സിന്റെ മുന്നിൽ വന്ന് നിന്ന് കൈ കൂപ്പി പൊട്ടി കരഞ്ഞ് കൊണ്ട് പറഞ്ഞതും അത് വരെ ദേഷ്യം നിറഞ്ഞ് നിന്ന അവന്റെ മുഖത്ത് മറ്റെന്തൊക്കെയോ ഭാവങ്ങൾ മിന്നി മാഞ്ഞു…. സാമിനെയും അന്നയെയും മാറി മാറി നോക്കിക്കൊണ്ട് അലക്സ് ടെറസിലൂടെയുള്ള സ്റ്റെപ്പ് വഴി കാറ്റ് പോലെ താഴേക്ക് പാഞ്ഞു…. “എന്നാത്തിനാ…ഇച്ചേ…..എന്നെ…ഇങ്ങനെ വേദനിപ്പിക്കുന്നേ…?” സാമിന്റെ നെഞ്ചിലേക്ക് വീണ് കൊണ്ട് പതം പറഞ്ഞ് കരയുന്ന അന്നയെ കണ്ട് അവന്റെ നെഞ്ച് കലങ്ങി…

“കുഞ്ഞാ…..” ഇടർച്ചയോടെ വിളിച്ചത് കേട്ട് അവളുടെ ഏങ്ങൽ ഒന്ന് കൂടെ ഉച്ചത്തിലായി… “ഞാൻ….പറഞ്ഞതല്ലേ…ഒന്നും…ഒന്നും…വേ…ണ്ടെന്ന്….ഇപ്പോ…ഞാൻ…ഞാൻ കാരണം…നിങ്ങൾ…രണ്ടാളും…..” നിലത്തേക്ക് ഊർന്ന് വീണ അന്നയോടൊപ്പം സാമും ഇരുന്ന് പോയി… “കരയല്ലേ…..കുഞ്ഞാ….” അവളെ ചേർത്ത് പിടിച്ച് കൊണ്ട് പറയവേ സാമിന്റെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു… “ഇതൊക്കെ….ഓർത്തിട്ടാ ഞാൻ…ഞാൻ ഇച്ചായനോട്… സംസാരിക്കരുതെന്ന് ഇച്ചയോട്….പറഞ്ഞത്….ഞാൻ കാരണം…നിങ്ങളുടെ….ഫ്രണ്ട്ഷിപ്പ്…ഇല്ലാതാവുന്നത്…. എനിക്ക്…സഹിക്കാൻ പറ്റത്തില്ല….അത് കൊണ്ടാ ഞാൻ….” സംസാരിക്കുമ്പോൾ പലയിടത്തും മുറിഞ്ഞ് പോവുന്നുണ്ടായിരുന്നു… “മതി കുഞ്ഞാ…ഇങ്ങനെ കരയല്ലേ…”

അന്നയുടെ അവസ്ഥ കണ്ട് സാമിന് നല്ല പേടി തോന്നുന്നുണ്ടായിരുന്നു… “എല്ലാം ഞാൻ കാരണമാ….ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും ഞാൻ… പിന്നാലെ പോയിട്ടാ ഇച്ചേ….” എണ്ണി പെറുക്കി പറയുന്ന അന്നയെ സാം നെഞ്ചിലേക്ക് പൊതിഞ്ഞ് പിടിച്ചു… “ഇച്ചയോട്…ക്ഷമിക്ക് കുഞ്ഞാ…മോളുടെ ഇഷ്ടം….അത് നേടി തരാൻ ഇച്ചയെ കൊണ്ട് പറ്റുന്നില്ലല്ലോ…വെറുക്കല്ലേ മോളേ ഇച്ചയെ…” കണ്ണ് നിറച്ച് കൊണ്ട് സാം പറഞ്ഞത് കേട്ട് അന്ന ഞെട്ടലോടെ അവനെ നോക്കി….ചൂണ്ടുവിരൽ ചുണ്ടിന് മുകളിൽ അമർത്തി വെച്ച് കൊണ്ട് അരുതെന്ന് തല അനക്കി… “വെറുക്കാനോ….എന്റെ ഇച്ചയെ ഞാൻ….ഇന്നേ വരെ എന്റെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ച് തന്നിട്ടല്ലേ ഉള്ളൂ…ആ ഇച്ചയെ ഞാൻ എന്തിന്റെ പേരിലാ വെറുക്കണ്ടേ…. എനിക്കറിയാം…

ഞാനൊന്ന് മൂളിയാൽ എന്ത് വിലകൊടുത്തിട്ടാണെങ്കിലും ഇച്ചായനെ എന്റെ മുന്നിൽ ഇച്ച കൊണ്ട് തരും…. പക്ഷേ അങ്ങനെ ഒന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല ഇച്ചേ… പിടിച്ച് വാങ്ങുന്ന സ്നേഹം എനിക്ക്…വേണ്ട…. അങ്ങനെ ഒരിക്കലും…ഒരിക്കലും ഇച്ചായൻ എന്നെ സ്നേഹിക്കില്ല….ആ സ്നേഹം എനിക്ക് വേണ്ടതാനും…. അത് കൊണ്ട് എന്റെ ഇച്ച വിഷമിക്കല്ലേ….ഈ കണ്ണ് നിറഞ്ഞാ എനിക്ക് സങ്കടാവും….എനിക്ക് ഒന്നും വേണ്ട….ഇച്ച എന്റെ കൂടെ ഇല്ലേ….അത് മതി….വേറെ ആരെയും വേണ്ട എനിക്ക്….” കവിളിൽ ഒലിച്ചിറങ്ങിയ കണ്ണുനീരിനെ സാം വിരലുകളാൽ തുടച്ച് മാറ്റി കൊടുത്ത് കൊണ്ട് അവളുടെ നെറ്റിയിൽ മൃദുവായി ചുണ്ടമർത്തി… അവന്റെ മുഖത്ത് അങ്ങിങ്ങായി ഏറ്റ മുറിവുകൾ കാണെ അന്നയുടെ സങ്കടം അധികരിച്ചു…

തന്റെ തോളിലേക്ക് മുഖം അമർത്തി കിടക്കുന്ന അന്നയുടെ മുടിയിൽ അവൻ പതിയെ തലോടിക്കൊടുത്തു…. ഒരു ആശ്വാസത്തിനെന്ന പോലെ… ഉള്ളിലെ സങ്കടങ്ങൾക്ക് ഒരു പരിധി വരെ അറുതി കിട്ടിയതും അന്ന മുഖം അവന് നേരെ ഉയർത്തി… “ഇച്ചേ….” അന്നയെ നോക്കി എന്താണെന്ന അർത്ഥത്തിൽ സാം മൂളി…. “വന്നേ….” കണ്ണുകൾ രണ്ടും അമർത്തി തുടച്ച് നിലത്ത് നിന്നും എഴുന്നേൽക്കാനായി സാമിനോട് പറഞ്ഞു…. “ചെല്ല്….ഇച്ചായനോട് ചെന്ന് കൂട്ടായിക്കേ…” അന്നയുടെ ആവശ്യം കേൾക്കെ സാം ദയനീയമായി അവളെ ഒന്ന് നോക്കി… “മോളെ അത്…” സാം പറയാൻ തുടങാങന്നതിന് മുൻപേ അവൾ കൈ ഉയർത്തി തടഞ്ഞിരുന്നു… “വേണ്ട….ഒന്നും പറയണ്ട….

ഇപ്പോ തന്നെ പോയി രണ്ടാളുടെയും പിണക്കം തീർക്കണം….എന്നിട്ട് ഇങ്ങോട്ട് വന്നാ മതി…” “പ്ലീസ് ഇച്ചേ…ഇച്ചായനോട് ഉള്ള എന്റെ പ്രണയത്തേക്കാൾ ഞാൻ എപ്പോഴും നിങ്ങളുടെ ഫ്രണ്ട്ഷിപ്പിനാ മുൻതൂക്കം കൊടുത്തിട്ടുള്ളത്….ആ നിങ്ങളിങ്ങനെ തമ്മിലടിക്കുന്നത് കാണാൻ വയ്യാത്തത് കൊണ്ടാ….ചെന്ന് പിണക്കമൊക്കെ പറഞ്ഞ് തീർത്തിട്ട് വാ ഇച്ചേ…” സാമിനും അലക്സിനെ അടിച്ചതോർത്ത് വിഷമം തോന്നി… വേണം എന്ന് വെച്ചിട്ടല്ല…അപ്പോഴത്തെ മാനസികാവസ്ഥയിൽ അറിയാതെ സംഭവിച്ച് പോയതാണ്…. “ഇച്ചേ…പ്ലീസ്…” അന്നയോട് അവൾ പറഞ്ഞതിന് സമ്മതം ആണ് എന്ന അർത്ഥത്തിൽ അവനൊന്ന് മൂളി…. “പക്ഷേ പോവുന്നതിന് മുൻപ് എനിക്കൊരു വാക്ക് തരണം… എന്നേയോ എന്റെ ഇഷ്ടത്തേയോ പറ്റി നിങ്ങൾ രണ്ട് പേർക്കും ഇടയിൽ ഒരു സംസാരവും ഉണ്ടാവരുത്….

ഇച്ചായന് എന്നോടുള്ള ഇഷ്ടക്കേട് ഒരു കല്ലുകടിയായി ഈ മനസ്സിൽ ഉണ്ടാവാൻ പാടില്ല….മുൻപ് എങ്ങനെ ആയിരുന്നോ അതിലും ആഴത്തിൽ രണ്ടാളുടെയും സൗഹൃദം കൊണ്ട് പോവണം…. എനിക്ക് വാക്ക് താ..” സാമിന് നേരെ കൈപത്തി നീട്ടിക്കൊണ്ട് അവൾ ആവശ്യപ്പെട്ടതും ഒരു നിമിഷം അവൻ അന്നയെ ഉറ്റ് നോക്കി. പിന്നെ മൃദുവായി ഒന്ന് ചിരിച്ച് കൊണ്ട് ആ കൈപത്തിക്ക് മുകളിൽ സാം അവന്റെ കൈ ചേർത്ത് വെച്ചു… അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി കണ്ട് വാത്സല്യത്തോടെ നെറ്റിയിൽ മുകർന്നു… “ചെല്ല് ഇച്ചേ…രണ്ടിളുടെയും പിണക്കം മാറ്റി വാ…ഞാൻ ഇവിടെ കാത്തിരിക്കും….” അന്നയുടെ കവിളിൽ തട്ടിക്കൊണ്ട് സാം ടെറസെലെ സ്റ്റെപ്പ് വഴി താഴേക്ക് പോയി… അവൻ പോവുന്നതും നോക്കി നിറഞ്ഞ് വരുന്ന കണ്ണുകളെ പതിയെ തുടച്ചാ മാറ്റിക്കൊണ്ട് അവൾ അകത്തേക്ക് നടന്നു…. ******

മൊട്ടക്കുന്നിന്റെ മുകളിലെ പുൽമെത്തയിൽ ആകാശത്തേക്ക് കണ്ണും നട്ട് കിടക്കുകയായിരുന്നു അലക്സ്… നല്ല തണുത്ത കാറ്റ് ശരീരത്തെ മാത്രമേ കുളിർപ്പിക്കുന്നുണ്ടായിരുന്നുള്ളൂ… കണ്ണ് നിറഞ്ഞ് കാഴ്ചയെ മറക്കുന്നുണ്ടെങ്കിലും ഒരിറ്റ് പോലും പുറമേക്ക് അടർന്ന് വീണിരുന്നില്ല… ഇത്രയും കാലത്തിനിടക്ക് തമാശക്ക് പരസ്പരം അടി ഉണ്ടാക്കുന്നത് ഒഴിച്ചാൽ അവർക്കിടയിൽ ഇത്തരത്തിൽ ഒന്ന് ആദ്യമായിട്ടാണ്… അത് കൊണ്ട് തന്നെ ശരീരത്തിന്റെ വേദനയേക്കാൾ അവന്റെ മനസ്സിന്റെ വേദന ആയിരുന്നു അധികം…. കൂടെ സാമിനെ തിരിച്ച് അടിക്കരുതായിരുന്നു എന്ന തോന്നൽ അവനിൽ കുറ്റബോധം ഉണ്ടാക്കി… അവിടേക്ക് വരുന്നതിനിടക്ക് വാങ്ങി പോക്കറ്റിൽ വെച്ചിരുന്ന സിഗരറ്റ് എടുത്ത് ചുണ്ടിലേക്ക് വെച്ചു…

സാമിന് ഇഷ്ടമല്ലാത്തത് കൊണ്ട് അവൻ സാധാരണ വലിക്കാറില്ലായിരുന്നു… ഇന്ന് മനസ്സിന് വല്ലാത്ത വിഷമം തോന്നി വാങ്ങിച്ചതാണ്.. ലൈറ്റർ എടുത്ത് കത്തിച്ച് സിഗററ്റിലേക്ക് അടുപ്പിച്ചെങ്കിലും പിന്നെ അത് വേണ്ടെന്ന് വെച്ച് തിരികെ പോക്കറ്റിലേക്ക് തന്നെ ഇട്ടു… ഒരു കൈ കണ്ണുകൾക്ക് മുകളിലായി വെച്ച് കൊണ്ട് അവനങ്ങനെ കിടന്നു… കുറച്ച് നേരത്തിന് ശേഷം ആരോ തനിക്കരികിൽ വന്ന് കിടക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു…. അത് ആരായിരിക്കും എന്ന് ബോധ്യം ഉള്ളത് കൊണ്ട് തന്നെ അലക്സ് കണ്ണ് തുറന്ന് നോക്കിയില്ല.. “അലക്സേ….” സാമിന്റെ സ്വരം കേട്ടതും അലക്സ് മെല്ലെ എഴുന്നേറ്റു…. കുന്നിന്റെ ഒരു അറ്റത്തായുള്ള പാറക്ക് മുകളിൽ കാല് കയറ്റി വെച്ച് പോക്കറ്റിൽ ഇട്ടിരുന്ന സിഗററ്റ് എടുത്ത് വിരലുകൾക്ക് ഇടയിലായി വെച്ചു…

ഇത് കണ്ട് കൊണ്ടാണ് സാം അവന്റെ അടുത്തേക്ക് വന്നത്… “നിന്നോട് ഈ സാധനം വലിക്കരുതെന്ന് പറഞ്ഞിട്ടില്ലേ….?” ദേഷ്യത്തോടെയുള്ള സാമിന്റെ ചോദ്യം കേട്ടിട്ടും കേൾക്കാത്തത് പോലെ അലക്സ് സിഗററ്റ് ചുണ്ടിലേക്ക് ചേർത്ത് വെച്ചു… അവന്റെ കൂസലില്ലാതെയുള്ള നിൽപ്പ് കാണെ സാം സിഗററ്റ് എടുത്ത് നിലത്തേക്കിട്ട് ചവിട്ടി അരച്ചു… “ഡാ….” സാമിന്റെ പ്രവർത്തി ഇഷ്ടപ്പെടാത്തത് പോലെ അലക്സ് അവന്റെ കോളറിൽ കുത്തി പിടിച്ച് അവന് നേരെ മുഷ്ടി ഉയർത്തി… “എന്നാ ടാ നിർത്തിക്കളഞ്ഞത്….തല്ലിക്കോ…” ചെറു ചിരിയോടെയുള്ള സാമിന്റെ ചോദ്യം കേട്ട് അലക്സ് ഒരു നിമിഷം അവനെ തന്നെ ഉറ്റ് നോക്കി…അവന് നേരെ ഉയർത്തിയ കൈ താഴ്ത്തി നിമിഷ നേരം കൊണ്ട് സാമിനെ പുണർന്നു… “സോറീ ടാ…..” “ഞാനല്ലേ കോപ്പേ സോറി പറയണ്ടത്….” അലക്സിന്റെ പുറത്ത് തട്ടിക്കൊണ്ട് കളിയായി പറഞ്ഞതും അവൻ സാമിൽ നിന്നും വിട്ട് മാറി…

“ഞാൻ…അന്നയെ….” “ഏയ്….സാരമില്ലെടാ….ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് എന്തൊക്കെയോ…അത് വിട്ടേക്ക്….” അലക്സിനെ മുഴുവനാക്കാൻ സമ്മതിക്കാതെ അവന്റെ തോളിൽ തട്ടിക്കൊണ്ട് സാം പറഞ്ഞു… “നിനക്ക് ദേഷ്യം ആവും അല്ലേ എന്നോട്…എനിക്ക് പറ്റത്തില്ലെടാ…” “ദേഷ്യം അല്ല അലക്സേ….സങ്കടം ആയിരുന്നു…. അന്നമ്മേടെ വിഷമം കണ്ട്….പക്ഷേ അവൾക്ക് തോന്നിയ ഇഷ്ടം നിനക്ക് അവളോട് തോന്നിയില്ല….അതിൽ ആരെയാ ഞാൻ കുറ്റം പറയേണ്ടത്….” സാമിന്റെ മറുപടി കേട്ട് അലക്സ് അവനെ നേരിടാനാവാതെ മറ്റെങ്ങോട്ടോ ദൃഷ്ടി പതിപ്പിച്ചു നിന്നു… കുറച്ച് നേരം ഇരുവരും നിശബ്ദരായിരുന്നു… “മതി….വന്നേ…നേരം വെളുക്കും വരെ ഇവിടെ നിൽക്കാനാണോ നിന്റെ ഉദ്ധേശം…” അവസാനം സാം തന്നെ ആണ് നിശബ്ദത ഭേദിച്ചത്…

“നീ പൊയ്ക്കോ സാമേ…ഞാൻ കുറച്ച് കഴിഞ്ഞ് വീട്ടിലേക്ക് പൊയ്ക്കോളാം…” “ഇപ്പോ തന്നെ സമയം വൈകി…ഇനി അവിടെ ചെന്ന് വല്യമ്മച്ചീടെയും ചേടത്തീടെയും ഉറക്ക് ശല്യം ചെയ്യണോ….” “ഞാൻ ചേടത്തിയെ വിളിച്ച് പറഞ്ഞോളാം….” അലക്സിന് എന്തോ പുലിക്കാട്ടിലേക്ക് പോവാൻ തോന്നിയില്ല.. “മ്മ്….എന്നതാണേലും നീ ഇപ്പോ വന്നേ…” സാം ഒരു വിധത്തിൽ അലക്സിനെയും കൂട്ടി അവിടെ നിന്നും തിരിച്ച് പോന്നു… അലക്സിനെ വീട്ടിലേക്ക് പറഞ്ഞയച്ച് സാം നേരെ പുലിക്കാട്ടിലേക്ക് ചെന്നു… അപ്പോഴേക്കും എല്ലാവരും കിടന്നിരുന്നു….അലക്സിനെയും സാമിനെയും ചോദിച്ച റീനയോട് അന്ന എവിടേക്കോ പോയതാണെന്ന് മാത്രം പറഞ്ഞു…. വീട്ടിലേക്ക് കയറി അന്നയുടെ റൂമിന് അടുത്ത് എത്തിയതും അവൾ ഉറങ്ങി കാണുമോ എന്ന് സംശയിച്ച് പതിയെ ഹാൻഡിൽ തിരിച്ചു…

ഹെഡ് റെസ്റ്റിൽ ചാരി ഇരിക്കുന്ന അന്ന ഡോർ തുറക്കുന്ന ശബ്ദം കേട്ടതും മുഖം അമർത്തി തുടച്ച് സാമിന്റെ അടുത്തേക്ക് ഓടി ചെന്നു… “ഇച്ചേ…ഇച്ചായനോട് സംസാരിച്ചോ….പിണക്കം ഒക്കെ മാറ്റിയോ…?” അവന്റെ കൈയിൽ തൂങ്ങിക്കൊണ്ട് ആകാംക്ഷയോടെ ചോദിച്ചതും സാം അതേ എന്ന അർത്ഥത്തിൽ തലയാട്ടി… അവളുടെ മുഖത്തെ തെളിച്ചം കണ്ട് അവന്റെ മനസ്സ് വേദനിക്കുകയാണ് ചെയ്തത്… അപ്പോഴും നനഞ്ഞിരിക്കുന്ന അവളുടെ കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്ന വേദന അവന് കാണാൻ പറ്റിയിരുന്നു… “എല്ലാവരുടെയും സന്തോഷം നോക്കുന്നതിനിടക്ക് എന്റെ കൊച്ച് സ്വന്തം സന്തോഷങ്ങൾ മറക്കാൻ ശ്രമിക്കുവാണ് അല്ലേ…?” സാമിന്റെ ചോദ്യത്തിൽ അന്ന പതറി പോയി…

പക്ഷേ ഇനിയും താൻ കരഞ്ഞാൽ സാമിന് കണ്ട് നിൽക്കാൻ കഴിയില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു… “ആര് പറഞ്ഞു…എനിക്ക് ഇപ്പോ ഒരു സങ്കടവും ഇല്ല ഇച്ചേ…. കർത്താവേ സമയം ഒരുപാടായി…ഇച്ച ചെന്ന് കിടന്നേ….ഹോസ്പിറ്റലിൽ പോവണ്ടതല്ലേ….?” സ്വരത്തിൽ ഒട്ടും ഇടർച്ച വരുത്താതിരിക്കാൻ അവൾ നന്നായി പാട് പെട്ടിരുന്നു… “ഇച്ചേടെ മുന്നിൽ സങ്കടം ഒന്നും ഇല്ലാത്ത പോലെ അഭിനയിക്കുന്നത് എന്നാത്തിനാ കുഞ്ഞാ….?” ആ ഒരു ചോദ്യം മതിയായിരുന്നു….വിതുമ്പിക്കൊണ്ട് സാം വിരിച്ച കൈകൾക്കുള്ളിലേക്ക് പറ്റി ചേർന്ന് നിന്നു അവൾ… അമ്മക്കിളി പക്ഷിക്കുഞ്ഞുങ്ങളെ തന്റെ ചിറകിനുള്ളിൽ ഒളിപ്പിച്ച് വെക്കുന്നത് പോലെ സാം അന്നയെ നെഞ്ചിലേക്ക് പൊതിഞ്ഞ് പിടിച്ചു…

“ഒത്തിരി സങ്കടം തോന്നുന്നുണ്ട്….ഒരുപാട് സ്നേഹിച്ച് പോയതല്ലേ ഞാൻ…പക്ഷേ ദേ ഇന്ന്….ഈ രാത്രി വെളുക്കുന്നത് തൊട്ട് അന്ന എല്ലാം മറക്കാൻ തുടങ്ങുവാ….പറ്റില്ലെന്ന് അറിയാം…നെഞ്ച് കീറി മുറിഞ്ഞ് അതിൽ നിന്ന് ചോര പൊടിയും എന്നും അറിയാം…. എന്നാലും മറന്നേ പറ്റൂ….അല്ലെങ്കിൽ ഇനിയും ഇച്ചായനെ ഞാൻ വിഷമിപ്പിക്കും….എന്റെ ഇച്ചയെ വിഷമിപ്പിക്കും… അത് പാടില്ല…എന്നെ ചൊല്ലി ആരും സങ്കടപ്പെടരുത്….. മറക്കുവാ ഞാൻ….” അനുസരണയില്ലാതെ ഒഴുകുന്ന കണ്ണുനീരിനെ തുടച്ച് മാറ്റാതെ അവൾ മനസ്സിൽ പറഞ്ഞു…… തുടരും

നോമ്പ് ആയത് കൊണ്ടാണ് പാർട്ട് പോസ്റ്റ് ചെയ്യാൻ വൈകിയത്… സാഹചര്യം മനസ്സിലാക്കി നിങ്ങൾ കാത്തിരിക്കുമെന്ന് വിശ്വസിക്കുന്നു… നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

നിനക്കായ് : ഭാഗം 89

Share this story