അവന്തിക: ഭാഗം 1

Share with your friends

എഴുത്തുകാരി: വാസുകി വസു

“അവന്തിക, ഉത്രാടം,ആരാധ്യ അവിട്ടം ” പൂജയും കഴിഞ്ഞു ഇറങ്ങി വന്ന തിരുമേനിയുടെ ശബ്ദം കേട്ടാണ് ഞാൻ കണ്ണുതുറന്നത്.. ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠക്കിന്ന് ചൈതന്യം ഏറിയത് പോലെയുണ്ട്. മനസ് നിറഞ്ഞ് ഞാൻ അമ്മയെ തൊഴുതു. “ഇന്നന്താ കുട്ടി വിശേഷം .പിറന്നാളാണോ?” മദ്ധ്യവയസ്ക്കനായ തിരുമേനി ചോദ്യവും ഉത്തരവും ഒരുമിച്ച് നൽകിയതോടെ ഞാനൊന്ന് പുഞ്ചിരിച്ചു. “അതേ,, തിരുമേനി..” “കുട്ടി ഇനിയെന്നാ മടങ്ങുക ബാംഗ്ലൂർക്ക്” “മടങ്ങണില്ല തിരുമേനിയേ.നാട്ടിൽ പഠിത്തം തുടരാമെന്നാണ് ആലോചന.അച്ഛന് പഴയത് പോലെ വയ്യാണ്ടായിരിക്കുന്നു” “ഉവ്വോ..കുറെ നാളായി രാമപൊതുവാളിനെ കണ്ടിട്ട്.” “അച്ഛൻ വീട്ടിൽ തന്നെയാണ് സർവ്വ സമയവും” തിരുമേനി നൽകിയ തീർത്ഥജലവും അർച്ചനയും വാങ്ങി… “അനിയത്തിക്കുട്ടി ഒരാളുണ്ടല്ലോ.

അതെവിടെ” തിരുമേനിയുടെ പെട്ടന്നുളള ചോദ്യത്തിന് മുമ്പിൽ എന്റെ മനസ്സാകെ പതറിപ്പോയി. ഉടനെയൊരു ഉത്തരം നൽകാൻ എനിക്ക് കഴിഞ്ഞില്ല” “എന്ത് പറ്റി” “ഹേയ്,, ഒന്നൂല്ല അവൾ ബാംഗ്ലൂരിൽ നിന്ന് പഠിക്കുവാ.അച്ഛനു വയ്യാത്തതിനാൽ ഞാൻ നാട്ടിൽ തങ്ങാൻ തീരുമാനിച്ചത്” “അത് നന്നായീട്ടോ, പ്രായമായാൽ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന കാലമാണ്. ശിവ ശിവ” “ഞാനിറങ്ങട്ടെ തിരുമേനി, വീട്ടിൽ അച്ഛൻ മാത്രമേയുള്ളൂ” “ശരി കുട്ടി” തിരുമേനിയോട് യാത്ര ചോദിച്ചിട്ട് ഞാൻ ദേവിയെ നോക്കി ഒരിക്കൽ കൂടി തൊഴുത് പ്രാർത്ഥിച്ചു.. “ന്റെ ആരാധ്യക്ക് നേർബുദ്ധി നൽകണമേ” അപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞു.എനിക്ക് അച്ഛനെ ഓർമ്മ വന്നു. “പാവം അച്ഛൻ..” ശ്രീകോവിലിനു വലം വെച്ചു ഞാൻ ക്ഷേത്രത്തിന്റെ നടയിറങ്ങി.അരയാൽ ചുവട്ടിലെത്തിയപ്പോൾ കുറച്ചു നേരം അവിടെ നിന്നു…

നേരം പുലർന്ന് വരുന്നതെയുള്ളൂ.കിഴക്ക് വെളള കീറിത്തുടങ്ങിയട്ടുണ്ട്.ഡിസംബർ മാസമായതിനാൽ തണുപ്പിന്റെ കാഠിന്യം അറിയാനുണ്ട്.വൃക്ഷങ്ങളുടെ ഇലകളിൽ നിന്ന് മഞ്ഞുതുള്ളി താഴേക്കിറ്റു വീഴുന്നുണ്ട്.. മഞ്ഞ് മാസമായിട്ടും പുലർച്ചെ എഴുന്നേറ്റു കുളിച്ചു.ദേഹിയിൽ വെള്ളം കോരി ഒഴിച്ചപ്പോൾ തണുപ്പിനാൽ വിറച്ചു പോയി.ഒരുവിധം കുളിച്ച് ഒരുങ്ങിയിറങ്ങി. പട്ടുപാവാടയും ബ്ലൗസും കൊതിയോടെ എടുത്തു ധരിച്ചത്.വയസ് ഇരുപത്തിയൊന്ന് ആയിട്ടും നാടൻ വേഷങ്ങൾ ധരിക്കാനുളള അവസരങ്ങൾ ഞാൻ വിട്ടു കളയാറില്ല. ബാംഗ്ലൂർ പോലെയുള്ളൊരു വലിയൊരു സിറ്റിയിൽ താമസിക്കുമ്പോൾ കുറച്ചു മോഡേണിലേക്ക് മാറിയെങ്കിലും നാട്ടിൽ വന്നാൽ ഞാൻ നാട്ടിൻ പുറത്തുകാരിയാണ്.

എന്റെ നേരെ വിപരീത സ്വഭാവമാണ് ആരാധ്യക്ക്.അവൾ തനി മോഡേണാണ്.സ്വഭാവവും അങ്ങനെ ആണ്. ചെറിയ കുശുമ്പൊക്കെ ഉണ്ടെങ്കിലും ആരാധ്യയും പാവമാണ്. എന്റെ അഭിപ്രായത്തിൽ.ഇരട്ടകളൊന്നുമല്ല.എങ്കിലും എനിക്ക് ഒരു വയസിനു മൂത്തത് അവളാണ്. പക്ഷേ എല്ലാവരും ഞാനാണ് ചേച്ചിയെന്നാണു ധരിച്ച് വെച്ചിരിക്കുന്നത്.. കുളികഴിഞ്ഞു മുടിയൊന്ന് നേരാവണ്ണം തോർത്താൻ പറ്റിയില്ല.വാർമുടി അഴിച്ചു തന്നെയാണ് ഇട്ടിരുന്നത്.വെറുതെ കൈകളാൽ കോതിയിട്ടു.നിതംബം മറഞ്ഞാണ് മുടി കിടക്കുന്നത്.നല്ല ഉള്ളുണ്ട്. ബാല്യത്തിലേ മുടി വളർത്തി തുടങ്ങിയിരുന്നു. അന്നൊക്കെ തലയിൽ നിറയെ മുടിയുളളവരെ കാണുമ്പോൾ ആരാധനായോടെ നോക്കി നിൽക്കുമായിരുന്നു..

ആൽമരച്ചുവട്ടിൽ നിന്ന് ഞാൻ നടവഴിയിലേക്കിറങ്ങി വീട്ടിലേക്ക് നടന്നു.എതിരെ വന്ന പരിചയക്കാരോട് കുശലം ചോദിക്കാനും മറന്നില്ല.. വീട്ടിൽ ചെന്നിട്ട് വേണം അച്ഛന് ചായയിട്ട് കൊടുക്കാൻ. പാവം ഇപ്പോൾ എഴുന്നേറ്റിട്ടുണ്ടാവും.. ഞാൻ നാട്ടിൽ വന്നിട്ട് ഒരാഴ്ച കഴിഞ്ഞു. വന്നതിന്റെ പിറ്റേന്ന് മുതൽ ക്ഷേത്രം ദർശനം പതിവാക്കി.ചെറുപ്പം മുതലേയുളള കൂട്ടാണെനിക്ക് ഭഗവതിയുമായിട്ട്..നാട്ടിലുണ്ടെങ്കിൽ അത് മുടക്കാറില്ല.. “കൂയ് ഒന്ന് നിന്നേ” പിന്നിൽ നിന്നൊരു സ്വരം കേട്ടതോടെ ഞാൻ തിരിഞ്ഞ് നിന്നു. പൊടുന്നനെ എന്റെ മുഖം ഇരുണ്ടു.. ഇപ്പോൾ കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നുണ്ട്.എവിടെ പോയാലും അവിടെ കാണും.

“ഉം , എന്ത് വേണം” ഒട്ടും സൗമ്യമല്ലാത്ത സ്വരത്തിൽ ഞാൻ ചോദിച്ചു. “അതേ,, ഞാൻ ശിവദ്.കുറച്ചു ദൂരേന്നാണ്” “അതിനു ഞാനെന്ത് വേണം” “താനൊന്നും വേണ്ട..എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്” “സംസാരിച്ചോളൂ..അതിനു എന്നോടെന്തിനാ സമ്മതം ചോദിക്കുന്നത്” ഇത്രയും പറഞ്ഞിട്ട് ഞാൻ സ്പീഡിൽ നടന്നു.ഉടനെ അയാൾ ഓടി വന്ന് എനിക്ക് മുമ്പിൽ കയറി നിന്നു. “എടോ എനിക്ക് തന്നോടാണ് സംസാരിക്കാനുളളത്” എന്റെ പുരികം വില്ലുപോലെ വളഞ്ഞ് മേൽപ്പോട്ട് ഉയർന്നു. തണുപ്പിലും മൂക്കിൻ തുമ്പ് വിയർത്തുഎനിക്ക് നന്നായി ദേഷ്യം വരുമ്പോൾ അങ്ങനെയാണ്.. “ഡോ, എനിക്ക് തന്നെ ഇഷ്ടമാണ്. അതൊന്ന് നേരിട്ട് പറയാനാണ് കുറച്ചു ദിവസമായി തന്റെ പിറകെയിങ്ങനെ ചുറ്റുന്നത്” അതു കേട്ടിട്ടും എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.

നാട്ടിലും ബാംഗ്ലൂരിലുമൊക്കെയായി എത്രപേരാണ് ഇഷ്ടമെന്ന് പറഞ്ഞു പിന്നാലെ കൂടിയത്.കയ്യോടെ എല്ലാവരെയും ഒഴിവാക്കി. പ്രണയത്തെ കുറിച്ച് എനിക്ക് ചില സങ്കൽപ്പങ്ങളുണ്ട്.രണ്ടു വ്യക്തികളിൽ മാത്രം ഒതുങ്ങുന്നതല്ല പ്രണയമെന്ന് ഞാൻ വിശ്വസിക്കുന്നു.. “പറഞ്ഞു കഴിഞ്ഞോ” ഞാൻ അയാളെ നോക്കി. “മറുപടിയൊന്നും കിട്ടിയില്ല” “എനിക്ക് പ്രണയത്തിലൊന്നും വിശ്വാസമില്ല.അതിനൊട്ട് താല്പര്യവുമില്ല.ചേട്ടൻ മറ്റാരെയെങ്കിലും ട്രൈ ചെയ്യൂ” ഇത്രയും പറഞ്ഞിട്ട് ഞാൻ വേഗം വീട്ടിലേക്ക് നടന്നു.പൂമുഖത്ത് അച്ഛൻ വഴിയിലേക്ക് നോക്കിയിരിക്കുന്നത് അകലെ നിന്നേ ഞാൻ കണ്ടിരുന്നു.. “അച്ഛൻ എഴുന്നേറ്റോ.ഞാൻ ചായയിടാം” ഉമ്മറപ്പടിയിൽ ചെരുപ്പൂരി ഇടുന്നതിനിടയിൽ ഞാൻ പറഞ്ഞു.

“ഞാൻ ചായയിട്ടു..നീ ചെന്ന് എടുത്തു കുടിക്ക്” ഞാൻ അച്ഛനെ കടുപ്പിച്ചൊന്ന് നോക്കി.. “ഞാൻ അച്ഛനോട് പറഞ്ഞട്ടില്ലേ ഞാനുളളപ്പോൾ ഇതൊന്നും ചെയ്യരുതെന്ന്” അച്ഛൻ എന്നെ നോക്കിയൊന്ന് ചിരിച്ചു. “ഇന്നെന്റെ മോളുടെ പിറന്നാളല്ലേ..അതുകൊണ്ട് അങ്ങ് ക്ഷമിക്ക്” “ഞാനെന്ത് പറഞ്ഞാലും അച്ഛനു തമാശയാണ്” ഞാൻ പരിഭവിച്ചു. “സാരമില്ല കണ്ണാ..ന്റെ കുട്ടി പിറന്നാൾ സദ്യയൊരുക്ക്.അച്ഛൻ നാരയണ പണിക്കരെയൊന്ന് കണ്ടിട്ട് വരാം” “അച്ഛൻ ഇവിടെ നിന്ന് എങ്ങും പോണില്ല.വയ്യാതിരിക്കുന്ന ആളാണ് ” “വെറുതെ ചടഞ്ഞു കൂടി ഇരിക്കുമ്പോഴാണ് അസുഖം ഉണ്ടാകുന്നത്.നിനക്ക് ടൗണിലേ കോളേജിൽ അഡ്മിഷൻ ശരിയാക്കുന്ന കാര്യം സംസാരിക്കാനാണ്.

ആൾക്ക് അവിടെ പരിചയമുളള ഒരളുണ്ട്” എന്റെ പഠിത്ത കാര്യമായതിനാൽ ഞാൻ എതിർക്കാൻ പോയില്ല. “ഞാൻ ചെറിയ സദ്യവട്ടം ഒരുക്കാൻ പോവാ.അച്ഛൻ പോയിട്ട് ഉടനെ വരണം” “ശരി കണ്ണാ” അച്ഛൻ പടിയിറങ്ങി പോകുന്നത് നെടുവീർപ്പോടെ ഞാൻ നോക്കി നിന്നു . “പാവം അച്ഛൻ” ഞാൻ അകത്ത് കയറി മുന്നിലെ വാതിൽ സാക്ഷയിട്ടു.റൂമിലെത്തി ഹാഫ് സാരിയും ബ്ലൗസും ധരിച്ച് അടുക്കളയിൽ കയറി ജോലിയിൽ മുഴുകി.അരമണിക്കൂർ കഴിഞ്ഞു കാണും.അപ്പോക്ക് കോളിങ് ബെൽ മുഴങ്ങുന്ന ശബ്ദം കേട്ടു.. “അച്ഛൻ പോയിട്ട് ഇത്ര പെട്ടെന്ന് എത്തിയോ” അങ്ങനെ കരുതിയാണ് ഞാൻ വാതിൽ തുറന്നത്.ഞെട്ടിപ്പോയി മുറ്റത്ത് ശിവദ് നിൽക്കുന്നു.. “താനെന്താടോ ഇവിടെ” ഞാൻ വീണ്ടും ദേഷ്യപ്പെട്ടു…

“എനിക്ക് മറുപടി കിട്ടിയില്ല” “അതൊക്കെ ഞാൻ അന്നേരമേ മറുപടി തന്നൂല്ലോ” “പ്രണയത്തിലല്ലേ തനിക്ക് താല്പര്യം ഇല്ലാത്തത്.തന്നെ ഞാൻ വിവാഹം കഴിച്ചോട്ടേ” തീരെ പ്രതീക്ഷിക്കാതെയുളള ചോദ്യം കേട്ട് ഞാനാദ്യം ഞെട്ടിപ്പോയി. അയാളുടെ മുഖത്ത് ചിരിയാണ് അപ്പോഴും.പെട്ടന്നൊരു മറുപടി നൽകാൻ എനിക്ക് കഴിഞ്ഞില്ല.. “എന്താടോ ഒന്നും മിണ്ടാത്തേ” മറുപടി നൽകിയില്ലെങ്കിൽ അയാൾ മടങ്ങില്ലെന്ന് എനിക്ക് ഉറപ്പായി.അച്ഛൻ വരും മുന്നേ ആളെ ഒഴിവാക്കണം. “നിങ്ങൾ എന്നെക്കുറിച്ച് എന്ത് അറിഞ്ഞിട്ടാ വിവാഹം ആലോചിക്കുന്നത്..എന്റെ വിവാഹം ഒരിക്കൽ കഴിഞ്ഞതാണ്” തീരെ നിവർത്തിയില്ലാത്തതിനാൽ എനിക്ക് അത് തുറന്നു പറയേണ്ടി വന്നു.ശിവദിന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ മുറിയിൽ കയറി കതക് അടച്ചു.എന്നിട്ട് കതികിലേക്ക് ചാരി വാ കൈകൊണ്ട് പൊത്തിപ്പിടിച്ച് പൊട്ടിക്കരഞ്ഞു പോയി… (തുടരും)

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-