അഞ്ജലി: ഭാഗം 11

അഞ്ജലി: ഭാഗം 11

എഴുത്തുകാരി: പാർവ്വതി പിള്ള

അനന്തന്റെ കൂടെ അഞ്ജലിയും പിറ്റേന്നുതന്നെ ഷോപ്പിലേക്ക് ഇറങ്ങി അനന്തന്റെ ക്യാബിനിലേക്ക് കയറിയ അവൾ അത്ഭുതത്തോടെ നിന്നു. ഒരു ചെയർ കിടന്നിടത്ത് രണ്ടു ചെയർ ആക്കിയിരിക്കുന്നു. രണ്ടു സൈഡിലും ടേബിൾ തിരിച്ചിരിക്കുന്നു. അവൾ അമ്പരപ്പോടെ അനന്തന്റെ മുഖത്തേക്ക് നോക്കി. അവൻ അവളെ കണ്ണുചിമ്മി കാണിച്ചു. പിന്നെ അവളുടെ തോളിൽ പിടിച്ചു കൊണ്ട് ചെയറിന് അരികിലേക്ക് നടന്നു.അവളെ ചെയറിലേക്ക് പിടിച്ച് ഇരുത്തി കൊണ്ട് പറഞ്ഞു എന്റെ പ്രിയ ഭാര്യ ഐശ്വര്യമായി ഇവിടെ ഇരുന്നാട്ടെ. അഞ്ജലി ഇതൊക്കെ വേണോ എന്ന അർത്ഥത്തിൽ അനന്തന്റെ മുഖത്തേക്ക് നോക്കി.അവൻ ഒരു പുഞ്ചിരിയോടെ അവളുടെ അരികിലേക്ക് ഇരുന്നു.

മൂർത്തി അങ്കിൾ ഇപ്പോൾ വരും. ഞാൻ ഇവിടെ ഇല്ലാത്തപ്പോൾ എന്ത് സംശയം ഉണ്ടെങ്കിലും അദ്ദേഹത്തോട് ചോദിക്കണം. എന്നോട് ചോദിക്കേണ്ടത് എന്നോട് തന്നെ ചോദിക്കണം. മൂർത്തി അങ്കിളിനോളം എക്സ്പീരിയൻസ് ഇവിടെ ആർക്കും ഇല്ല. വിശ്വസ്തനാണ്. അച്ഛൻ ഉള്ള കാലം മുതൽക്കേ ഇവിടെ ഉള്ള ആളാണ്. എന്നാലും അനന്തേട്ടാ എനിക്കെന്തോ.. വേണ്ടിയിരുന്നില്ല ഇത് കേട്ടോ. അവൾ പരിഭവത്തോടെ അവനോട് പറഞ്ഞു. ഹ ഇങ്ങനെ ദേഷ്യപ്പെടല്ലേ എന്റെ ഭാര്യേ. രണ്ടിടത്തും കൂടി ഓടിയിട്ട് എത്തുന്നില്ല അതുകൊണ്ടല്ലേ. അനന്തൻ അന്ന് മുഴുവൻഅവളുടെ കൂടെ ഇരുന്ന് അക്കൗണ്ടിംഗിലെ കുറച്ചുകാര്യങ്ങൾ അഞ്ജലിക്ക്മനസ്സിലാക്കിക്കൊടുത്തു. പതിയെപ്പതിയെ അഞ്ജലിയും ഓരോന്നായി പഠിച്ചെടുത്തു.

ഷോപ്പിലെ ഓരോ കാര്യങ്ങളും അഞ്ജലി ഈസിയായി ഡീൽ ചെയ്യുന്നത് കണ്ടു അവൻ അവളെ അഭിനന്ദിക്കാനും മറന്നില്ല. ഇതിനിടയിൽ ഇടയ്ക്കിടെ അഞ്ജലിയുടെ അച്ഛന്റെ അടുത്തേക്ക് പോകാനും ആതിയെ ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് കൂട്ടി കൊണ്ടു വരാനും ഒക്കെ അനന്തൻ മുന്നിട്ടിറങ്ങി. ദിവസങ്ങൾ മുൻപോട്ടു പോകുന്തോറും അഞ്ജലി ബിസിനസിന്റെ കാണാ പാഠങ്ങൾ പഠിച്ചെടുത്തു. അനന്ത ടെക്സ്റ്റൈൽസ് പൂർണമായും അഞ്ജലിയുടെ കയ്യിൽ സുരക്ഷിതമാണെന്ന് തോന്നിയ നിമിഷം അനന്തൻ ടെക്സ്റ്റൈൽസിന്റെ ഉത്തരവാദിത്വം പൂർണ്ണമായും അഞ്ജലിയുടെ പേരിലേക്ക് മാറ്റി.

അഞ്ജലി ആവുന്ന അതിനോട് എതിർത്തെങ്കിലും അനന്തന്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് കൂടുതലൊന്നും പറയാതെ നിന്നു . അനന്തൻ രാവിലെ എഴുന്നേറ്റ് ഫ്രഷായി പതിവുപോലെ ഷോപ്പിലേക്ക് പോകാൻ റെഡി ആവുകയാണ്. അഞ്ജലി ഇതുവരെ എഴുന്നേറ്റിട്ടില്ല. രണ്ടുമൂന്നു പ്രാവശ്യം അവളെ വിളിച്ചിട്ടും എഴുന്നേൽക്കാതെ ഇരുന്നതുകൊണ്ടാണ് അവളുടെ മുഖത്തേക്ക് ഇട്ടിരുന്ന ഷീറ്റ് വലിച്ചു മാറ്റിയത്. ഇന്നെന്താ അഞ്ജലി ഇത്ര താമസം എഴുന്നേൽക്കാൻ.അവധിയുള്ള ദിവസം ആണെങ്കിൽ നീ ഇങ്ങനെയൊന്നു കിടക്കുമോ. കുതറി പിടഞ്ഞ് എഴുന്നേറ്റ് പോകുമല്ലോ. ഇന്ന് ഷോപ്പിലേക്ക് പോകണ്ട ദിവസമല്ലേ. എന്താ എഴുന്നേല്ക്കാത്തത്.

വയ്യായ്ക വല്ലതുമുണ്ടോ. അവൻ അവളുടെ അരികിലേക്ക് ഇരുന്നു. ഒന്നുമില്ല അനന്തേട്ടാ വല്ലാത്ത ക്ഷീണം. രണ്ടുദിവസമായി നല്ല അലച്ചിൽ അല്ലായിരുന്നോ അതിന്റെ ആവും. അവൾ വീണ്ടും പുതപ്പിനടിയിൽ ചുരുണ്ടുകൂടി. ദേവമ്മ പറഞ്ഞല്ലോ നീ ഒരാഴ്ചകൊണ്ട് ഭക്ഷണമൊന്നും നന്നായി കഴിക്കുന്നില്ലെന്ന്. കണ്ടില്ലേ മുഖമൊക്കെ ആകെ വിളറി ഇരിക്കുന്നത്. ആഹാരം കഴിക്കാത്തത് കൊണ്ട് ആവും. നീ എഴുന്നേൽക്ക് നമുക്ക് ഹോസ്പിറ്റലിൽ പോകാം. അതൊന്നും വേണ്ട അനന്തേട്ടാ. കുറച്ചു റസ്റ്റ് ചെയ്താൽ ഇത് മാറിക്കോളും. മനസ്സില്ലാ മനസ്സോടെയാണ് അന്ന് അനന്തൻ ഷോപ്പിലേക്ക് പോയത്. അവിടെ ചെന്ന് ഇരുന്നിട്ടും അവന് ഒരു സമാധാനവും ഉണ്ടായിരുന്നില്ല. ഇടയ്ക്കൊക്കെ അഞ്ജലിയെ വിളിച്ച് വിവരം ചോദിച്ചുകൊണ്ടേയിരുന്നു.

അന്ന് കടയിൽ പതിവിലും നല്ല തിരക്ക് ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ അനന്തൻ ഇറങ്ങുമ്പോഴേക്കും മൂന്നു മണി കഴിഞ്ഞിരുന്നു. അപ്പോഴാണ് ദേവമ്മയുടെ വിളി വന്നത്. കുഞ്ഞേ വേഗം വീട്ടിലേക്ക് വാ. മോൾക്ക് നല്ല സുഖമില്ല. കാലുതെന്നി ഒന്നു വീണു. നെറ്റിക്ക് മുറിവുണ്ട്. അനന്തൻ കേട്ട പാതി കേൾക്കാത്ത പാതി വീട്ടിലേക്ക് വണ്ടി തിരിച്ചു. നെറ്റിയിൽ നല്ല രീതിയിൽ തന്നെ മുറിവുണ്ടായിരുന്നു. വേഗം അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി. പരിചയമുള്ള ഡോക്ടറെ തന്നെയാണ് കാണിച്ചത്. മുറിവ് ഡ്രസ്സ് ചെയ്തുകഴിഞ്ഞു പോകാൻ തുടങ്ങിയ സിസ്റ്ററിനോട് അഞ്ജലി ചോദിച്ചു ഇവിടുത്തെ ഗൈനക്കോളജിസ്റ്റ് ആരാണ് സിസ്റ്റർ. ലീലാമണി ഡോക്ടറാണ് മാഡം.

എനിക്ക് ഡോക്ടറെ ഒന്ന്കാണണമായിരുന്നു. സിസ്റ്റർ ചോദ്യഭാവത്തിൽ അഞ്ജലിയുടെ മുഖത്തേക്ക് നോക്കി. ഒരു ഡൗട്ട് ഉണ്ട് സിസ്റ്റർ. ഒന്നു ക്ലിയർ ചെയ്തിട്ട് പോകാം എന്ന് കരുതി. വേഗം തന്നെ ലീലാമണി ഡോക്ടറുടെ അടുത്തു നിന്നും അപ്പോയിന്മെന്റ് വാങ്ങി അഞ്ജലിയെയും കൂട്ടി സിസ്റ്റർ അങ്ങോട്ടേക്ക് പോയി. അനന്തൻ അമ്പരപ്പോടെ അഞ്ജലിയുടെ മുഖത്തേക്ക് നോക്കി. അവൾ ഒരു പുഞ്ചിരിയോടെ അനന്തന് ഒപ്പം ലീലാമണി ഡോക്ടറുടെ ക്യാബിനിലേക്ക് കയറി. അരമണിക്കൂറിനുള്ളിൽ ഡോക്ടറുടെ ക്യാമ്പിൽ നിന്നും ഇറങ്ങിയ അനന്തന് സന്തോഷംകൊണ്ട് നെഞ്ചു തുടികൊട്ടി. സന്തോഷത്തിന്റെ ആധിക്യത്തിൽ അവന് അഞ്ജലിയോട് പോലും ഒന്നും സംസാരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

എന്തൊക്കെയോ ഓർമ്മയിൽ വണ്ടിയോടിച്ചാണ് അനന്തൻ വീട്ടിലേക്ക് എത്തിയത്. അഞ്ജലിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു അനന്തന്റെ സന്തോഷം. അവർ വന്നത് കണ്ട് ഓടി എത്തിയ ദേവമ്മയെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് അനന്തൻ വേഗം മുകളിലേക്ക് കയറി. പിറകെ വന്ന അഞ്ജലി യോട് ആയി ദേവമ്മ ചോദിച്ചു ഡോക്ടർ എന്തുപറഞ്ഞുമോളെ.കുഴപ്പമൊന്നുമില്ലല്ലോ. അവൾ ഒരു പുഞ്ചിരിയോടെ ദേവമ്മേ കെട്ടി പിടിച്ചു. വിശേഷം അറിഞ്ഞപ്പോൾ ദേവമ്മ സന്തോഷത്തോടെ അവളുടെ നെറുകയിൽ ചുംബിച്ചു. മുറിയിലേക്ക് കയറി ചെന്ന അവൾ കണ്ടത് ഗ്ലാസ് ഡോറിൽ കൂടി വെളിയിലേക്ക് നോക്കി എന്തോ ആലോചനയോടെ നിൽക്കുന്ന അനന്തനെ ആണ്.

പിറകിലൂടെ ചെന്ന് അവൾ അവനെ ഇറുകെ പുണർന്നു. അവന്റെ പുറത്തേക്ക് തന്റെ കവിൾ ചേർത്തുവച്ചു. അനന്തേട്ടാ എന്താ ഇത്ര വലിയ ആലോചന. അവന്റെ ഭാഗത്തുനിന്നും അനക്കമൊന്നും കേൾക്കാതിരുന്നത് കൊണ്ട് അവൾ അമ്പരപ്പോടെ അവനെ തിരിച്ചു നിർത്തി. കണ്ണുകൾ നിറഞ്ഞിരിക്കുന്നു. എന്തുപറ്റി അനന്തേട്ടാ. എന്താ സങ്കടം. അവൻ അഞ്ജലിയുടെ മുഖത്തേക്ക് ഉറ്റുനോക്കി. അഞ്ജലി എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല. അവൻ അവളെ വലിച്ചു നെഞ്ചോട് ചേർത്തുപിടിച്ചു. ആരും ഇല്ലാതിരുന്ന എനിക്ക് എല്ലാമായി എന്റെ അഞ്ജലി വന്നു. ഇപ്പോൾ ദേ നമ്മുടെ സ്നേഹത്തിന്റെ അടയാളമായി നമ്മുടെ കുഞ്ഞ്. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

അഞ്ജലി അവന്റെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു. എന്തൊരു നാണക്കേടാണ് അനന്തേട്ടാ ഇത്. ആണുങ്ങളൊക്കെ ഇങ്ങനെ കരയുമോ.ശ്ശോ നമ്മുടെ കുഞ്ഞു വിചാരിക്കുമല്ലോ എന്റെ അച്ഛൻ ഒരു പേടിത്തൊണ്ടൻ ആണോ എന്ന്. നാണക്കേടാ കേട്ടോ. ഒന്ന് പോടീ. ഇതേ അച്ഛന്റെ മോനാ. ആഹാ അപ്പോൾ തന്നെ മോൻ ആണെന്ന് ഉറപ്പിച്ചോ. അങ്ങനെയല്ല. നാവിൽ വന്നത് അങ്ങനെയാണ്. എങ്ങനെയായാലും മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ ഇങ്ങു കിട്ടിയാൽ മതി. അവൻ അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു. പിന്നെ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു അഞ്ജലി ഇനി ഷോപ്പിൽ പോകണ്ട. നന്നായി സൂക്ഷിക്കണം. റസ്റ്റ് എടുക്കണം വീട്ടിലിരുന്നാൽ മതി.

എന്റെ പൊന്ന് അനന്തേട്ടാ എനിക്ക് ഒരു കുഴപ്പവുമില്ല. ഇനി അഥവാ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അപ്പോൾ നോക്കാം. പിന്നീടങ്ങോട്ട് അനന്തൻ ഒരു നിഴൽപോലെ അഞ്ജലിയുടെ പിന്നാലെ ഉണ്ടായിരുന്നു. അവളെ ശുശ്രൂഷിച്ചും അവൾക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ കൊടുത്തും അവൻ അവളുടെ അരികിൽ നിന്നും മാറാതെ നിന്നു. അഞ്ചാം മാസം ആയപ്പോഴേക്കും അഞ്ജലിയുടെ വയർ ചെറുതായി വീർത്തു തുടങ്ങിയിരുന്നു. പതിയെപ്പതിയെ കുഞ്ഞിന്റെ ചലനങ്ങൾ അറിയാനും തുടങ്ങി. അനന്തന് ഒക്കെ ഒരു പുതുമയായിരുന്നു അവൻ കൗതുകത്തോടെ അവളുടെ ഉന്തിനിൽക്കുന്ന വയറിൽ മുഖം ചേർത്തുവെച്ചു ഇരുന്നു.

അച്ചയുടെ പൊന്നേ എന്നുള്ള വിളി കേൾക്കുമ്പോൾ അവളുടെ വയറ്റിൽ ഉന്തിച്ചുവരുന്ന ഭാഗങ്ങളിൽ ഒക്കെയും അവൻ ചുണ്ടുകൾ ചേർത്തു. മാസങ്ങൾ കടന്നു പോകുമ്പോഴേക്കും അഞ്ജലിയുടെ വയറും നന്നായി വീർത്തു തുടങ്ങി. നടക്കാനും കിടക്കാനും ഒക്കെ അവൾ ഒരുപാട് ബുദ്ധിമുട്ടി. ശരീരം ഒക്കെ നന്നായി നീര് വെച്ച് തടിച്ചു. അനന്തന് അവളെ കാണുമ്പോൾ വല്ലാത്ത ഭയം തോന്നി. അവന്റെ ഓരോ സംശയങ്ങൾ തീർത്തു കൊടുക്കുന്നത് ദേവമ്മ ആയിരുന്നു. ഇതൊക്കെ കണ്ട് അഞ്ജലിയ്ക്ക് ചിരിവരും. അവരുടെ രണ്ടാളുടെയും കളിയാക്കലുകൾ കേൾക്കുമ്പോൾ ഒരു ചമ്മിയ ചിരിയോടെ അനന്തൻ അവിടെ നിന്നും പോകും.

ശരിക്കും പറഞ്ഞാൽ അഞ്ജലിക്ക് എട്ടുമാസം തുടങ്ങിയതിൽ പിന്നെ അനന്തന് രാത്രിയിൽ ഉറക്കം ഇല്ലായിരുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ തടിച്ച കൺപോളകളും ആയി ഉറക്കം ഒഴിയാതെ നിൽക്കുന്ന അനന്തനെ കാണുമ്പോൾ അഞ്ജലിക്ക് വിഷമം വരും. എത്ര പറഞ്ഞാലും അനന്തൻ കേൾക്കില്ലായിരുന്നു. അവന് ആകെ ഒരു ഭയമായിരുന്നു. എന്തിനാ അനന്തേട്ടൻഇങ്ങനെഉറക്കമൊഴിച്ച് ഇരിക്കുന്നത്. പാതിരാത്രിയിലെപ്പോഴോ വെള്ളം കുടിക്കാനായി ദാഹം തോന്നിയപ്പോൾഎഴുന്നേൽക്കാനായി തുടങ്ങിയ അഞ്ജലി കാണുന്നത് തന്റെ അടുത്ത് ഇരിക്കുന്ന അനന്തനെ ആണ്. എന്താ അഞ്ജലി എന്തുവേണം. എന്തെങ്കിലും വിഷമം തോന്നുന്നുണ്ടോ.

എന്റെ പൊന്ന് അനന്തേട്ടാ എനിക്ക് ഒരു കുഴപ്പവുമില്ല. ദാഹം തോന്നുന്നു. അവൻ വേഗം ഗ്ലാസിലേക്ക് വെള്ളം പകർന്ന് അവളുടെ ചുണ്ടോട് ചേർത്ത് പിടിച്ചു കൊടുത്തു. വെള്ളം കുടിച്ചതിനുശേഷം അഞ്ജലി അവന്റെ കൈകളിൽ മുറുകെ പിടിച്ചു. എനിക്ക് അനന്തേട്ടന്റെ നെഞ്ചിൽ തല വെച്ച് കിടക്കണം. അനന്തൻ മെല്ലെ ബെഡിലേക്ക് കിടന്നു. പിന്നെ പതിയെ അവളുടെ തലയെടുത്ത് തന്റെ നെഞ്ചിലേക്ക് ചേർത്തുവെച്ചു. ഒരു കൈകൊണ്ട് ഉന്തിനിൽക്കുന്ന അവളുടെ വയറിനെ തലോടി കൊടുത്തു. പെട്ടെന്നാണ് എന്തോ ഒരു വേദന അടിവയറ്റിൽ നിന്നും അഞ്ജലിക്ക് അനുഭവപ്പെട്ടത്.

ഒന്നും ഇല്ലെന്നു കരുതി കണ്ണടയ്ക്കാൻ തുടങ്ങിയ അഞ്ജലിയെ പൂർവാധികം ശക്തിയോടെ വേദന കാർന്നു തിന്നാൻ തുടങ്ങി. അവൾ അനന്തന്റെ കയ്യിൽ ഇറുകെ പിടിച്ചു. അനന്തേട്ടാ എനിക്ക് നല്ല വേദന തോന്നുന്നു. അനന്തൻ വെപ്രാളത്തോടെചാടിയെഴുന്നേറ്റു. എന്താ മോളെ എന്തുപറ്റി.വിയർപ്പുതുള്ളികൾ പൊതിഞ്ഞിരിക്കുന്ന അവളുടെ നെറ്റിയിൽ തലോടിക്കൊണ്ട് അവൻ ആധിയോടെ ചോദിച്ചു. എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഏട്ടാ. നല്ല വേദന. അവൻ വേഗം ഫോണെടുത്ത് ഡ്രൈവറോട് കാർ ഇറക്കാനായി പറഞ്ഞു. പെട്ടെന്ന് തന്നെ അഞ്ജലിയേയും എടുത്തുകൊണ്ട് താഴേക്ക് ഇറങ്ങി. ദേവമ്മയേയും വിളിച്ചു കൊണ്ട് വേഗം തന്നെ ഹോസ്പിറ്റലിലേക്ക് പാഞ്ഞു.

അഞ്ജലിയെ ലേബർ റൂമിലേക്ക് കയറ്റുമ്പോൾ എന്തിനോ വേണ്ടി അവന്റെ കണ്ണുകൾ നിറഞ്ഞു. അന്ന് ആദ്യമായി അവൻ മനമുരുകി ദൈവത്തെ വിളിച്ചു. കണ്ണുകൾ അടച്ചു കൊണ്ട് ലേബർ റൂമിലെ ഡോറിന് അരികിലെ ഭിത്തിയിൽ തല ചേർത്ത് വച്ച് നിന്നു. ശരീരമാകെ ഒരു തളർച്ച ബാധിക്കുന്നത് പോലെ. ഈശ്വരാ എന്റെ അഞ്ജലിക്കും കുഞ്ഞിനും ഒരാപത്തും വരുത്തരുതേ. സമയം ഇഴഞ്ഞു പോകുന്ന പോലെ അവനു തോന്നി. അല്പസമയം കഴിഞ്ഞപ്പോൾ ലേബർ റൂമിന്റെ വാതിൽ തുറന്നു സിസ്റ്റർ പുറത്തേക്ക് വന്നു. അഞ്ജലി പ്രസവിച്ചു കേട്ടോ മോനാണ്. സിസ്റ്റർ…..അഞ്ജലി. അവൻ പെട്ടെന്ന് ചോദിച്ചു. അമ്മയ്ക്കും മോനും ഒരു കുഴപ്പവുമില്ല. കുഞ്ഞിനെ ഇപ്പോൾ തന്നെ കാണിക്കാം.

സിസ്റ്റർ അകത്തേക്ക് പോയി. അല്പസമയം കഴിഞ്ഞപ്പോൾ ടർക്കിയിൽ പൊതിഞ്ഞ തന്റെ തങ്കക്കുടത്തിനെ കൈകളിലേക്ക് വാങ്ങിയപ്പോൾ അനന്തന്റെ നെഞ്ചകം വല്ലാതെ വിങ്ങി. കണ്ണടച്ച് സുഖസുഷുപ്തിയിൽ ആണ്ട് കിടക്കുന്ന അവന്റെ നെറ്റിയിലേക്ക് അനന്തൻ തന്റെ ചുണ്ടുകൾ ചേർത്തു. ഉറക്കത്തിന് ഭംഗം വരുത്തിയ അച്ഛനെ കണ്ണു തുറന്നു നോക്കി കൊണ്ട് അവൻ ചുണ്ടുകൾ പിളർത്തി കരയാൻ തുടങ്ങി. അനന്തൻ ഭയത്തോടെ ദേവമ്മയെ നോക്കി. അവർ സന്തോഷത്തോടെ അവനെ നോക്കി ചിരിച്ചു. ആഹാ അച്ഛന്റെ ഉമ്മ കിട്ടിയപ്പോൾ മോൻ കരയുകയാണോ. ഇനി കുഞ്ഞിനെ ഇങ്ങ് തന്നേക്ക്.

അമ്മയുടെ അടുത്തേക്ക് കിടത്താം. വൈകുന്നേരത്തോടെ അഞ്ജലിയെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം. അവർ കുഞ്ഞിനെയുമെടുത്ത് കൊണ്ട് അകത്തേക്ക് പോയി. വൈകുന്നേരത്തോടു കൂടിയാണ് അഞ്ജലിയേ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തത്. തളർച്ചയോടെ കിടന്ന് ഉറങ്ങുന്ന അഞ്ജലിയുടെ മുഖത്തേക്ക് അവൻ നോക്കി ഇരുന്നു. മയക്കം വിട്ടുണർന്ന അഞ്ജലി കാണുന്നത് തന്നെ ഉറ്റുനോക്കി കൊണ്ടിരിക്കുന്നഅനന്തനെ ആണ്. അവൾ വാടിയ ഒരു ചിരി അവന് നൽകി. അവൻ അവളുടെ നെറുകയിൽ മൃദുവായി ചുംബിച്ചു. അവളുടെ ചൂട് പറ്റി ഉറങ്ങുന്ന കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി. തന്റെ ജീവിതം അവരിലേക്ക് ചുരുങ്ങുന്നതായി അവന് തോന്നി. ഒറ്റപ്പെട്ട തന്റെ ജീവിതത്തിൽ പുതു വസന്തമേകി വന്ന അഞ്ജലിയേയും തന്റെ പൊന്നിനെയും അവൻ കണ്ണിമയ്ക്കാതെ നോക്കി ഇരുന്നു….തുടരും…..

അഞ്ജലി: ഭാഗം 10

Share this story