മധുരനൊമ്പരം…..🍒🍒 : ഭാഗം 14

മധുരനൊമ്പരം…..🍒🍒 : ഭാഗം 14

എഴുത്തുകാരി: റിൻസി പ്രിൻസ്‌

പിടക്കുന്ന കണ്ണുകളിൽ പറയാതെ പറയുന്ന പരിഭവം മാത്രം ആയിരുന്നു….പെട്ടെന്ന് അവനെ അവിടെ കണ്ടതിലുള്ള പിടച്ചിലും കുറേ ദിവസങ്ങളായി കാണാതെ അവൾ പ്രതീക്ഷിച്ച മുഖം കണ്ടതിലുള്ള അമ്പരപ്പും എല്ലാം അവളുടെ മുഖത്ത് അവൻ കണ്ടിരുന്നു……… അവന്റെ ഗന്ധം അവളെ പൊതിഞ്ഞു….. അവളുടെ പ്രണയത്തിന്റെ ഗന്ധം…… സിരകളിൽ പ്രണയത്തിന്റെ ഗന്ധം ഉണർത്തുന്ന ഇണയുടെ ഗന്ധം….. ശ്വാസം വിലങ്ങി അവൾക്ക്….. ” എന്തേ എന്നെയാണോ തിരഞ്ഞത്……? അതിൻറെ വേദനയാണോ ഈ മുഖത്ത് കാണുന്നത്……? കുസൃതിയോടെ അവളുടെ കാതോരം അവൻ ചോദിച്ചപ്പോൾ……. ശരീരത്തിലൂടെ ഒരു വിറയൽ പായുന്നത് അനുരാധ അറിയുന്നുണ്ടായിരുന്നു……. ആദ്യമായാണ് ഒരു പുരുഷന്റെ സാമിപ്യം ഇത്രയും അരികിൽ അറിയുന്നത്………

അവളെ തന്നോട് ചേർത്ത് നിർത്തിയിരിക്കുക ആയിരുന്നു ജോജി……. എതിർക്കാൻ എന്തുകൊണ്ടോ അവൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല…….. ഇരുവരുടെയും നിശ്വാസത്തിനു പോലും പ്രണയചൂട് ആയിരുന്നു….. അവൾ അപ്പോഴും മറ്റേതൊ ഒരു ലോകത്തായിരുന്നു എന്ന് അവൾക്ക് തോന്നിയിരുന്നു…….. തമാശയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു……. ” ബി പി ഉണ്ടോ…..? “ബിപിയോ…..? മനസ്സിലാവാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി……. “അല്ല ഈ ഹാർട്ട് ബീറ്റ് വല്ലാതെ കൂടുന്നത് പോലെ എനിക്ക് തോന്നുന്നു……… സാധാരണ ബിപി ഉള്ളവർക്കാണ് ഇത്ര സ്പീഡിൽ ഹാർട്ട് മിടിക്കുന്നത്……. അവൾ നാണത്തിൽ മുഖം കുനിച്ചു…… അവളെ കണ്ടപ്പോൾ മുതൽ ഉള്ളിൽ ഉടലെടുക്കുന്ന വികാരങ്ങളെ തടുത്തു നിർത്താൻ പണിപ്പെടുക ആയിരുന്നു അവനും……. ”

അത്യാവശ്യമായി നാട്ടിൽ പോകേണ്ടി വന്നു…….. അതുകൊണ്ടാ പോയത്……!! ഇപ്പോൾ വന്നേ ഉള്ളു……. രാവിലെ തന്നെ കാണണം എന്ന് കരുതിയതാ……… ആരുടെയോ കാലൊച്ച കേട്ടപ്പോഴേക്കും അവൾ അവനിൽ നിന്നും മാറിയിരുന്നു……. അവൻറെ മുഖത്ത് ഒരു കുസൃതി ചിരി വന്നിരുന്നു…… ” ഞാൻ പള്ളിയുടെ പുറകിൽ ഉണ്ടാകും ബുക്ക്‌ എടുത്തിട്ട് അവിടേക്ക് വരണം…….. എനിക്ക് സംസാരിക്കാനുണ്ട്……..!! അവളെ നോക്കി അത്രയും പറഞ്ഞ് അവൻ പുറത്തേക്ക് നടന്നപ്പോൾ കഴിഞ്ഞുപോയ നിമിഷങ്ങളുടെ അമ്പരപ്പിൽ ആയിരുന്നു അനുരാധ…….. അവൻ പകർന്നു നൽകിയ പ്രണയത്തിന്റെ ചൂടിൽ ആയിരുന്നു അവൾ…… അത്രയും നേരം കാണാൻ വെമ്പൽ കൊണ്ടാ മുഖമാണ് കൺമുൻപിൽ വന്നു നിൽക്കുന്നത്……….!!

ഇത്രയും നേരം തന്റെ മനസ്സിൽ ഉണ്ടായിരുന്ന പരിഭവത്തിന്റെ കാർമേഘങ്ങൾ ഒക്കെ ഒരു വാക്കിൽ ആ ഒരു മുഖഭാവത്തിൽ തന്നെ മാഞ്ഞുപോയി എന്ന് അവൾക്ക് തോന്നിയിരുന്നു……… കാലുകൾ ദ്രുത വേഗം അവൻ പറഞ്ഞ ഇടത്തേക്ക് ചലിക്കുന്നുണ്ടായിരുന്നു…….. പറഞ്ഞതുപോലെ തന്നെ അവൾ ചെല്ലുമ്പോൾ അവൻ പള്ളിയുടെ പിറകിൽ അവളെ കാത്തിരിപ്പുണ്ടായിരുന്നു…… അവളെ കണ്ടതും അവൾക്ക് മനോഹരമായ ഒരു പുഞ്ചിരി നൽകാൻ അവൻ മറന്നിരുന്നില്ല……. ” എന്താണ് ഇനിയും ഈ മുഖത്തെ സംശയങ്ങൾക്കും ആവലാതികളും ഒരു അന്തമില്ലല്ലോ…….. ഇനിയും സംശയം ഉണ്ടോ ഞാൻ ആരാണെന്ന കാര്യത്തിൽ…….?

അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് ചോദിച്ചപ്പോൾ അവളുടെ മുഖം ഒരു നിമിഷം അവന്റെ കണ്ണുകളെ നേരിടാൻ കഴിയാതെ അവൾ മുഖം താഴ്ത്തി ഇരുന്നു…….. ” അന്ന് ആ കത്ത്, പിന്നീട് പൂവൊക്കെ എങ്ങനെ വച്ചു……? എങ്ങനെയോ ധൈര്യം സംഭരിച്ച് തപ്പിത്തടഞ്ഞ് ആണ് അവൾ അത്രയും ചോദിച്ചത്……. ” ഞാൻ തന്നെയാണ്…..!! ഒരു പ്ലസ് ടുകാരന് ഒരു മഞ്ഞൾ പ്രസാദം നെറ്റിയിൽ ചാർത്തി വന്ന എട്ടാംക്ലാസുകാരിയോട് തോന്നിയ കൗതുകം……. പ്രണയത്തിൻറെ ആദ്യ വസന്തങ്ങൾ പൂത്തു തുടങ്ങുന്ന കൗമാരത്തിൽ തോന്നിയ ഇഷ്ടം…….. പ്രണയമായിരുന്നു എന്നുപോലും എനിക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരുന്നില്ല…….!! പക്ഷേ ആ മഞ്ഞൾപ്രസാദവും കരിമഷി പടർന്ന മിഴികളും ഒക്കെ പല രാത്രികളിലും എൻറെ ഉറക്കം കെടുത്തിയിട്ടുണ്ട് ……..

അന്ന് ആ കലോത്സവത്തിന് താൻ ചൊല്ലിയ കവിത ഇന്നും ഞാൻ ഓർക്കുന്നു……… ആ വരികൾക്ക് എൻറെ പ്രണയമായി ഒരുപാട് ബന്ധമുണ്ട്……. ഞാനന്ന് എൻറെ സ്കൂളിനെ റെപ്രസന്റ് ചെയ്ത ഒരു നാടകം പ്രസന്റ് ചെയ്യാൻ വേണ്ടിയായിരുന്നു അവിടേക്ക് വന്നത്…… അന്നാണ് ആദ്യമായി പരിഭ്രമവും അമ്പരപ്പും നിറഞ്ഞ സ്വരം എൻറെ കാതിലേക്ക് അലയടിക്കുന്നത്…… കവിതാ മത്സരത്തിൽ എല്ലാം മറന്ന് പരിഭ്രാന്തിയോടെ പാടുന്ന ആ മുഖവും ഇപ്പോഴും ഞാൻ ഓർക്കുന്നു…… വരികൾ പാടിയപ്പോൾ അന്വർത്ഥമായത് എൻറെ നെഞ്ചിൽ ആയിരുന്നു…. ” വളരെ പണിപ്പെട്ടാണ് എന്റെ മേൽ നിന്നും ദേവൻ തളരും സുരക്തമാം കണ്ണെടുത്തത് ന്യൂനം….. ” ” സത്യമായിരുന്നു രാധേ…….!!

ഒരുപാട് പണിപ്പെട്ട് തന്നെ ആയിരുന്നു നിൻറെ മുഖത്ത് നിന്നും ഞാൻ കണ്ണെടുത്ത് മാറ്റിയത്…… അന്ന് കണ്ണിലുടക്കി പോയതാണ് ഈ മുഖം……! പിന്നീട് ആ രാത്രിയിൽ ഉറക്കം എന്നെ തഴുകിയില്ല…….! അന്നത്തെ ആ 17 വയസ്സുകാരന് ആ പെൺകുട്ടിയുടെ മുൻപിൽ ചെന്ന് തന്നെ ഇഷ്ടമാണെന്ന് പറയാനുള്ള ധൈര്യം ഒന്നും ഉണ്ടായിരുന്നില്ല……. ഇപ്പോഴും നിൻറെ മുൻപിൽ ഇങ്ങനെ നിന്ന് സംസാരിക്കാൻ എനിക്ക് ധൈര്യം ഇല്ല രാധ…….! ഒരുപക്ഷേ ഒരു ഭീരുവായി നിനക്കെന്നെ തോന്നിയിട്ടുണ്ടാവും…… അവിടെ കിടന്ന് ഒരു ചാർട്ട് പേപ്പറിൽ പെട്ടെന്ന് മനസ്സിൽ തോന്നിയ കുറച്ചു വരികൾ കുത്തികുറിച്ചു…… അതിനുശേഷം നിൻറെ പിറകെ നടന്നു നിന്റെ ബാഗ് എന്നുറപ്പിച്ച് അതിൽ കൊണ്ടുവന്നു വെച്ചു…… ഒരിക്കലും അതിനു നീ വലിയ പ്രാധാന്യം കൊടുക്കും എന്ന് ഞാൻ മനസ്സിൽ പോലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല………

എന്നെ മറന്നോ എന്ന് അറിയാൻ വേണ്ടി ആയിരുന്നു അവസാനം നിൻറെ നാട്ടിലെത്തിയപ്പോൾ നിനക്ക് വേണ്ടി വീണ്ടും ഒരു സമ്മാനവുമായി ഞാൻ എത്തിയത്……. തന്നോട് മുഖത്തുനോക്കി ഇഷ്ടമാണെന്ന് പറയാൻ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല……. ഈ കണ്ണുകൾ എന്റെ ധൈര്യം ചോർത്തിക്കളയുന്നു…… അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ ഒരു നിമിഷം അവളും പ്രണയപൂർവ്വം അവൻറെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…….. വീണ്ടും ഇരുവരിലും മൂടിയ സുഖകരമായ മൗനം ഭേദിച്ചത് ജോജി തന്നെ ആയിരുന്നു…… “പിന്നീട് എൻറെ പ്രണയത്തെക്കുറിച്ച് ഒക്കെ ഞാൻ ഓർത്തിരുന്നു…… പക്ഷേ ഒരിക്കലും അത് തുടർന്ന് പോകാനുള്ള ഒരു അവസ്ഥയിൽ ആയിരുന്നില്ല ഞാൻ……..

എൻറെ ജീവിതത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കുറേ കാര്യങ്ങൾ സംഭവിച്ചു പോയി….. പക്ഷേ അനുരാധ എന്ന എൻറെ പ്രണയം മനസ്സിൻറെ ഒരുകോണിൽ ഹൃദയ ഭിത്തികളിൽ പ്രണയാക്ഷരങ്ങൾ തീർത്തിരുന്നു……. ഞാൻ പറഞ്ഞതുപോലെ പകൽ മങ്ങിയ എൻറെ ജീവിതത്തിൻറെ പ്രകാശമായിരുന്നു അനുരാധ…… എൻറെ നിറസൂര്യനാളം….. അന്ന് താൻ എന്നോട് പറഞ്ഞു ആ കത്തിന് തന്റെ ജീവൻറെ വിലയുണ്ടെന്ന്, പ്രണയത്തിൻറെ വിലയുണ്ടെന്ന്…… വെറും ഒരു കൗതുകം അല്ല തനിക്ക് ആ കത്ത് എന്ന് എനിക്ക് മനസിലായി……. ആ കത്തിന്റെ പേരിൽ മാത്രം എന്നോട് തോന്നിയ പ്രണയം പോലും ഉപേക്ഷിക്കാൻ നീ തയ്യാറായിരുന്നു……..

എന്നെങ്കിലുമൊരിക്കൽ നിൻറെ പ്രണയത്തിൻറെ നായകൻ ആ അപരിചിതത്വത്തിന്റെ ചക്രവ്യൂഹം ഭേദിച്ച് പ്രണയത്തിൻറെ മനോഹര കവിത രചിക്കാൻ നിന്നരികിൽ വരുമെന്ന് നീ വിശ്വസിച്ചു….. ഇനി പറ ഇപ്പോൾ എന്നോട് തോന്നുന്ന വികാരം എന്താ….? നിറഞ്ഞുനിൽക്കുന്ന പ്രണയം ഈ കണ്ണുകളിൽ എനിക്ക് കാണാൻ സാധിക്കും……. പക്ഷേ നിൻറെ നാവിൽ നിന്ന് എനിക്ക് കേൾക്കണം…… ഇഷ്ടമാണോ എന്നെ…..? മറുപടിയായി കുങ്കുമ ചുവപ്പ് പടർന്ന അവളുടെ മുഖം അവനെ നോക്കി ഒന്ന് ചിരിച്ച് താഴേക്കു പോയിരുന്നു….. നാണത്തിൽ ചാലിച്ച അവളുടെ മൗനത്തിന്റെ അർത്ഥം മനസ്സിലായി എന്നത് പോലെ അവൻ അവളുടെ താഴ്ന്നുപോയ മുഖം വിരൽത്തുമ്പിനാൽ ഉയർത്തി……

അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു….. ” അപ്പോൾ ഈ നാണമാണ് എനിക്കുള്ള മറുപടി അല്ലേ…..!! ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി ഉറപ്പു പറഞ്ഞു…… ” ഇഷ്ടമാണ്……! ഒരു പേരോ നാടോ ഒരു ഉറപ്പൊ ഇല്ലാഞ്ഞിട്ട് പോലും എനിക്ക് ഉറപ്പുണ്ടായിരുന്നു എന്നെങ്കിലുമൊരിക്കൽ എന്നെ തേടി വരുമെന്ന്……. വെറുതെ വിശ്വസിച്ചത് അല്ലായിരുന്നു എന്ന് കാലം തെളിയിക്കുകയാണ്……..!! ” പക്ഷേ എന്നെപ്പറ്റി രാധയ്ക്ക് ഒന്നുമറിയില്ല…… അറിയാൻ ഒരുപാടുണ്ട്….. അതിനുശേഷം മാത്രമേ ഒരു തീരുമാനമെടുക്കാവൂ…. ആകാംക്ഷയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി….. “ജോജി സക്കറിയ എന്നഞാൻ ഒരു അനാഥനാണ് അനുരാധ…….!!

പൂർണ്ണമായും അനാഥൻ എന്ന് പറയാൻ കഴിയില്ല….. എനിക്ക് സ്വന്തം എന്ന് പറയാൻ എനിക്ക് ഒരു സഹോദരി മാത്രമേയുള്ളൂ…… അതും ഒരു മിണ്ടാപ്രാണി…..! ഞാനും ജിയയും കുട്ടികളായിരുന്നപ്പോൾ തന്നെ പപ്പയും അമ്മയും മരിച്ചു പോയി…… മരിച്ചതല്ല ആത്മഹത്യചെയ്തത് ആണ്…… വീടിൻറെ കടവും നാട്ടിൽനിന്ന് വാങ്ങിയ കടവും ഒക്കെ തിരിച്ചടയ്ക്കാൻ പറ്റാതെ വന്നപ്പോൾ നാട്ടിലുള്ള പലരും എൻറെ അമ്മയുടെ മാനത്തിനു പോലും വില പറഞ്ഞു തുടങ്ങിയപ്പോൾ അച്ഛൻറെ മുൻപിൽ മറ്റു മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല…….. പക്ഷേ അവർ ഞങ്ങളെ ഒറ്റയ്ക്കാക്കി ഒരുമിച്ച് അങ്ങ് പോയി….. ഞങ്ങളെ കൂടി കൊണ്ടുപോകാൻ അവർക്ക് തോന്നിയില്ല…….

ജനിച്ചപ്പോൾ മുതൽ എൻറെ സഹോദരി ഒരു ഊമ ആയിരുന്നു…… ഞങ്ങളെ രണ്ടുപേരെയും ദൂരെയുള്ള ഒരു ഓർഫനേജ് ലേക്ക് കൊണ്ടുപോയി വിട്ടു….. അന്ന് ഞങ്ങളെ ഒറ്റയ്ക്കാക്കി ഓർഫനേജ് നിന്നും അച്ഛനും അമ്മയും മടങ്ങുമ്പോൾ ഞങ്ങൾക്കറിയില്ലായിരുന്നു ഇനി ഒരിക്കലും അവരെ കാണാൻ കഴിയില്ലെന്ന്…….. ഒരു ദിവസം ഇവിടെ നിൽക്ക്, നാളെ വന്ന് കൂട്ടിക്കൊണ്ടു പോകാം എന്ന് പറഞ്ഞു അച്ഛൻ പോയി….. പോയ അച്ഛൻറെ മുഖം ഇന്നും മനസ്സിൽ മായാതെ നിൽപ്പുണ്ട്……. പിന്നീട് ഞാൻ അവരെ കാണുന്നത് ഒരു മുഴം കയറിൽ ആയിരുന്നു……. അത്‌ പറഞ്ഞപ്പോഴേക്കും അവൻറെ കണ്ണിൽ ചുവപ്പുരാശി പടർന്നു തുടങ്ങിയിരുന്നു…….. ” അന്ന് ഞങ്ങളെ ഓർഫനേജ് കൊണ്ടു ആകുമ്പോൾ നമ്മുടെ ബെഞ്ചമിൻ ഫാദർ കൊച്ചച്ചൻ ആയ ഇടവകയുടെ വക ഉള്ള ഓർഫനേജ് ആയിരുന്നു അത്‌…..

അങ്ങനെ പള്ളിയിൽ വന്ന പരിചയമാണ് ഫാദർ ആയി….. ഫാദർ ആയിരുന്നു എൻറെ വിഷമങ്ങൾ നിന്നും എന്നെ കരകയറ്റിയത്…… എൻറെ മനസ്സിലേക്ക് ആത്മവിശ്വാസത്തിന് തീജ്വാലകൾ പകർന്ന് നൽകിയിരുന്നത്…….. പതിമൂന്നാമത്തെ വയസ്സിൽ അനാഥമാക്കപ്പെട്ട ഒരു പയ്യൻറെ മനസ്സിൽ നൂറ് വിധത്തിലുള്ള ചിന്തകൾ കുടിയേറിയിരുന്നു…… മാനസികനില പോലും തെറ്റി പോകാവുന്ന അവസ്ഥയിൽ ആയിരുന്നു….. എനിക്ക് ഊർജം പകർന്നു നൽകാൻ അച്ഛൻ പറയുന്ന ഓരോ വാക്കുകളിലും ഉണ്ടായിരുന്നു…….. എൻറെ മനസ്സിലെ ആത്മവിശ്വാസത്തെ ഊതി കത്തിക്കാൻ കഴിയുമായിരുന്നു…….. പിന്നീട് വാശിയോടെ പഠിച്ചു…… പഠനത്തിനൊപ്പം കലകൾക്കും എല്ലാത്തിനും പ്രാധാന്യം നൽകി……. മികച്ച രീതിയിൽ വിദ്യാഭ്യാസം നൽകാൻ ഓർഫനേജ് സൗകര്യം ഒരുക്കുകയായിരുന്നു……

അവരുടെ തന്നെ സ്കൂളിൽ പഠിച്ചു……. മനസ്സിൽ ഒരു ലക്ഷ്യം മാത്രം എങ്ങനെയും പഠിച്ച പെങ്ങളെ എങ്കിലും അനാഥത്വത്തിലേക്ക് എറിയാതെ വളർത്തണമെന്ന്……. ഒരുപക്ഷേ അവൾ എന്നോളം ആ വേദന അറിഞ്ഞിട്ടുണ്ടാവില്ല…….. അവൾക്ക് ഞാൻ എങ്കിലും ഉണ്ടായിരുന്നു എനിക്ക് ആരും ഇല്ലാതെ ആയി പോയി……!! അങ്ങനെയാണ് ഞാൻ അവിടെ കലോത്സവത്തിന്റെ നാടകത്തിന്റെ ഭാഗമായി എത്തുന്നത്…… ആ നിമിഷം വരെ ഈ ലോകത്തിൽ ജിയ അല്ലാതെ മറ്റാരും എനിക്ക് സ്വന്തമായി ഇല്ല എന്ന് വിശ്വസിച്ച് എൻറെ മുൻപിലേക്ക് മഞ്ഞൾപ്രസാദവും ആയി ഒരു പെൺകുട്ടി കടന്ന് വന്നു……. മനസ്സിലിരുന്ന് ആരോ പറഞ്ഞു നീ ഇനി ഒറ്റയ്ക്കല്ല എന്ന് ഇനിയുള്ള കാലം താങ്ങായി തണലായി അവളും ഒപ്പമുണ്ടാകുമെന്ന്…… അർഹിക്കുന്നുണ്ടോ…., ആഗ്രഹിക്കാൻ കഴിയുമോ എന്ന് ഒരു സാധ്യതയും ഇല്ലാത്ത ഒരു മോഹം…..! എൻറെ മനസ്സിൽ വെറുതെ കുറച്ച് മോഹങ്ങൾക്ക് ചിറകു മുളച്ചു……!!

കലോത്സവം കഴിഞ്ഞ് തിരക്കി വരണം എന്നുണ്ടായിരുന്നു….. പക്ഷേ പഠനവുമായി ബന്ധപ്പെട്ട് പള്ളിയുടെതായ പല കോളേജുകളിലും മാറി മാറി പോയി…… അതിനിടയിൽ പ്രണയം മനസ്സിൽ ഇരുന്നതല്ലാതെ പുറത്തേക്ക് വന്നില്ല…..!! പിന്നെ വിചാരിച്ചു നല്ലൊരു ജോലിയൊക്കെ കിട്ടി ഞാൻ ഞാനായി നിൽക്കുന്ന കാലത്ത് വന്നു ചോദിക്കാം എന്ന്……!! അപ്പോഴേക്കും എനിക്ക് വിധിച്ചതാണെങ്കിൽ എനിക്ക് തന്നെ ലഭിക്കുമെന്ന്…… പിജി കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ഞാൻ അവിചാരിതമായി ഇവിടേക്ക് വരുന്നത് ബെഞ്ചമിൻ ഫാദറിനെ കാണാൻ വേണ്ടി….. അന്ന് ഞാൻ ക്ലാസ്സ് കഴിഞ്ഞ് ബാംഗ്ലൂരിൽ ചെറിയ ജോലി ഒക്കെ ചെയ്തു നാട്ടിലേക്ക് വന്ന സമയമായിരുന്നു……

അച്ഛനെ കണ്ടു മടങ്ങുമ്പോഴായിരുന്നു ലൈബ്രറിയിൽ നിന്നും പെട്ടെന്ന് മാഞ്ഞു പോയ ഒരു പെൺകുട്ടി എൻറെ കണ്ണിൽ പെട്ടത്…… എത്ര മാറിയാലും എനിക്ക് മറക്കാൻ കഴിയാത്ത രൂപം…..!! എൻറെ കണ്ണിൽ എന്നും തെളിഞ്ഞു നിന്ന രൂപം…..!! ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ആളെ മനസ്സിലായി……. മനസ്സിൽ അങ്ങനെയൊരു പെൺകുട്ടി ഉണ്ടെങ്കിലും അവളുടെ നാടും വീടോ ഒന്നും എനിക്കറിയില്ലായിരുന്നു……! കലോത്സവവേദിയിൽ ആരോ പറഞ്ഞു അനുരാധ എന്നാണ് പേര് എന്ന്….. അതിനപ്പുറം അവളെപ്പറ്റി ഒന്നും എനിക്ക് അറിയില്ല….!! ആരോടും തിരക്കാൻ മാത്രമുള്ള അറിവും ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം……! ഒരു നിയോഗം പോലെ ഇവിടെ വച്ച് വീണ്ടും കണ്ടപ്പോൾ മനസ്സ് വീണ്ടും സ്വപ്നങ്ങൾ കണ്ടു തുടങ്ങി…… പിന്നെ ഒന്നും നോക്കിയില്ല എങ്ങനെയൊക്കെയൊ ഒരു ജോലി സംഘടിപ്പിച്ച് ഇവിടേക്ക് തന്നെ വന്നു……

ഈശ്വരൻ വീണ്ടും എൻറെ മുൻപിൽ തന്നെ കൊണ്ടെത്തിച്ചു….. പി എസ് സി പരീക്ഷ ദിവസം ആദ്യമായി തന്നെ കണ്ടപ്പോൾ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നു……. ഞാൻ അത്രയും അടുത്ത് ആഗ്രഹിച്ച രൂപം ഈ നാട്ടിൽ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ തോന്നിയ ചെറിയൊരു കുസൃതിയായിരുന്നു, പൂവ് കൊണ്ട് തന്നോട് നേരിട്ട് വന്നു പറഞ്ഞാലോ എന്ന് ആദ്യം കരുതി പിന്നെ വിചാരിച്ചു ആദ്യമായി കാണുന്ന ഒരാൾ വന്ന് പറയുമ്പോൾ എന്തായിരിക്കും തന്റെ റിയാക്ഷൻ എന്ന്…… ഒരുപക്ഷേ ഒന്നും കാര്യമായിട്ട് എടുത്തിട്ടില്ലെങ്കിൽ എനിക്ക് സങ്കടമാകും….. അതിനായിരുന്നു ഒരു തമാശയായി കുട്ടിയുടെ കയ്യിൽ അത്‌ കൊടുത്തു വിട്ടത്….. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ കണ്ണിമവെട്ടാതെ അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ടായിരുന്നു……

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ആദ്യം തോന്നിയ ഇഷ്ടം വേണ്ടായിരുന്നു തോന്നുന്നുണ്ടോ…..? ഞാൻ ഒരു അനാഥൻ ആണെന്നറിഞ്ഞപ്പോൾ എന്നോടുള്ള സ്നേഹത്തില് എന്തെങ്കിലും കോട്ടം വന്നിട്ടുണ്ടോ….? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിക്കുമ്പോൾ അവന്റെ ഹൃദയത്തിൽനിന്ന് ആയിരുന്നു ആ ചോദ്യം എന്ന് അവൾക്ക് തോന്നിയിരുന്നു…… നിഷേധാർത്ഥത്തിൽ അവൾ തല ചലിപ്പിച്ചു ശേഷം അവൻറെ മുഖത്തേക്ക് നോക്കി ചോദിച്ചു… ” ആദ്യം മുതലേ ഉള്ള ഒരു സംശയം ആണ് ഈ കാശിത്തുമ്പയൊടെ എന്താണ് ഇത്രയും പ്രിയം….. അത് പറഞ്ഞപ്പോൾ അറിയാതെ അവനും ചിരിച്ചു പോയിരുന്നു….. ” അറിയില്ലേ കാശിത്തുമ്പയുടെ പ്രത്യേകത……?

“എനിക്കറിയില്ല…..! എന്താ അതിൻറെ പ്രത്യേകത…. ” കാശിത്തുമ്പയുടെ പൂവ് ശരീരത്തിൽ പൊള്ളലേറ്റ ഭാഗങ്ങളിലെ മുറിവുകൾ ഉണക്കാൻ നല്ലതാണ്…… നല്ല മരുന്നാണ്…..! എൻറെ പൊള്ളലേറ്റ മനസ്സിൻറെ മുറിവുകൾ ഉണക്കിയത് നിൻറെ മഞ്ഞൾ പ്രസാദത്തിന് കുളിർമ ആയിരുന്നു……! പഠിക്കണം ജോലി നേടണം അനുജത്തിയെ നന്നായി നോക്കണം എന്നതിനും ഒക്കെ ഒപ്പം മറ്റൊരു ഇഷ്ട്ടം എൻറെ മനസ്സിൽ കയറിയിരുന്നു……..!! ആ ലക്ഷ്യത്തിന് വേണ്ടി ആയിരുന്നു ഈ പഠനവും ഇക്കാലം വരെ ഉള്ള കാത്തിരിപ്പും ഒക്കെ…… കണ്ണിലുടക്കി പോയവളെ തിരഞ്ഞു കണ്ടു പിടിച്ച് സ്വന്തമാക്കണമെന്നും അതിന് നല്ലൊരു ജോലിയും നല്ലൊരു നിലയും ആവശ്യമാണെന്നും ഉള്ള ഒരു വാശിയിലായിരുന്നു ഈ ജീവിതത്തിലേക്ക് ഒരു പടയോട്ടം തന്നെ നടത്തിയത്…….! എന്നോട് എന്തെങ്കിലും പരിഭവം തോന്നുന്നുണ്ടോ…..? ” ഉണ്ട്…! ഉറച്ച സ്വരത്തിൽ പറയുന്നവളുടെ മുഖത്തേക്ക് അവൻ സൂക്ഷിച്ചു നോക്കി………!!(തുടരും ) നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. … ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 13

Share this story